ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയും ദക്ഷിണ കൊറിയൻ പ്രസിഡൻറ് യൂൺ സൂക് യോളും ആശംസകൾ കൈമാറുന്നു, കിം ജോങ് ഉൻ | Photo: Nikkei Asia, AP
'ഈ ആഴ്ച ടോക്യോയില്‍ ചെറി മരങ്ങള്‍ നിറയെ പൂക്കള്‍ വിരിച്ചിരിക്കുന്നു. അതിനൊപ്പം ദക്ഷിണ കൊറിയയുടെ പ്രസിഡന്റിനെ കൂടി ഞങ്ങള്‍ ജപ്പാനിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നു, ഏകദേശം 12 വര്‍ഷത്തിന് ശേഷമുള്ള ഒരു ദക്ഷിണ കൊറിയന്‍ ഭരണാധികാരിയുടെ ആദ്യ സന്ദര്‍ശനം കൂടിയാണിത്.. '
ഉഭയകക്ഷി സന്ദര്‍ശനത്തിനായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ടോക്യോയില്‍ കാലു കുത്തിയതിന് പിന്നാലെ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണം ഇങ്ങനെയായിരുന്നു.. ഒരു ശീതയുദ്ധത്തിന് ശേഷമുള്ള മഞ്ഞുരുക്കത്തെ ഏറെ പ്രതീക്ഷയോടെയാണ് ജപ്പാനും ദക്ഷിണ കൊറിയയും നോക്കിക്കാണുന്നത്. 12 വര്‍ഷത്തെ ചരിത്രപരമായ തര്‍ക്കങ്ങള്‍ക്ക് അറുതി വരുത്തി ഒരു വ്യാഴവട്ടക്കാലത്തിന് ശേഷം ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ജപ്പാനില്‍ കാലുകുത്തിയതോടെ രചിക്കപ്പെട്ടത് ഒരു ചരിത്രം കൂടിയാണ്. സാമ്പത്തിക-സുരക്ഷാ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും സഹകരണം ഉറപ്പാക്കുന്നതോടെ ഏഷ്യ പസഫിക് മേഖലയില്‍ ഉത്തര കൊറിയയും ചൈനയും ഉയര്‍ത്തുന്ന ആശങ്കകള്‍ക്കും പരിഹാരമാവുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.
2022, നവംബര്‍ 13ന് കംബോഡിയയില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയില്‍ ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോളും പരസ്പരം കൈ കൊടുത്ത് ആശംസകള്‍ കൈമാറിയിരുന്നു. കൃത്യം മൂന്ന് മാസം പിന്നിടുമ്പോഴാണ് ടോക്യോയില്‍ ചരിത്രപരമായ ആ മുഹൂര്‍ത്തം പിറന്നത്. പന്ത്രണ്ട് വര്‍ഷത്തെ ശീതയുദ്ധം അവസാനിപ്പിച്ച് ഇരു രാജ്യങ്ങളും പരസ്പരബന്ധം ശക്തിപ്പെടുത്താനായി വീണ്ടും കണ്ടുമുട്ടി. ടോക്യോ ഉച്ചകോടി ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ ഒരു സുപ്രധാന നാഴികക്കല്ലാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
അവസാനിച്ചത് 12 വര്‍ഷത്തെ ശീതയുദ്ധം
പിണക്കം മറന്ന് താല്‍ക്കാലികമായെങ്കിലും ദക്ഷിണ കൊറിയയും ജപ്പാനും വീണ്ടും കൈകോര്‍ക്കുമ്പോള്‍ ഉരുകുന്നത് നീണ്ട 12 വര്‍ഷത്തെ അസ്വാരസ്യങ്ങള്‍ കൂടിയാണ്. ഒരു നൂറ്റാണ്ട് മുമ്പ് കൊറിയന്‍ ഉപദ്വീപില്‍ ജപ്പാന്‍ നടത്തിയ കൊളോണിയല്‍ അധിനിവേശത്തിന്റെ കാലഘട്ടം മുതല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായിരുന്നു. ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായിരുന്നെങ്കിലും തര്‍ക്കങ്ങള്‍ അവസാനിച്ചതേയില്ല. പകരം നയതന്ത്രബന്ധം കൂടുതല്‍ വഷളാവുകയാണ് ചെയ്തിരുന്നത്. തര്‍ക്കങ്ങള്‍ പരിഹരിച്ച് ചരിത്രപരമായ വൈരാഗ്യങ്ങളെ മറികടക്കാനുള്ള കടുത്ത ശ്രമത്തിലാണ് രണ്ട് രാജ്യങ്ങളും. ചൈനയും ഉത്തര കൊറിയയും ഉയര്‍ത്തുന്ന സുരക്ഷാവെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് കൂടിക്കാഴ്ച നടന്നതും ഇരു രാജ്യങ്ങളും പിണക്കം മറന്ന് കൂടുതല്‍ അടുക്കുന്നതും.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍, കൃത്യമായി പറഞ്ഞാല്‍ 1910 മുതല്‍ രണ്ടാം ലോക മഹായുദ്ധം അവസാനിക്കുന്നതും വരെ ദക്ഷിണ കൊറിയ ജപ്പാന്റെ കോളനിയായിരുന്നു. അടിമകളാക്കി ഭരിക്കുന്നതായിരുന്നു ജപ്പാന്റെ നയം. ദക്ഷിണ കൊറിയയിലെ പുരുഷന്മാരെ ജപ്പാനിലെ ഖനികളിലും ഫാക്ടറികളിലും അടിമകളെപ്പോലെ പണിയെടുപ്പിച്ചിരുന്നു. ഒപ്പം സ്ത്രീകളെ ചൂഷണം ചെയ്യുകയും ലൈംഗിക അടിമകളാക്കുകയും ചെയ്തു. വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും ജപ്പാന്‍ കോളനി വാഴ്ച നല്‍കിയ മുറിവുകള്‍ ദക്ഷിണ കൊറിയയുടെ മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. അയല്‍രാജ്യമാണെങ്കില്‍ പോലും സമവായ സാധ്യതകളെല്ലാം ദക്ഷിണ കൊറിയ തള്ളിക്കളയുകയായിരുന്നു.
2022ല്‍ മാത്രം പ്രസിഡന്റ് പദവിയിലേക്കെത്തിയ യൂണ്‍ സക് യോളാണ് ആദ്യമായി ജപ്പാനോട് സൗഹൃദപരമായ നിലപാട് സ്വീകരിച്ചത്. അടിമപ്പണി എടുപ്പിച്ചതിന്റെ പേരില്‍ ജപ്പാന്‍ ദക്ഷിണ കൊറിയയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ദക്ഷിണ കൊറിയയിലെ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ നഷ്ടപരിഹാരം വേണ്ടെന്നും ജനങ്ങള്‍ക്ക് കൊടുക്കാനുള്ള നഷ്ടപരിഹാരം കൊറിയന്‍ സര്‍ക്കാര്‍ കണ്ടെത്തുമെന്നും യൂണ്‍ പറഞ്ഞു. ജപ്പാന്റെ സഹായമില്ലാതെ പണം നല്‍കുമെന്ന യൂണിന്റെ തീരുമാനത്തെ പ്രതിപക്ഷം വിമര്‍ശിച്ചു. ജനങ്ങള്‍ ഈ തീരുമാനത്തിനെതിരാണെന്നും എന്നാല്‍ ജനവികാരം മാനിക്കാതെ ജപ്പാന്റെ താളത്തിനൊത്ത് തുളളുകയാണ് യൂണെന്നുമാണ് പ്രതിപക്ഷം പറയുന്നത്. നഷ്ടപരിഹാരത്തില്‍ സമവായം ഉണ്ടായതിനു പിന്നാലെ നവംബറില്‍ നടന്ന ആസിയാന്‍ ഉച്ചകോടിയിലും ജപ്പാന്‍ പ്രധാനമന്ത്രിയെ കണ്ട് ഹസ്തദാനം നല്‍കിയാണ് യൂണ്‍ പിരിഞ്ഞത്. ഇതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്കും പരസ്പര സഹകരണത്തിനും വഴി തെളിയുകയായിരുന്നു. ചൈനയ്ക്കും ഉത്തര കൊറിയയ്ക്കുമെതിരായ ഐക്യമായി ഇരു രാജ്യങ്ങളുടേയും കൂടിക്കാഴ്ച മാറുമെന്നാണ് വിലയിരുത്തുന്നത്.

ടോക്യേ ഉച്ചകോടി മുന്നോട്ടുവെയ്ക്കുന്നത് എന്ത്?
മൂന്ന് ദിവസത്തെ ഉച്ചകോടിയാണ് ടോക്യോയില്‍ നടന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ക്രമാതീതമായി വര്‍ധിച്ച ഉത്തര കൊറിയയുടെ ആക്രമണങ്ങളാണ് ടോക്യോ ചര്‍ച്ചയിലെ ഒരു പ്രധാനവിഷയം. ഇരുരാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ നയത്തിലും ചര്‍ച്ചയിലൂടെ സൈനിക സഹകരണത്തിലും കാര്യമായ പുരോഗതി ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക സുരക്ഷാ കാര്യങ്ങളില്‍ പരസ്പരമുള്ള സഹകരണം ഉറപ്പാക്കാനും തീരുമാനമായി. കൃത്യമായ ഇടവേളകളില്‍ ഇരു നേതാക്കളും പരസ്പരം സന്ദര്‍ശിച്ച് സൗഹൃദം ശക്തിപ്പെടുത്തും. ജപ്പാനും ദക്ഷിണ കൊറിയയും തമ്മില്‍ വര്‍ഷങ്ങളായി വ്യാപാര തര്‍ക്കവും നിലനില്‍ക്കുന്നുണ്ട്. കയറ്റുമതി പരിഗണന രാഷ്ട്രങ്ങളുടെ പട്ടികയായ വൈറ്റ് ലിസ്റ്റില്‍ നിന്ന് ദക്ഷിണ കൊറിയയെ ജപ്പാന്‍ ഒഴിവാക്കിയിരുന്നു. ഇതോടെ കയറ്റുമതി വ്യാപാരത്തിന് കടുത്ത നിയന്ത്രണമാണ് പ്രാബല്യത്തില്‍ വന്നത്. തൊട്ടുപിന്നാലെ ജപ്പാനെ സൗഹൃദ രാഷ്ട്രമായി പരിഗണിക്കില്ലെന്നും സൈനിക സഹകരണം അവസാനിപ്പിക്കുമെന്നും ദക്ഷിണ കൊറിയയും പ്രഖ്യാപിച്ചു. ഈ വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിച്ച് സഹകരണം ഉറപ്പാക്കാനും കയറ്റുമതിക്കേര്‍പ്പെടുത്തിയ നിരോധനം പിന്‍വലിക്കുമെന്നും ജപ്പാന്‍ അറിയിച്ചപ്പോള്‍ ജപ്പാനെതിരെ വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാമെന്ന് ദക്ഷിണ കൊറിയയും ഉച്ചകോടിയില്‍ അറിയിച്ചിട്ടുണ്ട്.
ചരിത്രപരമായ തര്‍ക്കങ്ങളേക്കാള്‍ മുന്‍തൂക്കം നല്‍കേണ്ടത് രാജ്യത്തിന്റെ സുരക്ഷയ്ക്കാണെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ടോക്യോ ഉച്ചകോടി. ജപ്പാനും ദക്ഷിണകൊറിയയും പൊതുവായി നേരിടുന്ന പ്രശ്‌നം ഉത്തര കൊറിയ ഉയര്‍ത്തുന്ന സുരക്ഷാഭീഷണിയാണ്. ഉത്തരകൊറിയയെ ഭക്ഷ്യക്ഷാമം അടക്കമുള്ള ഗുരുതര പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും ഭരണാധികാരി കിം ജോങ് ഉന്നും സംഘവും മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടുപോയിട്ടില്ല. കൂടുതല്‍ ശക്തവും മികച്ചതുമായ മിസൈലുകള്‍ ഉത്തര കൊറിയ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉടന്‍ തന്നെ ആണവായുധങ്ങള്‍ പരീക്ഷിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. സമുദ്രാതിര്‍ത്തി സംബന്ധിച്ച് ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ചൈനയുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
ചൈനയാവട്ടെ അമേരിക്കയേയും ഏഷ്യ-പസഫിക്കിലെ തങ്ങളുടെ സഖ്യകക്ഷികളെയും നിരന്തരം ആശങ്കയിലാഴ്ത്തുകയാണ്. ദക്ഷിണ പസഫിക് മേഖലയിലെ ആയിരത്തോളം ദ്വീപുകളടങ്ങിയ സോളമന്‍ ദ്വീപുകളില്‍ ചൈന നിര്‍മാണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സൈനിക താവളം പോലെയുളള ഒന്ന് നിര്‍മിക്കാനുള്ള പദ്ധതിയിലാണെന്നാണ് സംശയമെങ്കിലും ഇക്കാര്യം ബീജിങ് ഇതുവരെ ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല.
ചൈന പറത്തിവിടുന്ന ചാര ബലൂണുകളും വാഷിങ്ടണിനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ബലൂണുകള്‍ അമേരിക്ക വെടിവെച്ചിട്ടതിനെ പിന്നാലെ സമാനമായ സംഭവം തങ്ങളുടെ മേഖലയിലും നേരത്തെ ഉണ്ടായിട്ടുണ്ടെന്ന് ജപ്പാനും തുറന്നുപറഞ്ഞിട്ടുണ്ട്. 2019 മുതല്‍ രാജ്യത്തിന്റെ പ്രദേശത്ത് കണ്ടെത്തിയ മൂന്ന് അജ്ഞാത പറക്കുന്ന വസ്തുക്കള്‍ ചൈനീസ് ചാര ബലൂണുകളാണെന്ന് സംശയിക്കുന്നതായാണ് ജപ്പാന്‍ പറഞ്ഞത്. ഇതുകൂടാതെ തായ്‌വാന് മേല്‍ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനീസ് ശ്രമങ്ങളേയും ജപ്പാന് പ്രതിരോധിക്കേണ്ടതുണ്ട്. തായ്വാനിലേക്ക് എപ്പോള്‍ വേണമെങ്കിലും ചൈന കടന്നുകയറിയേക്കാം. ആക്രമണ സാധ്യതയാണ് അയല്‍ രാജ്യമായ ജപ്പാനെ ആശങ്കപ്പെടുത്തുന്നത്. റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ ചൈന റഷ്യന്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതും അന്താരാഷ്ട്ര ആശങ്കകളുടെ രൂക്ഷതയും വര്‍ധിപ്പിക്കുകയാണ്.

ജപ്പാന്റേത് നയതന്ത്ര വിജയം
ദക്ഷിണ കൊറിയയുമായുള്ള തര്‍ക്കം പരിഹരിക്കപ്പെട്ടത് എല്ലാത്തരത്തിലും ജപ്പാന്റെ നയതന്ത്ര വിജയമാണ്. കാലങ്ങളായി കൊറിയയുമായുള്ള വൈരം പറഞ്ഞുതീര്‍ത്തതില്‍ നിന്ന് ജപ്പാനും പ്രയോജനം നേടുമെന്നതില്‍ സംശയമില്ല. കൂടാതെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥ മെയ് മാസത്തില്‍ ഹിരോഷിമയില്‍ G7 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുകയാണ്. അമേരിക്ക ഉള്‍പ്പെടെ ലോകത്തിലെ സമ്പന്ന രാഷ്ട്രങ്ങള്‍ അണിനിരക്കുന്ന ഉച്ചകോടിക്ക് ഉത്തര കൊറിയയും ചൈനയും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഉച്ചകോടിയുടെ പ്രധാന അജണ്ടയായിരിക്കും.
ഭീഷണികളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച് ദക്ഷിണ കൊറിയ തങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായ കാഴ്ചപ്പാട് നല്‍കുമെന്നാണ് ജപ്പാന്റെ പ്രതീക്ഷ. അമേരിക്കയ്ക്കും ഇത് ശക്തമായ സന്ദേശമാണ് നല്‍കുന്നത്. ആവശ്യം വന്നാല്‍ അമേരിക്കയ്ക്ക് തങ്ങളെ പ്രധാന സഖ്യകക്ഷിയായും പവര്‍ ബ്രേക്കറായും ആശ്രയിക്കാമെന്ന സിഗ്നല്‍ കൂടിയാണ് ജപ്പാന്‍ നല്‍കുന്നത്. വടക്കുകിഴക്കന്‍ ഏഷ്യ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ചരിത്ര വൈരാഗ്യം മറക്കണമെന്നാണ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂണിന്റെ നിലപാട്. ജപ്പാനും സമാനമായ നിലപാടായതിനാല്‍ നയതന്ത്രപരമായി ഈ കൂടിക്കാഴ്ച വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

അപമാനകരമായ നിമിഷമെന്ന് പ്രതിപക്ഷം
12 വര്‍ഷത്തിന് ശേഷമാണ് ഒരു ദക്ഷിണ കൊറിയന്‍ ഭരണാധികാരി ജപ്പാനില്‍ കാല്‍ കുത്തുന്നത്. മൂന്ന് ദിവസത്തെ സന്ദര്‍ശനമാണ് ദക്ഷിണ കൊറിയന്‍ ഭരണാധികാരി ജപ്പാനില്‍ നടത്തിയത്. ടോക്ക്യോ ഉച്ചകോടിക്കുശേഷം ഇരു നേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനവും നടത്തിയിരുന്നു. അതേസമയം യൂണിന്റെ കൊറിയന്‍ അനുകൂല നിലപാട് സ്വീകരിച്ചതില്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡിപികെ (ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് കൊറിയ) കടുത്ത അതൃപ്തിയും വിമര്‍ശനവും ഉന്നയിച്ചിരുന്നു. കൊറിയ-ജപ്പാന്‍ ഉച്ചകോടിക്കെതിരേയും കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. നയയതന്ത്ര ചരിത്രത്തിലെ ഏറ്റവും അപമാനകരമായ നിമിഷം എന്നാണ് ഉച്ചകോടിയെ പ്രതിപക്ഷം വിശേഷിപ്പിച്ചത്. ചരിത്രത്തെ അപമാനിച്ചുകൊണ്ട് ടോക്യോയിലേക്ക് ഒരു യാത്രയാണ് പ്രസിഡന്റ് യൂണ്‍ നേടിയത്. ജപ്പാന്റെ കളിപ്പാവയാവാന്‍ പ്രസിഡന്റ് യൂണ്‍ തയ്യാറായിരിക്കുന്നു. അടിമപ്പണി ചെയ്യിപ്പിച്ചതിന്റേയോ ചൂഷണം ചെയ്തതിന്റേയോ പേരില്‍ ഒരു തവണ ക്ഷമാപണം നടത്താനോ ഖേദം പ്രകടിപ്പിക്കാനോ ജപ്പാന്‍ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
എന്നാല്‍ ജപ്പാനുമായുള്ള സൗഹൃദം രാജ്യത്തിന് എല്ലാത്തരത്തിലും ഗുണം ചെയ്യുമെന്നാണ് ഭരണകക്ഷി നേതാക്കള്‍ പറയുന്നത്. വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മിലുള്ള അവിശ്വാസത്തിന്റെയും ചര്‍ച്ചയില്ലായ്മയുടെയും പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉച്ചകോടി കൊറിയയുടെ സമ്പദ് വ്യവസ്ഥയ്ക്കും പുതിയ അവസരങ്ങളും ഊര്‍ജവും നല്‍കുമെന്ന് പി.പി.പി (പീപ്പിള്‍ പവര്‍ പാര്‍ട്ടി) നേതാക്കള്‍ അഭിപ്രായപ്പെട്ടു.
നയതന്ത്രജ്ഞരും സമാനമായ അഭിപ്രായമാണുയര്‍ത്തിയത്. കഴിഞ്ഞവര്‍ഷം വരെ ഒരു അഭിഭാഷകനായിരുന്നു പ്രസിഡന്റ് യൂണ്‍. നയതന്ത്ര ഇടപെടലുകളുടെ യാതൊരു അനുഭവസമ്പത്തുമില്ലാതെ, സാമര്‍ഥ്യപരമായാണ് ജപ്പാന്‍ വിഷയം യൂണ്‍ കൈകാര്യം ചെയ്യുന്നത്. ഒരു തുടക്കക്കാരനെന്ന നിലയില്‍ ധീരവും വിവേകപൂര്‍ണവുമായ നിലപാടുകളാണ് യൂണിന്റേതെന്നും വിദേശകാര്യ വിദഗ്ധര്‍ പറഞ്ഞു.

കൂടിക്കാഴ്ചയില്‍ കിം അസ്വസ്ഥനോ?
യാതൊരു ചര്‍ച്ചയ്ക്കും സമവായങ്ങള്‍ക്കും വാതില്‍ തുറക്കാത്ത ഉത്തര കൊറിയയും കിമ്മും ടോക്യോ ഉച്ചകോടിയില്‍ അസ്വസ്ഥമാണെന്നാണ് സൂചന. കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുന്‍പ് ജപ്പാന്റെ വടക്ക് സമുദ്രത്തിലേക്ക് കിം തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ ആ അസ്വസ്ഥതയുടെ ഭാഗമായുണ്ടായ ശക്തിപ്രകടനമാണെന്നാണ് അന്താരാഷ്ട്ര സമൂഹം വിലയിരുത്തുന്നത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം രണ്ട് ദീര്‍ഘദൂര മിസൈല്‍ ഉള്‍പ്പെടെ നാല് മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. മോണ്‍സ്റ്റര്‍ മിസൈലെന്ന് വിളിക്കപ്പെടുന്ന ഹ്വാസോംഗ് 17 ആണ് ഉത്തര കൊറിയ വിക്ഷേപിച്ചത്. ഉത്തര കൊറിയ ഈ വര്‍ഷം നടത്തുന്ന രണ്ടാമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് ഇത്. യുഎസും ദക്ഷിണ കൊറിയയും തമ്മില്‍ നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങള്‍ക്കുള്ള മറുപടിയായാണ് മിസൈല്‍ പരീക്ഷണം നടത്തിയതെന്നാണ് ഉത്തര കൊറിയ അറിയിച്ചതെങ്കിലും ടോക്യോ ഉച്ചകോടിയും കിമ്മിനെ പ്രകോപിപ്പിച്ചതായാണ് സൂചന. ഉത്തര കൊറിയയുടെ ജീവിക്കാനുള്ള സ്വാതന്ത്രവും അവകാശവും നശിപ്പിക്കാനാണ് അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നീക്കമെന്നാണ് ഉത്തര കൊറിയ ആരോപിക്കുന്നത്. കൊറിയന്‍ ഉപദ്വീപിന് ചുറ്റുമാണ് അമേരിക്ക- ദക്ഷിണ കൊറിയ സംയുക്ത നാവികാഭ്യാസം നടക്കുന്നത. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഏറ്റവും വലിയ നാവികാഭ്യാസമാണിത്. ഇത് പ്രകോപനമാണെന്ന് വടക്കന്‍ കൊറിയ നിരന്തരം പറഞ്ഞിരുന്നു.
അമേരിക്കയ്ക്കും ചൈനയ്ക്കുമെതിരേയുള്ള കിമ്മിന്റെ പരസ്യമായ വെല്ലുവിളികളും ഭീഷണിയും വേറെയുമുണ്ട്. അര മണിക്കൂർ കൊണ്ട് അമേരിക്കയെ തകർത്തു തരിപ്പണമാക്കാൻ ശേഷിയുള്ള ആയുധം ഉത്തര കൊറിയയുടെ കൈയിലുണ്ടെന്ന് കഴിഞ്ഞ ദിവസം ചൈനീസ് പ്രതിരോധ ജേണലായ 'മോഡേൺ ഡിഫൻസ് ടെക്‌നോളജി' റിപ്പോർട്ട് ചെയ്തിരുന്നു.
അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ ശത്രുക്കള്‍ക്കെതിരെ പോരാടാന്‍ എട്ട് ലക്ഷം യുവാക്കള്‍ തയ്യാറാണെന്ന് കിം ജോങ് ഉന്‍ പറഞ്ഞതായി ഉത്തര കൊറിയയിലെ ഔദ്യോഗിക പത്രമായ റോഡോങ് സിന്‍മം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉത്തര കൊറിയയുടെ ശത്രുക്കളെ പൂര്‍ണമായി തുടച്ചുനീക്കുമെന്നും ഇരു കൊറിയകളെയും ഏകീകരിക്കുമെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പ്രതിജ്ഞ ചെയ്തതായി റോഡോങ് സിന്‍മ റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: South Korea and Japan: A milestone meeting of frenemies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..