സെറീന വില്യംസ്: ഗ്രാൻഡ് സ്ലാമുകളുടെ തോഴി; തോൽവിയോടെയെങ്കിലും വീരോചിതമായ മടക്കം


അഞ്ജന ശശി2022 യു.എസ്.ഓപ്പണോടെ ലോക ടെന്നീസില്‍നിന്നും വിരമിക്കുമെന്ന് മാസങ്ങള്‍ക്കുമുമ്പുതന്നെ സെറീന സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

സെറീന വില്ല്യംസ് മകൾ ഒളിമ്പ്യയ്‌ക്കൊപ്പം | Photo:AP/ Instagram/ Srena Williams

ടെന്നീസ് ചരിത്രത്തില്‍ വില്യംസ് സഹോദരിമാര്‍ ഉണ്ടാക്കിയെടുത്ത സാമ്രാജ്യം ഒരു വലിയ വിപ്ലവത്തിന്റെ തുടക്കംതന്നെയായിരുന്നു. വെളുപ്പിന്റേത് മാത്രമായിരുന്ന വിജയക്കുതിപ്പുകള്‍ക്കുമേല്‍ കറുപ്പിന്റെ തേരോട്ടത്തിന്റെ കാലം.

അഞ്ചുവയസ്സുകാരിയായ മകള്‍ക്കൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്നു സെറീന. ഫോണില്‍ ഏറെ ഇഷ്ടമുള്ള ഒരു ആപ്പില്‍ കളിക്കുകയാണ് മകള്‍ ഒളിമ്പിയ പെട്ടന്ന് ഫോണിലെ ആപ്പില്‍നിന്ന് ഒരു ചോദ്യം വന്നു. 'ആരാവാനാണ് ആഗ്രഹം?' സെറീന കേള്‍ക്കെത്തന്നെ മകള്‍ മറുപടി പറഞ്ഞു. 'എനിക്കൊരു ചേച്ചിയാവണം!'.

2022 യു.എസ്.ഓപ്പണോടെ ലോക ടെന്നീസില്‍നിന്നും വിരമിക്കുമെന്ന് മാസങ്ങള്‍ക്കുമുമ്പുതന്നെ സെറീന സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. 'വിരമിക്കല്‍ എന്ന വാക്ക് ഞാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. അതൊരു സ്ഥിരം വാക്കാണ്. മാറ്റത്തിലേക്കുള്ള ഒരു യാത്രയുടെ തുടക്കമായി ഈ വാക്കിനെ കാണാനാണ് എനിക്ക് ആഗ്രഹം. എന്നെ സ്നേഹിക്കുന്ന കായികപ്രേമികളും ഞാന്‍ പറയുന്ന 'വിരമിക്കല്‍' എന്ന വാക്കിനെ അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളണം. ടെന്നീസില്‍ നിന്ന് മാറി, പ്രധാനപ്പെട്ട മറ്റുചില കാര്യങ്ങളിലേക്ക് ഞാന്‍ പ്രവേശിക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ 'സെറീന വെഞ്ചേഴ്‌സ്' എന്ന വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനം ആരംഭിച്ചു. അധികം താമസിയാതെ ഒരു കുടുംബം ആരംഭിച്ചു. എനിക്ക് ആ കുടുംബം വലുതാക്കണം. മകളുടെ ആഗ്രഹം എന്റെ കൂടി ആഗ്രഹമാണ്.' - വിരമിക്കല്‍ പ്രഖ്യാപനം നടത്തിക്കൊണ്ട് വോഗ് മാഗസിന് കൊടുത്ത അഭിമുഖത്തില്‍ സെറീന പറഞ്ഞു.

കുറെ നാളായി സെറീനയുടെ കൈപ്പിടിയില്‍നിന്ന് തെന്നിമാറുന്ന കിരീട വിജയങ്ങളില്‍ നിരാശരായിരുന്നു ആരാധകര്‍. ഇത്തവണ വിജയത്തോടെ വീരോചിതമായ മടക്കം ആഗ്രഹിച്ചിരുന്ന ആരാധകര്‍ക്ക് വീണ്ടും നിരാശതന്നെയായിരുന്നു ഫലമെങ്കിലും താരത്തിന്റെ വിടവാങ്ങലിന്റെ മാറ്റിന് ഒട്ടും കുറവില്ല. നമ്മുടെ സ്വീകരണമുറികളിലെ ടെലിവിഷന്‍ സ്‌ക്രീനുകളില്‍ തെളിഞ്ഞുകണ്ട, ദശാബ്ദങ്ങള്‍ നീണ്ടുനിന്ന വിജയങ്ങളും ഇച്ഛാശക്തിയും കായികക്ഷമതയും വൈദഗ്ധ്യവും വിടവാങ്ങുന്ന നിമിഷത്തിലും സെറീനയില്‍ സ്ഥായിയായിത്തന്നെയുണ്ട്. അതുതന്നെയാണ് അവരെ ടെന്നീസിലെ മറ്റ് മിന്നുംതാരങ്ങളില്‍നിന്ന് വ്യത്യസ്തയാക്കുന്നതും.

കാല്‍ നൂറ്റാണ്ടിലേറെ ടെന്നീസിനായി സമര്‍പ്പിച്ച അവര്‍ 41-ാം വയസ്സിലാണ് വിടവാങ്ങുന്നത്. ടെന്നീസിനും കുടുംബത്തിനും ഇടയിലൊരു തിരഞ്ഞെടുപ്പ് സെറീനയ്ക്ക് അതികഠിനമായ ഒന്നാണ്. ഒരു പുരുഷനാണെങ്കില്‍, താനിങ്ങനെ ചിന്തിക്കേണ്ടിവരുമായിരുന്നില്ലെന്ന് അവര്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഭാര്യ കുടുംബം വികസിപ്പിക്കുന്നതിനുള്ള ശാരീരിക അദ്ധ്വാനം ചെയ്യുമ്പോള്‍ പുരുഷന്‍ ടെന്നീസ് കളിക്കുകയും വിജയിക്കുകയും ചെയ്യും. ആ അവസരം ലഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ താന്‍ ഒരു ടോം ബ്രാഡി ആകുമായിരുന്നുവെന്ന് അവര്‍ വിഷമത്തോടെത്തന്നെയാണ് പറഞ്ഞിരുന്നത്. അതേസമയം സ്ത്രീത്വത്തെ അങ്ങേയധികം ആസ്വദിക്കുന്ന, ഒളിമ്പിയയെ ഗര്‍ഭത്തില്‍ചുമന്ന ഓരോ നിമിഷവും ആസ്വദിച്ച ഒരു സ്ത്രീകൂടിയാണ് സെറീന. 2017-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടുമ്പോള്‍ അവര്‍ രണ്ട് മാസം ഗര്‍ഭിണിയായിരുന്നുവെന്നത് പലര്‍ക്കും അറിയാത്ത സത്യമാണ്.

ശക്തമായ കളിയിലൂടെ വനിതാ ടെന്നീസില്‍ വിപ്ലവം സൃഷ്ടിച്ച ഈ അമേരിക്കന്‍ ടെന്നീസ് താരം നിലവില്‍ കളിക്കുന്ന മറ്റേതൊരു വനിതാ-പുരുഷ താരത്തേക്കാളും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് ഉള്‍പ്പെടെ 39 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളാണ് ഇവര്‍ കളിച്ചുനേടിയത്. 23 ഗ്രാന്‍ഡ് സ്ലാം സിംഗിംള്‍സ് കിരീടങ്ങള്‍ സ്വന്തംപേരിലുള്ള, കരിയറില്‍ ഇതുവരെ 73 സിംഗിള്‍സ് കിരീടങ്ങളും 23 ഡബിള്‍സ് കിരീടങ്ങളും രണ്ട് മിക്സഡ് ഡബിള്‍സ് കിരീടങ്ങളും സ്വന്തമാക്കിയ അപൂര്‍വ പ്രതിഭ. നാല് ഒളിമ്പിക് സ്വര്‍ണമെഡലുകളും ഇതിനൊപ്പമുണ്ട്. 755 കോടിയിലധികം രൂപയും ടെന്നീസില്‍നിന്നും അവര്‍ സ്വന്തമാക്കി.

വെളുപ്പിനുമേല്‍ കറുപ്പിന്റെ ആധിപത്യം

ടെന്നീസ് ചരിത്രത്തില്‍ വില്യംസ് സഹോദരിമാര്‍ ഉണ്ടാക്കിയെടുത്ത സാമ്രാജ്യം ഒരു വലിയ വിപ്ലവത്തിന്റെ തുടക്കംതന്നെയായിരുന്നു. വെളുപ്പിന്റേത് മാത്രമായിരുന്ന വിജയക്കുതിപ്പുകള്‍ക്കുമേല്‍ കറുപ്പിന്റെ തേരോട്ടത്തിന്റെ കാലം. ചേച്ചി വീനസ് തുടങ്ങിവെച്ച ചരിത്രത്തിന് തുടര്‍ച്ച നല്‍കുക മാത്രമല്ല, തിരസ്‌കരിക്കപ്പെട്ട ഒരു വിഭാഗത്തിന് വലിയ പ്രതീക്ഷകള്‍ നല്‍കാനും സെറീനയക്ക് കഴിഞ്ഞു. 'എനിക്ക് തോല്‍ക്കാന്‍ ഇഷ്ടമായിരുന്നില്ല. എന്നിട്ടും ഞാന്‍ വളര്‍ന്നത് വിജയങ്ങളില്‍ നിന്നല്ല, തിരിച്ചടികളില്‍ നിന്നാണ്.' സെറീന ഒരിക്കല്‍ പറഞ്ഞതാണിത്. കോര്‍ട്ടില്‍ ശക്തമായ ഇടപെടലുകളും തനിക്കായുള്ള വാദപ്രതിവാദങ്ങളും നടത്താന്‍ അവര്‍ക്ക് ചോദന നല്‍കുന്നതും തിരിച്ചടികളില്‍നിന്നാര്‍ജ്ജിച്ച ആത്മവിശ്വാസം തന്നെയാണ്.

യു.എസ്. ഓപ്പണ്‍ ഒരിക്കലെങ്കിലും സ്വന്തമാക്കണമെന്ന ആഗ്രഹത്തോടെയാണ് സെറീന കളിക്കളത്തിലേക്കെത്തുന്നത്. അതായിരുന്നു അവളുടെ അന്നത്തെ ലക്ഷ്യം. അതിലും വലിയൊരു സ്വപ്നം കാണാന്‍ അവള്‍ക്ക് അറിയില്ലായിരുന്നു. 1994-ല്‍ ചേച്ചി വീനസ് വില്യംസ് കളത്തിലിറങ്ങിയതിന്റെ തൊട്ടടുത്ത വര്‍ഷംതന്നെ സെറീനയും കളിക്കാന്‍ തുടങ്ങി. ലോസ് ഏഞ്ചല്‍സിലെ പബ്ലിക് കോര്‍ട്ടുകളില്‍ തന്റെ മാതാപിതാക്കളില്‍നിന്ന് പഠിച്ച ടെന്നീസ് പാഠങ്ങളും ചേച്ചിക്കൊപ്പം കളിച്ചുനേടിയ പരിചയവുമായിരുന്നു ആകെ കൈമുതല്‍. എന്നാല്‍ അധികംതാമസിയാതെതന്നെ ശക്തമായ സെര്‍വുകളും ഗ്രൗണ്ട് സ്‌ട്രോക്കുകളും മികച്ച കായികക്ഷമതയുമുള്ള സഹോദരിമാര്‍ ലോകശ്രദ്ധയാകര്‍ഷിച്ചു. ഒരു ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് കിരീടം നേടുന്ന ആദ്യത്തെ വില്യംസ് സഹോദരി വീനസ് ആയിരിക്കുമെന്ന് പലരും പ്രവചിച്ചു. എന്നാല്‍ 1999-ലെ യു.എസ് ഓപ്പണ്‍ നേടിയ സെറീനയാണ് ഈ നേട്ടം കൈവരിച്ചത്. ആ ടൂര്‍ണമെന്റില്‍ സഹോദരിമാര്‍ ഡബിള്‍സ് കിരീടം സ്വന്തമാക്കി.

ആദ്യ വിജയം സെറീനയുടെ കാഴ്ചപ്പാടുതന്നെ മാറ്റിമറിച്ചു. പിന്നീട് വിജയങ്ങളില്‍നിന്ന് വിജയങ്ങളിലേക്ക് മാത്രമുള്ള യാത്രയായി അതുമാറി. 2000-ല്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ നടന്ന ഒളിമ്പിക്‌സില്‍ ഡബിള്‍സ് ഇനത്തില്‍ സെറീനയും വീനസും സ്വര്‍ണം നേടിയിരുന്നു. 2002-ല്‍ സെറീന ഫ്രഞ്ച് ഓപ്പണ്‍, യുഎസ് ഓപ്പണ്‍, വിംബിള്‍ഡണ്‍ എന്നിവ നേടി. എല്ലാ ടൂര്‍ണമെന്റിന്റെയും ഫൈനലില്‍ വീനസിനെയാണ് സെറീന പരാജയപ്പെടുത്തിയത്. സ്ഥിരതയായിരുന്നു സെറീനയുടെ കൈമുതല്‍. 2003-ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍കൂടി നേടിയതോടെ ഗ്രാന്‍ഡ് സ്ലാമിന്റെ നാല് ഘടക ടൂര്‍ണമെന്റുകളിലും വിജയിച്ച് കരിയര്‍ ഗ്രാന്‍ഡ് സ്ലാം പൂര്‍ത്തിയാക്കി. പിന്നീട് ഒന്നിനു പിറകെ ഒന്നായി സെറീന കിരീടങ്ങള്‍ കരസ്ഥമാക്കി. ഇടയ്ക്ക് വില്ലനായി കടന്നുവന്ന പരിക്കുകള്‍ക്കോ ഇടവേളകള്‍ക്കോ സെറീനയുടെ ഇച്ഛാശക്തിയെ തളര്‍ത്താനായില്ല. ആദ്യ കിരീടം നേടി 10 വര്‍ഷത്തിനിപ്പുറം നാല് ഗ്രാന്‍ഡ് സ്ലാമിനുമൊപ്പം ലണ്ടന്‍ ഒളിമ്പിക്സിലെ സ്വര്‍ണമെഡല്‍ കൂടി നേടി ഗോള്‍ഡന്‍ സ്ലാം വിജയിയായി. സ്റ്റെഫി ഗ്രാഫിന് ശേഷം ആദ്യമായി ഈ നേട്ടം കരസ്ഥമാക്കിയത് സെറീനയായിരുന്നു.

സറീന വില്യംസ്

റെക്കോഡുകളുടെ തോഴിയായി സെറീന മാറാന്‍ അധികകാലം വേണ്ടിവന്നില്ല. ഏറ്റവും കൂടുതല്‍ ടെന്നീസ് ഗ്രാന്‍ഡ് സ്ലാം മത്സരവിജയങ്ങള്‍ സ്വന്തമാക്കിയ വനിതയെന്ന മാര്‍ട്ടിന നവരത്തിലോവയുടെ റെക്കോഡ് ആദ്യം തകര്‍ന്നുവീണു. 2016-ല്‍ യു.എസ് ഓപ്പണിന്റെ മൂന്നാം റൗണ്ട് വിജയത്തോടെയാണ് തന്റെ 307-ാം ഗ്രാന്‍ഡ്സ്ലാം മത്സര വിജയം നേടി റെക്കോഡ് മറികടന്നത്. അതോടെ റോജര്‍ ഫെഡററിന്റെ റെക്കോഡിന് ഒപ്പമെത്താനും അവര്‍ക്കായി. 2017 ലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ ചേച്ചി വീനസ് വില്യംസിനെ തോല്‍പ്പിച്ച് കിരീടം നേടിയപ്പോള്‍ സ്റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്‍ഡ് സ്ലാം എന്ന റെക്കോഡിനെ സറീന മറികടന്നു. ഏഴ് തവണ വിജയിയായി, ഓസ്ട്രേലിയന്‍ ഓപ്പണില്‍ ഏറ്റവും അധികം തവണ കിരീടം നേടിയ വനിതാ താരമെന്ന ബഹുമതിയും സെറീന സ്വന്തമാക്കി. ആറ് തവണ യു.എസ്. ഓപ്പണ്‍ നേടിയ സെറീന ടെന്നീസ് ഇതിഹാസം ക്രിസ് എവര്‍ട്ടിനൊപ്പം യു.എസ്. ഓപ്പണ്‍ കിരീട വിജയങ്ങളുടെ റെക്കോഡും സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്തു. നാല് ഗ്രാന്‍ഡ് സ്ലാമുകളില്‍ മൂന്നെണ്ണവും ആറുതവണ വീതം നേടിയിട്ടുള്ള ഒരേയൊരു ടെന്നീസ് താരവും സറീനയാണ്. ഒളിമ്പിക്സില്‍ നാലു സ്വര്‍ണം നേടിയ ടെന്നീസ് താരമെന്ന പദവി സഹോദരി വീനസിനൊപ്പം പങ്കുവെക്കാനും സെറീനയ്ക്കായി.

പ്രസവശേഷം 2018-ല്‍ തിരിച്ചെത്തിയെങ്കിലും പഴയ ഫോമിലേക്ക് തിരിച്ചെത്താന്‍ സെറീനയ്ക്കു കഴിഞ്ഞില്ല. സി സെക്ഷന്‍ കഴിഞ്ഞശേഷവും ശ്വാസകോശത്തിലെ പള്‍മണറി ആര്‍ട്ടറിയില്‍ തടസംവന്നപ്പോഴും സെറീന കളി ഉപേക്ഷിച്ചില്ല. എങ്കിലും കിരീട വിജയങ്ങള്‍ അകന്നുതന്നെ നിന്നു. നാലുതവണ കിരീടത്തിന് അരികിലെത്തി തോല്‍വി വാങ്ങി. എങ്കിലും ഇതിനകംതന്നെ സെറീന വില്യംസ് എന്ന പേര് ടെന്നീസ് ചരിത്രത്തില്‍ വലിയ താളായി മാറിക്കഴിഞ്ഞിരുന്നു.

വൈകിയെത്തിയ പ്രതിഭ

ചേച്ചി വീനസുമായി ഒരു വര്‍ഷത്തെ പ്രായവ്യത്യാസം മാത്രമാണ് ഉള്ളതെങ്കിലും സെറീന കളിക്കളത്തില്‍ ശോഭിക്കാന്‍ സമയമെടുത്തു. അതിനുപിന്നിലും ഒരു കഥയുണ്ട്. ടെന്നീസ് കോച്ചുമാരായ അച്ഛന്‍ റിച്ചാര്‍ഡ് വില്യംസിന്റെയും അമ്മ ബ്രാണ്ടി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഒറാസീന്‍ പ്രൈസിന്റെയും ശിക്ഷണത്തില്‍ പരിശീലനം ആരംഭിച്ചെങ്കിലും മക്കളെ വലിയ നിലയില്‍ എത്തിക്കണമെങ്കില്‍ ഒരു നല്ല കോച്ച് തന്നെ വേണമെന്ന് റിച്ചാര്‍ഡിന് അറിയാമായിരുന്നു. അതിനായി അദ്ദേഹം കോച്ച് പോള്‍ കോഹനെ സമീപിച്ചു. ടെന്നീസ് ഇതിഹാസങ്ങളായ ജോണ്‍ മക്കന്റോയുടെയും പീറ്റ് സാംപ്രാസിന്റെയും പരിശീലകനായിരുന്നു പോള്‍. കുട്ടികളുടെ കളികണ്ട നിമിഷം തന്നെ പോള്‍ കോഹന്‍ പരിശീലനത്തിന് സമ്മതിച്ചു. എന്നാല്‍ പരിശീലനത്തിനുള്ള പണം റിച്ചാര്‍ഡിന്റെ കൈയിലുണ്ടായിരുന്നില്ല. രണ്ട് പെണ്‍കുട്ടികളെയും സൗജന്യമായി പരിശീലിപ്പിക്കാന്‍ പോള്‍ വിസമ്മതിച്ചു. അങ്ങനെ മനസ്സില്ലാ മനസ്സോടെ ആണെങ്കിലും സെറീന അമ്മ ബ്രാണ്ടിക്കൊപ്പം പരിശീലിക്കുന്നത് തുടരരുകയും വീനസ് പോള്‍ കോഹന്റെ കീഴില്‍ പരിശീനം തുടങ്ങുകയും ചെയ്തു. ജൂനിയര്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാന്‍ പോള്‍ വീനസിനെ പ്രോത്സാഹിച്ചു. പലതിലും അവള്‍ പെട്ടെന്ന് വിജയം കണ്ടെത്തി.

ചെറുപ്പത്തില്‍ സെറീന ടെന്നീസില്‍ അത്ര മിടുക്കിയായിരുന്നില്ല. അതുകൊണ്ടുതന്നെ വീനസിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു. ഇതൊരു അവഗണനയായി സെറീനയ്ക്ക് ചെറുപ്പത്തില്‍ തോന്നിയിരുന്നു. വെറുമൊരു അനിയത്തി മാത്രമാണെന്ന് ആരോ പറഞ്ഞപ്പോള്‍ അവള്‍ കരഞ്ഞു. എന്നാല്‍ അവഗണനയില്‍ നിരാശയാകാതെ കൂടുതല്‍ അധ്വാനിക്കാനാണ് സെറീന തീരുമാനിച്ചത്. ആക്രമിച്ചുകളിക്കുന്ന പോരാളിയാക്കി സെറീനയെ ഇതുമാറ്റി. വീനസ് കളിക്കുന്നിടത്ത് ഓപ്പണ്‍ സ്ലോട്ടുണ്ടെങ്കില്‍ അവിടെ സെറീന മത്സരിക്കാന്‍ തുടങ്ങി. വീനസ് പോകുന്നിടത്തെല്ലാം കൂടെപ്പോയി കളി നിരീക്ഷിച്ചു. വീനസ് തോല്‍ക്കുമ്പോള്‍ അത് എന്തുകൊണ്ടാണെന്നും മനസ്സിലാക്കാന്‍ തുടങ്ങി. ഒരിക്കലും ആ തെറ്റുകള്‍ ആവര്‍ത്തിച്ച് തോല്‍ക്കില്ലെന്ന് മനസ്സില്‍ ഉറപ്പിച്ചു. പീറ്റ് സാംപ്രസിനെ കോപ്പിയടിക്കലായിരുന്നു സെറീനയുടെ മറ്റൊരു ലഹരി. മോണിക്ക സെലസിന്റെ മുരള്‍ച്ചയും ആക്രമണ ശൈലിയും പവര്‍ ടെന്നീസും അവള്‍ സ്വായത്തമാക്കാന്‍ ശ്രമിച്ചു. അവരെ പിന്തുടരുകയും പഠിക്കുകയും ചെയ്തു. ഒടുവില്‍ അവരെ കളിച്ച് തോല്‍പ്പിച്ചു. ചേച്ചിയെയും തോല്‍പ്പിച്ച് വിജയകിരീടങ്ങള്‍ ഓരോന്നായി സ്വന്തമാക്കി അവള്‍ ജൈത്രയാത്ര നടത്തി.

വിവാദങ്ങളുടെ തോഴി

സെറീന വില്യംസിന്റെ ജൈത്രയാത്രകള്‍ക്കൊപ്പംതന്നെ കോര്‍ട്ടിന് അകത്തും പുറത്തുമായി വിവാദങ്ങളുമുണ്ടായിരുന്നു. ലോക ഒന്നാം നമ്പര്‍ താരമായി എട്ടുതവണയാണ് സെറീന ജയിച്ചുകയറിയത്.

2001-ഇന്ത്യന്‍ വെല്‍ മാസ്റ്റേഴ്സില്‍നിന്ന് പിന്‍മാറ്റം

വില്യംസ് സഹോദരിമാരും പിതാവ് റിച്ചാര്‍ഡ് വില്യംസും ഗെയിം ഒത്തുകളിച്ചെന്ന് റഷ്യയുടെ എലീന ഡിമെന്റീവ മത്സരത്തിന് ശേഷമുള്ള അഭിമുഖത്തില്‍ ആരോപിച്ചു. സെറീന വില്യംസിനെതിരായ ഇന്ത്യന്‍ വെല്‍സ് സെമിഫൈനല്‍ മത്സരത്തില്‍ നിന്ന് അവസാന നിമിഷം വീനസ് വില്യംസ് പിന്മാറിയിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഡെമന്റീവയെയാണ് വീനസ് പരാജയപ്പെടുത്തിയിരുന്നത്. അനിയത്തിയെ ഫൈനലില്‍ എത്തിക്കുന്നതിനായി റിച്ചാര്‍ഡിന്റെ ഉപദേശത്തില്‍ വീനസ് പരിക്ക് അഭിനയിക്കുകയാണ് എന്നായിരുന്നു ആരോപണം. താന്‍ തമാശ പറയുകയായിരുന്നുവെന്ന് ഡിമെന്റ്‌റീവ പിന്നീട് അവകാശപ്പെട്ടെങ്കിലും ഈ സംഭവം ഏറെ ഊഹാപോഹങ്ങള്‍ക്ക് വഴിയൊരുക്കി. വീനസും റിച്ചാര്‍ഡും മത്സരം കാണാനായി എത്തിയപ്പോള്‍ ആളുകള്‍ കൂട്ടത്തോടെ ആരവമുയര്‍ത്തി. വീനസിന്റെ പരുക്ക് വ്യാജമാണെന്ന് വിളിച്ചുകൂവി. സെറീന തന്റെ മത്സരത്തില്‍ വരുത്തിയ ഫൗളുകള്‍ക്കും ഡബിള്‍ ഫോള്‍ട്ടുകള്‍ക്കും കാണികള്‍ കൈയടിച്ചു. എങ്കിലും മത്സരത്തില്‍ കിം ക്ലിസ്റ്റേഴ്സിനെ പരാജയപ്പെടുത്തി സെറീന കിരീടമുയര്‍ത്തി. തുടര്‍ന്ന് പരമ്പര ഇനിമുതല്‍ കളിക്കില്ലെന്ന് പറഞ്ഞ് ബഹിഷ്‌കരിച്ചു. 14 വര്‍ഷങ്ങള്‍ക്കുശേഷം 2015-ലാണ് പിന്നീട് അവര്‍ ഇന്ത്യന്‍ വെല്‍സ് കളിച്ചത്. അപ്പോഴേക്കും സെറീന തന്റെ സ്ഥാനം അടയാളപ്പെടുത്തിക്കഴിഞ്ഞിരുന്നു.

2004- യു.എസ്.ഓപ്പണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍

യു.എസ് ഓപ്പണിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്വന്തം നാട്ടുകാരിയായ ജെന്നിഫര്‍ കാപ്രിയാറ്റിക്കെതിരെ അമ്പയറുമായുള്ള സെറീനയുടെ വാദപ്രതിവാദമാണ് മറ്റൊരു പ്രധാന വിവാദം. മത്സരത്തിനിടെ രണ്ട് കോളുകളെച്ചൊല്ലി അമ്പയറുമായി സെറീന കയര്‍ത്തു. തനിക്കെതിരെ പോയന്റായ രണ്ടു കോളുകള്‍ തെറ്റാണെന്ന് സെറീന ശബ്ദമുയര്‍ത്തിയെങ്കിലും അമ്പയര്‍ നിഷേധിച്ചു. ടെലിവിഷന്‍ റീപ്ലേകളില്‍ കോളുകള്‍ തെറ്റാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ലൈന്‍ കോളുകള്‍ക്കായി ടെന്നീസില്‍ റീപ്ലേ സാങ്കേതികവിദ്യ നടപ്പിലാക്കിയത് ഇതിനെത്തുടര്‍ന്നായിരുന്നു.

2009 യുഎസ് ഓപ്പണ്‍ സെമിഫൈനല്‍

യു.എസ്. ഓപ്പണ്‍ സെമിഫൈനലില്‍ കിം ക്ലൈസ്റ്റേഴ്‌സിനെതിരായ പോയിന്റ് നഷ്ടമാണ് സെറീനയുടെ മറ്റൊരു വിവാദത്തിന് തിരികൊളുത്തിയത്. ഗെയിമില്‍ ആദ്യ സെറ്റ് നഷ്ടപ്പെട്ടതിന് ശേഷം സെറീന സ്വന്തം റാക്കറ്റെടുത്ത് നിലത്തടിച്ചപ്പോള്‍ത്തന്നെ അമ്പയര്‍ അവര്‍ക്ക് ആദ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് തെറ്റുകള്‍ക്ക് ആവര്‍ത്തിച്ച് മുന്നറിയിപ്പ് ലഭിച്ചു. ലൈന്‍സ് വുമണിനുനേരെ മോശം വാക്കുകളും സെറീന പ്രയോഗിച്ചു. 'ഈ ബോള്‍ നിന്റെ തൊണ്ടയില്‍ കുരുങ്ങുന്നത് ഞാന്‍ കാണിച്ചുതരാം' എന്ന വെല്ലുവിളിയും നടത്തി. ഒരു പോയന്റ് പെനാല്‍റ്റി, പിഴ, രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ എന്നിവയാണ് തെറ്റിന് പകരം കിട്ടിയത്.

സറീന വില്യംസും നവോമി ഒസാക്കയും

2018 യു.എസ്.ഓപ്പണ്‍

2018 യു.എസ്. ഓപ്പണ്‍ ഫൈനലിനിടെ നടന്ന അനിഷ്ടസംഭവങ്ങള്‍ക്കൊടുവില്‍ സെറീന വില്യംസിന് പതിനേഴായിരം ഡോളര്‍ പിഴ ഒടുക്കേണ്ടിവന്നു. അംപയര്‍ കാര്‍ലോസ് റാമോസിനെ അസഭ്യം പറഞ്ഞതിനും കളിക്കിടെ കോച്ച് നിര്‍ദേശങ്ങള്‍ നല്‍കിയതിനും റാക്കറ്റ് നിലത്തടിച്ചതിനും യഥാക്രമം 10000 ഡോളര്‍, 4000 ഡോളര്‍, 300 ഡോളര്‍, എന്നിങ്ങനെയാണ് പിഴ വിധിച്ചത്.

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നവോമി ഒസാക്കയോട് സെറീന അന്ന് ഫൈനലില്‍ പരാജയപ്പെട്ടത്. രണ്ടാം സെറ്റില്‍ സെറീനയുടെ പരിശീലകന്‍ പാട്രിക് മൗറട്ടോഗ്ലോ സിഗ്നലുകളുകളിലൂടെ നിര്‍ദ്ദേശം നല്‍കിയെന്നതായിരുന്നു ആദ്യ ആരോപണം. എന്നാല്‍ തള്ള വിരലുയര്‍ത്തി വിജയ അടയാളം കാണിക്കുക മാത്രമാണ് കോച്ച് ചെയ്തതെന്ന് സെറീന അവകാശപ്പെട്ടു.

അമ്പയര്‍ക്കെതിരെ അസഭ്യം പറഞ്ഞതിനായിരുന്നു അടുത്ത പിഴ. ചെയര്‍ അമ്പയറായിരുന്ന ഇവ അസ്ഡറാക്കിയെ 'ലൂസര്‍' (പരാജിതന്‍) എന്ന് വിളിച്ചാണ് സെറീന അപമാനിച്ചത്. ഗെയിമുകളുടെ ഇടവേളയില്‍ അവര്‍ക്കെതിരെ തുടര്‍ച്ചയായി വാക് പ്രയോഗങ്ങളും സെറീന നടത്തി. 'എന്നെ നോക്കരുത്, നമ്മള്‍ എപ്പോഴെങ്കിലും ഒരുമിച്ച് നടക്കേണ്ടിവന്നാല്‍ തെരുവിന്റെ മറുവശത്തു നില്‍ക്കണം. നിങ്ങള്‍ക്ക് നിയന്ത്രണം നഷ്ടമായിരിക്കുന്നു. നിങ്ങളോട് വെറുപ്പാണ്. മനസ്സ് നല്ലതേയല്ല, എന്തൊരു പരാജിതനാണ് നിങ്ങള്‍!' എന്നാണ് സെറീന പറഞ്ഞത്. കളിക്കിടയില്‍ തന്റെ റാക്കറ്റ് നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്തിരുന്നു. വാക് പ്രയോഗത്തിനും റാക്കറ്റ് തകര്‍ത്തതിനും സെറീന പിന്നീട് ക്ഷമാപണം നടത്തി. നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നതായി സെറീനയുടെ പരിശീലകന്‍ പിന്നീട് സമ്മതിക്കുകയും ചെയ്തു..

2019: ഫ്രഞ്ച് ഓപ്പണ്‍

കോര്‍ട്ടിലും പുറത്തും വിവാദങ്ങള്‍ സെറീനയ്ക്ക് ഒപ്പമുണ്ടായിരുന്നു. 2019-ലെ ഫ്രഞ്ച് ഓപ്പണിലും വിവാദങ്ങള്‍ നിറഞ്ഞിരുന്നു. ഗ്രാന്‍ഡ് സ്ലാമിന്റെ മൂന്നാം റൗണ്ടില്‍ സെറീന പരാജയപ്പെട്ടു. സെറീനയുടെ പത്രസമ്മേളനം നടക്കുന്നതിനുമുമ്പ് ഡൊമിനിക് തീം പത്രസമ്മേളനം നടത്തുകയായിരുന്നു. 2019 ഫ്രഞ്ച് ഓപ്പണിന്റെ ഫൈനലിസ്റ്റുകളില്‍ ഒരാളായിരുന്നു തീം. തനിക്കുവേണ്ടി പത്രസമ്മേളനം മാറ്റിവെക്കാന്‍ തീമിനോട് സെറീന ആവശ്യപ്പെട്ടു. ''ഓരോ കളിക്കാരനും കാത്തിരിക്കണം. എന്റെ അഭിപ്രായത്തില്‍ ഇത് ഒരു മോശം വ്യക്തിത്വമാണ്.'' സംഭവത്തെക്കുറിച്ച് തീം പറഞ്ഞ വാക്കുകളാണിത്. മത്സരത്തില്‍ വിജയിക്കുന്ന കളിക്കാര്‍ക്ക് വാര്‍ത്താ സമ്മേളനങ്ങളില്‍ മുന്‍ഗണന നല്‍കണമെന്ന് ഫെഡറര്‍ ഉള്‍പ്പെടെയുള്ള ലോക ടെന്നീസ് താരങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

താണ്ടിയ വഴികള്‍

1995 സെപ്തംബര്‍ - ക്യുബെക്ക് സിറ്റിയിലെ ബെല്‍ ചലഞ്ചില്‍ തന്റെ ആദ്യ ടെന്നീസ് മത്സരത്തില്‍ തോറ്റ് പ്രൊഫഷണലായി മാറുന്നു.
1998 ജനുവരി - ആദ്യ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റായ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ പ്രവേശിച്ചു. രണ്ടാം റൗണ്ടില്‍ സഹോദരി വീനസിനോട് പരാജയപ്പെട്ടു.
1999 - ഫാഷന്‍ ഡിസൈന്‍ പഠിക്കാന്‍ ഫ്ലോറിഡയിലെ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലില്‍ എന്റോള്‍ ചെയ്തു.
1999 സെപ്റ്റംബര്‍ 12 - യു.എസ്. ഓപ്പണ്‍ സ്വന്തമാക്കി. ഒരു ഗ്രാന്‍ഡ് സ്ലാം നേടുന്ന ആദ്യത്തെ വില്യംസ് സഹോദരി.
2002 ജൂലൈ 8 - കരിയറില്‍ ആദ്യമായി 20-ാം വയസ്സില്‍ വനിതാ ടെന്നീസ് അസോസിയേഷന്‍ (WTA) ലോക ഒന്നാം നമ്പര്‍ പദവിയില്‍.
2002-2003 - ഫ്രഞ്ച് ഓപ്പണ്‍, വിംബിള്‍ഡണ്‍, യുഎസ് ഓപ്പണ്‍, ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ എന്നീ നാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും നേടി തന്റെ ആദ്യ 'ഗോള്‍ഡന്‍ സ്ലാം' പൂര്‍ത്തിയാക്കി.
2003 ഓഗസ്റ്റ് 1 - ഇടതു കാല്‍മുട്ടില്‍ ശസ്ത്രക്രിയ.
2004 - 'അനെറസ്' എന്ന വസ്ത്രഡിസൈനിങ് സെന്റര്‍ ആരംഭിച്ചു (അിലൃലെ എന്നത് സെറീന എന്ന് തിരിച്ച് എഴുതിയതാണ്).
2008 - സെറീന വില്യംസ് ഫൗണ്ടേഷന്‍ സ്ഥാപിച്ചു. അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ക്ക് വിധേയരായ അമേരിക്കന്‍ യുവാക്കളെയും ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികളെയും സഹായിക്കുന്നതിനായി ഉണ്ടാക്കിയ സ്ഥാപനം.
2009 സെപ്റ്റംബര്‍ 12 - യു.എസ്. ഓപ്പണ്‍ സെമിഫൈനലില്‍ കിം ക്ലൈസ്റ്റേഴ്‌സിനെതിരായ മത്സരത്തില്‍ ഒരു ലൈന്‍ ജഡ്ജിനെതിരെ വില്യംസ് അശ്ലീലം കലര്‍ന്ന രീതിയില്‍ സംസാരിച്ചു. മത്സരത്തില്‍ ക്ലൈസ്റ്റേഴ്സിന് പെനാല്‍റ്റി പോയിന്റ് ലഭിച്ചു. വില്യംസിന് 82,500 ഡോളര്‍ പിഴ ചുമത്തി. അടുത്ത രണ്ട് വര്‍ഷത്തേക്ക് പ്രൊബേഷനില്‍ നിര്‍ത്തുകയും ചെയ്തു.
2010 ജൂലൈ 7 - മ്യൂണിക്കിലെ ഒരു റെസ്റ്റോറന്റില്‍ നിന്ന് പുറത്തുപോകുമ്പോള്‍ തകര്‍ന്ന ഗ്ലാസില്‍ ചവിട്ടി രണ്ട് കാലുകളിലും മുറിഞ്ഞു. ജൂലൈ, ഒക്ടോബര്‍ മാസങ്ങളില്‍ അവളുടെ വലതു കാലിലെ ഞരമ്പിനേറ്റ ക്ഷതം പരിഹരിക്കാന്‍ ശസ്ത്രക്രിയ നടത്തി.
2011 ഫെബ്രുവരി - ശ്വാസകോശത്തില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് പള്‍മണറി എംബോളിസവുമായി ബന്ധപ്പെട്ട ഹെമറ്റോമയ്ക്ക് അടിയന്തിര ചികിത്സയ്ക്ക് വിധേയയായി.
2011 സെപ്തംബര്‍ - യുണിസെഫ് അന്താരാഷ്ട്ര ഗുഡ്വവില്‍ അംബാസഡറായി നിയമിച്ചു.
2013 ഫെബ്രുവരി 18- 1975-ല്‍ കമ്പ്യൂട്ടര്‍ റാങ്കിംഗ് ആരംഭിച്ചതിന് ശേഷം ഒന്നാം റാങ്ക് നേടുന്ന ഏറ്റവും പ്രായം കൂടിയ വനിതാ ടെന്നീസ് താരമായി. 31 വയസ്സായിരുന്നു.
2014 സെപ്റ്റംബര്‍ 7 - വില്യംസ് തുടര്‍ച്ചയായ മൂന്നാം യു.എസ്. ഓപ്പണ്‍ കിരീടം നേടി.
2016 ജൂലൈ 9 - ഏഴാം തവണയും വിംബിള്‍ഡണ്‍ കിരീടം നേടി. ഗ്രാന്‍ഡ് സ്ലാമിലെ 22-ാം വിജയം. ഓപ്പണ്‍ യുഗത്തിലെ ഏറ്റവും കൂടുതല്‍ സിംഗിള്‍സ് കിരീടങ്ങള്‍ എന്ന റെക്കോഡ് സ്റ്റെഫി ഗ്രാഫിനൊപ്പം പങ്കുവെച്ചു.
2016 സെപ്റ്റംബര്‍ 12 - തുടര്‍ച്ചയായി 186 ആഴ്ച ഒന്നാംറാങ്കില്‍നിന്ന ശേഷം ആഞ്ചലിക് കെര്‍ബറിന് പിന്നില്‍ രണ്ടാം സ്ഥാനത്തേക്ക് വീണു. ഒന്നാം റാങ്കില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ആഴ്ചകള്‍ എന്ന സ്റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി.
2016 ഡിസംബര്‍ 29 - റെഡ്ഡിറ്റ് സഹസ്ഥാപകന്‍ അലക്സിസ് ഒഹാനിയനുമായുള്ള അവളുടെ വിവാഹനിശ്ചയം പ്രഖ്യാപിച്ചു.
2017 ജനുവരി 28 - ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ സഹോദരി വീനസിനെ തോല്‍പ്പിച്ചു. സ്റ്റെഫി ഗ്രാഫിനെ മറികടന്ന് 23-ാം ഗ്രാന്‍ഡ് സ്ലാം കിരീടം എന്ന റെക്കോഡ് നേടി.
2017 സെപ്റ്റംബര്‍ 1- മകള്‍ ജനിച്ചു
2017 ഡിസംബര്‍ 30 - അബുദാബിയില്‍ നടന്ന മുബദാല ലോക ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലൂടെ പ്രസവശേഷം ടെന്നീസിലേക്ക് മടങ്ങി. പ്രദര്‍ശന മത്സരത്തില്‍ ജെലീന ഒസ്റ്റാപെങ്കോയോട് തോറ്റു.
2018 സെപ്റ്റംബര്‍ 8 - വിവാദമായ യുഎസ് ഓപ്പണ്‍ ഫൈനലില്‍ നവോമി ഒസാക്കയോട് തോറ്റു.
2019 - സെറീന അവളുടെ വസ്ത്ര ബ്രാന്‍ഡ് 'എസ്' പുറത്തിറക്കി.
2020 ജനുവരി 12 - വില്യംസ് ന്യൂസിലാന്‍ഡിലെ ഓക്ക്‌ലന്‍ഡില്‍ നടന്ന എ.എസ്.ബി. ക്ലാസിക്കില്‍ വിജയിച്ചു. അമ്മയായതിന് ശേഷമുള്ള ആദ്യ കിരീടം. സമ്മാനത്തുകയില്‍ 43,000 യു.എസ്. ഡോളര്‍ ഓസ്‌ട്രേലിയന്‍ കാട്ടുതീ ദുരിതാശ്വാസത്തിനായി സംഭാവന ചെയ്തു.
2020 സെപ്റ്റംബര്‍ 30 - ഫ്രഞ്ച് ഓപ്പണില്‍ നിന്ന് പരിക്ക് മൂലം പിന്മാറി.
2021 ജൂണ്‍ 29 - പരിക്ക് കാരണം ആദ്യ റൗണ്ട് വിംബിള്‍ഡണ്‍ മത്സരത്തില്‍ നിന്ന് പിന്‍മാറി.
2021 ഓഗസ്റ്റ് 17 - സെറീന വില്യംസ് ഡിസൈന്‍ ക്രൂ അല്ലെങ്കില്‍ എസ്ഡബ്ല്യുഡിസി എന്നറിയപ്പെടുന്ന 10 ഡിസൈനര്‍മാരുടെ സംഘം സൃഷ്ടിച്ച സ്ത്രീകളുടെ കായിക വസ്ത്രങ്ങളുടെയും ആക്സസറികളുടെയും ശേഖരം തുടങ്ങി.
2021 ഓഗസ്റ്റ് 25 - പരിക്ക് കാരണം യു.എസ്. ഓപ്പണില്‍ നിന്ന് പിന്‍മാറി.
2021 ഡിസംബര്‍ 8- പരിക്കുമൂലം ഓസ്ട്രേലിയന്‍ ഓപ്പണില്‍നിന്ന് പിന്‍മാറി.
2022 ഓഗസ്റ്റ് 9 - വോഗിലെ കവര്‍ ലേഖനത്തില്‍, ഈ വര്‍ഷത്തെ യുഎസ് ഓപ്പണിന് ശേഷം, പ്രധാനപ്പെട്ട മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ടെന്നീസില്‍ നിന്ന് വിരമിക്കുമെന്ന് സെറീന വില്യംസ് പ്രഖ്യാപിച്ചു.

നന്ദി, മാതാപിതാക്കൾക്കും വീനസിനും

യു.എസ് ഓപ്പണിന്റെ മൂന്നാം റൗണ്ടിൽ അജ്‌ല ടോംനോവികിനോട് തോൽവി ഏറ്റുവാങ്ങി പുറത്തായ ശേഷം സറീന പറഞ്ഞു. ' വീനസ് ഇല്ലായിരുന്നുവെങ്കില്‍ സറീന ഉണ്ടാവുമായിരുന്നില്ല. നന്ദി, വീനസ്, സറീന ടെന്നീസിൽ എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ അതിന് കാരണമായതിന്'. ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് സറീന തുടർന്നു. 'നന്ദി ഡാഡി, താങ്കൾ ഇത് കാണുന്നുണ്ടെന്ന് എനിക്കറിയാം. അമ്മയ്ക്കും നന്ദി. ഇത്രയും കാലം, പതിറ്റാണ്ടുകൾ, എന്റെ യാത്രയിൽ കൂടെയുണ്ടായിരുന്ന എല്ലാവർക്കും നന്ദി.'

കണ്ണുകൾ നിറഞ്ഞിരുന്നെങ്കിലും അത് പരാജയത്തിന്റേതല്ല, സന്തോഷത്തിന്റെ കണ്ണുനീരാണെന്നാണ് പറഞ്ഞുകൊണ്ടാണ് ലോക ടെന്നീസിന്റെ രാജകുമാരി കളമൊഴിഞ്ഞത്.

Content Highlights: Serena Williams


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented