പ്രതീകാത്മക ചിത്രം | Photo:AFP
പ്രതീക്ഷിക്കുന്നതിനപ്പുറമുള്ള, നമുക്ക് കൈകാര്യം ചെയ്യാന്‍ പറ്റുന്നതിനുമപ്പുറമുള്ള അറിവിന്റെ അല്ലെങ്കില്‍, വിവരങ്ങളുടെ ബാഹുല്യം സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദം എല്ലാവരും ഇന്ന് അഭിമുഖീകരിക്കുന്നു. ഇതുകാരണം പല വിഷയങ്ങളിലും യുക്തിസഹമായ തീരുമാനം ബുദ്ധിമുട്ടാകുന്നു. പ്രസക്തമേത് , അപ്രസക്തമേത് തെറ്റേത്, ശരിയേത് എന്ന പ്രതിസന്ധി സൈബര്‍ലോകം സൃഷ്ടിക്കുന്നു
ഒരു പൊറോട്ട, ഒരു മുട്ടക്കറി, ഒരു മുട്ട. ഒന്നരവയസ്സുകാരന്‍, അച്ഛന്റെ മൊബൈല്‍ ഫോണില്‍നിന്ന് ഓണ്‍ലൈന്‍ ഓര്‍ഡര്‍ ചെയ്ത കാര്യമാണ് പറയുന്നത്. കഴിഞ്ഞദിവസം ഫെയ്‌സ്ബുക്കില്‍ കൊട്ടാരക്കര ഭാഗത്തുനിന്ന് വന്ന പോസ്റ്റാണ്. അതിശയോക്തിപരം എന്നു തോന്നാമെങ്കിലും ഇത് അസംഭവ്യമല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് സമൂഹം ഇന്ന് കടന്നുപോകുന്നത്.
മാനവരാശിയുടെ ചരിത്രത്തില്‍ വന്നിട്ടുള്ള കണ്ടുപിടിത്തങ്ങളില്‍ മനുഷ്യനെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും വൈജ്ഞാനികവുമായി ഏറ്റവും അധികം ബാധിച്ചത് അല്ലെങ്കില്‍ സ്വാധീനിച്ചത് ഇന്റര്‍നെറ്റ് മാത്രമാണ് എന്ന് നിസ്സംശയം പറയാം. ഇന്റര്‍നെറ്റ് നമ്മുടെ സങ്കല്പങ്ങള്‍ക്കപ്പുറമുള്ള വൈവിധ്യവും വിശാലവുമായ അറിവുകളുടെ ഭൂമികയായി മാറിക്കഴിഞ്ഞു. ലോകത്താകമാനം നിലവിലുള്ള അറിവിന്റെ അല്ലെങ്കില്‍ വിവരങ്ങളുടെ തൊണ്ണൂറ്റിയഞ്ചു ശതമാനവും ഡിജിറ്റൈസ് ചെയ്തുകഴിഞ്ഞു എന്നു പറയപ്പെടുന്നു.
ഈ സാങ്കേതികവിദ്യ നല്‍കിയ സൗകര്യങ്ങളും ഗുണഫലങ്ങളും എണ്ണിയാലൊടുങ്ങാത്തതാണെന്നുള്ളതും വസ്തുതയാണ്. എന്നാല്‍, ഈ സൗകര്യങ്ങളുടെ കുത്തൊഴുക്കില്‍ പതിയിരിക്കുന്ന അപകടകരമായ ചുഴികളുടെ സാന്നിധ്യം വേണ്ട ഗൗരവത്തില്‍ പരിഗണിക്കപ്പെടുന്നുണ്ടോ എന്നു സംശയമാണ്. ഇതിന്റെയടിസ്ഥാനത്തിലാണ് സേഫര്‍ ഇന്റര്‍നെറ്റ് ഡേ 2004 മുതല്‍ ഫെബ്രുവരിയില്‍ ആഘോഷിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെ സേഫര്‍ ബോര്‍ഡര്‍ ?േപ്രാജക്ടിന്റെ ഭാഗമായി ഇന്‍സേഫ് നെറ്റ്വര്‍ക്കിന്റെ ആഭിമുഖ്യത്തില്‍ 200-ല്‍പ്പരം രാജ്യങ്ങളിലെ പങ്കാളികളുമായി ചേര്‍ന്നാണ് ഇത് നടത്തുന്നത്. 2022 ഫെബ്രുവരി എട്ടിനു നടത്തുന്ന ആഘോഷത്തിന്റെ പ്രമേയം 'ടുഗെതര്‍ ഫോര്‍ എ ബെറ്റര്‍ ഇന്റര്‍നെറ്റ്' അഥവാ ഒരു മെച്ചപ്പെട്ട ഇന്റര്‍നെറ്റിനുവേണ്ടിയുള്ള കൂട്ടായ്മ എന്നതാണ്.
ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയുടെ വൈപുല്യം വ്യക്തമാക്കുന്ന ചില കണക്കുകള്‍ ഇവിടെ പ്രസക്തമാണ്. ലോകത്താകമാനം ഏകദേശം 450 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ട്. അതായത്, ലോകജനസംഖ്യയുടെ 59 ശതമാനം. യുട്യൂബ്, ഫെയ്‌സ് ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയാ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നത് 380 കോടി ആള്‍ക്കാരാണ്. കൂടാതെ, 89 ലക്ഷം മൊബൈല്‍ ആപ്പുകളും ഇന്ന് ലഭ്യമാണ്. ഇന്ത്യയില്‍ നിലവില്‍ 82 കോടിയില്‍പ്പരം ഇന്റര്‍നെറ്റ് വരിക്കാരുണ്ട്. അതായത്, ജനസംഖ്യയുടെ ഏകദേശം 60.73 ശതമാനം. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ ഇന്ത്യയില്‍ 44.48 കോടിയാണെന്നും കാണുന്നു. ഇന്ത്യയിലെ ശരാശരി ഓണ്‍ലൈന്‍ ഉപയോഗം ദിവസം 2.25 മണിക്കൂറാണെന്നും കണക്കാക്കപ്പെടുന്നു. ചൈനയ്ക്കും അമേരിക്കയ്ക്കും ശേഷം ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ലോകത്ത് മൂന്നാം സ്ഥാനമാണ് നമുക്കുള്ളത്. ഈ കണക്കുകളെല്ലാംതന്നെ അനുദിനം കൂടുന്നതല്ലാതെ കുറയുകയില്ല.
പ്രതിസന്ധികള്‍ എന്തൊക്കെ
ഇത്രയധികം സ്വാധീനമുള്ള ഈ സാങ്കേതികവിദ്യയുടെ ഗുണഫലങ്ങള്‍ ആവേശത്തോടെ സ്വീകരിച്ച ലോകം ഇന്നിപ്പോള്‍ ഇത് സൃഷ്ടിക്കുന്ന പുതിയ പ്രതിസന്ധികളെക്കുറിച്ച് ചിന്തിക്കുകയും പഠിക്കുകയും ചെയ്തു തുടങ്ങി. മറ്റേതൊരു സാങ്കേതിക വിദ്യയെപ്പോലെത്തന്നെ ഇന്റര്‍നെറ്റിനും സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഉണ്ടെന്നു കാണാം.
സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗത്തിനാവശ്യമായ പല കരുതല്‍നിര്‍ദേശങ്ങള്‍ നിത്യേന നമുക്ക് ലഭിക്കുന്നുണ്ട്. വ്യക്തിഗതവിവരങ്ങള്‍ നല്‍കാതിരിക്കുക, കരുത്തുള്ള പാസ്വേഡ് ഉപയോഗിക്കുക, അപരിചിതവും സംശയാസ്പദവുമായ ലിങ്കുകള്‍ തുറക്കാതിരിക്കുക തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നമുക്കിന്നറിയാം. ഇവയെല്ലാംതന്നെ സാങ്കേതികവിദ്യയുടെ ഉപയോഗത്തിനുള്ള മുന്‍കരുതല്‍ മാത്രമാണ്. എന്നാല്‍, സാമൂഹികവും വ്യക്തിപരവും നയപരവുമായ സമീപനങ്ങളില്‍ സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം എന്ന ആശയം ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചു. അമിതമായ, അച്ചടക്കമില്ലാത്ത ഇന്റര്‍നെറ്റ് ഉപയോഗം സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ലോകത്താകമാനം പഠനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
അമിതാസക്തി, അടിമത്തം
ഇന്റര്‍നെറ്റിനോടുള്ള അമിതമായ ആസക്തിയും അടിമത്തവും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍, അമിത ഇന്റര്‍നെറ്റ് ഉപയോഗം കുട്ടികള്‍ക്കുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍, വിവരങ്ങളുടെ അല്ലെങ്കില്‍ അറിവിന്റെ ബാഹുല്യം സൃഷ്ടിക്കുന്ന വൈജ്ഞാനിക പ്രശ്‌നങ്ങള്‍, വ്യക്തിയുടെ പൊതുജീവിതവും സ്വകാര്യജീവിതവും തമ്മിലുള്ള വേര്‍തിരിവിന്റെ നഷ്ടം, സാമൂഹിക-കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന വ്യതിയാനങ്ങള്‍, വ്യക്തികള്‍ക്കു നേരെയും കൂട്ടായ്മകള്‍ക്കു നേരെയും വരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവയൊക്കെ ഇന്നത്തെ പുതിയ പ്രതിസന്ധികളാണ്. ഇന്റര്‍നെറ്റിലെ ഗെയിമുകളോടും ചൂതാട്ടങ്ങളോടുമുള്ള അമിതാസക്തി 2018-ല്‍ ലോകാരോഗ്യ സംഘടന ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസോഡേഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേഷ്യം, അസ്വസ്ഥത, അമിത വെപ്രാളം, ഉത്കണ്ഠ, ഒറ്റപ്പെടല്‍, കുടുംബ-സാമൂഹിക ബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍ എന്നിവയ്ക്ക് അമിത ഇന്റര്‍നെറ്റ് ഉപയോഗം വഴിയൊരുക്കുന്നു.
ഇന്റര്‍നെറ്റിന്റെ അമിത ഉപയോഗം ഏറ്റവും ദോഷകരമായി ബാധിക്കുന്നത് കുട്ടികളെത്തന്നെയാണ്. കുട്ടികളിലെ കോഗ്‌നിറ്റീവ് ഡെവലപ്മെന്റ് അതായത്, ചിന്തിക്കാനും അന്വേഷിക്കാനും കണ്ടെത്താനുമുള്ള കഴിവിന്റെ വികാസത്തെ ഇത് പ്രകടമായി ബാധിക്കും. കൂടാതെ ജൈവികമായ ഓര്‍മശക്തിയുടെ വളര്‍ച്ച, വായിക്കാനും എഴുതാനുമുള്ള കഴിവ്, ഏകാഗ്രത, കാഴ്ചശക്തി, വിശകലനം ചെയ്യാനുള്ള കഴിവ് എന്നിവയെ എല്ലാം അമിത ഓണ്‍ലൈന്‍ ഉപയോഗം ദോഷകരമായി ബാധിക്കുന്നെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ഇര്‍ഫര്‍മേഷന്‍ ഓവര്‍ലോഡ്, അതായത് നമ്മള്‍ പ്രതീക്ഷിക്കുന്നതിനപ്പുറമുള്ള, നമുക്ക് കൈകാര്യം ചെയ്യാന്‍ പറ്റുന്നതിനുമപ്പുറമുള്ള അറിവിന്റെ അല്ലെങ്കില്‍, വിവരങ്ങളുടെ ബാഹുല്യം സൃഷ്ടിക്കുന്ന മാനസിക സമ്മര്‍ദം എല്ലാവരും ഇന്ന് അഭിമുഖീകരിക്കുന്നു. ഇതുകാരണം പല വിഷയങ്ങളിലും യുക്തിസഹമായ തീരുമാനം ബുദ്ധിമുട്ടാകുന്നു. പ്രസക്തമേത്, അപ്രസക്തമേത് തെറ്റേത് ശരിയേത് എന്ന പ്രതിസന്ധി സൈബര്‍ലോകം സൃഷ്ടിക്കുന്നു. ഇത് ഏറ്റവും പ്രകടമായി കാണുന്നത് വൈദ്യശാസ്ത്രപരമായ വിവരങ്ങളുടെ കാര്യത്തില്‍ത്തന്നെയാണ്. എന്തിനും ഏതിനും ഗൂഗിള്‍ ഡോക്ടറെ ആശ്രയിച്ച് ആശയക്കുഴപ്പത്തിലാകുന്നവര്‍ ധാരാളം.
ഇല്ലാതാവുന്ന സ്വകാര്യത
ഒരു വ്യക്തിയുടെ ജീവിതക്രമം, പൊതുജീവിതം, സ്വകാര്യജീവിതം എന്ന വ്യക്തമായ വേര്‍തിരിവുകൊണ്ടാണ് സുഖകരമായി മുന്നോട്ടുപോകുന്നത്. ഇവ തമ്മിലുള്ള വേര്‍തിരിവ് കുറെയെങ്കിലും ഇന്റര്‍നെറ്റിന്റെ വരവോടെ നേര്‍ത്തുതുടങ്ങിയിരിക്കുന്നു. സ്വകാര്യത എന്ന മനുഷ്യന്റെ ഏറ്റവും പ്രിയപ്പെട്ട അനുഭവം പലപ്പോഴും അറിഞ്ഞോ അറിയാതെയോതന്നെ സൈബര്‍ ലോകത്ത് നഷ്ടപ്പെടുന്നു. ഒരാളെ ജോലിക്ക് നിയമിക്കുന്നതിനു മുന്‍പ് അയാളുടെ തികച്ചും വ്യക്തിപരമായ താത്പര്യങ്ങള്‍, സ്വഭാവരീതികള്‍, ബന്ധങ്ങള്‍ എന്നിവ സൈബര്‍ ലോകത്തുനിന്ന് രഹസ്യമായി കണ്ടെത്തി വിശകലനം ചെയ്യുന്ന രീതി ഇന്ന് പല സ്ഥാപനങ്ങളും തുടരുന്നുണ്ട്. കോവിഡ് കാലത്ത് 'വര്‍ക്ക് ഫ്രം ഹോം' വന്നതോടെ ഔദ്യോഗിക ജീവിതവും കുടുംബജീവിതവും ഒന്നായി മാറിക്കഴിഞ്ഞു. കോവിഡ് കാലം കഴിഞ്ഞാലും ഇത് നല്‍കുന്ന സാമ്പത്തിക, മാനേജ്‌മെന്റ് സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഈ രീതി തുടരാന്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ രംഗത്തുവരും. അതുണ്ടാക്കാന്‍ പോകുന്ന കുടുംബ പ്രശ്‌നങ്ങള്‍ വരാനിരിക്കുന്നതേ ഉള്ളൂ.
ഇതിനോടൊപ്പംതന്നെ സാമൂഹിക-കുടുംബ ബന്ധങ്ങളില്‍ വന്ന മാറ്റങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. ചേര്‍ന്നുനില്‍ക്കുന്ന വ്യക്തികള്‍ തമ്മിലുള്ള അകലം വര്‍ധിക്കുകയും അകലെനില്‍ക്കുന്ന വ്യക്തികളുമായി ഉപരിപ്ലവകരമായ ബന്ധങ്ങള്‍ വന്നുതുടങ്ങുകയും ചെയ്യുന്നു. ഒരേ വീട്ടില്‍ത്തന്നെയുള്ള എല്ലാവരും തങ്ങളുടെ സ്വന്തം സൈബര്‍ ലോകത്ത് കൂടുതല്‍ മുഴുകിക്കഴിയുമ്പോള്‍ കുടുംബബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ പഠനവിധേയമാക്കേണ്ടിയിരിക്കുന്നു. ഓണ്‍ലൈന്‍ ഷോപ്പിങ് വ്യാപകമാകുന്നതോടെ പരമ്പരാഗത ഷോപ്പിങ് വഴി കിട്ടിയിരുന്ന സാമൂഹികബന്ധങ്ങളും കുറഞ്ഞുതുടങ്ങി. അശ്‌ളീല വീഡിയോയുടെ അമിതസ്വാധീനം പല കുടുംബങ്ങളിലും ഗുരുതരപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒട്ടേറെ കേസുകള്‍ ഇപ്പോള്‍ വന്നുതുടങ്ങിയിരിക്കുന്നു.
ഉയരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍
ഇന്റര്‍നെറ്റ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ സങ്കേതങ്ങളുടെ ഏറ്റവും വ്യാപകവും അപകടകരവുമായ സാമൂഹിക പ്രശ്‌നം സൈബര്‍ കുറ്റകൃത്യങ്ങളുടെ അമിതമായ വളര്‍ച്ചയാണ്. കേരള പോലീസിന്റെ കണക്കുപ്രകാരം വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാവുന്ന ഗുരുതരമായ സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണം 2016-ല്‍ 283 എണ്ണമായിരുന്നെങ്കില്‍ 2021 നവംബര്‍ ആയപ്പോള്‍ 903 ആണ്. നാഷണല്‍ കം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ പ്രകാരം നിലവില്‍ 24 തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ നിര്‍വചിച്ചിട്ടുണ്ട്. സാധാരണ കേള്‍ക്കുന്ന ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ക്കപ്പുറം സൈബര്‍ കുറ്റകൃത്യങ്ങള്‍ പുതിയരൂപത്തിലും ഭാവത്തിലും വന്നുതുടങ്ങിയിരിക്കുന്നു. സൈബര്‍ ബുള്ളിയിങ്, സൈബര്‍ സ്റ്റാക്കിങ്, സൈബര്‍ ഗ്രൂമിങ്, വിഷിങ്, സ്ലിഷിങ് തുടങ്ങി പുതിയ ഗണത്തില്‍പ്പെടുന്ന ഒട്ടേറെ സൈബര്‍ കുറ്റകൃത്യങ്ങള്‍ വളര്‍ന്നുവരുന്നു. അദ്യശ്യനായ ഒരു കുറ്റവാളി അജ്ഞാതമായ ഒരു കേന്ദ്രത്തിലിരുന്ന്, അത് ലോകത്തിന്റെ ഏത് കോണിലുമാകാം, പരിചിതമല്ലാത്ത ഒരു സാങ്കേതികവിദ്യയിലൂടെ ചെയ്യുന്നതിനാല്‍ ഇതിന്റെ അന്വേഷണം ദുഷ്‌കരവും അല്ലെങ്കില്‍ ചിലപ്പോള്‍ അസാധ്യമാവുകയും ചെയ്യുന്നു.
വാര്‍ത്താ സൃഷ്ടികള്‍
ഇന്റര്‍നെറ്റും സോഷ്യല്‍ മീഡിയയിലുമെല്ലാം മാസ് കമ്യൂണിക്കേഷന്‍ എന്ന മാധ്യമവിഭാഗത്തിലാണ് വരുന്നതെങ്കിലും പരമ്പരാഗത ബഹുജന മാധ്യമങ്ങളായ പത്രം, ടെലിവിഷന്‍, റേഡിയോ തുടങ്ങിയവയില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് പലപ്പോഴും ഇവയുടെ പ്രവര്‍ത്തനരീതി. പ്രവര്‍ത്തനശൈലി വെച്ചുനോക്കിയാല്‍ അത് മാസ് കമ്യൂണിക്കേഷന്‍ എന്നതിലുപരി മാസ് സെല്‍ഫ് കമ്യൂണിക്കേഷന്‍ ആണെന്നു കാണാം. അതായത്, ഒരു വ്യക്തി സ്വന്തം ഇഷ്ടാനിഷ്ടങ്ങളുടെയും വ്യക്തിപരമായ സ്വഭാവ വൈചിത്ര്യങ്ങളുടെയും അടിസ്ഥാനത്തില്‍ പൊതു സമൂഹത്തോട് നിയന്ത്രണങ്ങളോ നയങ്ങളോ ഇല്ലാതെ ആശയവിനിമയം നടത്തുന്നു. മാത്രമല്ല, പലപ്പോഴും ആ വ്യക്തി ആരാണെന്നുപോലും തിരിച്ചറിയാന്‍ കഴിയുകയുമില്ല. പരമ്പരാഗത സംവിധാനത്തില്‍ ഒരു എഡിറ്റോറിയല്‍ നയം, സാമൂഹികനിയമവ്യവസ്ഥകള്‍, പൊതുമര്യാദകള്‍ എന്നിവയൊക്കെ പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍, ഇതൊന്നുമില്ലായെന്നതാണ് ഇന്റര്‍നെറ്റ് ദുരുപയോഗത്തിന്റെ പ്രകടമായ അപകടം. മാത്രമല്ല, പരമ്പരാഗത മാധ്യമങ്ങളെ അപേക്ഷിച്ച് ഇതിന്റെ വ്യാപനം കണ്ടെത്താവുന്നതിനപ്പുറമാണ്. കൂടാതെ, ഓണ്‍ലൈന്‍ സങ്കേതത്തില്‍ വരുന്ന ഒരു വിവരം അത് ശരിയായാലും തെറ്റായാലും നല്ലതായാലും ചീത്തയായാലും ഷെയര്‍ ചെയ്യപ്പെടുന്നതോടെ ആ മേഖലയില്‍ സ്ഥിരസാന്നിധ്യമായി നിലനില്‍ക്കും. പലപ്പോഴും അസ്വീകാര്യമായവ കണ്ടെത്തി ഒഴിവാക്കുക അസാധ്യമാണുതാനും. പൊതുസമൂഹത്തില്‍ സ്വീകാര്യമല്ലാത്തതും നിയമവിരുദ്ധമായതുമായ ഒരു വിവരം വേണ്ട അറിവോ ശ്രദ്ധയോകൂടാതെ ലൈക്ക് ചെയ്യുകയോ, ഷെയര്‍ ചെയ്യുകയോ ചെയ്യുമ്പോള്‍ നമ്മള്‍ ഒരേസമയം ഇരയും വേട്ടക്കാരനുമായി മാറുന്നെന്നത് പലരും തിരിച്ചറിയുന്നുമില്ല.
ഇവയെല്ലാം കണക്കിലെടുക്കുമ്പോള്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും ആത്മാഭിമാനം നഷ്ടപ്പെടാതിരിക്കാനും ആശാസ്യമല്ലാത്ത പ്രവണതകള്‍ ഒഴിവാക്കാനും സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം എന്നതിന് പ്രസക്തിയേറുന്നു. അത് നിയമസംവിധാനത്തിലൂടെമാത്രം ഉറപ്പാക്കാനാവുന്ന ഒരു പ്രക്രിയ അല്ലാത്തതിനാലാണ് 'ടുഗെതര്‍ ഫോര്‍ എ ബെറ്റര്‍ ഇന്റര്‍നെറ്റ്' അതായത്, മെച്ചപ്പെട്ട ഇന്റര്‍നെറ്റിനു വേണ്ടിയുള്ള ഒരു കൂട്ടായ്മ എന്ന പ്രമേയം ഈ വര്‍ഷത്തെ സേഫര്‍ ഇന്റര്‍നെറ്റ് ഡേ മുന്നോട്ടുവെക്കുന്നത്.
കുട്ടികളെ ശ്രദ്ധിക്കുക
ഏറ്റവും പ്രധാനം കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം പ്രായഭേദമെന്യേ നിയന്ത്രിക്കുക എന്നതാണ്. ഒപ്പം സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം എന്നത് ചെറുപ്പത്തില്‍ത്തന്നെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. നിലവില്‍ നമ്മുടെ പാഠ്യപദ്ധതിയിലെങ്ങും ഇതിന് വലിയ പ്രാധാന്യം നല്‍കിയിട്ടില്ല. ലൈംഗികവിദ്യാഭ്യാസം, ഭരണഘടന, നിയമബോധം ഇവയോടൊപ്പംതന്നെയോ അതിലേറെ പ്രാധാന്യത്തോടെയോ ഈ വിഷയത്തെ കാണണം. ഇതില്‍ പ്രാഥമിക ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കുതന്നെയാണ്. അവരതിനെ അങ്ങനെ കാണുന്നുവോ എന്നത് സംശയമാണ്. പണ്ടൊക്കെ ട്രെയിന്‍ യാത്രയില്‍ കണ്ടിരുന്ന ഒരു കാഴ്ച,വണ്ടിയില്‍ കയറിയാലുടന്‍ വലിയ ലെയ്‌സ് പോലുള്ള ചിപ്‌സിന്റെ പാക്കറ്റ് തുറന്ന് കുട്ടിക്കു നല്‍കുന്നതാണ്. കുട്ടി നിശ്ശബ്ദമായി അത് കൊറിച്ചുകൊണ്ട് അടങ്ങിയിരിക്കും. അതിന്റെ സ്ഥാനത്ത് ഇപ്പോള്‍ മൊബൈല്‍ ഗെയിമുകളായി മാറിയിരിക്കുന്നു.
സാങ്കേതികവിദ്യ വികസിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇതില്‍ ഒരു മുഖ്യപങ്ക് വഹിക്കാനുണ്ട്. ഗെയിമുകളുടെ കാര്യത്തില്‍ ഒരു ഐ.പി. അഡ്രസില്‍നിന്ന് കയറുന്ന വ്യക്തി ഗെയിമില്‍ ചെലവഴിക്കുന്ന സമയത്തിന് നിര്‍മിതബുദ്ധിയിലൂടെ നിയന്ത്രണം ഏര്‍പ്പെടുത്തുക. ഫെയ്‌സ്ബുക്ക് പോലുള്ള മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈല്‍ ഒഴിവാക്കുന്നതിന് അക്കൗണ്ട് തുടങ്ങുന്നതിന് ആധാര്‍പോലുള്ള തിരിച്ചറിയല്‍രേഖ നിര്‍ബന്ധമാക്കുക, കുട്ടികള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ആശാസ്യമല്ലാത്ത വിഷയങ്ങളിലേക്ക് നാവിഗേഷന്‍ നടത്തിയാല്‍ രക്ഷാകര്‍ത്താവിന്റെ ഫോണിലേക്ക് ഒരു അലര്‍ട്ട് സന്ദേശം വരുന്നതും ഡിസേബിള്‍ ചെയ്യാന്‍ പറ്റാത്തതുമായ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുക തുടങ്ങി ഒട്ടേറെ സാങ്കേതിക ഇടപെടലുകള്‍ സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ചെയ്യാന്‍ കഴിയും.
ഈയടുത്ത് തിരുവനന്തപുരത്ത് ഒരു ഏഴുവയസ്സുകാരന്‍ ഒരു പോക്‌സോ കേസില്‍ ഗുഡ് ടച്ചും, ബാഡ് ടച്ചും എനിക്കറിയാം എന്നുപറഞ്ഞ് പ്രതിക്ക് ശിക്ഷ വാങ്ങിനല്‍കിയ വാര്‍ത്ത നാമെല്ലാം കേട്ടു. ശരിയായ രീതിയില്‍ നല്‍കിയ ലൈംഗിക വിദ്യാഭ്യാസത്തിന്റെ നേട്ടം. ഇതുപോലെത്തന്നെ സൈബര്‍ ലോകത്തും ഗുഡ് ടച്ചും ബാഡ് ടച്ചും ഉണ്ടെന്ന് സമൂഹത്തെ മൊത്തത്തില്‍ ബോധവത്കരിക്കേണ്ടതാണ് ഈ സൈബര്‍യുഗത്തിന്റെ പ്രധാന പരിഗണനകളിലൊന്ന്.
Content Highlights: Safer Internet Day (SID) is organised by Insafe in February of each year to promote safer and more responsible use of online technology and mobile phones
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..