%20(1).jpg?$p=2625d73&f=16x10&w=856&q=0.8)
എം.കെ.സ്റ്റാലിൻ
തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ്ച്ചുവരിലെ 180 ചതുരശ്രയടി വിസ്തീര്‍ണമുള്ള സ്ക്രീനില്‍ സംസ്ഥാന ഭരണനിര്‍വഹണത്തിന്റെ ഡാഷ് ബോര്‍ഡ് തെളിഞ്ഞിട്ട് മാസം നാലുകഴിഞ്ഞു. മുഖ്യമന്ത്രി വിരലൊന്ന് അമര്‍ത്തുകയേ വേണ്ടൂ, ഓരോ വകുപ്പിലെയും നടപടികളുടെ വിവരങ്ങള്‍ അപ്പപ്പോള്‍ മുന്നിലെത്തും. അരിയുടെയും പച്ചക്കറിയുടെയും വില സ്ക്രീനില്‍ തെളിയും. കുറ്റകൃത്യങ്ങളുടെയും അപകടങ്ങളുടെയും തത്സമയ കണക്കുകള്‍ കിട്ടും. ഡി.എം.കെ. സഖ്യത്തിന്റെ അഞ്ഞൂറിലേറെവരുന്ന തിരഞ്ഞെടുപ്പുവാഗ്ദാനങ്ങളില് എത്രയെണ്ണം, എത്രത്തോളം നിറവേറിയെന്നും പൊതുജനങ്ങളുടെ ആവലാതികളില്‍ എത്രയെണ്ണം പരിഹരിക്കപ്പെടാന്‍ ബാക്കിയുണ്ടെന്നും മനസ്സിലാവും.
മുത്തുവേല്‍ കരുണാനിധി സ്റ്റാലിന് എന്ന മുഖ്യമന്ത്രിയുടെ വിരല്ത്തുമ്പിനൊത്താണ് തമിഴ്നാട് ഇപ്പോള്‍ ചലിക്കുന്നത്. 2021 മേയ് ഏഴിന് അധികാരമേറ്റ ഡി.എം.കെ. സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ 'സി.എം. ഡാഷ് ബോര്‍ഡ്-തമിഴ്നാട് 360' എന്നുപേരിട്ട ഡാഷ്ബോര്‍ഡില്‍ തെളിയുന്നത് മികവിന്റെ സൂചകങ്ങളാണ്. ഗുജറാത്ത് മോഡലാണോ കേരളാ മോഡലാണോ കേമം എന്ന ചര്ച്ചയ്ക്കുബദലായി ഭരണനിര്‍വഹണത്തിന്റെ ദ്രാവിഡമാതൃക അവതരിപ്പിച്ചിരിക്കയാണ് സ്റ്റാലിന്. എല്ലാം എല്ലാവര്‍ക്കുമുള്ളതാണ് എന്ന സാമൂഹികനീതിയുടെ ആശയം മുറുകെപ്പിടിച്ചുകൊണ്ടുള്ള സാമ്പത്തിക വളര്‍ച്ചയെയാണ് അദ്ദേഹം ദ്രാവിഡമോഡല്‍ എന്ന് വിശേഷിപ്പിക്കുന്നത്.
നീണ്ട പത്തുവര്‍ഷം പ്രതിപക്ഷത്തിരുന്നശേഷം 68-ാം വയസ്സില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യുമ്പോള്‍ ഡി.എം.കെ. നേതാവിനുമുന്നിലുണ്ടായിരുന്നത് ഒഴിഞ്ഞ ഖജനാവും കോവിഡ് മഹാമാരിയുടെ കെടുതികളുമാണ്. ചെന്നൈയുടെ മേയറായും ഏഴുതവണ എം.എല്‍.എ.യായും അച്ഛന് മുത്തുവേല്‍ കരുണാനിധിക്കുപിന്നില് നിന്ന സ്റ്റാലിനെയല്ല, മുഖ്യമന്ത്രിക്കസേരയില്‍ തമിഴ്നാട് കണ്ടത്. നയതീരുമാനങ്ങളിലും നിര്വഹണരീതിയിലും അദ്ദേഹം എതിരാളികളെ ഞെട്ടിച്ചു. കൃത്യമായ ആസൂത്രണത്തിലൂടെ കോവിഡിനെ വരുതിയിലാക്കി.
അഴിമതി തടയാന്‍ റെയ്ഡുകള്‍ പതിവാക്കി. മുന്‍കാലങ്ങളിലെപ്പോലെ ഭരണത്തിന്റെ തണലില്‍ ഡി.എം.കെ.യുടെ ഗുണ്ടാസംഘം അഴിഞ്ഞാടില്ലെന്ന് ഉറപ്പുവരുത്തി. വിവിധ വിഷയങ്ങള്‍ പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു വര്‍ഷത്തിനിടെ 30 വിദഗ്ധസമിതികളെയാണ് സ്റ്റാലിന് നിയോഗിച്ചത്. ഏറ്റവും മികച്ച ഉദ്യോഗസ്ഥരെയാണ് സുപ്രധാന ചുമതലകളേല്‍പ്പിച്ചത്. നിലവില്‍ തമിഴ്നാട്ടിലെ ഒമ്പതു കളക്ടര്‍മാര്‍ മലയാളികളാണ്. 'ഉങ്കളില്‍ ഒരുവന്' എന്ന പേരില്‍ ആത്മകഥയെഴുതിയ സ്റ്റാലിന്, മുഖ്യമന്ത്രി ജനങ്ങളുടെ തൊട്ടടുത്തുണ്ടെന്ന തോന്നല്‍ ജനിപ്പിക്കാന്‍ റേഷന്‍കടകളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തുന്നു, ജാതിവിവേചനം നേരിട്ട ദളിത് വിദ്യാര്‍ഥിനിയുടെ വീട്ടില്‍ പ്രാതല്‍ കഴിക്കാനെത്തുന്നു.
സാമ്പത്തികവളര്‍ച്ച, സാമൂഹികനീതി
ബാങ്കിങ് വിദഗ്ധന്‍ പളനിവേല്‍ ത്യാഗരാജനെ ധനമന്ത്രിയായി നിയമിച്ചപ്പോള്‍ത്തന്നെ സാമ്പത്തികമേഖലയില്‍ സ്റ്റാലിന് വലിയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമായിരുന്നു. ഉപദേശത്തിന് നൊബേല്‍ ജേതാവ് എസ്തേര്‍ ദഫ്ളോ, റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് എന്നിവരുള്‍പ്പെടുന്ന സമിതിയെ നിയോഗിച്ചു. ആറുമാസത്തിനുള്ളില്‍ത്തന്നെ 8364 കോടി രൂപയുടെ വിദേശനിക്ഷേപം തമിഴ്നാട്ടിലെത്തി. ഒരു വര്‍ഷത്തിനിടെ 68,375 കോടിയുടെ നിക്ഷേപത്തിനുള്ള 130 ധാരണപത്രങ്ങളാണ് ഒപ്പുവെച്ചത്. 2030-ഓടെ തമിഴ്നാടിനെ ഒരുലക്ഷം കോടി ഡോളറിന്റെ സാമ്പത്തികശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യം.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ആറുലക്ഷം കുട്ടികളാണ് തമിഴ്നാട്ടില്‍ സ്വകാര്യ സ്കൂളുകളില്‍നിന്ന് സര്‍ക്കാര്‍ സ്കൂളുകളിലേക്ക് ചേക്കേറിയത്. സര്‍ക്കാര്‍ സ്കൂളുകള്‍ മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ ബജറ്റില്‍ 36,000 കോടി രൂപ നീക്കിവെച്ചു. കൊഴിഞ്ഞുപോയ കുട്ടികളെ വീട്ടില്‍നിന്നേ ബോധവത്കരിച്ച് സ്കൂളുകളില്‍ തിരിച്ചെത്തിക്കുന്നതിന് 'ഇല്ലംതേടി കല്‍വി' എന്ന പദ്ധതി ആവിഷ്കരിച്ചു. സര്‍ക്കാര്‍ സ്കൂളുകളില്‍ പഠിച്ച കുട്ടികള്‍ക്ക് പ്രൊഫഷണല്‍ കോഴ്സുകളില്‍ 7.5 ശതമാനം സംവരണം ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ സ്കൂളുകളില്‍നിന്നുള്ള കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിനെത്തുമ്പോള് മാസം ആയിരം രൂപവെച്ച് നല്കുന്ന പദ്ധതി പ്രഖ്യാപിച്ചു. ഈ നയത്തിന്റെ തുടര്‍ച്ചയായിരുന്നു ഗവര്‍ണറുമായുള്ള ഏറ്റുമുട്ടലിലേക്കുനയിച്ച നീറ്റ് നിയമഭേദഗതി.
നീറ്റ് എന്ന കടമ്പ കടക്കാന്‍ കഴിയാതെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളെത്തുടര്‍ന്നാണ് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍നിന്ന് തമിഴ്നാടിനെ ഒഴിവാക്കാനുള്ള ബില്‍ സംസ്ഥാനസര്‍ക്കാര്‍ ഏകകണ്ഠമായി പാസാക്കിയത്. നാലുമാസം പിടിച്ചുവെച്ചശേഷം ഗവര്‍ണര്‍ ആര്.എന്‍. രവി ബില്‍ തിരിച്ചയച്ചെങ്കിലും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് സര്‍ക്കാര്‍ അത് വീണ്ടും പാസാക്കി അയച്ചു. കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഈയാഴ്ചയാണ് ഗവര്‍ണര്‍ ബില്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചത്. എന്‍ട്രന്‍സ് കോച്ചിങ്ങിന് പണം മുടക്കാന്‍ കഴിവുള്ളവര്‍ക്കുമാത്രമേ നീറ്റ് പരീക്ഷയില്‍ മുന്നിലെത്താനാവൂ എന്നും പാവപ്പെട്ട കുട്ടികള്‍ പിന്തള്ളപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും സ്റ്റാലിന് പറയുന്നു.
കേന്ദ്രസര്‍വകലാശാലകളിലേക്ക് പൊതുപ്രവേശന പരീക്ഷ നടത്താനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇതേ വാദമുയര്‍ത്തി തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. നീറ്റ് ബില്ലിന്റെ കാര്യത്തില്‍ ഗവര്‍ണറുമായി ഇടഞ്ഞ സര്‍ക്കാര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം ഗവര്‍ണറില്‍നിന്ന് മാറ്റി മന്ത്രിസഭയില്‍ നിക്ഷിപ്തമാക്കിക്കൊണ്ട് ബില്‍ കൊണ്ടുവന്നു. സംസ്ഥാനത്ത് പുതുതായി സിദ്ധ സര്‍വകലാശാല വന്നപ്പോള്‍ ഗവര്‍ണര്‍ക്കുപകരം മുഖ്യമന്ത്രിയെയാണ് ചാന്‍സലറാക്കിയത്. അതിന്റെ വൈസ് ചാന്‍സലറെ നിയമിക്കാനുള്ള അധികാരവും മുഖ്യമന്ത്രിക്കാണ്.
ദ്രാവിഡ രാഷ്ട്രീയം
തമിഴിന്റെ അഭിമാനമുയര്ത്തിക്കാണിച്ച് ദ്രാവിഡരാഷ്ട്രീയം പറഞ്ഞുറപ്പിക്കുന്നതിന് നരേന്ദ്രമോദി സര്‍ക്കാരിനുകീഴില്‍ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം നേരിടുന്ന ഭീഷണിയെയും സ്റ്റാലിന് ആയുധമാക്കുന്നു. മധ്യ അരശ് അഥവാ കേന്ദ്രസര്‍ക്കാര്‍ എന്നതിനുപകരം ഒന്ട്രിയം അരശ് അഥവാ യൂണിയന് സര്‍ക്കാര്‍ എന്നേ സ്റ്റാലിനും അനുയായികളും പറയൂ. ഇന്ത്യന്‍ ഭരണഘടന വിഭാവനംചെയ്യുന്ന ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ യൂണിയനാണ് രാജ്യം. സംസ്ഥാനത്തിന്റെ ഈ അധികാരപ്രഖ്യാപനത്തിന്റെ തുടര്‍ച്ചയായിവേണം സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന ശ്രീലങ്കയ്ക്ക് ദുരിതാശ്വാസമെത്തിക്കാനുള്ള തമിഴ്നാടിന്റെ തീരുമാനത്തെയും കാണാന്‍. മറ്റൊരു രാജ്യത്തേക്ക് സഹായമെത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനാണെന്ന കീഴ്വഴക്കം മറികടന്നാണ് ശ്രീലങ്കയെ സഹായിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയതും അതിന് കേന്ദ്രാനുമതി വാങ്ങിയതും.
രാജ്യം ഭരിക്കുന്ന ബി.ജെ.പി.യുടെ ഹിന്ദുത്വത്തിനെ നേരിടേണ്ടത് ദ്രാവിഡ പ്രത്യയശാസ്ത്രത്തിലൂന്നിയാണ് എന്നതാണ് സ്റ്റാലിന്റെ പ്രഖ്യാപിതനയം. ഹിന്ദുത്വവാദികളെ പ്രകോപിപ്പിക്കാന്‍ കഴിയുന്നതെല്ലാം അദ്ദേഹം ചെയ്യുന്നുണ്ട്. അബ്രാഹ്മണരെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായിവെച്ചും 47 പ്രമുഖ ക്ഷേത്രങ്ങളില്‍ തമിഴില്‍ അര്‍ച്ചന അനുവദിച്ചുമായിരുന്നു തുടക്കം. മയിലാടുതുറയിലെ ധര്‍മപുരം അധീനം മഠത്തില്‍ ഈ മാസം നടക്കുന്ന പട്ടണപ്രവേശച്ചടങ്ങിന് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചത് ഈ നയത്തിന്റെ തുടര്‍ച്ചയായാണ്. ഈ പുരാതന ശൈവസന്ന്യാസസംഘത്തില് മഠാധിപതിയെ പല്ലക്കില്‍ ചുമന്നാണ് പട്ടണപ്രവേശം നടത്തുന്നത്.
മനുഷ്യരെ മനുഷ്യര്‍ ചുമക്കുന്നത് മനുഷ്യാന്തസ്സിന് ചേര്‍ന്നതല്ലെന്ന് പറഞ്ഞാണ് ജില്ലാഭരണകൂടം ഇത്തവണ അതിന് അനുമതി നിഷേധിച്ചത്. ജീവന്‍പോയാലും ചടങ്ങ് നടത്തുമെന്നുപറയുന്ന മഠാധിപതിക്ക് പിന്തുണയുമായി ഹിന്ദുമുന്നണിയും ബി.ജെ.പി.യും എത്തിയപ്പോള്‍ പ്രശ്നപരിഹാരത്തിന് സ്റ്റാലിന്‍തന്നെ നേരിട്ടിറങ്ങിയിരിക്കയാണ്. സ്റ്റാലിന് സര്‍ക്കാര്‍ ഹിന്ദുവിരുദ്ധരാണെന്നുപറഞ്ഞ് ബി.ജെ.പി. ഒച്ചയുയര്ത്തുമ്പോള് നിത്യപൂജയ്ക്കുപോലും വകയില്ലാതെ കഴിയുന്ന ക്ഷേത്രങ്ങള്‍ക്ക് 170 കോടി രൂപയുടെ സഹായധനം അനുവദിച്ചും 2500 കോടി രൂപയുടെ അന്യാധീനപ്പെട്ട ക്ഷേത്രസ്വത്ത് തിരിച്ചുപിടിച്ചുമാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്. സംസ്ഥാനത്തെ 1500 ക്ഷേത്രങ്ങളുടെ നവീകരണത്തിന് 1000 കോടി രൂപയാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം നീക്കിവെച്ചത്.
ദേശീയ ബദലിനുള്ള നീക്കങ്ങള്‍
പ്രതിപക്ഷത്തെ മുഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യ്ക്ക് 66 എം.എല്‍.എ.മാരുണ്ടെങ്കിലും തീര്‍ത്തും ദുര്‍ബലമാണ് അവരുടെ ശബ്ദം. നാല് എം.എല്‍.എ.മാര്‍ മാത്രമുള്ള ബി.ജെ.പി.യാണ് ഡി.എം.കെ. സര്‍ക്കാരിനെതിരേ സമരം നയിക്കുന്നത്. ജയലളിതയുടെ മരണത്തോടെ അനാഥമായ എ.ഐ.എ.ഡി.എം.കെ.യെ അവഗണിച്ച് ബി.ജെ.പി.യാണ് മുഖ്യപ്രതിപക്ഷം എന്ന മട്ടിലാണ് സ്റ്റാലിന്റെ പ്രസംഗങ്ങളും പ്രവൃത്തികളും.
ഡല്‍ഹിയില്‍ ഡി.എം.കെ. ഓഫീസ് തുറന്നും കേരളമുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ മുഖ്യമന്ത്രിമാരുമായി സൗഹൃദം നിലനിര്‍ത്തിയും ദേശീയതലത്തിലും സ്റ്റാലിന് സാന്നിധ്യം ഉറപ്പിക്കുന്നു. സാമൂഹികനീതിയെന്ന ആശയമുയര്‍ത്തി രൂപവത്കരിക്കുന്ന ദേശീയ ഫെഡറേഷനില്‍ ചേരണമെന്നഭ്യര്ഥിച്ച് രാജ്യത്തെ 37 രാഷ്ട്രീയകക്ഷികളുടെ നേതാക്കള്‍ക്ക് സ്റ്റാലിന് കത്തയച്ചിട്ടുണ്ട്.
അഖിലേന്ത്യാതലത്തില്‍ ബി.ജെ.പി.ക്കെതിരേ മുന്നണി രൂപപ്പെടുത്താനും അതിന്റെ നേതൃത്വം ഏറ്റെടുക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം എന്നുകരുതുന്നവരുണ്ട്. ദേശീയരാഷ്ട്രീയവും പ്രാദേശികരാഷ്ട്രീയവും രണ്ടല്ലെന്നും പ്രാദേശികരാഷ്ട്രീയങ്ങളുടെ കൂടിച്ചേരല്മാത്രമാണ് ദേശീയ രാഷ്ട്രീയമെന്നുമാണ് ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സ്റ്റാലിന് നല്കുന്ന മറുപടി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..