പ്രവാസിയെ അറിഞ്ഞ് പുനരധിവാസം | ബാധ്യതയല്ല പ്രവാസി സാധ്യതയാണ് 04


അനു എബ്രഹാം

പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ഴുകുന്ന പുഴപോലെയാണ് കേരളത്തിലെ പ്രവാസികള്‍. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന പുഴവെള്ളംപോലെ പ്രവാസികളും മാറും. ഇന്ന് വിദേശത്ത് ജോലിചെയ്യുന്നവര്‍ നാളെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്താം. പകരം പുതിയവര്‍ ഭാഗ്യംതേടി അക്കരെപ്പോകും. പതിറ്റാണ്ടുകള്‍ നീളുന്ന പ്രവാസം മലയാളികള്‍ക്കിടയില്‍ കുറവാണ്. പത്തരവര്‍ഷമാണ് മലയാളിയുടെ ശരാശരി പ്രവാസജീവിതമെന്ന് രണ്ടുവര്‍ഷംമുന്പ് പ്രസിദ്ധീകരിച്ച കേരള കുടിയേറ്റസര്‍വേ ചൂണ്ടിക്കാട്ടുന്നു.

വിദേശത്തുനിന്ന് സമ്പാദിച്ചതൊക്കെയും ജന്മനാട്ടില്‍ ചെലവഴിക്കുകയാണ് മിക്കവരുടെയും സ്വപ്നം; സ്വത്തായാലും പ്രവാസജീവിതത്തില്‍ ആര്‍ജിച്ച നൈപുണ്യമായാലും. ആ സ്വത്തും കഴിവും അനുഭവസമ്പത്തും ശരിയാംവിധം ഉപയോഗപ്പെടുത്തുകയാണ് കേരളംചെയ്യേണ്ടത്. നിലവിലുള്ള പ്രവാസിപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനപ്പുറം ദീര്‍ഘവീക്ഷണത്തോടെയുള്ള ഇടപെടലിന് സര്‍ക്കാര്‍ മുന്നോട്ടിറങ്ങണം. പ്രവാസിയെ തിരിച്ചറിയുന്നതില്‍ത്തുടങ്ങി പദ്ധതികള്‍ കൃത്യമായി നടപ്പാക്കുന്നതില്‍വരെ ഫലപ്രദമായ ഇടപെടല്‍വേണം. ഘട്ടംഘട്ടമായ ആസൂത്രണമാണ് അതിനുവേണ്ടത്.

നാട്ടിലുള്ളവരെത്ര? കണ്ടെത്താം സര്‍വേയിലൂടെ

മടങ്ങിയെത്തിയ പ്രവാസികളെ തിരിച്ചറിയാനുള്ള സംവിധാനമില്ലാത്തതാണ് പ്രധാനപ്രശ്‌നം. മടങ്ങിവന്നവര്‍ വിദഗ്ധതൊഴിലാളികളാണോ അവിദഗ്ധതൊഴിലാളികളാണോ എന്നൊന്നും കേന്ദ്രസര്‍ക്കാരിനോ സംസ്ഥാനസര്‍ക്കാരിനോ അറിയില്ല. വായ്പയ്ക്കും ആനുകൂല്യത്തിനുമായി സമീപിക്കുന്നവര്‍മാത്രമേ നിലവില്‍ സര്‍ക്കാരിന്റെ കണ്ണില്‍ പ്രവാസികളായുള്ളൂ. അതാകട്ടെ ചെറുന്യൂനപക്ഷവും. പിന്നെങ്ങനെ അവര്‍ക്കായി നല്ല പദ്ധതികള്‍ ആസൂത്രണംചെയ്യാന്‍പറ്റും?

വിദേശത്തുള്ളവരെയും നാട്ടില്‍ തിരിച്ചെത്തിയവരെയും കണ്ടെത്തി മനസ്സിലാക്കാന്‍ സര്‍ക്കാര്‍ സമഗ്രസര്‍വേ നടത്തണം. അതനുസരിച്ച് പദ്ധതികള്‍ രൂപപ്പെടുത്തണം. അവരുടെ പ്രായം, തൊഴില്‍, കുടുംബപശ്ചാത്തലം, മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ തുടങ്ങിയവ ഉള്‍പ്പെടുത്തിയുള്ള േഡറ്റാബാങ്ക് തയ്യാറാക്കാം. തൊഴില്‍ദാതാക്കള്‍ക്കുകൂടി വിവരംകിട്ടുന്ന വിധത്തിലാകണം ഈ േഡറ്റാബാങ്ക്. ഡ്രീം കേരളയുടെ നിലവിലുള്ള വെബ്സൈറ്റുതന്നെ വിപുലീകരിച്ചാല്‍ ഇത് നടപ്പാക്കാന്‍പറ്റും. വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ കിട്ടുന്ന കാലത്ത് പദ്ധതികള്‍ ആസൂത്രണംചെയ്യാന്‍ ഇത് അനിവാര്യമാണ്.

തദ്ദേശസ്ഥാപനങ്ങള്‍ക്ക് ചുമതലനല്‍കാം

പ്രവാസത്തിലേക്ക് കടക്കുമ്പോഴെന്നപോലെത്തന്നെ പ്രവാസം മതിയാക്കി വിമാനം കയറുന്നവരുടെ മനസ്സിലുമുണ്ടാകും ഒരുപാടുസ്വപ്നങ്ങള്‍. അപ്രതീക്ഷിതമായി ജോലിനഷ്ടപ്പെട്ട് മടങ്ങുന്നവരുടെ ഉള്ളിലാകട്ടെ ഒരുപാട് ആകുലതകളും നീറിനില്‍ക്കും. സ്വപ്നങ്ങള്‍ അവര്‍ പുറത്തുപറയും, ആകുലതകള്‍ നെഞ്ചിലൊതുക്കും. പദ്ധതികള്‍ രൂപപ്പെടുത്തുന്നവര്‍ ഇത്തരം സ്വപ്നങ്ങളും ആകുലതകളും കൃത്യമായി മനസ്സിലാക്കിയിരിക്കണം. എന്താണ് ചെയ്യാനുദ്ദേശിക്കുന്നതെന്നും സര്‍ക്കാരിന്റെ പിന്തുണ എങ്ങനെയാണ് വേണ്ടതെന്നുമുള്ള വിവരങ്ങള്‍ ശേഖരിക്കുകയാണ് പ്രധാനം. ഇതിന്റെ ഭാഗമായി ലക്ഷക്കണക്കിന് പ്രവാസികളെ സര്‍ക്കാരിന് കൈകാര്യംചെയ്യേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ നോര്‍ക്കയെ ഇതിനായി ഉപയോഗിക്കുന്നത് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതിന് തുല്യമാകും.

വികേന്ദ്രീകൃതമായ രീതിയില്‍ ഇവ അനായാസം നടപ്പാക്കിയെടുക്കാം. തദ്ദേശസ്ഥാപനങ്ങളെ ഉപയോഗപ്പെടുത്തിയാല്‍മാത്രംമതി. നിലവില്‍ തദ്ദേശസ്ഥാപനങ്ങളില്‍ വികസന-ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതികളുള്ളതുപോലെ പ്രവാസികള്‍ക്കായും സ്ഥിരംസമിതി രൂപവത്കരിക്കാം. 1200 തദ്ദേശസ്ഥാപനങ്ങള്‍ സംസ്ഥാനത്തുണ്ട്. 20 ലക്ഷം പ്രവാസികള്‍ നാട്ടിലുണ്ടെന്ന് കണക്കാക്കിയാല്‍ത്തന്നെ ഒരു തദ്ദേശസ്ഥാപനത്തിനുകീഴില്‍ ശരാശരി 1700 പ്രവാസികളേയുണ്ടാകൂ. അതനുസരിച്ച് തദ്ദേശസ്ഥാപനത്തിനുതന്നെ പദ്ധതി തയ്യാറാക്കാം.

കൈത്താങ്ങ്, അങ്ങോട്ടും ഇങ്ങോട്ടും

തിരിച്ചെത്തിയ പ്രവാസികളുടെ അഭിരുചി മനസ്സിലാക്കിയശേഷം അതിനനുസൃതമായ പദ്ധതികള്‍ രൂപപ്പെടുത്തുകയാണ് അടുത്തഘട്ടം. ഭാവി മുന്നില്‍ക്കണ്ടുള്ള പദ്ധതികളാകണം നടപ്പാക്കേണ്ടത്. സംസ്ഥാനസര്‍ക്കാരിന്റെ ഭാവികാഴ്ചപ്പാടുകളുമായി ഇത് സംയോജിപ്പിച്ചാല്‍ സംസ്ഥാനത്തിന്റെ വികസനത്തില്‍ പ്രവാസികളുടെ പങ്ക് ഊട്ടിയുറപ്പിക്കാനാകും. പ്രവാസികളുടെ നൈപുണ്യം തിരിച്ചറിഞ്ഞുവേണം പദ്ധതിയുമായി സഹകരിപ്പിക്കാന്‍. തിരിച്ചെത്തിയ പ്രവാസികളില്‍ ഒരുവിഭാഗം വിദേശത്ത് കൃഷി അനുബന്ധമേഖലകളില്‍ പ്രവര്‍ത്തിച്ചവരാണ്. പ്രത്യേകിച്ച് ഫാമുകളിലുംമറ്റും. അവരുടെ വൈദഗ്ധ്യം ഇവിടത്തെ കാര്‍ഷികമേഖലയില്‍ ഉപയോഗിക്കാം. തരിശുനില കൃഷിയും ഹരിതകേരള മിഷനുമുള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ ഇവരെ പങ്കെടുപ്പിക്കാം.

നിര്‍മാണമേഖലയാണ് മറ്റൊന്ന്. എന്‍ജിനിയര്‍മാര്‍മുതല്‍ സാദാ നിര്‍മാണത്തൊഴിലാളികള്‍വരെ തിരിച്ചെത്തിയവരിലുണ്ട്. ഇവരെ കെ.എസ്.ടി.പി.പോലുള്ള പദ്ധതികളില്‍ പ്രയോജനപ്പെടുത്താം. ഹോട്ടല്‍രംഗത്ത് പ്രവര്‍ത്തിച്ചവരെ കമ്യൂണിറ്റി കിച്ചനുകളിലും വിശപ്പുരഹിത കേരളംപോലുള്ള പദ്ധതികളിലും ഭാഗഭാക്കാക്കാം. ഐ.ടി., മെക്കാനിക്കല്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചവരുടെ നൈപുണ്യവും അതത് മേഖലകളിലെ സര്‍ക്കാര്‍ പദ്ധതികളില്‍ പ്രയോജനപ്പെടുത്താനാകും.

കണ്ടറിഞ്ഞ് പരിശീലനം

കൃത്യമായ കാഴ്ചപ്പാടോടെയോ സ്വപ്നങ്ങളോടെയോ അല്ല ഭൂരിപക്ഷം മലയാളികളും പ്രവാസജീവിതത്തിലേക്ക് കടക്കുന്നത്. കോവിഡ് സൃഷ്ടിച്ച സാഹചര്യത്തില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെയാകും മിക്കരാജ്യവും സ്ഥാപനങ്ങളും ആവശ്യപ്പെടുക. അല്ലാത്ത ജോലികള്‍ സ്വദേശികള്‍ക്കുമാത്രമായി ചുരുങ്ങുമെന്ന് പ്രവാസിവിഷയത്തില്‍ ഒട്ടേറെ പഠനങ്ങള്‍ നടത്തിയിട്ടുള്ള തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജിലെ സാമ്പത്തികശാസ്ത്ര വിഭാഗംമേധാവി ഡോ. എസ്. ഷിബിനു പറയുന്നു.

ഇത് മറികടക്കാന്‍ വിദേശത്തെ തൊഴില്‍സാധ്യത കണ്ടറിഞ്ഞുള്ള പരിശീലനരീതി നോര്‍ക്കയുടെ നേതൃത്വത്തില്‍ നടപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. തിരിച്ചുവന്ന പ്രവാസികള്‍ക്ക് സംരംഭം തുടങ്ങുംമുമ്പ് നല്‍കുന്നതുപോലെ വിദേശത്തുപോകാന്‍ താത്പര്യമുമുള്ളവരെ മുന്‍കൂട്ടി കണ്ടെത്തി പരിശീലനവും മാര്‍ഗനിര്‍ദേശവും നല്‍കാനാകണം. വിദേശരാജ്യങ്ങള്‍ക്കിണങ്ങുന്ന നൈപുണ്യശേഷിയുള്ളവരുടെ കേന്ദ്രമാക്കി കേരളത്തെ മാറ്റിയെടുക്കാനാകും.

തിരിച്ചെത്തിയവരുടെ കാര്യത്തിലും ഈയൊരു സംവിധാനം പിന്തുടരാം. നല്ലൊരുശതമാനംപേരും ശമ്പളമുള്ള ജോലിവേണമെന്ന് ആഗ്രഹിക്കുന്നവരാണ്. സ്വന്തമായൊരു സംരംഭം സ്വപ്നംകാണുന്നവര്‍ ചുരുക്കം. അവര്‍ക്ക് തൊഴില്‍നൈപുണ്യപരിശീലനം നല്‍കുന്നത് പ്രധാനമാണ്.

ബാങ്കുകള്‍ ഈടുവാങ്ങാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ കര്‍ശനനിലപാടെടുത്താല്‍മാത്രമേ പുനരധിവാസപദ്ധതികള്‍ പ്രവാസികളിലേക്ക് കൂടുതല്‍ എത്തുകയുള്ളൂ. ഈടിനുപകരം ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ ഗാരന്റി നല്‍കണം -ഷാഹുല്‍ പണിക്കവീട്ടില്‍, കേരളപ്രദേശ് പ്രവാസികോണ്‍ഗ്രസ് നേതാവ്

പ്രവാസിശ്രീ വരട്ടെ

മൂന്നിലൊന്നുവീടുകളില്‍ ഒരു പ്രവാസിയെങ്കിലുമുള്ള ജില്ലയാണ് മലപ്പുറം, കൊല്ലം, കണ്ണൂര്‍, പത്തനംതിട്ട തുടങ്ങിയവ. ഒരു ചെറിയ പ്രദേശത്തുതന്നെ ഒട്ടേറെ പ്രവാസികുടുംബങ്ങള്‍ കാണാം. ഇത്തരമിടങ്ങളില്‍ പ്രവാസിക്കൂട്ടായ്മകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ മാതൃകയില്‍ പ്രവാസിശ്രീകള്‍ക്ക് രൂപംകൊടുത്താല്‍ ഒട്ടേറെ മാറ്റങ്ങളുണ്ടാക്കാനാകും. നിലവില്‍ ഇത്തരം ചെറുഗ്രൂപ്പുകള്‍ക്ക് രണ്ടുലക്ഷംരൂപവരെ വായ്പ കൊടുക്കുന്ന പദ്ധതികളുണ്ട്. പ്രവാസി സഹകരണസംഘങ്ങളും ധാരാളം. എന്നാല്‍, വിരലിലെണ്ണാവുന്നവ ഒഴികെയുള്ളവയുടെ പ്രവര്‍ത്തനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെയല്ല.

ഒരേമേഖലയില്‍ ജോലിചെയ്തവരുടെ കൂട്ടായ്മകള്‍ക്കാണ് പുതിയകാലത്ത് കൂടുതല്‍ സാധ്യത. മടങ്ങിയെത്തിയ ഡ്രൈവര്‍മാര്‍ക്കെല്ലാം ചേര്‍ന്ന് ഉബര്‍പോലെ പ്രദേശികതലത്തില്‍ ടാക്‌സി സര്‍വീസ് തുടങ്ങാനാകും. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, വര്‍ക്ഷോപ്പ് തൊഴിലാളികള്‍ക്കും ഇതുപോലെ കൂട്ടായ്മകളുണ്ടാക്കി തൊഴിലെടുക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണം.

വെറുതേ കിടക്കുന്ന സര്‍ക്കാര്‍ഭൂമികള്‍ ഉപയോഗപ്പെടുത്താന്‍ ഇത്തരം കൂട്ടായ്മകളെ അനുവദിക്കണം. സൂക്ഷ്മ-ചെറുകിട യൂണിറ്റുകള്‍ മുതല്‍മുടക്കില്ലാതെ തുടങ്ങാനുള്ള സൗകര്യവും ഒരുക്കണം.

(അവസാനിച്ചു)


Content Highlights: Series on NRI; Non resident Indians are not a liability

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023


rahul gandhi sonia gandhi mallikarjun kharge

1 min

രാഹുലിന് അമ്മയ്‌ക്കൊപ്പം താമസിക്കാം, അല്ലെങ്കില്‍ ഞാന്‍ വസതി ഒഴിഞ്ഞുകൊടുക്കാം- ഖാര്‍ഗെ

Mar 28, 2023


Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023

Most Commented