ബ്രസ്റ്റ് അയണിങ്ങിന് ഇരയാക്കപ്പെട്ട പെൺകുട്ടി | Photo: Getty Images
സ്വതന്ത്രമായ ഈ ഭൂമിയില്‍ നഗ്‌നമായ മാറിടം നിങ്ങളെ വിലങ്ങണിയിക്കും. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനുമപ്പുറമാകും അതിന്റെ ആഘാതം.
ചെന്നെത്തുന്ന ഓരോ ഇടങ്ങളിലും പിന്തുടരുന്ന തുറിച്ചുനോട്ടങ്ങള്‍, ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍, ഇഷ്ടമുള്ള സ്ഥലത്തു പോകാന്‍, സ്വതന്ത്രമായി ഒന്നു കുനിയാന്‍ പോലുമാകാതെ തറച്ചു കയറുന്ന ചില കണ്ണുകളെ ഭയന്ന് ഒളിച്ചോടേണ്ടി വരാറുണ്ട് പലപ്പോഴും. വസ്ത്രം അല്‍പ്പമൊന്നു മാറിയാലോ, ബ്രാ സ്ട്രാപ്പ് ചെറുതായൊന്നു കണ്ടാലോ ഒക്കെ ചൂഴ്ന്നെടുക്കുന്ന നോട്ടങ്ങള്‍ വന്നു തറയും. ലൈംഗികതയ്ക്കുമപ്പുറം ചിലത് പെണ്‍ശരീരങ്ങള്‍ക്കുണ്ടെന്ന തിരിച്ചറിവ് ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാവും?
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് മെറ്റ സ്ത്രീകളുടെ നഗ്നമായ സ്തനങ്ങള്‍ കാണിക്കുന്നതിന് ഫേസ്ബുക്കും ഇന്‍സ്റ്ററ്റഗ്രാമും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയത്. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സ്തനാഗ്രം പ്രദര്‍ശിപ്പിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് എന്നായിരുന്നു മെറ്റയുടെ ഓവര്‍സൈറ്റ് ബോര്‍ഡിന്റെ നിരീക്ഷണം. സ്തനാര്‍ബുദം അതിജീവിച്ചവരുടെ ചിത്രങ്ങള്‍, സ്തനവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍, എന്തിനേറെ, കുഞ്ഞിന് മുലയൂട്ടുന്ന ചിത്രം പോലും, അശ്ലീലമാണെന്ന് സൂചിപ്പിച്ച് ഫെയ്‌സ്ബുക്ക് പോളിസി അനുസരിച്ച്, മറയ്ക്കുമായിരുന്നു. വിദ്വേഷ പ്രസംഗങ്ങളും വര്‍ഗീയവാദവും സെക്സിസ്റ്റ് തമാശകളുമൊക്കെ നിര്‍ബാധം പ്രചരിക്കുമ്പോഴും കേവലം സ്തനാഗ്രത്തിനു മാത്രം ഏര്‍പ്പെടുത്തിയ വിലക്ക് പ്രതിഫലിപ്പിക്കുന്നത് സ്ത്രീശരീരത്തില്‍ അശ്ലീലം മാത്രം കാണുന്ന പൊതുബോധം തന്നെയാണോ? പുരുഷന്മാരുടെ ശരീരത്തിനില്ലാത്ത എന്ത് അശ്ലീലമാണ് സ്ത്രീ ശരീരത്തിനുള്ളത്. പെണ്ണിടങ്ങളെ ഭയക്കുന്നത് ആരാണ്?
സ്ത്രീ ശരീരത്തിനോടൊപ്പം ലൈംഗികത കൂട്ടിവായിക്കുന്നതിന് കാലങ്ങളുടെ പഴക്കമുണ്ട്. മുഴച്ചുനില്‍ക്കുന്ന മാംസക്കഷ്ണങ്ങള്‍ പുരുഷന്മാരെ ആകര്‍ഷിക്കാതിരിക്കാന്‍ വേണ്ടി നടത്തിയിരുന്ന കഠിന പ്രയത്നങ്ങള്‍ കണക്കു വയ്ക്കാനാകാത്തയത്രയുമായിരുന്നു. നെഞ്ചിനു കുറുകെ തുണി ചുറ്റി വെച്ചും ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍ ധരിച്ചുമൊക്കെ സ്ത്രീ സ്തനങ്ങള്‍ മറയ്ക്കാന്‍ വിചിത്രമായ പല രീതികളും പിന്തുടര്‍ന്നിരുന്നു. അത്തരത്തില്‍ ഒന്നാണ് ആഫ്രിക്കയില്‍ സര്‍വസാധാരണമായ ബ്രസ്റ്റ് അയേണിങ്. അപരിഷ്‌കൃതമായ ഈ രീതി ഇന്നും പിന്തുടരുന്നവരുണ്ട് എന്നതാണ് ഞെട്ടിപ്പിക്കുന്ന സത്യം. 2019-ല്‍ ഗാര്‍ഡിയന്‍ പുറത്തുവിട്ട വിവരമനുസരിച്ച് ബ്രിട്ടണിലെ ആഫ്രിക്കന്‍ വംശജരില്‍ നല്ലൊരു പങ്കും പെണ്‍കുട്ടികളുടെ സ്തനവളര്‍ച്ച തടയാന്‍ ഈ മാര്‍ഗം പിന്തുടരുന്നുണ്ട്.
.jpg?$p=8a6554b&&q=0.8)
കല്ലുകളോ ഇരുമ്പുദണ്ഡുകളോ ചുറ്റികയോ എരിയുന്ന അടുപ്പില്‍ ചുട്ടുപ്പഴുപ്പിക്കും. എന്നിട്ടവ പെണ്‍കുട്ടികളുടെ സ്തനങ്ങളില്‍ പലയാവര്‍ത്തി ശക്തിയായി അമര്‍ത്തും. സ്തനത്തിലെ കോശങ്ങള്‍ നശിപ്പിച്ച് സ്തനവളര്‍ച്ച തടയുകയെന്ന ഉദ്ദേശമാണ് ഇതിനു പിന്നില്‍. കൗമാരക്കാരായ പെണ്‍കുട്ടികളാണ് ഈ പ്രാകൃതരീതിയുടെ ഇരകള്‍. വലിപ്പമുള്ള സ്തനങ്ങള്‍ പുരുഷന്മാരെ ആകര്‍ഷിക്കുമെന്നും ഇത് മാനഭംഗത്തിലേക്ക് നയിക്കുമെന്നുമുള്ള വാദത്തിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടികളോടുളള ഈ ക്രൂരത.
എട്ടുവയസ്സു തികയുന്നതോടെ പെണ്‍കുഞ്ഞുങ്ങളുടെ സ്തനങ്ങളെ ഞെരിച്ചമര്‍ത്താന്‍ തുടങ്ങും. വേദന കൊണ്ടു പുളയുന്ന കുഞ്ഞുങ്ങളോട് അത് അവരുടെ നന്മയ്ക്കു വേണ്ടിയാണെന്ന് പറഞ്ഞു പഠിപ്പിക്കും. സ്തനങ്ങള്‍ ചെറുതായാല്‍ മാനഭംഗത്തില്‍ നിന്നും ശൈശവ വിവാഹത്തില്‍ നിന്നുമൊക്കെ പെണ്‍കുട്ടികളെ രക്ഷപ്പെടുത്താനാകുമെന്ന് അവര്‍ക്ക് നല്ല വിദ്യാഭ്യാസം ലഭിക്കുമെന്നുമൊക്കെയുള്ള ന്യായീകരണത്തിന്റെ പുറത്താണ് മാതാപിതാക്കള്‍ ഇത്തരം ക്രൂരതകള്‍ ചെയ്തു കൂട്ടുന്നത്. എന്നാല്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ആഫ്രിക്കയിലെ കാമറൂണില്‍ മാത്രം 40% പെണ്‍കുട്ടികളും 18 വയസ്സു തികഞ്ഞപ്പോഴെ വിവാഹിതരായി, കൗമാരക്കാരായ ഭൂരിഭാഗം കുട്ടികളും അമ്മമാരായി, 20% കുട്ടികളും ഗര്‍ഭിണികളായതിനാല്‍ പകുതി വഴിയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചു.

ശരീരത്തിനേല്‍പ്പിക്കുന്ന ആഘാതത്തിനു പുറമെ കടുത്ത മാനസികാഘാതമാണ് ഈ പ്രാകൃത ആചാരം കുട്ടികളിലേല്‍പ്പിച്ചത്. അവരുടെ സാമൂഹിക ജീവിതം അസന്തുലിതമായി. സ്വന്തം ശരീരത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടു. തങ്ങളുടെ മാതാപിതാക്കളോട് ചെയ്ത തെറ്റിനുള്ള ശിക്ഷയാണ് ഈ ആചാരം എന്നു പോലും ചില കുട്ടികള്‍ കരുതി. ഉണങ്ങാത്ത മുറിവുകള്‍ അണുബാധയുണ്ടാക്കി. സ്തനകോശങ്ങള്‍ക്കേറ്റ ചതവ് മാറിടങ്ങളില്‍ തടിപ്പിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെച്ചു. സ്തനവളര്‍ച്ച മുരടിച്ച് സ്തനങ്ങള്‍ അപ്രത്യക്ഷമാകുന്ന സ്ഥിതിയിലേക്കെത്തി. ചിലരില്‍ ഇത് സ്തനാര്‍ബുദത്തിലേക്ക് നയിച്ചുവെന്നും ഭാവിയില്‍ പലര്‍ക്കും മുലയൂട്ടാനും മുലപാൽ ഉത്പ്പാദിപ്പിക്കാനും കഴിയാതെ വരുമെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇരയാക്കപ്പെട്ടവരില്‍ ഭൂരിഭാഗത്തിനും ലൈംഗികബന്ധത്തില്‍ താല്പര്യം നഷ്ടപ്പെട്ടു. യു.കെയില്‍ ഇപ്പോഴും ആയിരം പെണ്‍കുട്ടികളെങ്കിലും ഇന്നും ഈ ക്രൂരതയ്ക്ക് ഇരയാകുന്നുണ്ട്.
മുഴച്ചുനില്‍ക്കുന്ന സ്തനങ്ങളെ ഇല്ലാതാക്കി പുരുഷന്മാരെ ആകൃഷ്ടരാക്കാതെ മാനഭംഗം തടയാന്‍ സ്വീകരിച്ച ഉദ്യമം വിജയിച്ചോ? അതുമില്ല പൊള്ളിയടര്‍ന്ന് പഴുത്തൊലിക്കുന്ന മാറിടങ്ങളുമായി ഇരുട്ടിലാക്കപ്പെട്ട പെണ്‍കുഞ്ഞുങ്ങള്‍ പിന്നെയും പീഡിപ്പിക്കപ്പെട്ടു. അവരുടെ അമര്‍ത്തിപ്പിടിച്ച നിലവിളികള്‍ തെരുവുകള്‍ നീളെ മുഴങ്ങി. പിഞ്ചുദേഹം ഞെരിച്ചമര്‍ത്തിയ ഇരുമ്പുദണ്ഡുകള്‍ അവരെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു.
പെണ്‍ശരീരങ്ങള്‍ക്ക് ലൈംഗികതയുടെ പരിവേഷം മാത്രം നല്‍കി അവ മറച്ചു വെക്കേണ്ടതാണ് എന്ന ചിന്ത സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള ഒരുദാഹരണം മാത്രമാണിത്. കൊടിയ പാപമാണ് ചുമക്കുന്നതെന്ന പോലെ സ്തനങ്ങളെയോര്‍ത്ത് തല കുനിക്കേണ്ടതില്ലെന്നും സ്ത്രീശരീരം അശ്ലീലമല്ലെന്നും തികച്ചും സ്വാഭാവികമായ ഒന്നാണെന്നും ആഹ്വാനം ചെയ്ത് ആഗോളതലത്തില്‍ നടത്തിയ പ്രചരണ പരിപാടിയാണ് ഫ്രീ ദി നിപ്പിള്‍. 2012-ല്‍ ലിന എസ്‌കോ എന്ന അമേരിക്കന്‍ സംവിധായികയാണ് ഫ്രീ ദി നിപ്പിള്‍ എന്ന പ്രസ്ഥാനത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചത്.

ഇതേ പേരില്‍ ഒരു ഡോക്യുമെന്ററി അവര്‍ സംവിധാനം ചെയ്തു. ന്യൂയോര്‍ക്ക് തെരുവുകളിലൂടെ നഗ്‌നമായ മാറിടം പ്രദര്‍ശിപ്പിച്ച് താന്‍ നടക്കുന്ന രംഗങ്ങള്‍ ഫ്രീ ദി നിപ്പിള്‍ എന്ന ഹാഷ്ടാഗോടെ ലിന ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി ഫെയ്‌സ്ബുക്ക് അവ പിന്‍വലിച്ചതോടെയാണ് പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്. ലിനയുടെ പ്രതിഷേധങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചു. ഫ്രീ ദി നിപ്പിള്‍ പ്രസ്ഥാനത്തെ പിന്തുണച്ചുകൊണ്ട് റിഹാനയും മിലി സൈറസുമുള്‍പ്പടെയുള്ള നിരവധി ഹോളിവുഡ് താരങ്ങളും രംഗത്തെത്തി.
2019-ല്‍ മെഡിക്കല്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ വിക്കി മാര്‍ട്ടിന്‍ എന്ന യുവതിയുടെ നേതൃത്വത്തില്‍ ഫെയ്‌സ്ബുക്ക് ആസ്ഥാനത്ത് സ്തനത്തിന്റെ രൂപത്തിലുള്ള വലിയ ബലൂണുകളുമായി ഒരു കൂട്ടമാളുകള്‍ പ്രതിഷേധമിരുന്നു. ജോലിസംബന്ധമായി താന്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് നീക്കം ചെയ്യുന്നു എന്നതായിരുന്നു അവരുടെ പരാതി. സ്തനാര്‍ബുദത്തെ അതിജീവിച്ചവര്‍ക്ക് മുലക്കണ്ണുകളുടെ ടാറ്റൂ ചെയ്തു കൊടുക്കുന്ന ചിത്രങ്ങളായിരുന്നു ഫെയ്‌സ്ബുക്ക് അശ്ലീലമായി കണ്ടു നീക്കം ചെയ്തത്.
പുരുഷന്മാരുടെ മുലക്കണ്ണുകള്‍ക്കില്ലാത്ത എന്ത് അശ്ലീലമാണ് സ്ത്രീകളുടേയും ട്രാന്‍സ് ജെന്‍ഡറുകളുടെയും സ്തനാഗ്രത്തിനുളളത് എന്നതായിരുന്നു അവരുടെ ചോദ്യം. സ്തനാര്‍ബുദത്തെ അതിജീവിച്ചവരുടെ സ്തനങ്ങള്‍ക്ക് പോലും ഏര്‍പ്പെടുത്തിയ വിലക്ക് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമപ്പുറം തങ്ങളുടെ നിലനില്‍പ്പിനെ പോലും ചോദ്യം ചെയ്യുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. സ്തനാഗ്രങ്ങളെ സ്വതന്ത്രമാക്കണമെന്ന ആഹ്വാനവുമായി ആഗോളതലത്തില്‍ പലരും പ്രതിഷേധ പരിപാടികള്‍ ആരംഭിച്ചു.

സ്ത്രീശരീരം അശ്ലീലമല്ലെന്ന് ഉറക്കെ പറഞ്ഞു പ്രതിഷേധിക്കുന്ന ഇവരുടെ ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചത് സ്തനങ്ങള്‍ മറച്ചുകൊണ്ടായിരുന്നു. സ്ത്രീശരീരം സാധാരണമാണ് എന്ന് ബോധ്യപ്പെടാന്‍ ഇനിയും എത്ര പോരാടേണ്ടി വരുമെന്ന തിരിച്ചറിവായിരുന്നു അതിലൂടെ കൈവന്നത്. വിദ്വേഷ പ്രസംഗത്തിനെതിരേ യാതൊരു നടപടിയുമെടുക്കാതെ സ്ത്രീ സ്തനങ്ങളെ മാത്രം എന്തിന് വിലക്കണമെന്ന ചോദ്യത്തിന് സുക്കര്‍ബര്‍ഗ് നല്‍കിയ മറുപടിയും ഇത്തരത്തില്‍ നിരവധി ചോദ്യങ്ങള്‍ ബാക്കി വെക്കുന്നതായിരുന്നു. വിദ്വേഷ പ്രസംഗം കണ്ടെത്തുന്നതിനെക്കാള്‍ നിര്‍മിതബുദ്ധിക്ക് അശ്ലീലം കണ്ടെത്തുന്നതാണ് എളുപ്പം എന്നാണ് അദ്ദേഹം നല്‍കിയ ഉത്തരം.
ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്ന പ്രതിഷേധത്തിനൊടുവിലാണ് വിപ്ലവകരമായ തീരുമാനത്തിലേക്ക് മെറ്റ എത്തിയത്. എന്നാല്‍, വളരെ ചെറിയ ഒരു ശതമാനം മാത്രമായിരുന്നു ഇതിനെ അനുകൂലിച്ചത്. ഇനി സ്ത്രീകള്‍ക്ക് തെരുവില്‍ നഗ്‌നയോട്ടം നടത്തുമെന്നും മനുഷ്യര്‍ പിന്നോട്ട് നടന്ന് പ്രാകൃതയുഗത്തിലേക്ക് എത്തുകയാണെന്നുമൊക്കെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. മാറുമറയ്ക്കല്‍ സമരത്തേയും മാറുമുറിച്ച നങ്ങേലിയേയും ഉദ്ധരിച്ചു വിലപിക്കാന്‍ പ്രബുദ്ധ മലയാളിയും മറന്നില്ല.

സ്ത്രീകള്‍ ഇനി മുതല്‍ വസ്ത്രമുപേക്ഷിക്കണമെന്നോ നഗ്‌നചിത്രങ്ങള്‍ മാത്രം പങ്കുവെയ്ക്കണമെന്നോ ഒന്നുമല്ല ഈ പ്രതിഷേധം ആഹ്വാനം ചെയ്തത്. പൊതുബോധത്തെ പ്രീതിപ്പെടുത്താന്‍ പെണ്ണിന്റെ സ്വാതന്ത്ര്യത്തെ മാത്രം അടിച്ചമര്‍ത്തുന്നതിനെതിരേയാണ് 'ഫ്രീ ദി നിപ്പിള്‍' ശബ്ദമുയര്‍ത്തിയത്. തങ്ങളുടെ സ്തനങ്ങളെ മറച്ചു വയ്ക്കണോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള പൂര്‍ണാവകാശം അവര്‍ക്കുണ്ടെന്നും സമൂഹത്തിന്റെ പൊതുതാല്പര്യത്തിനു വേണ്ടി സ്തനങ്ങള്‍ മറച്ചു വെയ്‌ക്കേണ്ടതിന്റെ ആവശ്യകത ഇല്ലെന്നും മാത്രമാണ് ഇത് പറഞ്ഞുവയ്ക്കുന്നത്.
സ്ത്രീ ശരീരം സെന്‍സര്‍ ചെയ്തു മാത്രം പ്രദര്‍ശിപ്പിക്കേണ്ട, പുറത്തു കാണിക്കാന്‍ കൊള്ളാത്ത എന്തോ ആണ് എന്ന ചിന്തയല്ലേ യഥാര്‍ഥത്തില്‍ അശ്ലീലം? ചുട്ടുപൊള്ളുന്ന വെയിലത്തും കട്ടിത്തുണിയില്‍ തയ്പ്പിച്ച ഉടുപ്പും അതിനു മുകളില്‍ മാറിടം അല്‍പ്പം പോലും തെളിഞ്ഞു കാണാതെയിരിക്കാന്‍ രണ്ടു മീറ്റര്‍ തുണിയും ചുറ്റി വിടുന്ന നാട്ടില്‍, പെണ്‍കുട്ടികളുടെ മാറിടം മറ്റുള്ളവര്‍ ശ്രദ്ധിക്കാതെയിരിക്കാന്‍ അമ്മമാര്‍ ചെയ്യേണ്ടതെന്തെന്ന് നീണ്ട ലേഖനങ്ങളെഴുതുന്ന നാട്ടില്‍, പൊതുസ്ഥലത്ത് കുഞ്ഞിനെ മുലയൂട്ടിയാല്‍ തുറിച്ചുനോക്കുന്ന നാട്ടില്‍, മറ്റുള്ളവര്‍ എന്ത് കരുതുമെന്ന ചിന്തയില്ലാതെ ജീവിതം സ്വന്തം ഇഷ്ടപ്രകാരം ജീവിച്ചു തീര്‍ക്കുന്നവരെ സ്ലട്ട് ഷെയിം ചെയ്യുന്ന നാട്ടില്‍ ഇതൊക്കെ ഇനിയും പലയാവര്‍ത്തി പറഞ്ഞു പഠിപ്പിക്കേണ്ടി വരും. അപ്പോഴും ഒരു ചോദ്യം ബാക്കിയാണ്. സ്തനങ്ങള്‍ അശ്ലീലമോ അതോ തികച്ചും സ്വാഭാവികമായ ഒരു അവയവമോ?
Content Highlights: sexualization of female body, why free the nipple movement is relevant, meta, ban, nipples, boobs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..