.
ഭിന്നശേഷിയുളള ഒരു കുഞ്ഞിന്റെ ജനനം ആദ്യം ഇല്ലാതാക്കുന്നത് അമ്മയുടെ സാമൂഹികജീവിതവും തൊഴിലുമാണ്. ഇവരില്‍ മാനസികനില തകര്‍ന്നുപോയ അമ്മമാരുണ്ട്, ഭിന്നശേഷിയുളള കുഞ്ഞുണ്ടായതിന്റെ പേരില്‍ വിവാഹമോചനത്തില്‍ എത്തിയ ദമ്പതികളുണ്ട്. ജീവിതത്തിലെ അപ്രതീക്ഷിതമായ ഈ സാഹചര്യത്തെ വെല്ലുവിളി പോലെ ഏറ്റെടുത്ത് ജീവിതം മുന്നോട്ടുനയിക്കുന്ന ചുരുക്കം ചില രക്ഷിതാക്കളുമുണ്ട്. ദീര്‍ഘയാത്രക്ക് പോകുമ്പോള്‍ വളര്‍ത്തുമൃഗങ്ങളെ ഏല്‍പ്പിച്ചുപോകാന്‍ പോലും പെറ്റ് കെയര്‍ സെന്ററുകളുളള സാക്ഷര കേരളത്തില്‍ ഈ കുഞ്ഞുങ്ങളെ വിശ്വസിച്ച് ഏല്‍പ്പിച്ചുപോകാന്‍ ഒരു ഇടമില്ലെന്നുളളത് വികസിത സമൂഹമെന്ന നിലയില്‍ കേരളത്തിനുണ്ടാക്കുന്ന നാണക്കേട് വലുതാണ്. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാര്‍ക്ക് അവരുടെ സാമൂഹിക ജീവിതം നഷ്ടപ്പെട്ടുപോകില്ലെന്ന് ഉറപ്പുനല്‍കേണ്ടതുണ്ട്. കുട്ടികളെ അനുഭാവപൂര്‍വം പരിചരിക്കാന്‍ കഴിയുന്ന ക്ഷമയും സ്‌നേഹവും നിറഞ്ഞ ഭിന്നശേഷിസൗഹാര്‍ദമായ ഇടങ്ങള്‍ നാം സൃഷ്ടിക്കേണ്ടതുണ്ട്. ഈ ആവശ്യത്തിലൂന്നിക്കൊണ്ട് പൊതുജനങ്ങളുടെയും സര്‍ക്കാരിന്റെയും ശ്രദ്ധ ക്ഷണിക്കുന്നതിനായി മാതൃഭൂമി ഡോട് കോം മുന്നോട്ടുവെക്കുന്നു ' ഇടം നല്‍കാം മക്കള്‍ക്ക്, അമ്മയ്ക്ക് ജീവിതവും'
മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണ്? പല ഉത്തരങ്ങളുമുണ്ട് ഈ ചോദ്യത്തിന്. അവള്‍ക്ക്\അവന് ഞാന്‍ അല്ലാതെ ആരുണ്ട് എന്ന ചിന്തയില്‍ തുടങ്ങി എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ കുഞ്ഞിനെ ആരു നോക്കും, അവര്‍ക്ക് ആര് തണലാകും എന്ന ആശങ്കയും കടന്ന് അവരെ വിശ്വസിച്ച് ഒരിടത്ത് ഏല്‍പിച്ച്, ജോലിക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ പോകാന്‍ സാധിക്കാത്ത നിസ്സഹായാവസ്ഥയില്‍ എത്തി നില്‍ക്കുന്നുണ്ട് ആ ചോദ്യത്തിന്റെ ഉത്തരം. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന ഈ മാതാപിതാക്കളുടെ ആശങ്കകളെ അകറ്റാന്‍ എന്താണ് മാര്‍ഗം?.
ഇതിന് ഒരു മാതൃകയാണ് കാസര്‍കോട് അമ്പലത്തറയിലെ 'സ്നേഹവീട്'. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുഞ്ഞുങ്ങളെ പകല്‍സമയത്ത് പരിപാലിക്കുകയും അവര്‍ക്ക് ഫിസിയോ തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി, വൊക്കേഷണല്‍ ട്രെയിനിങ് ഉള്‍പ്പെടെ വിവിധ തരം തെറാപ്പികളും ഇവിടെ നല്‍കുന്നുണ്ട്.
സ്നേഹവീട് രൂപം കൊണ്ടത് എങ്ങനെ? എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍ പറയുന്നു:
എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുഞ്ഞുങ്ങളുടെ രക്ഷിതാക്കള്‍, പ്രത്യേകിച്ച് അമ്മമാര്‍ അനുഭവിക്കുന്ന ദുഃഖത്തിന്റെ ആഴം വലുതാണ്. നിരന്തരമായ സമരപോരാട്ടങ്ങളുടെ ഭാഗമായി 2011-ല്‍ എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തിലും സുപ്രീം കോടതി ഇന്ത്യയിലും നിരോധിച്ചു. പക്ഷെ, നിരോധനത്തിനിപ്പുറവും ഒരു ചോദ്യം അവശേഷിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ പോയി, എന്നാല്‍ എന്‍സള്‍ഫാന്‍ ജീവിതം തകര്‍ത്ത ജനങ്ങള്‍ എങ്ങോട്ടു പോകും എന്നായിരുന്നു ആ ചോദ്യം. ഈ ചോദ്യത്തിനുള്ള ഉത്തരം തേടി എന്‍ഡോസള്‍ഫാന്‍ ബാധിതരായ അമ്മമാര്‍ സമരം തുടങ്ങി.
.jpeg?$p=70e3666&&q=0.8)
Read More: സങ്കടങ്ങളുടെ തോരാമഴയില്‍ കുട ചൂടുന്ന ഒരമ്മ | ഇടം നല്‍കാം മക്കള്‍ക്ക്; അമ്മയ്ക്ക് ജീവിതവും
അതിനിടെയാണ് ഞങ്ങള്‍ എന്‍മകജെയിലെ ശീലാബതിയുടെ വീട്ടില്‍ എത്തിയത്. മുപ്പതു വയസ്സുണ്ടായിട്ടും ചെറിയ കുട്ടികളുടെ രൂപമായിരുന്നു ശീലാബതിക്ക്. മെലിഞ്ഞ കൈകാലുകള്‍. മൂന്നു സെന്റിലെ ആ ചെറിയ കുടിലില്‍ കിടപ്പിലായ ശീലാബതിയും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടിലെത്തിയ ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടത് അവിടെയിരിക്കുന്ന ഒരു ഇരുമ്പുകത്തിയും കയറുമാണ്. ഇരുമ്പുള്ളിടത്ത് പ്രേതവും പിശാചുമൊന്നും വരില്ലെന്ന വിശ്വാസത്തിലാണ് അവരാ കത്തി വീട്ടില്‍ സൂക്ഷിച്ചിരുന്നത്. എന്തിനാണ് ആ കയറെന്ന ചോദ്യത്തിന് ലഭിച്ച മറുപടി ഉള്ളു പൊള്ളിക്കുന്നതായിരുന്നു.
ശീലാബതിയുടെ അമ്മ അടുത്ത വീടുകളില്‍ പശുക്കള്‍ക്ക് പുല്ലരിഞ്ഞു കൊടുക്കുന്നതിനായി പോകുമായിരുന്നു. അതായിരുന്നു അവരുടെ ഉപജീവനമാര്‍ഗം. അമ്മ ജോലിക്ക് പോകുമ്പോള്‍ ശീലാബതി തനിച്ചാകും. അടച്ചുറപ്പുള്ള വീടല്ലാത്തതിനാല്‍ ഇഴജന്തുക്കള്‍ കയറിവന്നേക്കാം. അവരില്‍നിന്ന് ശീലാബതിയെ സംരക്ഷിക്കുന്നത് ഒരു പൂച്ചക്കുട്ടിയാണ്. അതിനെ കെട്ടിയിടാനുളളതാണത്രേ ആ കയര്‍. എനിക്കു ശേഷം ആരെന്റെ മകളെ നോക്കുമെന്നായിരുന്നു ശീലാബതിയുടെ അമ്മയുടെ ആശങ്ക. പക്ഷേ, അമ്മയ്ക്ക് മുമ്പേ ശീലാബതി മരിച്ചു. കുഞ്ഞികൃഷ്ണന്‍ ഓര്‍ക്കുന്നു.
'എന്റെ മരണശേഷം എന്റെ മകള്‍ക്കാര്' എന്ന ശീലാബതിയുടെ അമ്മയുടെ ചോദ്യം കുഞ്ഞികൃഷ്ണനെയും ഒപ്പമുണ്ടായിരുന്ന എന്‍ഡോസള്‍ഫാന്‍ ബാധിതയും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രസിഡന്റുമായ മുനീസ അമ്പലത്തറയെയും ഇരുത്തിചിന്തിപ്പിച്ചു. ആ ചോദ്യത്തിനുളള ഉത്തരമായാണ് സ്‌നേഹവീട് പിറവികൊള്ളുന്നത്.
ശീലാബതിയുടെ അമ്മയുടെ മാത്രമല്ല, ഒരുപാട് അമ്മമാരുടെ ചോദ്യം
ശീലാബതിയുടെ അമ്മയുടെ മാത്രം ചോദ്യമായിരുന്നില്ല അത്. ഒരുപാട് അമ്മമാരുടെ ചോദ്യമായിരുന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരങ്ങള്‍ നടക്കുന്നു, ചില ആനുകൂല്യങ്ങള്‍ ലഭിക്കുന്നു. പക്ഷേ, എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ എന്റെ കുഞ്ഞിനെ ആരു നോക്കും? പലപ്പോഴായി എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി നടന്ന ചര്‍ച്ചകളില്‍ മന്ത്രിമാര്‍ക്ക് മുന്നിലും ഈ ചോദ്യമുയര്‍ന്നു. ആര്‍ക്കും ഉത്തരമുണ്ടായിരുന്നില്ല.
അമ്മാരുടെ പ്രശ്നങ്ങളെ കുറിച്ച് കുഞ്ഞിക്കൃഷ്ണനും മുനീസയും നിരവധി ചര്‍ച്ചകള്‍ നടത്തി. അതിനിടെ ഒന്നോ രണ്ടോ കുട്ടികളെ ഏറ്റെടുത്തുകൂടേ എന്ന ഒരു ചോദ്യം ഇരുവര്‍ക്കുമിടയില്‍ ഉയര്‍ന്നു. എങ്കില്‍ പിന്നെ ശ്രമിച്ചുനോക്കാമെന്നായി മുനീസ. കുട്ടികളെ ഏറ്റെടുത്തുകൊണ്ട് ഒരു സമരമുറ എന്ന രീതിയിലായിരുന്നു 'സ്‌നേഹവീടി'ന്റെ തുടക്കമെങ്കിലും അത് കുഞ്ഞുങ്ങള്‍ക്കായുളള സ്‌നേഹാലയമായി മാറുകയായിരുന്നു. മെന്റലി റിട്ടാര്‍ഡഡ് (എം.ആര്‍.) ആയ കുട്ടികളെയാണ് ഇത്തരത്തില്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിച്ചത്. എം.ആര്‍. ആയ കുട്ടികളുടെ ഭാവിയെ കുറിച്ചാണ് എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാരുടെ ഏറ്റവും വലിയ ആശങ്ക.
പണമില്ല, കെട്ടിടമില്ല മുനീസയും കുഞ്ഞിക്കൃഷ്ണനും നടന്നുകയറിയ കടമ്പകള്‍
കുട്ടികളെ ഏറ്റെടുത്തു കൊണ്ടുവന്ന് നോക്കാന്‍ ഒരു സംവിധാനം വേണം. അത്തരമൊരു സംവിധാനം ആരംഭിക്കാന്‍ പണമില്ല, കെട്ടിടമില്ല. മാത്രമല്ല, ഇത്തരം കുട്ടികള്‍ക്കായതിനാല്‍ വാടകയ്ക്ക്പോലും കെട്ടിടം വിട്ടുതരാന്‍ ആരും തയ്യാറായതുമില്ല. അന്വേഷണത്തിനൊടുവില്‍ അമ്പലത്തറയില്‍ ഒരു വീട് കിട്ടി. കുഞ്ഞിക്കൃഷ്ണന്റെ ഒരു സുഹൃത്ത്, ഈ വീടിന്റെ വാടക കൊടുക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു. ഹോമിയോ ഡോക്ടറും സംവിധായകനുമായ ഡോ.ബിജു പിന്തുണയുമായി ഒപ്പം നിന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ കുറിച്ച് 'വലിയ ചിറകുള്ള പക്ഷികള്‍' എന്ന ചിത്രം ഒരുക്കുന്ന സമയത്ത് ബിജുവുമായി കുഞ്ഞിക്കൃഷ്ണന് പരിചയമുണ്ടായിരുന്നു. അന്ന് കാസര്‍കോട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ കൂടിയായിരുന്നു ബിജു.
അങ്ങനെ ഒരുപാടു പേരുടെ സഹായത്തോടെ 2014 ഡിസംബര്‍ എട്ടിന് 'സ്നേഹവീട്' വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുട്ടികളെ വീടുകളില്‍നിന്ന് ഓട്ടോയില്‍ ചെന്നു കൊണ്ടുവരാനായിരുന്നു പദ്ധതി. പക്ഷേ, കുട്ടികള്‍ ഓട്ടോ വൃത്തികേടാക്കിയാലോ എന്നുപറഞ്ഞ് കുട്ടികളെ ഓട്ടോയില്‍ കയറ്റാന്‍ ഡ്രൈവര്‍മാര്‍ തയ്യാറായിരുന്നില്ല. പതിയെ പതിയെ ആണ് 'സ്‌നേഹവീടി'ന്റെ സാരഥികള്‍ ഈ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കണ്ടെത്തിയത്.
'സ്‌നേഹവീടി'നായി കോടീശ്വരനില്‍ മത്സരിച്ച കുഞ്ചാക്കോ ബോബന്‍
സ്വന്തമായി ഒരു കെട്ടിടം എന്ന ലക്ഷ്യത്തിന് 'വലിയ ചിറകുള്ള പക്ഷികള്‍' എന്ന സിനിമയുടെ നിര്‍മാതാവില്‍നിന്ന് ലഭിച്ച ആദ്യം സഹായം ഒരു ലക്ഷം രൂപയാണ്. ഒരിക്കല്‍ കോഴിക്കോട് ഷൂട്ടിങ്ങിനെത്തിയ കുഞ്ചാക്കോ ബോബന്‍ ശീലാബതിയെയും മറ്റു കുട്ടികളെയും കാണാന്‍ കാസര്‍കോട്ടെത്തി. കുഞ്ഞുങ്ങളെ കണ്ട് അദ്ദേഹം കരഞ്ഞുപോയി. ആ സമയത്ത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കോടീശ്വരന്‍ എന്ന പരിപാടിയില്‍ 'സ്നേഹവീടി'ന് വേണ്ടി കുഞ്ചാക്കോ ബോബന്‍ മത്സരിച്ചു. സമ്മാനമായി ലഭിച്ച നികുതിയും മറ്റും കഴിച്ചുള്ള നാലര ലക്ഷം രൂപ അദ്ദേഹം 'സ്നേഹവീടി'ന് കൈമാറി. യൂറോപ്പില്‍ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കളിക്കാന്‍ പോയപ്പോള്‍ കിട്ടിയ നാലരലക്ഷം രൂപയും കുഞ്ചാക്കോ ബോബന്‍ 'സ്നേഹവീടി'ന് നല്‍കി.
സിനിമാതാരം സുരേഷ് ഗോപിയിലൂടെ ഗള്‍ഫ് മലയാളി മറിയമ്മ വര്‍ക്കി 25 ലക്ഷം രൂപ തന്നു. 'സ്നേഹവീട്' യാഥാര്‍ഥ്യമാകുന്നതിലേക്കുള്ള നിര്‍ണായക ചുവടുവെപ്പായിരുന്നു ഇത്. അമ്പലത്തറയിലെ കസ്തൂര്‍ മഹിളാസമാജം പത്തു സെന്റ് സ്ഥലം സൗജന്യമായി 'സ്നേഹവീടി'ന് കൊടുത്തു. അങ്ങനെ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലമായി. തുടര്‍ന്ന് ആ ഭൂമിയില്‍ പരിസ്ഥിതി സൗഹൃദ കെട്ടിടം നിര്‍മിച്ചു.
എഴുത്തുകാരനും കാഞ്ഞങ്ങാട് നെഹ്റു കോളേജ് അധ്യാപകന്‍ അംബികാസുതന്‍ മങ്ങാടിന്റെ ഇടപെടലും 'സ്നേഹവീടി'ന് സഹായമായി. കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ സാഹിത്യവേദി നിര്‍മിച്ചു നല്‍കുന്ന വീടുകളില്‍ ഉള്‍പ്പെടുത്തിയാണ് സ്നേഹവീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. അങ്ങനെ 2018 ഡിസംബര്‍ എട്ടിന് സ്വന്തം കെട്ടിടത്തില്‍ 'സ്നേഹവീട്' പ്രവര്‍ത്തനം ആരംഭിച്ചു.
'സ്നേഹവീട്' അമ്മമാര്‍ക്ക് തുണയാകുന്നത് ഇങ്ങനെ
കുട്ടികളെ 'സ്നേഹവീട്ടി'ലാക്കുന്നതോടെ രക്ഷിതാക്കള്‍ക്ക് സമാധാനപൂര്‍വം മറ്റു കാര്യങ്ങള്‍ ചെയ്യാനാകുമെന്ന വലിയൊരു സഹായമാണ് സാധ്യമാകുന്നത്. കുട്ടികളെ സുരക്ഷിതമായ ഒരിടത്ത് ഏല്‍പിച്ചു പോകാമെന്ന ആശ്വാസം പല അമ്മമാരും മാതൃഭൂമി ഡോട്ട് കോമിനോടു പങ്കുവെച്ചു.
പല അമ്മമാര്‍ക്കും കുഞ്ഞുങ്ങളെ ആശങ്കകളില്ലാതെ 'സ്നേഹവീട്ടി'ല്‍ ഏല്‍പിച്ച് പോകാന്‍ സാധിക്കുന്നുണ്ട്. ഇതില്‍ കൂലിവേലയ്ക്ക് പോകുന്ന അമ്മമാരും സര്‍ക്കാര്‍ ജീവനക്കാരികളുമുണ്ട്. മാത്രമല്ല, കുട്ടികള്‍ക്ക് വിവിധ തെറാപ്പികള്‍ നല്‍കുന്നതിലൂടെ അവരില്‍ പ്രകടമായ മാറ്റവും വരുന്നുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അമ്മമാര്‍ക്കും മറ്റും ഒരുമിച്ചു കൂടാനുള്ള ഇടം കൂടിയാണ് ഇവിടം. തനിക്ക് മാത്രമല്ല ഈ ദുഃഖമെന്ന് മനസ്സിലാക്കാനും പരസ്പരം ആശ്വാസം പകരാനും ഇവിടം വേദിയാകുന്നുണ്ട്.
ആരുടെയും ദുര്‍മുഖം കാണണ്ടല്ലോ
മകള്‍ എല്‍സയെ 'സ്നേഹവീട്ടി'ലേക്ക് രശ്മി അയക്കാന്‍ തുടങ്ങിയിട്ട് മൂന്നുകൊല്ലമായി. ഇപ്പോള്‍ 13 വയസ്സുണ്ട് എല്‍സയ്ക്ക്. എണ്ണപ്പാറയിലെ എഫ്.എച്ച്.സിയിലെ നഴ്സാണ് രശ്മി. മുന്‍പ് എല്‍സയെ രശ്മിയുടെ മാതാപിതാക്കളായിരുന്നു നോക്കിയിരുന്നത്. അവര്‍ക്കൊപ്പമായിരുന്നപ്പോള്‍ ബുദ്ധിമുട്ടുകള്‍ ഒന്നും അറിഞ്ഞിരുന്നില്ല. മോളെ ഏല്‍പിച്ചിട്ട് ഡ്യൂട്ടിക്ക് പോകാമായിരുന്നു. പക്ഷേ, സ്വന്തമായി വീടുവെച്ചുമാറിയതോടെ കാര്യങ്ങള്‍ ബുദ്ധിമുട്ടായി. തെറാപ്പികള്‍ കൂടി ആവശ്യമുള്ള കുഞ്ഞായിരുന്നു എല്‍സ- രശ്മി പറയുന്നു.
തുടര്‍ന്ന് രശ്മി അത്തരമൊരു കേന്ദ്രത്തിനു വേണ്ടി നടത്തിയ അന്വേഷണം അവസാനിച്ചത് 'സ്നേഹവീട്ടി'ലാണ്. ഇപ്പോള്‍ സമാധാനത്തോടെ ജോലിക്കു പോകാന്‍ സാധിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അക്ഷരങ്ങള്‍ എഴുതാനും മറ്റും എല്‍സ പഠിക്കുകയും ചെയ്തു. മുന്‍പൊക്കെ നല്ല വാശിയുള്ള കുട്ടിയായിരുന്നു എല്‍സ. എന്നാല്‍ ഇപ്പോള്‍ തെറാപ്പികളിലൂടെ ആ വാശി കുറയ്ക്കാനും സാധിച്ചിട്ടുണ്ട്.
മകളുടെ അവസ്ഥ കാരണം രശ്മിക്ക് കൊറോണ ഡ്യൂട്ടി ഒഴിവാക്കേണ്ടി വന്നിരുന്നു. എന്തുകൊണ്ടാണ് അത്തരം ഒരു തീരുമാനം എടുക്കേണ്ടി വന്നത് എന്ന് സഹപ്രവര്‍ത്തകരില്‍ മനസ്സിലായത് കുറച്ചു പേര്‍ക്കു മാത്രമാണെന്ന് രശ്മി വേദനയോടെ പറയുന്നു. അതേസമയം, രശ്മിയുടെ സാഹചര്യം മനസ്സിലാക്കിയവരുമുണ്ട്.
ബന്ധുക്കളാണെങ്കില്‍ ഒന്നില്‍ക്കൂടുതല്‍ ദിവസമൊന്നും ഇത്തരം കുഞ്ഞുങ്ങളെ നോക്കാന്‍ തയ്യാറാവില്ല. 'സ്നേഹവീട്' എന്ന സംവിധാനം ഉള്ളതുകൊണ്ട് ആരുടെയും ദുര്‍മുഖം കാണാതെ മകളെ സുരക്ഷിതമായ ഇടത്ത് ആക്കി പോകാന്‍ സാധിക്കും. മകള്‍ എന്‍ഡോസള്‍ഫാന്റെ ഇരയായതിന്റെ ദുഃഖം മരിക്കുവോളം മാറില്ല. പക്ഷെ, അതിനെ ഏറെക്കുറേ അതിജീവിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
മകനെ വാച്ച്മാനെ ഏല്‍പ്പിച്ച് ജോലിക്ക് പോകുന്ന അമ്മ
എന്റെ കാലം കഴിഞ്ഞാല്‍ മകന്റെ കാര്യം എന്താകുമെന്ന് ഓര്‍ത്തുള്ള സങ്കടം മാത്രമേ ഉള്ളൂവെന്ന് എന്‍ഡോസള്‍ഫാന്‍ ബാധിതനായ 32 വയസ്സുകാരന്‍ ശ്രീകാന്തിന്റെ അമ്മ രാധാമണി പറയുന്നു. നിലവില്‍ തൊഴിലുറപ്പു തൊഴിലാളിയാണ് രാധാമണി. മുന്‍പ് കശുവണ്ടി ഫാക്ടറിയില്‍ ജോലിക്കു പോകുമ്പോള്‍ ശ്രീകാന്തിനെയും ഒപ്പം കൊണ്ടുപോവുകയായിരുന്നു പതിവ്.
ഇരുവര്‍ക്കുമുള്ള ഭക്ഷണവുമായി രാവിലെ രാധാമണിയും ശ്രീകാന്തും കശുവണ്ടി ഫാക്ടറിയിലേക്ക് പോകും. ശ്രീകാന്തിനെ വാച്ച്മാന്റെ അരികില്‍ ഇരുത്തിയ ശേഷം രാധാമണി ജോലിക്കു പോകും. മുന്‍പ് ബഡ്സ് സ്‌കൂളില്‍ പോയിരുന്നെങ്കിലും ദൂരം പ്രശ്നമായി. ഇപ്പോള്‍ ശ്രീകാന്ത് 'സ്നേഹവീട്ടി'ല്‍ പോകാറുണ്ട്. അവിടെ പോകാന്‍ ഏറെ ഇഷ്ടവുമാണ്. ശ്രീകാന്ത് 'സ്നേഹവീട്ടി'ലേക്ക് പോകുന്നതോടെ സമാധാനത്തോടെ ജോലിക്ക് പോകാന്‍ സാധിക്കുന്നുണ്ടെന്നും അമ്പലത്തറ സ്വദേശിനിയായ രാധാമണി കൂട്ടിച്ചേര്‍ത്തു.
.jpg?$p=fb71558&&q=0.8)
വലുതാകുന്ന 'സ്നേഹവീട്'
'സ്നേഹവീട്' ജനകീയമാകണം എന്നായിരുന്നു ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ തീരുമാനം. ഒരു സൊസൈറ്റി രൂപവത്കരിച്ചാണ് ഈ സംവിധാനത്തിന്റെ പ്രവര്‍ത്തനം. അഡ്വ. ടി.വി. രാജേന്ദ്രനാണ് സൊസൈറ്റി പ്രസിഡന്റ്. സെക്രട്ടറി അഡ്വ. പീതാംബരന്‍. കുട്ടികളുടെ എണ്ണം കൂടിയതോടെ പുതിയൊരു കെട്ടിടം നിര്‍മിക്കാനുള്ള നീക്കം നടക്കുകയാണ്. ഇതിന് സഹായവുമായി കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ എന്‍.എസ്.എസ്. വിഭാഗം എത്തിയിട്ടുണ്ട്. മൂന്നു നിലകളില്‍ ഉയരുന്ന കെട്ടിടത്തിന്റെ ആദ്യനിലയുടെ വാര്‍പ്പ് പൂര്‍ത്തിയായി കഴിഞ്ഞു. സര്‍ക്കാരില്‍നിന്ന് ഇതുവരെ ഒരു സഹായവും 'സ്‌നേഹവീടി'നെതേടി എത്തിയിട്ടുമില്ല. പൂര്‍ണമായും ജനകീയ കൂട്ടായ്മയുടെ അടിസ്ഥാനത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.
'സ്നേഹവീട്', കുഞ്ഞുങ്ങള്‍, പരിശീലനം
സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ 'സ്നേഹവീട്' സന്ദര്‍ശനം ദിനപരിചരണകേന്ദ്രം എന്നതില്‍നിന്ന് മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. ദയാബായിയുടെ ഇടപെടലിലൂടെ തണല്‍ വടകര എന്ന സന്നദ്ധസ്ഥാപനം 'സ്നേഹവീട്ടി'ലെ കുട്ടികള്‍ക്ക് സൗജന്യമായി തെറാപ്പികള്‍ നല്‍കാന്‍ മുന്നോട്ടുവന്നു. സ്പീച്ച് തെറാപ്പി, ബിഹേവിയറല്‍ തെറാപ്പി, ഫിസിക്കല്‍ തെറാപ്പി, സ്പെഷല്‍ എജ്യുക്കേഷന്‍, വൊക്കേഷണല്‍ തെറാപ്പി എന്നിവ സൗജന്യമായി നല്‍കുന്നു.
കോവിഡിന് മുന്‍പ് ഇരുപതോളം കുട്ടികള്‍ 'സ്നേഹവീട്ടി'ല്‍ എത്താറുണ്ടായിരുന്നു. എന്നാല്‍, കോവിഡ് കാലത്തിനു ശേഷം ഇപ്പോള്‍ 12 കുട്ടികളാണ് വരുന്നത്. ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്നു വരുന്നവര്‍ക്ക് എല്ലാ തെറാപ്പിയും കൊടുക്കുന്ന ഒരു സ്ഥാപനമായി തണല്‍ 'സ്നേഹവീട്' പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രത്യേക പരിഗണന ആവശ്യമായ കുട്ടികള്‍ക്കു വേണ്ടിയുള്ള സര്‍ക്കാര്‍ സംവിധാനമാണ് ബഡ്സ് സ്‌കൂളുകള്‍. എന്നാല്‍, ഈ സ്‌കൂളുകളില്‍ കുട്ടിക്ക് 18 വയസ്സു പൂര്‍ത്തിയായാല്‍ പിന്നെ തുടരാന്‍ അനുവദിക്കാറില്ല. 18 വയസ്സിനു ശേഷം വീട്ടില്‍ ഇരിക്കേണ്ടി വരുന്ന എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികള്‍ക്ക് ഒരു അഭയസ്ഥാനം കൂടിയാണ് ഇവിടം.
ഒന്‍പതു മണി മുതല്‍ നാലുവരെയാണ് 'സ്നേഹവീടി'ന്റെ പ്രവര്‍ത്തനസമയം. കുട്ടികളെ വാഹനത്തില്‍ ഇവിടേക്ക് കൊണ്ടുവരികയും അഞ്ചരയ്ക്കുള്ളില്‍ കുട്ടികളെ വാഹനത്തില്‍ വീട്ടിലെത്തിക്കുകയും ചെയ്യും. 18 വയസ്സിനു മുകളിലുള്ള 12 പേര്‍ ഇപ്പോള്‍ ഇവിടെയുണ്ട്. ഇവരെ കൂടാതെ തെറാപ്പികള്‍ക്ക് മാത്രമായി സ്വയം വരുന്നവരുമുണ്ട്. കൃത്യമായ പരിചരണം നല്‍കുന്നതിലൂടെ കുട്ടികളില്‍ പ്രകടമായ പലമാറ്റങ്ങളും കൊണ്ടുവരാനും സാധിച്ചിട്ടുണ്ട്.
എന്തുകൊണ്ട് ഇത്തരം സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആരംഭിക്കണം"
തങ്ങളുടേതല്ലാത്ത തെറ്റിന്റെ ഫലം അനുഭവിക്കുന്നവരാണ് കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. സര്‍ക്കാര്‍ സഹായമില്ലാതിരുന്നിട്ടു കൂടിയും ദുരിതബാധിതരായ കുട്ടികള്‍ക്കു വേണ്ടി ഉരുത്തിരിഞ്ഞുവന്ന കൂട്ടായ്മയാണ് 'സ്നേഹവീട്' ഉയരാന്‍ കാരണമായത്. ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുഞ്ഞുങ്ങള്‍ക്കു വേണ്ടി ഇത്തരം സ്ഥാപനങ്ങള്‍ സംസ്ഥാന സര്‍ക്കാരിനും രൂപവത്കരിക്കാവുന്നതാണ്. ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുകയും പരിശീലനം നല്‍കുന്നതിലൂടെയും ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ മാനസിക-ശാരീരിക പ്രശ്നങ്ങളെ ഒരു പരിധിവരെ ലഘൂകരിക്കാന്‍ സഹായിക്കും എന്നുമാത്രമല്ല, ഈ കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് അല്ലെങ്കില്‍ രക്ഷിതാക്കള്‍ക്ക് ആശ്വാസം പകരുകയും ചെയ്യും. കുഞ്ഞുങ്ങളെ സുരക്ഷിതമായ ഒരിടത്താക്കി ജോലിക്കു പോകാനും മറ്റ് ആവശ്യങ്ങള്‍ക്ക് പുറത്തുപോകാനും ഇത്തരം സംവിധാനങ്ങള്‍ രക്ഷിതാക്കള്‍ക്ക് തുണയാവുകയും ചെയ്യും.
Content Highlights: Snehaveed, model for rehabilitation,Differently Abled Awareness Campaign Idam nalkam Makkalk Ammak


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..