രക്ഷാപ്രവർത്തനം നടത്തുന്ന നേവി ഉദ്യോഗസ്ഥർ. https://twitter.com/TheNorskaPaul
ലോകത്തിന്റെ അങ്ങേക്കോണില്‍ മനുഷ്യവാസമില്ലാത്ത അന്റാര്‍ട്ടിക്കയിലെ ഗൗടിയര്‍ ദ്വീപിലെ പോര്‍ട്ട് ലോക്ക്‌റോയില്‍ ഒരു പോസ്‌റ്റോഫീസ്. ഒപ്പമൊരു ഗിഫ്റ്റ്‌ഷോപ്പും ക്വാര്‍ട്ടേഴ്‌സും. താമസക്കാര്‍ ആരുമില്ലെങ്കിലും പോസ്റ്റ്മാസ്റ്ററും ഗിഫ്റ്റ്‌ഷോപ്പ് മാനേജരും സഹായികളുമായി കുറച്ചുപേര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ദ്വീപ് സമൂഹങ്ങളില്‍ കാണുന്ന ജെന്റൂ പെന്‍ഗ്വിനുകളുടെ വിഹാര കേന്ദ്രംകൂടിയാണിവിടം. അതുകൊണ്ടുതന്നെ പെന്‍ഗ്വിന്‍ പോസ്‌റ്റോഫീസ് എന്നും ഇത് അറിയപ്പെടുന്നു. അന്റാര്‍ട്ടിക്കയിലെ പോസ്‌റ്റോഫീസിലേക്ക് ആരാണ് കത്തെഴുതുക, ഇവിടെ എന്തിനാണ് ഒരു ഗിഫ്റ്റ് ഷോപ്പ് എന്നൊക്കെയാണ് ചിന്തിക്കുന്നതെങ്കില്‍ തെറ്റി.

വര്‍ഷാവര്‍ഷം എണ്‍പതിനായിരത്തോളം കത്തുകളും കാര്‍ഡുകളുമാണ് ഇവിടെ നിന്നും ലോകത്തിന്റെ നാനാഭാഗത്തുളള പ്രിയപ്പെട്ടവരെ തേടി യാത്ര തുടങ്ങുന്നത്. വര്‍ഷത്തില്‍ വെറും അഞ്ചുമാസക്കാലം മാത്രമാണ് പോസ്‌റ്റോഫീസ് പ്രവര്‍ത്തിക്കുക. നവംബര്‍ മുതല്‍ മാര്‍ച്ച് വരെ. ഇവിടേക്ക് മാത്രമായി നാല് പേരെ ഓരോ വര്‍ഷവും യു.കെ സര്‍ക്കാര്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷക്കാലം സന്ദര്‍ശകരെ വിലക്കി പോസ്റ്റോഫീസ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇത്തവണ വീണ്ടും തുറന്ന് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കേയാണ് ഇവിടെയൊരു സംഭവമുണ്ടാകുന്നത്.
കനത്ത മഞ്ഞുവീഴ്ചയില്‍ പോസ്‌റ്റോഫീസും അതിനോട് ചേര്‍ന്ന മ്യൂസിയവും ക്വാര്‍ട്ടേഴ്‌സുമെല്ലാം കനത്ത മഞ്ഞുവീഴ്ചയില്‍ മൂടിപ്പോയി. ബ്രിട്ടീഷ് റോയല്‍ നേവിക്കാര്‍ രണ്ടുദിവസത്തെ കഠിനപ്രയത്‌നം നടത്തിയാണ് പോസ്‌റ്റോഫീസും കെട്ടടിവും വീണ്ടെടുത്തത്. പ്രത്യേകിച്ചൊരു ആധുനിക ഉപകരണങ്ങളും ഉപയോഗിക്കാതെ മഞ്ഞുകട്ടകള്‍ നേവി ഉദ്യോഗസ്ഥര്‍ കോരിമാറ്റുകയായിരുന്നുവെന്ന് ബിബിസിയടക്കമുള്ള വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒടുവില്‍ പൈതൃക കെട്ടിടത്തിന് പുതുജീവന്‍ ലഭിച്ചു. വലിയ മഞ്ഞുകട്ടകള്‍ മേല്‍ക്കൂരയില്‍ വീണതിനാല്‍ കെട്ടിടങ്ങള്‍ തകരാന്‍ സാധ്യതയുണ്ടായിരുന്നു. ഇതാണ് വളരെ ക്ഷമയോടെയുളള നേവിക്കാരുടെ ഇടപെടലിലൂടെ പൂര്‍വസ്ഥിതിയിലാക്കിയത്.

ഐസ്പട്രോള്‍ കപ്പലായ ബ്രിട്ടന്റെ എച്ച്.എം.എസ് പ്രൊട്ടക്ടറിലെ നേവി ഉദ്യോഗസ്ഥരാണ് പോര്‍ട്ട് ലോക്‌റോയില്‍ കഴിഞ്ഞയാഴ്ച്ച രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പുതിയ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ തയ്യാറായിരിക്കേയായിരുന്നു രക്ഷാപ്രവര്‍ത്തനം. പോസ്‌റ്റോഫീസ് കെട്ടിടം, ബ്രാന്‍സ്ഫീല്‍ഡ്ഹട്ട് എന്നറിയപ്പെടുന്ന ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, ഗിഫ്റ്റ് ഷോപ്പ്, ഇവയെല്ലാം മേല്‍ക്കൂരയടക്കം മഞ്ഞില്‍ മൂടിയ അവസ്ഥയിലായിരുന്നു. മരത്തടികള്‍, മഞ്ഞും മറ്റും കോരുന്ന തോട്ടികള്‍, ഇവയെല്ലാമുപയോഗിച്ചാണ് രണ്ടുദിവസത്തോളം നീണ്ട ജോലിക്കൊടുവില്‍ ഉദ്യോഗസ്ഥര്‍ കെട്ടിടങ്ങളെ വീണ്ടെടുത്തത്. തുടര്‍ന്ന് ഇത്തവണത്തെ കരാര്‍ ജീവനക്കാര്‍ ഇവിടേക്ക് പ്രവേശിക്കുകയും ചെയ്തു.
വര്‍ഷത്തില്‍ ഇരുപതിനായിരത്തോളം സന്ദര്‍ശകരാണ് പോര്‍ട്ട് ലോക്‌റോയില്‍ സന്ദര്‍ശനത്തിനെത്തുന്നത്. ബ്രിട്ടനില്‍ നിന്നും 9000 മൈല്‍ അകലെ പ്രത്യേക കപ്പലുകളിലും ഹെലികോപ്റ്ററുകളിലും സഞ്ചരിച്ചുവേണം ഇവിടെ സന്ദര്‍ശിക്കാന്‍. ഇവരാണ് ലോകത്തിലെ ഏറ്റവും അകലെയുള്ള പോസ്‌റ്റോഫീസില്‍ നിന്ന് ബന്ധുക്കള്‍ക്ക് കത്തയയ്ക്കുന്നത്. ഈ കത്തുകളും കാര്‍ഡുകളും കൈകാര്യം ചെയ്യുകയാണ് ജീവനക്കാരുടെ പ്രധാന ജോലി. എല്ലാവര്‍ഷവും ഇവിടേക്കുള്ള നാല് ജോലിക്കാര്‍ക്കായി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കും. യു.കെയില്‍ താമസിച്ച് ജോലി ചെയ്യാന്‍ അനുവാദമുള്ള ലോകത്തെവിടെയുളളവര്‍ക്കും
ജോലിക്കായി അപേക്ഷിക്കുകയും ചെയ്യാം. മഞ്ഞുമൂടിയ ഇവിടേക്ക് ആര് ജോലിക്ക് അപേക്ഷിക്കാനാണ് എന്ന് കരുതിയാല്‍ അവിടെയും തെറ്റി. കോവിഡിന് ശേഷം നടന്ന റിക്രൂട്ട്‌മെന്റിനായി ആറായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത് നാലുവനിതകള്‍
ഇവരാണ് ആ നാല് ഭാഗ്യവനിതകള്‍
സമയവും തിരമാലയും ആര്‍ക്കുവേണ്ടിയും കാത്തിരിക്കില്ലെന്നൊരു ചൊല്ലുണ്ട്. അവസരങ്ങളുടെ വന്നുചേരലിനെ കുറിച്ച് അതിന് ഓരോ മനുഷ്യന്റേയും ജീവിതത്തിലുള്ള പ്രധാന്യത്തെ കുറിച്ച് വിഖ്യാത എഴുത്തുകാരന്‍ ജെഫ്രി ചോസര്‍ പറഞ്ഞ വാക്കുകളാണിത്. പറഞ്ഞുവരുന്നത് ബ്രിട്ടനിലെ നാല് സ്ത്രീകളെ കുറിച്ചാണ്. ലോകത്തിലെ തന്നെ ഒരുപക്ഷെ ഏറ്റവും വിചിത്രമായ എന്നാല്‍ മറ്റാര്‍ക്കും അത്ര പെട്ടെന്ന് കൈയെത്തിപ്പിടിക്കാന്‍ കഴിയാത്ത സ്വപ്ന തുല്യമായ ജോലി കരസ്ഥമാക്കിയ നാലുപേരെ കുറിച്ച്. ക്ലാരെ ബാലന്റൈന്‍, മെയ്രി ഹില്‍റ്റണ്‍, നതാലി കോര്‍ബെറ്റ്, ലൂസി ബ്രൂസോണ്‍ എന്നിവരാണ് ആ നാലുപേര്‍. ജോലിയങ്ങ് അന്റാര്‍ട്ടിക്കയില്‍.

ജോലി എളുപ്പമാണെന്ന് ചിന്തിക്കണ്ട. വേനല്‍ക്കാലത്തും മഞ്ഞുമൂടുന്ന, വര്‍ഷത്തില്‍ എണ്ണായിരത്തിലധികം കത്തുകള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം ദ്വീപിലെ താമസക്കാരായ പെന്‍ഗ്വിനുകളുടെ കണക്കുമെടുക്കണം. ഒപ്പം പരിമിതമായ ചുറ്റുപാടുകളോട് ഇണങ്ങി ജീവിക്കുകയും വേണം. മൊബൈല്‍ ഫോണോ ലാന്‍ഡ് ഫോണോ ഇല്ല, നേരത്തെ ശേഖരിച്ചുവെക്കുന്ന വെള്ളം മാത്രമാണ് കുടിക്കാനുണ്ടാവുക, ഒറ്റമുറിയില്‍ ഷെയറിംഗ് ബെഡില്‍ ഉറങ്ങുകയും പൊതുശൗചാലയം ഉപയോഗിക്കുകയും വേണം. ഇടയ്ക്കിടെ ദ്വീപ് സന്ദര്‍ശിക്കുന്ന ഐസ്പട്രോള്‍ കപ്പലുകളാണ് ഇവര്‍ക്ക് വേണ്ട സഹായം ചെയ്യുന്നതും സാധനങ്ങള്‍ എത്തിക്കുന്നതും.
പോസ്റ്റോഫീസായും മ്യൂസിയമായും ഒരേസമയം പ്രവര്‍ത്തിക്കുന്ന ഇതിന്റെ ചുമതല യു.കെ അന്റാര്‍ട്ടിക്ക ഹെറിറ്റേജ് ട്രസ്റ്റിനാണ്. പോസ്റ്റോഫീസിലെ പോസ്റ്റ്മാസ്റ്റര്‍, ബെയ്സ് ലീഡര്‍, ഷോപ്പ് മാനേജര്‍, സഹായി തുടങ്ങിയ ഒഴിവിലേക്കായിരുന്നു അപേക്ഷ. തിരഞ്ഞെടുക്കപ്പെട്ടവര്‍ കേംബ്രിഡ്ജിലെ പ്രത്യേക പരിശീലനത്തിന് ശേഷമാണ് ജോലിക്ക് കയറിയത്. 1600 ഡോളര്‍ മുതല്‍ 2300 ഡോളര്‍ വരെയാണ് ശമ്പളം.

സ്‌കോട്ലൻഡ് സ്വദേശിനിയായ മെയ്രി ഹില്‍റ്റണ്‍ ആസ്ത്രേലിയില്‍ നിന്ന് കണ്‍സര്‍വേഷന്‍ ബയോളജിയില്‍ പി.എച്ച്.ഡി പൂര്‍ത്തിയാക്കിയ ശേഷമാണ് ലോക്റോയില്‍ എത്തിയത്. ദ്വീപിലെ പെന്‍ഗ്വിനുകളുടെ മേല്‍നോട്ടമാണ് ഇവരുടെ ജോലി. ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ നിന്ന് എര്‍ത്ത് സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം പൂര്‍ത്തിയാക്കിയ ക്ലാരെ ബാലന്റൈനാണ് പോസ്റ്റ്മാസ്റ്റര്‍. ഇവിടെ നിന്നും നൂറിലധികം രാജ്യങ്ങളിലേക്കയയ്ക്കുന്ന 80,000 കാര്‍ഡുകളും കത്തുകളുമാണ് ഈ 23 കാരി കൈകാര്യം ചെയ്യുന്നത്. 40 വയസ്സുകാരി ലൂസി ബ്രൂസോണ്‍ ആണ് ബെയ്സ് ലീഡര്‍. ടീം കോര്‍ഡിനേഷനും ദ്വീപിലെത്തുന്ന കപ്പലുകളുടെ മാനേജ്മെന്റുമാണ് ഇവരുടെ ജോലി.ദ്വീപിലെ ഗിഫ്റ്റ് ഷോപ്പിന്റെ ചുമതലയാണ് നതാലി കോര്‍ബെറ്റിനുള്ളത്. ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അവസരങ്ങളിലൊന്നാണ് പോര്‍ട്ട്‌ലോക്‌റോയിലെ ജോലിയെന്ന് നാല് പേരും പ്രതികരിച്ചു.
.jpg?$p=5d9fb55&&q=0.8)
അല്‍പ്പം ചരിത്രം
1904-ല്‍ ആണ് പോര്‍ട്ട് ലോക്‌റോ കണ്ടെത്തുന്നത്. ഫ്രഞ്ച് രാഷ്ട്രീയ നേതാവ് എഡ്വാര്‍ഡ് ലോക്‌റോയുടെ പേരില്‍ പിന്നീട് ഇത് അറിയപ്പെടുകയായിരുന്നു.
തിമിംഗല വേട്ടക്കായിരുന്നു 1911 മുതല്‍ 1931 വരെ തീരത്തെ ഉപയോഗിച്ചിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ബ്രീട്ടീഷ് സേന ഇവിടെ പോര്‍ട്ട് ലോക്‌റോയ് സ്‌റ്റേഷന്‍ എ സ്ഥാപിച്ചു. തുടര്‍ന്ന് ബ്രിട്ടീഷ് ശാസ്ത്ര ഗവേഷണ കേന്ദ്രം കൂടിയായി മാറി. അന്റാര്‍ട്ടിക്ക് മേഖലയില്‍ സ്ഥാപിച്ച ആദ്യ ബ്രിട്ടീഷ് ശാസ്ത്ര ഗവേഷണ കേന്ദ്രം കൂടിയാണിത്. 1944 മുതല്‍ 1962 വരെയാണ് ഇത് പ്രവര്‍ത്തിച്ചിരുന്നത്. 2006-ല്‍ ഇത് യു.കെ അന്റാര്‍ട്ടിക്ക് ഹെറിട്ടേജ് ട്രസ്റ്റ് ഏറ്റെടുക്കുകയും ചെയ്തു. അന്നു മുതല്‍ നാല് പേര്‍ വീതമുള്ള സംഘമാണ് ഇത് പ്രവര്‍ത്തിപ്പിക്കുന്നത്.
വരുംതലമുറയ്ക്ക് വേണ്ടി ബ്രിട്ടീഷ് പൈതൃകം സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് ട്രസ്റ്റിനുളളത്. ദ്വീപിന്റെ ഘടനയും ആസ്തികളും പരിപാലിക്കുകയും കപ്പലുകളുടേയും വിനോദ സഞ്ചാരികളുടേയും എണ്ണം നിയന്ത്രിക്കുകയും ചെയ്യുന്നു. ജോലി സിമ്പിളായി തോന്നാമെങ്കിലും അന്റാര്‍ട്ടിക്കയിലെ കൊടുംതണുപ്പിനെ അതിജീവിക്കുകയെന്നത് നിസാരമല്ല. മനുഷ്യവാസമില്ലാത്ത അന്റാര്‍ട്ടിക്കയില്‍ ഗവേഷണങ്ങള്‍ക്കും മറ്റും മാത്രമാണ് ആളുകള്‍ എത്തുന്നത്. പുറംലോകത്ത് നിന്ന് ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലായിരിക്കും ജോലി. വേനല്‍ക്കാലമായ സമയത്തുപോലും മൈനസ് ഒന്നുമുതല്‍ 0.2 വരെയാണ് തണുപ്പ്.
Content Highlights: Royal Navy Sailors Help Dig Out World's Most Remote Post Office In Antarctica After Heavy Snowfall
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..