റഷ്യയിലേത് പുറംപൂച്ച് ജനാധിപത്യമോ?


എ.എം. ഷിനാസ്

റഷ്യയില്‍ നിലനിന്നുപോരുന്ന രാഷ്ട്രീയവ്യവസ്ഥ ജനാധിപത്യമാണെന്നതാണ് വെപ്പ്. എന്നാല്‍, അക്ഷരാര്‍ഥത്തില്‍ അവിടെ പുലരുന്നത് 'പുറംപൂച്ച് ജനാധിപത്യ'മത്രെ. ജനാധിപത്യത്തിന്റെ വളരെനേര്‍ത്ത മേല്‍പ്പാളിയുള്ള, അധികാരപ്രമത്തമായ സമഗ്രാധിപത്യമാണത്

വ്‌ളാദിമിർ പുതിൻ

1991 ഡിസംബറിലാണ് മുന്‍ സോവിയറ്റ് യൂണിയന്‍ 'ഔദ്യോഗികമായി' നിഷ്‌ക്രമണം ചെയ്യുന്നത്. അതിനും രണ്ടുമൂന്ന് വര്‍ഷം മുമ്പുതന്നെ ആ യൂണിയന്‍ ഫലത്തില്‍ ഇല്ലാതായിക്കഴിഞ്ഞിരുന്നു. 1991 മുതല്‍ 2021 വരെ റഷ്യയില്‍ നിലനിന്നുപോരുന്ന രാഷ്ട്രീയവ്യവസ്ഥ ജനാധിപത്യമാണെന്നാണ് വെപ്പ്. എന്നാല്‍, അക്ഷരാര്‍ഥത്തില്‍ അവിടെ പുലരുന്നത് 'പുറംപൂച്ച് ജനാധിപത്യ'മത്രെ. ജനാധിപത്യത്തിന്റെ വളരെനേര്‍ത്ത മേല്‍പ്പാളിയുള്ള, അധികാരപ്രമത്തമായ സമഗ്രാധിപത്യമാണത്. വ്ളാദിമിര്‍ പുതിന്റെ സവിശേഷശൈലിയും പ്രഹേളികാസമാനമായ പ്രവൃത്തികളും മിക്കപ്പോഴും അധികാരദുര ഗ്രഹിച്ച തികഞ്ഞ ഒരു ഏകാധിപതിയെപ്പോലെയാണ്. അതുകൊണ്ടാണല്ലോ 2036 വരെ അധികാരത്തില്‍ തുടരാനുള്ള 'അവകാശം' 68-കാരനായ പുതിന്‍ കഴിഞ്ഞ വര്‍ഷം ഭരണഘടനാഭേദഗതിയിലൂടെ സമ്പാദിച്ചത്. റഷ്യയില്‍ വാസ്തവത്തിലുള്ളത് ഒരു ബഹുകക്ഷിവ്യവസ്ഥയല്ല, സമഗ്രാധിപത്യസഖ്യമാണ്.

ഈ സെപ്റ്റംബര്‍ 17, 18, 19 തീയതികളില്‍ റഷ്യയുടെ അധോസഭയായ ദ്യൂമയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പുതിന്റെ പാര്‍ട്ടിയായ 'യുണൈറ്റഡ് റഷ്യ' 50 ശതമാനത്തോളം വോട്ടുനേടി മൂന്നില്‍രണ്ട് ഭൂരിപക്ഷത്തോടെ ജയിച്ചത് കഴിഞ്ഞ മൂന്നു ദശാബ്ദമായി റഷ്യന്‍ രാഷ്ട്രീയത്തെ അത്ര സൂക്ഷ്മമല്ലാതെ നിരീക്ഷിക്കുന്നവരെപ്പോലും തെല്ലും അദ്ഭുതപ്പെടുത്തുന്നതായിരുന്നില്ല. കാരണം, അങ്ങനെയേ സംഭവിക്കുമായിരുന്നുള്ളൂ. കഴിഞ്ഞ ദ്യൂമ (Duma) തിരഞ്ഞെടുപ്പില്‍ (2016) 54 ശതമാനം വോട്ടുനേടിയിരുന്നു ഈ പാര്‍ട്ടി.

ഏതാണ്ട് തകര്‍ന്ന സമ്പദ്വ്യവസ്ഥ, അടിക്കടിയുള്ള വിലക്കയറ്റം, വേതനത്തിലെ ഇടിവ്, കോവിഡിന്റെ കാര്യത്തിലുണ്ടായ വന്‍അനാസ്ഥ, വിയോജനശബ്ദങ്ങളുടെ നിഷ്ഠുരമായ അടിച്ചമര്‍ത്തല്‍, ജീവിതനിലവാരത്തിലെ അഭൂതപൂര്‍വമായ താഴ്ച, പുതിന്റെ ശക്തനായ എതിരാളിയായ അലക്സി നാവല്‍നിയെ തുറുങ്കിലടച്ചത് തുടങ്ങി ഒട്ടേറെ പ്രതികൂലഘടകങ്ങളുണ്ടായിട്ടും 50 ശതമാനം വോട്ടും ദ്യൂമയില്‍ മൂന്നില്‍ രണ്ടുഭൂരിപക്ഷവും ഒപ്പിക്കാന്‍ എങ്ങനെ പുതിന് കഴിഞ്ഞു? മറ്റേതൊരു ജനാധിപത്യരാജ്യത്തിലാണെങ്കിലും ഭരിക്കുന്ന കക്ഷികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ വിനയായിത്തീരുമായിരുന്നു. എന്നിട്ടും പുതിന്‍ ജയിക്കുന്നതെന്തുകൊണ്ടാണ്? വോട്ടെടുപ്പിലെ കള്ളക്കളികളുടെയും കൃത്രിമത്തിന്റെയും വോട്ടുകച്ചവടത്തിന്റെയും അതാര്യമായ തിരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെയും കാര്യമെല്ലാം അവിടെ നില്‍ക്കട്ടെ.

സ്വതന്ത്രറഷ്യകണ്ട ഏറ്റവും കഴിവുകെട്ടവനും അഴിമതിക്കാരനും കാര്യശേഷിയുടെ മറുധ്രുവവുമായിരുന്ന പ്രസിഡന്റായിരുന്നു ബോറിസ് യെല്‍സിന്‍. 1991-'96 കാലത്ത് ബോറിസ് യെല്‍സിന്റെ ആദ്യ ഊഴത്തില്‍, ഈ ലേഖകന്‍ റഷ്യയിലുണ്ടായിരുന്നു. ഭൂമിയിലെ നരകമെന്ന് ഓരോ റഷ്യക്കാരനും ദൈനംദിന ജീവിതത്തില്‍ അനുനിമിഷം അനുഭവവേദ്യമായ കാലം. 1996-ല്‍ യെല്‍സിന്‍ വീണ്ടും മത്സരിച്ചു. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഗെന്നഡി ഷ്യുഗാനോവായിരുന്നു എതിരാളി. പല ശുദ്ധാത്മാക്കളും വിചാരിച്ചത് ആ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പിഴുതെറിയപ്പെടുമെന്നായിരുന്നു. സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. തുടര്‍ന്ന്, 1999 വരെ ആ പഴയ കമ്യൂണിസ്റ്റ് പൊളിറ്റ് ബ്യൂറോ അംഗം തന്നെ റഷ്യ ഭരിച്ചു!.

കമ്യൂണിസ്റ്റുകളുടെ നിലപാട്

ഇനി കാര്യത്തിലേക്ക് വരാം. ഈ തിരഞ്ഞെടുപ്പില്‍ യുണൈറ്റഡ് റഷ്യക്കുപിന്നില്‍ 19 ശതമാനം വോട്ടുനേടിയത് 1993-ല്‍ സ്ഥാപിതമായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് റഷ്യന്‍ ഫെഡറേഷനായിരുന്നു. 77-കാരനായ ഗെന്നഡി ഷ്യുഗാനോവാണ് ഇപ്പോഴും നേതാവ്. ദ്യൂമയില്‍ പുതിന്റെ പല നയങ്ങളെയും സര്‍വാത്മനാ പിന്തുണയ്ക്കുന്ന കമ്യൂണിസ്റ്റ് നേതാവ്. പക്ഷേ, പുറമേ അത്യാവശ്യം പ്രതിപക്ഷ നാട്യങ്ങളൊക്കെയുണ്ട്. ഈ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പൊതുവേ വിളിക്കുന്നത് പുതിന്റെ 'കൂറുള്ള പ്രതിപക്ഷം' എന്നും പോക്കറ്റ് പ്രതിപക്ഷമെന്നുമാണ്. അതുകൊണ്ട് പുതിന് ഷ്യുഗാനോവിനോട് ഒരു പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ബഹുമാനമുണ്ടാകാനേ തരമുള്ളൂ. പക്ഷേ, ഇദ്ദേഹത്തിനുനേരെയുള്ള രോഷം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കകത്ത് ശക്തമാണ്. റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി റാഡിക്കലാകണമെന്ന പക്ഷക്കാരാണവര്‍.

പിന്നെ ദ്യൂമയിലുള്ള പാര്‍ട്ടികള്‍ (ദ്യൂമയില്‍ അംഗത്വം കിട്ടാന്‍ തിരഞ്ഞെടുപ്പില്‍ അഞ്ചുശതമാനം വോട്ടെങ്കിലും കിട്ടണം) ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് റഷ്യ (എല്‍.ഡി.പി.ആര്‍.), ജസ്റ്റ് റഷ്യ, എന്നിവയാണ്. ഇതില്‍ എല്‍.ഡി.പി.ആര്‍. പുതിന് വിശ്വസിക്കാവുന്ന പ്രതിപക്ഷമാണ്.

ഇനി ദ്യൂമയിലേക്ക് 2026-ലും 2031-ലും തിരഞ്ഞെടുപ്പ് നടക്കും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2024-ലും 2030-ലും നടക്കും. അപ്പോള്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനമായിരിക്കുമോ റഷ്യന്‍ രാഷ്ട്രീയത്തിന്റെ പരിവര്‍ത്തനമായിരിക്കുമോ സംഭവിക്കുക? കാത്തിരുന്നു കാണാം.


പുതിനാധിപത്യം

പ്രസിഡന്റ്, പ്രധാനമന്ത്രി പദങ്ങളിലായി രണ്ടുപതിറ്റാണ്ടിലേറെയായി റഷ്യന്‍ ഭരണതലപ്പത്ത് വ്ളാദിമിറോവിച്ച് പുതിനുണ്ട്. നാലുതവണ പ്രസിഡന്റും രണ്ടുതവണ പ്രധാനമന്ത്രിയും. വിമര്‍ശനങ്ങളെ മറികടന്ന് 83 വയസ്സുവരെ (2036) താന്‍തന്നെ രാജ്യം ഭരിക്കുമെന്നുറപ്പിക്കാന്‍ ഭരണഘടനാഭേദഗതിയും വരുത്തി.

• സോവിയറ്റ് ചാരസംഘടന കെ.ജി.ബി.ക്കുവേണ്ടി കിഴക്കന്‍ ജര്‍മനിയിലടക്കം 15 കൊല്ലത്തോളം പ്രവര്‍ത്തിച്ച പുതിന്‍, എഫ്.എസ്.ബി.യുടെയും (കെ.ജി.ബി.യുടെ പിന്‍ഗാമി) തലവനായി.

• 1999 ഓഗസ്റ്റില്‍ താത്കാലിക പ്രധാനമന്ത്രിയായി രംഗപ്രവേശം. അതേവര്‍ഷം ഡിസംബര്‍ 31-ന് പ്രസിഡന്റ് ബോറിസ് യെല്‍സിന്‍ രാജിവെച്ച് പുതിനെ താത്കാലിക പ്രസിഡന്റാക്കി.

• 2000 മാര്‍ച്ചില്‍ തിരഞ്ഞെടുപ്പിലൂടെ ആദ്യമായി പ്രസിഡന്റ് പദവിയില്‍. 2004-ല്‍ രണ്ടാമതും (2008 വരെ ഭരണത്തില്‍)

• റഷ്യന്‍ ഭരണഘടനപ്രകാരം ഒരാള്‍ക്ക് തുടര്‍ച്ചയായി രണ്ടുതവണയേ പ്രസിഡന്റാവാനാവുമായിരുന്നുള്ളൂ. അതിനാല്‍ 2008-ല്‍ പ്രധാനമന്ത്രിപദം സ്വീകരിച്ച പുതിന്‍, അനുയായി ദിമിത്രി മെദ്വെദേവിനെ പ്രസിഡന്റാക്കി.

• 2012-ല്‍ വീണ്ടും പ്രസിഡന്റായശേഷം തിരിച്ചിറക്കമുണ്ടായിട്ടില്ല. പ്രസിഡന്റിന്റെ ഭരണകാലാവധി നാലില്‍നിന്ന് ആറാക്കി. 2036 വരെ ഇനി രാജ്യം ഭരിക്കും.

പകയ്ക്ക് ഇരയായ എതിരാളികള്‍

• അന്ന പൊളിറ്റ്‌കോവ്സ്‌കയ: ചെച്നിയയില്‍ റഷ്യ നടത്തുന്ന യുദ്ധത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തക. 2006-ല്‍ പുതിന്റെ പിറന്നാള്‍ദിനത്തില്‍ അന്ന വെടിയേറ്റുമരിച്ചു. അന്നയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച നതാലിയ എസ്‌തെറിമോവ, അവരുടെ അഭിഭാഷകന്‍ സ്റ്റാനിസ്ലാവ് മെര്‍കെലോവ് എന്നിവരും പിന്നീട് കൊല്ലപ്പെട്ടു.

• അലക്‌സാണ്ടര്‍ ലിത്വിനെങ്കോ: റഷ്യയുടെ മുന്‍ ചാരനും പിന്നീട് ബ്രിട്ടനിലേക്ക് കൂറുമാറുകയും ചെയ്ത ലിത്വിനെങ്കോയെ 2006-ല്‍ ചായയില്‍ റേഡിയോ ആക്ടീവ് പൊളോണിയം-210 കലര്‍ത്തിനല്‍കിയാണ് കൊന്നത്. ബ്രിട്ടനിലെ ഹോട്ടലിലായിരുന്നു സംഭവം.

• സെര്‍ജി സ്‌ക്രിപാല്‍: 2018 മാര്‍ച്ചിലാണ് മുന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും നേരെ ഇംഗ്ലണ്ടില്‍വെച്ച് റഷ്യന്‍ ചാരന്‍മാര്‍ നോവിചോക് വിഷവാതകപ്രയോഗം നടത്തുന്നത്. ഇരുവരും ചികിത്സയിലൂടെ രക്ഷപ്പെട്ടെങ്കിലും അയല്‍വാസിയായ സ്ത്രീ മരിച്ചു.

• ബോറിസ് നെമത്സോവ്: പുതിന്റെ വിമര്‍ശകനും പ്രതിപക്ഷനേതാവുമായ അദ്ദേഹം 2015-ല്‍ വെടിയേറ്റുമരിച്ചു.

• യൂറി ചെകോചിഖിന്‍: പത്രപ്രവര്‍ത്തകനായ അദ്ദേഹം 2003-ല്‍ വിഷബാധയേറ്റുമരിച്ചു

• അലെക്‌സി നവല്‍നി: പ്രതിപക്ഷനേതാവായ അദ്ദേഹത്തിനുനേരെ 2020 ഓഗസ്റ്റില്‍ വിമാനയാത്രയ്ക്കിടെ നോവിചോക് വിഷപ്രയോഗമുണ്ടായി. ജര്‍മനിയിലെ ചികിത്സയ്ക്കുശേഷം ജിവിതത്തിലേക്ക് തിരികെവന്നു. ഇപ്പോള്‍ റഷ്യന്‍ ജയിലില്‍.

റഷ്യന്‍ പാര്‍ലമെന്റിലെ (ഫെഡറല്‍ അസംബ്ലി) അധോസഭയായ ദ്യൂമയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പുതിന്റെ യുണൈറ്റഡ് റഷ്യ പാര്‍ട്ടി ഇത്തവണ 49.8 ശതമാനം വോട്ടാണ് നേടിയത്. 2016-ല്‍ 54 ശതമാനം വോട്ടുനേടിയിരുന്നു.

• ദ്യൂമയിലെ അംഗങ്ങള്‍ -450

തയ്യാറാക്കിയത്: ഷിനില മാത്തോട്ടത്തില്‍

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section
Most Commented