-
താലിബാന് അഫ്ഗാനിസ്താനില്‍ വീണ്ടും അധികാരത്തിലെത്തിയിട്ട് ആറു മാസം തികഞ്ഞു. ആകാശത്തേക്ക് തുരുതുരെ വെടിവെച്ച് അമേരിക്കയെ മുട്ടുകുത്തിച്ചതാഘോഷിച്ച താലിബാന്‍ പോരാളികള്‍ ഇന്നലെയെന്നോണം ഓര്‍മയിലുണ്ട്.പക്ഷേ, ആഭ്യന്തരയുദ്ധം തകര്‍ത്ത രാജ്യത്ത് ഇനിയെങ്കിലും സമാധാനത്തിന്റെ തിരി തെളിയും എന്ന് ലോകം മോഹിച്ചത് വെറുതെ. പരസ്യമായ വധശിക്ഷകള്‍, മനുഷ്യാവകാശലംഘനങ്ങള്‍, സ്ത്രീ വിവേചനം എന്നിവക്ക് മാറ്റമില്ല. കടുത്ത ശരീയത്ത് നിയന്ത്രണങ്ങള്‍ തിരിച്ചെത്തി. (വസ്ത്ര വില്‍പ്പനശാലകളിലെ പെണ്‍പ്രതിമകളുടെ തല വെട്ടാന്‍ തീരുമാനമെടുത്തത് ഈയിടെയാണ്!) ഇതിനെല്ലാം ഉപരിയാണ് ജീവന്‍ നിലനിര്‍ത്താന്‍ ആഹാരമില്ലാത്ത സാഹചര്യം. നരകിക്കുകയാണ് ജനലക്ഷങ്ങള്‍. സമാനതകളില്ലാത്ത മാനുഷിക പ്രതിസന്ധി.
കഴിഞ്ഞ ഓഗസ്റ്റ് 15-നാണ് താലിബാന്‍ പോരാളികള്‍ കാബൂള്‍ വീഴ്ത്തിയത്. പിറ്റേന്ന് മുതിര്‍ന്ന താലിബാന്‍ നേതാവ് മുല്ലാ ബരാദര്‍ അഖുന്ദ് തങ്ങള്‍ അധികാരം പിടിച്ചെടുത്തത് വിഡിയോയിലൂടെ അറിയിച്ചു. മുന്‍ അനുഭവങ്ങളുടെ ഓര്‍മ്മകളില്‍ ഭയചകിതരായ ജനങ്ങള്‍ എങ്ങനെയും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ കാബൂള്‍ വിമാനത്താവളത്തിലേക്ക് പാഞ്ഞു. ഓടാന്‍ തുടങ്ങിയ അമേരിക്കന്‍ സൈനികവിമാനത്തിന്റെ ചിറകുകളില്‍ പിടിച്ചു കയറാന്‍ ശ്രമിക്കുകയും പിടി വിട്ടുവീഴുകയും ചെയ്യുന്ന ഹതഭാഗ്യരുടെ കാഴ്ച ലോകത്തെ ഞെട്ടിച്ചു. ദിവസങ്ങള്‍ക്കു ശേഷം മുള്ളുവേലിക്കു മുകളിലൂടെ സൈനികന് കുഞ്ഞിനെ എറിഞ്ഞുകൊടുത്ത് രക്ഷിക്കാനുള്ള ഒരമ്മയുടെ ഭ്രാന്തമായ ശ്രമം നമ്മളെ നടുക്കി.
രാജ്യത്തെ ഭീകരാന്തരീക്ഷമൊന്നും താലിബാനെതിരെ റോഡിലിറങ്ങുന്നതില്‍നിന്നു ജനങ്ങളെ പിന്തിരിപ്പിച്ചില്ല. വെടിവെപ്പൊന്നും വകവെക്കാതെ പല തവണ അവര്‍ സര്‍ക്കാരിനെതിരെ തെരുവിലിറങ്ങി. ഇതിനിടെ കാബൂള്‍ വിമാനത്താവളത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേര്‍ ആക്രമണമുണ്ടായി. ഓഗസ്റ്റ് 26-നു നടന്ന സ്‌ഫോടനത്തില്‍ 85 പേരാണ് മരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ച പ്രകാരം ഓഗസ്റ്റ് 31-നു മുമ്പ് സേനാ പിന്‍മാറ്റം പൂര്‍ത്തിയാക്കാന്‍ വിദേശസേനകള്‍ തിരക്കിട്ടു നീങ്ങുമ്പോഴായിരുന്നു ഇത്. എന്തായാലും ഓഗസ്റ്റ് 30-ന് അവസാനത്തെ അമേരിക്കന്‍ സൈനികനും കാബൂള്‍ വിട്ടു.
താലിബാനെ കുറച്ചുകാലം ചെറുത്തുനിന്ന വടക്കന്‍സഖ്യ നേതാവ് അഹമ്മദ് മസൂദിന്റെ പട്ടാളത്തെ കീഴടക്കി പഞ്ച്‌റിശില്‍ താലിബാന്റെ കൊടിയുയര്‍ന്നത് സെപ്തംബര്‍ ആറിനാണ്. അതോടെ രാജ്യത്തിന്റെ ഏറെക്കുറെ പൂര്‍ണനിയന്ത്രണം അവര്‍ക്കായി. പെണ്‍കുട്ടികളുടെ പഠനം, സ്ത്രീകളുടെ ജോലി തുടങ്ങിയവയിലൊക്കെ കടുത്ത നിലപാടു പിന്തുടര്‍ന്നത് അന്താരാഷ്ട്രരംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കി. സ്ത്രീപുരുഷന്‍മാര്‍ ഒരുമിച്ച് ഒരേ കൂരയ്ക്കു കീഴില്‍ ജോലി ചെയ്യാനാവില്ലെന്ന് തുടക്കത്തിലേ അവര്‍ പ്രഖ്യാപിച്ചു. ശരീയത്ത് നിയമങ്ങള്‍ നടപ്പാക്കാനായി സൈനിക ട്രൈബ്യൂണലും പ്രവര്‍ത്തിക്കുന്നുണ്ട്.
താലിബാന്‍ സര്‍ക്കാരിന് നയതന്ത്ര അംഗീകാരം നല്‍കാന്‍ ഇനിയും വിദേശരാജ്യങ്ങള്‍ തയ്യാറായിട്ടില്ല. മനുഷ്യാവകാശലംഘനങ്ങള്‍ക്ക് കുപ്രസിദ്ധരായ താലിബാന്റെ രീതികളില്‍ ഇക്കുറി മാറ്റമുണ്ടാവുമോ എന്നറിയാന്‍ കാക്കുകയാണവര്‍. തങ്ങളെ ഔദ്യോഗികമായി അംഗീകരിക്കണമെന്ന് ജനുവരിയില്‍ അഫ്ഗാന്‍ പ്രധാനമന്ത്രി ഹസന്‍ അഖുന്ദ് മുസ്ലീം രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
വിദേശ സഹായമായിരുന്നു യുദ്ധത്തില്‍ തകര്‍ന്ന അഫ്ഗാനിസ്ഥാന്റെ സാമ്പത്തിക അടിത്തറ. മറ്റു രാജ്യങ്ങളുടെ അംഗീകാരമില്ലാതായതോടെ സഹായത്തിന്റെ ഒഴുക്കു നിലച്ചു. മാത്രമല്ല, അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ അഫ്ഗാന്റെ കോടിക്കണക്കായ ബാങ്ക് നിക്ഷേപങ്ങള്‍ മരവിപ്പിച്ചിരിക്കുന്നു, ഏതാണ്ട് 75,000 കോടി രൂപ വരും ഇത്.
ശൈത്യം തുടങ്ങി. പട്ടിണിക്കു പുറമേ കൊടും തണുപ്പും കൂടിയായപ്പോള്‍ സാധാരണക്കാരായ അഫ്ഗാനികള്‍ ദുരിതത്തിന്റെ ആഴക്കടലിലായി. എങ്ങും ദയനീയ കാഴ്ചകളാണ്. ഉപരോധം മറികടന്ന് സഹായം സംഘടിപ്പിക്കാനും ഏകോപിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഫലപ്രദമായില്ല. ഇന്ത്യ വാഗ്ദാനം ചെയ്ത 50,000 ടണ്‍ ഗോതമ്പ് ഇനിയും നാട്ടിലെത്തിക്കാനായിട്ടില്ല. പാകിസ്താനിലൂടെ ഗോതമ്പു ട്രക്കുകള്‍ ഓടിക്കാന്‍ ഈയിടെ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും.
അത്യന്തം അപകടകരമാണ് അഫ്ഗാനിസ്ഥാന്റെ അവസ്ഥയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ആന്റണി ഗുറ്റിയേരസ് പറയുന്നു. വിദ്യാഭ്യാസമേഖലയും സാമൂഹികസേവനങ്ങളുമൊക്കെ നിലംപൊത്താറായി. കടുത്ത മാനുഷിക പ്രതിസന്ധിയില്‍നിന്നു കരകയറാന്‍ അഫ്ഗാനിസ്ഥാന് അടിയന്തിരമായ 440 കോടി ഡോളര്‍ സഹായം ലഭ്യമാക്കണമെന്ന് ഐക്യരാഷ്ട്രസഭ ദാതാക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
അഫ്ഗാനില്‍ താലിബാന്‍ സര്‍ക്കാര്‍ യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പാകിസ്താന്‍ വഹിച്ച പങ്ക് ഏവര്‍ക്കുമറിയുന്നതാണ്. സര്‍ക്കാരില്‍ പാക് അനുകൂല നിലപാടുണ്ടെന്നു കരുതുന്ന ഹക്കാനി ഗ്രൂപ്പിനു മേല്‍ക്കൈയുമുണ്ട്. പക്ഷേ, അതിന്റെ പേരില്‍ ഒരു സൗജന്യവും നല്‍കാന്‍ താലിബാനികള്‍ തയ്യാറല്ല. ഡിസംബറില്‍ അഫ്ഗാന്‍ അതിര്‍ത്തിയില്‍ മുള്ളുവേലി കെട്ടാന്‍ ചെന്ന പാക് സൈനികര്‍ക്കെതിരെ വെടിവെപ്പുണ്ടായത് ഉദാഹരണം. പരിപാടി ഉപേക്ഷിക്കേണ്ടി വന്നു പാകിസ്താന്. ബ്രിട്ടീഷുകാരുണ്ടാക്കിയ ഡ്യൂറന്‍ഡ് ലൈന്‍ അംഗീകരിക്കാന്‍ അഫ്ഗാനികള്‍ തയ്യാറല്ല. പഷ്തൂണ്‍ വംശജരെ നെടുകെ വിഭജിക്കുന്നതാണ് ഈ അതിര്‍ത്തി.
അതുപോലെ, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിലും അന്താരാഷ്ട്രരംഗത്തെ ഒറ്റപ്പെടല്‍ അവസാനിപ്പിക്കുന്നതിലും ഇന്ത്യയുടെ സഹായം മോഹിക്കുന്ന താലിബാന്‍ പക്ഷേ, കഴിഞ്ഞ ദിവസം പാനീപത് എന്ന പേരില്‍ പ്രത്യേക സൈനിക യൂണിറ്റുണ്ടാക്കി. 1761-ല്‍ മറാത്താ സൈന്യത്തെ അഫ്ഗാനിലെ അഹമ്മദ് ഷാ ദുറാനിയുടെ സൈന്യം പരാജയപ്പെടുത്തിയ മൂന്നാം പാനീപത് യുദ്ധത്തില്‍ നിന്നാണ് ഈ പേരിന്റെ പ്രചോദനമെന്ന് വ്യക്തം. സോഷ്യല്‍ മീഡിയയില്‍ വളരെ പക്ഷം പിടിച്ചുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്ന ഈ നടപടി താലിബാന് തീര്‍ച്ചയായും മുഖം മിനുക്കാനുതകില്ല.
താലിബാന് മാറാന്‍ കഴിയുമോ എന്ന ചോദ്യത്തെ പുള്ളിപ്പുലിക്ക് ശരീരത്തിലെ പുള്ളികള്‍ മായ്ക്കാനാവുമോ എന്ന മറുചോദ്യം കാത്തിരിക്കുന്നു. അധികാരമേറ്റ ശേഷം കഴിഞ്ഞ ഡിസംബര്‍ വരെ താലിബാന്റെ വെടിയുണ്ടക്കിരയായത് നൂറിലധികം മുന്‍ സൈനികര്‍. എല്ലാവര്‍ക്കും പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നതാണ് എന്ന കാര്യം വേറെ. പ്രതികാരക്കൊലകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു, നിരവധിപ്പേര്‍ അപ്രത്യക്ഷരാക്കപ്പെടുന്നു, നൂറുകണക്കിന് കുട്ടികളെ സൈന്യത്തില്‍ ചേര്‍ക്കുന്നു, എണ്ണമറ്റ മനുഷ്യാവകാശ ലംഘനങ്ങള്‍ വേറെയും. ഈ സര്‍ക്കാരിന്റെ അറിവില്ലായ്മക്കും ക്രൂരതകള്‍ക്കും ശിക്ഷയേറ്റുവാങ്ങുന്നത് പാവം ജനങ്ങളാണ്. ലോകത്ത് മറ്റെവിടെയും പോലെ.
Content Highlights: Six months of Taliban, P Muraleedharan writes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..