'പ്ലാന്റ് വന്നാൽ ഞങ്ങൾ ആത്മഹത്യ ചെയ്യേണ്ടി വരും'


രാജി പുതുക്കുടി***ജനവാസ കേന്ദ്രത്തിൽ വരുന്ന പദ്ധതിയായതിനാൽ തന്നെ ദുർ​ഗന്ധം പുറത്തേക്ക് വമിക്കാതിരിക്കാനുള്ള സംവിധാനം ഉറപ്പാക്കണമെന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ നിർദ്ദേശം ഉണ്ടെന്നും ഇതിനായി 2 കോടി രൂപ അധികം നീക്കി വെച്ചിട്ടുണ്ടെന്നുമാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്

ആവിക്കൽതോട് മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കുന്നതതിനെതിരെ നടക്കാവ് പോലീസ് സ്‌റ്റേഷനു മുന്നിൽ കണ്ണൂർ റോഡ് ഉപരോധിച്ച ജനകീയ സമര സമിതി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. (Photo: P Krishnapradeep)

കോഴിക്കോട് കോർപ്പറേഷൻ വെള്ളയിൽ ആവിക്കൽ തോടിൽ സ്ഥാപിക്കാൻ പോകുന്ന സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധം കനക്കുകയാണ്. ഇങ്ങനെയൊരു പ​ദ്ധതി ഇതുപോലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് അനുവദിക്കില്ലെന്ന് നാട്ടുകാർ പറയുമ്പോൾ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച തീരുമാനത്തിലാണ് കോഴിക്കോട് കോർപ്പറേഷൻ.‌ ആവിക്കലിൽ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് കൊണ്ടുവരാൻ കോർപ്പറേഷൻ തീരുമാനം എടുത്ത അന്നുമുതൽ തുടങ്ങിയതാണ് പദ്ധതിക്കെതിരായ പ്രതിഷേധം. ഈ പദ്ധതി ഇവിടെ നിന്ന് മാറ്റണം എന്ന ആവശ്യം പലതവണ പ്രദേശവാസികൾ മേയർ ഉൾപ്പടെയുള്ളവരെ അറിയിക്കുകയും ചെയ്തു. പദ്ധതിയെക്കുറിച്ച് പ്രദേശവാസികളോട് കോർ‌പ്പറേഷൻ അധികൃതർ വിശദീകരിച്ചെങ്കിലും പ്ലാന്റ് വേണ്ടെന്ന് തന്നെയാണ്നാട്ടുകാർക്ക് പറയാൻ ഉള്ളത്. എന്താണ് ആവിക്കലിൽ കോഴിക്കോട് കോർപ്പറേഷൻ സ്ഥാപിക്കാൻ പോകുന്ന പ്ലാന്റ്? എന്തുകൊണ്ടാണ് ജനങ്ങൾ ഇതിനെ എതിർക്കുന്നത്? എന്തിനാണ് ഇങ്ങനെയൊരു പ്ലാന്റ് വേണെമെന്ന് കോർപ്പറേഷൻ നിർബന്ധം പിടിക്കാൻ കാരണം ?

ഞങ്ങൾ മത്സ്യത്തൊഴിലാളികളാണ് പ്ലാന്റ് വന്നാൽ ഞങ്ങൾ ആത്മഹത്യ ചെയ്യേണ്ടി വരും

കോഴിക്കോട് ജില്ലയിലെ ഹാർബറുകളിൽ ഒന്നായ വെള്ളയിൽ ഹാർബറിന് സമീപത്താണ് ആവിക്കൽ തോട്. ഇവിടെയാണ് കോർപ്പറേഷൻ സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കാൻ കോർപ്പറേഷൻ തീരുമാനിച്ച സ്ഥലത്തിനോട് ചേർന്ന് ഒരു തോട് ഒഴുകുന്നുണ്ട് കടലിലേക്കാണ് ഈ തോട് ഒഴുകിയെത്തുന്നത്. നിലവിൽ ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നും ഉള്ള വെള്ളം ഈ തോടിലുടെ ഒഴുകുന്നുണ്ട്, മാലിന്യ സംസ്കരണ പ്ലാന്റ് പ്രവർത്തനം തുടങ്ങിയാൽ അവിടെ നിന്നുള്ള രാസവസ്തുക്കളും പ്ലാന്റിൽ നിന്നുള്ള വേസ്റ്റും ഈ തോട്ടിലെ വെള്ളത്തിൽ കലരുമെന്നും അത് ഒഴുകി കടലിൽ എത്തുമെന്നുമാണ് നാട്ടുകാരുടെ പ്രധാന ആശങ്ക. അത് ​ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. . ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ നിന്നുള്ള അഴുക്കുജലം കലർന്ന് രാജ്യത്ത് തന്നെ ഏറ്റവും മാലിന്യമുള്ള പുഴകളുടെ പട്ടികയിൽ കടമ്പ്രയാർ എത്തിയതും ഇവർ എടുത്തുപറയുന്നു. കടമ്പ്രയാറിൻറെ ഈ ദുരവസ്ഥയാണ് ആവിക്കൽ തോടും വെള്ളയിൽ ഹാർബറും മലിനമാകുമെന്ന് ഇവർ ഇത്രയധികം ഭയപ്പെടാൻ കാരണവും. വെള്ളയിൽ ​ഹാർബറിലേക്ക് പൂർണമായും വളളങ്ങളും ബോട്ടുകളും അടുപ്പിക്കാൻ ആവത്തതിനാൽ പലരീതിയിലാണ് മീൻ തൊഴിലാളികൾ കരയ്ക്കെത്തിക്കുന്നത്. കടൽവെള്ളത്തിലൂടെ നടന്നുപോയി മീൻ കരയിലേക്കെത്തിക്കുമ്പോൾ മീനിലും വെള്ളം കലരും ആവിക്കൽ തോടിൽ പ്ലാന്റ് വരുകയും പ്ലാന്റിൽ നിന്ന് രാസവസ്തുക്കളും മാലിന്യവും കടലിലേക്ക് ഒഴുകി എത്തുകയും ചെയ്യുന്നതോട് മീൻ മലിനമാകുമെന്ന പേടിയിലാണ് ഇവിടെയുള്ളവർ. ഇത്തരത്തിൽ മലിനമായ മീൻ വാങ്ങി ഉപയോ​ഗിക്കാൻ ഒരാളും തയ്യാറാകില്ലെന്നും അതോടെ ഹാർബർ പ്രവർത്തനം നിർത്തേണ്ടി വരികയും ഇവിടെ താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാനം ഇല്ലാതാവുകയും ചെയ്യുമെന്നും ഇവർ പറയുന്നു. ഉപജീവന മാർ​ഗം നിലച്ചാൽ ഒന്നുകിൽ പട്ടിണി കിടന്നുള്ള മരണം, അല്ലെങ്കിൽ ആത്മഹത്യ ഇതല്ലാതെ മറ്റെന്ത് വഴിയാണ് ഞങ്ങൾക്കുള്ളതെന്നും ഇവർ ചോദിക്കുന്നു.

ഞങ്ങളുടെ കുട്ടികൾക്കും കടലിൽ പോകുന്ന ഭർത്താക്കൻമാർക്കും ചൊറിയും ചിരങ്ങും പിടിക്കുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്

പ്ലാന്റിൽ നിന്ന് പുറത്തുവന്നേക്കാവുന്ന രാസവസ്തുക്കളും മാലിന്യവും ഉണ്ടാക്കുന്ന ആരോ​ഗ്യപ്രശ്നങ്ങളാണ് ഇവരുടെ മറ്റൊരു ആശങ്ക. നിലവിൽ ആവിക്കലിലൂടെ ഒഴുകുന്ന തോട് തന്നെ കൊതുകിന്റെ പ്രഭവ കേന്ദ്രമാണെന്ന് ഇവിടെ താമസിക്കുന്ന വീട്ടുകാർ പറയുന്നു. നിരന്തരം കൊതുകടിയേൽക്കുന്നതിലൂടെ ഇവിടെയുളള പലകുട്ടികൾക്കും ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്, പ്ലാന്റ് വന്നാൽ കൊതുക് ശല്യം വീണ്ടും കൂടുമെന്നാണ് ഇവർ പറയുന്നത്. തീരപ്രദേശത്ത് കളിച്ച് വളരുന്നവരാണ് ഞങ്ങളുടെ കുട്ടികൾ അഴക്കും രാസവസ്തുക്കളും തോട്ടിലൂടെ തീരത്തേക്ക് ഒഴുകിയെത്തിയാൽ അത് കുട്ടികളിൽ പലതരം ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ആവിക്കലുകാർ പറയുന്നു. മീൻ ബോട്ടിൽ നിന്ന് കരയിലെത്തിക്കാൻ മണിക്കൂറുകളോളം ഹാർബറിൽ അരയക്കൊപ്പം വെള്ളത്തിൽ നിൽക്കുന്നവരാണ് ഇവിടുത്തെ മത്സ്യത്തൊഴിലാളികൾ ഹാർ‌ബറിലെ വെള്ളത്തിൽ രാസവസ്തുക്കൾ കലർന്നാൽ അത് അവിടെ പണിക്കുപോകുന്നവർക്കും ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും നാട്ടുകാർ പറയുന്നു

പ്ലാന്റിലെ മാലിന്യം വീട്ടിലേക്ക് ഒഴുകിയെത്തും കിണർ വെളളത്തിൽ കലരും

മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുന്ന പ്രദേശമാണ് ആവിക്കൽ തോട്, കടൽ വെള്ളവും തോട്ടിലെ വെള്ളവും വീടുകളിലേക്ക് ഇരച്ചെത്തും, പ്ലാന്റ് വന്നാൽ വെള്ളത്തിലൂടെ ഒഴുകിയെത്തുന്ന മാലിന്യവും രാസവസ്തുക്കളും മഴക്കാലത്ത് വീടിനുള്ളിലേക്ക് ഒഴുകിയെത്തുമെന്നതാണ് വേറെ ഒരു ആശങ്ക, ശുദ്ധീകരിക്കുന്നത് കക്കൂസ് മാലിന്യമായതിനാൽ മാലിന്യം ടാങ്കിലേക്ക് കൊണ്ടു പോകുന്ന പൈപ്പിൽ നിന്നും പ്ലാന്റിൽ നിന്ന് നേരിട്ടും അഴക്കുജലം കിണർ വെള്ളത്തിൽ കലരുമെന്നും വെള്ളം മലിനമാകുമെന്നും ആശങ്കയുണ്ട്. പ്രദേശത്തെ വീടുകളിലെ കക്കൂസ് മാലിന്യമാണ് ശുചീകരിക്കുക എന്ന് കോർപ്പറേഷൻ ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ പറയുകയാണിതെന്നും ബീച്ചിനിരുവശത്തും കെട്ടിപ്പൊക്കിയ കെട്ടിടങ്ങളിലെ ശുചിമുറി മാലിന്യം ഇവിടെ കൊണ്ട് നിക്ഷേപിക്കാനുള്ള എളുപ്പവഴിയാണിതെന്നും നാട്ടുകാർ പറയുന്നു

പ്ലാന്റ് വന്നാൽ പ്രദേശത്ത് ദുർ​ഗന്ധം വമിക്കും പിന്നെ ‍ഞങ്ങൾ ഇവിടെങ്ങനെ ജീവിക്കും

തിരുവനന്തപുരത്തും ബ്രഹ്മപുരത്തും ഉള്ള മാലിന്യ സംസ്കരണ പ്ലാന്റുകളും അതിന് ചുറ്റുമുള്ള പ്രദേശത്തെ ജനങ്ങളുടെ ജീവിതവും നേരിട്ട് കണ്ടവരാണ് ആവിക്കൽ പ്ലാന്റിനെതിരെ രൂപീകരിച്ച ജനകീയ സമരസമിതിയിലെ നേതാക്കൾ. തിരുവന്തപുരത്തെ പ്ലാന്റിൽ പോയ ശേഷം കുറേ ദിവസം ഓക്കാനം കാരണം ഭക്ഷണം കഴിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് അവിടം സന്ദർശിച്ച സമര സമിതി അം​ഗങ്ങൾ പറയുന്നത്. അത്ര ദുർ​ഗന്ധമാണ് അവിടെ ഉള്ളത്. ജനവാസ കേന്ദ്രത്തിൽ ഇങ്ങനെ ഒരു പ്ലാന്റ് വന്നാൽ ഞങ്ങൾ എങ്ങനെ ഇവിടെ മൂക്കുപൊത്താതെ ജീവിക്കുമെന്നും ഭക്ഷണം ഉണ്ടാക്കി കഴിക്കുമെന്നും ഇവർ ചോദിക്കുന്നു.

കോർപ്പറേഷൻ നടപ്പാക്കുന്ന പ്രധാന പദ്ധതികളിലൊന്ന് ചെലവ്‌ 72 കോടിയോളം

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കോഴിക്കോട് ജില്ലയിൽ മൂന്നിടത്താണ് സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ വരുന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിലും കോതിയിലും വെള്ളയിലെ ആവിക്കൽ തോടിലുമാണ് പ്ലാന്റുകളുടെ നിർമാണം. കോഴിക്കോട് കോർപ്പറേഷനിൽ നിന്ന് ലഭിക്കുന്ന വിവരപ്രകാരം 71.57 കോടി രൂപയാണ് ആവിക്കൽ പ്ലാന്റിന് വേണ്ടി വകയിരുത്തിയിട്ടുള്ളത്. 68.43 കോടി രൂപ ചെലവിട്ടാണ് കോതിയിൽ പ്ലാന്റ് നിർമ്മിക്കുക. ആവിക്കൽ പ്ലാന്റ് പൂർണതോതിൽ പ്രവർത്തനം തുടങ്ങിയാൽ ഏഴ് മില്യൺ ലിറ്റർ വെള്ളമാണ് ഒരു ദിവസം ശുദ്ധീകരിക്കാൻ കഴിയുക, കോതിയിൽ ആറ് മില്യൺ ലിറ്റർ വെള്ളവും. കോഴിക്കോട് കോർപ്പറേഷനിലെ 66, 67 വാർഡുകളിലേയും (വെളളയിൽ,തോപ്പയിൽ) 62ആം വാർഡിന്റെ ( മൂന്നാലിങ്ങൽ ) ന്റെ 25 ശതമാനവും ആണ് ആവിക്കൽ പ്ലാന്റിന്റെ പരിധിയിൽ വരുക. ഇത്രയും വാർഡുകളിലൂടെ 48 കിലോ മീറ്റർ പൈപ്പിട്ടാണ് വീടുകളിലെ കക്കൂസ് മാലിന്യം പ്ലാന്റിലേക്ക് എത്തിക്കുക. പ്ലാന്റ് പ്രവർത്തനം തുടങ്ങിയാൽ ആദ്യ ഘട്ടത്തിൽ ഇവിടെ ശുചീകരിക്കുന്ന വെളളത്തിന്റെ 10 ശതമാനം ബീച്ച് ശുചീകരണത്തിനായി ഉപയോ​ഗിക്കുകയും ബാക്കി ഒഴുക്കി വിടുകയും ചെയ്യും, തുടർന്നുളള ഘടങ്ങളിൽ മുഴുവൻ വെള്ളവും പുനരുപയോ​ഗം ചെയ്യും. ഇതിനായി കെഎസ്ആർടിസി ബസ്സുകൾ കഴുകാനും ട്രെയിൻ വൃത്തിയാക്കാനുമാണ് വെളളം നൽകുക. ജനവാസ കേന്ദ്രത്തിൽ വരുന്ന പദ്ധതിയായതിനാൽ തന്നെ ദുർ​ഗന്ധം പുറത്തേക്ക് വമിക്കാതിരിക്കാനുള്ള സംവിധാനം ഉറപ്പാക്കണമെന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ നിർദ്ദേശം ഉണ്ടെന്നും ഇതിനായി 2 കോടി രൂപ അധികം നീക്കി വെച്ചിട്ടുണ്ടെന്നുമാണ് കോർപ്പറേഷൻ അധികൃതർ പറയുന്നത്

വെള്ളം ശുചീകരിക്കുക ബാക്ടീരിയകളെ ഉപയോ​ഗിച്ച്

ജൈവമാലിന്യം തിന്ന് തീർക്കുന്ന ബാക്ടീരിയകളെ ഉപയോ​ഗിച്ചാണ് വെള്ളം ശുചീകരിക്കുകയെന്നും ഈ വെള്ളം പോല്യൂഷൻ കൺട്രോൾ ബോർ‍ഡ് അനുശ്വാസിക്കുന്ന രീതിയിൽ ക്ലോറിനേറ്റ് ചെയ്യുന്നതാണ് പ്ലാന്റിന്റെ പ്രവർത്തന രീതിയെന്നുമാണ് കോർപ്പറേഷൻ പറയുന്നത്. അതിനാൽ ജലാശയങ്ങളിൽ മാലിന്യം കലരില്ലെന്നും ബാക്കി വരുന്ന വേസ്റ്റ് വളമായി മാറ്റാൻ കഴിയുന്നതാണെന്നും ജനങ്ങൾക്ക് യാതോരു തരത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും കോർ‌പ്പറേഷൻ പറയുന്നു. ഒരു പ്രദേശത്തിന് ആവശ്യമുള്ള പദ്ധതിയായതിനാൽ തന്നെ 9 മാസം കൊണ്ട് പ്ലാന്റിന്റ നിർമ്മാണം പൂർത്തിയാക്കാനാണ് കോർപ്പറേഷൻ ലക്ഷ്യമിടുന്നത്. സമാന രീതിയിൽ ന​ഗരത്തിലെ 8 സ്ഥലങ്ങളിൽ കൂടി സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുമെന്നും കോഴിക്കോട് കോർപ്പറേഷൻ അറിയിച്ചു.

Content Highlights: sewage treatment plant Kozhikode

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022

Most Commented