സ്പ്രാറ്റ്ലി ദ്വീപ് സമൂഹത്തിൽപ്പെടുന്നതും ഫിലിപ്പീൻസ് അവകാശവാദം ഉന്നയിക്കുന്നതുമായ തിറ്റു ദ്വീപ് (ഫയൽ ചിത്രം) | Photo: Bullit Marquez/AP Photo
ഇന്ത്യയും ആസിയാൻ രാജ്യങ്ങളും ദക്ഷിണ ചൈന കടലിൽ നടത്തിയ നാവികാഭ്യാസങ്ങൾ ചൈനീസ് നാവികസേന നിരീക്ഷിച്ചതായി വാർത്തകൾ പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇന്ത്യ, വിയറ്റ്നാം, തായ്‌ലൻഡ്, ഫിലിപ്പീൻസ്, ഇൻഡൊനീഷ്യ, ബ്രൂണെ എന്നിവിടങ്ങളിൽനിന്നുള്ള നാവികസേന കപ്പലുകളും വിമാനങ്ങളുമാണ് ആസിയാൻ-ഇന്ത്യ മാരിടൈം എക്സർസൈസിന്റെ (AIME 2023) രണ്ട് ദിവസത്തെ അഭ്യാസത്തിൽ പങ്കെടുത്തത്. ഇതിനിടെ ചൈനീസ് സൈന്യം വിയറ്റ്‌നാമിന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവേശിക്കുകയായിരുന്നു. എന്നാൽ, നാവികസേന കപ്പലുകൾ പരസ്പരം കടന്നുപോയെങ്കിലും അശുഭകരമായി ഒന്നും സംഭവിച്ചില്ല.
തെക്കൻ ചൈന കടൽ മേഖല പിരിമുറുക്കത്തിലാകുന്നത് ഇതാദ്യമല്ല. ഒരു മാസം മുമ്പ് കോസ്റ്റ് ഗാർഡുകൾക്കു നേരെ ചൈന ലേസർ ആക്രമണം നടത്തിയെന്ന് ഫിലിപ്പീൻസ് ആരോപിച്ചിരുന്നു. തെക്കൻ ചൈന കടലിലെ സെക്കൻഡ് തോമസ് ഷോൾ ( Second Thomas Shoal) എന്നറിയപ്പെടുന്ന പ്രദേശത്ത് വെച്ചാണ് ഫിലിപ്പീൻസിന്റെ കപ്പലിനുനേരെയാണ് ആക്രമണമുണ്ടായത്. പിന്നാലെ വിഷയത്തിൽ രൂക്ഷവിമർശനവുമായി ഫിലിപ്പീൻസ് പ്രസിഡന്റ് ഫ്രർഡിനാന്റ് മാർക്കോസ് ജൂനിയർ രംഗത്തെത്തി. രാജ്യത്തിന്റെ ഒരിഞ്ച് പോലും നഷ്ടപ്പെടുത്തില്ലെന്നാണ് മാർക്കോസ് പ്രതികരിച്ചത്. ഒപ്പം ചൈനീസ് നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തുകയും ചെയ്തു ഫിലിപ്പീൻസിന്റെ പ്രസിഡന്റ്.
പ്രശ്‌നങ്ങൾക്കെല്ലാം കാരണം ചൈനയും ഫിലിപ്പീൻസും ഒരുപോലെ അവകാശമുന്നയിക്കുന്ന സമുദ്രമേഖലയാണ്, ദക്ഷിണ ചൈന കടൽ. പ്രതിവർഷം അഞ്ച് ട്രില്ല്യൺ ഡോളറിന്റെ ചരക്കുനീക്കം നടക്കുന്ന അതീവപ്രാധാന്യമുള്ള കടൽ മേഖലയാണ് ഇത്. ഈ മേഖലയുടെ അവകാശത്തെച്ചൊല്ലിയാണ് വർഷങ്ങളായി ചൈനയും ഫിലിപ്പീൻസും തമ്മിൽ കൊമ്പുകോർക്കുന്നത്. എന്നാൽ, തെക്കൻ ചൈന കടൽ തർക്കം ഇവർ തമ്മിലുള്ളത് മാത്രമല്ല. വിയറ്റ്നാം, ബ്രൂണൈ, മലേഷ്യ, കംബോഡിയ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളും തയ്‌വാനും തെക്കൻ ചൈന കടലിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. തെക്കൻ ചൈന കടൽ മേഖല പൂർണമായും തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാൽ, ചൈനയുടെ ഈ അവകാശവാദങ്ങളെല്ലാം അന്താരാഷ്ട്ര ട്രൈബ്യൂണൽ തള്ളിക്കളഞ്ഞിരുന്നു. ചൈനയ്ക്ക് പ്രദേശത്ത് ചരിത്രപരമായി ഒരു അവകാശവും അധികാരവും നിലനില്‍ക്കുന്നില്ലെന്നതാണ് അന്താരാഷ്ട്ര ട്രൈബ്യൂണൽ വിധിച്ചത്. ചൈന ഇത് മുഖവിലയ്‌ക്കെടുക്കുന്നില്ല. നിലവിലുള്ള ദ്വീപുകൾക്ക് മേൽ അവകാശവാദം ഉന്നയിക്കുന്നതിനൊപ്പം കൃത്രിമ ദ്വീപുകൾ നിർമിച്ചാണ് ചൈന മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ ശ്രമിക്കുന്നത്.
തെക്കൻ ചൈന കടൽ എന്ന തർക്കപ്രദേശം
ശാന്തസമുദ്രത്തിന്റെ ഭാഗമാണ് അതീവ രാഷ്ട്രീയ-സാമ്പത്തിക പ്രാധാന്യമുള്ളതും 35 ലക്ഷം ചതുരശ്ര കിലോ മീറ്ററിൽ പരന്നുകിടക്കുന്നതുമായ തെക്കൻ ചൈന കടൽ. കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന ഏറ്റവും ഗൗരവമേറിയ നയതന്ത്ര പ്രതിസന്ധിയാണ് ഈ കടൽ മേഖയ്ക്കു മേലുള്ള അവകാശത്തർക്കം. ചൈന, വിയറ്റ്നാം, തയ് വാൻ, ഫിലിപ്പീൻസ്, ബ്രൂണൈ, മലേഷ്യ, കംബോഡിയ, തായ്‌ലാൻഡ് എന്നീ രാജ്യങ്ങളാണ് തെക്കൻ ചൈന കടലിന്റെ അതിർത്തികളിലുള്ളത്. ഈ രാജ്യങ്ങൾ തന്നെയാണ് തെക്കൻ ചൈന കടലിന് മുകളിൽ പൂർണമായോ ഭാഗികമായോ അവകാശവാദം ഉന്നയിക്കുന്നതും.
പ്രധാനമായും സ്‌കാർബറോ ഷോൾ (Scarborough Shoal) അടക്കമുള്ള കടൽ മേഖലയുടെയും പരാസെൽസ് (Paracel), സ്പ്രാറ്റ്ലി (Spratly) ദ്വീപസമൂഹങ്ങളുടെയും പേരിലാണ് അവകാശത്തർക്കങ്ങളിലധികവും. ജനവാസമില്ലാത്ത പല ദ്വീപുകളിലും പാറക്കൂട്ടങ്ങളുടെമേൽപോലും പല രാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്നു. മറ്റ് രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയും (പി.ആർ.സി.) റിപ്പബ്ലിക് ഓഫ് ചൈനയും (തയ്‌വാൻ) ഏതാണ്ട് മുഴുവൻ കടൽമേഖലയും തങ്ങളുടേതാണെന്നാണ് അവകാശപ്പെടുന്നത്. നയൺ ഡാഷ് ലൈനിന്റെ (Nine-dash line) ഉള്ളിലാണ് ഈ കടൽ മേഖല എന്നാണ് ചൈനയുടെ വാദം. ഈ മേഖലയിലെ മറ്റെല്ലാ രാജ്യങ്ങളുടെയും അവകാശവാദങ്ങളുമായി ഓവർ ലാപ്പ് ചെയ്യുന്നതാണ് ചൈനയുടെ ഈ അവകാശവാദങ്ങൾ.

ഇൻഡൊനീഷ്യയുടെ ഭാഗമായ നട്ടുന (natuna) ദ്വീപുകളുടെ മുകളിൽ വിയറ്റ്നാം, ചൈന, തയ്‌വാന്‍ എന്നിവർ അവകാശം ഉന്നയിക്കുന്നുണ്ട്. ഫിലിപ്പീൻസിൽനിന്ന് 160 കിലോ മീറ്റർ അകലെയും ചൈനയിൽനിന്ന് 2600 കിലോ മീറ്ററിലധികം അകലെയുമുള്ള സ്‌കാർബറോ ഷോളിന്റെ മേലും ഫിലിപ്പീൻസും ചൈനയും തയ്‌വാനും ഒരു പോലെ അവകാശവാദം ഉന്നയിക്കുന്നുണ്ട്. സ്പ്രാറ്റ്ലി ദ്വീപുകളുടെ പടിഞ്ഞാറൻ കടൽ മേഖലയെച്ചൊല്ലി വിയറ്റ്നാം, ചൈന, തയ്‌വാൻ എന്നിവർ തമ്മിൽ തർക്കത്തിലാണ്. ഈ ദ്വീപുകളുടെ അവകാശത്തെക്കുറിച്ച് വിയറ്റ്നാം, ചൈന, തയ്‌വാൻ, ബ്രൂണൈ, മലേഷ്യ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങൾക്കിടയിലും തർക്കമുണ്ട്. 17-ാം നൂറ്റാണ്ട് മുതൽ പരാസെൽ ദ്വീപുകളും സ്പ്രാറ്റ്ലി ദ്വീപുകളും തങ്ങളാണ് ഭരിച്ചിരുന്നതെന്നാണ് വിയറ്റ്നാമിന്റെ വാദം.
ഫിലിപ്പീൻസിന് സമീപമാണ് സ്പ്രാറ്റ്ലി ദ്വീപ് സമൂഹം. അതിനാൽ ഭൂമിശാസ്ത്രപരമായി തങ്ങളാണ് ഈ ദ്വീപിന്റെ അവകാശികളെന്ന് ഫിലിപ്പീൻസ് വാദിക്കുന്നു. ചൈന, തയ്‌വാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങൾക്കിടയിൽ പാരസൽ ദ്വീപുകൾ തർക്കവിഷയമാണ്. തായ്‌ലൻഡ് ഉൾക്കടലിലെ പ്രദേശങ്ങൾ സംബന്ധിച്ച് മലേഷ്യ, കംബോഡിയ, തായ്‌ലൻഡ്, വിയറ്റ്നാം എന്നിവരും ജോഹോർ കടലിടുക്ക്, സിങ്കപ്പൂർ കടലിടുക്ക് എന്നിവയെച്ചൊല്ലി സിങ്കപ്പൂരും മലേഷ്യയും തമ്മിലും അവകാശത്തർക്കങ്ങളുണ്ട്. അന്താരാഷ്ട്ര കടൽ നിയമങ്ങൾപ്രകാരം തങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലകളിലാണ് തെക്കൻ ചൈന കടൽ മേഖല ഉൾപ്പെടുന്നതെന്നാണ് മലേഷ്യയുടെയും ബ്രൂണെയുടെയും വാദം.
മേഖലയിൽ ചൈനയുടെ കടന്നുകയറ്റം
ദക്ഷിണ ചൈന കടലിലെ തർക്കങ്ങളും ഏറ്റുമുട്ടലുകളും ഒട്ടും പുതിയതല്ല. ദക്ഷിണ ചൈന കടൽ നൂറ്റാണ്ടുകളായി തങ്ങളുടെ ഭാഗമാണെന്നാണ് ചൈന അവകാശവാദം ഉന്നയിക്കുന്നത്. എന്നാൽ, 1940-ന് മുമ്പ് വരെ തെക്കൻ ചൈന കടലിൽ ചൈന അവകാശവാദം ഉന്നയിച്ചിരുന്നില്ലെന്നാണ് മറ്റ് രാജ്യങ്ങൾ പറയുന്നത്. 1947-ൽ പരാസെല്ലിന്റെയും സ്പ്രാറ്റ്ലിന്റെയും മേൽ അവകാശം ഉറപ്പിച്ചുകൊണ്ടുള്ള മാപ്പ് ചൈന പ്രസിദ്ധീകരിച്ചിരുന്നു. പിന്നാലെ അതേവർഷം തന്നെ പരാസെൽ ദ്വീപസമൂഹം വിയറ്റ്നാമിൽനിന്നു ചൈന പിടിച്ചെടുത്തു. ഈ ഏറ്റുമുട്ടലിൽ വിയറ്റ്നാമിന്റെ 70 സൈനികർ കൊല്ലപ്പെട്ടു. 1988-ൽ സ്പ്രാറ്റ്ലി ദ്വീപുകൾക്ക് വേണ്ടി ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയപ്പോഴും വിയറ്റ്നാമിനായിരുന്നു ആൾ നാശം. സ്പ്രാറ്റ്‌ലി ദ്വീപുകളിലെ ജോൺസൺ റീഫിൽ ചൈനീസ് നാവികസേന മൂന്ന് വിയറ്റ്‌നാമീസ് കപ്പലുകളാണ് മുക്കിയത്. ഇത്തവണ 60 നാവികരെയാണ് വിയറ്റ്നാം സൈന്യത്തിന് നഷ്ടമായത്. 1996-ൽ സ്പ്രാറ്റ്‌ലി ദ്വീപുകളിൽ ഫിലിപ്പീൻസ് നാവികസേനയുടെ ബോട്ടിനെതിരേ ചൈനീസ് സേന ആക്രമണം നടത്തി.

2011-ൽ, ഫിലിപ്പീൻസിന്റെ പ്രത്യേക സാമ്പത്തിക മേഖലയ്ക്കുള്ളിൽ ചൈനീസ് കപ്പലുകൾ കടന്നുകയറി. ഇതിനെതിരേ ഫിലിപ്പീൻസ് പ്രതിഷേധിച്ചു. ഇതിനെത്തുടർന്ന് 2012-ലെ വസന്തകാലത്ത് സ്‌കാർബറോ ഷോളിൽ ചൈനീസ് കപ്പലുകളും ഫിലിപ്പീൻസിന്റെ യുദ്ധക്കപ്പലും തമ്മിൽ രണ്ട് മാസക്കാലത്തോളം യുദ്ധസമാന സാഹചര്യമാണ് നിലനിന്നത്. ആ വർഷം തന്നെ തെക്കൻ ചൈന കടലിൽ വിയറ്റ്നാം നടത്തിയ രണ്ട് പര്യവേഷണങ്ങളെ ചൈനീസ് സൈന്യം തടഞ്ഞിരുന്നു. ഇതിനെ തുടർന്ന് വിയറ്റ്നാം തെരുവുകളിൽ ചൈന വിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നു. 2012-ൽ ഷി ജിൻപിങ് ചൈനയുടെ അധികാരം ഏറ്റെടുത്തതോടെ തെക്കൻ ചൈന കടൽ മേഖലയെച്ചൊല്ലി നടന്നിരുന്ന ഏറ്റുമുട്ടലുകൾ ശക്തമാവുകയും ചൈനയുടെ വിദേശനയത്തിൽ കാര്യമായ വ്യതിയാനം സംഭവിക്കുകയും ചെയ്തു. 2014-ൽ പാരസെൽ ദ്വീപുകൾക്ക് സമീപമുള്ള തർക്കമേഖലയിൽ ചൈന ഒരു ഓയിൽ റിഗ് സ്ഥാപിക്കാൻ ശ്രമിച്ചു. തുടർന്ന് ചൈനീസ് സൈന്യത്തിന്റെയും വിയറ്റ്‌നാമീസ് തീരസംരക്ഷണ സേനയുടെയും കപ്പലുകൾ തമ്മിൽ ഏറ്റുമുട്ടി. വിയറ്റ്‌നാമിന്റെ അധികാര പരിധിയിലുള്ള കടൽ മേഖലയിൽ ഒരു ഡ്രില്ലിംഗ് പ്ലാറ്റ്‌ഫോം സ്ഥാപിക്കാനുള്ള അവരുടെ ശ്രമം ചൈന തടഞ്ഞതും തർക്കങ്ങളിലേക്ക് വഴിവെച്ചു. ദക്ഷിണ ചൈന കടലിലെ മലേഷ്യയുടെ ഓയൽ റിഗുകളിൽ അവർ പ്രവേശിക്കുന്നതിനെതിരേയും ചൈന സമാന നിലപാട് സ്വീകരിച്ചിരുന്നു.
തെക്കൻ ചൈന കടലിലെ സൈനികവൽക്കരണവും 2012 മുതൽ ശക്തമായിട്ടുണ്ട്. മേഖലയിൽ ചൈന കൃത്രിമ ദ്വീപുകൾ നിർമിക്കുക മാത്രമല്ല, ഈ ദ്വീപുകളിൽ വ്യാപകമായ സൈനികവൽക്കരണം നടത്തുകയും ചെയ്തു. 2014 മുതൽ, ചൈന പാരസൽ ദ്വീപുകളെ സൈനികവൽക്കരിക്കുന്നുണ്ട്. അവിടെ മിസൈലുകൾ വിന്യസിക്കുകയും യുദ്ധവിമാനങ്ങൾ സജ്ജീകരിക്കുകയും ചെയ്തു. 2018-ൽ ഒരു ചൈനീസ് ബോംബർ വിമാനം ആദ്യമായി പാരസെലുകളിൽ ഇറങ്ങുകയും ചെയ്തു. ഇതിന് സമാനമായി സ്പ്രാറ്റ്‌ലി ദ്വീപുകളുടെ സൈനികവൽക്കരണവും വേഗത്തിൽ തുടരുകയാണ്. സ്പ്രാറ്റ്‌ലി ദ്വീപ് ശൃംഖലയിലെ മൂന്ന് കൃത്രിമ ദ്വീപുകളെങ്കിലും ചൈന പൂർണ്ണമായും സൈനികവൽക്കരിച്ചുവെന്ന് 2022-ൽ, യുഎസ് ഇന്തോ-പസഫിക് കമാൻഡിന്റെ തലവൻ വെളിപ്പെടുത്തിയിരുന്നു. ദക്ഷിണ ചൈന കടലിൽ ചൈനീസ് നാവികസേനയുടെ കപ്പലുകളും സജീവമാണ്. ചൈനയെ കൂടാതെ മേഖലയിലെ മറ്റ് രാജ്യങ്ങളും ദക്ഷിണ ചൈന കടലിൽ തങ്ങളുടെ സൈനിക ശേഷി പ്രദർശിപ്പിക്കുന്നതിൽ പിന്നിലല്ല. ഇൻഡൊനീഷ്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിൽ പ്രവേശിക്കുന്ന കപ്പലുകളെ അവർ കൃത്യമായി നിരീക്ഷിക്കാറുണ്ട്. യു.എസ്. ആകട്ടെ മേഖലയിൽ കൃത്യമായി സൈനിക പരിശീലനങ്ങൾ നടത്താറുണ്ട്. ട്രംപ് ഭരണകാലത്ത് യുഎസ് നാവികാഭ്യാസങ്ങളുടെ എണ്ണം ഗണ്യമായി വർദ്ധിപ്പിച്ചിരുന്നു. പ്രസിഡന്റ് ജോ ബൈഡന്റെ കീഴിലും തുടർന്നു. 2019-ൽ മാത്രം ദക്ഷിണ ചൈന കടലിൽ അമേരിക്ക കുറഞ്ഞത് ഒമ്പത് തവണ നാവിക അഭ്യാസങ്ങൾ നടത്തി.

എന്താണ് ചൈനയുടെ താല്പര്യം ?
ചൈനയെ സംബന്ധിച്ച് ഭൂമിശാസ്ത്രപരമായി വളരെ പ്രാധാന്യമുള്ള മേഖലയാണ് തെക്കൻ ചൈന കടൽ. ചൈന, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവയെ ഇന്ത്യയിലേക്കും പടിഞ്ഞാറൻ രാജ്യങ്ങളിലേയ്ക്കും ചരിത്രപരമായി കൂട്ടിയിണക്കിയിരുന്നത് ഈ പാതയാണ്. ഇന്ന് ലോകത്ത് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന രണ്ടാമത്തെ കടൽ പാതയാണിത്. പ്രതിവർഷം ഏതാണ്ട് 3.37 ട്രില്യൺ യു.എസ്. ഡോളറിന്റെ ആഗോള വ്യാപാരം ദക്ഷണ ചൈന കടൽ വഴിയാണ് നടക്കുന്നത്. കടൽ വഴിയുള്ള ആഗോളവ്യാപാരത്തിന്റെ മൂന്നിലൊന്ന് വരുമിത്. ചൈനയുടെ ആകെ ഊർജ്ജ ഇറക്കുമതിയുടെ 80 ശതമാനവും അവരുടെ ആകെ വ്യാപാരത്തിന്റെ 40 ശതമാനവും ഇതുവഴിയാണ് നടക്കുന്നത്. വർഷം 5.3 ലക്ഷം കോടി ഡോളറിന്റെ ചരക്കാണ് ഇതുവഴി കടന്നുപോകുന്നത്. വിലമതിക്കാനാകാത്ത ഈ കടൽ മേഖലയ്ക്ക് വേണ്ടി രാജ്യങ്ങൾ ഏറ്റുമുട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇവിടെ പരമാധികാരം സ്ഥാപിച്ചെടുക്കാൻ രണ്ട് ദ്വീപസമൂഹങ്ങളിലും ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്തുകയും നാവിക സേനയെ ഉപയോഗിച്ച് ദ്വീപുകൾ സംരക്ഷിക്കുകയും ചെയ്യുകയാണ്. മനുഷ്യ നിർമിതമായ ഏഴ് ദ്വീപുകളാണ് തെക്കൻ ചൈന കടലിലെ സ്പ്രാറ്റ്ലി ദ്വീപ് സമൂഹത്തിൽ ചൈന നിർമിക്കുന്നത്.
മലാക്ക കടലിടുക്കാണ് ഈ സമുദ്ര മേഖലയിൽ ചൈനയുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ലോകത്തിലെ ആകെ വ്യാപാരത്തിന്റെ 20 ശതമാനവും ചൈനീസ് വ്യാപാരത്തിന്റെ 60 ശതമാനവും കടന്നുപോകുന്നത് ഈ കടലിടുക്ക് വഴിയാണ്. ചൈനയുടെ പെട്രോളിയം പ്രകൃതി വാതക ഇറക്കുമതിയുടെ 70 ശതമാനവും കടന്നുപോകുന്നതും ഇതുവഴിയാണ്. അതിനാൽ തന്നെ ചൈനയുടെ സാമ്പത്തിക, ഊർജ സുരക്ഷയുടെ കാഴ്ചപ്പാടിൽ മലാക്ക കടലിടുക്കിന് വലിയ പ്രാധാന്യമാണുള്ളത്. കടലിടുക്കിന് ചുറ്റുമുള്ള രാജ്യങ്ങളോ, അമേരിക്കയോ ഏതുനിമിഷവും ഒരു ആക്രമണം നടത്തിയേക്കുമെന്നും അവർ ഭയപ്പെടുന്നു. മേഖലയിൽ ഒരു സംഘർഷമുണ്ടായാൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധികളെക്കുറിച്ച്ചൈനയ്ക്ക് വളരെ മുമ്പ്തന്നെ വ്യക്തമായ ധാരണയുണ്ട്. ഇക്കാര്യത്തിൽ എല്ലാക്കാലത്തും ചൈന ആശങ്കാകുലരുമാണ്. ഇത് മുന്നിൽ കണ്ടുകൊണ്ട് തന്നെയാണ് അവർ ബദൽ സാധ്യതകൾ തേടുന്നതും ദക്ഷിണ ചൈന കടലിൽ അടക്കം സ്വാധീനം ഉറപ്പിക്കുന്നതും. തെക്കൻ ചൈന കടലിലും അവിടുത്തെ ദ്വീപുകളിലും ആധിപത്യം ഉറപ്പിച്ചാൽ മലാക്ക കടലിടുക്കിന് നേരെ ഉണ്ടാകുന്ന ഏതൊരു വെല്ലുവിളിയും അവർക്ക് നേരിടാനാകും.
മത്സ്യസമ്പത്ത്, എണ്ണ, പ്രകൃതിവാതക നിക്ഷേപം എന്നീ ആകർഷണങ്ങളും തന്ത്രപ്രധാനമായ ജലപാതയെന്ന പ്രധാന്യവുമാണ് ഈ മേഖലയെ തർക്ക പ്രദേശമാക്കുന്നത്. തെക്കൻ ചൈന കടൽ മേഖലയിൽ ഏകദേശം 4.5 ക്യുബിക് കി.മി. (28 ബില്ല്യൺ ബാരൽ) എണ്ണ ശേഖരമുണ്ടെന്നാണ് കരുതുന്നത്. പ്രകൃതി വാതകശേഖരം ഏകദേശം 7,500 ക്യുബിക് കിലോ മീറ്റർ(266 ട്രില്യൺ ക്യുബിക് അടി) ആണെന്ന് കണക്കാക്കപ്പെടുന്നു. മത്സ്യസമ്പത്തും മറ്റ് വിഭവങ്ങളുമാണ് മറ്റൊരു ആകർഷണം. ഈ കടൽമേഖലയിൽ ലോകത്തിലെ മൊത്തം സമുദ്ര ജൈവവൈവിധ്യത്തിന്റെ മൂന്നിലൊന്നുണ്ടെന്നാണ് ഫിലിപ്പീൻസിലെ പരിസ്ഥിതി-പ്രകൃതിവിഭവ വകുപ്പ് നടത്തിയ പഠനങ്ങൾ പറയുന്നത്. പരാസെൽസ്, സ്പ്രാറ്റ്ലി ദ്വീപ് സമൂഹങ്ങൾക്കു ചുറ്റും പ്രകൃതിവിഭവങ്ങളുടെ ഒരു കലവറ തന്നെയുണ്ട്. ഇവിടെ കാര്യമായ പര്യവേഷണങ്ങളൊന്നും നടന്നിട്ടില്ല. ഇതിന് സമീപമുള്ള പ്രദേശങ്ങളിൽ ധാതുക്കളുടെ വലിയ ശേഖരം കണ്ടെത്തിയതാണ് ഈ മേഖലയിലും വലിയ നിക്ഷേപങ്ങൾ ഉണ്ടാകുമെന്ന സൂചന നൽകിയത്. എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും കേന്ദ്രമാണിതെന്നും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല അളവറ്റ മത്സ്യസമ്പത്തും ഇവിടെയുണ്ട്. ഈ അടുത്തകാലത്തും ഇവിടെ സ്വന്തം ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്നു.
അന്താരാഷ്ട്ര തർക്കപരിഹാര കോടതി വിധി
2013 ജനുവരി 22-ന് ഫിലിപ്പീൻസ് ചൈനക്കെതിരേ യു.എൻ. കൺവെൻഷൻ ഓൺ ദി ലോ ഓഫ് ദി സീ പ്രകാരം നടപടികൾ ആരംഭിച്ചു. ദക്ഷിണ ചൈന കടലിലെ ചൈനയുടെ ചരിത്രപരമായ അവകാശങ്ങൾ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഫിലിപ്പീൻസിന്റെ നടപടി. ഈ നടപടിക്രമങ്ങൾ സ്വീകാര്യമല്ലെന്നും ഇതിനോട് സഹകരിക്കില്ലെന്നുമുള്ള നിലപാടാണ് ചൈന തുടക്കം മുതൽ സ്വീകരിച്ചത്. എന്നാൽ, ഈ കടൽമേഖലയിൽ സമ്പൂർണ ആധിപത്യം അവകാശപ്പെട്ടിരുന്ന ചൈനയ്ക്ക് വലിയ തിരിച്ചടിയായിരുന്നു ഹേഗിലെ അന്താരാഷ്ട്ര തർക്കപരിഹാര കോടതിയുടെ (പി.സി.എ.) വിധി. ദക്ഷിണ ചൈന കടലിൽ പരമാധികാരമുണ്ടെന്ന് ചൈനയുടെ അവകാശവാദത്തിന് നിയമപരമായ അടിത്തറയില്ലെന്നാണ് പി.സി.എ. വിധിച്ചത്. ചൈന കൃത്രിമമായി ദ്വീപുകൾ നിർമിച്ചത് കടലിലെ പവിഴപ്പുറ്റുകൾക്കും പാറക്കൂട്ടങ്ങള്‍ക്കും ഗുരുതരമായ പാരിസ്ഥിതിക ആഘാതം വരുത്തിയെന്നും വിധിയിൽ പറഞ്ഞിരുന്നു. ഫിലിപ്പീൻസിന്റെ പ്രത്യേക സാമ്പത്തികമേഖലയിൽ അവർക്ക് പരിപൂർണ അവകാശമുണ്ടാകുമെന്നും വിധിയിൽ പറഞ്ഞിരുന്നു. ഒപ്പം മേഖലയിൽ അധികാരം സ്ഥാപിക്കുന്നതിന് വേണ്ടി ചൈന കൊണ്ടുവന്ന നയൺ ഡാഷ് ലൈൻ ഐക്യരാഷ്ട്ര സഭയുടെ സമുദ്ര കൺവെൻഷൻ സംബന്ധിച്ച നിയമങ്ങൾക്ക് എതിരാണെന്നും ട്രൈബ്യൂണൽ വിധിച്ചു.
തെക്കൻ ചൈന കടലിൽ ചൈന നടത്തുന്ന ഇടപെടലുകൾക്ക് കനത്ത തിരിച്ചടിയായിരുന്നു ഈ കടൽമേഖലയിൽ അവർക്ക് ചരിത്രപരമോ നിയമപരമോ ആയ യാതൊരു അവകാശവുമില്ലെന്ന ട്രൈബ്യൂണലിന്റെ വിധി. എന്നാൽ വിധി അംഗീകരിക്കില്ലെന്നും കേസിൽ വിധി പ്രസ്താവിക്കാൻ ട്രൈബ്യൂണലിന് അവകാശമില്ലെന്നുമാണ് ചൈന പ്രതികരിച്ചത്. എന്നാൽ പി.സി.എ. നടപടികളോട് സഹകരിക്കില്ലെന്നുമുള്ള നിലപാടാണ് ചൈന തുടക്കം മുതൽ സ്വീകരിച്ചത്. മേഖലയിലെ ചെറുരാജ്യങ്ങളെ വിരട്ടി വരുതിയിലാക്കാൻ ശ്രമം നടത്തിയ ചൈന കേസ് പരിഗണിക്കുമ്പോഴെല്ലാം സൈനിക അഭ്യാസങ്ങൾ നടത്തിയാണ് പ്രതികരിച്ചത്. എന്നാൽ, കേസുമായി മുന്നോട്ട് പോകുകയാണ് ഫിലിപ്പീന്‍സ് ചെയ്തത്.
.jpg?$p=2150d6f&&q=0.8)
നിർണായകം അമേരിക്കൻ നിലപാട്
ലോകത്തിലെതന്നെ ഏറ്റവും തിരക്കേറിയ വാണിജ്യപാതയായ ദക്ഷിണ ചൈന കടൽ പൂർണമായും ചൈനയുടെ നിയന്ത്രണത്തിൽ അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങൾക്കും ഒരുപോലെ ഭീഷണിയാണ്. അതിനാൽ തന്നെ ദക്ഷിണ ചൈന കടലിൽ ചൈന ആധിപത്യം സ്ഥാപിക്കുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് അമേരിക്ക തർക്കത്തിൽ ഇടപെട്ടിരിക്കുന്നത്. എന്നാൽ ദക്ഷിണ ചൈന കടലിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി യു.എസിന് പ്രദേശിക അവകാശവാദമില്ല. മേഖലയിലെ മറ്റ് രാജ്യങ്ങളുമായി അടുത്ത സൈനിക ബന്ധം സൂക്ഷിക്കുന്ന അമേരിക്ക ഇത് മുന്നിൽകണ്ട് തങ്ങളുടെ സൈന്യത്തെ പ്രദേശത്ത് വിന്യസിക്കുകയും ചെയ്തു. എന്നാൽ, തങ്ങൾ അവകാശവാദം ഉന്നയിക്കുന്ന പ്രദേശത്തെ അമേരിക്കയുടെ ഉടപെടൽ ചൈനയെ ചൊടിപ്പിച്ചു. അമേരിക്കയാണ് തെക്കൻ ചൈന കടലിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന മറുവാദമാണ് ഇതിനെ പ്രതിരോധിക്കാൻ ചൈന ഉയർത്തുന്നത്. തന്ത്രപ്രധാനമായ ഈ പ്രദേശത്ത് ചൈനയുടെ സമുദ്രസാമ്രാജ്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും എന്നാലിത് ഒരുകാലത്തും അംഗീകരിക്കില്ലെന്നുമാണ് അമേരിക്കയുടെ നിലപാട്.
ദക്ഷിണ ചൈന കടലിന്റെ പൂർണമായും തങ്ങളുടെ അധീനമേഖലയാക്കി മാറ്റാനുള്ള ചൈനീസ് സർക്കാരിന്റെ പദ്ധതികളെ പ്രതിരോധിക്കാൻ തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് അമേരിക്ക പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വാണിജ്യപാത കൂടിയായ ഇവിടെ ചൈന പരമാധികാരം സ്ഥാപിക്കുന്നത് അമേരിക്കൻ താല്പര്യങ്ങൾക്ക് എതിരാണ് എന്നത് തന്നെയാണ് മേഖലയിൽ ഇടപെടാൻ അവരെ പ്രേരിപ്പിക്കുന്നത്. ദക്ഷിണ ചൈന കടലിൽ യു.എസ്. സജീവമായി ഇടപെടുന്നുണ്ടെങ്കിലും അതിന്റെ പ്രവർത്തനങ്ങൾ പ്രധാനമായും നാവികാഭ്യാസങ്ങളാണ്. എന്നാൽ യു.എസും അതിന്റെ സഖ്യകക്ഷികളും അഭ്യാസങ്ങൾ നടത്തിയിട്ടും ചൈന പിന്മാറിയിരുന്നില്ല. മേഖലയിലെ അവരുടെ സൈനികവകരണ പ്രവർത്തനങ്ങൾ അടക്കം അവർ തുടരുന്നു. മേഖലയിൽ കൂടുതൽ വിഭവങ്ങൾ ചൈന അവകാശപ്പെടുകയും മറ്റ് പരമാധികാര രാജ്യങ്ങൾക്ക് അവരുടെ സ്വന്തം പ്രദേശങ്ങളിലെ വിഭവങ്ങൾ നിഷേധിക്കുകയും ചെയ്യുന്നു. ഫലത്തിൽ, യു.എസ്സിന്റെ നാവികാഭ്യാസങ്ങളും ഇടപെടലുകളുമൊന്നും ആത്യന്തികമായി പ്രശ്‌നം പരിഹരിച്ചിട്ടില്ല.
എന്താണ് ഇന്ത്യയുടെ താല്പര്യം?
പ്രധാനമായും സാമ്പത്തികവും നയതന്ത്രപരവുമാണ് ദക്ഷിണ ചൈന കടലിലെ ഇന്ത്യയുടെ താല്പര്യങ്ങൾ. ഇവ രണ്ടുമാകാട്ടെ നമ്മുടെ 'ലുക്ക് ഈസ്റ്റ് പോളിസി'യുമായി ബന്ധപ്പെട്ടുള്ളതുമാണ്. ദക്ഷിണ ചൈന കടലിലെ ഊർജ വിഭവങ്ങളുടെ സാന്നിദ്ധ്യവും ഈ മേഖലയിലെ രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള വ്യാപാരവുമാണ് സാമ്പത്തിക താല്പര്യങ്ങൾ നിർണയിക്കുന്നത്. ദക്ഷിണ ചൈന കടലിൽ ഉണ്ടെന്ന് കണക്കാക്കുന്ന വലിയ തോതിലുള്ള ഊർജ്ജ വിഭവങ്ങളുടെ സാധ്യതകൾ കണക്കിലെടുക്കുമ്പോൾ ഇതും വളരെ പ്രധാനമാണ്. ചൈനയ്ക്ക് പുറമേ മറ്റ് തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങൾ തമ്മിലും ദക്ഷിണ ചൈന കടൽ മേഖലയേയും ദ്വീപുകളേയും ചൊല്ലി തർക്കത്തിലാണ്. നയതന്ത്ര ഇടപെടലുകളിലൂടെ ഈ രാജ്യങ്ങൾ തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തെ പ്രോത്സാഹിപ്പിക്കുന്ന ശക്തിയായി ഇന്ത്യയെ അവർ കണക്കാക്കുന്നു. ഇതും മേഖലയിൽ ഇന്ത്യയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. ഈ സമീപനത്തോട് ചേർന്ന് നിൽക്കുമ്പോൾ തന്നെ, ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കുകയും രാഷ്ട്രങ്ങളോട് തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ സമാധാനപരമായി പരിഹരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
ദക്ഷിണ ചൈന കടൽ ഒരു രാജ്യത്തിന്റെതല്ലെന്നും ആഗോള പൊതുസമൂഹത്തിന്റെ ഭാഗമാണെന്നുമാണ് ഇന്ത്യയുടെ എല്ലാക്കാലത്തേയും നിലപാട്. ഈ മേഖലയിലെ സമാധാനത്തിലും സ്ഥിരതയിലും ഇന്ത്യയ്ക്ക് വ്യക്തമായ താല്പര്യമുണ്ട്. അന്താരാഷ്ട്ര ജലപാതകളിലെ ഗതാഗത സ്വാതന്ത്ര്യത്തിനും തടസ്സമില്ലാത്ത വാണിജ്യ ആവശ്യങ്ങൾക്കുംവേണ്ടിയാണ് ഇന്ത്യ എല്ലാക്കാലത്തും ഉറച്ചുനിൽക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങൾക്കൊപ്പം അമേരിക്കയുടെ നിലപാടിനെ വലിയ തോതിൽ പിന്തുണയ്ക്കുന്ന നിലപാടാണ് വിഷയത്തിൽ ഇന്ത്യ സ്വീകരിച്ചിരുന്നത്.
Content Highlights: Territorial disputes in the South China Sea
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..