പഴയ 'ത്രിമൂര്‍ത്തികള്‍' പുതിയ കുപ്പിയില്‍; ഗുജറാത്തില്‍ ഇവര്‍ ആര്‍ക്ക് ഗുണം ചെയ്യും?


കെ.പി നിജീഷ് കുമാര്‍

ത്രിമൂര്‍ത്തികളില്‍ രണ്ടുപേരും താമരക്കുട പിടിച്ചെങ്കിലും ജിഗ്‌നേഷ് എതിര്‍ സ്ഥാനത്ത് ഉറച്ച് നിന്നത് ബി.ജെ.പിയെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്

ജിഗ്നേഷ് മേവാനി,അൽപേഷ് താക്കൂർ, ഹാർദിക് പട്ടേൽ,

രാജ്യത്തിന്റെ മുഖം മാറ്റുവാന്‍ ഗ്രാമങ്ങളില്‍നിന്ന് ഉണരുക, ചേരികളില്‍നിന്ന് ഉണരുക, പുരുഷന്‍മാരും സ്ത്രീകളും കുട്ടികളും യുവാക്കളും ഉണരുക, ഒന്നുമില്ലാത്തവര്‍ നിങ്ങളുടെ ശബ്ദമുയര്‍ത്തി ഉണരുക. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കേ കോണ്‍ഗ്രസിന്റെ സ്റ്റാര്‍ സ്ഥാനാര്‍ഥിയെന്ന് പേര് കേട്ട ജിഗ്‌നേഷ് മേവാനിയുടെ മണ്ഡലമായ വഡ്ഗാം മണ്ഡലത്തില്‍ ഉയര്‍ന്ന് കേള്‍ക്കുന്ന മുദ്രാവാക്യമാണിത്.

ജിഗ്‌നേഷ് മേവാനി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിൽ അല്‍പേഷ് താക്കൂര്‍, ഹാര്‍ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി ത്രിമൂര്‍ത്തികള്‍ ബി.ജെ.പിയുടെ പ്രമുഖ എതിരാളികളായിരുന്നുവെങ്കിലും ഇത്തവണ കളിമാറിയിരിക്കുന്നു. പഴയ യുവതുർക്കികൾ പുതിയ കുപ്പിയിലാണ്. രണ്ടു പേർ താമരത്തണലിൽ, മറ്റൊരാൾ കൈപ്പത്തി മുറുകെ പിടിച്ചു. പക്ഷെ അല്‍പേഷും ഹാര്‍ദിക്കും ബി.ജെ.പി. പാളയത്തിലെത്തിയപ്പോള്‍ ഇളകാതെ നിന്ന ജിഗ്‌നേഷിനെ ഒട്ടും വിലകുറച്ച് കാണുന്നില്ല ബി.ജെ.പി.ഇത്തവണയും വഡ്ഗാം മണ്ഡലത്തില്‍നിന്ന് തന്നെ ജിഗ്നേഷ് ജനവിധി തേടുമ്പോള്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിനൊപ്പമുണ്ടാവുകയും ഒടുവില്‍ കൂറുമാറി ബി.ജെ.പിയിലേക്കെത്തുകയും ചെയ്ത പഴയ കോൺഗ്രസ് എം.എൽ.എ. മണിലാല്‍ വഗേലയാണ് എതിരാളി. ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തിലത്തിനപ്പുറം കോണ്‍ഗ്രസിന്റെ താരപ്രചാരകന്‍ കൂടിയായി ജിഗ്‌നേഷ് മാറിയിരിക്കുന്നു. അല്‍പേഷും ഹാര്‍ദിക്കും ബി.ജെ.പിയിലേക്ക് കൂടിമാറിയെങ്കിലും വലിയ ഓളമുണ്ടാക്കാനായില്ല എന്നതാണ് കോണ്‍ഗ്രസിന്റെ ആശ്വാസം.

ഹാര്‍ദിക് പട്ടേല്‍

ത്രിമൂര്‍ത്തികളും തിരഞ്ഞെടുപ്പും

ഗുജറാത്തിലെ മുഖ്യ വോട്ടുബാങ്കെന്നറിയിപ്പെടുന്ന പട്ടേല്‍, ഒ.ബി.സി. വോട്ടുകളെ കോണ്‍ഗ്രസിന്റെ അക്കൗണ്ടിലേക്കെത്തിക്കാന്‍ 2017-ല്‍ ഹാര്‍ദികും, അല്‍പേഷും പ്രധാന പങ്കു വഹിച്ചപ്പോള്‍ പുരോഗമന ശബ്ദമുയര്‍ത്തി ദളിത്, മുസ്ലിം വോട്ടുകളെ കോണ്‍ഗ്രസിലെത്തിക്കുകയായിരുന്നു മേവാനിയുടെ ജോലി. അത് ബി.ജെ.പിക്കുണ്ടാക്കിയ പ്രതിസന്ധി ചെറുതായിരുന്നില്ല. ആകെയുള്ള 182 സീറ്റില്‍ 99 സീറ്റ് നേടി ബി.ജെ.പി. അധികാരത്തിലെത്തിയെങ്കിലും നേരിയ മാര്‍ജിനിലായിരുന്നു ഭൂരിപക്ഷം സീറ്റിലേയും വിജയം.

നോര്‍ത്ത് ഗുജറാത്തില്‍ അന്ന് സ്ഥാനാര്‍ഥികളെ വെക്കാതെ മേവാനിയെ കോണ്‍ഗ്രസ് സഹായിച്ചപ്പോള്‍ രാധന്‍പുര്‍ മണ്ഡലത്തില്‍നിന്ന് അല്‍പേഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ തന്നെ മത്സരിച്ച് ജയിച്ചു. 25 വയസ്സ് പൂര്‍ത്തിയാവാത്തതിനാല്‍ ഹാര്‍ദിക് പട്ടേലിന് മത്സരിക്കാനുമായില്ല.

ഹാര്‍ദിക് പട്ടേല്‍, ജിഗ്നേഷ് മേവാനി

2017-ല്‍ രാധന്‍പുര്‍ മണ്ഡലത്തില്‍ നിന്ന് അല്‍പേഷ് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചെങ്കിലും ബി.ജെ.പിയിലേക്ക് ചേക്കേറിയപ്പോള്‍ രാജിവെച്ച് ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുകയായിരുന്നു. പക്ഷെ, പരാജയമായിരുന്നു ഫലം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന രഘു ദേശായിയോട് 3500 വോട്ടിനായിരുന്നു തോല്‍വി. രാധൻപുരിൽ നിന്നും അന്ന് 15,000 വോട്ടിനായിരുന്നു ആദ്യം അല്‍പേഷിന്റെ വിജയം. പിന്നീട്, തന്റെ സമുദായത്തെ പാര്‍ട്ടി അവഗണിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ഒന്നും ചെയ്യുന്നില്ലെന്നുമാരോപിച്ച് അൽപേഷ് കൂറുമറുകയായിരുന്നു. കഴിഞ്ഞ തവണ തോറ്റെങ്കിലും ഇത്തവണയും ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ അല്‍പേഷ് ഇടം നേടിയിട്ടുണ്ട്. ഗാന്ധിനഗര്‍ സൗത്ത് മണ്ഡലത്തിലമാണ് അല്‍പേഷിന്റെ ഇത്തവണത്തെ പരീക്ഷണം.

ത്രിമൂര്‍ത്തികളില്‍ അവസാനം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് ഹാര്‍ദിക് പട്ടേലിനും ഇത്തവണ സീറ്റ് ലഭിച്ചിട്ടുണ്ട്. നഗരത്തില്‍നിന്ന് 60 കിലോ മീറ്റർ അകലെയുള്ള വീരംഗം മണ്ഡലത്തിലാണ് ഹാര്‍ദിക് കന്നിയങ്കം കുറിക്കുന്നത്. ബി.ജെ.പിയുടെ, നരേന്ദ്ര മോദിയുടെ, അമിത്ഷായുടെ എന്നും കണ്ണിലെ കരടായിരുന്ന ഹാര്‍ദിക്ക് ഇത്തവണ ബി.ജെ.പിക്ക് വേണ്ടി നട്ടുച്ചയ്ക്കും മൈക്കിന് മുന്നില്‍ വീരംഗം മണ്ഡലത്തില്‍ വാചാലനാവുമ്പോള്‍ വോട്ടര്‍മാര്‍ക്ക് പോലും ആശയകുഴപ്പമാണ്. പട്ടേല്‍ സമരത്തിന്റെ ദേശീയ മുഖം ബി.ജെ.പിയുടെ മുഖ്യ വിമര്‍ശകന്‍. അതേ ഹാര്‍ദിക് ബിജെപിക്കായി വോട്ട് ചോദിക്കുന്നു. ഗുജറാത്ത് മോഡല്‍ ലോകം മുഴുവന്‍ ചര്‍ച്ചയായിട്ടും ഈ മണ്ഡലത്തിന് മാത്രം ഒരു മാറ്റവുമില്ല. കാരണം ഇവിടെ ജയിക്കുന്നത് കോണ്‍ഗ്രസാണ്. ഇത്തവണ എന്നെ വിജയിപ്പിക്കൂ മാറ്റം കാണിച്ചുതാരം. ഇതാണ് ഹാര്‍ദിക്ക് തന്റെ തൊണ്ടപൊട്ടും വരെയുള്ള പ്രസംഗത്തിലുടനീളം വോട്ടർമാരോട് ആവശ്യപ്പെടുന്നത്.

അല്‍പേഷ് താക്കൂര്‍

പട്ടേലുമാര്‍ നിര്‍ണായകമാവുന്ന ഗുജറാത്ത്

ഗുജറാത്തില്‍ ആകെയുള്ള ജനസംഖ്യയുടെ 15 ശതമാനം പട്ടേലുമാരാണ്. അതുകൊണ്ടു തന്നെ ഗുജറാത്ത് നിയമസഭാ ചരിത്രത്തിലൂടനീളം പട്ടേല്‍ സ്വാധീനം അങ്ങോളമിങ്ങോളം കാണാം. പട്ടേല്‍പ്രക്ഷോഭവും മറ്റും ബി.ജെ.പിക്ക് ഇവരുടെ ഇടയിലുള്ള സ്വാധീനം നഷ്ടമാക്കിയിരുന്നുവെങ്കിലും ഇത്തവണ അത് തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. മത്സരത്തിനിറങ്ങുന്നത്. ഹാര്‍ദിക് പട്ടേല്‍ അടക്കമുള്ളവരെ തുരുപ്പുചീട്ടാക്കി പട്ടേല്‍ വിഭാഗക്കാര്‍ക്ക് മുന്തിയ പരിഗണന നല്‍കി ബി.ജെ.പി. തിരഞ്ഞടുപ്പ് പ്രചാരണം മുന്നോട്ട് പോവുമ്പോള്‍ വിയര്‍ക്കുന്നത് കോണ്‍ഗ്രസ്സാണ്. ഒപ്പം എ.എ.എപിയും രംഗത്തുണ്ട്. ഹാര്‍ദിക്കിന്റേയും അല്‍പേഷിന്റേയും കൂറുമാറ്റത്തോടെ പട്ടേലുകള്‍ക്കിടയില്‍ സ്വാധീനം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ഒ.ബി.സി. വോട്ടുകള്‍ ലക്ഷ്യമിട്ടാണ് ഇത്തവണ പ്രചാരണം കൊഴുപ്പിക്കുന്നത്. 48 ശതമാനമാണ് സംസ്ഥാനത്തെ ആദിവാസി ജനസംഖ്യ. പക്ഷെ ഇവിടേയും എ.എ.പിയുണ്ടാക്കുന്ന വോട്ട് വിള്ളലുകള്‍ നിര്‍ണായകമാണ്. കഴിഞ്ഞ തവണത്തേത് പോലെയുള്ള കാടിളക്കിയുള്ള പ്രചാരണത്തിന് പകരം വോട്ടര്‍മാരെ നേരിട്ട് കണ്ടുള്ള പ്രചാരണ പരിപാടികള്‍. രാഹുല്‍ ഗാന്ധി പോലുമെത്തിയത് അവസാനനിമിഷം. മിക്കയിടങ്ങളിലും ജിഗ്‌നേഷ് മേവാനി പ്രധാന തിരഞ്ഞെടുപ്പ് കാമ്പയിനറുമാണ്.

നരേന്ദ്ര മോദി പ്രചാരണത്തിനിടെ

അല്‍പേഷ്, ഹാര്‍ദിക് എന്നിവരേക്കാള്‍ താഴെക്കിടയില്‍ മേവാനിക്കുള്ള പരിചയവും അനുഭവവുമാണ് കോണ്‍ഗ്രസിന് അദ്ദേഹത്തിലുള്ള പ്രതീക്ഷ. വക്കീലെന്ന നിലയില്‍ പ്രമുഖ മനുഷ്യാവകാശ നിയമജ്ഞന്‍ മുകുള്‍ സിന്‍ഹ, ഗാന്ധിയന്‍ സാമൂഹിക പ്രവ്രര്‍ത്തകന്‍ ചുനിബായ് വൈദ്യ എന്നിവരോടൊത്തൊള്ള പ്രവര്‍ത്തനം, എ.എ.എപിയുടെ മുന്‍ നേതാവ് എന്നീ നിലകളിലെല്ലാം പ്രവര്‍ത്തിച്ചതിന്റെ അനുഭവമുള്‍ക്കൊണ്ടാണ് ജിഗ്നേഷ് ഗുജറാത്ത് രാഷ്ട്രീയത്തിലേക്കെത്തിയത്. 2017-ല്‍ നിന്ന് 2022-ലേക്കെത്തുമ്പോള്‍ ത്രിമൂര്‍ത്തികളില്‍ രണ്ടുപേരും താമരക്കുട പിടിച്ചെങ്കിലും ജിഗ്‌നേഷ് എതിര്‍ സ്ഥാനത്ത് ഉറച്ച് നിന്നത് ബി.ജെ.പിയെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. കേസുകളില്‍ കുടുക്കിയും അറസ്റ്റ് ചെയ്തും ജിഗ്‌നേഷിനെ പൂട്ടാമെന്ന് ബി.ജെ.പി. കരുതിയതോടെ അദ്ദേഹത്തിനെതിരേ കേസുകളുടെ കൂമ്പാരങ്ങള്‍ വരുന്നതും കാണാന്‍ കാഴിഞ്ഞു. അസമില്‍ രജിസ്റ്റര്‍ ചെയ്ത കേസിലടക്കം അറസ്റ്റ് നടന്നു. പക്ഷെ ഇത് ബി.ജെ.പിക്ക് തിരിച്ചടിയുണ്ടാക്കുകയാണ് ചെയ്തത്. ദളിതരും മുസ്ലിം വിഭാഗങ്ങള്‍ ഒന്നാകെയും ജിഗ്‌നേഷിനെ പിന്തുണച്ചെത്തി.

ത്രിമൂര്‍ത്തികളില്‍ ഹാര്‍ദിക്കും ജിഗ്‌നേഷും തമ്മില്‍ കുറച്ച് അടുപ്പമുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ മൂവരും തമ്മില്‍ പ്രത്യക്ഷത്തില്‍ അത്രയധികം പരസ്പരബന്ധം ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ബി.ജെ.പിയെ എതിര്‍ക്കുന്നതില്‍ അവര്‍ ഒറ്റക്കെട്ടായിരുന്നുതാനും. ഇതോടെയാണ് ത്രിമൂര്‍ത്തികളില്‍ വിള്ളലുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ബി.ജെ.പി തുടക്കമിട്ടത്. അത് വിജയിക്കുകയും ചെയ്തു.

അരവിന്ദ് കെജ്‌രിവാള്‍ പ്രചാരണത്തിനിടെ

എ.എ.പിയെ മൈന്‍ഡ് ചെയ്യാതെ കോണ്‍ഗ്രസും ബി.ജെ.പിയും

കോണ്‍ഗ്രസ്-ബി.ജെ.പി. പോരാട്ടം എന്നതില്‍നിന്ന് ഇത്തവണ ത്രികോണ മത്സരമായി മാറിയിട്ടുണ്ട് ഗുജറാത്ത് രാഷ്ട്രീയം. കെജ്രിവാളും സംഘവും മാസങ്ങള്‍ക്ക് മുമ്പ് ഗുജറാത്തില്‍ സജീവമായി. പഞ്ചാബ്, ഡല്‍ഹി മോഡലാണ് എ.എ.പി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയമെങ്കിലും കോണ്‍ഗ്രസും-ബി.ജെ.പിയും എ.എ.പിയെ മൈന്‍ഡ് ചെയ്യുന്നതേയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രചാരണത്തില്‍ സജീവമാവുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ എ.എ.പിയുടെ പേര് പോലും മന:പൂര്‍വം പരാമര്‍ശിക്കുന്നില്ല. പകരം കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും ഭരണനേട്ടങ്ങളുമാണ് ചര്‍ച്ചയാക്കുന്നത്. നിങ്ങളെ വിഡ്ഢികളാക്കാനായി ഡല്‍ഹിയില്‍ നിന്നുമെത്തുന്നവരെ സംസ്ഥാനം കടക്കാന്‍ അനുവദിക്കരുതെന്നാണ് കഴിഞ്ഞ ദിവസം എ.എ.പിയെ കുറിച്ച് പേര് പറയാതെ നരേന്ദ്ര മോദി പ്രസംഗിച്ചത്. എന്നാല്‍, പഞ്ചാബ് മോഡല്‍ പഞ്ഞ് നേരിട്ട് ഗുജറാത്തില്‍ ഇത്തവണ ഭരണം പിടിക്കാനാവുമെന്ന് എ.എ.പി കരുതുന്നില്ലെങ്കിലും കോണ്‍ഗ്രസിനെ തകര്‍ത്ത് ആദ്യം മുഖ്യപ്രതിപക്ഷമാവുകയാണ് ലക്ഷ്യമിടുന്നത്. അങ്ങനെ അടുത്ത തവണ ഭരണം പിടിക്കാമെന്നും കരുതുന്നു.

1995-ന് ശേഷം ഗുജറാത്ത് തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ സീറ്റ് കുറഞ്ഞു വരുന്നുണ്ട്. കഴിഞ്ഞ 27 വര്‍ഷമായി ബി.ജെ.പി. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായിട്ട് പോലും വോട്ടും ഭൂരിപക്ഷവും കുറയുകയാണ്. നിലവില്‍ ബി.ജെ.പിക്ക് 50 ശതമാനത്തിനടത്തും കോണ്‍ഗ്രസിന് 41 ശതമാനത്തിനടത്തുമാണ് വോട്ട് വഹിതം. 2017-ല്‍ ബി.ജെ.പിക്ക് 99 സീറ്റും കോണ്‍ഗ്രസിന് 77 സീറ്റും ലഭിച്ചു. മറ്റുള്ളവര്‍ക്ക് ആറ് സീറ്റാണ് ലഭിച്ചത്. ആപ് ഈ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ നിര്‍ണായകമാവുന്നതും ഇവിടെയാണ്. പരമാവധി വോട്ടുകളില്‍ വിള്ളലുണ്ടാക്കുകയാണ് ലക്ഷ്യം. ഇത് ആര്‍ക്ക് ഗുണം ചെയ്യുമെന്നതാണ് കണ്ടറിയേണ്ടത്. എന്നാല്‍, ത്രികോണ മത്സരം ശക്തമാവുമ്പോള്‍ ആ സംസ്ഥാനത്ത് കോണ്‍ഗ്രസിന് തിരിച്ചുവരാനാവാത്ത ചരിത്രമാണുള്ളത്. പഞ്ചാബ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി ഇതൊക്കെ ഉദാഹരണമാണ്.

മോര്‍ബി ദുരന്തമടക്കം ചൂണ്ടിക്കാട്ടി ഭരണവിരുദ്ധവികാരമുയര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ടെങ്കിലും എ.എ.പി. ഭിന്നിപ്പിക്കുന്ന വോട്ട് തങ്ങള്‍ക്കായിരിക്കും ഗുണം ചെയ്യുകയെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി. മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്രപട്ടേലിനെ മുഖ്യമന്ത്രിയാക്കിയത് ഈ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു. പട്ടേല്‍ സമുദായത്തെ ചേര്‍ത്ത് നിര്‍ത്തുക ലക്ഷ്യമിട്ട് ഭൂപേന്ദ്രപട്ടേല്‍ തന്നെയാണ് ഇത്തവണയും ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ഘട്‌ലോദിയ മണ്ഡലത്തില്‍ നിന്നു തന്നെയാണ് ഭൂപേന്ദ്രപട്ടേല്‍ ഇത്തവണയും ജനവിധി തേടുന്നത്.

വിലക്കയറ്റം, മോര്‍ബി ദുരന്തം, ബില്‍ക്കീസ് ബാനു കേസ്

ബില്‍ക്കിസ് ബാനു കേസിലെ പ്രതിഷേധം

നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ഇത്തവണ ആം ആദ്മിയും ശക്തമായ വെല്ലുവിളി ഉയര്‍ത്തി രംഗത്തുണ്ടെങ്കിലും വിലക്കയറ്റം, മോര്‍ബി ദുരന്തം, ബില്‍ക്കീസ് ബാനു കേസിലെ പ്രതികളുടെ വിട്ടയക്കല്‍ ഇതെല്ലാമാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രധാന ചര്‍ച്ചയാക്കുന്നത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പാചക വാതക വില വര്‍ധനവുമെല്ലാം പ്രചാരണത്തിലുടനീളം കോണ്‍ഗ്രസ് നേതാക്കള്‍ കാര്യമായി പ്രസംഗിക്കുമ്പോള്‍ അത് ശ്രദ്ധിക്കാന്‍ ആള്‍ക്കൂട്ടവുമുണ്ട്. രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത് പോലെ പാചക വാതകം 500 രൂപയ്ക്ക് ലഭിക്കണമെങ്കില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യൂ എന്നാണ് ജിഗ്നേഷ് മേവാനിയടക്കമുള്ളവര്‍ പ്രധാന മണ്ഡലങ്ങളിലെല്ലാം പ്രസംഗിക്കുന്നത്. ഒപ്പം ബില്‍ക്കിസ് ബാനു കേസും ചര്‍ച്ചയാക്കുന്നുണ്ട്.

ബില്‍ക്കീസ് ബാനു ഗുജറാത്തിന്റെ മകളാണെന്നും ഹിന്ദുവോ മുസ്‌ലിമോ അല്ലെന്നും ജിഗ്നേഷ് പ്രസംഗിക്കുന്നു. "ഗര്‍ഭിണിയായിരിക്കെ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട് അവരുടെ കുഞ്ഞിനെ അടിച്ചുകൊന്നവരെയാണ് മോദി വെറുതെ വിട്ടത്. എന്താണ് മോദിക്ക് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല. ഇത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ഗുജറാത്താണോ, രവിശങ്കര്‍ മഹാരാജിന്റെ ഗുജറാത്താണോ, ഇന്ദുലാല്‍ യാഗ്നിക്കിന്റെ ഗുജറാത്താണോ, ഇത് അംബേദ്കറുടെ ഇന്ത്യയാണോ?"- ജിഗ്നേഷ് ചോദിക്കുന്നു. കുത്തകകളുടെ കടം എഴുതിത്തള്ളുന്ന സര്‍ക്കാരിനെയാണ് നിങ്ങള്‍ക്ക് വേണ്ടതെങ്കില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുക. കര്‍ഷകരുടെ കടം ക്ഷമിക്കുന്ന സര്‍ക്കാരിനെയാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യുക. ജിഗ്നേഷിന്റെ പ്രസംഗങ്ങള്‍ മണ്ഡലത്തിലുടനീളം കത്തിക്കയറുകയാണ്.

Content Highlights: Role of Jignesh Mevani Hardik Patel and Alpesh Thakur in Gujarath Election


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented