ഭാവനയില്‍ അയല്‍ക്കാരിയോടും പ്രായോഗികതയില്‍ ഭാര്യയോടും; ലൈംഗികവ്യതിയാനങ്ങളുടെ ശാസ്ത്രീയ വിചാരങ്ങള്‍


ഷബിത

In depth

പ്രതീകാത്മക ചിത്രം |ഫോട്ടോ:ഗെറ്റി ഇമേജസ്

സംതൃപ്തിയേകുന്ന ലൈംഗികബന്ധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്? ഓരോ വ്യക്തിയുടെയും ലൈംഗികസംതൃപ്തി മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. പങ്കാളിയില്‍ നിന്നും ഓരോരുത്തരും പ്രതീക്ഷിക്കുന്നതും ലഭിക്കുന്നതുമായ ലൈംഗികാനുഭവം അവരവരുടെ പ്രായവും സംസ്‌കാരവും ജീവതസാഹചര്യവും അനുസരിച്ചിരിക്കും. ഒരു മനുഷ്യന്റെ ജീവിതത്തില്‍ ലൈംഗിക സംതൃപ്തി വളരെ പ്രധാനപ്പെട്ട ഒന്നായി വൈദ്യശാസ്ത്രം പരിഗണിക്കുന്നുണ്ട്. ഒരു വ്യക്തിയുടെ ജൈവികവും മാനസികവും ശാരീരികവും സാമൂഹിക-പാരിസ്ഥിതിക ചുറ്റുപാടുകള്‍ക്ക് അനുകൂലമായിരിക്കുന്നത് എന്നാണ് 'പെര്‍ഫെക്ട് സെക്‌സ്‌ലൈഫ്' എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരം ചുറ്റുപാടുകള്‍ക്ക് അനുകൂലമല്ലാത്ത, സമൂഹത്തിനും വ്യക്തിബന്ധത്തിനും, വൈദ്യശാസ്ത്രത്തിനും അനുവദനീയമല്ലാത്ത ലൈംഗികജീവിതം നയിക്കുന്നവരെ ലൈംഗികവ്യതിയാനം സംഭവിച്ചവരായി (sexual devitation) മനഃശാസ്ത്രവും വൈദ്യശാസ്ത്രവും നിര്‍വചിക്കുന്നുണ്ട്.

സെക്ഷ്വല്‍ ഡിസോര്‍ഡര്‍ ഒരു വ്യക്തിയുടെ സാമൂഹിക ജീവിതത്തെയും വ്യക്തിജീവിതത്തെയും സാരമായി ബാധിക്കുന്ന ഒന്നാണ്. ആവര്‍ത്തിച്ചുള്ളതും തീവ്രമായതുമായ ഫാന്റസികളിലൂടെ ലൈംഗിക ഉത്തേജനം നേടുന്നതും നിര്‍ജീവ വസ്തുക്കളെയോ കുട്ടികളെയോ ഉപയോഗിച്ച് ഒരാള്‍ തന്റെ ലൈംഗികാവശ്യം നിറവേറ്റുകയും അതില്‍ ആനന്ദം കണ്ടെത്തുകവഴി അത്തരം പ്രവണതകള്‍ ശീലമാക്കുകയും ചെയ്യുന്ന അവസ്ഥയാണ് പാരാഫീലിയ. ഒരാള്‍ തന്റെ ലൈംഗിക സംതൃപ്തി സാധ്യമാകുന്നതിനായി തിരഞ്ഞെടുക്കുന്ന മാര്‍ഗങ്ങള്‍ സമൂഹത്തിനും മറ്റുവ്യക്തികള്‍ക്കും അസഹനീയമാകുന്നുവെങ്കില്‍ അതിനെ പാരാഫിലിക് ഡിസോര്‍ഡര്‍ എന്നു വിളിക്കുന്നു. ലൈംഗിക സംതൃപ്തിക്കായി സ്വീകരിക്കുന്ന അസാധാരണമാര്‍ഗങ്ങള്‍ പലപ്പോഴും ക്രിമിനല്‍ കുറ്റങ്ങളായി മാറുകയും വ്യക്തികള്‍ മറ്റൊരു ലേബലില്‍ മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ തിരച്ചറിയപ്പെടേണ്ടതും ചികിത്സിക്കേണ്ടതുമായ സെക്ഷ്വല്‍ ഡീവിയേഷന്‍സിനെക്കുറിച്ചാണ് ഇനി പറയുന്നത്.തുറന്നുകാട്ടുന്ന നഗ്നത; ഞെട്ടലും പ്രതികരണശേഷിയില്ലായ്മയും ആസ്വദിക്കുന്നവര്‍ (Exhibitionism)
കുട്ടികള്‍ക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് പ്രമുഖ നടന്‍ അറസ്റ്റിലായത് കുറച്ചുനാളുകള്‍ക്ക് മുമ്പാണ്. കാറില്‍ ഇരുന്നുകൊണ്ട് സ്‌കൂള്‍കുട്ടികള്‍ വരുന്ന വഴിയില്‍ കാത്തിരിക്കുകയും അവരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് തന്റെ നഗ്നത പ്രദര്‍ശിപ്പിച്ചുവെന്നുമാണ് കേസ്. ഈ നഗ്നതാപ്രദര്‍ശനം ഒരു തരം പാരാഫീലിക് ഡിസോര്‍ഡര്‍ ആണ്. എക്‌സിബിഷനിസ്റ്റിക് ഡിസോര്‍ഡര്‍ എന്നു പറയുന്നു. ഒട്ടും പരിചിതരല്ലാത്ത വ്യക്തികള്‍ക്കുനേരെയാണ് പലപ്പോഴും ഇത്തരം മാനസികാവസ്ഥയുള്ളവര്‍ നഗ്നതാപ്രദര്‍ശനം നടത്തുന്നത്. അപ്രതീക്ഷിതമായി മറ്റൊരാളുടെ പ്രത്യേകിച്ചും എതിര്‍ലിംഗത്തില്‍പെട്ടയാളുടെ ജനനേന്ദ്രിയങ്ങള്‍ കാണാനിടയാവുന്നമ്പോള്‍ ഉണ്ടാകുന്ന ഞെട്ടല്‍, പ്രതികരണശേഷിയില്ലായ്മ, അറപ്പ് ഇവ ആസ്വദിക്കുന്നതിലൂടെ ലഭിക്കുന്ന ലൈംഗിക സംതൃപ്തിയാണ് എക്‌സിബിഷനിസ്റ്റുകളുടെ ആനന്ദം. എക്‌സിബിഷനിസ്റ്റുകള്‍ തിരഞ്ഞെടുക്കുന്നതാവട്ടെ പലപ്പോഴും ആറ് വയസ്സിനും പതിമൂന്നിനും ഇടയിലുള്ള പ്രീപ്യുബിസെന്റ് (ആര്‍ത്തവപ്രായമെത്താത്ത)ആയ കുട്ടികളെയുമാണ്. എന്നിരുന്നാലും കൗമാരക്കാരെയും മുതിര്‍ന്ന എതിര്‍ലിംഗക്കാരെയും ഇവര്‍ അവസരോചിതമായി വെറുതെ വിടാറില്ല. നേരിട്ടുള്ള ലൈംഗികാതിക്രമത്തിന് ഇവര്‍ മുതിരില്ല. ഇരകളുടെ മാനസികാഘാതവും മുഖത്തെ ഭാവമാറ്റങ്ങളും ആസ്വദിക്കുന്നതിലൂടെ ലഭിക്കുന്ന

വര:ബാലു

ആനന്ദമാണ് ഇവര്‍ക്ക് വേണ്ടത്. ആളുകള്‍ പിടിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഇടങ്ങളാണ് ഇവര്‍ നഗ്നതാപ്രദര്‍ശനത്തിനായി തിരഞ്ഞെടുക്കുന്നത്. പ്രായോഗികജീവിതത്തില്‍ വിവാഹിതരും കുട്ടികളും ഉള്ളവരാണെങ്കിലും അവരുടെ ലൈംഗിക ഉത്തേജനം എന്നത് നഗ്നതാപ്രദര്‍ശനത്തില്‍ നിന്നും മാത്രമായിരിക്കും ലഭിക്കുക. പിടിക്കപ്പെടുമ്പോള്‍ നിഷ്‌കളങ്കത അഭിനയിച്ചുകൊണ്ട് സാഹചര്യത്തില്‍ നിന്നും രക്ഷപ്പെടാനുള്ള കഴിവ് ഇവര്‍ക്കുണ്ടാകും. മൊത്തം ആണ്‍ജനസംഖ്യയുടെ 2-3 വരെ ശതമാനം പേര്‍ തങ്ങളുടെ ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരാണെന്ന് സര്‍വേകള്‍ സൂചിപ്പിക്കുന്നു. അതേസമയം സ്ത്രീകള്‍ തങ്ങളുടെ നഗ്നത അപ്രതീക്ഷിതമായ ഇടങ്ങളില്‍, അന്യരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്ന കേസുകള്‍ ഒറ്റപ്പെട്ടതാണ്. എക്‌സിബിഷനിസ്റ്റിക് ഡിസോര്‍ഡര്‍ ഉള്ളവര്‍ തങ്ങളുടെ ജനനേന്ദ്രിയങ്ങള്‍ ലൈംഗിക താല്‍പര്യങ്ങളോടെ പ്രദര്‍ശിപ്പിക്കുമ്പോള്‍ ഒരു തരം ഭാവനാലോകത്താണ് വിരാജിക്കുന്നത്. അവരുടെ മനസ്സില്‍ അപ്പോള്‍ മുന്നിലുള്ളവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതായി അവര്‍ ഭാവനയില്‍ കാണുകയാണ് ചെയ്യുന്നത്.

ആറുമാസത്തോളം തുടര്‍ച്ചയായി വികലമായി ലൈംഗികഭാവനയില്‍ത്തുടരുന്നയാളും അയാള്‍ക്ക് അപരിചിതരായവരോട് തോന്നുന്ന ലൈംഗികാകര്‍ഷണവും എക്‌സിബിഷനിസത്തിന്റെ ലക്ഷണമാണ്. എക്‌സിബിഷനിസ്റ്റുകള്‍ക്ക് ആളുകളോട് നേരിട്ട് സംസാരിക്കാനുള്ള കഴിവ് കുറഞ്ഞുവരികയും പരിചയമുള്ള ആളുകളെ തങ്ങളുടെ സര്‍ക്കിളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്യുന്ന പ്രവണതയുണ്ടാവും.

ആന്റിസോഷ്യല്‍ പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍, അമിത മദ്യപാനം, പീഡോഫീലിയയില്‍ ഉള്ള അമിത താല്‍പര്യം തുടങ്ങിയവയാണ് എക്‌സിബിഷനിസത്തിന് കാരണമായി വരുന്നത്. മാനസികവും ലൈംഗികവുമായി ചെറുപ്പത്തില്‍ ചൂഷണം ചെയ്യപ്പെടുന്നതും പ്രദര്‍ശനപരതയുടെ കാരണമാണെന്ന് മാനസികാരോഗ്യവിദഗ്ധര്‍ പറയുന്നു. ഹൈപര്‍ സെക്ഷ്വാലിറ്റി (അമിത ലൈംഗികാവേശം) ഉള്ളവരിലും എക്‌സിബിഷനിസം പൊതുവേ കാണാറുണ്ട്.പൊതുവേ എക്‌സിബിഷനിസ്റ്റുകള്‍ ലൈംഗികാതിക്രമം നടത്താറില്ലെങ്കിലും ചില സന്ദര്‍ഭങ്ങളില്‍ ഇരകളെ ബലാത്സംഗം ചെയ്യുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലൈംഗികാതിക്രമകേസുകളില്‍ മൂന്നില്‍ ഒന്ന് എക്‌സിബിഷനിസത്തില്‍ ഉള്‍പ്പെട്ടതാണെന്നത് ഗൗരവമായി കാണേണ്ടതാണ്.

ലൈംഗികഅപമര്യാദ-(sexual misconduct) ഗണത്തില്‍ പെടുന്ന പ്രദര്‍ശനപരതക്കാരുടെ മാനസിക ആരോഗ്യനില പലപ്പോഴും പൊതുജനങ്ങള്‍ക്കിടയില്‍ സാധാരണരീതിയിലായിരിക്കും. എന്നിരുന്നാലും വിഷാദം, ബൈപോളാര്‍ ഡിസോര്‍ഡര്‍, ഉത്കണ്ഠ, മറ്റു പാരാഫിലിക് ഡിസോര്‍ഡര്‍, ആന്റിസോഷ്യല്‍ പേഴ്‌സണാലിറ്റി എന്നിവ തങ്ങളുടെ വ്യക്തിജീവിതത്തില്‍ ഇക്കൂട്ടര്‍ പ്രകടിപ്പിക്കും.

പ്രദര്‍ശനപരത എന്നത് ഒരു പാരാഫിലിക് ഡിസോര്‍ഡര്‍ ആണെന്നും അതിന് മതിയായ ചികിത്സ വേണമെന്നും പലപ്പോഴും എക്‌സിബിഷനിസ്റ്റുകള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവില്ല. പിടിക്കപ്പെടുമ്പോഴാണ് മറ്റെല്ലാ പാരാഫിലിക് ഡിസോര്‍ഡറുകാരെപ്പോലെ ഇവരും ചികിത്സയ്ക്കായി റഫര്‍ ചെയ്യപ്പെടുന്നത്. സൈക്കോതെറാപ്പിയും മരുന്നുകളും ഫലപ്രദമായ ചികിത്സയാണ്.

തെറാപ്യൂട്ടിക് ട്രീറ്റ്‌മെന്റുകളും എക്‌സിബിഷനിസ്റ്റുകള്‍ക്ക് നിര്‍ദേശിക്കുന്നുണ്ട്. നഗ്നതാപ്രദര്‍ശം നടത്താന്‍ തോന്നുമ്പോള്‍ അവരുടെ ഭാവനയുമായി ഇണങ്ങുന്ന വസ്തുക്കളെ മുന്നില്‍ നിര്‍ത്തി ലൈംഗികതയെ നിയന്ത്രിക്കുക എന്നതാണ് തെറാപ്പിസ്റ്റുകള്‍ ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. തുടര്‍ച്ചയായി ഇത്തരത്തില്‍ തെറാപ്പിയ്ക്ക് വിധേയരാവുമ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ നിന്നും പ്രദര്‍ശനപരത പതുക്കെ ഇല്ലാതാവുമെന്ന് തെറാപ്പിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നു. സെക്ഷ്വല്‍ ഹോര്‍മോണുകളെ നിയന്ത്രിക്കുക എന്നതാണ് മരുന്നുകള്‍കൊണ്ട് ഉദ്ദേശിക്കുന്നത്. മറ്റെല്ലാ പാരാഫീലിക് ഡിസോര്‍ഡറുകളെയും പോലെ അവനവന് തന്നെയാണ് ആദ്യം പ്രശ്‌നം തിരിച്ചറിയാന്‍ സാധിക്കുക. ഒരു പൗരന്‍ എന്ന നിലയിലും വ്യക്തി എന്ന നിലയിലും സാമൂഹികജീവി എന്ന നിലയിലും അവകാശങ്ങളും കടമകളും നിര്‍വഹിക്കേണ്ട സമൂഹത്തിലാണ് ജീവിക്കുന്നത് എന്ന ബോധ്യം ഉണ്ടാവുക എന്നതാണ് പരമപ്രധാനം. സ്‌കൂള്‍ പ്രാഥമികതലം തൊട്ട് തന്നെ ലൈംഗികവിദ്യാഭ്യാസം ലഭിക്കേണ്ടതിന്റെ ആവശ്യകതകൂടിയാണ് ഇവിടെ വ്യക്തമാവുന്നത്. ലൈംഗികതയെപ്പറ്റിയുള്ള തുറന്ന ചര്‍ച്ചകളിലൂടെ ലൈംഗിക വൈകൃതങ്ങളെപ്പറ്റിയും അറിവുലഭിക്കുന്നുണ്ട്. ലൈംഗികതയ്ക്ക് ഇന്നും നാം കല്‍പിച്ചുപോരുന്ന ലൈംഗികതയിലെ രഹസ്യാത്മകത അവസാനിപ്പിക്കുകയും നിരതെറ്റിനില്‍ക്കുന്ന പല്ലുകള്‍ക്ക് ചികിത്സയാവാമെങ്കില്‍, കൂട്ടം തെറ്റിനില്‍ക്കുന്ന ലൈംഗിക പ്രശ്നങ്ങളെ തിരിച്ചറിയാന്‍ വ്യക്തിതന്നെ തയ്യാറാവുക എന്നതാണ് മുഖ്യം. ലൈംഗികത എന്നത് തികച്ചും വ്യക്തിപരമായ പ്രശ്‌നമായി എടുക്കാതെ സുഹൃത്തുക്കളോടും സമപ്രായക്കാരോടും ചര്‍ച്ച ചെയ്യാനും തയ്യാറാവണം. ഇന്ത്യന്‍ പീനല്‍കോഡ് സെക്ഷന്‍ 281 പ്രകാരം പ്രകാരം എക്‌സിബിഷനിസം ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് എന്ന അവബോധവും ഉള്‍ക്കൊള്ളേണ്ടതുണ്ട്.

സങ്കല്പത്തിലെ ലൈംഗികപങ്കാളികളുടെ വസ്തുക്കളില്‍ കാമം കണ്ടെത്തുന്നവര്‍ (Fetishism)

രാത്രികാലങ്ങളില്‍ സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ കളവ്‌പോകുന്ന സംഭവങ്ങള്‍ മിക്കനാട്ടിലുമുണ്ട്. തുടര്‍ച്ചയായി അടിവസ്ത്രങ്ങള്‍ മോഷ്ടിക്കപ്പെടുമ്പോള്‍ പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയിലാവുകയും നാട്ടുകാരുടെ കൈകാര്യങ്ങള്‍ വിധേയനാവുകയും ചെയ്യുന്നു. സംഭവം പോലീസ് കേസാവുമ്പോള്‍ 'കള്ളന്‍' മോഷണക്കുറ്റത്തിന് അകത്താവുന്നു. പക്ഷേ വീണ്ടും സംഭവം ആവര്‍ത്തിക്കപ്പെടുക തന്നെ ചെയ്യും. തന്റെ സങ്കല്പത്തിലുള്ള കമിതാവ്, ജീവിതപങ്കാളി തുടങ്ങിയവരുടെ വസ്ത്രങ്ങളും ഉപയോഗിക്കുന്ന സാധനങ്ങളും കൈവശപ്പെടുത്തുകയും അത്തരം വസ്തുക്കളുടെ സാന്നിധ്യത്തില്‍ ലൈംഗികസംതൃപ്തി കണ്ടെത്തുകയും ചെയ്യുന്ന അവസ്ഥയാണ് ഫെറ്റിഷിസം. സങ്കല്പത്തിലുള്ള ലൈംഗികപങ്കാളിയുമായി ബന്ധപ്പെട്ട ഏത് വസ്തുക്കളും ഇത്തരക്കാര്‍ക്ക് ലൈംഗികതയിലേക്കുള്ള ചുവടുവെപ്പാണ്. സെക്‌സ് എന്നാല്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള സന്തോഷകരവും ആരോഗ്യകരവുമായ ശാരീരികബന്ധമാണ്. എന്നാല്‍ ഫെറ്റിഷിസ്റ്റുകള്‍ക്ക് ലൈംഗിക ഉത്തേജനം ലഭിക്കാന്‍ ശാരീരിക സാന്നിധ്യം ആവശ്യമില്ല. തൂവാല, വിയര്‍പ്പുമണമുള്ള വസ്ത്രങ്ങള്‍, അടിവസ്ത്രങ്ങള്‍, ചെരുപ്പുകള്‍ തുടങ്ങിയവയാണ് ഫെറ്റിഷിസ്റ്റുകള്‍ പൊതുവേ സ്വന്തമാക്കുന്നത്. വസ്തുക്കളോടുള്ള അമിതമായ ആവേശമാണ് ഫെറ്റിഷിസം എന്നുപറയുന്നത്.

വര:ബാലു

മലപ്പുറം ജില്ലയിലെ മുതിര്‍ന്ന സൈക്യാട്രിസ്റ്റ് ഡോ. രഘുറാമിന്റെയടുക്കല്‍ ചികിത്സയ്‌ക്കെത്തിയ ഇരുപത്തിയഞ്ചുകാരനായ യുവാവ് തന്റെ അയല്‍ക്കാരിയുടെ അടിവസ്ത്രങ്ങള്‍ തുടര്‍ച്ചയായി മോഷ്ടിച്ചിരുന്നു. ഏതാണ്ട് മുപ്പത് ജോടി വസ്ത്രങ്ങളായപ്പോള്‍ അയാള്‍ തന്റെ അവസ്ഥയുടെ ഗൗരവം തിരിച്ചറിയുകയും ചികിത്സയ്ക്കായി സ്വമേധയാ വരികയുമായിരുന്നെന്ന് ഡോക്ടര്‍ പറയുന്നു. ഇത്തരത്തില്‍ തിരിച്ചറിയല്‍ വന്നുകഴിഞ്ഞാല്‍ പാരാഫീലിയയുടെ വ്യാപ്തി കുറയുകയും രോഗിയ്ക്ക് അധികം വൈകാതെ തന്നെ സാധാരണ ജീവിതം നയിക്കാന്‍ കഴിയുകയും ചെയ്യും. തങ്ങളുടെ ചെയ്തിയുടെ ഒരു ഘട്ടം കഴിഞ്ഞാല്‍ വന്നുചേരുന്ന കുറ്റബോധം ഇത്തരക്കാരെ ആത്മഹത്യയിലേക്ക് നയിക്കുന്നതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

തുടര്‍ച്ചയായി അടിവസ്ത്രങ്ങളും ചെരിപ്പുകളും നഷ്ടപ്പെട്ട ഒരു സ്ത്രീ കാത്തിരുന്ന് മോഷ്ടാവിനെ പിടിച്ചപ്പോള്‍ അവര്‍ക്ക് വളരെ പരിചയമുള്ള ആള് തന്നെയായിരുന്നു. നാട്ടുകാരുടെ സാന്നിധ്യത്തില്‍ പരിശോധന നടത്തിയപ്പോള്‍ അയാളുടെ ബാഗില്‍ അനവധി അടിവസ്ത്രങ്ങള്‍ കണ്ടെത്തി. വിവാഹിതനും കുട്ടികളുമുള്ള ഇയാള്‍ തന്റെ ഭാര്യയോട് അയല്‍ക്കാരിയുടെ ചെരിപ്പിട്ട് അയാളുടെ ശരീരത്തിലൂടെ നടക്കാന്‍ പറയുമായിരുന്നത്രേ. ചെരിപ്പിന്റെ സ്പര്‍ശം ലഭിക്കുമ്പോള്‍ അയാള്‍ക്ക് ഉത്തേജനം ലഭിക്കുകയും ഭാവനയില്‍ അയല്‍ക്കാരിയോടും പ്രായോഗികതയില്‍ ഭാര്യയോടും അയാള്‍ ലൈംഗികബന്ധം പുലര്‍ത്തിപ്പോന്നു. സഹികെട്ട് ഭാര്യ വീട്ടിലേക്ക് തിരിച്ചുപോയി. ആദ്യമാത്രയില്‍ തികച്ചും കൗതുകം എന്നുതോന്നാവുന്ന ഫെറ്റിഷിസം വളരെ ഗുരുതരമായ മാനസിക പ്രശ്‌നം തന്നെയാണ്.

സ്വയംഭോഗമാണ് ഫെറ്റിഷിസ്റ്റുകളുടെ പ്രധാന ലൈംഗികനിവൃത്തി. കരസ്ഥമാക്കിയ വസ്ത്രങ്ങള്‍ ധരിക്കുകയോ, കിടക്കയില്‍ വെക്കുകയോ ചെയ്തുകൊണ്ട് ഭാവനയില്‍ വസ്ത്രങ്ങളുടെ ഉടമയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതായി സങ്കല്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. പൊതുവേ ഇത്തരക്കാര്‍ സൈലന്റാണെങ്കിലും വളരെക്കാലം ഒരാളെത്തന്നെ ടാര്‍ഗറ്റ് ചെയ്യുന്നുവെങ്കില്‍ റേപ് പ്ലാനിങ്ങിനുള്ള സാധ്യത കൂടുതലാണെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. മനസ്സിലെ പങ്കാളിയുടെ ജനനേന്ദ്രിയങ്ങളൊഴികെ മറ്റെല്ലാ ഭാഗവും ഇവര്‍ക്ക് ആരാധനാതുല്യമായിരിക്കും. പ്രത്യേകിച്ചും കാല്പാദങ്ങള്‍. ചെരിപ്പുകള്‍ നഷ്ടപ്പെടുന്നതും ഇതുകൊണ്ടാണ്. വിയര്‍പ്പാണ് ഇത്തരക്കാരുടെ മറ്റൊരു വീക്‌നെസ്സ്. ഫെറ്റിഷിസം വളരെ ചെറിയതോതില്‍ മിക്കവരിലും കണ്ടുവരാറുള്ളതും വ്യക്തിയുടെ വളര്‍ച്ചാഘട്ടത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒന്നുമാണ്. പരിധിവിട്ടുള്ള ഫെറ്റിഷിസം ആണ് പാരഫീലിയ ആയി മാറുന്നത്. ഇത്തരം വസ്തുക്കളുടെ സാന്നിധ്യമില്ലാതെ ലൈംഗികബന്ധം സാധ്യമാവാത്ത അവസ്ഥയില്‍ എത്തുമ്പോഴാണ് അത് രോഗമായി മാറുന്നത്.

ഫെറ്റിഷിസം എന്ന വാക്ക് ഫീറ്റികോ എന്ന പോര്‍ച്ചുഗീസ് പദത്തില്‍ നിന്നാണ് ഉണ്ടായത്. അമിതമായ ആകര്‍ഷണം എന്നാണ് അര്‍ഥം. വസ്തുക്കളെ വ്യക്തിയുടെ ശരീരഭാഗമായി സങ്കല്പിച്ചുകൊണ്ട് ലൈംഗികോത്തേജനം സാധ്യമാവുന്ന അവസ്ഥ.

ഫെറ്റിഷെസ്സിനെ രണ്ടായി തിരിക്കാം- ഫോം ഫെറ്റിഷെസ്, മീഡിയ ഫെറ്റിഷസ്. ഷൂ, ചെരിപ്പ് തുടങ്ങിയവയാണ് ഫോം ഫെറ്റിഷസ്. സില്‍ക്ക്, ലെതര്‍ തുടങ്ങിയവയാണ് മീഡിയ ഫെറ്റിഷസ്സില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പുരുഷന്മാരിലാണ് സ്വതേ ഫെറ്റിഷിസം കൂടുതലായി കണ്ടുവരുന്നത്. ഫെറ്റിഷിസ്റ്റുകള്‍ പൊതുവേ ലജ്ജയുള്ളവരും ആത്മാഭിമാനം നഷ്ടപ്പെട്ടവരുമായാണ് കാണപ്പെടുന്നത്. വസ്തുക്കളുടെ അഭാവത്തില്‍ സെക്‌സ് സാധ്യമാവാത്തത് പരാജയമായി അവര്‍ കണക്കാക്കുന്നു. വ്യക്തിജീവിതത്തോടും സാമൂഹിക ജീവിതത്തോടും ഇവര്‍ക്ക് വിമുഖതയുണ്ടാവുന്നു. തന്നെ പരിപൂര്‍ണമായും സ്‌നേഹിക്കുകയും ലൈംഗികാവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന പങ്കാളിയോട് നീതിപുലര്‍ത്താന്‍ കഴിയാതെയാവുന്നു.

കൗമാരകാലത്താണ് ഫെറ്റിഷിസം ഒരു വ്യക്തിയുടെ ജീവിതത്തില്‍ സ്ഥാനം പിടിക്കുന്നത്. കൗമാരത്തിലെ കൗതുകങ്ങള്‍ക്കപ്പുറത്തേക്ക് ഇത് വളരുന്നുവെങ്കില്‍ തീര്‍ച്ചയായും ചികിത്സിക്കേണ്ടതാണ്. മാനസികാപഗ്രഥനസിദ്ധാന്തങ്ങള്‍ പ്രകാരം കുട്ടിക്കാലത്തെ അനുഭവങ്ങളും ശാരീരികമായ ഘടകങ്ങളും തലച്ചോറിന്റെ സാധാരണമല്ലാത്ത വളര്‍ച്ചയും ഫെറ്റിഷിസത്തിന് കാരണമാവുന്നുണ്ട്. സംസ്‌കാരവും ഇതിന്റെ ഉപഘടകമാണ്. ലൈംഗികതയെ ഒരു വിഭാഗം ആളുകള്‍ എങ്ങനെ സമീപിക്കുന്നു എന്നതും അതിന്റെ അനുകരണവും ഫെറ്റിഷിസത്തിന് കാരണമാകുന്നു.

ഒരു വ്യക്തിയുടെ സാധാരണ ജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന തരത്തില്‍ ഫെറ്റിഷിസം മാറുമ്പോഴാണ് അതിനെ ഡിസോര്‍ഡര്‍ ആയിട്ട് കണക്കാക്കുന്നത്. പലപ്പോഴും ഫെറ്റിഷിസ്റ്റുകള്‍ തങ്ങളുടെ ദൗര്‍ബല്യം അംഗീകരിക്കാന്‍ തയ്യാറാവില്ല. ദാമ്പത്യബന്ധങ്ങളിലെ പരാജയം, ഉത്കണ്ഠ, ലജ്ജ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കാണ് ആദ്യം ചികിത്സിക്കുന്നത്. ബിഹേവിയറല്‍ തെറാപ്പികളും മരുന്നുകളും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉപയോഗിക്കേണ്ടതുണ്ട്.

ജനലരികിലെ സ്ഥിരസാന്നിധ്യം ;ഒളിഞ്ഞുനോട്ടം അഥവാ വോയറിസം

വര:ബാലു

സ്ഥിരമായി ജനല്‍പ്പാളികള്‍ എങ്ങനെയാണ് തകര്‍ന്നുപോകുന്നത് എന്ന ഒരു ഗൃഹനാഥന്റെ സത്വരമായ അന്വേഷണം എത്തിനിന്നത് അയല്‍ക്കാരനായ യുവാവിന്റെ ഒളിഞ്ഞുനോട്ടസ്വഭാവത്തിലാണ്. അന്യന്റെ കിടപ്പറയിലേക്ക് ഒളിഞ്ഞുനോക്കുന്നതിലൂടെ ലഭിക്കുന്ന ലൈംഗികസംതൃപ്തിയാണ് വോയറിസം എന്ന് പറയുന്നത്. ഈ ഒളിഞ്ഞിനോട്ടക്കാരന്‍ പലപ്പോഴും നഗ്നരായിരിക്കും. മറ്റുള്ളവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്ത് സംതൃപ്തി നേടുന്നവരാണിവര്‍. ഒളിഞ്ഞുനോക്കുമെന്നല്ലാതെ മറ്റ് ശാരീരിക ഉപദ്രവങ്ങളോ, ലൈംഗികാതിക്രമങ്ങളോ പൊതുവേ ഇവര്‍ നടത്താറില്ല. തങ്ങളുടെ സ്ഥിരം നിരീക്ഷണത്തില്‍പെട്ട ആളുകളുമായി ലൈംഗികബന്ധം സ്ഥാപിക്കുന്നതിനോട് ഇവര്‍ക്ക് താല്‍പര്യവുമുണ്ടാകില്ല. ബൈനോക്കുലര്‍, കണ്ണാടികള്‍, റെക്കോഡിങ് ക്യാമറകള്‍, മൊബൈല്‍ഫോണുകള്‍ എന്നിവയുടെ കൊണ്ടുനടക്കുന്നതിനാല്‍ ഇവരെ പീപ്പിങ് ടോംസ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത്തരക്കാര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ആവര്‍ത്തിച്ചു കാണുന്നതിലൂടെ ലഭിക്കുന്ന ലൈംഗിക ഉത്തേജനത്താല്‍ സംതൃപ്തിയുള്ളവരുമാകുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഇത്തരം സംഗതികള്‍ കാണിനിടയാവുന്നവരെ വോയറുകള്‍ എന്ന് വിളിക്കാറില്ല. മറ്റുള്ളവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ പുറപ്പെടുവിക്കുന്ന ശബ്ദങ്ങള്‍പോലും വോയറിസ്റ്റുകള്‍ക്ക് ഉത്തേജനം നല്‍കുന്നവയാണ്.

വോയറുകള്‍ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. സമൂഹത്തില്‍ ഇവര്‍ അതിവേഗം തിരിച്ചറിയപ്പെടുകയും അകറ്റിനിര്‍ത്തപ്പെടുകയും ചെയ്യും. പലപ്പോഴും കൗമാരപ്രായക്കാര്‍ക്കിടയിലെ ഉദ്വേഗങ്ങള്‍ ഒളിഞ്ഞുനോട്ടത്തിന് കാരണമാകാറുണ്ടെങ്കിലും ഇത് തുടര്‍ക്കഥയാവുന്നുവെങ്കില്‍ തീര്‍ച്ചയായും സ്വയമേ ചികിത്സ തേടേണ്ടതാണ്. കൗമാരക്കാര്‍ക്ക് കൗണ്‍സിലിങ്ങും താക്കീതും നല്‍കി വിട്ടയക്കപ്പെടുമ്പോള്‍ മുതിര്‍ന്ന പരിചയസമ്പന്നരായ വോയറുകള്‍ ഇന്ത്യന്‍ പീന്‍കോഡ് സെക്ഷന്‍ 354 ഇ പ്രകാരം ഏഴുവര്‍ഷം ശിക്ഷലഭിക്കാവുന്ന കുറ്റത്തിനാണ് അകത്താവുന്നത്. ഹോട്ടലുകളിലെ ബാത്‌റൂമുകളില്‍ ക്യാമറ വെക്കുക, വ്യക്തികളുടെ സ്വകാര്യതകള്‍ പകര്‍ത്തുക തുടങ്ങിയ കുറ്റങ്ങള്‍ വോയറിസത്തില്‍ പെടും. വീഡിയോ വോയറിസം പ്രൊട്ടക്ഷന്‍ ആക്ട് 2004 പ്രകാരം ഒരു വ്യക്തിയുടെ സ്വകാര്യശരീരഭാഗങ്ങള്‍ പകര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമാണ്.

ഹൈപ്പര്‍ സെക്ഷ്വാലിറ്റിയാണ് വോയറിസത്തിന്റെ പ്രധാനകാരണമായി പറയുന്നത്. കുട്ടിക്കാലത്തെ ലൈംഗിക ചൂഷണവും ഒരു കാരണമാണ്. പാപബോധം, ലജ്ജ, അനിയന്ത്രിതമായ ലൈംഗികവാഞ്ഛ, ഏകാന്തത, മാനസികാരോഗ്യക്കുറവ് തുടങ്ങിയവയും വോയറിസത്തിന് കാരണമായി പറയുന്നു. വോയറുകള്‍ സ്വതവേ സ്വന്തം താല്‍പര്യത്തില്‍ ചികിത്സതേടാറില്ല. പലപ്പോഴും നിയമം ലംഘിച്ചു എന്ന കേസില്‍ പെടുത്തി നിയമവ്യവസ്ഥ തന്നെയാണ് വോയറുകളെ ചികിത്സയ്ക്ക് വിധേയമാക്കുന്നത്. സാമൂഹിക ജീവിതത്തിന് ഉതകുന്ന മര്യാദകള്‍ എന്തൊക്കെയാണ്, നിയമങ്ങള്‍ ഏതൊക്കെയാണ് എന്നുള്ള അവബോധം സൃഷ്ടിക്കുകയാണ് ആദ്യം ചെയ്യുന്നത്.

'നിന്നെയൊന്നും ഇതിനു കൊള്ളില്ല'; വേദനിപ്പിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന സെക്ഷ്വല്‍ സാഡിസ്റ്റുകള്‍

'നീയൊരു മൃഗമാണ്. എന്റെ കിടപ്പറയില്‍ കിടക്കാന്‍ യാതൊരു യോഗ്യതയുമില്ലാത്തവള്‍, എന്റെ കാല് നക്കിത്തുടച്ചുവേണം എന്നോടൊപ്പം കിടക്കാന്‍...'' മുപ്പത്തിനാലുകാരനായ യുവാവ് തന്റെ ഭാര്യയോടൊത്ത് സെക്‌സോളജിസ്റ്റിനെ കാണാന്‍ വന്നത് ഭാര്യയെ അധിക്ഷേപിക്കാത്ത വാക്കുകള്‍ പറയാതെ, അവരെ ശാരീരികമായി വേദനിപ്പിക്കാതെ തനിക്ക് ലൈംഗിക ഉത്തേജനവും സംതൃപ്തിയും സാധ്യമാവുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ്. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ പങ്കാളിയുടെ മാനസികവും ശാരീരികവുമായ വേദനയില്‍ ആനന്ദം കൊള്ളുകയും രതി സാധ്യമാവുകയും ചെയ്യുന്ന അവസ്ഥയെയാണ് സെക്ഷ്വല്‍ സാഡിസം എന്നുപറയുന്നത്. കട്ടിലില്‍ കൈയും കാലും ബന്ധിച്ചശേഷം പങ്കാളിയെ ലൈംഗികബന്ധത്തിനുപയോഗിക്കുന്ന പ്രവണതയും സെക്ഷ്വല്‍ സാഡിസ്റ്റുകളില്‍ കാണാം. അനാവശ്യമായി ഇവര്‍ പങ്കാളിയെ തടവിലാക്കും. ലൈംഗികചോദനയുണര്‍ത്തുന്ന ശരീരഭാഗങ്ങളില്‍ കടിച്ചും നുള്ളിയും അടിച്ചും മുറിവുകള്‍ ഉണ്ടാക്കും. മുഖത്ത് തുപ്പും. ഇത്തരത്തില്‍ പങ്കാളി മാനസികമായും ശാരീരികമായും തകര്‍ന്നിരിക്കുന്ന സന്ദര്‍ഭത്തില്‍ രതിവേഴ്ച നടത്തും. പങ്കാളിയുടെ സമ്മതമില്ലാതെ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ അത് ബലാത്സംഗമായി മാറുന്നു. വിവാഹിതരാണോ അല്ലയോ എന്നത് ബലാത്സംഗത്തിനുമുന്നില്‍ പ്രസക്തിയില്ലാത്ത സംഗതിയാണ്. സമ്മതമില്ലാതെയുള്ള എന്ത് ശാരീരികാതിക്രമവും ബലാത്സംഗം തന്നെയാണ്. ഇത് രണ്ട് വ്യക്തികളും സാമൂഹികവും ഔദ്യോഗികവുമായ ജീവിതക്രമങ്ങളും താളം തെറ്റിക്കുന്നു. സെക്ഷ്വല്‍ സാഡിസം ഡിസോര്‍ഡര്‍ എന്നറിയപ്പെടുന്ന ഈ അവസ്ഥ നിര്‍ബന്ധമായും ചികിത്സയ്ക്ക് വിധേയമാക്കേണ്ടതാണ്. രോഗം അതിന്റ മൂര്‍ധന്യാവസ്ഥയില്‍ എത്തുമ്പോള്‍ കൊലപാതകം വരെ സംഭവിച്ച കേസുകള്‍ ധാരാളമുണ്ട്.

ആരോഗ്യകരമായ ലൈംഗികബന്ധത്തില്‍ പരസ്പരധാരണയും സമ്മതവും മേല്‍ക്കോയ്മയും വിധേയത്വവുംമെല്ലാം അവസരത്തിനനുസരിച്ച് മാറിമാറി വന്നുംപോയുമിരിക്കും. പങ്കാളികള്‍ പരസ്പരം സ്‌നേഹമസൃണമായ തെറിവാക്കുകള്‍ പറയും. പരസ്പരപീഡകള്‍ ഉണ്ടായെന്നിരിക്കും. ലൈംഗികബന്ധത്തെ ഒരു ചടങ്ങായി കണ്ടുകൊണ്ട് ശപിച്ചും കുത്തുവാക്കുകള്‍ പറഞ്ഞുകൊണ്ടും ആയിരിക്കില്ല ആരോഗ്യകരമായ രതി ആഹ്ലാദമായിത്തീരുന്നത്. റൊമാന്റിക് റിലേഷന്‍ഷിപ്പ് എന്നാണ് അത് അറിയപ്പെടുന്നത്. അവിടെ ഓരോ പങ്കാളിയും അവരവരുടെ വൈകാരികതയും വ്യക്തിത്വവും സംരക്ഷിക്കുന്നുണ്ട്. ഇവ തകരുന്ന ഘട്ടത്തിലാണ് സെക്ഷ്വല്‍ സാഡിസം ഉണ്ടാവുന്നത്. പങ്കാളിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ തങ്ങള്‍ക്ക് രണ്ടുപേര്‍ക്കും പരിചയമുള്ള അഞ്ചാറ് പുരുഷന്മാരുടെ പേരുകള്‍ പറഞ്ഞ് അവരുമായിട്ടാണ് ഇപ്പോള്‍ സെക്‌സിലേര്‍പ്പെട്ടുകൊണ്ടിരിക്കുന്നത് എന്ന് സങ്കല്പിക്കാന്‍ പങ്കാളിയോട് ആവശ്യപ്പെടുന്ന അധ്യാപകന്റെ രീതിയെക്കുറിച്ച് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത സെക്‌സോളജിസ്റ്റ് പറയുന്നു. ഈ ആവശ്യം സ്ഥിരമായി അയാള്‍ ഉന്നയിക്കാന്‍ തുടങ്ങിയപ്പോഴാണ് ഡോക്ടറെ കാണാന്‍ നിര്‍ബന്ധിതനായത്. തന്റെ ലൈംഗികശേഷിയിലുള്ള വിശ്വാസക്കുറവുകൊണ്ടാണ് അയാള്‍ ഇത്തരത്തില്‍ പെരുമാറുന്നത്. പങ്കാളിയെ മാനസികമായി ഇതെങ്ങനെയാണ് ബാധിക്കുന്നത് എന്ന് അയാള്‍ ചിന്തിക്കുന്നതേയില്ല.

എസ്‌കേപിസം എന്ന പ്രവണതയാണ് സെക്ഷ്വല്‍ സാഡിസം ഡിസോര്‍ഡറിന്റെ ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. തന്നേക്കാള്‍ ക്ഷമതയും ശക്തിയും എതിര്‍ലിംഗക്കാരിക്കുണ്ട്, താന്‍ അശക്തനാണ് എന്ന തോന്നലില്‍ നിന്നാണ് ഈ എക്‌സേപ്പിസം ഉടലെടുക്കുന്നത്. സാമ്പത്തികമായും സൗന്ദര്യപരമായും വിദ്യാഭ്യാസപരമായും ഉയര്‍ന്നുനില്‍ക്കുന്നയാളാണ് പങ്കാളിയെങ്കില്‍ സെക്ഷ്വല്‍ സാഡിസം പ്രകടിപ്പിക്കാനുള്ള സാധ്യതയുണ്ട്. കുട്ടിക്കാലങ്ങളില്‍ മാതാപിതാക്കളുടെ പെരുമാറ്റവും അവരുടെ ലൈംഗികബന്ധവും നിരീക്ഷിക്കാനിടവരുന്ന കുട്ടികള്‍ മുതിര്‍ന്നവരാവുമ്പോള്‍ ഇത്തരത്തിലുള്ള ഡിസോര്‍ഡറുകള്‍ പ്രകടിപ്പിക്കാന്‍ സാധ്യത കൂടുതലാണ്. പങ്കാളിയുടെ വൈകാരിക സുരക്ഷയെക്കുറിച്ച് ബോധവാന്മാരാകാതെ പിതൃമേധാവിത്ത മനഃസ്ഥിതി ലൈംഗികബന്ധത്തില്‍ പുലര്‍ത്തുമ്പോള്‍ സംഭവിക്കുന്നതും സാഡിസമാണ്. മുന്‍ധാരണകളോടെ രതിയെ സമീപിക്കുന്നതും ഏര്‍പ്പെടുന്നതും തങ്ങളുടെ സങ്കല്പങ്ങള്‍ക്കും ഭാവനയ്ക്കുമൊത്ത് പങ്കാളി ഉയരാത്തതും സെക്ഷ്വല്‍ സാഡിസ്റ്റുകളെ സൃഷ്ടിക്കാന്‍ കാരണമാവുന്നു.

ആന്റിസോഷ്യല്‍ ഡിസോര്‍ഡര്‍, സത്യസന്ധതയില്ലായ്മ, ക്ഷോഭം നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ, അനുകമ്പയില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ സെക്ഷ്വല്‍ സാഡിസ്റ്റുകളായിരിക്കും. തിരിച്ചറിയുന്ന മാത്രയില്‍ത്തന്നെ തീര്‍ച്ചയായും ചികിത്സ തേടിയിരിക്കേണ്ടതുണ്ട്. ജനസംഖ്യയില്‍ 2- മുതല്‍ 30 ശതമാനം വരെയുള്ളവര്‍ സെക്ഷ്വല്‍ സാഡിസത്തിന്റെ വിവിധതലങ്ങള്‍ പ്രകടിപ്പിക്കുന്നവരാണ് എന്നാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്.

ലൈംഗികാനന്ദം എന്നതിലുപരി പങ്കാളിയില്‍ കാലാകാലത്തേക്കുമള്ള അധികാരം സ്ഥാപിക്കലും കീഴടക്കാനുള്ള ത്വരയുമാണ് സെക്ഷ്വല്‍ സാഡിസത്തിലേക്ക് നയിക്കുന്നത്. ലൈംഗികോത്തേജനം നല്‍കുന്ന തലച്ചോറിലെ അമിദ്ഗളയുടെ പ്രവര്‍ത്തനം സെക്ഷ്വല്‍ സാഡിസ്റ്റുകളില്‍ അധികമാണ്. മൊസാംബിക്കിലെ 512 സ്ത്രീകളിലും പുരുഷന്മാരിലും നടത്തിയ പഠനത്തില്‍ നിന്നുള്ള അനുമാനപ്രകാരം അശ്ലീലചിത്രങ്ങളുടെ അമിതനിരീക്ഷണവും ആവര്‍ത്തിച്ചുകാണലും സെക്ഷല്‍ സാഡിസ്റ്റുകളെ സൃഷ്ടിക്കാന്‍ കാരണമായിട്ടുണ്ട്.

സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും സംയുക്തമായാണ് സെക്ഷ്വല്‍ സാഡിസ്റ്റുകളെ ചികിത്സിക്കുന്നത്. മരുന്നുകളും സൈക്കോ തെറാപ്പിയുമാണ് പ്രധാനമായും നല്‍കുന്നത്. ആന്റിഡിപ്രസന്റ് മരുന്നുകളും ടെസ്റ്റോസ്റ്റിറോണ്‍ ഉദ്പാദനം നിയന്ത്രണത്തിലാക്കുന്ന മരുന്നുകളുമാണ് നല്‍കുന്നത്. സ്വന്തം വ്യക്തിത്വവും ലൈംഗികതയും സ്വന്തം നിയന്ത്രണത്തിലാക്കുക എന്നതാണ് ഇവയെല്ലാം കൊണ്ട് ഉദ്ദേശിക്കുന്നത്.

'എന്നെയൊന്ന് വേദനിപ്പിക്കൂ';സെക്ഷ്വല്‍ മസോക്കിസം ഡിസോര്‍ഡര്‍

രതിവേഴ്ചയ്ക്കിടെ പങ്കാളിയോട് തന്നെ ശാരീരികമായി വേദനിപ്പിക്കാന്‍ പറയുന്ന പരാതിയുമായാണ് നാല്‍പതുകാരനായ യുവാവ് ഡോക്ടറെ സമീപിച്ചത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ പീഡകള്‍ സ്വയം ഏറ്റുവാങ്ങാന്‍ തയ്യാറാവുന്ന അവസ്ഥയാണ് സെക്ഷ്വല്‍ മസോക്കിസം. സെക്ഷ്വല്‍ സാഡിസം ഡിസോര്‍ഡറിന്റെ നേരെ എതിര്‍ പ്രവൃത്തിയാണ് സെക്ഷ്വല്‍ മസോക്കിസം ഡിസോര്‍ഡറില്‍ നടക്കുന്നത്. പങ്കാളി തന്നെ മാനസികമായും ശാരീരികമായും തളര്‍ത്തണമെന്ന് അപേക്ഷിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ ലഭിക്കുന്ന ഉത്തേജനത്തിലൂടെ ലൈംഗികസംതൃപ്തി നേടുക! മസോക്കിസ്റ്റുകളുടെ രീതി ഇതൊക്കെയാണ്. രതിയിലേര്‍പ്പെടുമ്പോള്‍ തന്റെ പരാജയങ്ങളത്രയും അയാള്‍ ഉപയോഗിക്കുന്നത് ലൈംഗികോത്തേജനത്തിനാണ്. പീഡകള്‍ ചോദിച്ചുവാങ്ങുന്നു. അപമാനിക്കപ്പെട്ടാല്‍ മാത്രം ഉത്തേജനം ലഭിക്കുന്ന അവസ്ഥ.

സഹനത്തില്‍ നിന്നും ലൈംഗികോത്തേജനം ലഭിക്കുന്നവര്‍ തങ്ങളുടെ കുട്ടിക്കാലത്ത് അപമാനം, മര്‍ദ്ദനം, അകറ്റിനിര്‍ത്തല്‍ തുടങ്ങിയവ നേരിട്ടിരിക്കാന്‍ സാധ്യതേറെയാണ്. സമൂഹത്തില്‍ പൊതുവേ ഇവര്‍ ഏകരായിരിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും. തന്റെ മേലുള്ള അധികാരം മറ്റുള്ളവര്‍ക്ക് അടിയറവ് വെക്കുകയും അതിലൂടെ ഉത്തേജനം ലഭിക്കുകയും ചെയ്യുന്നു. ഫാന്റസിയാണ് മറ്റൊരു പ്രധാനപ്പെട്ട ഘടകം. മനുഷ്യരില്‍ 40-70 ശതമാനം വരെയുള്ളവര്‍ സെക്ഷ്വല്‍ ഫാന്റസിയിലാണ് ജീവിക്കുന്നത്. ഇത്രയും പേര്‍ വിവിധ തരത്തിലുള്ള സൈക്കോ-സെക്ഷ്വല്‍ ഡിസോര്‍ഡറുകള്‍ക്ക് ഏറിയും കുറഞ്ഞും അടിമപ്പെട്ടിരിക്കുന്നു. അതേസമയം ലോകത്ത് വെറും 20 ശതമാനം പേര്‍ മാത്രമാണ് രതിയെ അതിന്റെ സകല ബഹുമാനത്തോടെയും ആസ്വദിക്കുന്നത്.

ലൈംഗിക താല്‍പര്യങ്ങള്‍ നാമ്പിടുന്ന കൗമാരകാലയളവില്‍ നേരിടുന്ന ലൈംഗികമായ അടിച്ചമര്‍ത്തലുകളാണ് സെക്ഷ്വല്‍ മസോക്കിസത്തിന് കാരണമായി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. കൗമാരക്കാരുടെ ലൈംഗിക ധാരണകളും ഭാവനകളും അടിച്ചമര്‍ത്തപ്പെടുകയും അനുകമ്പ സംജാതമാവുകയും ചെയ്യുമ്പോഴാണ് മസോക്കിസമായി മാറുന്നത്. കൂടുതല്‍ അനുകമ്പയും സ്‌നേഹവും പങ്കാളിയില്‍ നിന്നും പിടിച്ചുവാങ്ങാനുള്ള സൈക്കോളജിക്കല്‍ മൂവായിട്ടും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്. കുട്ടിക്കാലത്തെ ലൈംഗികചൂഷണത്തില്‍ നിന്നുള്ള ട്രോമയും മസോക്കിസത്തിനു കാരണമാവുന്നുണ്ട്.
സ്ത്രീകളാണ് മസോക്കിസ്റ്റുകളില്‍ മുന്നില്‍ നില്‍ക്കുന്നത്. സൈക്കോ തെറാപ്പിയും മരുന്നുകളുമാണ് ചികിത്സാവിധികള്‍.

സാഡിസവും മസോക്കിസവും രണ്ട് ധ്രുവങ്ങളാണെങ്കിലും സാഡോ-മസോക്കിസ്റ്റുകള്‍ എന്നൊരു വിഭാഗം കൂടി ഉരുത്തിരിയുന്നുണ്ട്. സാഡിസ്റ്റുകള്‍ ചൊരിയുന്ന പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ തയ്യാറാവുന്ന മസോക്കിസ്റ്റുകള്‍ ഉള്ള ലൈംഗികലോകം! അത്തരത്തില്‍ പങ്കാളികളില്‍ ഒരാള്‍ സാഡിസ്റ്റും മറ്റേയാള്‍ മസോക്കിസ്റ്റുമാണെങ്കില്‍ അവരുടെ ലൈംഗികബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഇല്ലാതെയാവുന്നു.

'തൊടാതെ നില്‍ക്കണമെങ്കില്‍ കാര്‍ വിളിച്ചുപോയ്‌ക്കോ' (Frotteurism)

സേഫ്റ്റിപിന്നുകള്‍ കൊണ്ട് കുത്തേറ്റ പാടുകള്‍ കാണാം ഈ പ്രശ്‌നമുള്ളവരുടെ ശരീരത്തിലൊന്നാകെ. പൊതുവാഹനമായ ബസ്സുകളാണ് ഫ്രോറ്റെറുകളുടെ പ്രധാന ഇടങ്ങള്‍. 'ഞരമ്പ് രോഗം' എന്ന പൊതുവില്‍ ലഘൂകരിച്ചുകാണുന്ന ഈ പ്രശ്‌നം പക്ഷേ സൃഷ്ടിക്കുന്ന ആഘാതം വലുതാണ്. തങ്ങളുടെ ലൈംഗികാവയവങ്ങള്‍ എതിര്‍ലിംഗക്കാരുടെ ശരീരത്തില്‍ മുട്ടിയുരുമ്മുന്ന വിധത്തില്‍ നിലയുറപ്പിക്കുക, വാഹനം ചലിക്കുന്നതിനനുസരിച്ച് ശരീരവും ചലിക്കുകയും അപ്പോള്‍ ലഭിക്കുന്ന ഉത്തേജനത്താല്‍ ലൈംഗിക സംതൃപ്തിയണയുന്ന അവസ്ഥ! തോണ്ടല്‍, മുട്ടിയുരുമ്മിനില്‍ക്കല്‍ ഇതെല്ലാം ഫ്രോറ്റെറിസം ഗണത്തില്‍ പെടുന്നു. പൊതുവാഹനങ്ങളിലും പൊതുവിടങ്ങളിലും സ്ത്രീകളുടെ ഇടയില്‍ കയറിനില്‍ക്കുന്നതുകാരണം ശരീരത്തിനും മനസ്സിനും എത്ര പ്രത്യാഘാതങ്ങള്‍ നല്‍കിയാലും ഇവര്‍ക്ക് മാറ്റാന്‍ കഴിയില്ല. ആ സ്വഭാവം വിഘ്‌നങ്ങളേതുമില്ലാതെ തുടരുമ്പോള്‍ അവര്‍ അത് ശീലമായി സ്വയം അംഗീകരിക്കുന്നു. ടച്ചറിസം എന്ന പേരിലും ഈ അവസ്ഥ അറിയപ്പെടുന്നുണ്ട്. ഫ്രോറ്റര്‍ എന്ന ഫ്രഞ്ച് പദത്തിന്റെ അര്‍ഥം ഉരുമ്മുക എന്നാണ്. മറ്റൊരാളുടെ അറിവോ സമ്മതമോ ഇല്ലാതെ ശരീരഭാഗത്ത് തങ്ങളുടെ ലൈംഗികാവയവങ്ങളാല്‍ ഉരുമ്മുമ്പോള്‍ ലഭിക്കുന്ന ലൈംഗികസംതൃപ്തിയും ബാക്കി ഫാന്റസിയുമാണ് ഇവരുടെ ജീവിതം. പ്രധാനപ്പെട്ട സെക്ഷ്വല്‍ ഡിസോര്‍ഡറായിട്ടാണ് ഇത് കാണപ്പെടുന്നത്. ഒരു വ്യക്തിയുടെ ജീവിതത്തിലും വ്യക്തിത്വത്തിലും സാരമായ പരിക്ക് ഇതുമൂലം സംഭവിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ വെറുമൊരു ഞരമ്പ് രോഗമായി കരുതാതെ തീര്‍ച്ചയായും ചികിത്സ തേടേണ്ടതാണ്. മറ്റുള്ളവരുടെ സമ്മതമില്ലാതെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത് കുറ്റകരമായ കാലത്ത് ഉരുമ്മിനില്‍ക്കുക എന്നത് ക്രിമിനല്‍ കുറ്റം തന്നെയാണ്.

പ്രണയം, ലൈംഗികത, വികാരം തുടങ്ങിയവയെക്കുറിച്ച് അടിസ്ഥാനഅറിവില്ലായ്മയാണ് ടച്ചറിസത്തിന്റെ പ്രധാനകാരണം. പ്രധാന ലൈംഗികവ്യതിയാനമായി ഇതിനെ വൈദ്യശാസ്ത്രം പരിഗണിക്കുന്നുണ്ട്. മുതിര്‍ന്ന പുരുഷന്മാരില്‍ 30 ശതമാനം പേരിലും ടച്ചറിസം കാണപ്പെടുന്നുണ്ട്.

ടച്ചറിസത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്ന് സാമൂഹികബോധമില്ലായ്മയാണ്. പൊതുസമൂഹത്തില്‍ സ്ത്രീ പുരുഷനോടും പുരുഷന്‍ സ്ത്രീയോടും കാണിക്കേണ്ട മിനിമം മര്യാദകള്‍ എന്തൊക്കെയാണ് എന്ന അറിവില്ലായ്മ, ലൈംഗികതയെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ, ഹൈപ്പര്‍ സെക്ഷ്വാലിറ്റി തുടങ്ങിയവയാണ് മറ്റുള്ള കാരണങ്ങള്‍. ഇത്തരത്തിലുള്ള ലൈംഗികവ്യതിയാനങ്ങള്‍ ഉള്ളവരെ സമൂഹം ആന്റി-സോഷ്യല്‍ ആയിട്ടാണ് കാണുന്നത്. പൊതുവിടങ്ങളില്‍ വെച്ച് ശാരീരികമായി അപമാനിക്കപ്പെടുമ്പോള്‍ പ്രതികരിക്കുന്ന സ്ത്രീകള്‍ക്കെതിരെ പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിക്കുന്ന ഒരു വിഭാഗം ഫ്രോറ്റെറുകള്‍ ഉണ്ട്. 'തൊടാതെ നില്‍ക്കണമെങ്കില്‍ കാര്‍ വിളിച്ചുപോയ്‌ക്കോ' എന്ന ഡയലോഗ് ഇവര്‍ തലമുറകളായി കൈമാറി വരുന്ന ഒന്നാണ്. എന്നാല്‍ രൂക്ഷമായ ഒരു നോട്ടത്തിലൂടെ പിന്‍വാങ്ങുന്ന ഫ്രോറ്റെറുകളും ഉണ്ട്.

മറ്റുള്ള സെക്ഷ്വല്‍ ഡിസോര്‍ഡറുകാരെപ്പോലെ സ്വയം തിരിച്ചറിവ് ഇവര്‍ക്ക് വളരെ പതുക്കെയേ സംഭവിക്കുകയുള്ളൂ. അഥവാ തിരിച്ചറിഞ്ഞാല്‍ത്തന്നെ പകുതിയിലധികം പേരും ചികിത്സ തേടാന്‍ തയ്യാറായിരിക്കില്ല. പലപ്പോഴും പോലീസ് ഇടപെട്ടാണ് ഇത്തരക്കാരെ ചികിത്സിക്കാന്‍ കൊണ്ടുപോകുന്നത്. പൊതുജനവിചാരണയ്ക്ക് ഇവരാണ് കൂടുതലും വിധേയമാക്കപ്പെടുന്നതും. സൈക്കോ തെറാപ്പികളും മരുന്നും തന്നെയാണ് ചികിത്സാവിധികള്‍.

ക്രോസ് ഡ്രസിങ്ങിന് പിറകില്‍ ട്രാന്‍സ് വെസ്റ്റിക് ഡിസോര്‍ഡറോ?

രാത്രിയില്‍ സ്ത്രീവേഷം കെട്ടിനടക്കുന്ന പുരുഷന്മാരും പുരുഷവേഷം കെട്ടി നടക്കുന്ന സ്ത്രീകളും ഓരോ നാട്ടിലുമുണ്ട്. അതത് നാടുകളിലെ ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളായി അവര്‍ മാറുന്നു. എതിര്‍ലിംഗത്തിലുള്ളവര്‍ ധരിക്കുന്ന വസ്തങ്ങള്‍ അണിയുമ്പോള്‍ ലഭിക്കുന്ന ലൈംഗികോത്തേജനമാണ് ഇത്തരത്തില്‍ ക്രോസ് ഡ്രസ്സിങ്ങിന് അവരെ പ്രേരിപ്പിക്കുന്നത്. ജനസംഖ്യയുടെ വളരെ ചെറിയൊരു ശതമാനം പേര്‍ മാത്രമേ ഇത്തരത്തില്‍ പെരുമാറുന്നുള്ളൂ. അവരെയാണ് ട്രാന്‍സ് വെസ്റ്റിക് ഡിസോര്‍ഡര്‍ ഉള്ളവര്‍ എന്നു പറയുന്നത്. എതിര്‍ലിംഗക്കാരുടെ വസ്ത്രമുടുക്കുമ്പോള്‍ മാത്രമാണ് ഉത്തേജനം ലഭിക്കുന്നത് എന്ന് തിരിച്ചറിയുന്ന ഇവര്‍ പൊതുവേ ഇക്കാരണത്താല്‍ വിഷാദമുള്ളവരും ലജ്ജാലുക്കളും പൊതുവിടത്തില്‍ കഴിയുന്നതും പ്രത്യക്ഷപ്പെടാത്തവരുമാണ്. പൊതുമധ്യത്തില്‍ സമൂഹം അംഗീകരിച്ച സ്വത്വത്തിലൂടെ ജീവിക്കുകയും രാത്രികാലങ്ങളില്‍ വേഷം മാറുകയുമാണ് ഇവര്‍ ചെയ്യുന്നത്. ഉദ്ദേശ്യം ലൈംഗികത മാത്രമാണ്. അപഥ സഞ്ചാരികള്‍ അല്ല ഇവര്‍. ക്രോസ്ഡ്രസ്സിലുള്ള അമിതമായ താല്‍പര്യം തിരിച്ചറിയുന്ന ഇവര്‍ പാപബോധമുള്ളവരുമായിത്തീരുന്നു. ലൈംഗികപങ്കാളി സ്വാഭാവികമായും ജീവിതപങ്കാളി തന്നെ ആകയാല്‍ വൈവാഹിക ജീവിതം ഏതാണ്ട് കുഴഞ്ഞുമറിയുന്നത് സ്വാഭാവികം മാത്രം. മറ്റ് ലൈംഗിക വ്യതിയാനങ്ങള്‍ പോലെ ട്രാന്‍സ് വെസ്റ്റിക് ഡിസോര്‍ഡര്‍ മറച്ചുവെക്കപ്പെടുന്നില്ല. താന്‍ ഇത്തരത്തില്‍ പ്രശ്‌നം അനുഭവിക്കുന്നു എന്ന് തിരിച്ചറിയുന്ന കാലയളവില്‍ത്തന്നെ സ്വമേധയാ ചികിത്സ തേടിവരുന്നുണ്ട് എന്ന് സൈക്യാട്രിസ്റ്റുകള്‍ പറയുന്നു.

വസ്ത്രത്തോടൊപ്പം മുടിയും മേക്കപ്പും എതിര്‍ലിംഗക്കാരെപ്പോലെ അനുകരിക്കാന്‍ ശ്രമിക്കുന്നവരാണ് ട്രാന്‍സ് വെസ്റ്റുകാര്‍. തുടര്‍ച്ചയായി ക്രോസ് ഡ്രെസ്സിങ് ഉപയോഗിക്കുക വഴി ഇത്തരക്കാരുടെ സ്വഭാവവും മറ്റ് ഷോപ്പിങ് രീതികളും എതിര്‍ലിംഗത്തിന്റേതാവുന്നു. തനിക്ക് മെന്‍സസ് ആവുന്നുണ്ടെന്ന് വിശ്വസിച്ച് മാസത്തിലും സാനിറ്ററി നാപ്കിന്‍ വാങ്ങിക്കൂട്ടുന്ന ഒരു അധ്യാപകന്‍ ഇതൊരു ലൈംഗിക വ്യതിയാനമാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ തേടിയ അനുഭവം കൊച്ചിയിലെ സെക്‌സോളജിസ്റ്റ് പങ്കുവെക്കുന്നു. ഫെറ്റിഷിസം ഇവര്‍ക്ക് അഡീഷണലായി വന്നുചേരുന്ന വ്യതിയാനമാണ്. പുരുഷന്മാര്‍ ഭാര്യമാരോട് വിധേയത്വം കാണിക്കുക, ഭാര്യമാരില്‍ നിന്നും പാട്രിയാര്‍ക്കി മനോഭാവം പ്രതീക്ഷിക്കുക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്.

ലോകത്ത് എതിര്‍ലിംഗക്കാരുടെ വസ്ത്രങ്ങള്‍ ധരിക്കുന്നവരെല്ലാം ട്രാന്‍സ്‌വെസ്റ്റിക് ഡിസോര്‍ഡര്‍ ഉള്ളവരല്ല. സ്ത്രീകള്‍ കാലാകാലങ്ങളായി പാന്റ്‌സും ഷര്‍ട്ടും ടീഷര്‍ട്ടുകളും ട്രൗസറുകളും ധരിക്കുന്നുണ്ട്. പുരുഷന്മാര്‍ കുര്‍ത്തകര്‍ ധരിക്കുന്നുണ്ട്. എന്നിരുന്നാലും പുരുഷന്‍ ബ്രായും ടൈറ്റ്‌സും ഉപയോഗിക്കുന്നുവെങ്കില്‍, അടിവസ്ത്രങ്ങള്‍ സ്ത്രീകളുടെ ബ്രാന്റ് തിരഞ്ഞെടുക്കുന്നുവെങ്കില്‍ മറിച്ച് സ്ത്രീകള്‍ പുരുഷന്മാരുടെ അടിവസ്ത്രങ്ങളാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അത് ട്രാന്‍സ്‌വെസ്റ്റിസമാണ്. സാഡോ-മസോക്കിസംപോലെ രണ്ട് ട്രാന്‍സ് വെസ്റ്റുകള്‍ക്ക് പരാതിയില്ലാതെ ജീവിച്ചുപോകാന്‍ പറ്റും.

ട്രാന്‍സ്‌വെസ്റ്റിക് ഡിസോര്‍ഡര്‍ എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിന് വ്യക്തമായ മെഡിക്കല്‍ വിശദീകരണങ്ങള്‍ ഇന്നും ഇല്ല. പ്യുബര്‍ട്ടി കാലം മുതല്‍ ഉള്ള ലൈംഗിക ജിജ്ഞാസയോ എതിര്‍ലിംഗക്കാര്‍ക്ക് അമിതമായ പരിഗണ ലഭിക്കുന്നുവെന്ന തോന്നലോ ആകാം കാലക്രമേണ ട്രാന്‍സ് വെസ്റ്റിസമായി മാറുന്നത്. ട്രാന്‍സ് വെസ്റ്റിസവും ഹോമോസെക്ഷ്വാലിറ്റിയും തമ്മില്‍ ബന്ധമില്ല. ട്രാന്‍സ് വെസ്റ്റുകള്‍ പലപ്പോഴും ഹെട്രോസെക്ഷ്വലായിരിക്കും. കാരണംഅവര്‍ എതിര്‍ലിംഗത്തെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ട്രാന്‍സ് വെസ്റ്റിസം ഒരു ലൈംഗിക വ്യതിയാനമല്ല. അതിനാല്‍ത്തന്നെ സ്വയം അവബോധവും സാമൂഹിക ജീവിതത്തോടുള്ള പ്രതിപത്തിയുമാണ് പ്രതിവിധികള്‍. ക്രോസ്ഡ്രസ്സിങ് ഒരു ട്രാന്‍സ് വെസ്റ്റിന്റെ മാനസികാരോഗ്യനിലയെ ബാധിക്കുന്നില്ലെങ്കില്‍ പ്രശ്‌നമൊന്നുമില്ല. സെക്ഷ്വലി നമ്മള്‍ നോര്‍മലാണ് എന്ന് എങ്ങനെയാണ് നിര്‍വചിക്കുക എന്ന ചോദ്യം ഇന്നും ഉയരത്തില്‍ നില്‍ക്കുകയാണ്. ഇന്നേവരെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള സിദ്ധാന്തങ്ങളൊന്നും തന്നെ ഒരു മനുഷ്യന്റെ സെക്ഷ്വല്‍ നോര്‍മാലിറ്റിയെ നിര്‍വചിക്കാന്‍ ഉതകുന്നതല്ല എന്ന് വ്യക്തം.

രാത്രികാലങ്ങളില്‍ പശുവിനെ പ്രാപിക്കാന്‍ വരുന്നതിന് പിറകില്‍ (Bestiality)

മൃഗങ്ങളെയും പക്ഷികളെയും ലൈംഗികനിവൃത്തിക്കായി ഉപയോഗിക്കുന്ന പ്രവണതയെയാണ് ബെസ്റ്റ്യാലിറ്റി (Bestiality)എന്നു പറയുന്നത്. മനുഷ്യന്‍ തന്റെ ലൈംഗികതതാല്‍പര്യങ്ങളില്‍ പുതുരുചിയന്വേഷിച്ചുപോയ കാലം തൊട്ടുതന്നെ പരിചിതമായ പ്രവൃത്തിയാണിത്. വളര്‍ത്തുമൃഗങ്ങളായ പശുക്കള്‍, നായകള്‍, ആടുകള്‍ തുടങ്ങിയവയെ ലൈംഗികസംതൃപ്തിക്കായി ഉപയോഗിക്കുന്ന കഥാപാത്രങ്ങളെ സിനിമയിലും സാഹിത്യത്തിലും വരെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. മൃഗങ്ങളിലെ രോഗങ്ങള്‍ മനുഷ്യരിലേക്ക് പകരാനുള്ള സാധ്യതയാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. ബെസ്റ്റ്യാലിറ്റിയെ ലൈംഗികവ്യതിയാനമായി കണക്കാക്കപ്പെടാനുള്ള പ്രധാനകാരണം തിരികെ പ്രതികരിക്കാത്ത ജീവികളെ സെക്‌സിനായി തിരഞ്ഞെടുക്കുന്ന ആളുകളുടെ മനോഭാവമാണ്. സാധാരണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുഖ്യപ്രതിസന്ധിയായി പലരും കണക്കാക്കുന്ന പങ്കാളിയുടെ സംതൃപ്തി ഇവിടെ ചോദ്യം ചെയ്യപ്പെടുന്നില്ല എന്നുള്ളതും സ്വന്തം ലൈംഗികതയില്‍ ആത്മവിശ്വാസമോ അവബോധമോ ഇല്ലാത്തതും മൃഗങ്ങളെ ലൈംഗികസംതൃപ്തിക്കായി തിരഞ്ഞെടുക്കുന്നതിന് കാരണമാവുന്നുണ്ട്. ഒരു വ്യക്തിയുടെ ബെസ്റ്റിയാലിറ്റി താല്‍പര്യം പലപ്പോഴും തിരിച്ചറിയുന്നത് നാട്ടുകാരാണ്. രാത്രികാലങ്ങളില്‍ പശുവിനെ പ്രാപിക്കാന്‍ വരുന്ന മനുഷ്യരെ പിടികൂടുന്നതോടെ അയാള്‍ സമൂഹത്തില്‍ കുറ്റവാളിയായി മാറുന്നു. ഇതൊരു ലൈംഗികവ്യതിയാനമാണ് എന്ന് തിരിച്ചറിയുക എന്നതാണ് പ്രധാനം. ലൈംഗികവ്യതിയാനങ്ങള്‍ ഏതിനത്തില്‍പെട്ടതായാലും ശരി ആദ്യം തിരിച്ചറിയാന്‍ കഴിയുക അവനവനുതന്നെയാണ്. കുറ്റമായി കരുതാതെ, ശാരീരികപ്രശ്‌നമായി കണ്ടുകൊണ്ട് ചികിത്സ തേടുകയാണ് പോംവഴി.

പിഞ്ചുകുഞ്ഞുങ്ങളില്‍ പോലും കാമം കാണുന്നവര്‍ :പീഡോഫീലിയ

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കുനേരെയുള്ള ലൈംഗികാതിക്രമമായ പീഡോഫീലിയയെ സെക്ഷ്വല്‍ ഡീവിയേഷനില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെ രണ്ടായി തിരിക്കാം- പീഡോഫീലിയ, ഹേബെഫീലിയ. ആറ് മാസം മുതല്‍ 13 വയസ്സുവരെയുള്ളവര്‍ക്കുനേരെയുണ്ടാവുന്ന ലൈംഗികാധിനിവേശത്തെയാണ് പീഡോഫീലിയ എന്നുപറയുന്നത്. പെണ്‍കുട്ടികള്‍ ഋതുമതികളാവുന്ന പ്രായം പൊതുവില്‍ കണക്കാക്കിയാണ് 13 വയസ്സുവരെ എന്നുതിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രീ-പ്യുബേര്‍ട്ടി സ്റ്റേജ് എന്നാണ് ഇതിനെ പറയുന്നത്. ഹേബെ ഫീലിയ എന്നത് പെണ്‍കുട്ടികളില്‍ ആര്‍ത്തവപ്രായമെത്തുന്നതും ആണ്‍കുട്ടികളില്‍ ലിംഗോദ്ധാരണം സാധ്യമാവുന്നതുമായ പ്രായത്തില്‍ നടക്കുന്ന ലൈംഗികാതിക്രമമാണ്. ഈ രണ്ട് പ്രായത്തിലും കുട്ടികള്‍ നേരിടുന്ന ലൈംഗികാതിക്രമം പോക്‌സോ ആക്ട് പ്രകാരം ശിക്ഷാര്‍ഹമാണ്. പീഡോഫീലിയയെ വൈദ്യശാസ്ത്രം സെക്ഷ്വല്‍ പാരാഫീലിയ വിഭാഗത്തില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രതികരണശേഷിയില്ലാത്ത, തിരിച്ച് ആക്രമിക്കില്ലെന്ന് തീര്‍ച്ചയുള്ള കുട്ടികളെ ലൈംഗികാവയവ പ്രദര്‍ശനത്തിലൂടെയും പ്രവര്‍ത്തികളിലൂടെയും ചൂഷണം ചെയ്യുന്നതിലൂടെ ലൈംഗിക സംതൃപ്തി കണ്ടെത്തുന്ന ഒരു വിഭാഗം പാരാഫീലിയക്കാരാണ് പീഡോഫീലിയ നടത്തുന്നത്.

ഒരു വ്യക്തിയുടെ ലൈംഗിക ഉത്തേജനവും സംതൃപ്തിയും മറ്റുള്ളവര്‍ക്ക് തികച്ചും വിചിത്രവും മനുഷ്യത്വരഹിതമെന്ന് തോന്നാവുന്നതുമായ പ്രവര്‍ത്തനങ്ങളെയോ സാഹചര്യങ്ങളെയോ വസ്തുക്കളെയോ ആശ്രയിച്ചിരിക്കുന്നുവെങ്കില്‍ അത് സെക്ഷ്വല്‍ ഡീവിയേഷന്‍ ആണ്. അങ്ങനെ നോക്കുമ്പോള്‍ ജീവനുള്ളതും പ്രതികരിക്കുന്നതും എന്നാല്‍ തനിക്ക് പ്രത്യക്ഷത്തില്‍ ദോഷമായി ഭവിക്കാത്തതുമായ കുട്ടികളെ സമ്മാനങ്ങളും മിഠായികളും നല്‍കി ആവര്‍ത്തിച്ചുള്ളതും തീവ്രവുമായ ലൈംഗികതാല്‍പര്യങ്ങള്‍ക്ക് വിധേയരാക്കുന്ന വൈകൃതമാണ് പീഡോഫീലിയ. ഒരുവേളയില്‍ സ്വയം തിരിച്ചറിഞ്ഞാലോ, ബന്ധുമിത്രാദികളുടെ ശ്രദ്ധയില്‍പെട്ടാലോ നേരെ കൊണ്ടുപോയി ചികിത്സയ്ക്ക് വിധേയമാക്കേണ്ടത് സമൂഹത്തിന്റെകൂടി ഉത്തരവാദിത്തമാണ്. പലപ്പോഴും പാരാഫീലിയ എന്നത് സാമൂഹിക ബാധ്യതയായി മാറുന്നതും ഇതുകൊണ്ടുതന്നെയാണ്. പീഡോഫൈലുകളുടെ പ്രവൃത്തി ഒരിക്കല്‍ വിജയിച്ചാല്‍ അവര്‍ സേഫ്‌സോണ്‍ തേടുന്നത് പതിവാക്കിയിരിക്കും. വ്യക്തിബന്ധങ്ങള്‍ക്ക് പാരാഫീലിയ എന്ന അവസ്ഥയില്‍ കാര്യമായ പങ്കുവഹിക്കാന്‍ കഴിയില്ല എന്നതിനാല്‍ത്തന്നെ പലപ്പോഴും ഇരകള്‍ സ്വന്തം രക്തബന്ധത്തില്‍ ഉള്ളവരും അയല്‍ക്കാരും പരിചിതരുമായ കുട്ടികളായിരിക്കും.

പാശ്ചാത്യരാജ്യങ്ങളില്‍ ലൈംഗികാവബോധ ക്ലാസുകളും വ്യക്തിത്വ വികസനപരിശീലനങ്ങളും മറ്റും സജീവമായതിനാല്‍ ഒരു വ്യക്തി താന്‍ പീഡോഫൈല്‍ സ്വഭാവം പ്രകടിപ്പിക്കുന്നു എന്നു തിരിച്ചറിയുമ്പോള്‍ത്തന്നെ വിശ്വസ്തനായ ഡോക്ടറുടെയടുക്കല്‍ സഹായം തേടുന്നത് പതിവാണ്. ലൈംഗികസംബന്ധിയായ പ്രശ്‌നങ്ങള്‍ മൂടിവെക്കപ്പെടുന്നിടത്താവട്ടെ അതിഗുരുതരമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഇതുമൂലം സംഭവിക്കുകയും ചെയ്യുന്നു.

കുട്ടികളോട് നേരിട്ട് ലൈംഗികതാല്‍പര്യം തോന്നുന്നില്ല, പക്ഷേ അവര്‍ ഉപയോഗിക്കുന്ന പാവകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയോട് ആകര്‍ഷകത്വം തോന്നുന്നതും അവയില്‍ സെക്ഷ്വല്‍ ഫാന്റസി കല്‍പിക്കുന്നതും പീഡോഫീലിയയാണ്. 'പീഡോഫീലിക് സെക്ഷ്വല്‍ ഡിസയര്‍' എന്നാണ് ഇതിനെ പറയുന്നത്. ഇന്റര്‍പേഴ്‌സണാലിിറ്റി ഡിഫിക്കല്‍റ്റി അഥവാ മറ്റുള്ളവരോട് ഇടപഴകാനുള്ള വൈമുഖ്യം പീഡോഫൈലുകളില്‍ കാണാന്‍ സാധിക്കും. നേരിട്ട് കുട്ടികളെ ലൈംഗികതാല്‍പര്യത്തിനായി ഉപയോഗിക്കുന്നതാണ് പീഡോഫിലിക് സെക്ഷ്വല്‍ ഡിസോര്‍ഡര്‍. മൊത്തത്തിലുള്ള ആണ്‍ ജനസംഖ്യയുടെ അഞ്ചില്‍ ഒന്ന് പീഡോഫീലിക് സ്വഭാവത്തില്‍ രണ്ടിലേതെങ്കിലുമൊന്ന് പ്രകടിപ്പിക്കുമ്പോള്‍ സ്ത്രീകളില്‍ ഒരു ശതമാനം പേര്‍ പീഡഫൈലുകളാണ് എന്നാണ് പഠനങ്ങള്‍ വിലയിരുത്തുന്നത്.

പ്രതീകാത്മക ചിത്രം

പീഡോഫൈല്‍ സെക്ഷ്വല്‍ ഒഫന്റേസ് സാധാരണയായി ഇരകളുടെ അടുത്ത ബന്ധുക്കളോ, കുടുംബസുഹൃത്തുക്കളോ, അധ്യാപകരോ, അറിയാവുന്നവരോ ആയിരിക്കും. പീഡോഫീലിയയില്‍ ഏര്‍പ്പെടുമ്പോള്‍ ഓരോരുത്തര്‍ത്തും ഓരോവിധത്തിലാണ് ലൈംഗികസംതൃപ്തി ലഭിക്കുന്നത്. സ്പര്‍ശനത്തിലൂടെ, നഗ്നമായ കുഞ്ഞുശരീരം കാണുന്നതിലൂടെ, തങ്ങളുടെ ജനനേന്ദ്രിയങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ, ഓറല്‍ സെക്‌സിന് ഇരയെ വിധേയമാക്കുന്നതിലൂടെ, കുഞ്ഞുങ്ങളുടെ ലൈംഗികാവയവം ഉപയോഗിച്ചുള്ള സംതൃപ്തിയിലൂടെ തുടങ്ങി പീഡോഫൈലുകളുടെ രീതികള്‍ തികച്ചും സാഹചര്യത്തെ ആശ്രയിച്ചിരിക്കുന്നതാണ്. ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നവരെ സെക്ഷ്വല്‍ അബ്യൂസ് എന്ന ഗണത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏകാന്തതയിലാവുക, സംസാരം തീരെയില്ലാതാവുക, ഭയം, ഉത്കണ്ഠ തുടങ്ങിയവ പ്രകടിപ്പിക്കുകയാണെങ്കില്‍ കുഞ്ഞുങ്ങള്‍ പീഡോഫീലിയയ്ക്ക് വിധേയമായിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. പീഡോഫീലിയ അനുദിനം വര്‍ധിച്ചുവരുന്ന സമൂഹം സെക്ഷ്വല്‍ ഡീവിയേഷന്‍ ഉള്ളവരെ പ്രതിനിധാനം ചെയ്യുന്ന സമൂഹമാണ് എന്ന ഗുരുതരമായ വസ്തുതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

യൂറോപ്പിലെ ഡയഗ്നോസ്റ്റിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്കല്‍ മാന്വല്‍ ഓഫ് മെന്റല്‍ ഹെല്‍ത് പീഡോഫിലിക് ഡിസോര്‍ഡര്‍ ഒരു മാനസിക രോഗമായി കണക്കാക്കുന്നു. ഒരു പീഡോഫൈല്‍ കാണിക്കുന്ന ലക്ഷണങ്ങല്‍ താഴെപ്പറയുന്നവയാണ്.

1. ആറ് മാസം മുതല്‍ പതിമൂന്ന് വയസ്സുവരെയുള്ള കുട്ടികളോടുള്ള ആവര്‍ത്തിച്ചുള്ളതും അതിതീവ്രവും വന്യവുമായ ലൈംഗിക സങ്കല്പങ്ങള്‍.

2. സാമൂഹികമോ തൊഴിപരമോ മറ്റ് പ്രധാനപ്പെട്ടതോ ആയ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സംഭവിക്കുന്ന ലൈംഗികതീവ്രത.

3. വ്യക്തി കുട്ടികളില്‍ മാത്രമായി ആകര്‍ഷിക്കപ്പെടുക, വ്യക്തി ആകര്‍ഷിക്കപ്പെടുന്ന ലിംഗഭേദം, ലൈംഗിക പ്രേരണകള്‍, സ്വന്തം കുടുംബത്തിലെ കുട്ടികള്‍ മാത്രമായി പരിമിതപ്പെടുക.

പീഡോഫീലിക് ഡിസോര്‍ഡര്‍ മറ്റൊരാള്‍ക്ക് തിരിച്ചറിയാവുന്നതിലും എളുപ്പത്തിലും വേഗത്തിലും അവനവന് തന്നെയാണ് തിരിച്ചറിയാന്‍ കഴിയുക. ഇത് ഗുരുതരമായ ലൈംഗികപ്രശ്‌നമാണെന്ന് സ്വയം അവബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് പ്രധാനം. പീഡോഫൈലുകളെ ഫലപ്രദമായി കൈകാര്യം ചെയ്യുന്ന ചികിത്സാവിധികള്‍ വൈദ്യശാസ്ത്രത്തിലുണ്ട്. ഇരകള്‍ കുട്ടികള്‍ ആയതിലാല്‍ത്തന്നെ പീഡോഫീലിയയുടെ പ്രത്യാഘാതം വളരെ വലുതാണ്. ചികിത്സനേടുക എന്നത് വ്യക്തിയുടെ മാത്രമല്ല, നാടിന്റെ കൂടി ആവശ്യമാണ്.

പ്രത്യക്ഷത്തില്‍ പുരുഷന്മാരുടെ പ്രശ്‌നമായി പീഡോഫീലിയയെ വിലയിരുത്തുമ്പോഴും 6 മുതല്‍ 24 ശതമാനം വരെയുള്ള ഇരകളുടെ വെളിപ്പെടുത്തല്‍ പ്രകാരം അവര്‍ പീഡിപ്പിക്കപ്പെട്ടിരിക്കുന്നത് സ്ത്രീകളാലാണ്. സ്ത്രീകളിലും പീഡോഫീലിക് ഡിസോര്‍ഡര്‍ വര്‍ധിക്കുന്നതായി ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നു. കുട്ടികള്‍ക്കെതിരായ അതിക്രമത്തില്‍ 50-60 ശതമാനം പീഡോഫീലിയയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കാരണങ്ങള്‍:

സൈക്കോളജിക്കല്‍- ഹോര്‍മോണുകളും സ്വഭാവവും തമ്മിലുള്ള പ്രകടമായ ബന്ധം.
അതിക്രമവും പുരുഷഹോര്‍മോണുകളും തമ്മിലുള്ള റാപ്പോ.
വളരെ ചെറിയ ശതമാനം ജനറ്റിക് ബിഹേവിയര്‍.

അനുകരണം: വളരെ ചെറുപ്പത്തില്‍ ലൈംഗികാതിക്രമത്തിന് വിധേയരായ കുട്ടികല്‍ വലുതാവുമ്പോള്‍ തങ്ങള്‍ നേരിട്ട് അതിക്രമം വലുതാവുമ്പോള്‍ അനുകരിക്കുന്നതും പീഡോഫീലിയ ആവര്‍ത്തിക്കുന്നതിനുള്ള കാരണമാണ്. പീഡോഫീലിയ ലൈഫ്‌ലോങ് കണ്ടീഷനാണ്. പീഡോഫീലിക് ഡിസോര്‍ഡര്‍ സമയത്തിനനുസരിച്ച് മാറും. മരുന്നുകളും ബിഹേവിയറസ്റ്റ് തെറാപ്പികളും എംപതി ട്രെയിനിങ് പോലുള്ള മാര്‍ഗങ്ങളുമാണ് ചികിത്സാവിധികളായി പറയുന്നത്.

'വൃദ്ധന്മാരെ സൂക്ഷിക്കുക' എന്ന് പറയിപ്പിക്കുന്നത് സെക്ഷ്വല്‍ ഡിസ്ഫങ്ഷന്‍

പാരാഫീലിയ പോലെ തന്നെ പ്രധാനപ്പെട്ടതാണ് സെക്ഷ്വല്‍ ഡിസ്ഫങ്ഷന്‍. സാധാരണരീതിയില്‍ തൃപ്തിയുള്ള ലൈംഗികജീവിതം നയിച്ചുവന്ന ഒരാള്‍ക്ക് അത് സാധ്യമാവാത്ത അവസ്ഥയാണ് സെക്ഷ്വല്‍ ഡിസ്ഫങ്ഷന്‍ എന്നുപറയുന്നത്. വിശദമായ പരിശോധനയിലും കൗണ്‍സിലിങ്ങിലും അയാള്‍ക്ക് സെക്ഷ്വല്‍ ഡീവിയേഷന്‍ ചായ്‌വ് ഉണ്ടായിരുന്നതായി കാണാന്‍ കഴിയും. നോര്‍മല്‍ സെക്ഷ്വല്‍ ലൈഫിനെ പാരാഫീലിയ ബാധിക്കുകയും ചെയ്യും. വല്ലപ്പോഴും ഒരു പാര്‍ട്ടിയില്‍ മദ്യം കഴിക്കുന്നതും മദ്യമില്ലാതെ നിവൃത്തിയില്ല എന്നു പറയുന്നതും രണ്ടും രണ്ട് അവസ്ഥയാണ്. അതുപോലെ തന്നെയാണ് ലൈംഗിതകയുടെ കാര്യവും. വല്ലപ്പോഴും വിചിത്രമായ അനുഭവങ്ങളും സാഹചര്യങ്ങളും ഉണ്ടായെന്നുവരാം. അത് മിക്കവരുടെയും ജീവിതത്തില്‍ സംഭവിക്കുന്നതാണ്. പക്ഷേ ലൈംഗികജീവിതം തികച്ചും പ്രാകൃതവും പങ്കാളി ആരാണോ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും സമൂഹത്തിനും വ്യക്തിബന്ധങ്ങള്‍ക്കും സാരമായി ബാധിക്കുന്നതുമാണെങ്കില്‍ തീര്‍ച്ചയായും ചികിത്സ തേടേണ്ടതാണ്.

അമ്പത്തിയഞ്ചാം വയസ്സില്‍ പെന്‍ഷന്‍ പറ്റിയ ഒരു അധ്യാപകന്റെ കുടുംബജീവിതം താറുമാറായത് അന്നേവരെ അയാള്‍ക്കില്ലാതിരുന്ന ലൈംഗികപ്രശ്‌നങ്ങള്‍ തലപൊക്കിയപ്പോഴാണ്. വിശ്രമജീവിതത്തില്‍ ഇഷ്ടം പോലെ സമയം കിട്ടിയപ്പോള്‍ ധാരാളം സൗഹൃദങ്ങള്‍ ഉണ്ടായി. ചെറുപ്പക്കാരായ ആണ്‍കുട്ടികളെ പതിവായി വീട്ടിലേക്ക് വിളിച്ചുവരുത്താന്‍ തുടങ്ങി. അവരുമായി ലൈംഗികബന്ധം സ്ഥാപിച്ചുതുടങ്ങി. പതിവില്ലാതെ ആണ്‍കുട്ടികള്‍ കയറിയിറങ്ങുന്നത് അയല്‍ക്കാര്‍ ശ്രദ്ധിച്ചതോടെ സദാചാരപ്രശ്‌നമായി. ആളുകള്‍ വരുന്നവരെ ചോദ്യം ചെയ്തു. സംഗതി നാട്ടില്‍ പാട്ടായി. അധ്യാപകന്റെയുള്ളില്‍ ഹോമോസെക്ഷ്വാലിറ്റിയുണ്ട്. പക്ഷേ കുടുംബജീവിതം നയിച്ചുകൊണ്ടിരിക്കുന്നതും ജോലിയുള്ളതും ആ താല്‍പര്യത്തെ പരിഹരിച്ചു. ഇപ്പോള്‍ സമയം ധാരാളം കിട്ടിയപ്പോള്‍ ഹോമോസെക്ഷ്വാലിറ്റി തലപൊക്കി. തന്റെ സ്വഭാവത്തിലെ അന്തരം തിരിച്ചറിഞ്ഞ അധ്യാപകന്‍ സ്വമേധയാ ചികിത്സയ്ക്ക് തയ്യാറാവുകയായിരുന്നു. ഹോമോസെക്ഷ്വാലിറ്റിയ്ക്ക് ചികിത്സ വേണ്ടതുണ്ടോ, അത് തടയുന്നത് എന്തിനാണ് എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. പക്ഷേ അധ്യാപകന്‍ തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന തരത്തില്‍ ലൈംഗികത മാറുന്നു എന്നു കണ്ടപ്പോഴാണ് ചികിത്സിക്കാന്‍ തയ്യാറാവുന്നത്.

പ്രായം കൂടുമ്പോള്‍ തലച്ചോറില്‍ ചില വ്യതിയാനങ്ങള്‍ സംഭവിക്കുന്നത് വ്യത്യസ്തവും വിചിത്രവുമായ ലൈംഗികരീതകളിലേക്ക് വ്യക്തികളെ നയിക്കും. 'വൃദ്ധന്മാരെ സൂക്ഷിക്കുക' എന്നു പറയാറുണ്ടല്ലോ. എണ്‍പത് വയസ്സായ ഒരു വൃദ്ധനെയും കൊണ്ട് മക്കള്‍ സൈക്യാട്രിസ്റ്റിന്റെയടുക്കല്‍ വന്നതും ഇതേ കാരണത്താലായിരുന്നു. അത്രയും കാലം തികച്ചും മാന്യനായി സമൂഹത്തില്‍ വിലയും നിലയുമുള്ള തരത്തില്‍ ജീവിച്ചിരുന്ന അയാള്‍ രാത്രികാലങ്ങളില്‍ വീട്ടില്‍ നിന്നിറങ്ങി അയല്‍പക്കത്തെ ജനലിലൂടെ കിടപ്പറകളിലേക്ക് എത്തിനോക്കുന്നത് പതിവായി. വഴിയേ പോകുന്ന പെണ്‍കുട്ടികളോട് മോശമായി സംസാരിക്കാന്‍ തുടങ്ങി. നഗ്നതാപ്രദര്‍ശനവും നടത്തി. വീട്ടില്‍ താമസിക്കാന്‍ വരുന്ന സ്ത്രീകളായ ബന്ധുക്കളോട് മോശം സ്വഭാവം കാണിക്കാന്‍ തുടങ്ങിയതോടെ വീട്ടുകാര്‍ നേരെ സൈക്യാട്രിസ്റ്റിന്റെയടുത്തെത്തിച്ചു. ഡോക്ടര്‍ ആദ്യം പറഞ്ഞത് ബ്രെയ്ന്‍ സ്‌കാന്‍ ചെയ്യാനായിരുന്നു. ഡിമന്‍ഷ്യയുടെ ലക്ഷണങ്ങള്‍ക്കൊപ്പം തന്നെ ഞരമ്പുകള്‍ ശോഷിച്ചുതുടങ്ങിയിരുന്നു. തലച്ചോറിലെ ഞരമ്പുകള്‍ ശോഷിച്ചുതുടങ്ങുമ്പോള്‍ മനസ്സിന്റെ നിയന്ത്രണങ്ങള്‍ ഇല്ലാതെയാവും. പൊതുസമൂഹത്തില്‍ പെരുമാറേണ്ട മാന്യതയെക്കുറിച്ച് ബോധമില്ലാതെയാവും. അയാള്‍ മനഃപൂര്‍വം ചെയ്യുന്നതല്ല എന്ന് ബന്ധുക്കളെ ബോധിപ്പിക്കുകയാണ് ഡോക്ടര്‍ ആദ്യം ചെയ്തത്. കൃത്യമായി മരുന്നുകള്‍ കൊടുത്തു.

ഒരാളുടെ ദേഷ്യം നമ്മള്‍ അളക്കുന്നതുപോലെയാണ് മറ്റൊരാളില്‍ ലൈംഗികവികാരം കൂടുന്നതും കുറയുന്നതും. ശരീരത്തിലെ കെമിക്കല്‍ ചെയ്ഞ്ചാണ് ഇതെല്ലാം. കെമിക്കലുകള്‍ ഏറിയും കുറഞ്ഞും ഇരിക്കുന്നതിനനുസരിച്ച് അയാളുടെ ലൈംഗികതയും വ്യത്യാസപ്പെട്ടിരിക്കും. ഹോര്‍മോണുകള്‍ അതിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇവയെല്ലാം സാധാരണനിലയിലേക്ക് കൊണ്ടുവരിക എന്നതാണ് ഫാര്‍മകോ തെറാപ്പിയിലൂടെ ചെയ്യുന്നത്. ലൈംഗിതകയെ സംബന്ധിച്ചിടത്തോളം മറ്റുള്ളവര്‍ക്കും അവനവനും ബുദ്ധിമുട്ടാകുന്നുണ്ട് എന്ന് തിരിച്ചറിയുന്ന സാഹചര്യത്തിലാണ് മരുന്നുകളുടെ സഹായങ്ങള്‍ തേടുന്നത്. അതുവരെ തെറാപ്പികളും മറ്റ് എക്‌സര്‍സൈസുകളുമാണ് നിര്‍ദ്ദേശിക്കുന്നത്.

മനസ്സിന്റെ അവസ്ഥയും സെക്ഷ്വല്‍ ഡിസ്ഫങ്ഷനെ സാരമായി ബാധിക്കുന്നുണ്ട്. വിഷാദരോഗമുള്ളവര്‍ക്ക് ഡീവിയേഷന്‍ സംഭവിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. വിവാഹബന്ധം കൂടാതെ തന്നെ ഒന്നിലധികം ലൈംഗിക ബന്ധങ്ങള്‍ സൂക്ഷിക്കുന്നതും ഒരു ബന്ധത്തിലും ഉറച്ചുനില്‍ക്കാതെ അടുത്ത ബന്ധത്തില്‍ ചെന്ന് ചാടുന്നതും 'പേഴ്‌സണാലിറ്റി ഡിസോര്‍ഡര്‍' ആണ്. പേഴ്‌സണാലിറ്റി ഡിസോര്‍ഡറിന്റെ മറ്റൊരു എക്‌സ്റ്റന്‍ഷന്‍ ആയിമാറുന്നതാവട്ടെ പലപ്പോഴും സെക്ഷ്വല്‍ ഡീവിയേഷന്‍ ആയിരിക്കും. പൊതുവേ സെക്ഷ്വല്‍ ഡീവിയേഷന്‍ ഉള്ളവര്‍ ബന്ധങ്ങളില്‍ ആത്മാര്‍ഥത പുലര്‍ത്താറില്ല.

നാട്ടില്‍ ഭാര്യയും മക്കളുമെല്ലാമുള്ള പ്രവാസി മലയാളിയായ നാല്‍പതുകാരന്‍ തന്റെ ഹോമോസെക്ഷ്വല്‍ പാര്‍ട്ണറെയും കൊണ്ട് അവധിയ്ക്കുവന്ന സംഭവം ഓര്‍ക്കുകയാണ് മലപ്പുറത്ത് പ്രാക്ടീസ് ചെയ്യുന്ന സൈക്യാട്രിസ്റ്റ്. കൂട്ടുകാരന്‍ ബൈസെക്ഷ്വല്‍ താല്‍പര്യക്കാരനാണ്. സ്ത്രീയും പുരുഷനും അയാള്‍ക്ക് സ്വീകാര്യരാണ്. പ്രവാസി ഇയാളെയും കൊണ്ട് നാട്ടില്‍ വരാന്‍ കാരണം, പ്രവാസിയുടെ അസാന്നിധ്യത്തില്‍ കൂട്ടുകാരന്‍ വേറെ ബന്ധം തേടിപ്പോകുമോ എന്ന ഭയമാണ്. പ്രവാസിയാവട്ടെ ഹാര്‍ഡ്‌കോര്‍ ഹോമോസെക്ഷ്വലാണ്. കൂട്ടുകാരനുമായുള്ള ബന്ധം നിലനിര്‍ത്താനുള്ള പ്രവാസിയുടെ പ്രയത്‌നം കുടുംബബന്ധത്തെ തകരാറിലാക്കുന്നതായിരുന്നു. പ്രവാസിയുടെ ഭാര്യയോട് കൂട്ടുകാരനൊപ്പം കിടക്ക പങ്കിടാന്‍ അയാള്‍ നിര്‍ബന്ധിച്ചു. പിന്നീട് ഈ സംഭവത്തിലുണ്ടായ മനോവിഷമത്തില്‍ നിന്നും ഉണ്ടായ വിഷാദം കാരണമാണ് അയാള്‍ ഡോക്ടറെ കാണാന്‍ വന്നത്. പ്രവാസിയുടെ കേസില്‍ സെക്ഷ്വല്‍ ഡിസ്ഫങ്ഷന്‍ ഉണ്ടാക്കിയ ദൂരവ്യാപകമായ പ്രത്യാഘാതം വളരെ വലുതായിരുന്നു.

സാഹചര്യങ്ങള്‍ ആണ് യഥാര്‍ഥത്തില്‍ മനുഷ്യരെ ഒരു പരിധിവരെ സെക്ഷ്വല്‍ ഡീവിയേഷനിലേക്ക് നയിക്കുന്നത്. ലൈംഗികവിദ്യാഭ്യാസത്തിന്റെ അഭാവമാണ് പ്രധാന കാരണം. ലൈംഗികത എന്താണെന്ന കൃത്യമായ അറിവോ ബോധവല്ക്കരണമോ നടക്കാത്ത സമൂഹത്തില്‍ ഇത്തരം വൈകൃതങ്ങള്‍ ഏറിക്കൊണ്ടിരിക്കും. സ്ത്രീകളെയും പുരുഷന്മാരെയും വേര്‍തിരിക്കുന്നത് പ്രധാനമായും ലിംഗത്തിന്റെ അടിസ്ഥാനത്തിലാണ്. മൂടിവെക്കപ്പെടുംതോറും തുറന്നുനോക്കാനുള്ള വ്യഗ്രത കൂടുകതന്നെ ചെയ്യും. സ്‌കൂള്‍ തലം തൊട്ട് സ്ത്രീയും പുരുഷനും വേര്‍തിരിക്കപ്പെടുകയാണ്. ഉയര്‍ന്ന ക്ലാസുകളില്‍ എത്തുമ്പോഴും ജോലിയിടങ്ങളില്‍ എത്തുമ്പോഴും വേര്‍തിരിവുകള്‍ കൂടിക്കൊണ്ടിരിക്കുന്നു. പരസ്പരം ഇടപെടാനുള്ള സാഹചര്യങ്ങള്‍ ഇല്ല. തമ്മില്‍ കാണാനും സംസാരിക്കാനും ലൈംഗികതയെക്കുറിച്ച് തുറന്നുസംസാരിക്കാനും ഭൗതികസാഹചര്യമുള്ള സമൂഹത്തില്‍ സെക്ഷ്വല്‍ ഡീവിയേഷന്‍സ് കുറഞ്ഞ തോതില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ലൈംഗികതയെക്കുറിച്ചുള്ള തുറന്ന സംസാരമാണ് ആദ്യം വേണ്ടത്. അവനവന്റെ ലിംഗത്തിലേക്കും വ്യക്തിത്വത്തിലേക്കും മാത്രം ചുരുങ്ങുമ്പോഴാണ് ഒളിഞ്ഞുനോട്ടവും പക്വതയില്ലാത്ത പെരുമാറ്റവും ഉണ്ടാവുന്നത്. എതിര്‍ലിംഗത്തില്‍ പെട്ടവര്‍ കൗതുക വസ്തുവായി മാറുന്നതും അത് തൊട്ടുനോക്കാനും പരീക്ഷിക്കാനുമുള്ള പ്രവണതയും മാറിയാല്‍ മാത്രമേ പാരാഫീലിയ സ്ഥിരം കഥയായി മാറാത്ത അവസ്ഥ ഉണ്ടാവുകയുള്ളൂ.

സ്ത്രീശരീരത്തെക്കുറിച്ചും അവരുടെ മാനസിക നിലയെക്കുറിച്ചും ആണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികളുടെ ശാരീരികമാറ്റങ്ങളെക്കുറിച്ചും മാനസികനിലയെക്കുറിച്ചും പെണ്‍കുട്ടികള്‍ക്കും അവബോധം ഉണ്ടായിരിക്കണം. ഡീവിയേഷന്‍ വന്നിട്ട് അത് ചികിത്സിച്ചുമാറ്റുന്നതിലും നല്ലതാണ് മുമ്പേയുള്ള ഇത്തരം അറിവുകള്‍. വിവാഹം കഴിഞ്ഞയുടന്‍ ലൈംഗികബന്ധം സാധ്യമാവുന്നില്ല, ലൈംഗികശേഷിയില്ല എന്നും പറഞ്ഞ് ചികിത്സയ്ക്ക് വരുന്ന എഞ്ചിനീയര്‍ ദമ്പതികളെ ഉദാഹരിച്ചുകൊണ്ടാണ് സീനിയര്‍ സൈക്യാട്രിസ്റ്റ് പറഞ്ഞത്. എഞ്ചിനീയര്‍മാര്‍ ആയാലും ലൈംഗികാവബോധം എവിടെ എത്തി നില്‍ക്കുന്നു എന്നതാണ് ചോദ്യം. ലൈംഗികതയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റുകയാണ് വേണ്ടത്. സെക്ഷ്വല്‍ ഡീവിയേഷന്‍ ഉള്ള എല്ലാവരുടെയും അടിസ്ഥാന ലൈംഗികതാല്‍പര്യം ഉഭയലൈംഗികതയാണ്. പക്ഷേ മറ്റുള്ളവരെ അപേക്ഷിച്ച് തങ്ങള്‍ കഴിവ് കുറഞ്ഞവരാണ് എന്ന ബോധം വെച്ചുപുലര്‍ത്തുന്നവരായിരിക്കും അധികം പേരും. അവനവനെക്കുറിച്ച് മതിപ്പില്ലാതാവുക, എതിര്‍ലിംഗത്തിലുള്ളവരെ തങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിവില്ലാതാവുക, സമൂഹത്തില്‍ നടക്കുന്ന, ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങളില്‍ ഇടപെടാതിരിക്കാനോ, അഭിപ്രായം പറയാനോ കഴിവില്ലാതാവുക തുടങ്ങിയ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നവരാണ് സെക്ഷ്വല്‍ ഡീവിയേഷന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നതില്‍ ഭൂരിഭാഗവും. സാമൂഹികമായ ഇടപെടലിന് സാഹചര്യം ഇല്ലാതാവുന്നത് ഇവിടെ ഒരു പ്രധാനപ്പെട്ട വിഷയമായി മാറുന്നു. പ്രണയത്തെയും കിടപ്പറയെയും കുറിച്ച് പറയുന്നതോ സംസാരിക്കുന്നതോ ചെറുപ്പം നാള്‍ തൊട്ടേ നിഷിദ്ദമായി കരുതിപ്പോരുന്ന കുടുംബത്തിലും സമൂഹത്തിലും ഇത്തരം വ്യതിയാനങ്ങള്‍ ചുമന്നുനടക്കേണ്ടി വരുന്ന മനുഷ്യര്‍ ഉണ്ടായേക്കാം. അടിസ്ഥാന പ്രശ്‌നം സമൂഹത്തിനും നമ്മുടെ ലൈംഗികവിദ്യാഭ്യാസത്തിനും ആണ്‍-പെണ്‍ ബന്ധങ്ങളിലെ സുതാര്യതയില്ലായ്മയ്ക്കുമാണ് എന്ന് സാരം.

Content Highlights: sexual dysfunction and disorders


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


ksrtc

1 min

പുരുഷന്‍മാര്‍ ഇരിക്കരുത്, വനിതാ കണ്ടക്ടര്‍ക്കൊപ്പം വനിതകള്‍ മാത്രംമതി; ബസില്‍ നോട്ടീസ് പതിച്ച് KSRTC

Dec 4, 2022

Most Commented