ഖാനല്ല, പക്ഷേ, അത്ക്കും മീതേയാണ് കുറ്റിക്കോടിന്റെ സൂപ്പർസ്റ്റാർ സൽമാൻ


അജ്മല്‍ മൂന്നിയൂര്‍ജന്മാ ഉള്ള വൈകല്യത്തില്‍ വീടിനുള്ളില്‍ ഒതുങ്ങി പോകുമായിരുന്ന സല്‍മാന്‍ ഇന്ന് സാധാരണ മനുഷ്യരേക്കാള്‍ ഊര്‍ജ്ജത്തോടെ കാണാന്‍ സാധിക്കുന്നതിന്റെ പ്രധാന ചികിത്സ ചേര്‍ത്ത് പിടിക്കല്‍ മാത്രമാണ്

സൽമാനും ഉമ്മ ഫാത്തിമയും |ഫോട്ടോ:സഹീർ സി.എച്ച്.

'കുറേ കഷ്ടപ്പെട്ടിട്ടുണ്ട്... ചെക്കന്‍മാരൊക്കെ കൂട്ടിക്കൊണ്ടുപോയി അവനെ ശര്യാക്കിയെടുത്തു..ഇപ്പോ ഒരു ബുദ്ധിമുട്ടുമില്ല.. നല്ല വാശിക്കാരനാണ്...കുറേ ചെരിപ്പ് വേണം... കുറേ വസ്ത്രങ്ങള്‍ വേണമെന്നൊക്കെയാണ് ചെറുപ്പം മുതലുള്ള വാശി... അത് സാധിച്ചുകൊടുക്കാനൊന്നും ഞങ്ങളടത്ത് പൈസയില്ലായിരുന്നു... ഇപ്പോ അവനിക്ക് ആവശ്യത്തിനൊക്കെ കിട്ടുന്നുണ്ട്.. സ്‌കൂളില്‍ പഠിപ്പിക്കാന്‍ പറ്റാത്തതിലാണ്‌ ഇപ്പോള്‍ ഏറ്റവും വലിയ സങ്കടം.. സ്‌കൂളില്‍ പോകാന്‍ പറ്റാത്തതിന്റെ വിഷമം ഇടയ്ക്കിടെ അവന്റെ ഭാഷയില്‍ വന്നു പറയും... കുറേ കഴിഞ്ഞതിന് ശേഷമാണ് അവന്‍ നടക്കാന്‍ തന്നെ തുടങ്ങിയത്.. ഇപ്പോ അവനാകെ മാറി. എല്ലാം അവന്‍ ഒറ്റയ്ക്ക് ചെയ്യും.' വിശേഷങ്ങള്‍ ഉമ്മ ഫാത്തിമ പങ്കുക്കുന്നത് അടുത്തിരുന്ന് സാകൂതം കേട്ടുകൊണ്ടിരുന്ന സല്‍മാന്‍ കണ്ണുനിറയ്ക്കുന്നുണ്ടായിരുന്നു. ഒന്നും പറഞ്ഞില്ല.. തുണികൊണ്ട് കണ്ണീരൊപ്പിയ ശേഷം വീണ്ടും ഉമ്മയ്ക്കരികില്‍ വന്നിരുന്നു...വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ഞങ്ങള്‍ മാറിനിന്ന സമയത്ത് ഉമ്മയും സല്‍മാനും പരസ്പരം വാരിപ്പുണര്‍ന്നു... കണ്ണീര്‍ തന്നെയായിരുന്നു ഭാഷ...

സല്‍മാനെ ഇപ്പോള്‍ നേരാംവണ്ണം കാണാന്‍ കിട്ടുന്നില്ല ഉമ്മ ഫാത്തിമയ്ക്ക്. കട ഉദ്ഘാടനവും ഫുട്‌ബോള്‍ മത്സരങ്ങളും കല്യാണങ്ങളും ചടങ്ങുകളും പരിപാടികളുമായി തിരക്കുപിടിച്ച യാത്രകളാണ് എന്നും. സല്‍മാന്റെ ഡേറ്റ് കിട്ടാന്‍ മാറ്റിവെച്ച പരിപാടികളും അനേകം. ഇതിനിടെ ദുബായിലെത്തിയും ഉദ്ഘാടനങ്ങള്‍ നടത്തി. ഇത്ര സെലിബ്രിറ്റിയായ സല്‍മാന്‍ ആരാണെന്നല്ലേ... ഡൗണ്‍സിന്‍ഡ്രോം ബാധിച്ച് ശാരീരിക മാനസിക പരിമിതികള്‍ ഉള്ള സല്‍മാനെ സുഹൃത്തുക്കളാണ് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചത്. വീടിന്റെ അകത്തളങ്ങളില്‍ ഒതുങ്ങിക്കൂടുമായിരുന്ന ഈ ഭിന്നശേഷിക്കാരനെ ഇന്ന് അറിയാത്തവര്‍ ചുരുക്കം. ഐഎം വിജയനുള്‍പ്പടെയുള്ള ഫുട്‌ബോള്‍ താരങ്ങളുടെ പിന്തുണയും കിട്ടി. മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശ്രദ്ധയും ലഭിച്ചു.

പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി കുറ്റിക്കോട് എന്ന പ്രദേശത്തുകാരനാണ് സല്‍മാന്‍. പാറപ്പുറത്ത് വീട്ടില്‍ പരേതനായ മമ്മുട്ടിയെന്ന മുഹമ്മദ് കുട്ടിയുടേയും ഫാത്തിമയുടേയും പത്ത് മക്കളില്‍ ഒമ്പതാമന്‍. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന 35-കാരനായ സല്‍മാനെ ചെറുപ്പം തൊട്ടെ ആരും അകറ്റിനിര്‍ത്തിയിട്ടില്ല. സഹോദരങ്ങളും സുഹൃത്തുക്കളും ചേര്‍ത്തുപിടിച്ചു. യാത്രകളിലും കളികാണാന്‍ പോകുമ്പോഴും നേര്‍ച്ചകളിലും ഉത്സവങ്ങളിലും സുഹൃത്തുക്കള്‍ സല്‍മാനെ ഒപ്പംകൂട്ടി. തൊട്ടുമുകളിലുള്ള സഹോദരന്‍ റഷീദും മറ്റു സഹോദരങ്ങളുടെ മക്കളും അവരുടെ സുഹൃത്തുക്കളുമൊക്കെയായി വലിയ സൗഹൃദവലയം തന്നെയുണ്ട് സല്‍മാന്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ എല്ലാ പരിപാടികള്‍ക്കും അവര്‍ സല്‍മാനെ കൂടെക്കൂട്ടും. തിരിച്ച് സല്‍മാനും അങ്ങനെ തന്നെ. ഇപ്പോള്‍ താരമായപ്പോള്‍ എങ്ങോട്ട് പോകുമ്പോഴും എല്ലാവരും കൂടെ വേണമെന്നാണ് വാശി. ആരെങ്കിലും വന്നില്ലെങ്കില്‍ അവിടെ നിന്ന് അനങ്ങില്ല. അവരെ ഫോണില്‍ വിളിച്ച് വരുത്തും.

ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ തുടക്കം

രണ്ട് വര്‍ഷങ്ങള്‍ മുമ്പ് ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ വീഡിയോകള്‍ വന്നതോടെയാണ് സല്‍മാനെ പുറംലോകമറിയുന്നത്. കൂട്ടുകാര്‍ ഒരുമിച്ചിരിക്കുന്ന ഘട്ടത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് കണ്ടുകൊണ്ടിരിക്കെ അന്‍സാബ് ആ ആശയം മുന്നോട്ടുവച്ചത്. സല്‍മാനെ വെച്ച് അതുപോലൊരു വീഡിയോ ചെയ്താലോയെന്ന് കൂട്ടുകാരോട് ചോദിച്ചു. വീഡിയോയ്ക്കായി സല്‍മാനെ മനസ്സിലാക്കി എടുക്കാന്‍ കൂട്ടുകാര്‍ നന്നായി പണിയെടുത്തിട്ടുണ്ട്. വീഡിയോ അപ് ലോഡ് ചെയ്യുമ്പോള്‍ അവര്‍ സല്‍മാനെ ജീവിതം തന്നെ ഇത് മാറ്റിമറിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.

ആദ്യ വീഡിയോയ്ക്ക് തന്നെ രണ്ട് മില്യണ്‍ വ്യൂസ് ലഭിച്ചതോടെ കൂട്ടുകാര്‍ക്ക് ആവേശമായി. തന്നെ സ്‌നേഹിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും ജീവനാണ് സല്‍മാന്. സഹോദരന്റെ മകന്‍ ഷറഫു വിദേശത്തേക്ക് യാത്രയാക്കാന്‍ കൂട്ടുകാരൊന്നിച്ച് പോയി. കെട്ടിപ്പിടിച്ച് കരഞ്ഞുകൊണ്ടാണ് സല്‍മാന്‍ ഷറഫുവിനെ യാത്രയാക്കിയത്. കൂട്ടുകാരിലൊരാള്‍ ഇതിന്റെ വീഡിയോ പകര്‍ത്തിയിരുന്നു. ഇന്‍സ്റ്റഗ്രാമിലിട്ട ഈ വീഡിയോ വൈറലായി. കൂട്ടുകാര്‍ പിന്നീട് സല്‍മാനെ വെച്ച് നിരന്തരം വീഡിയോകള്‍ ചെയ്തു. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടിയെങ്കിലും പിന്നീട് ഒറ്റത്തവണ കാര്യം പറയുമ്പോള്‍ തന്നെ സല്‍മാന്‍ അനുകരിക്കാനും ചെയ്തുകാണിക്കാനും തുടങ്ങി....

ചേര്‍ത്തുപിടിക്കല്‍ ചികിത്സ

അഞ്ചു വയസുണ്ടാകുമ്പോഴേ ഒരു വയസുകാരന്റെ ബുദ്ധി ഉണ്ടാകൂവെന്നാണ് സല്‍മാനെ ചികിത്സിക്കുന്ന ഡോക്ടര്‍ പറഞ്ഞത്. ജന്മാ ഉള്ള വൈകല്യം കാരണം വീടിനുള്ളില്‍ ഒതുങ്ങിപ്പോകുമായിരുന്ന സല്‍മാന്‍ ഇന്ന് സാധാരണ മനുഷ്യരേക്കാള്‍ ഊര്‍ജ്ജസ്വലതയോടെ കാണാന്‍ സാധിക്കുന്നതിന്റെ പ്രധാന ചികിത്സ ചേര്‍ത്തുപിടിക്കല്‍ മാത്രമാണ്. അകറ്റിനിര്‍ത്താതെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ത്തുനിര്‍ത്തി എല്ലാ പരിഗണനകളും നല്‍കിയതോടെ വലിയ മാറ്റമാണ് തന്റെ മകന് ഉണ്ടായിട്ടുള്ളതെന്ന് ഉമ്മ ഫാത്തിമയും സഹോദരങ്ങളും സാക്ഷ്യപ്പെടുത്തും. മറ്റൊരു മരുന്നും എന്റെ മകന് ഇപ്പോഴില്ല. എല്ലാവരോടും വലിയ കടപ്പാടുണ്ട് ഫാത്തിമ പറയുന്നു.

എഴുതാനും വായിക്കാനും സല്‍മാന് അറിയില്ല. വാട്‌സാപ്പിലെ പ്രൊഫൈല്‍ ചിത്രങ്ങള്‍ കണ്ടാണ് സുഹൃത്തുക്കളേയും മറ്റും ബന്ധപ്പെടുന്നത്. വോയ്സ് കോളാണ് അയക്കുക. പരിചിതരല്ലാത്തവര്‍ക്ക് സല്‍മാന്റെ ഭാഷ അത്ര പെട്ടന്ന് മനസ്സിലാകില്ലെങ്കിലും ഞങ്ങള്‍ക്ക് സല്‍മാന്‍ പറയുന്നത് കൃത്യമായി തിരിച്ചറിയാനാകുമെന്ന് സുഹൃത്ത് കബീര്‍ പറയുന്നു.

സെലിബ്രിറ്റി

നാട്ടുകാരും വീട്ടുകാരും അകറ്റിനിര്‍ത്താതെയും ചേര്‍ത്തു നിര്‍ത്തിയും താരപരിവേഷം നല്‍കിയ ഇന്ന് മാസത്തിലെ മുപ്പത് ദിവസം പരിപാടികളാണ്. സല്‍മാനില്ലാതെ നാട്ടില്‍ ഒരു ആഘോഷവുമില്ല. കേരളത്തിലെ എല്ലാ ജില്ലകളിലും ഇതിനോടകം പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. യുഎഇയിലും സന്ദര്‍ശനം നടത്തിയ സല്‍മാന്‍ അടുത്ത വിദേശയാത്രയ്ക്കുള്ള തയ്യാറെടുപ്പിലുമാണ്. ക്ലബ്ബുകള്‍ തങ്ങളുടെ ഭാഗ്യതാരമായിട്ടാണ് സല്‍മാനെ കാണുന്നത്. ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ബൂട്ടണിയിച്ച് ക്ലബ്ബുകള്‍ സല്‍മാനെ കൂടെനിര്‍ത്തും. 'ഇപ്പോള്‍ എവിടെ പോയാലും വലിയ താരങ്ങളെ പോലെ ആളുകള്‍ കൂടി സെല്‍ഫിയെടുക്കാന്‍ തിരക്ക് കൂടും' സഹോദരന്‍ റഷീദ് പറയുന്നു. ഉദ്ഘാടനങ്ങള്‍ക്ക് പോയി വരുമ്പോള്‍ ഇപ്പോള്‍ പണമൊക്കെ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. സ്വന്തം കൈയില്‍ തന്നെയാണ് പണം സൂക്ഷിക്കുക.. ഉമ്മാനേയും വീട്ടുകാരേയും കൂട്ടുകാരേയും കൊണ്ടുപോകാന്‍ ഒരു കാറ് വേണമെന്നാണ് ഇപ്പോള്‍ സല്‍മാന്റെ ആഗ്രഹം.

സഹോദരങ്ങളുടെ അടക്കം മൂന്ന് വീടുകള്‍ ചേര്‍ന്ന് കോമ്പൗണ്ടിനുള്ളിലാണ് സല്‍മാന്റെ വീട്. ഒരു വീട്ടില്‍ ഉറക്കം, ഒരു വീട്ടില്‍ കിടത്തം അങ്ങനെ ജീവിതരീതി തന്നെ വ്യത്യസ്തമാണ്. ആദ്യമൊക്കെ സഹായം വേണ്ടിയിരുന്നെങ്കിലും ഇപ്പോള്‍ സ്വന്തം കാര്യങ്ങള്‍ ചെയ്യുന്നതിന് പരസഹായം ആവശ്യമില്ല. കൂട്ടുകാര്‍ നല്‍കിയ ചികിത്സയുടെ ഫലമാണിതെന്ന് വീട്ടുകാര്‍ ഉറച്ച് വിശ്വസിക്കുന്നു.

പിതാവില്ലാത്ത സങ്കടം

ജന്മനാ തൊട്ടുള്ള വൈകല്യങ്ങളും പരിമിതികളും കാരണം പിതാവ് മുഹമ്മദ് കുട്ടിക്ക് പത്ത് മക്കളില്‍ ഏറ്റവും വാത്സല്യം സല്‍മാനോടായിരുന്നു. ഭിന്നശേഷിസ്‌കൂളില്‍ ചേര്‍ത്തെങ്കിലും അവിടുത്തെ മറ്റു കുട്ടികളുടെ വിഷമങ്ങള്‍ കണ്ട് മുഹമ്മദ് കുട്ടി സല്‍മാനെ അവിടെ നിന്ന് ഇറക്കിക്കൊണ്ടുവന്നു. നമ്മളോടൊപ്പം നിന്ന് തന്നെ അവന്‍ പഠിക്കട്ടെ എന്നായിരുന്നു മുഹമ്മദ് കുട്ടിയുടെ അഭിപ്രായം. പന്ത്രണ്ട് വര്‍ഷം മുമ്പ് മുഹമ്മദ് കുട്ടി മരിച്ചു. കളി കാണാനും കടകളിലേക്കും എല്ലാ ആഘോഷങ്ങളിലേക്കും കൈപിടിച്ച് കൊണ്ടുപോയിരുന്ന പിതാവിന്റെ വിയോഗം സല്‍മാനെ ഒരുപാട് ഒറ്റപ്പെടുത്തി. പക്ഷേ, സുഹൃത്തുക്കളും സഹോദരങ്ങളും അവനെ ചേര്‍ത്തുപിടിച്ചു. അവര്‍ക്കൊപ്പം അവരിലൊരാളായി മാറ്റിനിര്‍ത്താതെ അവര്‍ മുന്നോട്ട് പോകുന്നു.... പലര്‍ക്കും മാതൃകയായി...

Content Highlights: salman kuttikode-ifferently-abled-awareness-campaign-idam-nalkam-makkalk-ammak-jeevithavum

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented