കെ റെയിൽ പ്രക്ഷോഭങ്ങളിൽ നിന്നുള്ള ദൃശ്യം |ഫോട്ടോ:മാതൃഭൂമി
'ഈ ഭൂമിക്ക് വായ്പ തരാനാകില്ലല്ലോ...' ബാങ്കില്‍ നിന്നുള്ള മറുപടി, 'അയ്യോ ഈ സ്ഥലം ഞങ്ങള്‍ക്ക് വേണ്ടട്ടോ..മുന്‍കൂറായി തന്ന പൈസ തിരിച്ചു തരണം' സ്ഥല വില്പന നടത്തിയവര്‍ക്ക് ലഭിക്കുന്ന മറുപടി, 'കിടപ്പാടം എപ്പോ വേണമെങ്കിലും പോകുംലേ' വിവാഹാലോചനയുമായി എത്തുന്നവരില്‍ നിന്ന് ലഭിക്കുന്ന മറുപടി. കെ റെയിലിന്റെ മഞ്ഞക്കുറ്റി വീണതോടെ രൂപംകൊണ്ട ചോദ്യങ്ങളില്ലാത്ത ഈ മറുപടികള്‍ എത്രകാലം നില്‍ക്കുമെന്നറിയില്ല. നിലവില്‍ മരവിച്ചുകിടക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതി നടക്കുമോ ഇല്ലയോ എന്നുവരും എപ്പോള്‍ വരും എന്നൊന്നും അധികാരികള്‍ വ്യക്തമാക്കുന്നില്ല. എന്തായിരുന്നാലും ആയിരങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കിയതായി എന്ന് അധികൃതര്‍ ഉറപ്പാക്കിയിട്ടുണ്ട്. ബാങ്കില്‍ പോയാലും സര്‍ക്കാര്‍ ഓഫീസുകളില്‍ പോയാലും വിവാഹാലോചനയുമായി എത്തുന്നവരും അവരെ എഴുതി തള്ളുന്നുണ്ട്. ഇനി ഇവിടം വിട്ട് വിദേശത്തേക്ക് ജോലിക്ക് പോകാമെന്ന് വെച്ചാലോ...അതിനും സമ്മതിക്കില്ല. ഒന്നോ രണ്ടോ കേസുകള്‍ പലരുടേയും പേരിലുണ്ട്. കിടപ്പാടം സംരക്ഷിക്കാന്‍ സമരം ചെയ്തതാണെന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. പാസ്പോര്‍ട്ടിനായി പോലീസ് എന്‍ക്വയറിക്ക് വരുമ്പോഴാകും താനൊരു ക്രിമിനല്‍ ആണെന്നറിയുക. വിദേശസ്വപ്നത്തിന് അതോടെ അറുതിയാകും.
സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ഏറെ നിര്‍ണായകമെന്ന നിലയ്ക്കാണ് സില്‍വര്‍ലൈന്‍ പദ്ധതി എല്‍.ഡി.എഫ്. സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. പദ്ധതിക്കായി നിയോഗിച്ചിരുന്ന, വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ തിരിച്ചുവിളിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ നിലവില്‍ പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അനുമതി നല്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു ഉറപ്പും ഇതുവരെയും നല്‍കിയിട്ടില്ല. കേന്ദ്രാനുമതി ലഭിക്കും വരെ കാത്തിരിക്കുമെന്നും പദ്ധതിയില്‍നിന്ന് പിന്മാറിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരും പറയുന്നു. ഈ അനിശ്ചിതത്വം എത്ര വര്‍ഷം നീളുമെന്നതിന് പദ്ധതി പ്രഖ്യാപിച്ചവര്ക്കോ എതിര്‍ക്കുന്നവര്‍ക്കോ ഒരു ധാരണയും ഇല്ല. കാത്തിരിക്കാനാണ് കെ റെയിലും സര്‍ക്കാരും ഒരുപോലെ പറയുന്നത്.

എന്നാല്‍ ആയിരങ്ങളുടെ നെഞ്ചില്‍ കുറ്റിയടിച്ചാണ് കാത്തിരിപ്പിന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. നിശ്ചലാവസ്ഥയിലായ സില്‍വര്‍ലൈന്‍ പദ്ധതിക്കായി 121 ഹെക്ടര്‍ ഭൂമിയോളം ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളിലേക്ക് ഇതിനോടകം സര്‍ക്കാര്‍ കടന്നിട്ടുണ്ട്. ജീവിതംകാലം മുഴുന്‍ സമ്പാദിച്ചും കടംവാങ്ങിയും ഉണ്ടാക്കിയ പാര്‍പ്പിടങ്ങളുടെ നടുക്കടക്കം 6,744 സര്‍വേ കല്ലുകള്‍ സ്ഥാപിച്ചു കഴിഞ്ഞു.

1221 ഹെക്ടര്‍ ഭൂമി നിര്‍ദിഷ്ട പാതയ്ക്കായി ഏറ്റെടുക്കേണ്ടിവരുമെന്ന് കാണിച്ച് സര്‍വേ നമ്പറുകള്‍ അടക്കം സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം മരവിപ്പിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് നിയന്ത്രണങ്ങളുണ്ട്. ബാങ്കുകാര് വായ്പ കൊടുക്കുന്നില്ല, നിര്‍മാണങ്ങള്‍ക്ക് തടസ്സം, വില്ക്കാന് സാധിക്കുന്നില്ല. അങ്ങനെയുള്ള എല്ലാ ഇടപാടുകളും നിശ്ചലമായിരിക്കുന്നു. ഇത്തരം ഭൂമിയിലൂടെ ഭര്‍ണകര്‍ത്താക്കള്‍ ഒരു യാത്ര നടത്തേണ്ടതുണ്ട്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ നാലിരിട്ടി നഷ്ടപരിഹാരം നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ വാഗ്ദാനം. പദ്ധതി നടന്നാല്‍ മാത്രമാണ് ഈ നഷ്ടപരിഹാരം കിട്ടുക. അത് എന്ന് നടക്കുമെന്നതില്‍ ഒരു വ്യക്തതയുമില്ല.
%20(1).jpg?$p=a7b8d4e&&q=0.8)
നിര്‍ദിഷ്ട പാതയ്ക്കായി ഭൂമി ഏറ്റെടുക്കേണ്ടിവരുമെന്ന് കാണിച്ച് സര്‍വേ നമ്പറുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം മരവിപ്പിച്ചിട്ടില്ല. അതിപ്പോഴും അങ്ങനെ തന്നെ നിലനില്‍ക്കുകയാണ്.
വികസനത്തിന് ഭൂമിയേറ്റെടുക്കല്‍ സ്വാഭാവിക നടപടിയാണ്. അതിന് തക്കതായ നഷ്ടപരിഹാരം ഉറപ്പുവരുത്തകയാണ് സര്‍ക്കാരിന് ചെയ്യാനാകുക. കെ റെയിലിന്റെ കാര്യത്തിലും സര്‍ക്കാര്‍ ഈ ഉറപ്പുനല്‍കുന്നുണ്ട്. എന്നാല്‍ പദ്ധതിയുടെ കാര്യത്തില്‍ ഒരു ഉറപ്പുമില്ല. അതേസമയം തന്നെ ഏറ്റെടുക്കേണ്ട ഭൂമി നിശ്ചയപ്പെടുത്തിയും അതിന്മേലുള്ള നിയന്ത്രണങ്ങളും വന്നും കഴിഞ്ഞു. ഇവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് അധികൃതര്‍ തന്നെയാണ്. നിര്‍ദിഷ്ട പദ്ധതിക്കായി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമി പൊതുമേഖലാബാങ്കുകള്‍ വായ്പയ്ക്ക് ഈടായി സ്വീകരിക്കുന്നില്ല. സഹകരണമേഖലയില്‍ വായ്പ നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെങ്കിലും പല ബാങ്കുകളും വായ്പ നിഷേധിക്കുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

ബാങ്കുകള്‍ വായ്പ നല്‍കാത്തത് മാത്രമല്ല. നിര്‍ദിഷ്ട പാതയ്ക്കായി ഏറ്റെടുക്കേണ്ട ഭൂമി സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത് മുതല്‍ പല ബാങ്കുകളും ഇതില്‍ ഉള്‍പ്പെട്ട ഭൂവുടമകളോട് കലാവധിക്ക് മുമ്പായി പണം തിരിച്ചടയ്ക്കാന്‍ ആവശ്യപ്പെടുന്നതായും ആരോപണങ്ങളുയരുന്നുണ്ട്.കെ റെയില്‍ സമരവുമായി ബന്ധപ്പെട്ട് 250 കേസാണ് നിലവിലുള്ളതെന്ന് സര്‍ക്കാര്‍ കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം. പക്ഷേ, 11 ജില്ലകളിലായി ആയിരത്തിലേറെപ്പേര്‍ പ്രതികളാണ്.
ആരോടാണ് പറയേണ്ടത്?
പദ്ധതിക്കെതിരെയുള്ള പ്രധാനമായും സമരം നടന്ന കോഴിക്കോട് കാട്ടില്പീടികയില ചങ്ങനാശേരി മാടപ്പള്ളിയിലേയും ആളുകളുടെ പ്രതികരണങ്ങള്‍ ഇങ്ങനെ.
സുനിത ഫിലിപ്പ്:- ഞങ്ങളുടെ സ്ഥലത്തിന്റെ മധ്യഭാഗത്ത് കൂടെയാണ് കെ റെയില്‍ കടന്നുപോകുന്നത്. ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിച്ചിരുന്നു. എംബ്രിക്സ് എന്ന കമ്പനിയുമായി ധാരണയിലെത്തുകയും ചെയ്തു. അതിന്റെ നടപടിക്രമങ്ങള്‍ പകുതിയോളം നടത്തി. ഇതിനിടയില്‍ വില്ലേജുമായും പഞ്ചായത്തുമായുള്ള രേഖകള്‍ ശരിയാക്കുന്നതിനായി ചെന്നപ്പോള്‍ അനുമതി ലഭിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. കെ റെയില്‍ കടന്നുപോകാനുള്ള ഭൂമിയാണിതെന്നാണ് അധികൃതര്‍ പറഞ്ഞത്. അതോടെ ആ സംരഭം മുടങ്ങി. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് സാമ്പത്തിക നഷ്ടവും ഉണ്ടായി. കമ്പനി ധാരണയില്‍നിന്ന് പിന്മാറുകയും ചെയ്തു. ഫാം അടക്കമുള്ള ചില സംരംഭങ്ങളിലേക്കും ഞങ്ങള്‍ കടന്നിരുന്നു. എന്നാല്‍ ഇതിന്റെ അനുമതികള്‍ക്കായി അധികൃതരെ സമീപിക്കുമ്പോള്‍ കെ റെയിലിന്റെ പേരില്‍ അവര്‍ നിഷേധിക്കുകയാണ്.

ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. ഒരു വരുമാന മാര്‍ഗത്തിനോ മറ്റോ ഈ ഭൂമി ഉപയോഗിക്കാന്‍ അധികൃതര്‍ സമ്മതിക്കുന്നില്ല. ചുറ്റുവട്ടത്തുള്ളവരുടെ എല്ലാം അവസ്ഥ ഇതു തന്നെയാണ്. ബാങ്കുകാര് അടുപ്പിക്കുക പോലുമില്ല. ആരോടാണ് പറയേണ്ടത് എന്ന് ഞങ്ങള്‍ക്കറിയില്ല.
ആന്റണി സെബാസ്റ്റ്യന്‍:-ഒരത്യാവശ്യത്തിന് വേണ്ടി പത്ത് സെന്റ് സ്ഥലം വിറ്റിരുന്നു. രണ്ടു ലക്ഷം രൂപ അതിന് അഡ്വാന്‍സ് ലഭിച്ചു. ഇപ്പോള്‍ കെ റെയില്‍ ഇതിലൂടെ പോകുന്നത് കൊണ്ട് സ്ഥലം വേണ്ടെന്ന് പറഞ്ഞിരിക്കുകയാണ് അവര്‍. അതിപ്പോ കേസായി. അവര്‍ക്ക് സ്ഥലം വേണ്ട പണം തിരിച്ചു തരണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതു വിറ്റിട്ടില്ലാത്ത എന്റെ പക്കല്‍ ഒന്നും കൊടുക്കാനില്ല. ആരും വാങ്ങാന്‍ വരുന്നില്ല. മറ്റു മാര്‍ഗങ്ങളൊന്നും എനിക്കില്ല. എങ്ങനെ മുന്നോട്ട് പോകണമെന്നറിയില്ല. കുട്ടികളുടെ പഠനത്തിനും മറ്റും ഒരു വായ്പ എടുക്കാന്‍ പോലും കൈയിലുള്ള ഭൂമി ഉപകാരപ്പെടുന്നില്ല. വീടു ചോര്‍ന്നുകൊണ്ടിരിക്കുകയാണ്. വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കായിട്ടാണ് വസ്തു വിറ്റത്. എന്നാല്‍ വിറ്റ ഭൂമി അവരിപ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടെന്നും പറഞ്ഞ് തിരിച്ചു തന്നിരിക്കുകയാണ്.

ജോസഫ്:- കുടുംബത്തിലെ കഷ്ടപ്പാട് തീര്‍ക്കാന്‍ 12 സെന്റ് സ്ഥലം വില്പന നടത്തി അഡ്വാന്‍സ് വാങ്ങിച്ചു. കെ റെയില്‍ വന്നതോടെ അവര്‍ കച്ചവടത്തില്‍ നിന്ന് പിന്മാറി. അവര്‍ തന്ന തുക തിരിച്ചുകൊടുക്കാനുള്ള ഒരു നിവൃത്തിയുമില്ല. അത് കേസായി. അതിന്റെ പിന്നിലാണ് ഈ പ്രായത്തില്‍ ഞാന്‍. കെ റെയില്‍ എന്ന ഒറ്റ കാരണംകൊണ്ടാണ് എനിക്ക് ഈ സ്ഥിതി വന്നത്. ബാധ്യതകള്‍ കുന്നുകൂടി. ജീവിക്കാന്‍ നിവൃത്തിയില്ലാതായി. എന്താണ് ഞാന്‍ ചെയ്യുക?.

ബാബു കുട്ടന്‍ചിറ (സമര സമിതി):-കോട്ടയം ജില്ലയിലൂടെ 69 കിലോമീറ്ററാണ് നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതി കടന്നുപോകുന്നത്. 2200 ഓളം കുടുംബങ്ങളെ നേരിട്ടും നാലായിരത്തിലധികം കുടുംബങ്ങളെ നേരിട്ടല്ലാതെയും ഈ പദ്ധതി ബാധിക്കുന്നുണ്ട്. രണ്ടര വര്‍ഷത്തോളമായി ഈ കുടുംബങ്ങളെല്ലാം അനിശ്ചിതാവസ്ഥയിലാണ്. ബാധ്യതകളും കഷ്ടപ്പാടുകളും തീര്‍ക്കാന്‍ ഉള്ള സ്ഥലം വില്പന നടത്താനോ വായ്പ നേടിയെടുക്കാനോ സാധിക്കുന്നില്ല. ഒരു ബാങ്കും ഈ ഭൂമിക്ക് വായ്പ നല്‍കുന്നില്ല. മാത്രമല്ല തങ്ങളുടെ കിടപ്പാടം സംരക്ഷിക്കുന്നതിന് വേണ്ടി സമരം ചെയ്തതിന്റെ പേരില്‍ വയോധികരുടെ പേരിലടക്കം സര്‍ക്കാര്‍ നിരവധി കേസുകളെടുത്തിട്ടുണ്ട്.. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് പലരുടേയും പേരില്‍ കേസെടുത്തിട്ടുള്ളത്. ഒരു പൊതുമുതലും നശിപ്പിച്ചിട്ടില്ല. ഞങ്ങളുടെ ഭൂമിയില്‍ അതിക്രമിച്ചുകയറി കല്ലിട്ടപ്പോള്‍ സമാധാനപരമായി സമരം ചെയ്തതാണ് ചെയ്ത തെറ്റ്. ഈ കേസുകളുടെ പേരില്‍ പാസ്പോര്‍ട്ട് പുതുക്കാനോ പുതിയത് എടുക്കുന്നതിനോ സാധിക്കുന്നില്ല. പാസ്പോര്‍ട്ടിനും മറ്റും അപേക്ഷിക്കുമ്പോള്‍ പോലീസ് എന്‍ക്വയറിക്ക് വരുമ്പോഴാണ് പലരും കേസുള്ള കാര്യം പോലും അറിയുന്നത്. തുടര്‍ന്ന് പാസ്പോര്‍ട്ട് നിരസിക്കുകയും ചെയ്യുന്നു. പദ്ധതി മരവിപ്പിച്ചിരിക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഭൂമിയിലെ ഒരു ക്രയവിക്രയവും നടത്താന്‍ സാധിക്കാത്ത അവസ്ഥ.
ഒറ്റപ്പെട്ടതല്ല ഈ ദുരവസ്ഥ
മകന്റെ വിവാഹത്തോടനുബന്ധിച്ച് വീട് നവീകരിക്കുന്നതിനായി തല്ക്കാലം വീടും സ്ഥലവും ഈടുവെച്ച് വായ്പയെടുക്കാനായിരുന്നു മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് കാട്ടിലപീടികയിലെ തോട്ടോളിയില്‍ ശ്രീജയും കുടുംബവും നഗരത്തിലെ കനറാബാങ്ക് ശാഖയെ സമീപിച്ചത്. പക്ഷെ വീടും സ്ഥലവുമുണ്ടായിട്ടും സമീപത്ത് സില്‍വര്‍ലൈന്‍ പദ്ധതിക്കായി അതിരടയാള കല്ലുകളിടാന്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്നതിന്റെ പേരില്‍ വായ്പ നല്കാനാവില്ലെന്നായിരുന്നു ബാങ്കിന്റെ മറുപടി.
സമാന സംഭവമാണ് ആലുവയിലെ ആന്വിന് ജയിംസ് എന്ന ബിരുദ വിദ്യാര്ഥിക്കുമുണ്ടായത്. വിദേശത്ത് ഉന്നത പഠനം നടത്തുന്നതിന് വിദ്യാഭ്യാസ വായ്പയ്ക്കായി ആന്വിന് കയറിയിറങ്ങിയത് എസ്.ബി.ഐ., കനറാ അടക്കമുള്ള നിരവധി ബാങ്കുകളിലാണ്. ആദ്യം വിദ്യാഭ്യാസ വായ്പ അനുവദിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും സമീപത്ത് കെ റെയില്‍ അതിരടയാളക്കല്ല് സ്ഥാപിച്ചുവെന്നതിന്റെ പേരില്‍ മാത്രം വായ്പ നിഷേധിച്ചു. ഇതോടെ താന്‍ ഇഷ്ടപ്പെട്ട കോഴ്സിലേക്കുള്ള ഉന്നതപഠന ആഗ്രഹം ആന്വിന് ഉപേക്ഷിച്ചു
കോവിഡ് കാലമായതോടെ വീട് നിര്‍മാണത്തിനായി എടുത്ത ബാങ്ക് ലോണ്‍ മുടങ്ങിയത് കൊണ്ടായിരുന്നു കോഴിക്കോട് മീഞ്ചന്ത സാഹിറ മന്‍സിലില്‍ മുഹമ്മദ് മദനി തന്റെ മൂന്നര സെന്റ് ഭൂമിയും വീടും വില്‍പ്പനയ്ക്ക് വെച്ചത്. കണ്ണായ സ്ഥലത്തെ ഭൂമിയായതിനാല്‍ നിരവധി പേരാണ് മദനിയെ തേടിയെത്തിയത്. പക്ഷെ സില്‍വര്‍ലൈന്‍ അതിരടയാളക്കല്ല് സ്ഥാപിച്ചുവെന്നതിന്റെ പേരില്‍ മാത്രം വില്‍പ്പന നടക്കുന്നില്ല. തന്റെ സ്ഥലത്ത് പോലുമല്ല കല്ലിട്ടത്, സമീപത്താണ്. പക്ഷെ വാങ്ങാനെത്തുന്നവര്‍ക്ക് പേടിയാണെന്ന് പറയുന്നു ഇദ്ദേഹം. സാമ്പത്തിക പ്രതിസന്ധി വന്നപ്പോഴായിരുന്നു വീടും സ്ഥലവും വില്‍പ്പന നടത്തി ബാധ്യത തീര്‍ക്കാന്‍ ഇദ്ദേഹം തയ്യാറായത്. വില്‍പ്പന നടക്കാതായതോടെ ലോണിപ്പോള് ജപ്തിയിലേക്ക് നീങ്ങിയിരിക്കുകയാണെന്നും ബാങ്കുകാര് നിരന്തരം വിളിച്ചുകൊണ്ടിരിക്കുന്നുവെന്നും മദനി ചൂണ്ടിക്കാട്ടുന്നു.
Content Highlights: silver line-k rail-Uncertainty-no loan-no sales for land
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..