കേരളവും ശ്രീലങ്കയെപ്പോലെ പ്രതിസന്ധിയിലാകുമോ? | ഡോ.ടി.എം.തോമസ് ഐസക് എഴുതുന്നു


ഡോ.ടി.എം.തോമസ് ഐസക്

ഡോ.ടി.എം.തോമസ് ഐസക്

ശ്രീലങ്കന്‍ പ്രതിസന്ധിയോടെ കേരളത്തിലെ പ്രതിപക്ഷത്തിനു പുതിയൊരു മുദ്രാവാക്യം കിട്ടിയിരിക്കുകയാണ് 'കേരളത്തെ ശ്രീലങ്കയാകാന്‍ അനുവദിക്കില്ല.' ശ്രീലങ്കയുടെ ദയനീയപതനം ദിവസവും മാധ്യമങ്ങളിലൂടെ കാണുകയും വായിക്കുകയും ചെയ്യുന്ന മലയാളിയെ സംബന്ധിച്ചിടത്തോളം ചെറിയ അങ്കലാപ്പല്ല ഈ മുദ്രാവാക്യം സൃഷ്ടിക്കുന്നത്. ശ്രീലങ്കന്‍ അവസ്ഥയെക്കുറിച്ച് ഒട്ടേറെ ലേഖനങ്ങളും റിപ്പോര്‍ട്ടുകളും വരുന്നുണ്ടെങ്കിലും അവയില്‍ നല്ലപങ്കും ഇന്നത്തെ പ്രതിസന്ധിയുടെ യഥാര്‍ഥ സ്വഭാവത്തെ വെളിപ്പെടുത്തുന്നില്ലെന്നാണ് എന്റെ പക്ഷം.

എന്താണ് ശ്രീലങ്കന്‍ പ്രതിസന്ധി?

അടിസ്ഥാനപരമായി അതു വിദേശനാണയ പ്രതിസന്ധിയാണ്. 1991-ല്‍ ഇന്ത്യ നേരിട്ടതുപോലെ ഇറക്കുമതിക്കോ വാങ്ങിയ കടം തിരിച്ചടവിനോ ഉള്ള വിദേശനാണ്യശേഖരം ശ്രീലങ്കയുടെ കൈയില്‍ ഇല്ലാതായി. അന്നു നമ്മുടെ കൃഷിയും വ്യവസായവും ബാങ്കുകളുമൊന്നും പ്രതിസന്ധിയിലായിരുന്നില്ല. അതുകൊണ്ട് സമൂലമായ തകര്‍ച്ചയെ നേരിട്ടില്ല. എന്നാല്‍, തെറ്റായ നയങ്ങള്‍കാരണം ശ്രീലങ്കയ്ക്ക് ഈ ആനുകൂല്യമില്ല. തന്മൂലം അവരുടെ പ്രതിസന്ധി എല്ലാ സാമാന്യസീമകളെയും കവച്ചുവെക്കുന്നു. ഇനി ശ്രീലങ്ക 1991-ല്‍ ഇന്ത്യ ചെയ്തതുപോലെ ഐ.എം.എഫിന്റെ മധ്യസ്ഥതയില്‍ സമ്പൂര്‍ണമായ തിരുത്തല്‍നടപടികള്‍ സ്വീകരിക്കേണ്ടിവരും.

എങ്ങനെയാണു വിദേശനാണ്യ പ്രതിസന്ധി ഉണ്ടാവുക?

സര്‍ക്കാരുകള്‍ക്ക് അവരുടെ നാണയമല്ലാതെ വിദേശനാണയം അച്ചടിക്കാനുള്ള അവകാശമില്ല. വിദേശനാണയം നേടണം. ചരക്കുകളോ സേവനങ്ങളോ കയറ്റുമതി ചെയ്യുമ്പോള്‍ രാജ്യത്തിനു വിദേശനാണയം കിട്ടും. ഇറക്കുമതി ചെയ്യുമ്പോള്‍ വിദേശനാണയം ചെലവാകും. 2019-നും 2020-നും ഇടയ്ക്ക് ശ്രീലങ്കയുടെ വിദേശവ്യാപാരം ഓരോവര്‍ഷവും ശരാശരി ആറു ബില്യണ്‍ ഡോളര്‍ കമ്മിയായിരുന്നു.

പലിശ, ലാഭവിഹിതം, റോയല്‍റ്റി തുടങ്ങിയവയ്ക്കായി ചെലവഴിക്കുന്ന പണം വിദേശനാണയ ലഭ്യതയെ കുറയ്ക്കും. ഈ പറഞ്ഞ ഇനത്തില്‍ ശ്രീലങ്കയ്ക്ക് 2012-നും 2090-നും ഇടയ്ക്ക് രണ്ടു ബില്യണ്‍ ഡോളര്‍ കമ്മിയായിരുന്നു. വിദേശത്തുള്ള ആളുകള്‍ അയക്കുന്ന പണം വിദേശനാണയലഭ്യത വര്‍ധിപ്പിക്കും. ഗള്‍ഫിലും മറ്റും പോയി ജോലിചെയ്യുന്ന ശ്രീലങ്കക്കാര്‍ അയക്കുന്ന പണമെടുത്താല്‍ ശ്രീലങ്കയ്ക്ക് ഇതേകാലയളവില്‍ ആറു ബില്യണ്‍ ഡോളര്‍ വരുമാനമായി ലഭിച്ചു.

വിദേശവ്യാപാരവും മുന്‍ ഖണ്ഡികയില്‍ പറഞ്ഞ കൈമാറ്റങ്ങളും കൂടിച്ചേരുന്ന കണക്കിനെയാണ് കറന്റ് അക്കൗണ്ട് എന്നുവിളിക്കുന്നത്. കറന്റ് അക്കൗണ്ട് എന്നാല്‍, ഭാവിയില്‍ വിദേശനാണ്യ ആസ്തികളോ ബാധ്യതകളോ സൃഷ്ടിക്കാത്ത വിദേശവിനിമയ ഇടപാടുകളാണ്. ശ്രീലങ്കയ്ക്ക് 2019-നും 2020-നും ഇടയ്ക്ക് 2.2 ബില്യണ്‍ ഡോളര്‍ കറന്റ് അക്കൗണ്ട് കമ്മിയായിരുന്നു.

ഇത്ര ഭീമമായ വിദേശനാണ്യക്കമ്മി തുടര്‍ച്ചയായി ഉണ്ടായിട്ടും 2013 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ശ്രീലങ്കയ്ക്ക് എല്ലാവര്‍ഷവും ആരംഭത്തില്‍ 72 ബില്യണ്‍ ഡോളര്‍ വിദേശനാണ്യശേഖരം ഉണ്ടായിരുന്നു. അതുകൊണ്ട് വ്യാപാരക്കമ്മിയൊന്നും പ്രശ്‌നമായിരുന്നില്ല.

ഇത്ര വലിയ വിദേശനാണ്യശേഖരം ശ്രീലങ്ക ഉറപ്പാക്കിയതെങ്ങനെ?

ഇതിനു മുഖ്യമായും രണ്ടു മാര്‍ഗങ്ങളാണുള്ളത്. ഒന്ന്, വിദേശത്തുനിന്ന് ബോണ്ട് ഇറക്കുകയോ, വിദേശധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുക്കുകയോ ചെയ്യുക. രണ്ട്, വിദേശമൂലധന നിക്ഷേപത്തെ ആകര്‍ഷിക്കുക.

ശ്രീലങ്ക ഓരോവര്‍ഷവും 3.1 ബില്യണ്‍ ഡോളറിന്റെ ബാധ്യതകള്‍ വിദേശനാണയം ഉറപ്പുവരുത്തുന്നതിനുവേണ്ടി ഏറ്റെടുത്തു. ഇതില്‍ ഏതാണ്ട് രണ്ടു ബില്യണ്‍ ഡോളര്‍ വിദേശനിക്ഷേപമാണ്. അതിന്റെ പകുതി വളരെ ചുരുങ്ങിയകാലത്തേക്ക് ഓഹരിക്കമ്പോളത്തിലേക്കും മറ്റും കളിക്കാന്‍ വന്ന പോര്‍ട്ട്ഫോളിയോ നിക്ഷേപവുമാണ്. 1.1 ബില്യണ്‍ ഡോളര്‍ പ്രതിവര്‍ഷം വായ്പയുമെടുത്തു. ഇപ്പോള്‍ സംഭവിച്ചത്, 2020 വരെ നടന്നതോതില്‍ വിദേശമൂലധനം ശ്രീലങ്കയിലേക്കു വരാതായി. എന്നുമാത്രമല്ല, വിദേശമൂലധനം പിന്‍വാങ്ങുകയാണ്. ഓഹരിക്കമ്പോളത്തിലെ പോര്‍ട്ട്ഫോളിയോ നിക്ഷേപം ഏതാണ്ട് പൂര്‍ണമായി പുറത്തേക്കൊഴുകി. വായ്പകിട്ടാതെയുമായി. ഇതിന്റെ ഫലമായി വിദേശനാണ്യശേഖരം ഏതാനും മാസങ്ങള്‍കൊണ്ട് അപ്രത്യക്ഷമായി. ശ്രീലങ്ക നിലയില്ലാക്കയത്തിലുമായി.

എന്തുകൊണ്ട് വിദേശമൂലധനം പിന്‍വാങ്ങി?

പല കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനം തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വാറ്റ് നികുതിനിരക്ക് 15 ശതമാനത്തില്‍നിന്ന് എട്ടുശതമാനമായി കുറച്ചതാണ്. ഇതിന്റെ ഫലമായി 2019-ല്‍ ഏതാണ്ട് 10 ബില്യണ്‍ ഡോളറായിരുന്ന നികുതിവരുമാനം 2020-ല്‍ 6.6 ബില്യണ്‍ ഡോളറായി ചുരുങ്ങി. കോവിഡ് കൂനിന്മേല്‍ക്കുരുപോലെയായി. ടൂറിസം തകര്‍ന്നു. തേയിലക്കയറ്റുമതിയും കുറഞ്ഞു. നികുതിവരുമാനം പിന്നെയും ഇടിഞ്ഞു. എന്നാല്‍, സാമൂഹികക്ഷേമ ചെലവുകള്‍ വര്‍ധിപ്പിക്കേണ്ടിവന്നു. തന്മൂലം ധനക്കമ്മി 15 ശതമാനത്തിലേറെയായി.

വിലക്കയറ്റത്തിന് ആക്കംകൂടി. 2022 മാര്‍ച്ച് ഒന്നാംതീയതി ഉപഭോക്തൃ വിലസൂചിക 15 ശതമാനം കടന്നു. വിലക്കയറ്റത്തിന്റെ വര്‍ധനയ്ക്ക് ധനക്കമ്മിക്കുപുറമേ കാര്‍ഷികോത്പാദനം ഇടിഞ്ഞതും കാരണമായി. 2021 ജൂണില്‍ രാസവള ഇറക്കുമതികള്‍ നിരോധിച്ചു. പൊടുന്നനെയുള്ള ജൈവകൃഷിയിലേക്കുള്ള മാറ്റം കാര്‍ഷികോത്പാദനത്തെ കുത്തനെ കുറച്ചു. യുക്രൈന്‍ പ്രതിസന്ധി എണ്ണവില ഉയര്‍ത്തി.

ധനക്കമ്മി ഉയരുന്നതും വിലക്കയറ്റം ഉണ്ടാകുന്നതും വിദേശമൂലധനത്തിനു ചതുര്‍ഥിയാണ്. അവര്‍ കൂട്ടത്തോടെ ഓഹരിക്കമ്പോളത്തില്‍നിന്നുംമറ്റും പിന്‍വാങ്ങി. ശ്രീലങ്കയുടെ ബോണ്ടുകള്‍ വാങ്ങാന്‍ ആളില്ലാതായി. ശ്രീലങ്ക പ്രതിസന്ധിയിലുമായി.

കേരളവും ശ്രീലങ്കയെപ്പോലെ പ്രതിസന്ധിയിലാകുമോ?

എന്നാല്‍, ഇതുവെച്ച് കേരളത്തിലെ വായ്പനയത്തിന്റെമേല്‍ കുതിരകയറുന്നതിന് അര്‍ഥമില്ല. കാരണം, ഇന്ത്യയെന്ന പരമാധികാര രാജ്യത്തിലെ ഒരു സംസ്ഥാനംമാത്രമാണ് കേരളം. ഒരു സംസ്ഥാനത്തിനു മാത്രമായി വിദേശനാണ്യ പ്രതിസന്ധി ഉണ്ടാവില്ല. വിദേശനാണയ സംബന്ധിയായ എല്ലാ കാര്യങ്ങളും കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയിലാണ്.

കേരള സര്‍ക്കാരോ, സര്‍ക്കാരിനു പങ്കുള്ള ഏതെങ്കിലും സ്ഥാപനമോ വിദേശത്തുനിന്നു സഹായധനമോ വായ്പയോ എടുക്കുന്നുണ്ടെങ്കില്‍ അതു കേന്ദ്രസര്‍ക്കാര്‍ അല്ലെങ്കില്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനത്തിനു വിധേയമായിട്ടാണ്. നമ്മള്‍ സ്വമേധയാ വിദേശവായ്പ വേണ്ടെന്നുവെച്ചതുകൊണ്ട് രാജ്യത്തിനു മൊത്തത്തില്‍ വിദേശബാധ്യത കുറയാന്‍പോകുന്നില്ല. നമ്മള്‍ എടുക്കാത്ത വായ്പ മറ്റൊരു സംസ്ഥാനത്തിനു കൊടുക്കും.

കേരളത്തിന്റെ കടഭാരം ഉയരുകയല്ലേ?

എല്ലാവരും ഉദ്ധരിക്കുന്നത് കോവിഡ്കാലത്ത് കേരളത്തിന്റെ കടഭാരം 2019- ണ്ട'20-ല്‍ സംസ്ഥാന ജി.ഡി.പി.യുടെ 32 ശതമാനം ഉണ്ടായിരുന്നത് 2022-'23-ല്‍ 37 ശതമാനമായി ഉയര്‍ന്നതിനെക്കുറിച്ചാണ്. കേന്ദ്രം അനുവദിച്ച വായ്പയെടുത്ത് നാട്ടിലെ ജനങ്ങള്‍ക്കു സമാശ്വാസം നല്‍കരുതെന്നാണോ വിമര്‍ശകര്‍ വാദിക്കുന്നത്? പിന്നെ മറ്റൊന്നുകൂടിയുണ്ട്. കോവിഡ്കാരണം ജി.ഡി.പി. ഗണ്യമായി കുറഞ്ഞു. ഈ പശ്ചാത്തലത്തില്‍ അതുമായുള്ള കടത്തിന്റെ തോത് ഉയരുന്നതും സ്വാഭാവികം. അധികംതാമസിയാതെ ഇത് സാധാരണഗതിയിലുള്ള 30 ശതമാനത്തിലേക്കു താഴ്ന്നുവരും.

കിഫ്ബിയുടെ വായ്പകള്‍ ഒരു കടക്കെണിയും സൃഷ്ടിക്കില്ല. കാരണം, കിഫ്ബി വഴി നടപ്പാക്കുന്ന പദ്ധതികളുടെ അടങ്കല്‍നിയമപ്രകാരം സര്‍ക്കാര്‍ കിഫ്ബിക്കു വര്‍ഷംതോറും നല്‍കാന്‍ ബാധ്യതപ്പെട്ട തുകകൊണ്ടു തിരിച്ചടയ്ക്കാന്‍ കഴിയുന്ന അളവില്‍ ഒതുക്കിനിര്‍ത്തും. കെ-റെയില്‍ പോലുള്ള പ്രോജക്ടുകളാവട്ടെ, 75 ശതമാനം കിഫ്ബി പ്രോജക്ടുകളെ അപേക്ഷിച്ച് വരുമാനദായകമാണ്. ഇവ നടപ്പാക്കുന്നതിന്റെ ഫലമായി സംസ്ഥാന ജി.ഡി.പി.യില്‍ ഉണ്ടാകുന്ന കുതിപ്പ് കടം ജഡഭാരമാവില്ലെന്ന് ഉറപ്പുനല്‍കുന്നു.

ഇന്ത്യ ലങ്കയാവുമോ

ശ്രീലങ്കയില്‍ നടന്നത് ഇന്ത്യാരാജ്യത്തും നടക്കാം. ഇന്ത്യയുടെ കറന്റ് അക്കൗണ്ട് സ്ഥിരമായി കമ്മിയിലാണ്. ഇന്ത്യയുടെ വിദേശനാണ്യശേഖരം ശ്രീലങ്കയുടെ 100 മടങ്ങുവരും. 600 ബില്യണ്‍ ഡോളറിലേറെ. പക്ഷേ, ഈ ശേഖരത്തിന്റെ അടിസ്ഥാനം ഇന്ത്യയിലേക്കുള്ള വിദേശമൂലധന കുത്തൊഴുക്കാണ്. ഇത് വലിയനേട്ടമായി നിയോലിബറല്‍ വക്താക്കള്‍ ഉയര്‍ത്തിപ്പിടിക്കാറുമുണ്ട്. ഇതാണ് ചൈനയുടെയും ഇന്ത്യയുടെയും വിദേശനാണ്യശേഖരത്തിന്റെ സ്വഭാവത്തിലുള്ള അന്തരം. ചൈനയുടെ വിദേശനാണ്യശേഖരം മുഖ്യമായും ഭീമമായ വ്യാപാരമിച്ചത്തില്‍നിന്ന് ഉണ്ടാകുന്നതാണ്.

ശ്രീലങ്കയിലെപ്പോലെ ഏതെങ്കിലും കാരണവശാല്‍ നമ്മളോട് അപ്രീതിതോന്നി വിദേശമൂലധനം പിന്‍വലിയാന്‍ തീരുമാനിച്ചാല്‍ കാറ്റുപോയ ബലൂണ്‍പോലെ വിദേശനാണ്യശേഖരം അപ്രത്യക്ഷമാകാന്‍ അധികനാള്‍ വേണ്ടിവരില്ല. പ്രത്യേകിച്ച് ശ്രീലങ്കയെയും മറ്റും അപേക്ഷിച്ച് നമ്മുടെ വിദേശമൂലധന നിക്ഷേപത്തിന്റെ സിംഹപങ്കും പോര്‍ട്ട്ഫോളിയോ നിക്ഷേപമാകുമ്പോള്‍.

അതുകൊണ്ട് ഇന്ത്യാസര്‍ക്കാരിന്റെ നയപരിപാടികളുടെ ഏറ്റവും വലിയ ലക്ഷ്യം വിദേശമൂലധനത്തെ പ്രീതിപ്പെടുത്തുക എന്നതായിത്തീര്‍ന്നിരിക്കുന്നു. കോവിഡുകാലത്തും ചെലവുചുരുക്കാനാണു പരിശ്രമിച്ചത്. ഈ ദുരന്തകാലത്തും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും എതിരായ നയങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കി. ഇന്നിപ്പോള്‍ ബാങ്കുകളും എല്‍.ഐ.സി.യും സ്വകാര്യവത്കരിക്കാനുള്ള നടപടി സ്വീകരിക്കുകയാണ്. വിദേശമൂലധനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം ഇന്ത്യന്‍ ധനമേഖല തുറന്നുകൊടുക്കണമെന്നുള്ളതാണ്. ഇതിനെതിരേ ആഗോള വ്യാപാരക്കരാറില്‍ ഇന്ത്യ സ്വീകരിച്ച നയത്തിനെതിരേ സൂപ്പര്‍ 301 വകുപ്പുപ്രകാരമുള്ള നടപടികള്‍ എടുക്കുമെന്ന് ഭീഷണിപ്പെടുത്താന്‍പോലും അമേരിക്ക മടിച്ചില്ല. ഇന്ത്യയിലെ എല്‍.ഐ.സി.യും ബാങ്കുകളും പോലുള്ള ധനകാര്യസ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള വാശിയുടെ പിന്നിലുള്ള കാരണം ഇതാണ്. ഇന്ത്യയും നിയോലിബറലിസത്തിന്റെ പുലിപ്പുറത്താണ് സഞ്ചാരം.

Content Highlights: Sree Lanka's economic crisis


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented