സില്‍വര്‍ലൈന്‍; പ്രകൃതിക്ക് കാര്യമായ പോറലേല്‍പ്പിക്കില്ലെന്ന് പഠനം, മാറ്റേണ്ടത് ഒമ്പത് ആരാധനാലയങ്ങൾ


പ്രതീകാത്മക ചിത്രം

പ്രതീക്ഷകളും ആശങ്കകളും പങ്കുവെക്കുന്നതാണ് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പുറത്തുവന്ന വിശദമായ പദ്ധതിരേഖ. കേരളത്തിന്റെ ദുര്‍ബല പരിസ്ഥിതിക്ക് പദ്ധതി ഏല്‍പ്പിക്കാന്‍പോകുന്ന ആഘാതങ്ങളെക്കുറിച്ച് ഡി.പി.ആറില്‍ത്തന്നെ സൂചനയുണ്ട്.

പാരിസ്ഥിതികാഘാതത്തെപ്പറ്റി 2020-ല്‍ നടന്ന ദ്രുതപഠനത്തില്‍ പദ്ധതി പ്രകൃതിക്ക് കാര്യമായ പോറലേല്‍പ്പിക്കില്ലെന്ന് അവകാശപ്പെടുന്നു. ഉണ്ടാകാവുന്ന ആഘാതങ്ങളെ പരിസ്ഥിതിപരിപാലനംകൊണ്ട് നേരിടാമെന്നാണ് ആ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, പാത കടന്നുപോകുന്ന ഉയര്‍ന്ന തിട്ടയും പാലങ്ങളുമൊക്കെ ഒരു കുടപോലെ നീരൊഴുക്കിനെ തടഞ്ഞുനിര്‍ത്തുമെന്ന് ഡി.പി.ആര്‍. പറയുന്നു. പ്രളയം ഒഴിവാക്കാനും പാത സുരക്ഷിതമാക്കാനും ഈ വെള്ളം ഒഴുക്കിക്കളയേണ്ടിവരും. വെള്ളക്കെട്ട് ഒഴിവാക്കാന്‍ പാതയ്ക്കിരുവശത്തും പഴയ അമ്പലക്കുളങ്ങള്‍പോലെ കുളങ്ങള്‍ കുഴിക്കണമെന്നാണ് ഡി.പി.ആര്‍ നിര്‍ദേശിക്കുന്ന ഒരു ശുപാര്‍ശ. 100 വര്‍ഷത്തെ ജലമൊഴുക്കിന്റെ വിശകലനം നടത്തി വെള്ളമൊഴുകിപ്പോവാനുള്ള കലുങ്കുകള്‍ നിര്‍മിക്കണമെന്ന് പദ്ധതിരേഖ പറയുന്നു.

സമീപകാലത്തെ വെള്ളപ്പൊക്കങ്ങളും പ്രകൃതിദുരന്തങ്ങളും പശ്ചിമഘട്ട പരിസ്ഥിതിയെപ്പറ്റി മാധവ് ഗാഡ്ഗിലിന്റെ റിപ്പോര്‍ട്ടും കാരണം കേരളത്തിലെ ജനങ്ങള്‍ക്ക് ഇത്തരം പദ്ധതികളെപ്പറ്റി വലിയ ആശങ്കയുണ്ട്. അതിനാല്‍ മണ്ണിടിച്ചില്‍, വരള്‍ച്ച, വെള്ളപ്പൊക്കം, സുനാമി എന്നിവയൊക്കെ കണക്കിലെടുത്ത് വലിയ ശ്രദ്ധയോടെവേണം പദ്ധതി നടപ്പാക്കാനെന്നും നിര്‍ദേശിക്കുന്നു.

അതേസമയം, സംരക്ഷിത ഭൂപ്രദേശങ്ങളായ ദേശീയോദ്യാനങ്ങളെയും വന്യജീവി സങ്കേതങ്ങളെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന പരിസ്ഥിതിലോല പ്രദേശങ്ങളെയും സില്‍വര്‍ ലൈനില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളതിനാല്‍ പദ്ധതി പരിസ്ഥിതിസൗഹൃദമാണെന്നും ഡി.പി.ആര്‍. അവകാശപ്പെടുന്നു.

കല്ലും മണ്ണും എവിടെനിന്ന്?

പാത പൂര്‍ത്തിയാക്കാനുള്ള കല്ലും മണ്ണും എവിടെനിന്ന് കിട്ടുമെന്ന കാര്യത്തിലും ഡി.പി.ആറില്‍ വ്യക്തതയില്ല. ഒരുകാര്യം ഡി.പി.ആര്‍. സമ്മതിക്കുന്നു. നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഏഴുമുതല്‍ പത്തുവര്‍ഷംവരെ നിശ്ചയിച്ചാല്‍പ്പോലും ഇതിനുവേണ്ട മണ്ണം കല്ലും കേരളത്തില്‍നിന്നുമാത്രം കിട്ടില്ല. തീവണ്ടിപ്പാത ഇരട്ടിപ്പിക്കാന്‍ ഇതിന്റെ ക്ഷാമം നേരിടേണ്ടിവന്നു. കേരളത്തില്‍ ക്വാറികള്‍ക്കുള്ള നിയന്ത്രണത്തിനുപുറമേ പ്രതികൂലമായ പ്രചാരണങ്ങളും ഇതിന് കാരണമാണ്. അതിന് പരിഹാരമായി ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ബോധവത്കരണം നടത്തണമെന്നാണ് നിര്‍ദേശം.

.

മതില്‍ വരുമാനമാക്കാം

സില്‍വര്‍ ലൈനിന്റെ അങ്ങോളമിങ്ങോളം 2.4 മീറ്റര്‍ ഉയരമുള്ള മതില്‍ വേണമെന്ന് ഡി.പി.ആറില്‍ പറയുന്നു. മണിക്കൂറില്‍ 160 കിലോമീറ്ററിനപ്പുറം വേഗമുള്ള റെയില്‍പ്പാതകള്‍ക്കിരുവശവും വേലിവേണമെന്ന് ചട്ടമുണ്ട്. അതിവേഗ റെയില്‍പ്പാതയില്‍നിന്ന് ജനങ്ങളെയും കന്നുകാലികളെയും സംരക്ഷിക്കലാണ് ഈ മതിലിന്റെ ഉദ്ദേശ്യം. ഇത് കേരളത്തെ രണ്ടായി വിഭജിക്കുമെന്നാണ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. മതില്‍ ഒരു വരുമാനവുംകൂടിയാണെന്ന് ഡി.പി.ആര്‍. അവകാശപ്പെടുന്നു. കെ-റെയിലിന്റെ ലോഗോ കഴിഞ്ഞുള്ള സ്ഥലങ്ങളില്‍ പരസ്യങ്ങള്‍ പതിക്കാന്‍ അവസരം നല്‍കിയാല്‍ വരുമാനം കിട്ടും.

മതിലിന്റെ മുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനും പരിപാടിയുണ്ട്. മുള്ളുകെട്ടിയ കമ്പിവേലി കമ്പിവേലിയാണെങ്കില്‍ ചെലവുകുറഞ്ഞിരിക്കും. എന്നാല്‍, ഇതില്‍ പരസ്യം പതിപ്പിക്കാന്‍ പറ്റാത്തതിനാലും തകര്‍ക്കാന്‍ എളുപ്പമായതിനാലും സര്‍വോപരി ചന്തംപോരാത്തതുകൊണ്ടും മതിലാണ് നല്ലതെന്ന് ഡി.പി.ആര്‍. വ്യക്തമാക്കുന്നു.

.

529.45 കിലോമീറ്റര്‍ പാതയുടെ 62 ശതമാനവും ഉയര്‍ന്ന തിട്ടയിലൂടെയാണ്. എട്ടുമീറ്ററാണ് ഈ തിട്ടയുടെ പരമാവധി ഉയരം. ദുര്‍ബല പ്രദേശങ്ങളില്‍ ഉയരം രണ്ടുമീറ്ററായി കുറയ്ക്കും. ഓരോ 500 മീറ്ററിലും ജനങ്ങള്‍ക്കും കന്നുകാലികള്‍ക്കും സഞ്ചരിക്കാന്‍ വഴികള്‍ (ബോക്‌സ് ഡക്ട്) ഉണ്ടായിരിക്കും. ഈ തിട്ടയുടെ സമ്മര്‍ദംകൊണ്ട് ചില സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞ് താഴാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ സാങ്കേതികമാര്‍ഗങ്ങള്‍ സ്വീകരിക്കണം.

ആരാധനാലയങ്ങള്‍ പരമാവധി ഒഴിവാക്കിയുള്ള പാതയാണ് സില്‍വര്‍ ലൈനിന് തിരഞ്ഞെടുത്തത്. എന്നിട്ടും ഒമ്പത് ആരാധനാലയങ്ങള്‍ പാതയില്‍ വരും. ഇവ മാറ്റിസ്ഥാപിക്കണമെന്നാണ് ഡി.പി.ആര്‍. ശുപാര്‍ശചെയ്യുന്നത്. മൂന്നുക്ഷേത്രങ്ങളെയും ഒരു പള്ളിയെയും അഞ്ച് മസ്ജിദുകളെയും സില്‍വര്‍ ലൈന്‍ ബാധിക്കും. പദ്ധതിനിര്‍മാണം തുടങ്ങുന്നതിനുമുമ്പുതന്നെ ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടതുണ്ട്.

Content Highlights: Silverline project Detailed Project Report

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


rahul gandhi

2 min

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

Mar 24, 2023

Most Commented