റഷ്യ-യുക്രൈൻ യുദ്ധത്തിൽ തകർന്ന ബഹ്മുതിലെ കെട്ടിടം|ഫോട്ടോ:ഗെറ്റി ഇമേജസ്
ബഹ്‌മുത് തകര്‍ന്ന ഹിരോഷിമയുടെ ചിത്രങ്ങളെ ഓര്‍മിപ്പിക്കുന്നു. ഒന്നുമവിടെ ബാക്കിയില്ല, എല്ലാ കെട്ടിടങ്ങളും തകര്‍ന്ന് തരിപ്പണമായി. പക്ഷേ, രാജ്യത്തിന്റെ നട്ടെല്ലായ ബഹ്‌മുത് പിടിച്ചെടുത്തുവെന്ന റഷ്യയുടെ അവകാശ വാദം ശരിയല്ല. അവിടെ പോരാട്ടം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ സ്വത്തായ ജനങ്ങളെ ഞങ്ങള്‍ മരണത്തിന് വിട്ടുകൊടുക്കില്ല- യുക്രൈന്‍ പ്രസിഡന്റ് വൊളാദിമിര്‍ സെലന്‍സ്‌കി കഴിഞ്ഞ ദിവസം ജി 7 ഉച്ചകോടി നേതാക്കളെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിച്ചത് ഇങ്ങനെയാണ്.
റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങി ഒന്നേകാല്‍ വര്‍ഷം പിന്നിടുമ്പോഴാണ് ബഹ്‌മുത് പിടിച്ചെടുത്തു കഴിഞ്ഞുവെന്ന ഔദ്യോഗിക പ്രഖ്യാപനം യുദ്ധമുഖത്ത് മുന്‍നിരയിലുള്ള റഷ്യയുടെ സമാന്തര സൈന്യം വാഗ്നര്‍ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചത്. ഇതിനെ അഭിനന്ദിച്ച് കൊണ്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിനെതിരേ ലോകത്തിന്റെ പിന്തുണ തേടി സെലന്‍സ്‌കി ജി.7 നേതാക്കളെ കണ്ടത്. ബഹ്‌മുതിന്റെ വിജയത്തിന് ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ഇവിടെനിന്നും തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ച് അധികാരം റഷ്യയ്ക്ക് കൈമാറുമെന്നാണ് ഇപ്പോള്‍ വാഗ്നര്‍ ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. അങ്ങനെയാവുമ്പോള്‍ ഇത് യുക്രൈന്‍ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയുമാവും. എന്തുകൊണ്ടാണ് ബഹ്‌മുത് റഷ്യയ്ക്കും യുക്രൈനിനും നിര്‍ണായകമാവുന്നത്? കഴിഞ്ഞ എട്ടു മാസമായി ബഹ്‌മുതില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതെന്താണ്?
.jpg?$p=118490c&&q=0.8)
ബഹ്‌മുത് ഇങ്ങനെ
ഡൊണെറ്റ്സ്‌കില്‍നിന്ന് 55 കിലോ മീറ്റര്‍ അകലെയുള്ള ബഹ്‌മുത് ഉപ്പുവ്യവസായത്തിനും ജിപ്സം ഖനികള്‍ക്കും പേരുകേട്ടതാണ്. വ്യാവസായിക മേഖലയായ ഡൊണെറ്റ്സ്‌കും സമീപ പ്രവിശ്യയായ ലുഹാന്‍സ്‌കും ചേര്‍ന്ന ഡോണ്‍ബാസ്, 2014-ലെ ക്രൈമിയ യുദ്ധംമുതല്‍ വിമതനീക്കം ശക്തമായ പ്രദേശമാണ്. ബോള്‍ഷെവിക് വിപ്ലവത്തിനു ശേഷം അര്‍ട്ടിയോമോവ്സ്‌ക് എന്നായിരുന്നു ബഹ്‌മുതിന്റെ പേര്. അന്ന് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു യുക്രൈന്‍. 2022-ല്‍ ആരംഭിച്ച യുക്രൈന്‍ അധിനിവേശത്തില്‍ കീവിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി നേരിട്ടതോടെ ഡോണ്‍ബാസ് മേഖലയില്‍ റഷ്യ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ബഹ്‌മുതിന് വടക്കുള്ള ഉപ്പുനഗരമെന്നറിയപ്പെടുന്ന സൊളേദാര്‍ പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടിരുന്നു. ബഹ്‌മുത് പിടിച്ചെടുത്താല്‍ ഡൊണെറ്റ്സ്‌ക് മേഖലയെ കൂടുതല്‍ വരുതിയിലാക്കാനാകുമെന്നാണ് റഷ്യ കരുതുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ റഷ്യ നിയമവിരുദ്ധമായി കൂട്ടിച്ചേര്‍ത്ത നാലു പ്രവിശ്യകളിലൊന്നു കൂടിയാണ് ഡൊണെറ്റ്സ്‌ക്.
എട്ട് മാസത്തോളം നീണ്ടുനിന്ന രക്തരൂക്ഷിത പോരാട്ടമായിരുന്നു റഷ്യന്‍ സൈന്യവും-യുക്രൈന്‍ സൈന്യവും ബഹ്‌മുതില്‍ നടത്തിയത്. വലിയ ആള്‍ നാശമടക്കം ഇരുപക്ഷത്തുമുണ്ടായെങ്കിലും എന്ത് വില കൊടുത്തും ബഹ്‌മുത് വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു യുക്രൈന്‍. യുദ്ധം വലിയ രീതിയല്‍ മുന്നോട്ട് പോയപ്പോഴും പ്രതീക്ഷിച്ചത്ര മേല്‍ക്കൈ ബഹ്‌മുതില്‍ റഷ്യയ്ക്ക് സാധിച്ചില്ല എന്നതാണ് സത്യം. ഇതാണ് യുദ്ധം ഇത്രയധികം നീണ്ടുപോവാന്‍ ഇടയാക്കിയതും. വാഗ്നര്‍ അവകാശപ്പെട്ടത് പോലെ ബഹ്‌മുത് പിടിച്ചടക്കാനായാല്‍ അത് റഷ്യന്‍ സൈന്യത്തിന് വലിയ ആത്മവിശ്വാസം നല്‍കുന്നത് കൂടിയാവും. കാരണം ഏകദേശം 20,000 പട്ടാളക്കാരെങ്കിലും ബഹ്‌മുതില്‍ മാത്രം റഷ്യയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 80.000-ലധികം പട്ടാളക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അത്ര വലിയ പോരാട്ടമായിരുന്നു ഇവിടെ. യുദ്ധത്തിന് മുമ്പ് 70,000 ആളുകള്‍ താമസിച്ചിരുന്ന ബഹ്‌മുതില്‍ ഇപ്പോള്‍ ബാക്കിയുള്ളത് വളരെ ചുരുക്കം ആളുകള്‍ മാത്രമാണ്. പലരും പലായനം ചെയ്യപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തു. വാഗ്നര്‍ ഗ്രൂപ്പിന്റെ അവകാശവാദം ശരിയാണെങ്കില്‍ ബഹ്‌മുതിനടുത്ത ചെറുപട്ടണമായ സൊളേദാര്‍ കഴിഞ്ഞ ജനുവരിയില്‍ പിടിച്ചെടുത്തതിന് ശേഷം റഷ്യയുടെ ആദ്യത്തെ നേട്ടമായിരിക്കും ബഹ്‌മുതിലെ വിജയം.

ഒരു ജനതയെ ചിതറിത്തെറുപ്പിച്ച യുദ്ധം
ബഹ്‌മുതില്‍ വൈദ്യുതിയുടേയും വെള്ളത്തിന്റേയും വിതരണം നിലച്ചിട്ട് ഏറെക്കാലമായി. റോഡ് ഗാതാഗതവും ഇല്ലാതായി. വിദ്യാഭ്യാസവും ജോലിയും ഇല്ലാതെ ഇനിയെന്തെന്ന് പ്രതീക്ഷിക്കാന്‍ പോലും കഴിയാത്തവര്‍ ഉന്മാദരെ പോലെ ക്യാമ്പുകളില്‍ കഴിയുന്നു. പലരും പലായനം ചെയ്തു. ഒടുവില്‍ റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തിന് ഒന്നേകാല്‍ വര്‍ഷം പൂര്‍ത്തിയാകാനിരിക്കുമ്പോള്‍ ബഹ്‌മുത് പിടിച്ചടക്കിയിരിക്കുന്നുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് വാഗ്നര്‍ ഗ്രൂപ്പ്. ജനിച്ചയിടത്തെ ചേര്‍ത്തുപിടിച്ച് മരണഭയത്തിലും ഓടിപ്പോവാന്‍ മനസ്സില്ലാതെ മുറികള്‍ക്കുള്ളിലെ ഇരുട്ടില്‍ ഒതുങ്ങിക്കഴിയുന്ന കുട്ടികളടക്കമുള്ള വിരലിലെണ്ണാവുന്ന കുറച്ചു പേര്‍ ഇപ്പോഴും ഇവിടെയുണ്ടെങ്കിലും ഒരു യുദ്ധം ജനങ്ങളെ എങ്ങനെ ചിതറിത്തെറിപ്പിച്ചിരിക്കുന്നു എന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാവുന്നു ബക്മൂതിലെ സാഹചര്യങ്ങള്‍.
.jpg?$p=8a6554b&&q=0.8)
യുക്രൈനില്‍ റഷ്യന്‍ അധിനിവേശം തുടങ്ങിയ അന്ന് മുതല്‍ പല നഗരങ്ങളും റഷ്യന്‍ സൈനികര്‍ക്ക് മുന്നില്‍ അടിയറ പറഞ്ഞിരുന്നു. അപ്പോഴും ഏറ്റവും വലിയ രക്തരൂക്ഷിത അക്രമണമാണ് ബക്മുതില്‍ നടന്നത്. യുദ്ധത്തിന് മുന്‍പ് 70,000 ജനസംഖ്യയുണ്ടായിരുന്ന നഗരത്തില്‍ ഇന്ന് ബാക്കിയുള്ളത് 20,000-ല്‍ താഴെയാണെങ്കിലും യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നെ നഗരം കൈപ്പിടിയിലൊതുക്കാമെന്നാണ് റഷ്യ കരുതിയത്. അത് അത്ര എളുപ്പം നടന്നില്ല. നഗരം പിടിച്ചടക്കിയെന്ന് വാഗ്നര്‍ ഗ്രൂപ്പ് അവകാശപ്പെടുമ്പോഴും അത് പാതി അംഗീകരിച്ച് ബഹ്‌മുതിനായി അവസാനശ്വാസം വരെ പോരാടുമെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വൊലാദിമിര്‍ സെലന്‍സ്‌കി ഇപ്പോഴും പറയുന്നത്. വാഗ്നര്‍ അവകാശപ്പെടുന്നത് ശരിയാണെങ്കില്‍ റഷ്യന്‍-യുക്രൈന്‍ യുദ്ധത്തിലെ ബഹ്‌മുത് പോരാട്ടം ഇതിഹാസ പോരാട്ടമായി മാറിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ചൂണ്ടിക്കാട്ടുന്നത്.
.jpg?$p=96ba6f1&&q=0.8)
എന്തുകൊണ്ട് ബഹ്‌മുത്?
ബഹ്‌മുത് യുക്രൈനിന്റെ സ്വാധീനം കൈപ്പിടിയിലൊതുക്കാനുള്ള പ്രധാന പ്രവേശനകവാടമാണെന്നാണ് റഷ്യ വിലയിരുത്തിയത്. ഇവിടുത്തെ നിയന്ത്രണം കിട്ടിയാല്‍ ക്രമറ്റോര്‍സ്‌ക്ക്, സ്ലോവിയാന്‍സ്‌ക്ക് പോലുള്ള പ്രധാന നഗരങ്ങള്‍ കീഴടക്കുക എന്നത് റഷ്യയ്ക്ക് എളുപ്പമായിരിക്കും. ഇക്കാര്യം യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌ക്കിക്കും അറിയാം. ബഹ്‌മത് വീഴുമെന്ന് തിരിച്ചറിവിലാണ് ലോകരാജ്യങ്ങളോട് വീണ്ടും സഹായം തേടി സെലന്‍സ്‌കി ജി.7 ഉച്ചകോടിയില്‍ അപ്രതീക്ഷിതമയെത്തിയതും.
പുതിന്‍ ഷെഫ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന യവ്ജിന്‍ പ്രിഗോസിനിന്റെ വാഗ്നര്‍ ഗ്രൂപ്പാണ് യുദ്ധത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത്. പക്ഷെ അവര്‍ കരുതിയപോലെ ബഹ്‌മുതിന്റെ വീഴ്ച അത്ര എളുപ്പം സംഭവിച്ചില്ല. ഇതിനിടെ റഷ്യ തങ്ങളെ വേണ്ടത്ര പിന്തുണയ്ക്കുന്നില്ലെന്ന കാരണം പറഞ്ഞ് വാഗ്നര്‍ ബഹ്‌മുത് വിടാനൊരുങ്ങിയെങ്കിലും വീണ്ടും പിടിമുറുക്കുകയായിരുന്നു. പിന്‍വാങ്ങാതെ 24 മണിക്കൂറും യുദ്ധം ചെയ്യുകയെന്ന തരത്തിലേക്കാണ് വാഗ്‌നര്‍ ഗ്രൂപ്പ് യുദ്ധ തന്ത്രങ്ങള്‍ മാറ്റിയത്. ഇതിനിടെ യുദ്ധം തുടങ്ങി ഒന്നേകാല്‍ വര്‍ഷം പിന്നിടുമ്പോള്‍ രണ്ട് ലക്ഷത്തിലധികം റഷ്യന്‍ സൈനികരാണ് കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതല്‍ സംഭവിച്ചത് ബഹ്‌മുതിലാണ്. സമാനമാണ് യുക്രൈന്‍ ഭാഗത്തെ കണക്കും. ബഹ്‌മുത് നഷ്ടപ്പെടുക എന്നത് യുക്രൈനിനെ സംബന്ധിച്ചിടത്തോളും രാജ്യം തന്നെ നഷ്ടപ്പെടുന്നതിന് സമാനമാണ്. അതുകൊണ്ടു തന്നെയാണ് ബഹ്‌മൂതിന്റെ വീഴ്ച യുക്രൈന്‍ പ്രസിഡന്റ് വൊലാദിമിര്‍ സെലന്‍സ്‌കി സമ്മതിക്കാത്തതും.
.jpg?$p=3fdeb8a&&q=0.8)
വളഞ്ഞിട്ടുള്ള പോരാട്ടം?
ട്രഞ്ചുകള്‍ തീര്‍ത്ത് റഷ്യന്‍ പട്ടാളം ഒളിഞ്ഞിരുന്ന് അക്രമണം നടത്തിയപ്പോള്‍ അതിനെ കൃത്യമായി കണ്ടുപിടിച്ച് നാമാവശേഷമാക്കിയിരുന്നു യുക്രൈന്‍ സൈന്യം. ഇതോടെ ഇവരെ നേരിട്ട് കീഴടക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ റഷ്യ വളഞ്ഞിട്ട് കൈപ്പിടിയില്‍ ഒതുക്കുകയാണുണ്ടായത്. ബഹ്‌മുതില്‍ നിന്നു പുറത്തേക്കുള്ള ഹെവേകളുടെ നിയന്ത്രണം ആദ്യം റഷ്യ ഏറ്റെടുത്തു. ഓരോ വീടും നഗരവും കേന്ദ്രീകരിച്ച് തങ്ങള്‍ ബഹ്‌മുതിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്നാണ് റഷ്യ നേരത്തെ അറിയിച്ചത്. ഇവിടേയ്ക്ക് മാത്രമായി സൈന്യത്തിന്റെ വലിയൊരു ഭാഗത്തെയും റഷ്യ വിനിയോഗിച്ചിരുന്നു. മുന്‍പന്തിയില്‍ മനുഷ്യമല പോലെ വാഗ്നര്‍ ഗ്രൂപ്പുമുണ്ടായിരുന്നു. ജയിലില്‍നിന്നു റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ എന്ന വിളിപ്പേരില്‍ നേരത്തെ തന്നെ കുപ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള വാഗ്നര്‍ ഗ്രൂപ്പ് യുദ്ധമുഖത്ത് മനുഷ്യാവകാശ ലംഘനങ്ങളുടെ അങ്ങേയറ്റത്തെ കൂട്ടുപിടിച്ച് ആള്‍നാശമുണ്ടാക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ നെട്ടോട്ടമോടുകയായിരുന്നു യുക്രൈന്‍. ഇതിനിടെയാണ് ജി 7 ഉച്ചകോടി നടന്നത്.
നാശം വിതച്ച വാഗ്നര്‍ സംഘം
യുക്രെയ്‌നില്‍ പുതിന് വേണ്ടി യുദ്ധം ചെയ്യുന്നത് വാഗ്‌നര്‍ ഗ്രപ്പ് മേധാവി യെവ്ജനി പ്രിഗോസിനിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന വിവരം നേരത്തെതന്നെ പുറത്തു വന്നിരുന്നു. റഷ്യന്‍ സൈനികര്‍ക്ക് പുറമെ 50000-ലധികം വരുന്ന വാഗ്‌നര്‍ ഗ്രൂപ്പും യുദ്ധത്തിന്റെ മുന്‍നിരയില്‍ അണിനിരന്നതോടെയാണ് മറ്റൊരു ലോകമഹായുദ്ധത്തിന് സമാനമായ പോരാട്ടമായി റഷ്യ-യുക്രൈന്‍ യുദ്ധം മാറിയത്. റഷ്യന്‍ സൈന്യത്തോടൊപ്പം തന്നെ യുക്രൈനില്‍ പലയിടങ്ങളിലും കൂട്ടക്കുരുതികളുമായി വാഗ്നര്‍ സൈന്യവും ഉണ്ടായിരുന്നുവെന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ലോകത്തിന്റെ പല രാജ്യങ്ങളിലും വാഗ്നര്‍ സൈനിക ചാരന്മാര്‍ ഒളിച്ചിരിപ്പുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ ഇവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിരുന്നില്ല
.jpg?$p=fafc289&&q=0.8)
വെറും ഉപ്പ് ഖനന പ്രദേശമല്ല ബഹ്‌മുത്
വെറും ഉപ്പ് ഖനന പ്രദേശമെന്നാണ് ബഹ്‌മുത് അറിയപ്പെട്ടിരുന്നതെങ്കിലും കേക്കിന് മുകളിലെ ചെറിയെന്നാണ് കഴിഞ്ഞ ജനുവരിയില്‍ വാഗ്‌നര്‍ ഗ്രൂപ്പ് മേധാവി ബഹ്‌മുതിനെ വിശേഷിപ്പിച്ചത്. ഇത് വെറുതെ പറഞ്ഞതല്ല. ബഹ്‌മുതിന് അടിയില്‍ ഭൂഗര്‍ഭ നഗരമുണ്ടെന്നും ഭാവിയില്‍ ഇത് തങ്ങളുടെ യുദ്ധ ആവശ്യത്തിനായി ഉപയോഗിക്കാമെന്നുമാണ് പ്രിഗോസിന്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമെ ബഹ്‌മുത് വീണാല്‍ അതിന്റെ മുഴുവന്‍ ക്രഡിറ്റും വാഗ്‌നര്‍ ഗ്രൂപ്പിന് ലഭിക്കുമെന്നും പ്രിഗോസിന്‍ കരുതുന്നു. മാത്രമല്ല, ജിപ്സം ഖനനത്തിനും ഉപ്പു ഖനനത്തിനും പേര് കേട്ട ബഹ്‌മുത് വീണാല്‍ അത് ഭാവിയില്‍ തന്റെ വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കാമെന്നും പ്രിഗോസിന്‍ കണക്ക് കൂട്ടുന്നു. സോവിയറ്റ് യൂണിയന്റെ കാലത്ത് നിര്‍മിച്ച തുരങ്കങ്ങള്‍ പിന്നീട് ആയുധ ശേഖരണ കേന്ദ്രമായിട്ടാണ് യുക്രൈന്‍ ഉപയോഗിച്ചത്. ഈ ആയുധ കേന്ദ്രങ്ങളില്‍ വലിയ തോതില്‍ യുക്രൈന്‍ ആയുധങ്ങള്‍ ശേഖരിച്ചുവെച്ചിരിക്കുകയാണെന്നും പറയപ്പെടുന്നു. ഇതായിരിക്കാം യുദ്ധം ഒന്നേകാല്‍ വര്‍ഷം പിന്നിടുമ്പോഴും ഏറ്റവും നിര്‍ണായക സ്ഥലമായി ബഹ്‌മുതിനെ കണക്കാക്കുന്നത്.
Content Highlights: Russia claims to have Bakhmut
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..