സുപ്രീം കോടതി വിധി പണ്ടോറപ്പെട്ടിയോ പരിഹാരമോ?


ഡോ. രാജേഷ് കേണോത്ത്

'ഒരു രാജ്യം ഒരു വിപണി' എന്ന ജി.എസ്.ടി.യുടെ അടിസ്ഥാന ലക്ഷ്യത്തെത്തന്നെ തകിടം മറിക്കുന്നതാണ് കൗണ്‍സിലുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശം

പ്രതീകാത്മക ചിത്രം

ജി.എസ്.ടി. കൗണ്‍സിലുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കഴിഞ്ഞദിവസം നടത്തിയ പരാമര്‍ശം ദൂരവ്യാപകപ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിച്ചേക്കാം. പ്രസ്തുത കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ബാധ്യതയില്ലെന്നാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരും മോഹിത് മിനറല്‍സ് കമ്പനിയും തമ്മില്‍ കടല്‍മാര്‍ഗം ഇറക്കുമതിചെയ്യുന്ന സാധനങ്ങള്‍ക്ക് നികുതിചുമത്തുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് വിധിവന്നത്.

വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത നികുതിനിരക്കുകള്‍ രാജ്യമൊട്ടാകെ ഏകീകരിച്ചുകൊണ്ട് അവയെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍, 2017 ജൂലായ് ഒന്നിനാണ് ഇന്ത്യ ജി.എസ്.ടി.യിലേക്ക് ചുവടുവെച്ചത്. വ്യവസായങ്ങള്‍ ആയാസരഹിതമാക്കുക എന്നതായിരുന്നു ലക്ഷ്യം. ഭരണഘടനയിലെ 279 എ അനുസരിച്ച് രൂപവത്കരിച്ച ജി.എസ്.ടി. കൗണ്‍സിലിനാണ് നടത്തിപ്പുചുമതല. കേന്ദ്രധനമന്ത്രി ചെയര്‍മാനായും ധനകാര്യസഹമന്ത്രി, ഓരോ സംസ്ഥാനങ്ങളും നിര്‍ദേശിക്കുന്ന ഓരോ മന്ത്രിമാര്‍ (മിക്കവാറും അതത് ധനമന്ത്രിമാര്‍), റവന്യൂ സെക്രട്ടറി എന്നിവരും കേന്ദ്ര കസ്റ്റംസ്-എക്‌സൈസ് ചെയര്‍മാന്‍ ക്ഷണിതാവുമായ സംഘമാണ് ജി.എസ്.ടി. കൗണ്‍സില്‍. അമ്പതുശതമാനം പേരെങ്കിലും ചേര്‍ന്ന യോഗത്തില്‍ 75 ശതമാനം പേരുടെയെങ്കിലും പിന്തുണയുണ്ടെങ്കില്‍മാത്രമേ, തീരുമാനങ്ങളെടുക്കാന്‍ സാധിക്കൂ. ഇതുവരെ 46 തവണ കൗണ്‍സില്‍ യോഗംചേര്‍ന്നിട്ടുണ്ട്. നികുതിനിരക്കുകള്‍ നിര്‍ദേശിക്കാനും ജി.എസ്.ടി.യുടെ പരിധിയില്‍വരുന്ന സാധനങ്ങള്‍, സേവനങ്ങള്‍ എന്നിവ നിജപ്പെടുത്താനും സമയാസമയം വേണ്ട രൂപരേഖ തയ്യാറാക്കാനുമെല്ലാമുള്ള അധികാരം ഈ കൗണ്‍സിലിനാണ്. ആ അധികാരമാണ് സുപ്രീംകോടതിവിധിയോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്.

പ്രശ്‌നങ്ങള്‍ ഒറ്റനോട്ടത്തില്‍

സംസ്ഥാനങ്ങള്‍ അവരുടെ താത്പര്യമനുസരിച്ച് നികുതിനിരക്കില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ ജി. എസ്.ടി.യുടെ 'ഒരു രാജ്യം ഒരു വിപണി' എന്ന അടിസ്ഥാന ലക്ഷ്യത്തില്‍നിന്ന് മാറി പഴയ വാറ്റ് (VAT) കാലഘട്ടത്തിലേക്ക് തിരിച്ചുപോകും. അതിവിപുലമായ നെറ്റ്വര്‍ക്ക് സംവിധാനത്തിലൂടെയാണ് നിലവിലെ ജി.എസ്.ടി. കൈകാര്യംചെയ്യുന്നത്. ഈ സംവിധാനം പാടേ പൊളിച്ചെഴുതേണ്ടിവരും എന്നതാണ് മറ്റൊരുകാര്യം. ഇത് ഏറെ സമയമെടുക്കുന്ന പ്രക്രിയയാണ്.

അന്തസ്സംസ്ഥാന നികുതിനിരക്കായ ഐ.ജി.എസ്.ടി.യുടെ ഘടനയും പാടേ മാറ്റേണ്ടിവരും. അതുകൊണ്ടുതന്നെ, കേന്ദ്രം ഈ വിധിക്കെതിരേ അപ്പീല്‍പോകാനും അത് പരാജയപ്പെട്ടാല്‍ അടുത്ത പാര്‍ലമെന്റില്‍ തത്സ്ഥിതി തുടരുന്നതിനാവശ്യമായ നിയമനിര്‍മാണങ്ങള്‍ കൊണ്ടുവരാനുമാണ് സാധ്യത.

കേരളത്തിന് ഗുണമോ ദോഷമോ

സംസ്ഥാനങ്ങൾക്ക് നികുതിനിരക്ക് തീരുമാനിക്കാമെന്ന വിധി പ്രധാനമായും ഉത്‌പാദകർക്ക് സന്തോഷംനൽകും. എന്നാൽ, കേരളംപോലെ ഒരു ഉപഭോക്തൃസംസ്ഥാനത്തിന് അതിൽ സന്തോഷം നൽകാൻ ഏറെ വകയൊന്നും കാണുന്നില്ല. മാത്രമല്ല, ഈ തീരുമാനം ഒരു ഇരുട്ടടിയാകാനും സാധ്യതയുണ്ട്. നമ്മൾ ഇറക്കുമതിചെയ്യുന്ന സാധനങ്ങൾക്ക് ഉത്‌പാദകസംസ്ഥാനങ്ങൾ കൂടുതൽ നികുതിചുമത്തിയാൽ അവർ നികുതിയുടെ കൂടുതൽ ശതമാനം അവകാശപ്പെടുകയാണെങ്കിൽ, അത് കേരളത്തിൽ വിലവർധനയ്ക്കും നിലവിലെ വരുമാനം കുറയാനും കാരണമായേക്കാം

ഫെഡറലിസം സാമ്പത്തികത്തിലും

നമ്മുടെ ഫെഡറല്‍ സംവിധാനത്തില്‍ നികുതിപിരിവിന്റെയും വിതരണത്തിന്റെയും കാര്യത്തില്‍ എന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം വേണമെന്ന് ജി. എസ്.ടി.യുടെ ആദ്യകാലംമുതല്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. ഈ ആവശ്യങ്ങള്‍ക്ക് കേന്ദ്രം ശ്രദ്ധകൊടുക്കുന്നില്ല എന്നും ആ പ്രവണത ഫെഡറല്‍സംവിധാനത്തിന് തുരങ്കംവെക്കുന്നതാണെന്നും കേരളം പതിവായി പരാതിപറയുന്നതുമാണ്. ജി.എസ്.ടി.യുടെ കാര്യം പരിശോധിച്ചാല്‍, പ്രസ്തുത നികുതിചുമത്തുകവഴി സംസ്ഥാനങ്ങള്‍ക്ക് നഷ്ടം പരിഹരിക്കാന്‍, അഞ്ചുവര്‍ഷത്തേക്ക് നഷ്ടപരിഹാരം നല്‍കാമെന്നായിരുന്നു ധാരണ. ആ സമയം, 2022 ജൂണോടുകൂടി അവസാനിക്കുകയാണ്. ഈ കാലാവധി രണ്ടുമുതല്‍ അഞ്ചുവര്‍ഷംവരെ നീട്ടാന്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രം ഇതുവരെ പരിഗണിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഈ വിധിയെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വലിയ സന്തോഷത്തോടെയാണ് എതിരേല്‍ക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിനുമേല്‍ കൂടുതല്‍ സമ്മര്‍ദംചെലുത്താനും നിലവിലെ സംവിധാനങ്ങളില്‍ പുനഃര്‍ക്രമീകരണം നടത്താനും ഈ വിധി പ്രേരിപ്പിച്ചേക്കാം.


(കുഫോസില്‍ അധ്യാപകനാണ് ലേഖകന്‍)

Content Highlights: Supreme court's verdict on GST

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented