എസ്. സോമനാഥിന് തിരുവനന്തപുരത്തെ വസതിയിൽ മകൾ മാലികയും ഭാര്യ വത്സലകുമാരിയും ചേർന്ന് മധുരംനൽകി ആഹ്ലാദം പങ്കുവെക്കുന്നു
ബഹിരാകാശ ഗവേഷണ രംഗത്ത് രാജ്യം ഏറെ മുന്നേറുമ്പോള്‍ ചന്ദ്രയാനിലും ജി.എസ്.എല്‍.വി.യിലും അവിസ്മരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച എസ്. സോമനാഥ് മലയാളികള്‍ക്കാകെ അഭിമാനമാവുകയാണ്.
'ഭൂമിയില്ലെങ്കില്‍ ആകാശവും ശൂന്യാകാശവും മറ്റുഗ്രഹങ്ങളുമില്ല. അതുകൊണ്ട് ആകാശങ്ങള്‍ സ്വപ്നംകാണുന്നത് ഭൂമിയില്‍ നിലയുറപ്പിച്ചുകൊണ്ടാകണം.' രാജ്യത്തിന്റെ ബഹിരാകാശദൗത്യങ്ങളുടെ തലപ്പത്തെത്തിയ ഡോ. എസ്. സോമനാഥ് ജീവിതപാഠമായി ഒരിക്കല്‍ പറഞ്ഞു. അതുകൊണ്ടാകണം, അദ്ദേഹത്തിന്റെ അമ്പലംമുക്ക് മുരളീനഗറിലെ ശ്രീവാസം വീട്ടില്‍ മണ്ണിന്റെ മണവും ഭൂമിയുടെ സംഗീതവും നിറഞ്ഞുനില്‍ക്കുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ സയന്‍സ് വിഷയങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതിനുള്ള സമ്മാനം വാങ്ങിക്കാനാണ് സോമനാഥ് തിരുവനന്തപുരത്ത് ആദ്യമായി വന്നത്. ഇപ്പോള്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം സോമനാഥിനൊപ്പം ഈ നഗരവും അഭിമാനത്തിന്റെ ആകാശങ്ങളിലാണ്.
1985-ല്‍ ആദ്യ പി.എസ്.എല്‍.വി. റോക്കറ്റിന്റെ നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ ഐ.എസ്.ആര്‍.ഒ. തിരഞ്ഞെടുത്ത പ്രഗല്ഭവിദ്യാര്‍ഥികളിലൊരാളായിരുന്നു കൊല്ലം ടി.കെ.എം. എന്‍ജിനിയറിങ് കോളേജിലെ മെക്കാനിക്കല്‍ വിഭാഗം വിദ്യാര്‍ഥി സോമനാഥ്. കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥികളായ പി. സുരേഷ് ബാബു, വി.പി. ജോയ്, ജെയിംസ് കെ. ജോര്‍ജ്, ഷാജി ചെറിയാന്‍ എന്നീ സുഹൃത്തുക്കള്‍ക്കൊപ്പമാണ് സോമനാഥും ഐ.എസ്.ആര്‍.ഒ.യുടെ വലിയമല കേന്ദ്രത്തിലെത്തിയത്. ഇവരില്‍ ജെയിംസും ഷാജിയും സോമനാഥിന്റെ സഹപ്രവര്‍ത്തകരായി. വി.പി. ജോയി ഐ.എ.എസിലെത്തി കേരളത്തിന്റെ ചീഫ് സെക്രട്ടറിയായി. പി. സുരേഷ് ബാബുവും ഐ.എ.എസിലെത്തി.
വലിയമലയിലും തുമ്പയിലുമായി ഇന്ത്യയുടെ ബഹിരാകാശലോകത്തിനൊപ്പം വളര്‍ന്ന സോമനാഥ് ജോലിക്ക് സമയപരിധി നോക്കാത്തയാളാണെങ്കിലും ആ പരാതി വീട്ടുകാര്‍ക്കില്ല. ആളെ വീട്ടില്‍ക്കിട്ടാന്‍ പ്രയാസമാണെങ്കിലും ഉള്ളസമയത്തെല്ലാം വീട്ടില്‍ പാട്ടും സന്തോഷവുമാണെന്ന് സോമനാഥിന്റെ ഭാര്യ വത്സലകുമാരി പറയുന്നു. തിരുവനന്തപുരം ജി.എസ്.ടി. ഭവനില്‍ സൂപ്രണ്ടാണ് വത്സലകുമാരി.
ശ്രീഹരിക്കോട്ടയില്‍ വിക്ഷേപണം ഉള്ളപ്പോള്‍ പലപ്പോഴും രാത്രി വൈകിയെത്തി പിറ്റേന്നുരാവിലെ കൃത്യം എട്ടിന് ഓഫീസില്‍ പോകുന്നയാളാണ് ഭര്‍ത്താവെന്ന് വത്സലകുമാരി പറയുന്നു. വര്‍ഷങ്ങളായി ഈ ജോലിത്തിരക്ക് കാണുന്നു. എന്നാല്‍, ഔദ്യോഗികവേഷം മാറ്റിക്കഴിഞ്ഞാല്‍ അദ്ദേഹം ഈ വീട്ടിലെ മൂത്തകുട്ടിയെപ്പോലെയാണ്, തനി വീട്ടുകാരനും.
ആലപ്പുഴ തുറവൂരുകാരനായ സോമനാഥിന്റെ സ്‌കൂള്‍വിദ്യാഭ്യാസം അരൂരിലും പ്രീഡിഗ്രി എറണാകുളം മഹാരാജാസ് കോളേജിലുമായിരുന്നു. സ്‌കൂളധ്യാപകനായിരുന്ന അച്ഛന്‍ ശ്രീധരപ്പണിക്കരുടെയും അമ്മ തങ്കമ്മയുടെയും മേല്‍നോട്ടത്തില്‍ മികച്ചവിദ്യാര്‍ഥിയായിരുന്നു സോമനാഥ്. സ്‌കോളര്‍ഷിപ്പ് തുകകൊണ്ടാണ് പഠിച്ചത്. ഐ.എസ്.ആര്‍.ഒ.യില്‍നിന്ന് അവധിയെടുത്ത് ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്നു എയ്‌റോസ്‌പേസ് എന്‍ജിനിയറിങ്ങില്‍ പി.ജി. നേടി. അവധിയും സമയവും നോക്കാതെയുള്ള ജോലി. ഇതെല്ലാം അദ്ദേഹത്തിന്റെ മക്കളും മാതൃകയാക്കി. എം.ടെക് കഴിഞ്ഞ മകള്‍ മാലിക ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ പിഎച്ച്.ഡി. ചെയ്യുന്നു. ബി.ടെക് കഴിഞ്ഞ മകന്‍ മാധവ് എറണാകുളത്ത് ജോലിചെയ്യുകയാണ്. ചെറുപ്പത്തില്‍ പാട്ടുപഠിക്കാന്‍ കഴിയാത്തതിന്റെ വിഷമം സോമനാഥ് പരിഹരിച്ചത് മുതിര്‍ന്നിട്ടാണ്. സംഗീതപഠനം ജോലിയുടെ ടെന്‍ഷന്‍ കുറയ്ക്കാനും ഉപകരിച്ചു.
കോവിഡ് കാരണം നീണ്ടുപോയ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗന്‍യാന്റെ പൂര്‍ത്തീകരണം പുതിയ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്റെ നേതൃത്വത്തിലാകുമെന്നാണ് പ്രതീക്ഷ. സോമനാഥിലൂടെ മലയാളം അഭിമാനത്തിലേക്കുയരുന്ന ആ നിമിഷത്തിന് കാത്തിരിക്കുകയാണ് കേരളമാകെ.
നിയുക്ത ചെയര്‍മാന്‍ എസ്. സോമനാഥ് 'മാതൃഭൂമി'യോട്
ഭാരതീയ ബഹിരാകാശ പദ്ധതികളുടെ വ്യാപ്തി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഐ.എസ്.ആര്‍.ഒയുടെ നിയുക്ത ചെയര്‍മാന്‍ എസ്. സോമനാഥ് . വ്യവസായ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയൊക്കെ ഉള്‍പ്പെടുത്തിയാകും ഇത്. എല്ലാവര്‍ക്കും അഭിമാനംനല്‍കുന്ന ശാസ്ത്ര സ്ഥാപനങ്ങളുടെ തലപ്പത്തേക്ക് നിയോഗിക്കപ്പെടുന്നത് അനുഗ്രഹമായി കാണുകയാണെന്നും അടുത്ത ആഴ്ചയോടെ ചുമതലയേല്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരും വര്‍ഷങ്ങളിലേക്കായി ബഹിരാകാശ രംഗത്തെ ഒരുക്കലാണ് പ്രധാനം. രാജ്യത്തിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയെന്നതാണ് ഉത്തരവാദിത്വം. ബഹിരാകാശ സാങ്കേതികത രാജ്യത്തിന്റെയും ജനങ്ങളുടെയും ഉപയോഗങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. അത് നമ്മുടെ ജീവിതത്തെ തൊടുന്നതാണ്. ജനങ്ങള്‍ക്ക് ഉപയുക്തമാകുന്നതരത്തില്‍ കൂടുതല്‍ മാറ്റിയെടുക്കണം. മനുഷ്യന്റെ ബഹിരാകാശ യാത്ര, ചന്ദ്രയാത്ര, ചൊവ്വായാത്ര എന്നിവയൊക്കെ ഭാവി ലക്ഷ്യങ്ങളാണെന്നും സോമനാഥ് പറഞ്ഞു.
ഇന്ത്യയുടെ 'മാര്‍ക്ക്' മാന്‍
ബഹിരാകാശ വിക്ഷേപണ വാഹനങ്ങളുടെ രൂപകല്പനയിലും വികാസത്തിലും അവയുടെ നിയന്ത്രണത്തിലും ശക്തമായ അടിത്തറയുമായാണ് ഐ.എസ്.ആര്‍.ഒ.യുടെ തലപ്പത്തേക്ക് എസ്. സോമനാഥ് ഉയരുന്നത്. ചന്ദ്രയാന്‍ രണ്ടാം ദൗത്യത്തിന്റെ ആദ്യവിക്ഷേപണത്തിന് തടസ്സമായിരുന്ന ക്രയോജനിക് എന്‍ജിനിലെ തകരാര്‍ പരിഹരിച്ചതുള്‍പ്പെടെ മൂന്നുപതിറ്റാണ്ടിലധികമുള്ള സേവനകാലത്ത് ഒട്ടേറെ അവിസ്മരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ച ശാസ്ത്രജ്ഞനാണ് അദ്ദേഹം.
മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള പദ്ധതിയായ ഗഗന്‍യാന്റെയും മറ്റു വിക്ഷേപണവാഹന പദ്ധതികളുടെയും അമരത്തുനിന്നാണ് സോമനാഥ് ഐ.എസ്.ആര്‍.ഒ.യുടെ തലപ്പത്തെത്തി വീണ്ടുമൊരു മലയാളിസാന്നിധ്യമാകുന്നത്. 1985-ലാണ് ഭാരതീയ ബഹിരാകാശ ഗവേഷണകേന്ദ്രത്തിന്റെ ഭാഗമായത്. പി.എസ്.എല്‍.വി. ഏകീകരണത്തിന്റെ അമരക്കാരനായി. പി.എസ്.എല്‍.വി.യുടെ പ്രോജക്ട് മാനേജര്‍ എന്നനിലയില്‍ വിവിധ മേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചു. പിന്നീട് ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്ന് പദ്ധതിയില്‍ എത്തിയതോടെ വിക്ഷേപണവാഹനത്തിന്റെ മൊത്തത്തിലുള്ള രൂപകല്പന, ദൗത്യരൂപകല്പന, ഘടനാപരമായ രൂപകല്പന, സംയോജനം തുടങ്ങിയവയ്ക്ക് നേതൃത്വംനല്‍കി.
വിക്ഷേപണവാഹനങ്ങളുടെ സിസ്റ്റം എന്‍ജിനിയറിങ് മേഖലയിലും പ്രാഗല്ഭ്യം തെളിയിച്ചു. ക്രയോജനിക് എന്‍ജിന്‍ വികസനത്തിനും അത് പ്രാവര്‍ത്തികമാക്കുന്നതിനും മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചു. ജി.എസ്.എല്‍.വി.യുടെ വിവിധ വിജയദൗത്യങ്ങളുടെയും ഭാഗമായി. ക്രൂ മൊഡ്യൂള്‍ അറ്റ്മോസ്ഫിയറിക് റീ എന്‍ട്രി എക്സ്പെരിമെന്റ് (കെയര്‍) ദൗത്യത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ 2014 ഡിസംബര്‍ 18-ന് വിജയകരമായി പൂര്‍ത്തിയാക്കിയതും സോമനാഥിന്റെ നേതൃത്വത്തിലാണ്. ഉയര്‍ന്ന ത്രസ്റ്റിലുള്ള സെമി-ക്രയോജനിക് എന്‍ജിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജംപകര്‍ന്നു. ചന്ദ്രയാന്‍ രണ്ടിന്റെ ലാന്‍ഡറിനായി പ്രത്യേകതരം എന്‍ജിനുകള്‍ വികസിപ്പിച്ചതും ജിസാറ്റ് 9-ല്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സമ്പ്രദായം ആദ്യമായി വിജയകരമായി ഉപയോഗിച്ചതും നേട്ടമാണ്.
ഐ.എസ്.ആര്‍.ഒ.യുടേതുള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടി. ഇന്റര്‍നാഷണല്‍ അക്കാദമി ഒഫ് ആസ്ട്രോനാട്സ് അംഗം, ഇന്‍ര്‍നാഷണല്‍ ആസ്ട്രോനോട്ടിക്കല്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് തുടങ്ങിയ ഒട്ടേറെ ചുമതലകളും വഹിച്ചു. 2015 ജൂണില്‍ വലിയമല എല്‍.പി.എസ്.സി.യുടെ ഡയറക്ടറായ സോമനാഥ്, 2018 ജനുവരിയില്‍ വി.എസ്.എസ്.സി. ഡയറക്ടറായി. വി.എസ്.എസ്.സി.യിലും ഡോ. കെ. ശിവന്റെ പിന്‍ഗാമിയായെത്തിയ അദ്ദേഹം, ഐ.എസ്.ആര്‍.ഒ. ചെയര്‍മാനാകുന്നതും ഡോ. കെ. ശിവന്റെ പിന്‍ഗാമിയായിത്തന്നെയാണ്. ഡോ. കെ. ശിവന്റെ കാലാവധി കേന്ദ്രം നീട്ടിനല്‍കിയപ്പോഴും സോമനാഥ് അടുത്ത ചെയര്‍മാനാകുമെന്ന് ഈ രംഗത്തുള്ളവര്‍ ഉറപ്പിച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..