ബഫര്‍സോണ്‍ സുപ്രീംകോടതി വിധി: കേരളത്തിലെ കർഷകരെ എങ്ങനെ രക്ഷിക്കും?


അഡ്വ. ജസ്റ്റിന്‍ മാത്യു താന്നിയ്ക്കല്‍Premium

പ്രതീകാത്മക ചിത്രം

സുപ്രീംകോടതിയുടെ ടി.എന്‍.ഗോദവര്‍മ്മന്‍ തിരുമുല്‍പാട് കേസിലെ വിധിന്യായം മലയോരജനതക്കിടയില്‍ ആശങ്കകള്‍ ഉളവാക്കിയിട്ടുണ്ട്. ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റിലും സംരക്ഷിത കവചമായി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 'ബഫര്‍സോണ്‍' (പരിസ്ഥിതി സംരക്ഷണ മേഖല) നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. സുപ്രീംകോടതി വിധി ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ഉത്തരവാദിത്വം ഓരോ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിലും ആഭ്യന്തര സെക്രട്ടറിയിലും നിക്ഷിപ്തമാണെന്നും ചീഫ് കണ്ടസര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഇക്കോസെന്‍സിറ്റീവ് സോണ്‍ (ESZ) (പരിസ്ഥിതി ലോല മേഖല)-ല്‍ നിലവിലുള്ള നിര്‍മാണങ്ങളേയും മറ്റ് അനുബന്ധ കാര്യങ്ങളെ സംബന്ധിച്ചും മൂന്ന് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സുപ്രീംകോടതി മുമ്പാകെ സമര്‍പ്പിക്കണമെന്നും വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിനായി ബന്ധപ്പെട്ട അധികാരികള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായത്തോടെ ഉപഗ്രഹ ചിത്രങ്ങളേയും ഡ്രോണ്‍ ഉപയോഗിച്ചുള്ള ചിത്രങ്ങളേയും ആശ്രയിക്കാവുന്നതാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷക ജനതയുടെ ഭയാശങ്കകള്‍ ദൂരീകരിച്ച് കുറ്റമറ്റ രീതിയിലുള്ള റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുക എന്ന ദുഷ്‌കരമായ ദൗത്യമാണ് സംസ്ഥാന സര്‍ക്കാരിന് മുമ്പിലുള്ള വെല്ലുവിളി.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലം

തമിഴ്നാട്ടിലെ നീലഗിരി വനമേഖല സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 1995-ല്‍ ടി.എന്‍.ഗോദവര്‍മ്മന്‍ തിരുമുല്‍പാട് സുപ്രീംകോടതി മുമ്പാകെ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിച്ചതോടെയാണ് കേസിനു തുടക്കമായത്. തുടര്‍ന്ന് രാജ്യമൊട്ടാകെയുള്ള പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കണമെന്ന ആവശ്യത്തിലേക്ക് കേസിന്റെ വ്യാപ്തി വര്‍ധിച്ചു. 2016 ജൂണ്‍ 1-ന് ഹര്‍ജിക്കാരന്‍ അന്തരിച്ചെങ്കിലും സുപ്രീംകോടതി ഗോദവര്‍മ്മന്‍ തിരുമുല്‍പാടിന്റെ നിയമപരമായ പിന്‍ഗാമികളെ കക്ഷി ചേര്‍ക്കാതെ തന്നെ കേസ് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യമൊട്ടാകെയുള്ള വനവിഭവങ്ങളുടെ സംരക്ഷണത്തിനായി കാലാകാലങ്ങളില്‍ നിരവധി ഉത്തരവുകള്‍ ഈ കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുണ്ട്. 2022 മെയ് 9-ന് സുപ്രീം കോടതി സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി (സി.ഇ.സി) രൂപീകരിച്ചു. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ നടപ്പിലാക്കുന്നതിന് മേല്‍നോട്ടം വഹിക്കുകയാണ് കമ്മിറ്റിയുടെ പ്രധാന ചുമതല. 2002 സെപ്തംബര്‍ 17-ന് പരിസ്ഥിതി മന്ത്രാലയം 1986-ലെ എന്‍വയര്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ആക്ട്, വകുപ്പ് 3(3) പ്രകാരം സി.ഇ.സി.ക്ക് നിയമപരമായ പിന്‍ബലം നല്‍കുകയുണ്ടായി.

സുപ്രീംകോടതിയുടെ 2022 ജൂണ്‍ 3-ലെ ഉത്തരവില്‍, രാജസ്ഥാനിലെ ജാമുവാരാംഗാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റിലുള്ള ഖനനപ്രവര്‍ത്തനങ്ങളും പരിസ്ഥിതിലോല പ്രദേശങ്ങളായ വന്യജീവി സങ്കേതങ്ങളിലേയും ദേശീയ ഉദ്യാനങ്ങളിലേയും ഖനന പ്രവര്‍ത്തനങ്ങളുമാണ് പരിഗണിച്ചത്. സി.ഇ.സിയുടെ ശുപാര്‍ശകളും ബഫര്‍സോണുകളെ സംബന്ധിച്ച സുപ്രീംകോടതിയുടെ മുന്‍കാല നിയന്ത്രണ ഉത്തരവുകള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ചില സംസ്ഥാനങ്ങള്‍ നല്‍കിയ ഉപഹര്‍ജികളും പരിഗണനാവിഷയമായി.

സുപ്രീംകോടതി പരിഗണിച്ച അപേക്ഷകളിലൊന്ന് 2003 നവംബര്‍ 20 ലെ സി.ഇ.സി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന ജമുവാ രാംഗാറിലെ വന്യജീവി സങ്കേതത്തിലെ താല്‍ക്കാലിക അനുമതിയുടെ അടിസ്ഥാനത്തിലുള്ള സ്വകാര്യ ഖനനവുമായി ബന്ധപ്പെട്ടതായിരുന്നു. ജമുവാ രാംഗാറിലെ വന്യജീവി സങ്കേതത്തിനുള്ളിലുള്ളതും സുരക്ഷിത മേഖലയില്‍ വരുന്നതുമായ എല്ലാ ഖനന പ്രവര്‍ത്തനങ്ങളും അടിയന്തിരമായി റദ്ദാക്കണമെന്നതായിരുന്നു റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം. 2012 സെപ്റ്റംബര്‍ 20-ന് സി.ഇ.സി രാജ്യമൊട്ടാകെയുള്ള സംരക്ഷിത വനമേഖലയെ സംബന്ധിച്ച് മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയുണ്ടായി.

പരിസ്ഥിതിലോല മേഖലകളിലെ സംരക്ഷിത വനങ്ങളെ സംബന്ധിച്ച് സുപ്രീംകോടതി ഗോവ ഫൗണ്ടേഷന്‍ കേസില്‍ 2006 ഡിസംബര്‍ 4-ന് ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി. പരിസ്ഥിതി മന്ത്രാലയത്തിന്റെ 2005 മെയ് 27-ലെ കത്തിന് മറുപടി നല്‍കാന്‍ അവസാന അവസരം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കുന്നതിന് സുപ്രീംകോടതി പരിസ്ഥിതി മന്ത്രാലയത്തിന് ഗോവ ഫൗണ്ടേഷന്‍ കേസില്‍ നിര്‍ദ്ദേശം നല്‍കുകയുണ്ടായി. പരിസ്ഥിതി മന്ത്രാലയത്തിന്റെ കത്ത് ലഭിച്ച് നാല് ആഴ്ചയ്ക്കുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങള്‍ നല്‍കുന്നില്ലെങ്കില്‍ 2002 ജനുവരി 21 ലെ തീരുമാനമായ വന്യജീവി സങ്കേതങ്ങളുടേയും ദേശീയ ഉദ്യാനങ്ങളുടേയും അതിര്‍ത്തിയില്‍ നിന്നും 10 കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതിലോല മേഖലയായി വിജ്ഞാപനം ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും സുപ്രീംകോടതി വ്യക്തമാക്കുകയുണ്ടായി.

പരിസ്ഥിതി മന്ത്രാലയം 2011 ഫെബ്രുവരി 9-ന് വന്യജീവി സങ്കേതങ്ങളിലേയും ദേശീയ ഉദ്യാനങ്ങളിലേയും പരിസ്ഥിതി ലോല മേഖലയെ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയുണ്ടായി. ഈ മാര്‍ഗനിര്‍ദേശത്തില്‍ ഒരു പ്രദേശത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് പ്രതിപാദിച്ചിട്ടുള്ളത്.

മാര്‍ഗനിര്‍ദേശങ്ങള്‍

ദേശീയ ഉദ്യാനങ്ങളുടേയും വന്യജീവി സങ്കേതങ്ങളുടേയും ചുറ്റിലുമുള്ള പ്രദേശം പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നത് മൂലം 'ഷോക്ക് അബ്സോര്‍ബര്‍' പോലെ സംരക്ഷണ മേഖലയ്ക്ക് ചുറ്റും സുരക്ഷാ കവചമൊരുക്കുന്നു. സംരക്ഷിത മേഖലയുടെ വ്യാപ്തി എല്ലായിടത്തും ഒരുപോലെ ആയിരിക്കില്ലെങ്കിലും തത്വത്തില്‍ അത് 10 കിലോമീറ്റര്‍ ചുറ്റളവ് വരെയാകാം. പരിസ്ഥിതിലോല പ്രദേശത്തിനുണ്ടാകുന്ന ദോഷം നിയന്ത്രിക്കുകയാണ് സംരക്ഷിത മേഖലയുടെ ലക്ഷ്യം. ഇത്തരം പ്രദേശങ്ങള്‍ കണ്ടെത്തേണ്ടത് ബന്ധപ്പെട്ട റേഞ്ച് ഓഫീസറായിരിക്കും. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, പരിസ്ഥിതി ശാസ്ത്രജ്ഞന്‍, തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥന്‍, ബന്ധപ്പെട്ട പ്രദേശത്തെ റവന്യൂ ഉദ്യോഗസ്ഥന്‍ എന്നിവരടങ്ങിയ ഒരു കമ്മിറ്റി ഇതുമായി ബന്ധപ്പെട്ട് രൂപീകരിക്കണം.

ചീഫ് ലൈഫ് വാര്‍ഡന്‍ സംരക്ഷിത മേഖലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ നിരോധിത, നിയന്ത്രണ, അനുവദനീയ പ്രവര്‍ത്തനങ്ങളായി തിരിക്കണം. പരിസ്ഥിതിലോല മേഖലയെക്കുറിച്ചുള്ള നിര്‍ദേശങ്ങള്‍ അന്തിമമായാല്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും പരിസ്ഥിതി മന്ത്രാലയത്തിന് തുടര്‍ നടപടികള്‍ക്കും വിജ്ഞാപനത്തിനുമായി കൈമാറണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

2006 ഓഗസ്റ്റ് 4ന് ദേശീയ ഉദ്യാനങ്ങളുടേയും വന്യജീവി സങ്കേതങ്ങളുടേയും ചുറ്റിലും ഖനനത്തിനുള്ള താല്‍ക്കാലിക അനുമതി തടഞ്ഞുകൊണ്ട് വൈല്‍ഡ് ലൈഫ് (പ്രൊട്ടക്ഷന്‍ ആക്ട്), 1972 അനുസരിച്ച് സുപ്രീംകോടതി ഉത്തരവിട്ടു.
2012 സെപ്റ്റംബര്‍ 20 ന് സി.ഇ.സി സമര്‍പ്പിച്ച രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ പരിസ്ഥിതിലോല മേഖലയെ സംബന്ധിച്ച ചില ശുപാര്‍ശകള്‍ നല്‍കുകയുണ്ടായി. പ്രസ്തുത റിപ്പോര്‍ട്ടില്‍ സംരക്ഷിത മേഖലയെ 4 വിഭാഗങ്ങളായി തിരിച്ചു.

കാറ്റഗറി A
സംരക്ഷിത മേഖല 500 സ്‌ക്വയര്‍ കിലോമീറ്ററോ അതില്‍ കൂടുതലോ ഉള്ളവ.
കാറ്റഗറി B
സംരക്ഷിത മേഖല 200 സ്‌ക്വയര്‍ കിലോമീറ്ററിനും 500 സ്‌ക്വയര്‍ കിലോമീറ്ററിനും ഇടയില്‍ ഉള്ളവ.
കാറ്റഗറി C
സംരക്ഷിത മേഖല 100 സ്‌ക്വയര്‍ കിലോമീറ്ററിനും 200 സ്‌ക്വയര്‍ കിലോമീറ്ററിനും ഇടയില്‍ ഉള്ളത്.
കാറ്റഗറി D
സംരക്ഷിത മേഖല 100 സ്‌ക്വയര്‍ കിലോമീറ്റര്‍ വരെയുള്ളത്.

2013 ജനുവരി 18ന് സി.ഇ.സി സമര്‍പ്പിച്ച അനുബന്ധ റിപ്പോര്‍ട്ടില്‍ സുരക്ഷിത മേഖല വിജ്ഞാപനം ചെയ്യുന്നതിനുണ്ടായ കാലതാമസം കണക്കിലെടുത്ത് ദേശീയ ഉദ്യാനങ്ങളുടേയും വന്യജീവി സങ്കേതങ്ങളുടേയും ചുറ്റിലും സുരക്ഷിത മേഖലയാക്കുന്നത് സംബന്ധിച്ച് എത്രയും വേഗം തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. ഈ പശ്ചാത്തലത്തില്‍ മന്ത്രാലയത്തിന്റെ 2011 ഫെബ്രുവരി 9 ലെ മാര്‍ഗനിര്‍ദേശങ്ങള്‍ ന്യായമാണെന്ന് 2022 ജൂണ്‍ 3-ലെ വിധിന്യായത്തില്‍ വിലയിരുത്തിയ സുപ്രീംകോടതി ഓരോ ദേശീയ ഉദ്യാനത്തിനും വന്യജീവി സങ്കേതത്തിനും പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ഒരേപോലെ മാര്‍ഗനിര്‍ദേശങ്ങള്‍ സാധ്യമല്ലായെന്ന സ്റ്റാന്റിങ്ങ് കമ്മിറ്റിയുടെ അഭിപ്രായം സ്വീകരിക്കുകയും ചെയ്തു. എന്നിരുന്നാലും അടിസ്ഥാന മാനദണ്ഡമായി ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി സംരക്ഷണ മേഖല സംരക്ഷിത വനങ്ങള്‍ക്കു ചുറ്റും നിലനിറുത്തണമെന്നും പ്രത്യേക സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇത് മാറാമെന്നും സുപ്രീംകോടതി 2022 ജൂണ്‍ മൂന്നിലെ വിധി ന്യായത്തില്‍ നിര്‍ദ്ദേശിച്ചു.

സുപ്രീംകോടതി വിധിയും കേരളവും

കേരളത്തിലെ മൂന്നരലക്ഷത്തോളം ഏക്കര്‍ വരുന്ന പ്രദേശങ്ങളാണ് പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. 115 വില്ലേജുകള്‍ ഇതിന്റെ പരിധിയില്‍ വരും. ആകെ ഭൂവിസ്തൃതിയുടെ 21.71% മാണ് ഇന്ത്യയുടെ വനവിസ്തൃതിയെങ്കില്‍ കേരളത്തിന്റേത് 29.65% ആണ്. 11521.813 സ്‌ക്വയര്‍ കിലോമീറ്റര്‍ വനപ്രദേശം കേരളത്തിനുണ്ട്. കൂടാതെ കേരളത്തിന്റെ മൊത്തം ഭൂവിസ്തൃതിയുടെ പകുതിയില്‍ അധികം ഹരിതാവരണമാണ്.

സംസ്ഥാനത്തെ ഭൂവിസ്തൃതിയുടെ മൂന്നില്‍ രണ്ടു ഭാഗവും വിവിധങ്ങളായ നിയന്ത്രങ്ങളുള്ള ഭൂമിയാണ്. ഈ സാഹചര്യത്തില്‍ കേരളം പോലെ ഭൂവിസ്തൃതി കുറഞ്ഞതും ജനസാന്ദ്രതയേറിയതുമായ സംസ്ഥാനത്ത് ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ എന്നത് അപ്രായോഗികമാണ്. ഒരു കിലോമീറ്ററായി ബഫര്‍സോണ്‍ നിജപ്പെടുത്തിയാല്‍ പതിനായിരക്കണക്കിന് മലയോര കര്‍ഷകരെയാണ് ദോഷകരമായി ബാധിക്കുന്നത്.

സര്‍ക്കാര്‍ ചെയ്തത്

സുപ്രീം കോടതി വിധിയെ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് കാലതാമസമുണ്ടായി എന്ന അക്ഷേപമുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നതിന്റെ സ്വാഭാവികമായ കാലതാമസം മാത്രമാണിതെന്ന് വേണമെങ്കില്‍ ന്യായീകരിക്കാമെന്ന് മാത്രം.

കേരളത്തിലെ 22 പരിസ്ഥിതിലോല മേഖലകളിലും ഉപഗ്രഹ സര്‍വ്വേ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിദഗ്ദ്ധ സമിതിയെ ബഫര്‍സോണിന് അകത്തുള്ള നിര്‍മാണങ്ങളുടേയും അനുബന്ധപ്രവര്‍ത്തനങ്ങളുടേയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സെപ്തംബര്‍ അവസാനത്തോടെ നിയോഗിച്ചു.

ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ട് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ ഡിസംബര്‍ 12-ന് പ്രസിദ്ധീകരിച്ചു. പക്ഷേ, ജനവാസമേഖലകള്‍ കൃത്യമായി നിര്‍ണ്ണയിക്കാന്‍ കഴിയാത്ത ഉപഗ്രഹസര്‍വ്വേ റിപ്പോര്‍ട്ട് അപാകതകള്‍ നിറഞ്ഞതാണ്. 2020 - 21-ല്‍, വനം വകുപ്പ് തയ്യാറാക്കിയ സംരക്ഷിതവനപ്രദേശങ്ങള്‍ക്കു ചുറ്റും സീറോ കിലോമീറ്റര്‍ എന്ന പരിധി നിശ്ചയിച്ച് ജനവാസമേഖലകളെ ഒഴിവാക്കിയുള്ള ഭൂപടം വനം പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിക്കുകയുണ്ടായി. വനംവകുപ്പിന്റെ ഈ ഭൂപടം മാനദണ്ഡമാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. വനം വകുപ്പിന്റെ ഭൂപടം ഡിസംബര്‍ 22-ന് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. വനം വകുപ്പിന്റെ ഭൂപടത്തിലും അപാകതകള്‍ ഏറെയുണ്ട്. ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിലും വനം വകുപ്പിന്റെ ഭൂപടത്തിലും ആക്ഷേപമുള്ളവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി ജനുവരി 7-ന് അവസാനിച്ചു.

പഞ്ചായത്തുകള്‍ തോറും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിച്ചു. പഞ്ചായത്തുകളില്‍ നേരിട്ടുള്ള സ്ഥലപരിശോധന ആരംഭിച്ചു. ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍വ്വേ നമ്പര്‍ കൂടി ഉള്‍പ്പെടുത്തി വനം വകുപ്പ് പ്രസിദ്ധീകരിച്ച മൂന്നാമത്തെ ഭൂപടത്തിലും പിഴവുകള്‍ ഉണ്ട് എന്ന ആക്ഷേപമുണ്ട്. സംസ്ഥാനത്തെ 17 വന്യജീവി സങ്കേതങ്ങള്‍ 8 ദേശീയോദ്യാനങ്ങള്‍ എന്നിവക്കുള്ള ബഫര്‍ സോണ്‍ സംബന്ധിച്ച രൂപരേഖ കേന്ദ്ര സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. പെരിയാര്‍ കടുവ സങ്കേതവും വന്യജീവി സങ്കേതവുംമൊഴികെയുള്ളവയ്ക്ക് കരടു വിജ്ഞാപനം ഇറക്കി. മതില്‍ കെട്ടാന്‍ അന്തിമ വിജ്ഞാപനവുമായി. സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. സുപ്രീംകോടതിയുടെ ഉത്തരവില്‍ വ്യക്തത വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരുന്നതിന് കേരളം അപേക്ഷ നല്‍കിയിട്ടുണ്ട്.

ഇനി എന്ത് ചെയ്യണം

ഇന്ത്യന്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പു നല്‍കുന്ന മൗലികാവകാശമായ പൗരന്റെ ജീവിക്കുന്നതിനുള്ള അവകാശത്തെ ഹനിക്കുന്നതൊന്നും അനുവദിക്കരുത്. പ്രകൃതിയേയും വന്യമൃഗങ്ങളേയും സംരക്ഷിക്കുന്നതോടൊപ്പം തന്നെ, കൂടുതല്‍ പ്രാധാന്യത്തോടെ സംരക്ഷിക്കപ്പെടേണ്ടതാണ് പൗരന്റെ ജീവിക്കാനുള്ള അവകാശം. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും ഉയര്‍ന്ന ജനസാന്ദ്രതയും കണക്കിലെടുത്ത് ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ എന്നത് പ്രായോഗികമല്ലെന്നും സീറോ ബഫര്‍ സോണാണ് അഭികാമ്യമായിട്ടുള്ളതെന്നും സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനാവണം. രാജ്യത്ത് എല്ലായിടത്തും ഒരേപോലെ നടപ്പാക്കാന്‍ സാധിക്കാത്തതാണ് ബഫര്‍സോണെന്ന് സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇളവുകള്‍ക്കായി സി.ഇ.സിയേയും വനം-പരിസ്ഥിതി മന്ത്രാലയത്തേയും സമീപിക്കാമെന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ദശാബ്ദങ്ങള്‍ക്ക് മുമ്പ് തന്നെ പരിസ്ഥിതിലോല മേഖലയില്‍ ജനവാസകേന്ദ്രങ്ങളും കൊച്ചുപട്ടണങ്ങളും നിലവിലുണ്ടെന്ന കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയണം. മംഗളവന പക്ഷി സങ്കേതത്തിന് 200 മീറ്റര്‍ ദൂരത്തില്‍ മാത്രം സ്ഥിതി ചെയ്യുന്ന കേരള ഹൈക്കോടതി സമുച്ചയം ഉത്തമോദാഹരണമാണ്.

01-01-1997-ന് മുമ്പ് വനഭൂമി കൈവശമുള്ളവര്‍ക്ക് 1993-ലെ ഭൂപതിവ് പ്രത്യേക ചട്ടപ്രകാരം ഭൂമി പതിച്ചു നല്‍കിയത് നേച്ചര്‍ ലവേഴ്സ് മൂവ്മെന്റ് കേസില്‍ സുപ്രീം കോടതി ശരിവെച്ചിട്ടുള്ളതാണ്. കൂടാതെ, നിയമപ്രകാരം സിദ്ധിച്ച ഭൂമിയില്‍ വനാതിര്‍ത്തിക്കുള്ളില്‍ അധിവസിക്കുന്ന പട്ടികവര്‍ഗ വിഭാഗങ്ങളെ സുപ്രീം കോടതി വിധി ദോഷകരമായി ബാധിക്കുമെന്നത് ചൂണ്ടിക്കാണിക്കാനാവും സുപ്രീം കോടതി വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതു പ്രകാരം മൂന്ന് മാസത്തിനുള്ളില്‍ നിര്‍മിതികളുടേയും മറ്റ് അനുബന്ധ കാര്യങ്ങളേയും സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സാവകാശം നേടിയെടുക്കുകയും നേരിട്ടുള്ള സ്ഥലപരിശോധനയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടും സീറോ ബഫര്‍ സോണുമാണ് കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ അഭികാമ്യമെന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞാല്‍ ഭയാശങ്കകള്‍ ഒഴിവാക്കാന്‍ കഴിയും. അതുവഴി കര്‍ഷകരെ സുരക്ഷിത മേഖലയിലാക്കാനുള്ള ശക്തമായ നടപടികളാണ് സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നത്.

(ഹൈക്കോടതിയിലെ അഭിഭാഷകനും മുന്‍ ഗവണ്‍മെന്റ് പ്ലീഡറുമാണ് ലേഖകന്‍)

Content Highlights: supreme court verdict on buffer zone and kerala's stand


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented