2600 കോടി ഡോളര്‍ വരുമാനം, ഒറ്റ രാത്രികൊണ്ട് പാപ്പരത്വത്തില്‍; സാം ബാങ്ക്മാന്റെ 'വന്‍വീഴ്ച' യുടെ കഥ


കെ.പി നിജീഷ് കുമാർഊണും ഉറക്കവുമില്ലാതെ താന്‍ കെട്ടിപ്പിടിച്ചതെല്ലാം നിമിഷ നേരം കൊണ്ട് തന്റെ കാല്‍ക്കീഴില്‍ നിന്നും ഒലിച്ചുപോവുന്നത് നോക്കി നില്‍ക്കേണ്ടി വന്നു സാംബാങ്ക്മാന്.

സാം ബാങ്ക്മാൻ ഫ്രൈഡ് ഫോട്ടോ:ട്വിറ്റർ

"നിങ്ങള്‍ക്ക് ഈ ലോകത്ത് എന്തെങ്കിലും നല്ലത് ചെയ്യണമെങ്കില്‍ നിങ്ങള്‍ ഒരു ഡോക്ടറാകണോ അതോ ഒരു സന്നദ്ധ സേവകനാവണോ? അതുമല്ലെങ്കില്‍ ആവുന്ന വിധത്തില്‍ കുറേ പണം സമ്പാദിച്ച് നല്ല കാര്യങ്ങള്‍ക്ക് വേണ്ടി നല്‍കണോ?" ക്രിപ്റ്റോ ജയന്റ് എന്ന വിളിപ്പേരില്‍ അറിയപ്പെട്ട സാം ബാങ്ക്മാന്‍ ഫ്രൈഡ് എന്ന മുപ്പതു വയസ്സുകാരന്‍ ബി.ബി.സിയുടെ ഒരു റേഡിയോ ഇന്റര്‍വ്യൂവില്‍ ഈ അടുത്തകാലത്ത് പറഞ്ഞ വാക്കുകളാണിത്. വായില്‍ സ്വര്‍ണക്കരണ്ടിയുമായി ജനിച്ച് കുഞ്ഞുനാള്‍ മുതല്‍ പണം മാത്രം സ്വപ്‌നം കണ്ട് ഒടുവില്‍ ലോകത്തെ ഏറ്റവും പ്രധാന ക്രിപ്റ്റോ ജയന്റായി മാറിയ ശതകോടീശ്വരന്‍ സാം ബാങ്ക്മാന്‍ എന്ന അമേരിക്കക്കാരൻ ഒടുവില്‍ പാപ്പരത്വത്തിന്റെ പടുകുഴിയില്‍ വീണത് കഴിഞ്ഞയാഴ്ച. ഊണും ഉറക്കവുമില്ലാതെ താന്‍ കെട്ടിപ്പിടിച്ചതെല്ലാം നിമിഷനേരം കൊണ്ട് തന്റെ കാല്‍ക്കീഴില്‍നിന്നു ഒലിച്ചുപോവുന്നത് നോക്കി നില്‍ക്കേണ്ടി വന്നു സാം ബാങ്ക്മാന്. ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ബാങ്ക്മാന്റെ 94 ശതമാനത്തോളമുള്ള ആസ്തിയിലാണ് ഇടിവ് സംഭവിച്ചിരിക്കുന്നത്.

Photo:AFP

എഫ്.ടി.എക്സിന്റെ വളര്‍ച്ചതന്റെ സ്വപ്നങ്ങളെ പണത്തിന് മുകളില്‍ പ്രതിഷ്ഠിച്ചായിരുന്നു എസ്.ബി.എഫ് എന്ന ചുരുക്കപ്പേരില്‍ അറിയിപ്പെട്ടിരുന്ന സാം ബാങ്ക്മാന്‍ എഫ്.ടി.എക്സ് (ഫ്യൂച്ചേഴ്‌സ് എക്‌സ്‌ചേഞ്ച്) ട്രേഡിംഗ് ലിമിറ്റഡ് എന്ന കമ്പനിയെ ബഹമാസിൽ പടുത്തുയര്‍ത്തിയത്. ബിറ്റ് കോയിന്‍
ഉള്‍പ്പെടെയുള്ളവയുടെ വിനിമയവും വിപണനവും സുഗമമാക്കുന്ന എക്സ്ചേഞ്ച് കമ്പനിയായിരുന്നു എഫ്.ടി.എക്സ്. ന്യൂജന്‍ സമ്പാദ്യമെന്ന് പേര് കേട്ട ക്രിപ്റ്റോ കറന്‍സിയില്‍ ബാങ്ക്മാന്‍ ലക്ഷ്യമിട്ടതോടെ കൂടെ കൂടിയത് ലക്ഷക്കണക്കിന് ഉപയോക്താക്കളായിരുന്നു. ഇങ്ങനെ എഫ്.ടി.എക്സ് വളര്‍ന്ന് പന്തലിച്ചു. പക്ഷെ ഇത് ഞെട്ടിച്ചത് അമേരിക്കക്കാരെ മാത്രമായിരുന്നില്ല ലോകത്തെ മുഴുവനുമായിരുന്നു. പേരില്‍ തന്നെ ബാങ്ക് മനുഷ്യനായ
സാം ബാങ്ക്മാന്‍ ഫ്രൈഡിന്റെ വളര്‍ച്ച ലോകം നോക്കി നിന്നു. ബാങ്ക്മാന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ടവരും അല്‍ഭുതം പൂണ്ടവരും പലപ്പോഴും പറഞ്ഞു. ഇതിലെന്തോ രഹസ്യമുണ്ട്, അധികകാലം നീണ്ട് നില്‍ക്കില്ല.

ഇതിനിടെ സാം ബാങ്ക്മാന്‍ ഫ്രൈഡും തന്റെ കമ്പനിയും സ്വന്തമാക്കിയത് 2600 കോടി (2021-ലെ കണക്കില്‍) ഡോളറോളമുള്ള ആസ്തി; അതായത് രണ്ട് ലക്ഷം കോടി രൂപ. കഴിഞ്ഞ വർഷം ക്രിപ്റ്റോ ഇടപാടിന് ഇടിവ് തുടങ്ങിയപ്പോഴും എഫ്.ടി.എക്സിന്റെ ആസ്തി 1000 കോടി ഡോളറിലേക്കെത്തി. അമേരിക്കൻ ബിസിനസ് മാധ്യമമായ ഫോബ്സിന്റെ റിപ്പോർട്ട് പ്രകാരം മാത്രം സാം ബാങ്ക്മാൻ ഫ്രൈഡിന് 1600 കോടി ഡോളറാണ് ആസ്തി. പക്ഷെ, കഴിഞ്ഞയാഴ്ച എഫ്.ടി.എക്സ് ഉപയോക്താക്കള്‍ ആ സത്യമറിഞ്ഞു. കമ്പനി പൊട്ടിയിരിക്കുന്നു. ബാങ്ക്മാന്‍ തന്നെ പാപ്പരായി പ്രഖ്യാപിക്കാന്‍ കോടതി കയറിയിരിക്കുന്നു. വെറും പൊട്ടലായിരുന്നില്ല, എഫ്.ടി.എക്സില്‍ ഉപയോക്താക്കള്‍ നിക്ഷേപിച്ച കോടിക്കണക്കിന് ഡോളറുമായി ബാങ്ക്മാന്‍ ആരുമറിയാതെ മുങ്ങി. നിക്ഷേപമെല്ലാം തന്റേതന്നെ മറ്റൊരു കമ്പനിയിലേക്ക് ആരുമറിയാതെ മാറ്റിയാണ് ബാങ്ക്മാന്‍ നാട് വിട്ടതെന്നാണ് റോയിട്ടേഴ്സ് അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സാം ബാങ്ക്മാന്‍ ഫ്രൈഡിനായി അന്വേഷണവും പ്രഖ്യാപിച്ചിരിക്കുന്നു. എഫ്.ടി.എക്സ്. ആസ്തികൾ കോടതി മരവിപ്പിച്ചു. പല രാജ്യങ്ങളിലും പടർന്ന് പന്തലിച്ച എഫ്.ടി.എക്സ്. അനുബന്ധ ഓഫീസുകൾ അടച്ചുപൂട്ടപ്പെട്ടു. പാപ്പരായി പ്രഖ്യാപിച്ചതിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാങ്ക്മാൻ എഫ്.ടി.എക്സ്. ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്ത് നിന്ന് രാജിവെച്ചത്.

Photo:AFP

ക്രിപ്റ്റോയുടെ രാജവ്

സാം ബാങ്ക്മാന്‍ ഫ്രൈഡ് തന്നെ സ്വയം പ്രഖ്യാപിച്ചിരുന്നത് ക്രിപ്റ്റോയുടെ രാജാവെന്നായിരുന്നു. 2019-ല്‍ എഫ്.ടി.എക്സ് എന്ന ക്രിപ്റ്റോ എക്സ്ചേഞ്ച് സ്ഥാപിച്ചത് മുതല്‍ ബാങ്ക്മാന്റെ വളര്‍ച്ച ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു. എഫ്.ടി.എക്സിനെ 10 ലക്ഷം ഉപയോക്താക്കളും ഒരു ലക്ഷം കോടി നിക്ഷേപവുമുള്ള വിശ്വസ്ത കമ്പനിയാക്കി വളര്‍ത്തിയത് വെറും നാല് വര്‍ഷത്തിനിടെ. പക്ഷെ സുരക്ഷിത വരുമാനം ലക്ഷ്യമിട്ട് തന്റെ കമ്പനിയില്‍ നിക്ഷേപിച്ച ഉപയോക്താക്കളുടെ നിക്ഷേപങ്ങള്‍ ആരുമറിയാതെ മറ്റൊരു കമ്പനിയിലേക്ക് മറിച്ച് ബാങ്ക്മാന്‍ നല്ല പണികൊടുത്തു. ഇത് പുറത്തറിയുമ്പോഴേക്കും ഏറെ വൈകിപ്പോവുകയും ചെയ്തിരുന്നു. താന്‍ എവിടേയും പോവുന്നില്ലെന്നും തളര്‍ച്ച സ്വാഭാവികമെന്നുമുള്ള സ്ഥിരം ഡയലോഗ് പറഞ്ഞ് സാം ബാങ്ക്മാന്‍ നിക്ഷേപകരെ പിന്നേയും പറ്റിച്ചപ്പോള്‍ ആരുമറിഞ്ഞില്ല, ഇതിന് പിന്നിലെ ചതി. ഒടുവില്‍ പണവുമില്ല സാം ബാങ്ക്മാനെ കുറിച്ച് ഒരു വിവരവുമില്ലെന്ന അവസ്ഥയിയിലുമായി നിക്ഷേപകര്‍. അങ്ങനെ ക്രിപ്‌റ്റോ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികത്തട്ടിപ്പ് സാം ബാങ്ക്മാന്റെ പേരിലുമായി. ഏകദേശം ഒരു ലക്ഷം കോടിയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് പ്രാഥമിക വിവരം.

Photo:AFP

എഫ്.ടി.എക്സിന്റെ ജോലി

ബിറ്റ് കോയിന്‍ പോലുള്ള ക്രിപ്റ്റോകറന്‍സികള്‍ വാങ്ങുകയും അതിന്റെ ക്രയവിക്രിയവുമായിരുന്നു എഫ്.ടി.എക്സിന്റെ പ്രധാന ജോലി. കുറഞ്ഞകാലം കൊണ്ട് ആളുകളുടെ വിശ്വാസ്യത നേടിയെടുത്ത എഫ്.ടി.എക്സിന് നിക്ഷേപകരെ കണ്ടെത്താന്‍ കാര്യമായി ജോലി ചെയ്യേണ്ടിയും വന്നില്ല. സുരക്ഷിത നിക്ഷേപം തേടി എഫ്.ടി എക്സിന്റെ ഫാനാവാന്‍ ഓരോ ദിവസവുമെത്തിയത് ലക്ഷക്കണക്കിന് ആളുകളാണ്. പിന്നെ ബാങ്ക്മാന് ഉറക്കമില്ലാ രാത്രികളായിരുന്നു. മാധ്യമങ്ങള്‍ ബാങ്ക്മാന്റെ ഇന്റര്‍വ്യൂവിന് വേണ്ടി മാസങ്ങള്‍ കാത്തിരുന്നു. മുപ്പത് വയസ്സിനുള്ളിലെ വിജയത്തിന്റെ രഹസ്യം തേടി ലോകമെങ്ങും സാം ബാങ്ക്മാന്‍ ഫ്രൈഡിനെ കേട്ടു. ക്രിപ്റ്റോ ബോധവല്‍ക്കരണത്തിന്റെ പ്രധാന മുഖമായി ബാങ്ക്മാന്‍ അവതരിക്കപ്പെട്ടു.

ട്വിറ്ററിന് മുന്നില്‍നിന്നു കാമ്പ്യൂട്ടര്‍ സ്‌ക്രീനില്‍നിന്നു കണ്ണെടുക്കാന്‍ സമയമില്ലാത്തവനായി. കുറഞ്ഞകാലം കൊണ്ട് 10 ലക്ഷം ട്വിറ്റര്‍ ഫോളോവേഴ്സിനെ ഉണ്ടാക്കി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ പാര്‍ട്ടിയായ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പോലും പ്രധാന ഫണ്ട് ദാതാവായി സാം ബാങ്ക്മാന്‍ ഫ്രൈഡ് മാറി. 2020-ല്‍ നടന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ജോ ബൈഡന് ബാങ്ക്മാന്‍ സ്വന്തം നിലയില്‍ സംഭാവന ചെയ്തത് 5.2 മില്ല്യണ്‍ ഡോളാറായിരുന്നു. 2022-ലെ യു.എസ്. ഇടക്കാല തിരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികള്‍ക്കായി ബാങ്ക്മാന്‍ വന്‍ സംഭാവനകള്‍ നടത്തി. 40 മില്യണ്‍ ഡോളര്‍ ആകെ സംഭാവന ചെയ്തുവെന്നാണ് അന്ന് ഇദ്ദേഹം അവകാശപ്പെട്ടത്. അതേ ബാങ്ക്മാനാണ് ഇന്ന് നാണം കെട്ട സാമ്പത്തിക തട്ടിപ്പുകാരനായി മുദ്രകുത്തപ്പെട്ടിരിക്കുന്നത്.

Photo: AFP

ബുദ്ധിരാക്ഷസന്‍ സ്റ്റാന്‍ഫൊര്‍ഡ് പ്രോഡക്ട്

സ്റ്റാന്‍ഫൊര്‍ഡ് ലോ സ്‌കൂളിലെ പ്രൊഫസര്‍മാരായ ബാര്‍ബറ ഫ്രൈഡിന്റേയും ജോസഫ് ബാങ്ക്മാന്റേയും മകനായി 1992-ല്‍ ആണ് ബാങ്ക്മാന്‍ ഫ്രൈഡ് ജനിക്കുന്നത്. ജൂതകുടംബത്തില്‍ പെട്ട ബാങ്ക്മാന്‍ ജനിച്ചതും വളര്‍ന്നതും വായില്‍ സ്വര്‍ണക്കരണ്ടിയുമായെന്ന് പറയുന്ന പോലെയായിരുന്നു. ഒന്നിനും കുറവില്ലാതെ മകനെ അവര്‍ വളര്‍ത്തിക്കൊണ്ടുവന്നു. കണക്ക് തലവര മാറ്റുമെന്ന് തിരിച്ചറിഞ്ഞ ബാങ്ക്മാന്‍ കണക്കിനെ വിടാതെ പിടിച്ചു. 2010 മുതല്‍ 2014 വരെ എം.ഐ.ടി. വിദ്യാര്‍ഥിയായിരുന്നു. 2014-ല്‍ ഭൗതികശാസ്ത്രത്തില്‍ ബിരുദവും ഗണിതശാസ്ത്രത്തില്‍ മൈനറും നേടി. 2013-ല്‍ സാം ജെയ്ന്‍ സ്ട്രീറ്റ് ക്യാപിറ്റല്‍ എന്ന സ്ഥാപനത്തില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാനാരംഭിച്ചു. അവിടെ തന്നെ ജോലിയും തുടങ്ങി. പണം നേടാനുള്ള മാര്‍ഗം ബാങ്കിങ് ആണെന്ന് തിരിച്ചറിഞ്ഞ് പിന്നീട് അതിനുള്ള ശ്രമമായിരുന്നു. ഷെയര്‍മാര്‍ക്കറ്റിനെ കുറിച്ചും ക്രിപ്റ്റോ വ്യാപാരത്തെ കുറിച്ചുമെല്ലാമുള്ള വിവരങ്ങള്‍ പച്ചവെള്ളം പോലെ പഠിച്ചെടുക്കാന്‍ ബാങ്ക്മാന് അധിക സമയം വേണ്ടിവന്നില്ല.

ചില സുഹൃത്തുക്കളുമായി ചേര്‍ന്ന് 2017-ല്‍ അലമേഡ റിസേര്‍ച്ചെന്ന കമ്പനി തുടങ്ങിയായിരുന്നു തുടക്കം. 2018-ല്‍ ദിവസേന പത്ത് ലക്ഷം ഡോളര്‍ സമ്പാദിക്കുന്ന
കമ്പനിയായി അലമേഡ മാറി. 2019-ല്‍ എഫ്.ടി.എക്സ്. സ്ഥാപിച്ചതോടെ ബാങ്ക്മാന്റെ തലവരെ തന്നെ മാറി. 2021-ല്‍ ബങ്ക്മാന്‍ ശതകോടിശ്വരനായി പ്രഖ്യാപിക്കപ്പെട്ടു. ഫോബ്മാഗസിന്റെ വരെ കവര്‍ സ്റ്റോറിയായി ബങ്ക്മാന്റെ ജീവിതം. ഓഫീസ് വിടാതെ കമ്പ്യൂട്ടറുകള്‍ക്ക് താഴെ ദിവസവും ബീന്‍ബാഗില്‍ കിടന്നുറങ്ങുന്ന ബാങ്ക്മാന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു.ലോകമുണരുന്നതിന് മുന്നെ ട്വീറ്റുമായി ഓരോ ദിവസവും രംഗത്തെത്തും.അങ്ങനെ ആത്മാര്‍ഥതയുടെ നിറകുടമായി ട്വിറ്ററിലും മുദ്രകുത്തപ്പെട്ടു. പക്ഷെ എല്ലാം വന്‍കളവിനുള്ള പദ്ധതിയായിരുന്നുവെന്ന് ആര്‍ക്കും മനസ്സിലായില്ല.

Photo:AFP

ഉപഭോക്താക്കളുടെ കൂട്ട പിന്മാറ്റം

എഫ്.ടി.എക്സിന്റെ പ്രധാന എതിരാളിയായ ബിനാന്‍സ് എഫ്.ടി.എക്സുമായി ബന്ധപ്പെട്ട തങ്ങളുടെ എല്ലാ ഓഹരികളും പരസ്യമായി വിറ്റഴിക്കാന്‍ തുടങ്ങിയതോടെയാണ് എഫ്.ടി.എക്സ്. തകര്‍ച്ചയുടെ യഥാര്‍ഥ സത്യം ഉപഭോക്താക്കള്‍ തിരിച്ചറിഞ്ഞത്. എഫ്.ടി.എക്സിന്റ ഇരുപത് ശതമാനം ഓഹരികളായിരുന്നു ബിനാന്‍സ് മേധാവി ചാങ്പെങ് ഷാഓ വാങ്ങിക്കൂട്ടിയത്. ഇതാണ് പരസ്യമായി വിറ്റഴിച്ചത്. ഇതിന് പിന്നാലെ എഫ്.ടി.എക്‌സ് തകര്‍ച്ചയുടെ വക്കിലാണെന്ന് എല്ലാ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചുകള്‍ക്കും ചാങ്‌പെങ് ഷാഓ രഹസ്യമായി മുന്നറിയിപ്പും നല്‍കി.

പ്രധാന ക്രിപ്‌റ്റോ സൈറ്റായ കോയിന്‍ ഡെസ്‌ക്കാണ് എഫ്.ടി.എക്സിന്റെ തകര്‍ച്ചയെ കുറിച്ചുള്ള ആദ്യ ചോദ്യങ്ങള്‍ ഉന്നയിച്ച് തുടങ്ങിയത്. ഇതോടെ എഫ്.ടി.എക്സിന്റെ ഉപഭോക്താക്കള്‍ തങ്ങളുടെ നിക്ഷേപങ്ങള്‍ കമ്പനിയില്‍ നിന്ന് കൂട്ടത്തോടെ പിന്‍വലിക്കാനും തുടങ്ങി. പക്ഷെ കമ്പനിയില്‍നിന്നുള്ള പിന്‍വലിക്കലിനെല്ലാം സ്റ്റേ വാങ്ങി കോടതിയെ സമീപിക്കുകയായിരുന്നു ബാങ്ക്മാന്‍. സൈറ്റില്‍ വാര്‍ത്ത വന്ന 72 മണിക്കൂറിനിടെ ആറ് ബില്ല്യണ്‍ ഡോളറിന്റെ പിന്‍വലിക്കലാണ് എഫ്.ടി.എക്സില്‍ നടന്നത്. ദിവസങ്ങള്‍ക്കകം എഫ്.ടി.എക്സിനെ പാപ്പരായി പ്രഖ്യാപിക്കുകയും ചെയ്തു. പിന്നീട് കണ്ടത് എന്നോട് എല്ലാവരും ക്ഷമിക്കണമെന്നും തിരിച്ചുവരുമെന്നും പറഞ്ഞുകൊണ്ടുള്ള ബാങ്ക്മാന്‍ ഫ്രൈഡിന്റെ തുടര്‍ച്ചയായ ട്വീറ്റുകളായിരുന്നു. എഫ്.ടി.എക്സിന്റെ സി.ഇ.ഒ സ്ഥാനത്ത്
നിന്നും ബാങ്ക്മാന്‍ രാജിവെക്കുകയും ചെയ്തു.

ശത്രുവാണെങ്കിലും എഫ്.ടി.എക്സിനെ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് ബിനാന്‍സ് മേധാവി ചാങ്പെങ് ഷാഓ അറിയിച്ചിരുന്നുവെങ്കിലും ഒന്നും നടന്നില്ലെന്നതാണ് സത്യം. താന്‍ എവിടേയും മുങ്ങില്ലെന്ന് പറഞ്ഞ സാം ബാങ്ക്മാന്‍ കഴിഞ്ഞ ദിവസം റോയിട്ടേഴ്സിനോട് വ്യക്തമാക്കിയത് താന്‍ ബഹമാസില്‍ തന്നെയാണുള്ളതെന്നാണ്. പാപ്പരായി പ്രഖ്യാപിച്ചതോടെ സാം ബാങ്ക്മാന്‍ ദക്ഷിണാഫ്രിക്കയിലേക്ക് മുങ്ങിയെന്ന് ആരോപണം വന്നതിന് പിന്നാലെയാണ് താന്‍ ബഹമാസില്‍ തന്നെയുണ്ടെന്ന് ബാങ്ക് മാന്‍ വ്യക്തമാക്കിയത്.

https://www.linkedin.com/

കൂട്ടിനുണ്ട് ഇന്ത്യക്കാരനും

ബാങ്ക്മാന്‍ മുങ്ങിയതോടെ അദ്ദേഹത്തിന്റെ പ്രധാന സഹായിയെന്ന് അറിയപ്പെട്ട ഇന്ത്യക്കാരന്‍ നിഷാദ് സിങ്ങും നിരീക്ഷണത്തിലാണ്. 2017-ല്‍ അലമേഡ റിസേര്‍ച്ചില്‍ ചേര്‍ന്ന് നിഷാദ് സിങ് പിന്നീട് എഫ്.ടി.എക്സിന്റെ ബുദ്ധികേന്ദ്രമായി മാറി. ഫെയ്സ്ബുക്കില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായി ജോലി ചെയ്ത് വരികെയാണ് നിഷാദ് സിങ് അലമേഡയിലെത്തിയത്. 17 മാസത്തോളം ഇവിടെ ജോലി ചെയ്യുകയും പിന്നീട് എഫ്.ടി.എക്സിന്റെ എന്‍ജിനിയറിംഗ് വിങ്ങിലേക്ക് ജോലി നോക്കുകയുമായിരുന്നു.

നിഷാദ് സിങ്ങും ബാങ്ക്മാനുമായിരുന്നു എഫ്.ടി.എക്സിന്റെ എല്ലാ കോഡ് നിയന്ത്രണങ്ങളും നടത്തിയിരുന്നത്. എഫ്.ടി.എക്സ്. ഉപഭോക്താക്കളുടെ 10 ബില്ല്യണ്‍ ഡോളറുകള്‍ തന്റെ പഴയ കമ്പനിയായ അലമാഡയിലേക്ക് ബാങ്ക്മാന്‍ മാറ്റിയെന്നാണ് കഴിഞ്ഞ ദിവസം റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബാങ്ക്മാന്‍, അലമേഡ റിസേര്‍ട്ട് സി.ഇ.ഒ. കരോളിന്‍ എലിസണ്‍,എഫ്.ടി.എക്സ്. എക്സിക്യൂട്ടീവുകളായ നിഷാദ് സിങ്ങ്‌, ഗ്രേ വാങ് എന്നിവര്‍ക്ക് എഫ്.ടി.എക്സ്. നിക്ഷേപങ്ങള്‍ അലമാഡയിലേക്ക് മാറ്റിയതിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് വാള്‍ സ്ട്രീറ്റ് ജേണലും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതോടെയാണ് നിഷാദ് സിങ്ങിനും പിടിവീഴുമെന്ന് ഉറപ്പായിരിക്കുകയാണ്.

അന്വേഷണം ഇങ്ങനെ

യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷനും എഫ്ടിഎക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നതിന് വേണ്ടി നിലവില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിലൂടെ, കമ്പനി ഏതെങ്കിലും അന്യായമായ പ്രവര്‍ത്തനങ്ങളോ സുരക്ഷ നിയമലംഘനമോ നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാകുമെന്നാണ് വകുപ്പ് പ്രതീക്ഷിക്കുന്നത്.

അലമേഡ റിസര്‍ച്ചിലേക്ക് ഉപഭോക്താക്കള്‍ നിക്ഷേപിച്ച നിക്ഷേപങ്ങള്‍ വകമാറ്റിയോ ഇല്ലയോ എന്നതിന്റെ സാധ്യതയിലായിരിക്കും അന്വേഷണം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അങ്ങനെ തെളിഞ്ഞാല്‍ ക്രിപ്‌റ്റോ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പിലേക്കായിരിക്കും സാം ബാങ്ക്മാന്‍ എത്തിപ്പെടുക. ഒപ്പം ജയിൽ വാസവും.

Content Highlights: sam bankman fried crypto giant bit coin


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented