മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പദ്ധതികളേറെ, പക്ഷേ.. | ബാധ്യതയല്ല പ്രവാസി സാധ്യതയാണ് 01


അനു എബ്രഹാം

ചിത്രം: മാതൃഭൂമി

കോവിഡ് കാലത്ത് കേരളത്തിനുണ്ടായ ഏറ്റവും വലിയ തിരിച്ചടിയേതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ -പ്രവാസികളുടെ മടങ്ങിവരവ്. ചിലര്‍ തിരിച്ചുപോയി. ചിലര്‍ മടങ്ങാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍, മഹാഭൂരിപക്ഷത്തിന്റെയും പ്രവാസം കോവിഡ് കാലം എന്നെന്നേക്കുമായി അവസാനിപ്പിച്ചു. കേരളത്തെ കേരളമാക്കിയ പ്രവാസികള്‍ കടുത്തദുരിതത്തിലാണിപ്പോള്‍. നിതാഖാത്ത് കാലത്ത് തുടങ്ങിയ പുനരധിവാസപ്രഖ്യാപനങ്ങള്‍ വെറും വായ്പാപദ്ധതികളിലൊതുങ്ങി. വിദേശത്തുനിന്ന് തൊഴില്‍നൈപുണ്യവും പ്രവര്‍ത്തനപരിചയവും നേടിയവരെ നാം ഇങ്ങനെ ഉപയോഗിച്ചാല്‍മതിയോ? തിരിച്ചെത്തിയ പ്രവാസികളെ സംസ്ഥാനത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്തണ്ടേ? മാതൃഭൂമി അന്വേഷിക്കുന്നു...


ഹലോ... നോര്‍ക്കയുടെ ഓഫീസല്ലേ?

-അതെ

സര്‍, എന്റെ പേര് ലിജോ. ഞാന്‍ ഗള്‍ഫിലായിരുന്നു. കോവിഡ് പ്രതിസന്ധിമൂലം ആറുമാസംമുമ്പാണ് നാട്ടില്‍ തിരിച്ചുവന്നത്. എനിക്കിവിടെ കോഴിഫാം തുടങ്ങാന്‍ വായ്പകിട്ടുന്നതിനെക്കുറിച്ച് അറിയാന്‍ വിളിച്ചതാണ്

-വായ്പതരുന്നത് ബാങ്കാണ്. നോര്‍ക്ക സബ്സിഡി മാത്രമേ നല്‍കുന്നുള്ളൂ. ബാങ്ക് വായ്പ അനുവദിച്ചാല്‍മാത്രമേ സബ്സിഡി ഞങ്ങള്‍ക്ക് നല്‍കാനാകൂ

ബാങ്ക് വായ്പ തന്നില്ലെങ്കില്‍ എന്തുചെയ്യും സര്‍?

-അവര്‍ തന്നില്ലെങ്കില്‍ പിന്നെ നോര്‍ക്കയ്‌ക്കൊന്നും ചെയ്യാന്‍പറ്റില്ല.

എന്റെപേരില്‍ സ്വത്തൊന്നുമില്ല. എന്റെ ചാച്ചന്റെ പേരിലാണ്. അതിനാല്‍ വായ്പനല്‍കാന്‍ ബുദ്ധിമുട്ടാണെന്നാണ് ബാങ്കില്‍നിന്ന് പറയുന്നത്.

-അതില്‍ ഞങ്ങള്‍ക്ക് ഇടപെടാന്‍ പറ്റില്ല

പേപ്പേഴ്സ് ഒക്കെ ശരിയാണെങ്കില്‍ എത്രകാലമെടുക്കും സര്‍ വായ്പ കിട്ടാന്‍?

-നോര്‍ക്കയില്‍ 12 ദിവസംകൊണ്ട് നടപടി പൂര്‍ത്തിയാകും. പിന്നെയെല്ലാം തീരുമാനിക്കുന്നത് ബാങ്ക് ആണ്. അവര്‍ എന്ന് തരുമെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയില്ലല്ലോ?

ഇത് കോഴിക്കോട് കോടഞ്ചേരി തറക്കുന്നേല്‍ ലിജോ തോമസ് എന്ന പ്രവാസി വായ്പതേടി നോര്‍ക്ക റൂട്സില്‍ വിളിച്ചപ്പോള്‍ കിട്ടിയ മറുപടി. ദുബായിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ അഞ്ചുവര്‍ഷം ഫ്‌ളോര്‍ മാനേജരായിരുന്നു മുപ്പത്തിമൂന്നുകാരനായ ലിജോ. കോവിഡ് കാലത്ത് തൊഴില്‍ പ്രതിസന്ധിയിലായപ്പോള്‍ നാട്ടിലെത്തി. ഇവിടെത്തന്നെ നല്ലൊരു സംരംഭം തുടങ്ങുകയായിരുന്നു സ്വപ്നം. പ്രവാസി സംരംഭങ്ങളെ നെഞ്ചോടുചേര്‍ക്കുന്ന സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും സഹായങ്ങളെക്കുറിച്ചുമുള്ള വായ്ത്താരികള്‍ കേട്ടപ്പോള്‍ പ്രതീക്ഷയോടെ നോര്‍ക്കയിലേക്ക് വിളിച്ചു. എട്ടുലക്ഷം രൂപ വായ്പവേണം. ഈടില്ലാതെ വായ്പനല്‍കാന്‍ ബാങ്ക് തയ്യാറല്ല. സ്വന്തംപേരിലാകട്ടെ സ്വത്തുമില്ല. സര്‍ക്കാര്‍ ഗ്യാരന്റിയൊട്ടു നല്‍കുകയുമില്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെങ്കില്‍ പിന്നെന്തിനാണ് ഇങ്ങനെ കൊട്ടിഘോഷിച്ചുള്ള വായ്പാമേളകളെന്നാണ് ലിജോയുടെ ചോദ്യം.

NORKA
ഒരു വായ്പയ്ക്ക് ഒന്നരവര്‍ഷം

കോടഞ്ചേരിയില്‍നിന്ന് നേരെ തൃശ്ശൂര്‍ ചേലക്കരയിലേക്ക് പോകാം. വായ്പകിട്ടാനായി 20 മാസം ബാങ്കിലും നോര്‍ക്കയുടെ ഓഫീസിലും കയറിയിറങ്ങേണ്ടിവന്ന ഒരു പ്രവാസിയുണ്ടവിടെ. സി.എ. ഹസ്സന്‍ എന്ന 55-കാരന്‍. സൗദിയില്‍ കപ്പല്‍ക്കമ്പനിയില്‍ ജോലിക്കാരനായിരുന്നു ഹസ്സന്‍. സ്വദേശിവത്കരണംമൂലം 2017-ല്‍ നാട്ടില്‍ തിരിച്ചെത്തി. 2019 നവംബറിലാണ് നോര്‍ക്കവഴി നല്‍കുന്ന വായ്പയ്ക്കായി ശ്രമിക്കുന്നത്. ഗുജറാത്തില്‍നിന്ന് റെഡിമെയ്ഡ് വസ്ത്രങ്ങള്‍ മൊത്തക്കച്ചവടത്തിലെടുത്ത് നാട്ടിലെ കടകളില്‍ വിതരണത്തിനെത്തിക്കുന്നതാണ് ബിസിനസ്.

പത്തുലക്ഷം രൂപയുണ്ടെങ്കില്‍ സംരംഭം തുടങ്ങാം. നോര്‍ക്കയില്‍ അപേക്ഷിച്ചു. നോര്‍ക്കയുടെ കടമ്പകളെല്ലാം ഒരുമാസംകൊണ്ടു കഴിഞ്ഞു. പിന്നെ ബാങ്കിലേക്ക്. ആദ്യം ഈടുവേണ്ടെന്നായിരുന്നു ബാങ്ക് അധികൃതരും നോര്‍ക്കയും പറഞ്ഞത്. പിന്നെ ഈടുവേണമെന്നായി. തന്റെയും ഭാര്യയുടെയും പേരിലുള്ള സ്വത്ത് ഒടുവില്‍ ഈടായിനല്‍കി. പിന്നെയും ഓരോതവണയും ഓരോ കാര്യങ്ങള്‍ പറഞ്ഞ് നടത്തിച്ചു. അതിനോടകം ബിസിനസ് തുടങ്ങിയിരുന്ന ഹസ്സന്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായി. ഒടുവില്‍ ഒന്നരവര്‍ഷത്തിനുശേഷം ഹസ്സന് ബാങ്ക് വായ്പ അനുവദിച്ചു -പത്തുലക്ഷം രൂപ അപേക്ഷിച്ചിടത്ത് അനുവദിച്ചത് വെറും മൂന്നുലക്ഷം. അതുകൊണ്ടെന്താകാന്‍? ആകെയുള്ള സ്വത്താകട്ടെ ഈടായി ബാങ്കിനും നല്‍കി. നില്‍ക്കക്കള്ളിയില്ലാത്ത സ്ഥിതിയായതോടെ ആ തുകവാങ്ങി തൃപ്തിപ്പെടേണ്ടിവന്നെന്ന് ഹസ്സന്‍ പറയുന്നു.

നോര്‍ക്കയുടെ വായ്പാപദ്ധതി

വര്‍ഷം-തുടങ്ങിയ സംരംഭങ്ങള്‍

2020-21 782

2021-22 156

പദ്ധതികളേറെ, പക്ഷേ കിട്ടില്ല

നോര്‍ക്കയുടെ വായ്പാപദ്ധതിമുതല്‍ മുദ്രാവായ്പവരെ എത്രയെത്ര പദ്ധതികള്‍. പക്ഷേ, സാധാരണക്കാരനായ പ്രവാസികള്‍ക്ക് കിട്ടാന്‍ പാടുപെടുമെന്നുമാത്രം. കോടഞ്ചേരിയിലെ ലിജോയുടെയും ചേലക്കരയിലെ ഹസ്സന്റെയും അനുഭവങ്ങള്‍ നല്‍കുന്ന ചുരുക്കം ഇതാണ്

  • സാമ്പത്തികഭദ്രതയില്ലാത്ത പ്രവാസിക്ക് വായ്പകിട്ടില്ല.
  • സംരംഭങ്ങള്‍ക്ക് സബ്സിഡിയും പലിശയിളവുമാണ് സര്‍ക്കാര്‍ നല്‍കുന്ന ഏക ആനുകൂല്യം. ഇതുകിട്ടണമെങ്കില്‍ അലച്ചില്‍ ചില്ലറയല്ല
  • വായ്പയുടെ കാര്യത്തില്‍ നോര്‍ക്കയ്‌ക്കോ സര്‍ക്കാരിനോ ഇടപെടാനാകുന്നില്ല
  • പത്തുലക്ഷം രൂപവരെ ഈടില്ലാതെ വായ്പകിട്ടുമെന്ന് പറയുന്നുണ്ടെങ്കിലും ഈടില്ലാതെ തരാന്‍ മിക്കബാങ്കുകളും തയ്യാറല്ല
ഇതിന്റെ പേരോ പുനരധിവാസം?

2013-ല്‍ ഗള്‍ഫ് നാടുകളില്‍ സ്വദേശിവത്കരണം ശക്തിപ്രാപിച്ചതുമുതല്‍ നാം തുടര്‍ച്ചയായി കേള്‍ക്കുന്ന വാക്കാണ് പ്രവാസി പുനരധിവാസം. ഏറിയാല്‍ ഒരു വായ്പ. അതിനു സബ്സിഡിയും പലിശയിളവും. അതില്‍ തീര്‍ന്നു പുനരധിവാസം. സ്വദേശിവത്കരണംമൂലം തൊഴില്‍ നഷ്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കുന്ന മറ്റൊന്നും കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ നാളിതുവരെയായിട്ടും ആസൂത്രണംചെയ്തിട്ടില്ല. ഇതിനുപുറമേയാണ് കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയ ലക്ഷക്കണക്കിനാളുകള്‍.

തിരിച്ചെത്തിയ പ്രവാസികള്‍ എന്തുചെയ്യുന്നെന്നു ചോദിച്ചാലും ഉത്തരമില്ല. ഗള്‍ഫുകാരന്‍ എന്ന ലേബലില്‍ കുറച്ചുനാള്‍ നാട്ടില്‍ ജീവിക്കും. എന്നെന്നേക്കുമായി പ്രവാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാണ് വന്നതെങ്കിലും നടപ്പാകാത്ത പുനരധിവാസം അവരെ വീണ്ടും തിരിച്ചുപോകാന്‍ പ്രേരിപ്പിക്കും. നാട്ടില്‍ അവനെ പിടിച്ചുനിര്‍ത്താനോ വിദേശത്ത് അവന്‍ ആര്‍ജിച്ച തൊഴില്‍നൈപുണ്യം ഇവിടെ ഉപയോഗപ്പെടുത്താനോ സര്‍ക്കാരുകള്‍ ശ്രമിച്ചിട്ടില്ല.

വഴിമുട്ടി വായ്പയിലേക്ക്

തൊഴിലും ജീവിതവും നഷ്ടപ്പെട്ട് വഴിമുട്ടിയവരാണ് തിരിച്ചത്തിയ പ്രവാസികളിലേറെയും. 2008-ല്‍ ആഗോള സാമ്പത്തികമാന്ദ്യത്തില്‍ തുടങ്ങി, സ്വദേശിവത്കരണവും കടന്ന് ഇപ്പോള്‍ കോവിഡ്കാല പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണവര്‍. തിരിച്ചുപോകാനുള്ള വഴിയടയുന്നതോടെ നാട്ടില്‍ ഒരു തൊഴിലിനായാണ് ആദ്യശ്രമം. കോവിഡ് നിയന്ത്രണങ്ങളില്‍ക്കുരുങ്ങി വിപണിസ്ഥിരത നഷ്ടപ്പെട്ട കാലത്ത് ആരു ജോലിനല്‍കാന്‍? എന്തു ജോലിയും ചെയ്യാനുള്ള മനസ്സുണ്ടായിട്ടെന്തുകാര്യം?

ഒരു സംരംഭം കരുപ്പിടിപ്പിക്കലാണ് അടുത്ത പിടിവള്ളി. സര്‍ക്കാര്‍ സഹായം പ്രതീക്ഷിച്ച് അതിനുള്ള ശ്രമം തുടങ്ങും. അതും ചുരുക്കം ചിലര്‍മാത്രം. ഉള്ള ബാധ്യതയ്ക്കുമേല്‍ വീണ്ടുമൊരു ബാധ്യതകൂടി വരുത്തിവെക്കുകയാണെന്നറിയാം. മറ്റൊരു വഴിയുമില്ലാത്തതിനാല്‍ പിന്നെ വായ്പയ്ക്കായുള്ള നെട്ടോട്ടം. പക്ഷേ, കിട്ടണ്ടേ? പ്രവാസിയായാല്‍ മാത്രംപോരാ... ഈടുവേണം, ആസ്തിവേണം, തിരിച്ചടവുശേഷിവേണം. അങ്ങനെയൊരു സാമ്പത്തികശേഷിയുണ്ടെങ്കില്‍ പിന്നെ വായ്പതേടുന്നതെന്തിന്? -വായ്പയിലൂടെ പുതുസംരംഭമെന്ന സ്വപ്നം മനസ്സില്‍ കൊണ്ടുനടക്കുന്ന മിക്ക പ്രവാസിയുടെയും മനസ്സിലുയരുന്ന ചോദ്യമിതാണ്.

തിരിച്ചെത്തിയ പ്രവാസികള്‍ക്കായി സര്‍ക്കാരും നോര്‍ക്കയും വാഗ്ദാനംചെയ്യുന്ന ഏറ്റവും പ്രധാന പദ്ധതിയാണ് നോര്‍ക്ക പുനരധിവാസപദ്ധതി (എന്‍.ഡി.പി.ആര്‍.എം.). സംരംഭങ്ങള്‍ തുടങ്ങാന്‍ 30 ലക്ഷം രൂപവരെ വായ്പലഭിക്കും. കൃത്യമായി തിരിച്ചടച്ചാല്‍ 15 ശതമാനം നോര്‍ക്കയുടെ സബ്്സിഡി. പലിശയിലാകട്ടെ മൂന്നുശതമാനം റിബേറ്റും. അത്ര ആകര്‍ഷകമായ പദ്ധതിയിലേക്ക് ഏതു പ്രവാസിയും വീണുപോകും. പക്ഷേ, സംഭവിച്ചതു മറിച്ചാണ്. കോവിഡ് തുടങ്ങിയശേഷം 20 മാസത്തിനിടെ ഈ വായ്പയെടുത്ത പ്രവാസികള്‍ വെറും 938. ഇക്കാലത്തിനിടെ തൊഴില്‍നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികള്‍ 11 ലക്ഷത്തിനുമേലാണ്. എന്നിട്ടും ആയിരത്തില്‍ത്താഴെപ്പേര്‍ക്കു മാത്രമേ വായ്പകിട്ടിയിട്ടുള്ളൂ. നല്‍കിയ വായ്പയാകട്ടെ 19.07 കോടി രൂപമാത്രം.

ഒരു കടംകൂടിയെടുത്ത് തലയില്‍വെക്കാനുള്ള വിമുഖതയാണ് പ്രവാസികളെ വായ്പയില്‍നിന്ന് പിന്തിരിപ്പിക്കുന്ന പ്രധാനഘടകം. സ്ഥിരവരുമാനമുള്ള ജോലിയാണ് അവരുടെ സ്വപ്നം. വായ്പയിലേക്കുള്ള വഴിയിലെ കല്ലുംമുള്ളും അവശേഷിച്ചവരെയും പിന്തിരിപ്പിക്കും. എന്നിട്ടും പ്രവാസികള്‍ക്ക് താത്പര്യമില്ലാത്ത ഇത്തരം പദ്ധതികളുടെപേരില്‍ നോര്‍ക്കയും സര്‍ക്കാരും ഊറ്റംകൊള്ളുകയാണിപ്പോഴും.

പേടിപ്പിക്കുന്ന മടക്കം

കേരളത്തിലെ പ്രവാസികളില്‍ പകുതിയിലേറെപ്പേരും കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഓഗസ്റ്റ് 31 വരെയുള്ള കണക്കനുസരിച്ച് 15,56,715 പേരാണ് കേരളത്തില്‍ മടങ്ങിയെത്തിയത്. ഇതില്‍ 11,13,997 പേരും തൊഴില്‍ നഷ്ടപ്പെട്ട് വന്നവരാണെന്നാണ് നോര്‍ക്കയുടെതന്നെ കണക്ക്. നാട്ടിലുള്ള 2.9 ലക്ഷംപേര്‍ വിസകാലാവധി കഴിഞ്ഞ് തിരിച്ചുപോക്ക് മുടങ്ങിയവരാണ്.

2008 മുതല്‍ കേരളത്തിലേക്കുള്ള പ്രവാസികളുടെ മടക്കത്തിന്റെ തോത് കൂടുകയാണ്. ജോലിനഷ്ടപ്പെട്ട് മടങ്ങുന്നവരുടെ എണ്ണമാകട്ടെ രണ്ടിരട്ടിയിലേറെയായി.

അവര്‍ പുറത്തുപോയി നന്നായി സമ്പാദിച്ചുവന്നതല്ലേ. അവര്‍ക്കൊക്കെ എന്തുദാരിദ്ര്യം? പ്രവാസികളെക്കുറിച്ച് ഇങ്ങനെ കരുതുന്നവര്‍ ധാരാളം. പക്ഷേ, വസ്തുത ഞെട്ടിപ്പിക്കുന്നതാണ്. അതേക്കുറിച്ച് അടുത്തഭാഗത്തില്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented