തെരുവുനായ്ക്കളുണ്ടായത് ചെന്നായ്ക്കളില്‍ നിന്ന്; നിമിത്തമായത് മനുഷ്യന്‍


സജീവൻ അന്തിക്കാട്

പ്രതീകാത്മകചിത്രം | Photo: Mathrubhumi

സുപ്രസിദ്ധ പരിണാമ ശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ഡോക്കിന്‍സും ജീവശാസ്ത്രവും അസന്നിഗ്ധമായി പറയുന്നത് ചെന്നായ്ക്കളാണ് നായ്ക്കളായി മാറിയത് എന്നാണ്. ചെന്നായ്ക്കളുടെ മനുഷ്യസംസംര്‍ഗ്ഗമാണ് അതിന് വഴിയൊരുക്കിയതത്രെ. അതിനര്‍ത്ഥം മനുഷ്യര്‍ ഭൂമുഖത്ത് പരിണമിച്ചുണ്ടാകുന്നതിന് മുമ്പ് നായ്ക്കളിവിടെ ഇല്ല എന്നാണ്. ഇവിടെ രണ്ടു ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്. ചെന്നായ്ക്കള്‍ തന്നത്താന്‍ തെരുവുനായ്ക്കളായി മാറിയതാണോ (Natural Selecton) അതോ മനുഷ്യര്‍ ചെന്നായ്ക്കളെ പിടിച്ച് കൃത്രിമായി ബ്രീഡ് ചെയ്ത് നായ്ക്കളാക്കി മാറ്റിയതാണോ? ഡോക്കിന്‍സ് പറയുന്നത് ഇതില്‍ മനുഷ്യന്റെ കൈക്രിയ ഇല്ലെന്നാണ്. അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ പുസ്തകമായ The greatest show on Earth ലൂടെ അദ്ദേഹം പറയുന്നു,

'കൃത്രിമനിര്‍ദ്ധാരണമെന്ന ആയുധപ്പെട്ടിയില്‍ നിന്ന് ഉളികളെടുത്ത് മനുഷ്യര്‍ ബ്രീഡിങ്ങിലൂടെ പുതിയ ജീവികളെ സൃഷ്ടിക്കുന്നതിനും വളരെ മുമ്പ് തന്നെ മനുഷ്യോദ്ദ്യേശമില്ലാതെ പ്രകൃതിയില്‍ നടക്കുന്ന സ്വാഭാവികമായ പ്രക്രിയ ചെന്നായ്ക്കളെ ഇണക്കി വളര്‍ത്താന്‍ പറ്റുന്ന തരം തെരുവുനായ്ക്കളാക്കി മാറ്റിയിരുന്നു (Long before we got our hands on the chisels in the artifical selection tool box, natural Selection already sculpted wolves into self domesticated 'village dogs' without any human intention). ഇതല്‍പ്പം വിശദീകരണം ആവശ്യപ്പെടുന്ന ഉദ്ധരണിയാണ്. സംഘം ചേര്‍ന്ന് വേട്ടയാടി ഭക്ഷണം കണ്ടെത്തുന്ന ജീവിയാണ് ചെന്നായ. തെരുവുനായയാണെങ്കില്‍, ഡോക്കിന്‍സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ വില്ലേജ് ഡോഗ്‌സാണ്. അവ തെരുവിലെ മാലിന്യം ഭക്ഷിച്ച് ജീവിക്കുന്നവയാണ്. രണ്ടിന്റെയും പേരിനൊപ്പം നായ എന്നുണ്ടെങ്കിലും രണ്ടും രണ്ടാണെന്ന് നിരൂപിച്ചിരിക്കുന്ന സാമാന്യ ജനത്തിനോടാണ് ജീവശാസ്ത്രം പറയുന്നത് ഒന്ന് മറ്റൊന്നില്‍ നിന്ന് പരിണമിച്ചുണ്ടായതാണെന്ന്. ഇതെങ്ങനെ മനസ്സിലാക്കും. ഇവിടെ ജീവശാസ്ത്രം ജീവികളുടെ ഫ്‌ലൈറ്റ് ഡിസ്റ്റേന്‍സ് (flight distance) എന്ന ഒരു സ്വഭാവ സവിശേഷതയെപ്പറ്റി പറയുകയാണ്. എല്ലാ ജീവികളും അവരുടെ ഉള്ളിന്റെ ഉള്ളില്‍ ഫ്‌ലൈറ്റ് ഡിസ്റ്റന്‍സ് എന്ന ഒരു സവിശേഷത പേറുന്നുണ്ടത്രെ. പലായന ദൂരം എന്ന് മലയാളം.

ഒരു മാന്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് ആ മൃഗത്തെ ഭക്ഷണമാക്കാന്‍ ശ്രമിക്കുന്ന ഒരു സിംഹത്തെ കാണുന്നു എന്ന് വെക്കുക. സിംഹത്തെ കണ്ട വഴിക്ക് ആ മാന്‍ തീറ്റ നിര്‍ത്തി ഓടില്ല. അത് തിന്നുകൊണ്ടേ ഇരിക്കും. കാരണം മാനിന് ഭക്ഷണം കഴിച്ചേ പറ്റൂ. സിംഹത്തെ കണ്ട വഴിക്ക് ഓടി രക്ഷപ്പെടാന്‍ പോയാല്‍ പിന്നെ അതിനെ നേരം കാണൂ. അതു പട്ടിണി കിടന്നു ചാകും. Individuals are too fligthy never get square meal എന്നാണ് ഡോക്കിന്‍സിന്റെ ആലങ്കാരിക ഭാഷ. നാഷണല്‍ ജ്യോഗ്രഫിക് ചാനലിലൊക്കെ കാണുന്ന പോലെ സീബ്രകള്‍ പുല്ലു തിന്നു കൊണ്ടിരിക്കുന്നു. സിംഹം നോക്കി നില്‍ക്കുന്നു. സിംഹം നോക്കി നില്‍ക്കുന്നതു കണ്ടിട്ടും സീബ്രകള്‍ തീറ്റ നിര്‍ത്തുന്നില്ല. എന്നാല്‍ സിംഹം അവയെ പിടിക്കാനായി കുതിക്കുന്ന നിമിഷം സീബ്രകള്‍ ഓടുന്നു. ഇതാണ് പലായന ദൂരം. ഓടി രക്ഷപ്പെടാന്‍ കഴിയുന്ന ദൂരം. ഒരു മൃഗം ഭക്ഷണം കഴിക്കുന്ന നേരത്ത് അതിനടുത്തേക്ക് ചെല്ലാന്‍ ആ മൃഗം എത്ര ദൂരമാണോ അതിന്റെ ശത്രുവിനെ അനുവദിക്കുന്നത് ആ ദൂരമാണ് ഫ്‌ലൈറ്റ് ഡിസ്റ്റന്‍സ് .

മനുഷ്യര്‍ വേട്ടയാടിയും പെറുക്കി തിന്നും ജീവിച്ചിരുന്ന കാലത്തും ഭക്ഷണം പാചകം ചെയ്തിരുന്നു. ആ പാചകത്തിന്റെ മണം പിടിച്ചാണ് ചെന്നായ്ക്കള്‍ മനുഷ്യരുടെ താല്‍ക്കാലിക സെറ്റില്‍മെന്റിനടുത്തേക്ക് വന്നിരുന്നത്. മനുഷ്യരെ കണ്ട വഴിക്ക് അവ ഓടില്ല. ഒരു പലായന ദൂരം ഈ രണ്ടു ജീവികളും തമ്മിലുണ്ട്. എന്നാല്‍ മനുഷ്യര്‍ ചെന്നായ്ക്കളുടെ അടുത്തേക്ക് നീങ്ങുന്നത് കണ്ടാല്‍ അവ ഓടും. അതാണവയുടെ ഓടി രക്ഷപ്പെടല്‍ ദൂരം. (flight distance) എന്നാല്‍ എല്ലാ ചെന്നായ്ക്കളുടെയും ഓടി രക്ഷപ്പെടല്‍ ദൂരം ഒരേ അളവാകണമെന്നില്ല. ജനിതകമായ കാരണങ്ങളാല്‍ ചിലതിന്റേത് വ്യത്യാസപ്പെടാം. അങ്ങനെയുളള ചെന്നായ്ക്കള്‍ ഓടാന്‍ വൈകും. But a few individuals, by genetic chance, happen to have a slightly shorter flight distance than the average എന്ന് ഡോക്കിന്‍സ്. മനുഷ്യര്‍ ചെന്നായ്ക്കളുടെ അടുത്തേക്ക് ചെന്നത് അവയെ കൊല്ലാനല്ല മറിച്ച് ബാക്കി വന്ന ഭക്ഷണം ഇട്ടു കൊടുക്കാനായിരുന്നെങ്കില്‍ ആ ഓടാന്‍ വൈകിയ ചെന്നായ്ക്കള്‍ക്ക് തീര്‍ച്ചയായും ഭക്ഷണം കിട്ടും. ഭക്ഷണം കിട്ടിയ ചെന്നായ്ക്കള്‍ വീണ്ടും വീണ്ടും അവിടെ വന്നുകൊണ്ടിരിക്കും.

ഒരു ജീവിക്ക് സമുദ്ധിയായി ഭക്ഷണം കിട്ടുക എന്നതിനര്‍ത്ഥം ആ ജീവിക്ക് വളരാനും പുതിയ തലമുറയെ ഉണ്ടാക്കാനും ശേഷി കൂടുക എന്നാണ്. ഫ്‌ലൈറ്റ് ഡിസ്റ്റന്‍സ് കുറഞ്ഞ ഈ ചെന്നായ്ക്കളില്‍ നിന്ന് ഫ്‌ലൈറ്റ് ഡിസ്റ്റന്‍സ് കുറഞ്ഞ കൂടുതല്‍ ചെന്നായ്ക്കള്‍ ഉണ്ടാകും. മനുഷ്യരോടൊപ്പം അവ കൂടുതല്‍ കൂടുതല്‍ അടുത്തു വരും. മനുഷ്യരോടടുക്കുക എന്ന ഗുണമുള്ള ചെന്നായ്ക്കള്‍ കൂടുതല്‍ അതിജീവിക്കുമെന്നര്‍ത്ഥം. അങ്ങനെ അതിജീവിച്ച ചെന്നായ്ക്കളാണ് പിന്നീട് പതിയെ നടന്ന സ്വാഭാവിക നിര്‍ദ്ധാരണത്തിലൂടെ നായ എന്ന മറ്റൊരു സ്പീഷിസായി മാറിയത്. നായ്ക്കളുടെ ഉത്പത്തിയെക്കുറിച്ച് ഗഹനമായി ഗവേഷണം നടത്തിയ റയ്മണ്ട് ഹോപ്പിങ്ങര്‍ പറയുന്നത് 'പരിണാമത്തിലൂടെ ചെന്നായ്ക്കളുടെ ഫ്‌ലൈറ്റ് ഡിസ്റ്റേന്‍സ് കുറഞ്ഞു കുറഞ്ഞു വന്നതാണ് അവ വീട്ടുമൃഗമായി മാറിയതിന്റെ ആദ്യ പടി' എന്നാണ്. (something like this evolutionary shortning of the flight distance was, the first step in the domestication of the dog) തീര്‍ച്ചയായും ആദ്യ കാല നായ്ക്കളെല്ലാം തെരുവുനായ്ക്കളായിരുന്നു. ചെന്നായ്ക്കള്‍ പതിയെ നടന്ന സ്വാഭാവിക നിര്‍ദ്ധാരണം ( Natural Selection) വഴി തെരുവു നായ്ക്കളായി പരിണമിച്ചു എന്നാണ് ആധുനിക ജീവശാസ്ത്രം പറയുന്നത്.

ചാള്‍സ് ഡാര്‍വിനടക്കമുള്ള ആദ്യകാല പരിണാമശാസ്ത്രജ്ഞര്‍ വിശ്വസിച്ചിരുന്നത് ചെന്നായ്ക്കള്‍ മാത്രമല്ല വിവിധയിനം കുറക്കന്മാരും തെരുവുനായ്ക്കളുടെ മുന്‍ഗാമികള്‍ ആകാന്‍ സാധ്യതയുണ്ട് എന്നായിരുന്നു. പക്ഷെ ഡാര്‍വിന്റെ ആ ധാരണ തെറ്റായിരുന്നു. ഇന്ന് മോളികുലര്‍ ജനിറ്റിക്‌സിന്റെ ആധികാരികമായ തെളിവ് വെച്ച് ജീവശാസ്ത്രം സംശയലേശമെന്യെ തെളിയിച്ചിരിക്കുന്നത് ചെന്നായ്ക്കളാണ് തെരുവുനായ്ക്കളുടെ മുന്‍ഗാമികള്‍ എന്നാണ്. ഇതൊക്കെ നൂറുകണക്കിന് തലമുറകള്‍ കൊണ്ടുണ്ടായ പരിണാമാണ്. കണ്‍മുന്നില്‍ സംഭവിക്കുന്നതല്ല. ചെന്നായ നായയായി മാറി എന്ന് പറയുമ്പോള്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സില്‍ അതൊരെളുപ്പ വഴിയായിരിക്കും. എന്നാല്‍ ജൈവലോകത്ത് അതൊരു ദീര്‍ഘകാല പ്രകിയയാകുന്നു. ഫ്‌ലൈറ്റ് ഡിസ്റ്റേന്‍സ് കുറഞ്ഞ ചെന്നായ്ക്കളും മനുഷ്യരും തമ്മില്‍ പരസ്പര വിശ്വാസത്തിന്റെതായ ഒരു തലത്തിലേക്കെത്താന്‍ നൂറുകണക്കിന് തലമുറകള്‍ വേണ്ടി വന്നു. നായയാകണം എന്നാഗ്രഹിച്ചതു കൊണ്ടാ, നായയായി പോകട്ടെ എന്ന് ഏതെങ്കിലും മുനി ശപിച്ചതു കൊണ്ടോ സംഭവിച്ചതല്ല അത്; മറിച്ച് അന്ധമായും അലക്ഷ്യമായും അബോധപൂര്‍വ്വമായും, സര്‍വ്വോപരി തന്നത്താന്‍ സംഭവിക്കുകയും ചെയ്ത ഒരു പ്രക്രിയയായിരുന്നു. ഡോക്കിന്‍സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ natural selection is a blind, unconscious and automatic process.

മനുഷ്യനും നായ്ക്കളും തമ്മില്‍ പരസ്പരവിശ്വാസത്തോടെ മുന്നോട്ടു പോകാന്‍ ആരംഭിച്ചതോടെ നായ്ക്കളുടെ ജീവിതഗതി തന്നെ മാറി മറഞ്ഞു. അന്വേഷണ ത്വരയുള്ള ചില വ്യക്തികള്‍ നായ്ക്കളുടെ സ്വഭാവസവിശേഷതകളെ നിരീക്ഷിച്ചു. ചില പ്രത്യേക സ്വഭാവ സവിശേഷതയുള്ളവയെ കണ്ടെത്തി അവയെ തമ്മില്‍ ഇണ ചേര്‍ത്തു. അവര്‍ ഉദ്ദേശിച്ച തരം പ്രത്യേകതകളുള്ള നായ്ക്കുട്ടികള്‍ ഉണ്ടാകുന്നതു വരെ ആ പ്രക്രിയ തുടര്‍ന്നു. കാലം പുരോഗമിച്ചതോടെ പുതിയ തരം നായ്ക്കളെ സൃഷ്ടിക്കുന്നവരെ ബ്രീഡര്‍മാര്‍ എന്ന് വിളിച്ചു തുടങ്ങി. കഴിഞ്ഞ 200 വര്‍ഷത്തിനു ശേഷം മനുഷ്യ സമൂഹം കാണുന്നത് ബ്രീഡര്‍മാര്‍ വിവിധയിനം നായ്ക്കളെ ക്രിത്രിമമായി സൃഷ്ടിച്ചു കൊണ്ട് കോടിക്കണക്കിന് ഡോളര്‍ വിനിമയം ചെയ്യപ്പെടുന്ന ഒരു മാര്‍ക്കറ്റ് സൃഷ്ടിക്കുന്നതാണ്. ബ്രിട്ടീഷ് കെന്നല്‍ ക്ലബ്ബ് തന്നെ 222 ല്‍ പരം ഇനം നായ്ക്കളെ അംഗീകരിച്ചിട്ടുണ്ട്. നായ്ക്കളുടെ പേരുകള്‍ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അവരുടെ വെബ് സൈറ്റില്‍ ക്രമീകരിച്ചിരിക്കുന്നത്. അ എന്ന അക്ഷരത്തില്‍ തുടങ്ങുന്ന 11 ഇനം നായ്ക്കളുണ്ട്. അഫെന്‍പിന്‍ എന്ന കുഞ്ഞു നായയില്‍ തുടങ്ങി യോര്‍ക്ക്‌ഷെയര്‍ ടെറിയര്‍ എന്ന നായയില്‍ അവസാനിക്കുന്ന അവരുടെ ലിസ്റ്റില്‍ 222 നായ്ക്കളുണ്ട്. മനുഷ്യര്‍ സൃഷ്ടിച്ച വിവിധയിനം സങ്കരയിനം നായ്ക്കള്‍ വൈവിധ്യം കൊണ്ട് കൗതുകം സൃഷ്ടിക്കുന്നവയാണ്. വെറും 460 ഗ്രാം തൂക്കം മാത്രമുള്ള ടീ കപ്പ് പൂഡില്‍ എന്ന കുഞ്ഞു നായ, 90 കിലോഗ്രാം തൂക്കമുള്ള ഭീകരനായ മാസ്റ്റിഫ്, നായ്ക്കളിലെ അപ്പോളോ ദേവന്‍ എന്ന് വിളിക്കപ്പെടുന്ന ഗ്രേറ്റ് ഡെയ്ന്‍, ദക്ഷിണാഫ്രിക്കക്കാര്‍ പണ്ട് സിംഹത്തെ വേട്ടയാടാന്‍ കൂടെ കൂട്ടിയിരുന്ന റൊഡേഷ്യന്‍ റിഡ്ജ്ബാക്ക്, നീളം കുറഞ്ഞ കുഞ്ഞിക്കാലുകളുള്ള ഡേക്ക്ഷുന്‍ഡ് എന്നിവയെ മാത്രം നിരീക്ഷിച്ചാല്‍ മതി സങ്കരയിനം നായ്ക്കളിലെ വൈവിധ്യ രൂപകല്‍പ്പനയുടെ സൗന്ദര്യം ബോധ്യപ്പെടുന്നതാണ്.

ഭാരതീയ ഇതിഹാസമായ മഹാഭാരതത്തിലെ മഹാ പ്രസ്ഥാനിക പര്‍വ്വത്തില്‍ തെരുവുനായയും മനുഷ്യരും തമ്മിലുള്ള ഗാഢബന്ധം ഹൃദയസ്പര്‍ശിയായി കുറിച്ചിട്ടിട്ടുണ്ട്. ആ കഥ ഇങ്ങനെ. കുരുക്ഷേത്ര യുദ്ധത്തില്‍ ജയിച്ച പാണ്ഡവര്‍ സര്‍വ്വ പ്രതാപികളായി കുറെ നാള്‍ രാജ്യം ഭരിച്ചെങ്കിലും അവര്‍ക്ക് സന്തോഷം ലഭിച്ചില്ല. കുരുക്ഷേത്ര യുദ്ധം സഹോദരര്‍ തമ്മിലായിരുന്നല്ലോ. മരിച്ചതിലധികവും ഉറ്റ ബന്ധുക്കള്‍. സഹോദരരെ കൊന്നതിലുളള കുറ്റബോധം പാണ്ഡവരെ വേട്ടയാടി. ദു:ഖം മാത്രം പ്രദാനം ചെയ്യുന്ന ജീവിതം തന്നെ മതിയാക്കാം എന്നവര്‍ കരുതി. 'കാലമായി മുഖ്യഗതി പോകാന്‍ നിങ്ങള്‍ക്ക് ഭാരത ' എന്ന് കവി. അങ്ങനെ ഭരണമെല്ലാം യോഗ്യരായവരെ എല്‍പ്പിച്ച് അവര്‍ അന്ത്യയാത്ര തുടങ്ങി. ധര്‍മ്മപുത്രര്‍, ഭീമന്‍, അര്‍ജുനന്‍, നകുലന്‍, സഹദേവന്‍, ദ്രൗപദി എന്നിവര്‍ ഒരൊറ്റ വരിയായി മരണത്തിലേക്ക് നടന്നു തുടങ്ങി. ആ ഒറ്റവരി സംഘം മുന്നോട്ടു പോകുമ്പോള്‍ ആ വരിയെ അനുഗമിക്കാന്‍ തയ്യാറായി വന്നത് ഒരു തെരുവ് നായയിരുന്നു എന്ന് മഹാഭാരതം പറയുന്നു. ആ വരിയുടെ പിന്നില്‍ നിന്നും മുന്നിലേക്ക് എന്ന ക്രമത്തില്‍ ഓരോരുത്തരായി മരണത്തിനു കീഴടങ്ങിയപ്പോഴും അവസാനം വരെ ധര്‍മ്മപുത്രര്‍ക്കൊപ്പം നിന്നത് ആ നായ മാത്രമായിരുന്നു. ഇതൊരു കഥ മാത്രമായിരിക്കാം. എങ്കിലും നൂറ്റാണ്ടുകള്‍ മുമ്പ് തന്നെ മനുഷ്യനും തെരുവുനായയും തമ്മില്‍ നിലനിന്നിരുന്ന പരസ്പര വിശ്വാസത്തെയും അന്യോന്യമുള്ള കരുതലിനെയും ഈ കഥ ഉള്‍കൊള്ളുന്നുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പിന്നിട്ട ആ ആത്മബന്ധം മനുഷ്യ മസ്തിഷ്‌ക്കത്തില്‍ അബോധപൂര്‍വമായി മിടിക്കുന്നതു കൊണ്ടാണ് തെരുവുനായ്ക്കളെ ഒറ്റയടിക്ക് കൊന്നു കളയാനുള്ള മുറവിളികള്‍ക്ക് പൊതുസമൂഹത്തിന്റെ അംഗീകാരം ലഭിക്കാത്തത്.

അവലംബം : The Greatest show on earth : Richard Dawkins
മഹാഭാരതം ഒരു സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ : കെ.സി. നാരായണന്‍

Content Highlights: stray dogs and human richard dawkins


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


sreenijan mla, sabu m jacob

2 min

ട്വന്‍റി-20 അംഗങ്ങള്‍ വേദി വിട്ടത് പാര്‍ട്ടി നിലപാട്; ജാതീയമായ വേര്‍തിരിവില്ലെന്ന് സാബു എം. ജേക്കബ്

Dec 9, 2022

Most Commented