സൂപ്പര്‍ സെന്‍സര്‍മാരായി മാറുമോ സെന്‍സിറ്റിവിറ്റി വായനക്കാര്‍?


By ദാമോദര്‍ പ്രസാദ്

10 min read
Read later
Print
Share

പ്രതീകാത്മക ചിത്രം

പ്രസാധക മേഖലയെ വിപ്ലവകരമായി മാറ്റിത്തീര്‍ക്കുകയാണോ സൂക്ഷ്മക്ഷമത വായനക്കാരുടെ അഥവാ സെന്‍സിറ്റിവിറ്റി റീഡേഴ്‌സിന്റെ കടന്നുവരവ്? ജാനാധിപത്യ സങ്കല്പങ്ങളുടെ അടിസ്ഥാനശിലയായി മാറിയിരിക്കുന്ന 'ഉള്‍ക്കൊള്ളലിനെ' (inclusivity) മാതൃകയാക്കി ഓരോ പുസ്തകത്തിന്റെ ഉള്ളടക്കം തന്നെ സമൂഹത്തില്‍ ഇതുവരെ നിശ്ശബ്ദരാക്കപ്പെട്ടവരോടും ബഹിഷ്‌കൃതരോടും ഭിന്നകര്‍തൃത്വമുള്ളവരോടും സംവേദനക്ഷമമാകണമെന്ന ഉത്തരവാദിത്തമേറ്റടുക്കുകയാണോ സെന്‍സിറ്റിവിറ്റി വായനക്കാരെ നിയോഗിക്കുക വഴി പ്രസാധകര്‍? രാഷ്ട്രീയശരികളുടെ അടിസ്ഥാനത്തില്‍ നിയോഗിക്കപ്പെടുന്ന സൂപ്പര്‍ സെന്‍സര്‍മാരായി മാറുമോ സെന്‍സിറ്റിവിറ്റി വായനക്കാര്‍? ഏതായാലും, പാശ്ചാത്യ പ്രസാധകരംഗത്തു ഗണനീയമായ മാറ്റങ്ങള്‍ക്ക് സെന്‍സിറ്റീവ്‌ വായനക്കാരുടെ കടന്നുവരവ് വഴിവെക്കുമെന്ന് തീര്‍ച്ച. വായനയുടെ ജനാധിപത്യവല്‍ക്കരണത്തിന്റെ ഭാഗമായി സംഭവിച്ച ഒരു കാര്യമായി ഇത് മനസ്സിലാക്കുന്നതും പ്രസക്തമാണ്. മലയാള പ്രസാധകര്‍ ഈ ദിശയില്‍ ഇതുവരെ പ്രത്യേകമായി സമീപനമൊന്നും സ്വീകരിച്ചിട്ടില്ലെങ്കിലും മലയാള സാഹിത്യത്തിന് സൂക്ഷ്മക്ഷമത വായന അത്ര അപരിചിതമായ അനുഭവമല്ല.

സാഹിത്യലോകത്തില്‍നിന്ന് അദൃശ്യമാക്കപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും സമാഹൃതശബ്ദമായി പൊയ്കയില്‍ അപ്പച്ചന്റെ നിവര്‍ന്നുനിന്നുള്ള ചോദ്യം ഒരു നൂറ്റാണ്ടു മുന്‍പു തന്നെ മലയാളത്തില്‍ ഉയര്‍ന്നു കേട്ടതാണ്. 'കാണുന്നില്ലോരക്ഷരവും എന്റെ വംശത്തെപ്പറ്റി' എന്ന പൊയ്കയില്‍ അപ്പച്ചന്റെ മലയാള സാഹിത്യചരിത്രത്തിന്റെ നേര്‍ക്കയച്ച ഇടിമിന്നല്‍ പോലുള്ള ചോദ്യത്തില്‍ വെട്ടപ്പെട്ടത് സാഹിത്യത്തിന്റെ മാത്രമല്ല പരമ്പരാഗത അഭിരുചികളുടെ തനി വംശീയ സ്വഭാവമാണ്. 1921 -ല്‍ ആദ്യമായി മലയാളി കേട്ട ഈ ചോദ്യം വായനയിലെ ജനാധിപത്യത്തിന്റെ വിളംബരംകൂടിയായിരുന്നു. കുമാരഗുരുവിന്റെ വിഖ്യാതമായ പാട്ടിലെ ആദ്യവരികളുടെ ഇടിമുഴക്കം സമൂഹത്തിന്റെ വായനാമണ്ഡലങ്ങളില്‍ ശരിയായ വിധം മാറ്റൊലി കൊള്ളുന്നത് ഒരു പക്ഷേ, സമീപ ഭൂതകാലത്തിലായിരിക്കും.

വായനയുടെ ജനാധിപത്യവല്ക്കരണമെന്നാല്‍ സൂക്ഷ്മസംവേദനക്ഷമതയുള്ള വായനാമണ്ഡലങ്ങളുടെ ആവിര്‍ഭാവമാണ്. സാഹിത്യത്തിലെ പ്രതിനിധാനങ്ങളെക്കുറിച്ചുള്ള ഗൗവരവമായ ചര്‍ച്ചകളിലേക്കാണ് ഇതു നയിച്ചത്. വംശങ്ങളുടെ അഭാവം മാത്രമല്ല ഇതിലൂടെ തെളിഞ്ഞത്, വിഖ്യാതവും കാനോനിക്കലുമായ (canon) കൃതികളുടെ പാഠത്തിന്റെ അപനിര്‍മിതിയിലൂടെ ബഹിഷ്‌ക്കരിക്കപ്പെട്ടവരുടെയും നിശബ്ദരാക്കപ്പെട്ടവരുടെയും പ്രതിനിധാനങ്ങളിലെ അപമാനവീകരണവും വെളിപ്പെട്ടു. ബഹുവംശ സമൂഹങ്ങളിലെ സാമൂഹികാവകാശ പ്രക്ഷോഭങ്ങളുടെ ഭാഗമായി തന്നെയാണ് രാഷ്ട്രീയ പ്രതിനിധാനത്തിന്റെ വിഷയംപോലെ സാഹിത്യത്തിലെ കറുത്തവരുടെയും ലിംഗന്യൂനപക്ഷങ്ങളുടെയുമൊക്കെ പ്രതിനിധാനം ഒരു പ്രധാനവിഷയമായി ഉയര്‍ന്നുവന്നത്. സാമൂഹികമായും വിദ്യാഭ്യാസപരവുമായ പുരോഗതിയും സാമൂഹികാഭിവൃദ്ധിയുടെ വ്യാപനവും പുതിയ വായന സമൂഹങ്ങളുടെ നവോത്ഥാനത്തിനും പ്രേരകമായി. നവോത്ഥാനമെന്നാല്‍ പുതിയ ഉയര്‍ന്നെഴുന്നേല്‍ക്കല്‍.

വിഖ്യാതരായ പ്രസാധകര്‍ സൂക്ഷ്മ സംവേദനക്ഷമതയുള്ള വായനക്കാരെ നിയോഗിക്കാനായി തയ്യാറായത് വായനയില്‍ സംഭവിച്ചിരിക്കുന്ന ഇത്തരത്തിലുള്ള ജനാധിപത്യവല്‍ക്കരണത്തിന്റെ അനന്തരഫലമെന്നു വേണം കരുതാന്‍. ഇവരെ സെന്‍സിറ്റിവിറ്റി റീഡേഴ്‌സ് എന്നാണ് വിളിക്കുന്നത്. പാശ്ചാത്യ പ്രസാധക മേഖലയിലെ പുതുതരംഗമാണിത്. സൂക്ഷ്മ സംവേദനക്ഷമതയുള്ള വായനക്കാര്‍ പുതുതായി വരുന്ന രചനകളില്‍ മാത്രമല്ല, വിഖ്യാതമായ ക്ലാസിക്കുകളുടെ പാഠങ്ങളില്‍ അന്തര്‍ലീനമായിരിക്കുന്ന വംശവെറിയുടേയും അധിക്ഷേപത്തിന്റെയും സ്വഭാവമുള്ള വാക്കുകളെയും സംഭവങ്ങളെയും കഥാപാത്ര ചിത്രീകരണങ്ങളെയും പുനരെഴുത്തിനു വിധേയമാക്കുന്നു. വിവാദങ്ങള്‍ക്ക് ഇത് തിരി കൊളുത്തിയിരിക്കുന്നുവെന്നത് സ്വാഭാവികമായ കാര്യമാണ്. സെന്‍സിറ്റീവ് റീഡിങ് എന്നു പറയുന്നത് വിഖ്യാതരചനകളിലെ വംശീയ അംശങ്ങളെ നീക്കിയുള്ള പാഠശുദ്ധീകരണമല്ല (sanitize). ബഹുവംശ സമൂഹങ്ങളിലെ പുതുതലമുറ വായനക്കാര്‍ക്ക് അധിക്ഷേപകരായ അനുഭവപ്പെടുന്ന ക്ളാസ്സിക് കൃതികളിലെ വാക്കുകളെയും കഥാപാത്ര ചിത്രീകരണങ്ങളെയും മാറ്റി എഴുതുകയാണ്. ഇങ്ങനെ സൂക്ഷ്മമായ എഡിറ്റിങ്ങിനു വിധേയമാകുന്ന, ഒരു പക്ഷേ ആദ്യത്തെ പ്രധാനപ്പെട്ട എഴുത്തുകാരന്റെ കൃതികള്‍ കുട്ടികള്‍ക്ക് പ്രിയങ്കരനായ റോള്‍ഡ് ഡാലിന്റെതാണ് (Roald Dahl). ഡാലിന്റെ 'ചാര്‍ളി ആന്‍ഡ് ദ ചോക്ളേറ്റ്' മൂന്നു തലമുറ കുട്ടികളെങ്കിലും 'വായിച്ചാസ്വദിച്ചി'ട്ടുള്ളതാണ്. ഈ ആസ്വാദനശീലം കൂടിയാണ് ഇവിടെ തിരുത്തപ്പെടുന്നത്. ശരീരഘടനയെയും നിറത്തെയും പരിഹസിക്കുന്ന വിധമുള്ള നാമകരണങ്ങളും നിരീക്ഷണങ്ങളുമാണ് തിരുത്തപ്പെടുന്നത്. മാര്‍ക്ക് ടൈ്വനിന്റെ 'ഹക്ക്ള്‍ബെറി ഫിന്നി'ലെ ആവര്‍ത്തിച്ചുള്ള 'നിഗര്‍' എന്ന പ്രയോഗം വംശീയ അധിക്ഷേപ സൂചനയായാണ് ബഹുവംശ സമൂഹങ്ങളിലെ പുതുതലമുറ വായനക്കാര്‍ക്ക് അനുഭവപ്പെടുന്നത്. ഈ സൂക്ഷ്മക്ഷമതാ വായനയ്ക്ക് (സെന്‍സിറ്റീവ്) പ്രസാധകര്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ തയ്യാറായതിന്റെ വസ്തുനിഷ്ഠ യാഥാര്‍ഥ്യമെന്താണ്?

സെന്‍സിറ്റീവ് വായനക്കാരെ നിയോഗിക്കാന്‍ പ്രസാധകര്‍ക്ക് പ്രചോദനമായത് എഴുത്തിലെ ഭാവുകത്വപരമായ മാറ്റത്തിനു കാരണമാകുന്ന നൈതിക നിലപാടുകള്‍ മാത്രമാകണമെന്നില്ല. പാശ്ചാത്യ മള്‍ട്ടി നാഷണല്‍ പ്രസാധക വ്യവസായം വാണിജ്യപരമായ യാഥാര്‍ഥ്യത്തിലേക്ക് ഉണര്‍ന്നതിന്റെ സൂചന കൂടിയായി ഈ മാറ്റത്തെ കാണേണ്ടതാണ്. ബഹുകോടികളുടെ കച്ചവടത്തെ സംബന്ധിച്ചുള്ള തിരിച്ചറിവു കൂടിയാണ് പ്രസാധക വ്യവസായം പ്രകടമാക്കിയത്. എന്റെ അഭിപ്രായത്തില്‍ വായനയുടെ ഭാവിയെക്കുറിച്ചുള്ള ദിശാസൂചനയാണ് ഈ മാറ്റത്തില്‍ പ്രതിഫലിക്കുന്നത്. വായനാമണ്ഡലത്തിലുള്ള പാശ്ചാത്യവും വരേണ്യവും ശുഭ്രാധീശ്വത്വത്തിന്റെ(white supremacist) അഭിരുചികള്‍ക്കുണ്ടായിരുന്ന അപ്രമാദിത്വം അവസാനിച്ചിരിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും ജീവിതവ്യവസ്ഥയുടെ നാനാതുറകളിലും നാളിതുവരെ അദൃശ്യരായിരുന്ന മനുഷ്യര്‍ എല്ലാവര്‍ക്കും കാണാനാകുംവിധം പ്രത്യക്ഷമായിരിക്കുന്നു എന്നുള്ളതാണ്.

പുസ്തകങ്ങള്‍ വാങ്ങുന്നവരുടെയും പുസ്തകങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നവരുടെയും ലോക വൈവിധ്യം വിപുലമാണ് ഇന്ന്‌. ഈ പുതിയ വായനാമണ്ഡലത്തെ തിരിച്ചറിയാതെ, അല്ലെങ്കില്‍ ഉള്‍ക്കൊള്ളാതെ പ്രസാധക വ്യവസായത്തിനു വാണിജ്യാടിസ്ഥാനത്തില്‍ നിലനില്‍ക്കാനാകില്ല. സ്റ്റോക്ക് മാര്‍ക്കറ്റിലെ സെന്‍സിറ്റിവ് ഇന്‍ഡക്‌സ് എന്ന പരികല്പനയ്ക്ക് സമാനമാണിത്. സെന്‍സെക്‌സ് വിപണിയിലെ കയറ്റിറക്കങ്ങളുടെയും മാറ്റങ്ങളുടെയും സൂചികയാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ മൗലികഘടകങ്ങളുടെ സ്ഥിതിവിശേഷത്തെക്കൂടി ഇത് പ്രതിഫലിപ്പിക്കുന്നു. പ്രസ്തുത സെന്‍സിറ്റീവ് ഇന്ഡക്‌സിനെ അതേപടി എഴുത്തിന്റെ മണ്ഡലത്തിലേക്ക് പുനഃപ്രതിഷ്ഠിക്കുകയല്ല. പകരം, വായനയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭാവുകത്വപരമായ മാറ്റങ്ങളുടെ സൂചിക എന്ന നിലയിലാണ് ഇത് മനസ്സിലാക്കേണ്ടത്.

സാമൂഹികമായ ശ്രേണിവല്‍ക്കരണം സൃഷ്ടിച്ച ഉച്ചനീചത്വങ്ങളുടെ അതിരുകളില്‍ അതിജീവിച്ചിരുന്നവര്‍ അതിനെ അതിവര്‍ത്തിച്ചു സ്വപ്രയത്‌നത്താല്‍ നമ്മുടെ വിദ്യാഭ്യാസ മണ്ഡലത്തിലേക്ക് കടന്നുവരികയും ഉന്നതസ്ഥാനങ്ങള്‍ നേടുകയും ചെയ്തിരിക്കുന്നുവെന്നതു പോലെത്തന്നെ പഴയ അഭിരുചികളെയും രസവാസനകളെയുമൊക്കെ തള്ളിക്കളഞ്ഞുകൊണ്ട് വായനാമണ്ഡലത്തെ അതിദ്രുതം നവീകരിക്കുകയാണ്. പുസ്തകം വാങ്ങി വായിക്കുന്നവരുടെ വൈപുല്യത്തിലും ഈ നിലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. വാണിജ്യാടിസ്ഥാനത്തില്‍ പുസ്തകം പ്രസാധന വിതരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവഗണിക്കാന്‍ പറ്റുന്ന യാഥാര്‍ഥ്യമല്ല ഇത്. മാത്രമല്ല, സമാന്തരമായി നിലവില്‍ നിന്നിരുന്ന രാഷ്ട്രീയ പ്രസാധക രംഗം ഈ മാറ്റം മുന്‍പേ തിരിച്ചറിയുകയും വ്യത്യസ്തമായ ഉള്ളടക്കത്തിലുള്ള രചനകള്‍ പുറത്തുകൊണ്ടുവരികയും ചെയ്തുകഴിഞ്ഞിരിക്കുന്നു.

ഇതിന് അനുബന്ധമായ മറ്റൊരു വസ്തുത എഴുത്തുകാരന്റെ പഴയ അപ്രമാദിത്വത്തിനു തന്നെ ചില്ലറയല്ലാത്ത കോട്ടം തട്ടിക്കഴിഞ്ഞിരിക്കുന്നു എന്നാണ്. ഇത് മലയാള സാഹിത്യത്തില്‍ എത്രമാത്രം പ്രതിഫലിച്ചിട്ടുണ്ടെന്നുള്ളത് അവ്യക്തമാണ്. സാമ്പ്രദായിക ശീലങ്ങളുടെ തുടര്‍ച്ചകള്‍ അപ്രമാദിത്വം പുലര്‍ത്തുന്ന ലോകങ്ങളില്‍ നേരം പുലരാന്‍ ഇനിയും വൈകിയെന്നിരിക്കും. എഴുത്തുകാര്‍ എഴുതി നല്‍കുന്നതെല്ലാം അപ്പടി പ്രസിദ്ധീകരിക്കാന്‍ ഇന്ന് ആഗോള പ്രസാധകര്‍ വിമുഖത കാണിക്കുന്നുണ്ട്. ഈ പ്രവണത വളരെ മുമ്പേ തുടങ്ങിയതാണ്. ലബ്ദപ്രതിഷ്ഠരായ എഴുത്തുകാരുടെ കരടുപ്രതികള്‍ തന്നെ സൂക്ഷ്മ എഡിറ്റിങ്ങിന് വിധേയമാക്കുകയും പലപ്പോഴും മാറ്റിയെഴുതാന്‍ തന്നെ തിരുമാനിക്കപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി പുതിയ കഥാപാത്രങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെടാം. കഥാന്ത്യം തന്നെ മാറ്റിയെഴുതപ്പെടാം. കോപ്പി എഡിറ്റിങ്, പ്രൂഫ് വായന എന്നതിനപ്പുറമുള്ള ഭാവുകത്വപരമായ ഇടപെടലാണിത്. പുതിയ വായനയുടെ അനുഭവലോകത്തോട് ആഴത്തിലുള്ള സംവേദനം ആവശ്യമാണ് പുസ്തക പ്രസാധന രംഗത്തെ എഡിറ്റര്‍മാര്‍ക്ക്. അല്ലാത്തപക്ഷം ദുര്‍ബലവും രുഗ്ണവുമായ ഭാവുകത്വം അടിച്ചേല്‍പ്പിക്കുന്ന അവസ്ഥയായിരിക്കും സൃഷ്ടിക്കുക. പലപ്പോഴും വ്യക്തികളുടെ കോംപ്ലക്‌സുകളാണ് മൂല്യനിര്‍ണയ ഘടകങ്ങളാകുന്നത്. ഇത് ഭാവുകത്വത്തെ പിറകോട്ടടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. എഴുത്തിലെ എഡിറ്റിങ്ങിനെ എഴുത്തുകാര്‍ തന്നെ സ്വാഗതം ചെയ്യുന്നുണ്ട്.

സേതുവിന്റെ 'ആലിയ' മലയാളത്തില്‍ ആദ്യമായി എഡിറ്റ് ചെയ്ത നോവലാണെന്നു അവകാശപ്പെടുന്നു. തകഴിയുടെ 'കയറും' വിലാസിനിയുടെ 'അവകാശി'കളും എഡിറ്റിങ്ങിനു വിധേയമാവുകയാണെങ്കില്‍ ഉജ്വല കൃതികളാകുമെന്നു സക്കറിയ അഭിപ്രായപ്പെടുകയുണ്ടായി. വാസ്തവത്തില്‍, വലിപ്പം കൂടിയ പുസ്തകത്തെ ചെറുതാക്കുകയോ നീണ്ട ലേഖനങ്ങളെ വെട്ടിച്ചുരുക്കുകയോ എന്നതു മാത്രമല്ല എഡിറ്റിങ്ങിന്റെ ചുമതല. ചില രചനകള്‍ കൂടുതല്‍ എഴുതി സമൃദ്ധമാകേണ്ടതുണ്ടാവാം. പ്രധാന പ്രശ്‌നം ഒരു രചന ശില്‍പപരമായി മാത്രമല്ല, സാമൂഹികമായും ഭാവുകത്വപരമായും സംവേദനക്ഷമമാണോ എന്നതാണ്. സംവേദനക്ഷമമാക്കുക എന്നാല്‍ തെറ്റിദ്ധരിക്കരുത്; ലളിതവല്‍ക്കരിക്കുക എന്നതല്ല. ലളിതവത്കരണം സാഹിത്യത്തിലോ കലയിലെയോ മികവിന്റെ അടിസ്ഥാനവുമല്ല. പരീക്ഷണാത്മക രചനകള്‍ എങ്ങനെ ലളിതവല്‍ക്കരിക്കും. മേതിലിന്റെ 'സൂര്യവംശ'വും 'ബ്രാ'യും ലളിതവല്ക്കരിക്കുന്നതാണോ എഡിറ്റിങ്? അല്ലേയല്ല. വായനയിലൂടെ അനുഭവത്തെയും ധിഷണയെയും അഗാധമാക്കുന്ന എഴുത്തുകളെ സൃഷ്ടിക്കുന്നതാണ് പ്രസാധന കലയിലെ വൈദഗ്ധ്യമേന്മയുടെ അടിസ്ഥാനം.

പ്രകൃഷ്ട കൃതികളില്‍ സൂക്ഷ്മക്ഷമത വായനക്കാര്‍ 'കത്തിരി' പ്രയോഗിക്കുന്നത് ആത്മാവിഷ്‌കാരവാദികള്‍ക്കും സാഹിത്യമെന്നാല്‍ എഴുത്തുകാരന്റെ ഏകാന്ത സാമ്രാജ്യമാണെന്നു ഇപ്പോഴും വിശ്വസിക്കുന്നവര്‍ക്കും ഏറെ വൈക്ലബ്യമുണ്ടാക്കുന്ന കാര്യമാണ്. മണ്മറഞ്ഞു പോയ എഴുത്തുകാരുടെ രചനകള്‍ എഡിറ്റിങ്ങിന് വിധേയമാക്കുന്നത്തിനെതിരെ നൈതികവും ചിലപ്പോള്‍ കോപ്പിറൈറ്റില്‍ തൂങ്ങിനിന്നുകൊണ്ടു നിയമപരമായ വാദങ്ങളും ഉയര്‍ത്തിയേക്കാം. അതുകൊണ്ടും അരിശം തീര്‍ന്നില്ലെങ്കില്‍ നല്ല ഭാഷയില്‍ പുലഭ്യവും പറഞ്ഞേക്കാം. ഇതൊക്കെ കേരളത്തില്‍ നടക്കാവുന്ന കാര്യം മാത്രമാണ്. ആഗോള തലത്തിലുള്ള സ്ഥിതിയതല്ല. ഫെമിനിസ്റ്റുകളും ഇന്റര്‍സെക്ഷനിസ്റ്റുകളും ഉത്തരാധുനികരും സാഹിത്യ ഭാവുകത്വത്തെ മലീമസപ്പെടുത്തിയെന്ന വാദം തൊടുത്തു വിടുന്നവരില്‍ കറകളഞ്ഞ ശുഭ്രവംശീയവാദികളുമുണ്ട്.

ഉത്തരാധുനികതയ്ക്കു ശേഷം ആവിര്‍ഭവിച്ച വിമര്‍ശനാത്മക വംശീയ സിദ്ധാന്തം (critical race theory) പാശ്ചാത്യ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കിടയില്‍, പ്രത്യേകിച്ചും ആഫ്രോ- അമേരിക്കന്‍, ഏഷ്യന്‍, ലാറ്റിന്‍ അമേരിക്കന്‍ വംശജരില്‍ വലിയ തരംഗമായിരിക്കുകയാണ്. സൗന്ദര്യശാസ്ത്രം എന്ന പേരില്‍ വ്യവഹരിക്കപ്പെടുന്ന സങ്കൽപ്പനങ്ങളൊക്കെ നിരങ്കുശമായ വിമര്‍ശനത്തിന് ശരവ്യമായിക്കൊണ്ടിരിക്കുകയാണ്. പോമോ (pomo ) എന്നും സി.ആർ.ടി.(crt) എന്നും അധിക്ഷേപിച്ചുക്കൊണ്ട് പോസ്‌റ്റ് മോഡേണിസത്തിനും ക്രിട്ടിക്കല്‍ റേസ് തിയറിക്കുമെതിരേ വംശീയവാദ സാഹിത്യ പ്രസിദ്ധീകരണങ്ങളും എഴുത്തുകാരും അധിക്ഷേപം ചൊരിഞ്ഞുക്കൊണ്ടിരിക്കുകയാണ്.

സാഹിത്യ സ്ഥാപനങ്ങള്‍ക്ക് പണ്ടുണ്ടായിരുന്ന പ്രതാപം നഷ്ടമായതിന്റെ മനോവ്യഥകളാണ് ഈ അധിക്ഷേപങ്ങളില്‍ അത്രയും നിഴലിക്കുന്നത്. സമാനമായ ഭാഷണത്തിന്റെ ചില പ്രത്യക്ഷ സാക്ഷ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലെ സാഹിത്യ ചര്‍ച്ചകളില്‍ കേരളത്തിലും കാണാം. ഇവരുടെ വാദം കാനോനിക്കല്‍ രചനകള്‍ യഥാവിധം തന്നെ തുടരണമെന്നാണ്. അതൊക്കെ സംസ്‌കൃതിപരമായ മൂലധനമായാണ് അവര്‍ കാണുന്നത് (civilizational capital). മെക്കോളെയുടെ വിദ്യാഭ്യാസ മിനിറ്റ്സിലെ പാശ്ചാത്യ ക്ലാസ്സിക്കുകള്‍ പഠിപ്പിക്കുന്നതിനുള്ള സാധൂകരണത്തിനു സദൃശമാണ് ഈ വാദം. തദ്ദേശവാസികളെ മൃഗമനുഷ്യരായി കാണുന്ന റുഡ്യാര്‍ഡ് കിപ്ലിങ്ങിന്റെ സാഹിത്യം ഇന്നും പഠിക്കണമെന്നാണ്. കൊളോണിയല്‍ കര്‍തൃത്വങ്ങളെ രൂപപ്പെടുത്തിയ അതേ അധിക്ഷേപകരമായ പാഠങ്ങള്‍ പഠിക്കണമെന്നങ്ങനെ നിര്‍ബന്ധിക്കും? എന്തായാലും, എഡ്വേഡ് സൈദിനു ശേഷം, ഉത്തര കൊളോണിയല്‍ കാനന്‍ (canon) പുനർക്രമീകരിക്കപ്പെട്ടു. അധിനിവേശ രചനകളെ വിമര്‍ശനാത്മകമായി വായിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണിന്നുള്ളത്. ഇതിന്റെ അടുത്ത ഘട്ടമാണ് അധിക്ഷേപകരമായ പ്രയോഗങ്ങളില്‍ മാറ്റം വരുത്തുക എന്നത്. പക്ഷെ, വിമര്‍ശനപാഠവും കൃതികളിലെ തിരുത്തും രണ്ടാണ്. കൃതികള്‍ തിരുത്തുക വഴി പുതിയൊരു പാഠത്തെയല്ലേ സൃഷ്ടിക്കുന്നത് എന്നൊരു ചോദ്യമുണ്ട്. അഭിസംബോധന ചെയ്യപ്പെടേണ്ട ചോദ്യവുമാണത്.

രാഷ്ട്രീയശരിയുടെ അടിസ്ഥാനത്തില്‍ സെന്‍സറിങ്ങിനു സാഹിത്യ പാഠങ്ങളെ വിധേയമാക്കുകയല്ലേ സാരാംശത്തില്‍ ഈ സെനൈസിറ്റിവ് വായനാ പദ്ധതി എന്നതാണ് എതിര്‍വാദം. സോഷ്യല്‍ സെന്‍സറിങ് എന്ന പ്രക്രിയ ബോധപൂര്‍വമോ അബോധപൂര്‍വമോ നടക്കുന്നുണ്ട്. വിപണിയുടെ മാനദണ്ഡങ്ങള്‍ നിലവില്‍ തന്നെ കലയുടെയും എഴുത്തിന്റെയും മേഖലകളില്‍ സാംസ്‌കാരികമായി സ്വീകാര്യമായതെന്തെന്നും അസ്വീകാര്യമായതെന്തെന്നുമുള്ള വിവേചനപരമായ സെന്‍സര്‍ഷിപ്പ് നടപ്പാക്കുന്നുണ്ട്. വിപണിയുടെ മാനദണ്ഡങ്ങള്‍ അനുസരിച്ചു തീയേറ്റര്‍ വിതരണം ലഭിക്കാതെ പോകുന്ന ചലച്ചിത്രങ്ങള്‍. വിപണിയുടെ എന്ന പേരില്‍ വിറ്റുവരവ് കണക്കിന്റെയും ആത്മനിഷ്ഠ ബോധത്തിന്റെയും അടിസ്ഥാനത്തില്‍ പ്രസാധകരാല്‍ തിരസ്‌ക്കരിക്കപ്പെടുന്ന ഓരോ എഴുത്തും ഈ സെന്‍സര്‍ പ്രക്രിയയിലൂടെ കടന്നുപോവുകയാണ്.

വിപണി ഒരേതരം അഭിരുചികളെ പുനരുല്പാദിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഭാവുകത്വപരമായ നവീനതയെ പരമാവധി വൈകിപ്പിക്കുന്ന ഒരു പ്രവണത വിപണിക്കുണ്ട്. അതുകൊണ്ടു രാഷ്ട്രീയ ശരിയുടെ പേരിലെ എഡിറ്റിങ്ങിനു മുമ്പേ തന്നെ വിപണിയുടെ അല്പത്വ മാനദണ്ഡങ്ങള്‍ അനുസരിച്ചു സെന്‍സര്‍ പ്രക്രിയ നിലവില്‍ തന്നെ വ്യവസ്ഥാപിതമാണ്. വിപണിയുടെ മാനദണ്ഡങ്ങള്‍ എന്നത് അമൂര്‍ത്തമായ ഒരാശയമായി നിലനില്‍ക്കുകയാണ്. ഒട്ടുമിക്കവാറും വ്യക്തികളുടെ ആത്മനിഷ്ഠമായ താല്പര്യങ്ങള്‍ തന്നെയാണ് മൂല്യനിര്‍ണയത്തില്‍ നിയാമകമാകുന്നത്. എന്നാല്‍, പാഠങ്ങളിലെ അധിക്ഷേപകരവും അപരവല്‍ക്കരണത്തിനു ഹേതുവുമാകുന്ന പ്രയോഗങ്ങളോടും സന്ദര്‍ഭങ്ങളോടും കഥാപാത്ര ചിത്രീകരണത്തോടും ജാഗ്രത പുലര്‍ത്തുന്നത് സെന്‍സറിങ് എന്ന പ്രക്രിയയോട് ചേര്‍ന്നുപോകുന്നതല്ല. കാരണം സെന്‍സറിങ് എപ്പോഴും വരേണ്യാധികാരത്തിന്റെയും അഭിരുചികളുടേയും തീര്‍പ്പുകളാണ്.

സാഹിത്യ പാഠങ്ങളിലെ അധിക്ഷേപകരവും അപരവല്‍ക്കരണ പ്രതീതി സൃഷ്ടിക്കുന്നതുമായ വാക്കുകളോടും കഥാപാത്ര ചിത്രീകരണത്തോടും നിരങ്കുശമായി തന്നെ പ്രതികരിക്കുന്നുണ്ട് പുതുസാംസ്‌കാരിക വായനകള്‍. അത്തരം വായനകള്‍ പുസ്തകാസ്വാദന കുറിപ്പുകളല്ല. വായനക്കാരുടെ സ്വതന്ത്രമായ നീരിക്ഷണങ്ങളെയും ധൈഷണികമായ പ്രതികരണങ്ങളെയും പഴയ കാലത്തെന്ന പോലെ എഴുത്തുകാര്‍ക്ക് തള്ളിക്കളയാന്‍ ഇന്ന് കഴിയുകയില്ല. ഉദാഹരണത്തിന്, വേലുക്കുട്ടി അരയന്‍ തകഴിയുടെ വിഖ്യാത കൃതിയായ 'ചെമ്മീനി'നെതിരെ ഉയര്‍ത്തിയ വിമര്‍ശനം പുതിയ തലമുറയിലെ എഴുത്തുകാരന് ഉള്‍ക്കൊള്ളാതെ പോകാനാകില്ല. മലയാളത്തിലെ ഏറ്റവും പുരസ്‌ക്കരിക്കപ്പെട്ട ആധുനിക രചനകളില്‍ ആദ്യസ്ഥാനത്തായിരിക്കും ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം'. നിരൂപകനായ ആഷ മേനോന്‍ തന്നെ സ്വയം വിശേഷിപ്പിച്ചത് 'ഖസാക്കിസ്റ്റ്' എന്നാണ്. ഖസാക്കിസ്റ്റുകളുടെ ഒരു തലമുറ തന്നെ മലയാള വായനാമണ്ഡലത്തിലുണ്ട്. എന്നാല്‍, ഖസാക്കിലെ കോഴനശ്ശേരിയില്‍നിന്നുള്ള കര്‍ഷക തൊഴിലാളി സഖാക്കളുമായുള്ള സംസാരത്തില്‍ പാടത്തു പണിയെടുക്കുന്ന സ്ത്രീകള്‍ മാറുമറയ്ക്കാതെ പണിയെടുക്കണമെന്ന ശിവരാമന്‍ നായരുടെ ഫ്യൂഡല്‍ മൂരാച്ചിത്തരത്തെ 'മാനിക് ഡിപ്രെഷനില'കപ്പെട്ട രവി ശരിവെയ്ക്കുകയാണ്. ഇത് വായിച്ചു രസിച്ച അസ്തിത്വവാദികളുടെ ഒരു തലമുറയുടെ ഭാവുകത്വപ്രതിലോമത മറ്റൊരു തലമുറ അനുധാവനം ചെയ്യണമെന്ന്‌ എന്തിനാണ് നിരൂപക ശ്രീമാന്മാര്‍ ശഠിക്കുന്നത്. പക്ഷെ, ഖസാക്കില്‍നിന്ന് ഇത് എഡിറ്റ് ചെയ്തു മാറ്റേണ്ടതുണ്ടോ?

മലയാളത്തിലെ സഞ്ചാര സാഹിത്യത്തെ സ്വച്ഛന്ദമായൊരു ശാഖയായി വികസിപ്പിച്ച ജ്ഞാനപീഠ ജേതാവ് എസ്.കെ. പൊറ്റെക്കാടിന്റെ 'കാപ്പിരികളുടെ നാട്' എന്ന ആഫ്രിക്കന്‍ സഞ്ചാര സാഹിത്യം നോക്കുക. പൗരസ്ത്യവാദ ദൃഷ്ടിയാല്‍ പ്രേരിതമാണ് ഇതിലെ ഓരോ വര്‍ണനകളും. ഒരു പക്ഷെ ചരിത്രപരമായി മലയാളിയുടെ നോട്ടപ്പാടിന്റെ അടയാളമായി ഈ കൃതിയെ സൂക്ഷിച്ചുവെയ്ക്കുമ്പോള്‍ തന്നെ 'കാപ്പിരി' എന്ന പ്രയോഗം എഡിറ്റ് ചെയ്താല്‍ ഈ കൃതിക്കോ ഇതിലെ പാഠത്തിനോ എന്തെങ്കിലും സംഭവിക്കുമോ? ഇല്ല എന്നാണ് എന്റെ പക്ഷം. പക്ഷെ, സാഹിത്യത്തില്‍ വിഗ്രഹവല്‍ക്കരിക്കപ്പെട്ടതെല്ലാം അസ്പൃശ്യമാണ് എന്ന പ്രശ്‌നം നിലനില്‍ക്കുന്നു.

സെന്‍സിറ്റീവ് വായനയില്‍ രാഷ്ട്രീയ ശരിയുടെ കാഴ്ചപ്പാട് പ്രധാനമാകുന്നുണ്ട്. പക്ഷെ, ആരുടെ രാഷ്ട്രീയ ശരി എന്ന പ്രശ്‌നവും ഉന്നയിക്കപ്പെടേണ്ടതാണ്. തിരുത്തിയെഴുതലുകളുടെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. അധിനിവേശ വിരുദ്ധ സ്മരണയെ പുതുക്കുക എന്ന പേരില്‍ കൊളോണിയല്‍ നാമങ്ങള്‍ ഭാരതീയവല്‍ക്കരിക്കപ്പെടുന്നു. 'രാജപാത' 'കര്‍ത്തവ്യപാത'യായി . തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ഹാള്‍ അയ്യന്‍കാളി സമരണയ്ക്കായി സമര്‍പ്പിക്കപ്പട്ടു. അതേസമയം, മധ്യകാലത്തെ മുസ്ലിം ഭരണാധികാരികള്‍ നിര്‍മിച്ച കെട്ടിടങ്ങളും അവരുടെ പേരുകളില്‍ അറിയപ്പെടുന്ന വീഥികളും പുനര്‍നാമകരണം ചെയ്യപ്പെടുന്നു. ചരിത്രപുസ്തകങ്ങള്‍ മാറ്റിയെഴുതപ്പെടുന്നു. ചരിത്രത്തിന്റെ 'ശുദ്ധീകരണ' പ്രക്രിയ ദ്രുതഗതിയില്‍ നടക്കുന്നു. കൊളോണിയല്‍ വിരുദ്ധമായി രൂപപ്പെട്ട ഇന്ത്യന്‍ ദേശീയതയെ പൗരാണിക കാലത്തിലേക്ക് പുനഃസ്ഥാപിച്ചുക്കൊണ്ടു തദ്ദേശവാസികളും വരുത്തരും എന്ന നിലയില്‍ ചരിത്രത്തെ വിഭജിച്ചിരിക്കുന്നു. അങ്ങനെ വിദേശ അധിനിവേശ ചരിത്രം പ്ലാസി യുദ്ധത്തിനും മുന്‍പ് നടന്ന പാനിപത് യുദ്ധത്തിലേക്ക് മാറ്റിസ്ഥാപിക്കുന്നു. ചരിത്ര പുസ്തകങ്ങള്‍ മാറ്റിയെഴുതുന്ന പോലെയാണോ പ്രകൃഷ്ട സാഹിത്യ രചനകളിലെ വംശീയ ന്യൂനപക്ഷങ്ങളെക്കുറിച്ചും വ്യതിരിക്തമായ ലിംഗ കര്‍തൃത്വമുള്ളവരെക്കുറിച്ചുള്ള അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ തിരുത്തുന്നത്? അല്ല എന്ന് തന്നെയാണ് എന്റെ പക്ഷം.

ആഫ്രിക്കന്‍ അമേരിക്കക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ വെള്ളക്കാരനായ അമേരിക്കന്‍ പോലീസ് ശ്വാസംമുട്ടിച്ചു കൊന്നതിനെതിരേ ആരംഭിച്ച പ്രതിഷേധം അമേരിക്കയില്‍ മാത്രമല്ല, യൂറോപ്പിലാകെ പ്രക്ഷോഭ കൊടുങ്കാറ്റായി വീശിയടിക്കുകയുണ്ടായി. സ്തുതിവര്യരായിരുന്ന പലരുടെയും പ്രതിമകള്‍ തകര്‍ന്നുവീണു, ഈ കൊടുങ്കാറ്റില്‍. ആഫ്രിക്കന്‍ അമേരിക്കന്‍ ജനത നൂറ്റാണ്ടുകളായി നേരിട്ടുക്കൊണ്ടിരുന്ന വെള്ളക്കാരുടെ അതിക്രമത്തിനെ ചെറുക്കുക എന്ന ആഹ്വാനത്തോടെ പ്രതിഹിംസാത്മകമായ പ്രക്ഷോഭത്തിനാണ് ഇത് തുടക്കമിട്ടത്. മനുഷ്യരെയല്ല, സാംസ്കാരിക നിര്‍മിതികള്‍ ആക്രമിക്കുക എന്നാണ് പ്രതിഹിംസ കൊണ്ടു ലക്ഷ്യംവെച്ചത്. തൊലി കറുത്തവരെയും മത -ഭാഷ -ലിംഗ ന്യൂനപക്ഷകളെയും ടൈപ്പ് കാസ്റ്റ് ചെയ്ത സാംസ്‌കാരിക നിര്‍മിതികള്‍ക്കെതിരെ പ്രക്ഷോഭം തിരിഞ്ഞു. പ്രക്ഷോഭം തീവ്രമായ ഘട്ടത്തില്‍ രാഷ്ട്രീയമായ ശരിയില്‍നിന്ന് ചെറുതായെങ്കിലും പിന്നോട്ടടിച്ചവരെ, അവര്‍ എത്ര ഉന്നതരായിക്കോട്ടെ, കൂട്ടായി ബഹിഷ്‌ക്കരിക്കുക എന്നൊരു സാംസ്‌കാരിക സമരത്തിനും തുടക്കമിട്ടു. ഇതാണ് 'കാന്‍സല്‍ കള്‍ച്ചര്‍' എന്നറിയപ്പെട്ടത്.

ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരിയായ ചിമ്മമണ്ഡ ഗോസി അടിച്ചിയാണ് ആദ്യമായി ക്യാന്‍സല്‍ ചെയ്യപ്പെട്ട സാംസ്‌കാരിക വ്യക്തിത്വമെന്നത് ഐറണിയായി തോന്നാം. ക്യാന്‍സല്‍ സംസ്‌കാരത്തിനെതിരെ നോം ചോംസ്‌കിയെ പോലുള്ളവര്‍ പ്രതികരിച്ചിരുന്നു. ക്യാന്‍സല്‍ സംസ്‌കാരമൊക്കെ ബഹുവംശീയ സമൂഹങ്ങളില്‍ രാഷ്ട്രീയ പ്രബുദ്ധരായ പുതുതലമുറ സ്വീകരിച്ച ഒരു നിലപാടാണ്. ഏതു വിധമുള്ള അനുരഞ്ജനത്തിനും തയ്യാറാകാത്ത രാഷ്ട്രീയമാണ് അവരുടേത്. ഈ സമീപനത്തിന്റെ തുടര്‍ച്ചകള്‍ സെന്‍സിറ്റീവ് വായനക്കാരെ നിയോഗിക്കുന്നതിലേക്ക് പ്രസാധകരെ എത്തിച്ചതിന് കാരണമായിട്ടുണ്ട്. വാസ്തവത്തില്‍, സെന്‍സിറ്റീവ് വായനക്കാരെ ആദ്യം നിയോഗിച്ചത് കാമ്പസ് കേന്ദ്രിതമായ കൗമാര- യൗവ്വന സാഹിത്യ മേഖലയിലാണ്. എഴുത്തുകാരുടെ രചനകള്‍ സെന്‍സിറ്റീവ് വായനക്കാരുടെ പരിഗണനയ്ക്ക് വിടുകയും അവരുടെ നീരിക്ഷണങ്ങള്‍ കൂടി ഉള്‍പ്പെടുത്തി എഴുത്തുകാരന്റെ 'സമ്മതി'യോടെയാണ് രചനകള്‍ പ്രസിദ്ധീകരിച്ചിരുന്നത്.

ഇവിടെ എഴുത്തുകാരന്റെ 'സമ്മതി' എന്നുള്ളത് പ്രധാനമാകുന്നു. മരണപ്പെട്ട എഴുത്തുകാരുടെ സമ്മതിയില്ലാതെ പ്രസിദ്ധീകരണം സാധ്യമാണോ എന്നതാണ് ഉയരുന്ന പ്രശ്‌നം. പകര്‍പ്പവകാശത്തിന്റെ കാലം കഴിഞ്ഞ കൃതികള്‍ പുതിയ ആവിഷ്‌ക്കാരങ്ങളായി ഇന്ന് പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഷേക്സ്പിയര്‍ ജൂതനെ ടൈപ്പ് കാസറ്റ് ചെയ്യുന്ന നാടകമാണ് 'മര്‍ച്ചന്റ് ഓഫ് വെനീസ്'. പ്രസ്തുത രചന ഭിന്നമായ ആവിഷ്‌ക്കാരങ്ങള്‍ക്ക് ഇന്ന് പാഠമായിട്ടുണ്ട്. അപ്പോള്‍ പിന്നെ പ്രകൃഷ്ട കൃതികള്‍ സെന്‍സിറ്റീവ് എഡിറ്റിങ്ങിന് വിധേയമാകുന്നതില്‍ എന്താണ് പ്രശ്നമെന്നും തിരിച്ചു ചോദിക്കാവുന്നതാണ്. അതേസമയം, പകര്‍പ്പവകാശം നിലനില്‍ക്കുന്നതും അടുത്തിടെ മരണപ്പെട്ട എഴുത്തുകാരുടെ രചനകള്‍ സെന്‍സിറ്റീവ് എഡിറ്റിങ്ങിനു വിധേയമാക്കുന്നതില്‍ പ്രശ്‌നമുണ്ടാകാം. അത്തരത്തിലുള്ള രചനകളെ ഒഴിവാക്കുകയോ എതിര്‍പ്പുകളുടെ അടിസ്ഥാനത്തില്‍ വായനാ മണ്ഡലത്തില്‍നിന്ന് മാറ്റി നിര്‍ത്തുകയുമാണ് സ്വീകരിക്കാവുന്ന ഒരു നിലപാട്.

പക്ഷെ, ഏറെ വായനക്കാരുള്ള നന്നായി വിറ്റുപോകുന്ന കൃതികളുടെ കാര്യത്തില്‍ പ്രസാധകന്റെ കൈവശമാണ് പകര്‍പ്പവകാശമെങ്കില്‍, പ്രസ്തുത രചനകള്‍ക്ക് പൊതുവില്‍ വലിയ സ്വീകാര്യതയുണ്ടെങ്കില്‍ സെന്‍സിറ്റീവ് വായനയുടെ അടിസ്ഥാനത്തില്‍ കരുതലോടെയുള്ള മാറ്റം വരുത്താവുന്നതാണ്. റൊളാങ് ബാര്‍ത്തിനെ പിന്തുടര്‍ന്നുകൊണ്ട്‌ ഗ്രന്ഥകാരന്‍ യശ്ശഃശരീരനായി എന്നു പറഞ്ഞാലും പകര്‍പ്പവകാശം പോലുള്ള അടിസ്ഥാന മാമൂലുകള്‍ നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ നിയമപരമായും ധാര്‍മികമായും 'സമ്മതി' എന്നുള്ളത് അനിവാര്യമാകുന്നു. അസ്വീകാര്യമായ പ്രതിനിധാനങ്ങളെ കുറിച്ച് വാദപ്രതിവാദങ്ങള്‍ ഉന്നയിക്കാന്‍ മാത്രമേ പറ്റുകയുള്ളു. ഉദാരമായ ജനാധിപത്യ വ്യവസ്ഥയില്‍ 'സമ്മതി'രഹിതമായി മറ്റൊരാളുടെ കൃതികളില്‍ വെട്ടും തിരുത്തും സാധ്യമാവുകയില്ല. പ്രധാനപ്പെട്ട ആഗോള പ്രസാധകരാണ് സെന്‍സിറ്റീവ് വായനക്കാരെ നിയോഗിച്ചിരിക്കുന്നത്. സമാന്തര പ്രസാധക രംഗത്തുള്ള വലതുപക്ഷ പ്രസിദ്ധീകരണശാലകള്‍ക്ക് ഇതില്‍നിന്നു ഭിന്നമായ വീക്ഷണമായിരിക്കാം. നിയന്ത്രണമില്ലത്ത അഭിപ്രായ സ്വാതന്ത്ര്യത്തിനായി ഇന്ന് നിലകൊള്ളുന്നത് വലതുപക്ഷമാണ്. കാരണം, അവര്‍ സ്വതന്ത്രഭാഷണത്തെയും വിദ്വേഷ ഭാഷണത്തെയും വേര്‍തിരിക്കുന്നില്ല എന്നതു തന്നെ കാരണം.

വായനാ മണ്ഡലത്തിന്റെ ജനാധിപത്യവല്‍ക്കരണത്തിന്റെ തുടര്‍ച്ച തന്നെയാണ് സെന്‍സിറ്റീവ് വായന. പാശ്ചാത്യ സമൂഹങ്ങളില്‍ വ്യാപകമാകുന്ന കുടിയേറ്റ വിരുദ്ധ ഇസ്ലാമോഫോബിക് ആഖ്യാനങ്ങളോടുള്ള പ്രതിരോധം കൂടിയാകുന്നു സെന്‍സിറ്റീവ് വായന. വായനാ മണ്ഡലത്തെ ജനാധിപത്യവല്‍ക്കരിക്കുന്ന പുതിയ കര്‍തൃത്വങ്ങളുടെ ആഗമനം ഇന്നത്തെ യാഥാര്‍ത്ഥ്യമാണ്. പാഠങ്ങളിലെ വാക്കുകള്‍ക്കിടയിലെ നിശബ്ദതയ്ക്ക് ഭാഷ നല്‍കി കൃതിയെ സര്‍ഗാത്മകമായ ജൈവികശക്തിയിലേക്ക് ഉയര്‍ത്തുന്നതുപോലെ വാക്കുകളുടെ സൂക്ഷ്മങ്ങളില്‍ ഒളിച്ചിരിക്കുന്ന വിദ്വേഷത്തെ കണ്ടെത്തി അതിനെ പ്രതിരോധിക്കുന്നതും പുതിയ വായനയുടെ രാഷ്ട്രീയത്തെ വ്യക്തമാകുന്നതാണ്.

ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരിയും നോബല്‍ സമ്മാന ജേതാവും നോവലിസ്റ്റുമായ ടോണി മോറിസണ്‍ പ്രതിപാദിക്കുന്ന 'അദൃശ്യമായ മഷി' (invisible ink) എന്ന സങ്കല്പം ഇവിടെ പ്രസക്തമാകുന്നു. 'വായനയെ എഴുതുക (writing the reading) എന്നത് എഴുത്തിലേക്കുള്ള വശീകരണമാണ്- വായനക്കാരെ പേജുകളുടെ പുറത്തേക്കുള്ള പരിസ്ഥിതിയിലേക്ക് ആകര്‍ഷിക്കലുമാണ്. സ്ഥിതമായ (stable) പാഠം എന്ന സങ്കല്പത്തെ അയോഗ്യമാക്കിക്കൊണ്ടു സജീവവും ജീവത്തുമായ വായനയില്‍ വായനക്കാരില്‍ പാഠം ആശ്രിതമാകുന്നു. വായനയെ എഴുത്താക്കുന്ന ആ വായനയാണ്- അദൃശ്യമായ മഷി.' വായന എന്നാല്‍ ഉണങ്ങാത്ത മഷിയാണ്. അത് പാഠത്തെ വീണ്ടും വീണ്ടും എഴുതിക്കൊണ്ടിരിക്കുന്നു. ഇതാണ് എഴുത്തിന്റെ പുതിയ സര്‍ഗാത്മകത.

ഇന്ന് പ്രസാധനത്തിന്റെയും എഴുത്തിന്റെയും വായനയുടെയും ലോകത്തില്‍ എഴുത്തുകാരേക്കാള്‍ സുപ്രധാനമാകുന്നു വായനക്കാര്‍. ഇത് ചരിത്രപരമായ മുന്നേറ്റമാണ്. എഴുത്തിനെയും വായനയെയും പ്രസാധക വ്യവസായത്തെയും വിപണിയെയുമെല്ലാം എക്കാലവും നിലനിര്‍ത്തിയിരുന്നത് വായനക്കാരായിരുന്നു. പക്ഷേ, എഴുത്തുകാരെ വിഗ്രഹവല്‍ക്കരിച്ച സംസ്‌കാരം വായനക്കാരെ അവഗണിച്ചു. അതുകൊണ്ടു വായനക്കാരുടെ പ്രതിഷ്ഠാപനത്തിലൂടെ ചരിത്രപരമായ പ്രായശ്ചിത്തം കൂടി നിര്‍വഹിക്കുകയാണ് പ്രസാധക സ്ഥാപനങ്ങള്‍. വൈകിയാണെങ്കിലും കേരളത്തിലും വായനക്കാരുടെ വസന്തം വരാതിരിക്കില്ല.

Content Highlights: sensitivity reading, political correctness, social criticism

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Grand Ethiopian Renaissance Dam
Premium

10 min

നൈൽ നദിയിൽ എതോപ്യ അണക്കെട്ട് പണിയുമ്പോൾ ഈജിപ്തിന്റെ ഉള്ളം വിറക്കുന്നതെന്തിന്‌?

Jun 8, 2023


Kosovo riot
Premium

8 min

സെർബിയയുടെ ഹൃദയമാണത്...! ജോകോവിച്ചിനെ വേദനിപ്പിച്ച് കൊസോവോയിൽ ചരിത്രം ആവർത്തിക്കുന്നു

Jun 1, 2023


Mumbai Trans Harbour Link
Premium

6 min

17,843 കോടി രൂപ ചെലവ്, 21.80 കിലോ മീറ്റർ നീളം; ഇന്ത്യയിലെ ഏറ്റവും നീളമേറിയ കടല്‍പ്പാലം

May 25, 2023

Most Commented