മധുമാലതി പൂക്കുന്ന കന്റോണ്‍മെന്റുകളില്‍


ലെഫ്റ്റനന്റ് കേണൽ ഡോ. സോണിയാ ചെറിയാൻ (റിട്ട.)

-

രിചയപ്പെട്ട് സ്‌നേഹിക്കുന്ന ആള്‍ക്കാരെ മറന്നിട്ടിട്ട് പോകേണ്ടിവരുക എന്നത് ഞങ്ങള്‍ പട്ടാളക്കാരുടെ തലവരയാണ്. പിരിയേണ്ടിവരും എന്നറിഞ്ഞുകൊണ്ടുതന്നെ ഇഷ്ടപ്പെടുന്ന ഇടങ്ങളും മനുഷ്യരും... മൂന്നുവര്‍ഷംകൊണ്ട് സ്ഥലം വിട്ടുപോകേണ്ടവര്‍ എന്തിനാണ് മാവുകളും വാകകളും നട്ടുപിടിപ്പിക്കുന്നത്..? എന്നിട്ടുമെന്താണ് കന്റോണ്‍മെന്റുകള്‍ വന്‍വൃക്ഷങ്ങള്‍കൊണ്ട് നിറഞ്ഞു കനത്ത്, നഗരത്തിന്റെ ശ്വാസകോശംപോലെ പച്ചച്ച് നില്‍ക്കുന്നത്..?

താന്‍ നട്ടുപിടിപ്പിച്ച മരംകാണാന്‍ മാത്രമായി ഒരു എണ്‍പത്തിയഞ്ചുകാരന്‍ ഹിമാലയം കയറി ജക്കാമയിലേക്ക് പോകുന്നത് കണ്ടോ... ടാക്‌സി നിര്‍ത്തിച്ച് ജക്കാമയില്‍ കന്റോണ്‍മെന്റില്‍ ഒരു കലുങ്കില്‍ കാലുനീട്ടിയിരിക്കുന്ന വൃദ്ധനോടായി ടാക്‌സിക്കാരന്‍ ചോദിക്കുന്നു.

''സാറിനിവിടെ ആരെ കാണാനാ?''

തലയുടെ മുകളില്‍ പടര്‍ന്നുനിന്ന് തണല്‍തരുന്ന ആ മാവുചൂണ്ടി മിലിറ്ററിസ്‌റ്റൈലില്‍ വെളുത്ത കൊമ്പന്‍മീശ പിരിച്ച് കേണല്‍ സാബ് ചിരിക്കുന്നു. - ''ഇയാളെ...'' ടാക്‌സിക്കാരന്‍ വായുംതുറന്നുനില്‍ക്കുന്നു. ഒരാഴ്ച കഴിഞ്ഞ് ബെംഗളൂരില്‍ ക്ലിനിക്കില്‍ എന്റടുത്ത് ഇതെല്ലാം പറഞ്ഞും അഭിനയിച്ചും കേള്‍പ്പിക്കുന്നു.

''Just to see my mango tree, My dear, just to see my tree..'' എന്ന് പറയുമ്പോള്‍ സന്തോഷംകൊണ്ട് തൊണ്ടയിടറുന്നുണ്ട്. നാഗാലാന്‍ഡില്‍ ഗ്രെഫിന്റെ വളപ്പില്‍ നിറയെ കായ്ച്ചുകിടക്കുന്ന വയസ്സന്‍ കശുമാവ് നട്ടുവളര്‍ത്തിയ ആ കൊല്ലംകാരന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാവുമോ.. ?

ജയിലറയിലേക്ക് റോസാക്കമ്പുകളുമായിപ്പോയ വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ ചിലര്‍. എന്നും പാര്‍ക്കാന്‍ പോകുന്ന ഇടമൊന്നുമല്ലായിരിക്കാം, എങ്കിലും അതിനെ പരമാവധി ഭംഗിയാക്കുന്ന മനുഷ്യര്‍... നെഞ്ചിലൊളിപ്പിച്ചുവെച്ച നാടിനെ വിദൂരദേശങ്ങളിലേക്ക് ഗ്രാഫ്റ്റ് ചെയ്യുന്നവര്‍... മലയാളം പറഞ്ഞും കുഞ്ഞുങ്ങളെ പറയിച്ചും മാത്രമല്ല, ഹിമാലയത്തിന്റെ ചെരുവില്‍ ചെന്തെങ്ങ് നട്ടും ചില നാട്ടോര്‍മകള്‍ നിലനിര്‍ത്തുന്നവര്‍. സ്വന്തംദേശത്തെ പുനഃസ്ഥാപിക്കാന്‍ ഒന്നുശ്രമിച്ച് നോക്കുന്നതാണവര്‍..!

ബറേലി കന്റോണ്‍മെന്റ് കാണുമ്പോഴും അങ്ങനെയാണ് തോന്നുക-ബ്രിട്ടീഷുകാരുടെ വീടോര്‍മകള്‍ എന്ന്!. അവരുടെ തണുപ്പുനാടുകള്‍ വല്ലാതെ മിസ് ചെയ്തതുകൊണ്ടാണോ അവര്‍ കന്റോണ്‍മെന്റില്‍ ഇലകൊഴിക്കുന്ന മേപ്പിള്‍മരങ്ങള്‍ നട്ടുവളര്‍ത്തിയത് - വീപ്പിങ് വില്ലോകളും കാറ്റാടികളും നിറയെ വെച്ചുപിടിപ്പിച്ചത്. അവരുടെ പുല്‍മേടുകള്‍. ബ്രിട്ടീഷ് ഗ്രാമങ്ങളെ പറിച്ചുവെച്ചപോലുള്ള ഗോള്‍ഫ് കോഴ്സ്. വിദേശിമരങ്ങളും അവയ്ക്കുണ്ടായ കുഞ്ഞുങ്ങളും. വരണ്ട് പൊടിപിടിച്ച ഉത്തരേന്ത്യന്‍ പട്ടണത്തിന് നടുവില്‍ പച്ചപ്പിന്റെ കോട്ടപോലെ കുളിര്‍ന്ന് ബറേലി കാന്റ്. പുരാതന വൃക്ഷങ്ങള്‍ സംരക്ഷണത്തിന്റെ നന്ദിപ്രകടിപ്പിച്ച് ഇപ്പോഴും തണല്‍ തൂകി പൂക്കള്‍ പൊഴിച്ച് ചിരിച്ചുനില്‍ക്കുന്നു. വിദേശികളും സ്വദേശികളുമെന്ന തരംതിരിവൊന്നുമില്ലാതെ വന്‍മരങ്ങള്‍ വേരുകളിലും ഇലകളിലും തമ്മില്‍ പുണര്‍ന്നുചേരുന്നു. വിരലുകള്‍ പോലുള്ള, മുടിയിഴകള്‍ പോലെയുള്ള താങ്ങുവേരുകള്‍കൊണ്ട് വാഹനങ്ങളെയും വഴിയാത്രക്കാരെയും തൊട്ടുതലോടാന്‍ ശ്രമിക്കുന്ന കൂറ്റന്‍ ആല്‍മരങ്ങള്‍. തണുപ്പിലും ചൂടിലും ഊഴമിട്ട് പൂത്ത് ഒരുപാടു തലമുറകളുടെ സന്ധ്യകളെ പരിമളാഭിഷേകം ചെയ്ത് മത്തുപിടിപ്പിച്ച വയസ്സന്‍ പാലകളും ഇലഞ്ഞികളും...

പഴയൊരു കന്റോണ്‍മെന്റാണ് ബറേലി. 1801-ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി തുടങ്ങിയ ക്യാമ്പ്. 1857-ല്‍ ഒന്നാം സ്വാതന്ത്ര്യസമരസേനാനികള്‍ ബ്രിട്ടീഷുകാരെ ഇവിടെനിന്ന് തുരത്തിയോടിച്ചിരുന്നു. ആ കാലം ഒഴിച്ചാല്‍ 1947-ല്‍ ഇന്ത്യ വിടുംവരെ ഒന്നരനൂറ്റാണ്ടുകാലം അവര്‍ ഇവിടെത്തന്നെ ജീവിച്ചു. ഇരുനൂറുവര്‍ഷംവരെയൊക്കെ പഴക്കമുള്ള ഒത്തിരിയേറെ ബംഗ്ലാവുകളും പഴയ ബാരക്കുകളുമുണ്ടിവിടെ. നീളന്‍ വരാന്തകളും കട്ടിയുള്ള കരിങ്കല്‍ഭിത്തികളുമുള്ള ഇന്‍ഡോ-ഗോഥിക് സ്‌റ്റൈല്‍ എടുപ്പുകളുടെയുള്ളില്‍ ഉത്തരേന്ത്യന്‍ വേനലിലെ പൊള്ളുംനട്ടുച്ചകളിലും കുളിരൂറിയിറങ്ങും. ഭിത്തികളില്‍ പടര്‍ന്നുകയറിക്കിടക്കുന്ന വിര്‍ജീനിയ ക്രീപ്പര്‍ വള്ളികള്‍. ഒരിക്കല്‍ ഈ അകത്തളങ്ങളില്‍ ഇന്ത്യയുടെ സ്വര്‍ണവും വെള്ളിയും ഇംഗ്ലണ്ടിലേക്ക് ഭാണ്ഡംകെട്ടിയിരുന്നു, ലണ്ടനിലെ കൊട്ടാരങ്ങളുടെ മരമേലാപ്പുകളായി മാറാനുള്ള ഹിമാലയന്‍ മഹാഗണികളെ പലകകളാക്കി അടുക്കിയിരുന്നു...

കൂട്ടുകാരിക്ക് അനുവദിച്ചുകിട്ടിയ ക്വാര്‍ട്ടേഴ്സ് ഒരുപഴയ ബ്രിട്ടീഷ് ബംഗ്ലാവ് ആയിരുന്നു, കൗതുകംനിറഞ്ഞ ആ വീട്ടില്‍ ഞാന്‍ നിത്യസന്ദര്‍ശകയും. തണുപ്പൂറുന്ന വിശാലമായ ഉള്ളകങ്ങളും മരപ്പടിഗോവണിയുമുള്ള ബംഗ്ലാവിന്റെ വീതിയേറിയ വരാന്തയില്‍ വലിയ കല്‍ത്തൂണുകള്‍ കാവല്‍ക്കാരെപ്പോലെ നിവര്‍ന്നുനിന്നു... തൂണുകളിലൂടെ പടര്‍ന്നുകയറിയ മധുമാലതി ഓടിനുമീതെ പൂത്തുമറിഞ്ഞു. കാറ്റിനഭിമുഖമായി പണിത വലിയ ജനാലകളുടെ വീതിപ്പടികളില്‍ കാലുനീട്ടിയിരുന്ന് ഞങ്ങള്‍ തണുപ്പുകാലസന്ധ്യകളില്‍ കാപ്പി ഊതിയൂതിയാറ്റിക്കുടിച്ചു. നടുമുറിയിലെ വലിയ ഫയര്‍പ്ലേസിനെ അവള്‍ ഒരു ബുക്ക് ഷെല്‍ഫാക്കി രൂപംമാറ്റിയെടുത്തു. പഴയ കന്റോണ്‍മെന്റുകളിലെ ലൈബ്രറികള്‍ അപൂര്‍വപുസ്തകങ്ങളുടെ നിധികളാണ്. 'ലസ് മിസെറബിള്‍സ്'ന്റെ വളരെ പഴയ ഇംഗ്ലീഷ് എഡിഷന്‍, ഷേക്സ്പിയര്‍ നാടകങ്ങളുടെ പഴയ കോപ്പികള്‍... അങ്ങനെയങ്ങനെ ഒരുപാട്. വളരെ പഴയത്... പൊന്നുപോലെ സൂക്ഷിച്ചവ.

കേടുകളൊന്നും കൂടാതെ ഭദ്രമായി സംരക്ഷിക്കപ്പെടുന്ന പഴയ ഇംഗ്ലീഷ് പുസ്തകങ്ങളുടെ പേജുകളില്‍ നൂറ്റാണ്ടുമുമ്പേ അത് സംഭാവനചെയ്ത ബ്രിട്ടീഷ് ഓഫീസറുടെ ൈകയൊപ്പുകാണുന്ന നിങ്ങള്‍ ചരിത്രത്തെ തൊട്ടതുപോലെ പൊള്ളി കൈവലിക്കും. വെള്ളക്കാരായ പട്ടാളക്കാര്‍ എങ്ങനെയായിരുന്നു എന്ന് സങ്കല്പിക്കാന്‍ ശ്രമിക്കും. അവരിലും പുസ്തകങ്ങളെ ഇഷ്ടമുള്ളവര്‍ ഉണ്ടായിരുന്നോ? പ്രണയകവിതകളും നോവലുകളും അവരും വായിച്ചിരുന്നോ? ഈ OLQ എന്ന് നമ്മള്‍ പറയുന്ന 'Officer Like Qualities' അവരുടെ പിന്തുടര്‍ച്ചയല്ലേ -'Gentleman officer'þ Perfect Gentleman' എന്ന സങ്കല്പവും. എന്നിട്ടും അവര്‍ എന്തിനാണ് സാധുക്കളായ ഇന്ത്യക്കാരെ വേട്ടയാടിയത്? കൊള്ളയടിച്ചത്? അവര്‍ക്കതില്‍ സങ്കടമുണ്ടായിരുന്നോ? ചോദ്യംചെയ്യാതെ അനുസരിക്കാന്‍ കടപ്പെട്ട പട്ടാളക്കാര്‍. തീരുമാനങ്ങളെടുക്കുന്നത് ചുരുക്കം ചിലരും നടപ്പാക്കുന്നത് എല്ലാവരും -ഏതുകാലത്തിലും ഏതുഭരണത്തിലും അതങ്ങനെത്തന്നെ എന്ന സത്യം വീണ്ടുംതലയില്‍ വന്നടിക്കും.

ഹിമാലയന്‍ മഹാഗണികളില്‍ പണിത യൂറോപ്യന്‍സ്‌റ്റൈല്‍ പുസ്തകഅലമാരകള്‍ കുലീനതയോടെ നിങ്ങളെ ഉറ്റുനോക്കുന്നു. ഈ പുസ്തകമുറികളില്‍ കാലം എപ്പോഴോ ഫ്രീസ് ചെയ്തുപോയിട്ടുണ്ട്. മരയലമാരകളില്‍നിന്ന് ഇപ്പോഴും യാര്‍ഡ്ലിയുടെ ഇംഗ്ലീഷ് ലാവന്‍ഡര്‍ വാസനയുയരുന്നുണ്ടോ. കുഞ്ഞുങ്ങളുടെ ബുക്ക് ഷെല്‍ഫില്‍നിന്ന് കിട്ടിയ ഗ്രാന്‍ഡ്മാ കഥകളില്‍ 'ലൂസി- ലൂസി' എന്ന് കുത്തിവരച്ചിട്ട പെണ്‍കുഞ്ഞിനെ സ്വര്‍ണമുടിച്ചുരുളുകള്‍ ഒക്കെ ചേര്‍ത്ത് മനസ്സിലൊന്ന് വരച്ചുനോക്കും. ലിറ്റില്‍ ലൂസിയുടെ ആറാംപിറന്നാളിന് അങ്കിള്‍ ഫിലിപ്പ് എന്ന് ഒന്നാംപേജില്‍ കടുംവയലറ്റ് നിറത്തില്‍ ചരിച്ചെഴുതിയ ഭംഗിയുള്ള കാലിഗ്രാഫി അക്ഷരങ്ങളില്‍ ഇപ്പോഴും മഷിമണമുണ്ടോയെന്ന് വാസനിച്ചുനോക്കും. ഒപ്പിനുതാഴെ 1924 എന്ന് വര്‍ഷം കണ്ട് അമ്പരക്കും.

''ലിറ്റില്‍ ലൂസി ഇപ്പോള്‍ എവിടെയായിരിക്കും അമ്മേ'' എന്ന് ചോദിച്ച മോളോട് ''ലിറ്റില്‍ ലൂസി, വലുതായി വലുതായി വയസ്സായി മരിച്ചുപോയിരിക്കും- അല്ലെങ്കില്‍ ഇപ്പോള്‍ വയസ്സിയായി ഇംഗ്ലണ്ടില്‍ ജീവിച്ചിരിപ്പുണ്ടാവും.'' എന്നൊക്കെ പറഞ്ഞുകൊടുത്തു. എങ്കിലും വൈകുന്നേരം സെയ്ന്റ് സ്റ്റീഫന്‍ ചര്‍ച്ചിന്റെ പഴയ സെമിത്തേരിയുടെ മുന്നിലൂടെ നടന്നപ്പോള്‍ ഇന്ന് ഞങ്ങള്‍ ലൈബ്രറിയില്‍ പരിചയപ്പെട്ട കുഞ്ഞുലൂസിയെങ്ങാന്‍ അവിടെ ഉറങ്ങുന്നുണ്ടാവുമോ എന്നൊരു ആന്തല്‍.

എല്ലാ കന്റോണ്‍മെന്റുകളിലുമുണ്ടാവും ഒരു പഴയ ആംഗ്ലിക്കന്‍ പള്ളിയും അതിന്റെ സെമിത്തേരിയിലെ കല്ലറകളിലുറങ്ങുന്ന അനേകം വിദേശീയരും. നമ്മുടെ കണ്ണൂര്‍ക്കോട്ടയില്‍കണ്ട ഡച്ച് കമാന്‍ഡറുടെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും ഒറ്റക്കുഴിമാടത്തെക്കുറിച്ചും ഓര്‍ത്തു. കഥപറയുന്ന കല്ലറകള്‍.

പച്ചക്കറികള്‍ പൊട്ടാസ്യം പെര്‍മാംഗനേറ്റ് വെള്ളത്തില്‍ കഴുകിയും വീടുകളുടെ തറ കെട്ടിയുയര്‍ത്തിയും ജനാലകള്‍ക്ക് കൊതുകുനെറ്റുകള്‍ പിടിപ്പിച്ചും ബ്രിട്ടീഷുകാര്‍ തങ്ങളുടെ കുടുംബങ്ങളെ കോളറയില്‍നിന്നും മലേറിയയില്‍നിന്നും മറ്റനേകം അപരിചിതരോഗങ്ങളില്‍നിന്നും പ്രതിരോധിക്കാന്‍ കിണഞ്ഞുശ്രമിച്ചു. എന്നിട്ടും പള്ളിസെമിത്തേരികള്‍ അവരുടെ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും കല്ലറകള്‍കൊണ്ട് തിങ്ങി. അധിനിവേശക്കാര്‍ക്കും കാര്യങ്ങള്‍ അത്ര എളുപ്പമൊന്നുമല്ലായിരുന്നു. അവരെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ടതില്‍ ഏറ്റവും തീവ്രമായ കുറിപ്പുകളും കണക്കുകളും ആ കല്ലറകളിലെ ഓര്‍മക്കല്ലുകളിലാണ് കൊത്തപ്പെട്ടിരുക്കുന്നത്. ഡൊമനിക് ലാപിയര്‍ ഫ്രീഡംഅറ്റ് മിഡ്നൈറ്റില്‍ അത് പറയുന്നുണ്ട്.

'þNo more poignant account of the English in India was ever written than that of inscribed upon the tombstones of those cemetries'

യുദ്ധങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കുമിടയില്‍ വലിച്ചിഴയ്ക്കപ്പെടുന്ന സ്ത്രീകള്‍ അപൂര്‍വമായി കഥകളില്‍ പേരടയാളപ്പെടുത്തുന്നു, വിദൂരദേശങ്ങള്‍ക്ക് കുഴിമാടങ്ങള്‍കൊണ്ടവകാശം പറയുന്നു. പാഞ്ചാലി ബറേലിയെന്ന സ്വദേശംവിട്ട് (പഴയ പാഞ്ചാലദേശം) ഹസ്തിനപുരിയിലേക്ക് വിവാഹിതയായി പോയെങ്കില്‍ ഈ നാട്ടിലേക്ക് വിവാഹിതരായി വരേണ്ടിവന്ന ഒരുപാട് വിദേശവനിതകള്‍ ഇവിടത്തെ പള്ളിക്കല്ലറകളില്‍ നിത്യമായി ഉറങ്ങുന്നുണ്ട്. തണുപ്പുനാട്ടിലെ മഞ്ഞില്‍നിന്ന് ബറേലിയിലെ ചൂടിലേക്കും പൊടിയിലേക്കും വന്നവര്‍. മടങ്ങിപ്പോകാന്‍ ഒരിക്കലും സാധിക്കാഞ്ഞവര്‍. പരദേശിയുടെ ജീവിതം ഒരുപെണ്ണിനും പുതുമയല്ല. ഏതുനാട്ടിലും ഏതുകാലത്തും അതങ്ങനെയൊക്കെത്തന്നെ. ഭര്‍ത്തൃവീടുകളില്‍ മരണംവരെ 'കെട്ടിക്കേറിവന്നവള്‍'എന്നുതന്നെയാണ് അവള്‍ക്ക് വിളിപ്പേര്. സ്ത്രീയെന്ന സ്ഥിരം അഭയാര്‍ഥി. അഫ്ഗാനിസ്താനെന്ന ഗാന്ധാരദേശത്തുനിന്ന് ഗംഗാതടസമതലങ്ങളിലേക്കുവന്ന ഗാന്ധാരിയെപ്പോലെ, വന്നുചേര്‍ന്ന നാട്ടില്‍ അവസാനംവരെ പലതിനോടും കണ്ണുകെട്ടി ജീവിക്കേണ്ടി വരുന്നവള്‍.

ആദ്യകാലങ്ങളില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലേക്കുള്ള ഇംഗ്ലീഷ്‌സ്ത്രീകളുടെ വരവ് നിരോധിച്ചിരുന്നു -അധികച്ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടുള്ള ഒരുകോര്‍പ്പറേറ്റ് കമ്പനി തീരുമാനം ! പക്ഷേ, കമ്പനിക്ക് അധികംവൈകാതെ തീരുമാനംമാറ്റേണ്ടിവന്നു. സ്ത്രീകളെ ഇവിടെ താമസത്തിനായിവരാന്‍ നിര്‍ബന്ധിക്കാനുംതുടങ്ങി. ഇന്ത്യയിലേക്ക് വരാന്‍തയ്യാറുള്ള പെണ്‍കുട്ടികള്‍ക്കായി അവര്‍ ബ്രിട്ടനിലെ അനാഥാലയങ്ങളില്‍ അപേക്ഷകള്‍പോലും സമര്‍പ്പിച്ചു. നാട്ടുകാരുമായി വംശീയയകലം പുലര്‍ത്തിയിരുന്ന കര്‍ശനക്കാരികളായ മേംസാബുമാര്‍ മാത്രമായാണ് ഇന്ത്യയിലെ വെള്ളക്കാരികള്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്-പക്ഷേ, കലാകാരികളും കച്ചവടക്കാരികളും എല്ലാം അവരിലുണ്ടായിരുന്നു. ടീച്ചര്‍മാരും മിഡ്വൈഫുകളും തുന്നല്‍ക്കാരികളും ബേബിസിറ്റര്‍മാരും ഉണ്ടായിരുന്നു. കറപിടിച്ച ഭൂതകാലത്തിന്റെ ഭാരമില്ലാതെ ജീവിക്കാനായി ഇന്ത്യയിലേക്ക് ഒറ്റയ്ക്കുവന്ന ഭാഗ്യാന്വേഷികളായ കോര്‍ട്ടിസാന്‍മാര്‍ (കൊട്ടാരദാസികള്‍) പോലുമുണ്ടായിരുന്നു! ചരിത്രത്തില്‍ കഥ പറയാനവകാശം ലഭിക്കാതെ മറഞ്ഞുപോയ എല്ലാസ്ത്രീകളെയുംപോലെ അവരും അടയാളങ്ങള്‍ വളരെ കുറച്ചേ അവശേഷിപ്പിച്ചിട്ടുള്ളൂ.

'ലെടിക്കെനി' എന്ന ബംഗാളി മധുരം കഴിച്ചിട്ടുണ്ടോ? നാവിലലിഞ്ഞു പോവുന്ന ഒരു കൊല്‍ക്കത്താമധുരം. 'ലേഡി കാനി' എന്ന പേര് ലോപിച്ച് ' ലെടിക്കെനി' ആയതാണ്. ലേഡി ഷാര്‍ലെറ്റ് കാനിങ് ആണത്. കൊല്‍ക്കത്തക്കാരുടെ മനസ്സില്‍ മധുരം കൊണ്ടടയാളംവെച്ച് മാഞ്ഞുപോയ പ്രിയങ്കരിയായ വെള്ളക്കാരി. പ്രശസ്തയായ ചിത്രകാരിയും ബൊട്ടാണിക്കല്‍ ഇല്ലസ്ട്രേറ്ററുമായിരുന്നു ഷാര്‍ലറ്റ്. അനവധിയായ ജലച്ചായാചിത്രങ്ങളാലെ പത്തൊമ്പതാംനൂറാണ്ടിലെ ഇന്ത്യയുടെ സുന്ദര ഭൂമികകളും ജൈവവൈവിധ്യവും അവര്‍ തനിമയില്‍ ഒപ്പിയെടുത്തു. എത്ര ഭംഗിയാണ് ഷാര്‍ലെറ്റിന്റെ ചിത്രങ്ങള്‍; ഇഷ്ടപ്പെട്ട ദൃശ്യങ്ങള്‍ വരയ്ക്കുമ്പോഴാണെങ്കില്‍ പ്രത്യേകിച്ചും. കാഴ്ചകളുടെ മീതെ അവളുടെ ബ്രഷ് സ്‌ട്രോക്കുകള്‍ പൂമ്പാറ്റകള്‍പോലെ പറന്നുപാറുന്നത് നമുക്ക് കാണാം. 1861-ല്‍ ഒരു ഡാര്‍ജിലിങ് യാത്രയ്ക്കുശേഷം മലേറിയ ബാധിച്ച് ഷാര്‍ലറ്റ് മരിച്ചു-നാല്‍പ്പത്തിനാലാം വയസ്സില്‍. കൊല്‍ക്കത്തയ്ക്കടുത്ത് ബാരക്ക്പുരില്‍ ലേഡി കാനിങ്ങിന്റെ ശവകുടീരമുണ്ട്, ഹൂഗ്ലി നദിയുടെ ഓരത്ത്. അവിടെ കാന്‍വാസ് ഉറപ്പിച്ച് ഒരുപാടുതവണ അവള്‍ തന്റെ പ്രിയപ്പെട്ട നദിയെനോക്കി ചിത്രമെഴുതിയിട്ടുണ്ട്. ഹൂഗ്ലിയെയും കൊല്‍ക്കത്തയെയും സ്‌നേഹിച്ചിരുന്ന ഷാര്‍ലറ്റിനെ കൊല്‍ക്കത്ത തിരിച്ചും സ്‌നേഹിച്ചു. അവളുടെ ഇഷ്ടപലഹാരത്തിന് അവളുടെ പേരിട്ട് അവളെ എന്നും ഓര്‍മിച്ചു.

ബറേലി ലൈബ്രറിയില്‍നിന്ന് തപ്പിയെടുത്ത പഴയ പുസ്തകങ്ങളുടെ കൂടെ വെള്ളക്കാരിപ്പെണ്ണുങ്ങള്‍ക്ക് ഇന്ത്യയില്‍ ഉപയാഗിക്കാനാവുന്ന വസ്ത്രങ്ങളെക്കുറിച്ചുള്ള ഒരു ഹാന്‍ഡ്ബുക്കുമുണ്ടായിരുന്നു. മാസങ്ങള്‍ നീളുന്ന കപ്പല്‍യാത്രയില്‍ ധരിക്കാവുന്ന ഉടുപ്പുകളെക്കുറിച്ചുള്ള കുറിപ്പ് രസമായിരുന്നു-പ്രിന്‍സസ് കട്ട് ബ്ലൗസും വലിയ പോക്കറ്റുള്ള നീളന്‍പാവാടയും ഒക്കെ അതിലുണ്ട്. ലേറ്റസ്റ്റ് ഫാഷനെന്നും പറഞ്ഞ് അടുത്തയിടെ തയ്പ്പിച്ചെടുത്ത പ്രിന്‍സസ് കട്ട് ബ്ലൗസിന്റെ കാര്യം ഓര്‍ത്തപ്പോള്‍ ശരിക്കും ചിരിപൊട്ടിപ്പോയി.

കന്റോണ്‍മെന്റിന്റെ അതിരില്‍ വിശാലമായ തൊടിയില്‍ ബറേലി ക്ലബ്ബിന്റെ വെളുത്തമന്ദിരം. പണ്ട് ഇംപീരിയല്‍ സിവില്‍സര്‍വീസ് ഓഫീസര്‍മാരും ഉന്നത ബ്രിട്ടീഷ് പട്ടാളഓഫീസര്‍മാരും ഒക്കെ സന്ധ്യകള്‍ ചെലവിട്ട ഇടം. സീനിയോറിറ്റിയകലം സൂക്ഷിച്ചും പ്രോട്ടോകോള്‍ അനുസരിച്ചും ത്രീകോഴ്സ് ഡിന്നര്‍ പാര്‍ട്ടികള്‍ നടന്നിരുന്ന വിശാലമായ വിരുന്നുശാലകളും ബോള്‍റൂമുകളും. നാട്ടുകാര്‍ക്ക് പരിസരത്തുപോലും പ്രവേശനമില്ലായിരുന്നു. കുമയുണ്‍ മലകള്‍ക്കെതിരേ താഴുന്ന സന്ധ്യാസൂര്യനും വിസ്‌കി നുരയുന്ന ഗ്ലാസുകളും ബില്യാര്‍ഡ് ടേബിളിനുചുറ്റും പതിഞ്ഞ ശബ്ദത്തില്‍ പങ്കിടുന്ന തീരുമാനങ്ങളും. എന്തായിരിക്കും അവര്‍ ചര്‍ച്ചചെയ്തിട്ടുണ്ടാവുക? നമ്മളെ ഇപ്പോഴുംവിടാതെ പിന്തുടരുന്ന ഡിവൈഡ് ആന്‍ഡ് റൂളിന്റെ കുനിഷ്ടും കൈത്തറി വ്യവസായം നശിപ്പിക്കലിന്റെയും കൊടുംനികുതി പിരിക്കലിന്റെയും കുതന്ത്രങ്ങളും ഒക്കെയോ? അതോ വെറും സായാഹ്നഗോസിപ്പുകളോ?

നിറയെ മള്‍ബറിമരങ്ങള്‍ ഉണ്ടായിരുന്ന ഒരിടത്തായിരുന്നു ഞങ്ങള്‍ക്കുകിട്ടിയ ക്വാര്‍ട്ടേഴ്സ്. നാട്ടില്‍നിന്നു കൊണ്ടുവന്ന കപ്പത്തണ്ടുകള്‍ മള്‍ബറി മരങ്ങള്‍ക്കിടയില്‍ നാട്ടി, യു.പി.യില്‍ ഒരുകുഞ്ഞുകേരളം സൃഷ്ടിക്കാന്‍ ഞങ്ങളുമൊന്നു ശ്രമിച്ചുനോക്കി! 'കുടിയേറ്റം, കുടിയേറ്റം' എന്ന് വിളിച്ചുപറയുന്നപോലെ ആമ്പക്കാടന്‍കപ്പകള്‍ വയലറ്റുതണ്ടുകളില്‍ കൊഴുത്തുചിരിച്ചു. അവരുടെ നവരാത്രിവ്രതത്തിന്റെ വിശേഷാല്‍ വിഭവമായ സാബുദാന ഈ കിഴങ്ങുകൊണ്ടാണ് ഉണ്ടാക്കുന്നത് എന്ന വിശദീകരണത്തില്‍ മയങ്ങിവീണ് ഉത്തരേന്ത്യന്‍ അയല്‍ക്കാര്‍ ഒരു കഷണം മരച്ചീനിക്കിഴങ്ങിനായി ക്യൂനിന്നു. പക്ഷേ, പരിചയമില്ലാത്ത കിഴങ്ങിന്റെ ഗുട്ടന്‍സ് ആദ്യവട്ടം തീരെ മനസ്സിലാകാതിരുന്ന ലോക്കല്‍പെരുച്ചാഴികള്‍ രണ്ടാമൂഴത്തില്‍ ഒന്നൊഴിയാതെ വേരും നാരുമടക്കം കരണ്ടുതീര്‍ത്ത് പ്രതികാരംചെയ്തു. അതിജീവനത്തിന്റെ ആശാന്മാരായ ഉത്തരേന്ത്യന്‍ പെരുച്ചാഴികളാട് പലരീതിയില്‍ പൊരുതി പരാജയപ്പെട്ട് ദുഃഖിതരായ പാരമ്പര്യകുടിയേറ്റമലയാളികള്‍ അങ്ങനെ കപ്പക്കൃഷിയില്‍നിന്ന് തത്കാലത്തേക്ക് പിന്‍വാങ്ങുകയും ചെയ്തു.

ക്രിസ്മസ് കാലമായിരുന്നു. കാന്റില്‍ ഒരുപഴയ ബേക്കറിയുണ്ട്. റമ്മിലിട്ടുവെച്ച ഉണക്കപ്പഴങ്ങളും പഞ്ചസാരയും മുട്ടകളും കൊടുത്താല്‍ അവര്‍ കേക്കുണ്ടാക്കിത്തരും എന്നുകേട്ട് ചെന്നതാണ്. ഉത്തരേന്ത്യയിലെ പഴയ കന്റോണ്‍മെന്റു ബേക്കറികളിലൊക്കെ ക്രിസ്മസ്‌കാലത്ത് ഇതൊരു ആചാരമാണ്. നമ്മള്‍കൊടുത്ത കൂട്ടുകള്‍ മിക്സ് ചെയ്ത് കൂറ്റന്‍ ഇഷ്ടിക ബോര്‍മയില്‍ തള്ളുന്നു. മാജിക്കുപോലെ ഇത്തിരിമാവുപൊലിച്ച് സുന്ദരന്‍കേക്കുകള്‍ ഉയര്‍ന്നുയര്‍ന്നുണ്ടായി വരുന്നു. പ്രതിഫലം കൊടുക്കാന്‍ നോക്കിയപ്പോഴാണ് പണി പാളിയത്. ഇത് ഞങ്ങള്‍ നൂറുവര്‍ഷത്തിലധികമായി ക്രിസ്മസ്‌കാലത്ത് ചെയ്യുന്നതാണ്. -അതിന് പണംതരാന്‍ നോക്കുന്നോ എന്ന് ബേക്കറിക്കാരി ചീറുന്നു.

'യെ ഹം സൗ സാല്‍ സെ കര്‍ രഹെ ഹെ .... പൈസാ കെ ലിയേ നഹീ' ഹൊ ....ഇവിടെ ഓരോകല്ലിനും തൊട്ടാല്‍പൊള്ളുന്ന ചരിത്രവും അഭിമാനവുമുണ്ട്. ചരിത്രമില്ലാത്തവയുടെ തൂവല്‍ക്കനലഹരിയോടെ ഇതിനെല്ലാമിടയിലൂടെ ഇങ്ങനെ പാറിപ്പാറിനടക്കാനും ഒരുരസമുണ്ട്!

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented