ജോ ബെെഡൻ | Photo:AP
ഐറിഷ് കരാറുകളും സമാധാന ഉടമ്പടികളും നിലനിൽക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. സമാധാനം സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള യു.എസിന്റെ പ്രതിബദ്ധത അടിവരിയിട്ട് ഉറപ്പിക്കുന്നതിനായി ബെൽഫാസ്റ്റിലെ ആഘോഷത്തിന്റെ ഭാഗമാകാൻ ഞാനും ആഗ്രഹിക്കുന്നു- ജോ ബെെഡൻ(യു.എസ്. പ്രസിഡന്റ്)
വടക്കൻ അയർലൻഡിന്റെ തലസ്ഥാനമായ ബെൽഫാസ്റ്റ് നഗരത്തിലെ ജനങ്ങൾ പുതിയ സാധ്യതകൾ തേടുകയാണ്. പുതിയ വ്യവസായങ്ങളും ആകർഷണങ്ങളും, വിനോദസഞ്ചാരികളുടെ ഒഴുക്കും ഇന്ന് ഈ നഗരത്തിന് സ്വന്തമാണ്. എന്നാൽ, പതിറ്റാണ്ടുകളോളം നീണ്ടുനിന്ന സംഘർഷങ്ങളുടെയും അക്രമങ്ങളുടെയും ചരിത്രം പറയാനുണ്ട് ബെൽഫാസ്റ്റ് നഗരത്തിന്. കാൽ നൂറ്റാണ്ട് പിന്നിടുന്ന ഗുഡ് ഫ്രെെഡേ അഥവാ ബെൽഫാസ്റ്റ് ഉടമ്പടിയുടെ വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് യു.എസ്. പ്രസിഡന്റ് ജോസഫ് റൊബിനേറ്റ് ബെെഡൻ വിമാനം കയറുമ്പോൾ രാഷ്ട്രീയ നയതന്ത്രത്തിന് പുറമെ ഭാഗികമായി അദ്ദേഹത്തിന്റെ വീട്ടിലേക്കുള്ള മടക്കം കൂടിയായിരുന്നു ഈ യാത്ര.
എന്താണ് ഗുഡ് ഫ്രെെഡേ ഉടമ്പടി ?
വടക്കൻ അയർലൻഡിൽ 30 വർഷത്തിലധികമായി നീണ്ടു നിന്ന അക്രമാസക്തമായ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ തയ്യാറാക്കിയ ഒരു രാഷ്ട്രീയ ഇടപാടാണ് ഗുഡ് ഫ്രെെഡേ ഉടമ്പടി അഥവാ ബെൽഫാസ്റ്റ് ഉടമ്പടി. 1998 ഏപ്രിൽ ഏപ്രിൽ 10-ന് ഉടമ്പടി നിലവിൽ വന്നതോടെ പര്യവസാനമായത് കാൽ നൂറ്റാണ്ടിലേറെയായി നിലനിന്നിരുന്ന സംഘർഷങ്ങൾക്കായിരുന്നു.
1921-ൽ വടക്കൻ അയർലൻഡ് രൂപീകൃതമാകുന്നതോടെയാണ് സംഘർഷാവസ്ഥ സംജാതമാകുന്നത്. വടക്കൻ അയർലൻഡ് യു.കെയുടെ ഭാഗമായി തുടരുകയും റിപ്പബ്ലിക് ഓഫ് അയർലൻഡ് സ്വതന്ത്ര രാജ്യമായി നിലകൊള്ളുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. വടക്കൻ അയർലൻഡ് യു.കെയിൽ തന്നെ തുടരണമെന്ന് ഒരു വിഭാഗവും അത് അയർലൻഡിന്റെ ഭാഗമാകണമെന്ന് മറ്റൊരു വിഭാഗവും തീരുമാനമെടുത്തത് ജനങ്ങൾക്കിടയിൽ വലിയ ഭിന്നതയ്ക്ക് കാരണമായി. 1960-കളോടെ സായുധ സംഘടനകളും രംഗത്തെത്തിയതോടെ പ്രശ്നം ഗുരുതരമായി. 30 വർഷത്തോളം നീണ്ടുനിന്ന സംഘർഷം അവസാനിക്കുന്നതോടെ 3500-ലധികം പേർക്കാണ് അക്രമങ്ങളിൽ ജീവൻ നഷ്ടപ്പെട്ടത്.
സംഘർഷം വർഷങ്ങളോളം നീണ്ടുനിന്നതോടെ പ്രശ്നം പരിഹരിച്ച് സമാധാനം ഉറപ്പ് വരുത്താനുള്ള സന്നദ്ധത എല്ലാ ഭാഗത്ത് നിന്നുമുണ്ടായി. അന്നത്തെ യു.എസ്. പ്രസിഡന്റ് ബിൽ ക്ലിന്റണും വടക്കൻ അയർലൻഡിന്റെ കാര്യത്തിൽ അതീവ താത്പര്യം പ്രകടിപ്പിച്ചു. തുടർന്ന് പാർട്ടികളും വിവിധ ഗ്രൂപ്പുകളുമായി ചർച്ചകൾക്ക് നേതൃത്വം നൽകുന്നതിന് സെനറ്റ് അംഗം ജോർജ് മിച്ചലിനെ അദ്ദേഹം വടക്കൻ അയർലൻഡിലേക്കയച്ചു.
.jpg?$p=a80322e&&q=0.8)
ഇതോടെ ഐറിഷ്, ബ്രിട്ടീഷ് സർക്കാരുകളും വടക്കൻ അയർലൻഡിലെ രാഷ്ട്രീയ കക്ഷികളും ചേർന്ന് ഔപചാരികമായി ഒരു കരാർ രൂപപ്പെടുത്തി. സ്ഥലത്തെ ഭൂരിഭാഗം ജനങ്ങളുടെയും ആഗ്രഹം പ്രതിഫലിച്ചുകൊണ്ട് യു.കെയുടെ ഭാഗമായി നിലകൊള്ളുന്ന വടക്കൻ അയർലൻഡിനുള്ള ഭരണഘടനാ പദവി കരാർ അംഗീകരിച്ചു. റിപ്പബ്ലിക് ഓഫ് അയർലൻഡിലെയും വടക്കൻ അയർലൻഡിലെയും ഭൂരിപക്ഷം ജനങ്ങൾക്ക് താത്പര്യമെങ്കിൽ എപ്പോൾ വേണമെങ്കിലും സ്വതന്ത്ര അയർലൻഡ് നിലവിൽ വരാമെന്നൊരു അനുമതിയും കരാർ അംഗീകരിക്കുന്നു.
ദേശീയവാദികളെയും യൂണിയനിസ്റ്റുകളെയും ഉൾക്കൊള്ളിച്ചുകൊണ്ട് വടക്കൻ അയർലൻഡിനായി ഉടമ്പടി പ്രകാരമൊരു പുതിയ സർക്കാർ രൂപംകൊണ്ടു. കൃത്യമായ അധികാര സംക്രമണത്തോടെ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി സുപ്രധാന മേഖലകളിൽ പലതും പുത്തൻ സർക്കാരിന്റെ കീഴിലായി. സ്ഥലത്ത് പുത്തൻ പാർലമെന്റ് ഉയർന്നു. വടക്കൻ അയർലൻഡിനായി ഒരു അസംബ്ലി സ്ഥാപിക്കപ്പെട്ടു. സമൂഹങ്ങൾ തമ്മിലുള്ള സഹകരണം എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് ഗുഡ് ഫ്രെെഡേ ഉടമ്പടി നിലവിൽ വന്നത്. സമുദായം ഏതെന്ന് പരിഗണിക്കാതെ ജനങ്ങളുടെ അവകാശങ്ങളും സ്വാതന്ത്ര്യവും മാനിക്കുന്നതാണ് ഉടമ്പടിയുടെ മറ്റ് പ്രസക്ത ഭാഗങ്ങൾ.
ഉടമ്പടി നിലവിൽ വന്നതോടെ വടക്കൻ അയർലൻഡ് യു.കെയുടെ ഭാഗമായി നിലകൊണ്ടു. വടക്കൻ അയർലൻഡിലെ പൗരന്മാർക്ക് ഐറിഷ്, ബ്രിട്ടീഷ്, അതുമല്ലെങ്കിൽ ഇവ രണ്ടിലെയും പൗരത്വം സ്വീകരിക്കുന്നതിൽ നിയമതടസ്സങ്ങളില്ല. ഗുഡ് ഫ്രെെഡേ ഉടമ്പടിയുടെ വരവോടെ സ്ഥലത്ത് സമാധാനം പുലർന്നു. സായുധ സംഘങ്ങൾ തങ്ങളുടെ ആയുധങ്ങൾ നീക്കം ചെയ്യുന്നതായി അറിയിച്ചു. വെടിവെയ്പ്പിനും ബോംബിങ്ങിനും അറുതിയായി. സാധാരണമായ സുരക്ഷാ ക്രമീകരണങ്ങൾക്കപ്പുറം മറ്റ് സെെനിക സാന്നിധ്യങ്ങൾ പിൻവലിക്കുന്നതായി ബ്രിട്ടീഷ് സർക്കാരും അറിയിച്ചു.
.jpg?$p=2922c1a&&q=0.8)
ബ്രെക്സിറ്റും ഗുഡ് ഫ്രെെഡേ ഉടമ്പടിയും
ബ്രെക്സിറ്റിന് ശേഷം ഒരു യൂറോപ്യൻ യൂണിയൻ രാജ്യവുമായി അതിർത്തി പങ്കിടുന്ന യു.കെയുടെ ഏകഭാഗമായി വടക്കൻ അയർലൻഡ്. ഇതോടെ റിപ്പബ്ലിക് ഓഫ് അയർലൻഡും യു.കെയും തമ്മിലുളള വിപണികൾക്കിടയിൽ കൃത്യമായി പരിശോധന ആവശ്യമാണെന്ന നിലയിൽ കാര്യങ്ങളെത്തി. എന്നാൽ, ഗുഡ് ഫ്രെെഡേ ഉടമ്പടിയിൽ ഒരു ലാഭവുമുണ്ടാകരുതെന്ന കാര്യത്തിൽ നിർബന്ധബുദ്ധിയുണ്ടായിരുന്നു ഇരു പക്ഷത്തിനും. തുടർന്ന് ഐറിഷ് അതിർത്തിയിൽ ഇത്തരം പരിശോധനകൾ സംഭവിക്കരുതെന്ന് ഇരുപക്ഷവും തീരുമാനിച്ചു. പുതിയ ചെക്ക്പോസ്റ്റുകൾ സ്ഥാപിക്കുന്നത് അതിർത്തി കടന്നുള്ള സഹകരണത്തിന് ഭീഷണിയാകുമെന്നും അവർ വിശ്വസിച്ചു.
ഉടമ്പടിയിൽ പ്രത്യേകമായ അതിർത്തിയെക്കുറിച്ച് പരാമർശിക്കുന്നില്ലെങ്കിലും സ്ഥലത്തെ സുരക്ഷാ ക്രമീകരണങ്ങൾ നീക്കം ചെയ്യണമെന്ന പരാമർശം വ്യക്തമായിരുന്നു. യു.കെയും യൂറോപ്യൻ യൂണിയനും ഉടമ്പടി അംഗീകരിച്ചതോടെ കാര്യം സുഗമമായി. യു.കെയുടെ മറ്റ് പല ഭാഗങ്ങളിൽനിന്നു വടക്കൻ അയർലൻഡിലേക്ക് സാധനങ്ങൾ എത്തുമ്പോൾ അവ യൂണിയന്റെ നിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് മാത്രമാണ് അതിർത്തി കടക്കുന്നത്.
പെെതൃകം അവകാശപ്പെട്ട് കടൽ കടക്കുന്ന യു.എസ്. പ്രസിഡന്റുമാർ
“അയർലൻഡിനും യു.എസിനും തടസ്സങ്ങളെ മറികടക്കുന്നത് നിഷ്പ്രയാസം സാധ്യമാകുന്ന കാര്യമാണ്. ഇരുരാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിച്ചാൽ ഒരു ശക്തിക്കും നമ്മെ ഒന്നും ചെയ്യാനാകില്ല.” തന്റെ അയർലൻഡ് സന്ദർശനത്തിനിടെ ബെെഡൻ പറഞ്ഞ വാക്കുകളാണിവ. വിദേശരാജ്യങ്ങൾ സന്ദർശിക്കുന്ന വേളകളിൽ നയതന്ത്രം ഉറപ്പ് വരുത്തുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയക്കാർ പറയുന്ന വാക്കുകളല്ലായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. കൃത്യമായ രാഷ്ട്രീയവും പെെതൃകവും അയർലൻഡുമായി ബെെഡന് അവകാശപ്പെടാനുണ്ട്.
.jpg?$p=8a7b7b1&&q=0.8)
1840-കളിൽ രാജ്യം നേരിട്ട കടുത്ത ക്ഷാമത്തിൽ അയർലൻഡ് വിട്ടതായിരുന്നു ജോ ബെെഡന്റെ പൂർവികന്മാരിലൊരാളായ ഓവൻ ഫിനെഗർ. അദ്ദേഹത്തിന്റെ മറ്റൊരു പൂർവികൻ എഡ്വേർഡ് ബ്ലെവിറ്റും ചില സാഹചര്യങ്ങളിൽ അയർലൻഡ് വിട്ടതാണ്. ചുരുക്കത്തിൽ അമേരിക്കൻ ചരിത്രത്തിൽ ഏറ്റവുമധികം ഐറിഷ് പെെതൃകം അവകാശപ്പെടാനാകുന്ന പ്രസിഡന്റാണ് ജോ ബെെഡൻ.
പ്രസംഗവേളയിൽ ഐറിഷ് കവികളെ ഉദ്ധരിക്കാൻ ബെെഡൻ മറക്കാറില്ല. ബ്രിട്ടീഷ് ഭരണത്തിന് കീഴിൽ ഐറിഷ് പൗരന്മാർ അനുഭവിക്കുന്ന പീഡനങ്ങളും അദ്ദേഹം ലോകത്തെ ഓർമപ്പെടുത്താറുണ്ട്. തന്റെ ഐറിഷ് പെെതൃകത്തിൽ അസന്ദിഗ്ധമായി അഭിമാനം കൊള്ളുന്ന അമേരിക്കൻ പ്രസിഡന്റാണ് അദ്ദേഹം. 1990-കളിലാണ് തങ്ങളുടെ ഐറിഷ് പാരമ്പര്യം തേടിയുള്ള യാത്രകൾ അമേരിക്കൻ പ്രസിഡന്റുമാർ ആരംഭിക്കുന്നത്. റൊണാൾഡ് റീഗൻ മുതൽ ഇപ്പോൾ ബെെഡൻവരെയുള്ളവർ തങ്ങളുടെ പെെതൃകം പറഞ്ഞു കടൽ കടന്നു. 1984-ൽ തന്റെ അയർലൻഡ് സന്ദർശനത്തിനിടെ അദ്ദേഹം തന്റെ പൂർവികർ ജനിച്ച ഐറിഷ് ഗ്രാമത്തിൽ പ്രസംഗിച്ചു.
ജോൺ എഫ്. കെന്നഡിയായിരുന്നു റോമൻ കത്തോലിക്ക വിഭാഗത്തിൽപ്പെട്ട ഏക ഐറിഷ് അമേരിക്കൻ പ്രസിഡന്റ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ റാലികളിലും വ്യക്തിപരമായ കാര്യങ്ങളിലും ഐറിഷ് സാന്നിധ്യം പ്രകടമായിരുന്നു. വോട്ടുരാഷ്ട്രീയം തന്നെയാണ് അമേരിക്കൻ പ്രസിഡന്റുമാരുടെ ഈ ഐറിഷ് സ്നേഹത്തിന് പിന്നിലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
.jpg?$p=1990e2a&&q=0.8)
യു.എസ്. പ്രസിഡന്റുമാരും അയർലൻഡും
യു.എസിലെ ജനങ്ങളിൽ 32 ദശലക്ഷത്തോളം പേർക്ക് ഐറിഷ് പൈതൃകം അവകാശപ്പെടാനുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിവിധ കാലഘട്ടങ്ങളിലായി ലക്ഷക്കണക്കിന് ഐറിഷ് പൗരന്മാരാണ് അമേരിക്കയിലേക്ക് കുടിയേറിയതായാണ് റിപ്പോർട്ടുകൾ. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ 31 യു.എസ് സംസ്ഥാനങ്ങളിൽ മൂന്നാമത്തെ വലിയ സംഘമാണ് ഐറിഷ് വംശജർ. 1800-കളിൽ വിവിധ കാരണങ്ങളാൽ പലായനം ചെയ്ത ജനത പിന്നീടുള്ള കാലങ്ങളിൽ കഠിനാധ്വാനം കൊണ്ട് മികച്ച വിദ്യാഭ്യാസവും സാങ്കേതികമായി മെച്ചപ്പെട്ട അറിവും സ്വായത്തമാക്കി..
1919-1920 കാലങ്ങളിൽ ഐറിഷ് പ്രസിഡന്റായിരുന്ന ഇമോൺ ഡി വലേര ഐറിഷ് പ്രവാസികളെ അണിനിരത്തി അമേരിക്കയിലുടനീളം സഞ്ചരിച്ചിരുന്നു. ഒരു സ്വതന്ത്ര രാജ്യമെന്ന നിലയിൽ ഐറിഷ് സർക്കാരിന് നയതന്ത്ര അംഗീകാരം നേടിയെടുക്കുക എന്ന ഒറ്റ ലക്ഷ്യമായിരുന്നു അന്ന് വലേരയ്ക്കുണ്ടായിരുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഐറിഷ് അമേരിക്കൻ ജനത യു.എസിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായും സാമ്പത്തികമായും മുൻനിരയിലേക്ക് എത്തിയിരുന്നു.
Content Highlights: story on good friday agreement and joe bidens visit to ireland
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..