റഹീം. ഐ.എസ് എൽ കിരീടവുമായി ഹൈദരാബാദ് എഫ്.സി.
അടിമുടി മഞ്ഞയണിഞ്ഞ മഡ്ഗാവ് ഫറ്റോര്‍ഡയിലെ തിങ്ങിനിറഞ്ഞ ഗ്യാലറില്‍ നിറമില്ലാത്തൊരു ചിത്രം മാത്രം വേറിട്ടുനിന്നു, ഇടിവെട്ടിയും ഇഴഞ്ഞും നീങ്ങിയ ഐ.എസ്.എല്ലിന്റെ കലാശപ്പോരില്‍. നെറ്റിയില്‍ മുഴയുള്ള, കറുത്തു മെല്ലിച്ച കുറിയൊരു മനുഷ്യന്റെ ഒട്ടും പൊലിമയില്ലാത്ത ആ ചിത്രത്തിലേയ്ക്ക് കലശക്കൊട്ടിന്റെ വിരസവേളയിലെപ്പോഴോ ക്യാമറക്കണ്ണൊന്ന് വഴിതെറ്റി വന്നുവീണു. എന്നാല്‍, ലക്ഷ്മികാന്ത് കട്ടിമണിയെന്ന ആറടിക്കാരന് അതികായന് ബാറിനുകീഴേ ഇടംവലം പറന്ന് അത്ഭുതം സൃഷ്ടിച്ചപ്പോള്‍ പുതുതലമുറ ആരാധകര്‍ക്ക് കണ്ടുപരിചയമില്ലാത്ത ഈ ചിത്രം സ്വാഭാവികമായും വിസ്മരിക്കപ്പെട്ടു. അന്തകഷൂട്ടൗട്ടിന്റെ ആന്റിക്ലൈമാക്സിനൊടുവില് നെഞ്ചുകീറി കരഞ്ഞ ബ്ലാസ്റ്റേഴ്സിന്റെ സങ്കടത്തില്‍, ഗ്രൗണ്ട് നിറഞ്ഞ ഹൈദരാബാദിന്റെ ആഘോഷത്തില്‍ ആ ചിത്രം പാടെ മുങ്ങിമറഞ്ഞുപോയി. പക്ഷേ, ഒഴിഞ്ഞ ഗ്യാലറിയില്‍ ആഘോഷരാവിന് സാക്ഷിയായി അനാഥമായിക്കിടന്ന ആ ചിത്രത്തിന്റെ കണ്ണില്‍ ഒടുവിലൊരിറ്റ് ആനന്ദാശ്രു തുളുമ്പിനിന്നിട്ടുണ്ടാകുമോ? കാലം സത്യമാണെങ്കില്‍ സാധ്യതയുണ്ട്.
മുഖത്ത് സദാ നിസ്സംഗഭാവം പുലര്‍ത്തിയ ആ മനുഷ്യന്റെ നരച്ച ചിത്രത്തോടൊപ്പം ചേര്‍ത്തുവെച്ചെങ്കില്‍ മാത്രമേ പുതുമോടിയിലുള്ള ഹൈദരാബാദിന്റെ കിരീടധാരണത്തിന്റെ പ്രസക്തി പുതിയ തലമുറയ്ക്ക് ബോധ്യമാവൂ. ഇന്ത്യന്‍ ഫുട്ബോള്‍ ഒരു വലിയ കടം ബാക്കിവച്ച സയ്യിദ് അബ്ദുള്‍ റഹീം എന്ന ആ ചിത്രത്തിലെ നായകന്റെ സംഭവബഹുലമായ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ജീവിതകഥയിലൂടെ ഒന്ന് തിരിഞ്ഞുനടന്നെങ്കില് മാത്രമേ അതിന് ബ്ലാസ്റ്റേഴ്സിന്റെ കിരീടനഷ്ടത്തിന്റെ നോവിനേക്കാള്, ഐ.എസ്.എല്ലിലെ മറ്റേത് ടീമിന്റെയും കിരീടനേട്ടത്തേക്കാള്‍ പ്രസക്തിയുണ്ടെന്ന വാസ്തവം തിരിച്ചറിയൂ.
ഐ.എസ്.എല്‍. മാറ്റിയെഴുതിയ ഇന്ത്യന്‍ ഫുട്ബോളിന്റെ പുതിയ കഥയില്‍ കൊല്‍ക്കത്തയും നോര്‍ത്ത് ഈസ്റ്റും കേരളവും ഗോവയുമൊക്കെയാണ് പവര്‍ഹൗസുകള്‍. എന്നാല്‍, വിദേശികള്‍ നിറഞ്ഞ താരച്ചന്തകള് വരുംമുന്പ്, നോര്‍ത്ത് ഈസ്റ്റ് ഉണരും മുന്‍പ്, ഉഗ്രപ്രതാപികളായ കേരളത്തെയും ബംഗാളിനെയും ഗോവയെയുമെല്ലാം മണ്ണുതൊടീച്ച ഒരു ചരിത്രമുണ്ടായിരുന്നു ഹൈദരാബാദിന്. എഴുപതുകളോടെ തീര്‍ത്തും വിസ്മൃതമായിപ്പോയൊരു ചരിത്രം. രണ്ടായി പിരിഞ്ഞുപോയ തെലങ്കാനയിലെയും ആന്ധ്രയിലെയും പുതിയ തലമുറ ആരാധകര്‍ പോലും ഒരുപക്ഷേ, അവിശ്വാസത്തോടെ മാത്രം കേട്ടിരിക്കുന്നൊരു ചരിത്രം. നൈസാമിന്റെ കാലത്ത് സിറ്റി അഫ്ഗാന്‍സ് എന്നറിയപ്പെട്ടിരുന്ന ഹൈദരാബാദ് സിറ്റി പോലീസായിരുന്നു ഹൈദരാബാദ് ഫുട്ബോളിന്റെ കൊടിയടയാളം പേറിയത്. മഞ്ഞയും കറുപ്പുമണിഞ്ഞ് ഒന്നുമില്ലായ്മയില്‍ നിന്ന് ഉയര്‍ന്നുവന്നവര്‍ നാലു തവണ ഡ്യൂറണ്ട് കപ്പ് സ്വന്തമാക്കി സകലരെയും ഞെട്ടിച്ചു. അതും കലാശപ്പോരില്‍ മോഹന്‍ ബഗാനെയും ഈസ്റ്റ് ബംഗാളിനെയുമെല്ലാം മുട്ടുകുത്തിച്ചുകൊണ്ട്. മൂന്ന് തവണ റണ്ണറപ്പുകളുമായി. പിന്നീട് ആന്ധ്ര പോലീസായി പേരു മാറിയപ്പോഴും ഒന്‍പത് തവണ റോവേഴ്സ് കപ്പും രണ്ട് തവണ ഡി.സി.എം. ട്രോഫിയും സ്വന്തമാക്കി. എല്ലാം വെറും ഒരു പതിറ്റാണ്ടിനിടയില്‍. തുടര്‍ച്ചയായി അഞ്ചു തവണ റോവേഴ്സ് കപ്പ് സ്വന്തമാക്കിയ അപൂര്‍വമായൊരു ചരിത്രം കൂടി സ്വന്തമാണ് ഹൈദരാബാദ് പോലീസിന്. ക്ലബ് ഫുട്ബോളില്‍ ഒതുങ്ങിയില്ല ഈ പ്രതാപം. 1956 മുതല്‍ 65 വരെയുള്ള ഒന്‍പത് കൊല്ലത്തിനിടയില്‍ ഹൈദരാബാദായി രണ്ടു തവണയും ആന്ധ്രയായി ഒരു തവണയും സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട് ദേശീയ ചാമ്പ്യന്മാരുമായി. തിരുവനന്തപുരം നാഷണല്സിലായിരുന്നു ആദ്യം. അടുത്ത വര്‍ഷം സ്വന്തം നാട്ടിലും ജയം ആവര്‍ത്തിച്ചു. കൊല്ലം നാഷണല്സിലായിരുന്നു മൂന്നാമൂഴം. മൊത്തം മൂന്ന് തവണ റണ്ണറപ്പുകളുമായി. ബംഗാളും മൈസൂരുമെല്ലാം അടക്കിവാഴുന്ന കാലം. ഓര്‍ക്കണം പില്ക്കാലത്ത് ഇന്ത്യന്‍ ഫുട്ബോളിന്റെ ഈറ്റില്ലങ്ങളിലൊന്നായി വിലസിയ കേരളം കിരീടം നേടുന്നതിന് രണ്ടര പതിറ്റാണ്ട് മുന്‍പത്തെ കഥയാണിതൊക്കെ..
തീര്‍ന്നില്ല, ഹൈദരാബാദ് എഫ്.സിയുടെ പൂര്‍വസൂരികളുടെ വീരകഥകള്‍. ഒരു ഐ.എസ്.എല്‍ ചാമ്പ്യനെ സൃഷ്ടിച്ചിട്ടും ഇന്നൊരു ആന്ധ്രക്കാരനെ മഷിയിട്ടു നോക്കിയാല്‍ കിട്ടാനില്ല ദേശീയ ടീമില്‍. എന്നാല്‍, ഇതായിരുന്നില്ല അമ്പതുകളിലെയും അറുപതുകളിലെയും കഥ. ഹൈദരാബാദിന് അക്കാലത്ത് പറഞ്ഞ് അഭിമാനിക്കാനുണ്ടായിരുന്നു ഒളിമ്പ്യന്മാര് അടക്കം ഒരു ഡസനിലേറെ ദേശീയ താരങ്ങള്‍. മെല്‍ബണ്‍ ഒളിമ്പിക്സില്‍ മാത്രം ഒരേ സമയം ആറ് ഹൈദരാബാദ് താരങ്ങള്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ഇറങ്ങിയ ചരിത്രവുമുണ്ട്. അതില്‍ തന്നെ പലരും കാലമേറെക്കഴിഞ്ഞിട്ടും ഇന്നും ഇന്ത്യന്‍ ഫുട്ബോളിന്റ ദീപസ്തംഭങ്ങളായി തുടരുന്നു.

1948ലെ ഒളിമ്പിക്സില്‍ ഫ്രാന്‍സിനെതിരേ കളിച്ച കെ.പി.ധന്‍രാജ്, കളിക്കുന്ന കാലത്ത് ഏഷ്യയിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറെന്ന ഖ്യാതി പേറിയ ഇരട്ട ഒളിമ്പ്യന്‍ പീറ്റര്‍ തങ്കരാജ്, ഇന്ത്യയിലെ ആദ്യ പ്രൊഫഷണല്‍ താരമെന്ന പെരുമ പേറുന്ന മുഹമ്മദ് ഹബീബ്, എഴുപതുകളില്‍ ഇന്ത്യന്‍ പ്രതിരോധത്തിന്റെ നെടുന്തൂണാവുകയും പില്ക്കാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാവുകയും ചെയ്ത സയ്യിദ് നയിമുദ്ദീന്, ഹെല്‍സിങ്കി, റോം ഒളിമ്പിക്സുകളില്‍ ഇന്ത്യന്‍ ആക്രമണത്തിന്റെ കുന്തമുനയായിരുന്നു നൂര്‍ മുഹമ്മദ്, റോം ഒളിമ്പിക്സില്‍ പെറുവിനും ഹംഗറിക്കുമെതിരേ ഗോള്‍ നേടുകയും ഫ്രാന്‍സിനെതിരായ വിഖ്യാത മത്സരത്തില്‍ ഗോളിന് വഴിയൊരുക്കുകയും ചെയ്ത സ്ട്രൈക്കര്‍ തുളസീദാസ് ബല്‍റാം, റോം ഒളിമ്പിക്സില്‍ പി.കെ.ബാനര്‍ജിക്കും ബല്റാമിനുമെല്ലാമൊപ്പം ഇന്ത്യന്‍ ആക്രമണത്തെ നയിച്ച ധര്‍മലിംഗം കണ്ണന്, മെല്‍ബണ്‍ ഒളിമ്പിക്സില്‍ ഏറ്റവും മികച്ച പ്രതിരോധഭടനുള്ള അവാര്‍ഡ് നേടിയ സയ്യിദ് അബ്ദുസ്സലാം, ധാക്കയില്‍ ചതുര്‍രാഷ്ട്ര ടൂര്‍മെന്റില്‍ ടീമിനെ നയിച്ച ഡിഫന്‍ഡര്‍ സയ്യിദ് ഖ്വാജ അസിസുദ്ദീന്‍, ഏഷ്യന്‍ ഗെയിംസില്‍ ജപ്പാനെതിരേ വല കുലുക്കിയ എസ്.കെ. മൊയിനുദ്ദീന്‍, മെല്‍ബണില്‍ പ്രതിരോധം കാത്ത അഹമ്മദ് ഹുസൈന്, മുഹമ്മദ് സുള്ഫിഖുറുദ്ദീന്, റോം ഒളിമ്പിക്സിലും സ്വര്‍ണമണിഞ്ഞ 1962 ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ മധ്യനിര നിയന്ത്രിച്ച യൂസഫ് ഖാന്, റോം ഒളിമ്പിക്സില്‍ ഇന്ത്യന്‍ ടീമിലെ ബേബിയായിരുന്ന ഹബിബുള്‍ ഹസന് ഹമിദ്, പില്ക്കാലത്ത് റഫറിയായി പേരെടുത്ത ഒളിമ്പ്യന്‍ എസ്.എസ്. ഹക്കീം, ഇന്ത്യയ്ക്കു വേണ്ടി മുപ്പത് ഗോളുകള്‍ നേടിയ ചരിത്രമുള്ള സൂപ്പര്‍താരം ഷബീര്‍ അലി...
എണ്‍പതുകളുടെ മധ്യത്തില്‍ കേരള പോലീസിന്റെ ആവിര്‍ഭാവം വരെ കേരളത്തിന് പോലും അവകാശപ്പെടാനുണ്ടായിരുന്നില്ല ഇത്രയും സമ്പന്നമായൊരു പാരമ്പര്യം. ഏറെപ്പേര്‍ക്കൊന്നും അറിയാത്ത മറ്റൊരു അനുബന്ധ കൗതുകവിശേഷം കൂടിയുണ്ട് ഹൈദരാബാദിന്റെ ഈ പട്ടികയ്ക്ക്. ഇന്ത്യന്‍ ഫുട്ബോളിന്റെ ഇതിഹാസം മുന്‍ നായകന് സുനില്‍ ഛേത്രിയും ജന്മം കൊണ്ട് ഹൈദരാബാദുകാരനാണ്. അച്ഛന് കെ.ബി. ഛേത്രി കോര്‍പ്സ് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് മെക്കാനിക്കല്‍ എന്ജീനീയേഴ്സില് ജോലി ചെയ്യുന്ന കാലത്ത് ഹൈദരാബാദിന്റെ ഇരട്ടനഗരമായ സെക്കന്ദരാബാദിലായിരുന്നു സുനിലിന്റെ ജനനം. അച്ഛന് സ്ഥലംമാറിയപ്പോഴാണ് ഛേത്രി ഡല്ഹിക്കാരനായത്.
%20(1).jpg?$p=dac5f62&&q=0.8)
ഓസ്ട്രേലിയക്കെതിരേ ഗോള്‍ നേടുന്നു
ക്ഷണികമായിരുന്നു ഹൈദരാബാദിന്റെ ഈ പെരുമ. അമ്പതുകളില്‍ തുടങ്ങി അറുപതുകളുടെ മധ്യത്തോടെ തന്നെ ഹൈരാബാദ് പോലീസിനും ശക്തിചോര്ന്നു. ദേശീയ ടൂര്‍ണമെന്റുകളില്‍ ദയനീയമായി അവരുടെ പ്രകടനം. അതിന്റെ പിന്‍പറ്റി ആന്ധ്ര സന്തോഷ് ട്രോഫിയിലും പിന്നാക്കം പോയി. എണ്‍പതുകളില്‍ ഷബീര്‍ അലിക്കുശേഷം നല്ലൊരു ഫുട്ബോള്‍താരം അവിടുന്ന് ഉദയം ചെയ്തതുമില്ല. സാനിയ, സൈന, ലക്ഷ്മണ്, ശ്രീകാന്ത്, സിന്ധു, ഗോപിചന്ദുമാര് ഹൈദരാബാദിന്റെയും ആന്ധ്രയുടെയുമെല്ലാം സ്പോര്‍ട്ടിങ് ഐക്കണുകളായതോടെ പഴയ ഫുട്ബോള്‍ ചരിത്രം ഉപ്പൂപ്പാന്റെ ആനക്കഥയായി. പഴയ വിഗ്രഹങ്ങളേറെയും വിസ്മൃതവുമായി. ഹൈദരാബാദ് എഫ്.സി.യുടെ ഐ.എസ്.എല്‍. കിരീടധാരണത്തിന് റഹീംസാബിന്റെ ചിത്രം സാക്ഷ്യം വഹിച്ചത് ഒരു യാദൃച്ഛികത അല്ലാതാവുന്നത് ഇതുകൊണ്ടാണ്. അതൊരു നിമിത്തമായിരുന്നു. തിരസ്കാരത്തില്‍ നിന്നുള്ള കാലത്തിന്റെ അനിവാര്യമായ തിരിച്ചുവരവിന്റെ സൂചനയായിരുന്നു. മറ്റൊരു അര്‍ഥത്തില്‍ ഹൈദരാബാദിന്റെ ഈ കിരീടനേട്ടം ഇന്ത്യന്‍ ഫുട്ബോളിനുവേണ്ടി കാലം കാത്തുവച്ചൊരു കടംവീട്ടല്‍ കൂടിയായിരുന്നു.
ഹൈദരാബാദ് മാത്രമല്ല, ഇന്ത്യന്‍ ഫുട്ബോള്‍ തന്നെ ഇത്രയേറെ കടപ്പെട്ട മറ്റൊരു പരിശീലകനില്ല റഹീം റാബിനെപ്പോലെ. ഇന്ത്യ കണ്ട ഏറ്റവും മികച്ച പരിശീലകന് എന്നു റഹീമിനെ വിശേഷിപ്പിച്ചാല്‍ വാന്‍ വുകുമനോവിച്ചിന്റെയും മനോലോ മാര്‍ക്വേസിന്റെയും സ്റ്റീവ് കോപ്പലിന്റെയും സ്റ്റീവന്‍ കോണ്‍സ്റ്റന്റൈന്റെയും ഇഗോര്‍ സ്റ്റിമാച്ചിന്റെയും ബോബ് ബൂട്ട്ലാന്ഡിന്റെയുമെല്ലാം പ്രൊഫഷണല്‍ ഫാന്‍സ് നെറ്റി ചുളിച്ചേക്കാം. ആരാണീ റഹീമെന്ന് അത്ഭുതം കൂറിയേക്കാം ചിലരെങ്കിലും. അവര്‍ക്കായി ഒരൊറ്റ ഉത്തരമേയുള്ളൂ. സ്വാതന്ത്ര്യാനന്തരം ഇന്ത്യന്‍ ഫുട്ബോളിന് ഒരു സുവര്‍ണകാലഘട്ടം ഉണ്ടായിരുന്നെങ്കില്‍ അത് റഹീം പരിശീലകനായിരുന്ന കാലം മാത്രമായിരുന്നു. ബ്രിട്ടീഷ് മേല്‍വിലാസമില്ലാതെ ഇക്കഴിഞ്ഞ എഴുപത്തിയഞ്ച് കൊല്ലംക്കാലം എന്തെങ്കിലും നേട്ടം ഇന്ത്യന്‍ ഫുട്ബോളിന്റെ പേരിന് നേരെ എഴുതിച്ചേര്ക്കപ്പെട്ടിട്ടുണ്ടെങ്കില് അതിനൊക്കെ ഒരേയൊരാളെയുള്ളൂ കാരണഭൂതന്. അധ്യാപകനായി തുടങ്ങിയ ഇന്ത്യയ്ക്ക് അത്ഭുതനേട്ടങ്ങള്‍ സമ്മാനിച്ച് അരങ്ങൊഴിഞ്ഞ എസ്.എ.റഹീം. സംശയാലുക്കള്ക്കായിതാ റഹീമിന്റെ കീഴിലെ ഇന്ത്യയുടെ നേട്ടപ്പട്ടിക. 1956ലെ മെല്‍ബണ്‍ ഒളിമ്പിക്സിലെ നാലാം സ്ഥാനം. 1951ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസിലെയും 1962ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെയും സ്വര്‍ണങ്ങള്‍. നാലുതവണ കൊളംബോ കപ്പില്‍ കിരീടം, ഒരു തവണ മെര്‍ദേക്ക കപ്പിലും. ഓര്‍ക്കുക ഒളിമ്പിക് സെമിയിലെത്തുന്ന ആദ്യ ഏഷ്യന്‍ രാജ്യമായിരുന്നു ഇന്ത്യ. ബ്ലൂ ടൈഗേഴ്സ് എന്ന അതിശയോക്തി കലര്‍ന്ന വിളിപ്പേര് വീണുകിട്ടുംമുന്പ് ശരിക്കും പുലികളായിരുന്ന ഒരു കാലമുണ്ടായിരുന്നു ഇന്ത്യയ്ക്കെന്ന് അറിയണമെങ്കില്‍ റഹീമിനെ കാലത്തെ ഒന്നുകൂടി ഓര്‍ത്തെടുത്തേ മതിയാവൂ.
പ്രതിഭാധനരായ ഒരു കൂട്ടം കളിക്കാരെ കൊണ്ട് നല്ലൊരു ടീം വാര്ത്തെടുത്തതായിരുന്നില്ല റഹീമിന്റെ സംഭാവന. ശിവകുമാര്‍ ലാലിനൊപ്പം ഹൈദരാബാദ് ഫുട്ബോള്‍ അസോസിയേഷന്റെ ചുമതലയേറ്റ റഹീം ആദ്യം ചെയ്തത് താഴേത്തട്ട് മുതല്‍ ഫുട്ബോള്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കുകയായിരുന്നു. നൈസാം ഗോള്‍ഡ് കപ്പും മജീദ് ചാലഞ്ച് ഷീല്‍ഡും പോലുള്ള നിരവധി ടൂര്‍ണമെന്റുകള്‍ അങ്ങനെ പിറന്നുവീണു. സംഘാടകര്‍ക്ക് പണം സംഘടിപ്പിക്കാനായി ഇന്ന് ലാല്‍ ബഹാദൂര്‍ ശാസ്ത്ര സ്റ്റേഡിയമായ മാറിയ പഴയ ഫത്തേ മൈതാനില്‍ റഷ്യന്‍ ടീമിനെ കൊണ്ട് വന്ന് രണ്ട് മത്സരങ്ങള്‍ കളിപ്പിച്ചു. ഈ മത്സരങ്ങളില്‍ തിങ്ങിനിറഞ്ഞ ഗ്യാലറികളാണ് അസോസിയേഷന്റെ കീശ നിറച്ചത്. അങ്ങനെ ഫുട്ബോള്‍ ക്യാമ്പുകള്‍ യഥേഷ്ടം സംഘടിപ്പിക്കപ്പെട്ടു. അവിടങ്ങളില്‍ നിന്ന് നിരവധി കളിക്കാര്‍ ഉയര്‍ന്നുവന്നു. അങ്ങനെ പരന്ന വായനയും മന:ശാസ്ത്രത്തില്‍ അഗാധമായ പാണ്ഡിത്യമുള്ള അധ്യാപകനുമായിരുന്നിട്ടും ഊണിലും ഉറക്കത്തിലും ഫുട്ബോള്‍ മാത്രം സ്വപ്നം കണ്ടുനടന്ന റഹീം 1943ല്‍ ഹൈദരാബാദ് സിറ്റി പോലീസിന്റെ പരിശീലകനായി. ടീമുകള്‍ക്ക് മുഴുവന്‍സമയ പരിശീലകര്‍ ഇല്ലാത്ത കാലത്തായിരുന്നു ഇതെന്ന് ഓര്‍ക്കണം. പഴയ സിറ്റി അഫ്ഗാന്സിന് അതൊരു പുനര്ജന്മമായിരുന്നു. ടീം അവിശ്വസനീയമാംവണ്ണം അടിമുടി മാറി. ഡ്യൂറണ്ടിലും റോവേഴ്സ് കപ്പിലും ഡി.സി.എം. ട്രോഫിയിലും ചരിത്രമെഴുതി. അതിന്റെ ശരിയായ ഇഫക്റ്റ് ഹൈദരാബാദ് സംസ്ഥാന ടീമിലും കണ്ടു. സന്തോഷ് ട്രോഫിയില്‍ പുതിയ രാജാക്കന്മാര് അരിയിട്ടുവാഴ്ച നടത്തി.
ഇതായിരുന്നു ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്തേയ്ക്കുള്ള റഹീമിന്റെ ചവിട്ടുപടി. വരവ് ഇന്ത്യയുടെ ആദ്യ പരിശീലകന് ബലൈദാസ് ചാറ്റര്‍ജിയുടെ പകരക്കാരനായി. ടീം 1948 ലണ്ടന്‍ ഒളിമ്പിക്സില്‍ ഫ്രാന്‍സിനോട് പൊരുതിത്തോറ്റതിന്റെ ആവേശത്തില്‍ കഴിയുന്ന കാലം. നഗ്നപാദരുടെ കളി മികവ് കണ്ട് ജോര്‍ജ് നാലാമന് രാജാവ് പോലും കൈയടിച്ചു നമിച്ച കഥ പ്രചരിക്കുന്ന കാലം കൂടിയായിരുന്നു അത്. മുന്‍ഗാമിയുടെ കടുത്ത എതിര്‍പ്പിനിടെയായിരുന്നു റഹീമിന്റെ വരവ്. 1949ല്‍ സിലോണ്‍ പര്യടനത്തിലയിരുന്നു തുടക്കം. എന്നാല്‍, റഹീം യഥാര്‍ഥ വെല്ലുവിളി അറിഞ്ഞത് രണ്ടു വര്‍ഷം കഴിഞ്ഞ് ഹെല്‍സിങ്കിയില്‍ ഒളിമ്പിക്സിനെത്തിയപ്പോഴാണ്. ടീം സെലക്ഷന് മുതല്‍ സകലതിലും കൈകടത്തിക്കൊണ്ടിരുന്നു സ്ഥാനംപോയ ബലൈദാസ് ചാറ്റര്‍ജി. ഫലത്തില്‍ ഒളിമ്പിക്സിന് ടീമിനെ ഇറക്കുമ്പോള്‍ തീര്‍ത്തും നിസ്സഹായനായിരുന്നു റഹീം. എന്നിട്ടും കൊടുംതണുപ്പില്‍ നഗ്നപാദരായി ടീമിനെ കളത്തിലിറക്കിയെങ്കിലും ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടാണ് കാത്തിരുന്നത്. ശൈലന് മന്നയും ഷണ്മുഖവും അഹമ്മദ് ഖാനുമെല്ലാം ഫസ്റ്റ് ഇലവനിലും മേവാലാലും നൂര്‍ മുഹമ്മദുമെല്ലാം സബ്സ്റ്റിറ്റിയൂട്ടുകളുമായിറങ്ങി മത്സരത്തില്‍ ഒന്നിനെതിരേ പത്ത് ഗോളുകള്‍ക്കായിരുന്നു യൂഗോസ്ലാവിയയോടുള്ള ഇന്ത്യയുടെ തോല്‍വി. ഫൈനലില്‍ ഈ യൂഗോസ്ലാവ്യയെ തോല്പിച്ചാണ് ഫ്രാങ്ക് പുഷ്കാസിന്റെ മാജിക്കല്‍ മഗ്യാറുകളായ ഹംഗറി ലോകകിരീടം ചൂടിയത്.
ഈ നാണംകെട്ട തോല്‍വി ഒരു തരത്തില്‍ ഉര്‍വശീശാപം ഉപകാരമായി റഹീമിന്. ചാറ്റര്‍ജിയുടെ ശല്യമൊഴിവാക്കി കൈകള്‍ സ്വതന്ത്രമാക്കി. ഒരു വലിയ തിരിച്ചറിവുകൂടിയായിരുന്നു റഹീമിന് ഈ തോല്‍വി. ഒട്ടും വൈകിയില്ല. ടീമിനെ അടിമുടി ഉടച്ചുവാര്‍ത്തു റഹീം. കളിക്കാരെയല്ല. കളിശൈലി തന്നെ മാറ്റിയെഴുതി. ലോംഗ്ബോളിനെ ആശ്രയിക്കുന്ന ബ്രിട്ടീഷ് കാലത്തെ പഴഞ്ചന്‍ 3-2-5 ശൈലി ഉപേക്ഷിച്ച് ആദ്യമായി 4-2-4 ശൈലി കൊണ്ടുവന്നു റഹീം. മാജിക്കല്‍ മഗ്യാറുകളില് മാര്‍ട്ടണ്‍ ബുക്കോവി രണ്ട് ലോകകപ്പുകളില്‍ വിജയകരായി പരീക്ഷിച്ച മാതൃക അതേപടി പകര്‍ത്തുകയായിരുന്നു റഹീം. ഓര്‍ക്കണം 1958 ലോകകപ്പില്‍ ഈ ശൈലിക്ക് ബ്രസീല്‍ വലിയ പ്രചാരം കൊടുക്കുന്നതിന് മുന്‍പായിരുന്നു റഹീം അത് ഇന്ത്യയില്‍ നടപ്പാക്കിയത്. ബ്രസീലിനും കാതങ്ങള്‍ മുന്നിലായിരുന്നു റഹീമിന്റെ സഞ്ചാരമെന്ന് സാരം. 1964ല്‍ ബ്രസീലില്‍ പരിശീലനം പഠിക്കാന്‍ പോയ അന്നത്തെ പരിശീലകന് ആല്‍ബര്‍ട്ടോ ഫെര്‍ണാണ്ടോ പറഞ്ഞു: '1956ല്‍ റഹീം പണ്ട് ഞങ്ങളെ പഠിപ്പിച്ചതു തന്നെയാണ് ഇപ്പോള്‍ ഇവിടെ പഠിപ്പിക്കുന്നത്. അദ്ദേഹം അക്ഷരാര്‍ഥത്തില്‍ തന്നെ ഒരു പ്രവാചകനാണ്.'
%20(1).jpg?$p=03a4f9f&&q=0.8)
ഫോര്‍മേഷനില്‍ മാത്രമായിരുന്നില്ല പരീക്ഷണം. ഇന്ത്യയുടെ പരമ്പരാഗത കളിശൈലി തന്നെ തകര്‍ത്തെറിഞ്ഞു റഹീം ഇക്കാലത്ത്. ഹോക്കി പോലെ ഫുട്ബോളിലും അന്ന് ഡ്രിബിളിങ്ങായിരുന്നു പ്രധാന ആക്രമണരീതി. മികച്ച ഡ്രിബിളര്മാര് സൂപ്പര്‍താരങ്ങളായി. എന്നാല്‍, ഡ്രിബിളിങ് ഒരു അപരാധമായിരുന്നു റഹീമിന്. പകരം വണ്‍ ടച്ച് ബോളും കുറിയ പാസുകളും കൊണ്ടുവന്നു. പന്ത് അധികനേരം കൈവശം വയ്ക്കുന്നയാള്‍ക്ക് അടുത്ത കളിയില്‍ സ്ഥാനമില്ലെന്ന നിയമം പോലും നടപ്പാക്കി. പാസിങ് ഗെയിം താഴേത്തട്ട് മുതല്‍ നടപ്പാക്കാന്‍ നോണ്‍ ഡ്രിബിളിങ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിച്ചു. ഇതുവഴി കളിക്കാരുടെ സ്പീഡും സ്റ്റാമിനയും വര്‍ധിക്കുമെന്ന് താഴേത്തട്ട് മുതല്‍ റഹീം തെളിയിച്ചു. 'ഫുട്ബോള്‍ വളരെ സിംപിളായ ഒരു കളിയാണ്. അത് ഗ്രൗണ്ടില്‍ ചലിക്കുന്ന ഒരു കവിതയാണ്. നമ്മള് ആകെ ചെയ്യേണ്ടത് പന്ത് വാങ്ങുക, അത് തിരിച്ചുകൊടുക്കുക മാത്രമാണ്. പന്ത് കൈവശമില്ലാതെയും നമ്മള് കളിക്കാന്‍ പഠിക്കണം.' ഇതായിരുന്നു റഹീമിന്റെ സിംപിള്‍ ലോജിക്. ഇതുകഴിഞ്ഞ് അര നൂറ്റാണ്ടിനുശേഷമാണ് ലൂയി അരഗോണ്സും വിന്‍സന്റ് ഡെല്ബോസ്ക്കും സ്പെയിനില്‍ ടിക്കിടാക്ക കൊണ്ടുവരുന്നത് എന്നുകൂടി നമ്മള് ഓര്‍ക്കണം.
മൂന്നാമത്തെ പരീക്ഷണമായിരുന്നു അതിവിചിത്രം. കളിക്കാരെ രണ്ടുകാലുകൊണ്ടും കളിക്കാന്‍ സജ്ജരാക്കുക. അതിനായി ഏറ്റവും ദുര്‍ബലമായ കാലുകൊണ്ട് മാത്രം കളിക്കാവുന്ന മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഒരു ശരാശരി കളിക്കാരനെപ്പോലും മികവുറ്റ ഓള്റൗണ്ടറാക്കുകയായിരുന്നു ലക്ഷ്യം. ഒന്നും വെറുതെയായില്ല. പില്ക്കാല ഇതിഹാസങ്ങള്‍ അടക്കം പ്രതിഭാധനരായ ഒരു വലിയ നിര തന്നെ ഉയര്‍ന്നുവന്നു ഹെല്‍സിങ്കിയിലെ യൂഗോസ്ലാവ്യന്‍ ചാരത്തില്‍ നിന്ന്. പി.കെ.ബാനര്‍ജി, ചുനി ഗോസ്വാമി, തുളസിദാസ് ബല്‍റാം, യൂസഫ് ഖാന്, ജര്‍ണൈല്‍ സിങ്, അരുണ്‍ ഘോഷ്, പീറ്റര്‍ തങ്കരാജ്, രാം ബഹാദുര്‍, കെംപയ്യ, അസിസുദ്ദീന്‍, സൗഫിഖര്, പ്രശാന്ത സിന്‍ഹ, ഫ്രാങ്കോ... ഓള്‍റൗണ്ടര്‍മാരുടെ ഒരു വലിയ നിരയാണ് അക്കാലത്ത് ഇന്ത്യന്‍ ഫുട്ബോളില്‍ വളര്‍ന്നു വന്നത്. ആരെയും ഏത് പൊസിഷനിലും കളിപ്പിക്കാവുന്ന സാഹചര്യം. കളിക്കാര്‍ മാത്രമല്ല, പില്ക്കാലത്ത് ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റും മികച്ച തദ്ദേശീയരായ മൂന്ന് പരിശീലകര്‍, അമല്‍ ദത്തയും പി.കെ.ബാനര്‍ജിയും സയ്യിദ് നയിമുദ്ദീനും കളിച്ചുവളര്‍ന്നതും റഹീമിന്റെ കീഴിലായിരുന്നു.
ടീം അന്നേവരെ കണ്ടുശീലിച്ച രീതിയായിരുന്നില്ല പുതിയ പരിശീലകന്റേത്. എല്ലാ അര്‍ഥത്തിലും വിപ്ലവകരം. കറകറളഞ്ഞ പ്രൊഫഷണലിസം. കര്‍ക്കശക്കാരനായിരുന്നു റഹീം. ക്യാമ്പില്‍ തനി പട്ടാളച്ചിട്ട. ബേണിലെ വിസ്മയമെന്ന് പുകള്‍പെറ്റ ഫൈനലില്‍ ഹംഗറിയെ വീഴ്ത്തി പശ്ചിമ ജര്‍മനിക്ക് 1954ലെ ലോകകപ്പ് സമ്മാനിച്ച സെപ് ഹേബര്ഗറും പരീക്ഷണങ്ങളുടെ തമ്പുരാനായിരുന്ന ഇംഗ്ലീഷുകാരന് ഹേര്ബേട്ട് ചാപ്മാനുമൊക്കെയായിരുന്നു മാതൃക. അച്ചടക്കത്തിന്റെ കാര്യത്തില്‍ തെല്ലുമില്ലായിരുന്നു വിട്ടുവീഴ്ച. കളിക്കാര്‍ കോച്ചിന്റെ മുഖത്ത് നോക്കാന്‍ തന്നെ ഭയന്നു. റഹീം ഒന്ന് തറപ്പിച്ചു നോക്കിയാല്‍ അന്നത്തെ മുതിര്‍ന്ന താരം പി.കെ.ബാനര്‍ജി പോലും തല കുമ്പിടുമായിരുന്നുത്രെ. കളിക്കാരുടെ ശ്രദ്ധ കവരുമെന്ന് പറഞ്ഞ് വിശ്രമവേളകളിലെ ചീട്ടുകളിക്കും മദ്യപാനത്തിമെല്ലാം കര്‍ശന വിലക്കായിരുന്നു. പുസ്തകങ്ങള്‍ വായിക്കാനും കളിയിലെ തന്ത്രങ്ങള്‍ ചര്ച്ചചെയ്യാനുമായിരുന്നു ഉത്തരവ്. സിനിമ കാണുന്നത് മാത്രമുണ്ടായിരുന്നില്ല വിലക്ക്. ക്യാമ്പിന്റെ സമയത്ത് രാത്രി കളിക്കാരുമായി നടക്കാനിറങ്ങുന്ന പതിവുണ്ടായിരുന്നു റഹീമിന്. ഈ നടത്തത്തിലത്രയും ഫുട്ബോളിനെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങളും പദ്ധതികളും മാത്രമായിരുന്നു സംസാരിച്ചിരുന്നത്. പിറ്റേ ദിവസം വല്ലാത്തൊരു ഊര്‍ജമായിരുന്നു ആ വാക്കുകളെന്ന് പലരും തുറന്നുപറഞ്ഞിട്ടുണ്ട്. ഓരോ കളിക്കാരനുമായ സുദൃഢമായൊരു ബന്ധം കാത്തുസൂക്ഷിക്കുകയും ചെയ്തു റഹീം. പില്ക്കാലത്ത് ഹൈദരാബാദില്‍ നിന്ന് കൊല്‍ക്കത്തയിലേയ്ക്ക് ചേക്കേറിയ തുളസിദാസ് ബല്‍റാമിന്റെ വീട് സന്ദര്‍ശിച്ചവര്‍ അകത്തെ ഒരു കാഴ്ച കണ്ട് ഞെട്ടിപ്പോയിട്ടുണ്ട്. അകത്തെ മുറിയിലെ ചുമരിനെ അലങ്കരിച്ചത് ദൈവങ്ങളുടെയല്ല, എ.എസ്. റഹീം എന്ന ഒരു പരിശീലകന്റെ മാത്രം ചിത്രം.
റഹീമിന്റെ പരീക്ഷണങ്ങള്‍ മാറ്റുതെളിയിക്കാന്‍ ഏറെക്കാലം വേണ്ടിവന്നില്ല. 1948ലെ ഒളിമ്പിക്സ് ടീമിനെ അടിമുടി അഴിച്ചുപണിതാണ് റഹീം ഡല്‍ഹി ഏഷ്യാഡിന് ടീമിനെ ഒരുക്കിയത്. ന്യൂഡല്‍ഹി ഏഷ്യന്‍ ഗെയിംസില്‍ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ സാക്ഷിയാക്കി അവര്‍ ആദ്യ കിരീടം സ്വന്തമാക്കുകയും ചെയ്തു. ഇറാനെതിരായ ഫൈനല്‍ ആവേശത്തോടെയാണ് നെഹ്റു കണ്ടുതീര്‍ത്തത്. കളിക്കാര്‍ മെഡല്‍ സമ്മാനിച്ചശേഷമാണ് മടങ്ങിയതുപോലും.
അടുത്ത ഊഴം മെല്‍ബണ്‍ ഒളിമ്പിക്സായിരുന്നു. അതിനിടെ നിരവധി ടൂര്‍ണമെന്റുകള്‍ കളിച്ച് ടീമിനെ കൂടുതല്‍ ശക്തമാക്കി റഹീം. പുതിയ ശൈലികള്‍ രാകിമിനുക്കി, ഒന്നുകൂടി വിളക്കിച്ചേര്‍ത്തു. പുതിയ താരങ്ങളും ടീമിലെത്തി. ഇവിടെയും ശൈലിയില്‍ അപ്രതീക്ഷിതമായ ചില മാറ്റങ്ങള്‍ കൊണ്ടുവന്നു റഹീം സാബ്. 3-2-5 ശൈലിയില്‍ കളിക്കുന്ന എതിരാളികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ഉള്‍വലിച്ചു കളിക്കുന്ന ഒരു മിഡ്ഫീല്‍ഡറെ വിന്യസിച്ചു റഹീം. ലോകം ഫാള്‍സ് നയന്‍ എന്ന പരീക്ഷണത്തെക്കുറിച്ചൊക്കെ ചിന്തിച്ച് തുടങ്ങുന്നതിന് എത്രയോ മുന്‍പുള്ള കഥയാണിത്. ഇവിടെയും റഹീമിന്റെ മാതൃക ഹംഗേറിയന്‍ ടീമായിരുന്നു. ഹംഗേറിയന്‍ ഇതിഹാസം നാന്ഡര് ഹിഡെഗുട്ടിയെ മാതൃകയില്‍ സമര് ബിദ്രു ബാനര്‍ജിയെ വിത്ഡ്രോണ്‍ പ്ലേമേക്കറായി ശട്ടംകെട്ടിയാണ് റഹീം ടീമിനെ മെല്‍ബണില്‍ ഇറക്കിയത്. പി.കെ.ബാനര്‍ജി വലത്തും നെവില്‍ ഡിസൂസ മധ്യത്തിലും തുളസിദാസ് ബല്‍റാമും കിട്ടുവും വലത്തും. ഈ പരീക്ഷണത്തിന്റെ വില ശരിക്കും അറിഞ്ഞത് മറ്റാരുമല്ല, ആതിഥേയരായ ഓസ്ട്രേലിയ തന്നെ. സ്ട്രൈക്കര്‍ നെവില്‍ ഡിസൂസയുടെ ഹാട്രിക്കിന്റെ ബലത്തില്‍ രണ്ടിനെതിരേ നാലു ഗോളിന് ആതിഥേയരെ തകര്‍ത്താണ് ഇന്ത്യ ചരിത്രത്തില്‍ ആദ്യമായും അവസാനമായും ഒളിമ്പിക്സിന്റെ സെമിയില്‍ പ്രവേശിച്ചത്. ഒളിമ്പിക്സ് കളിക്കുന്ന ആദ്യ ഏഷ്യന്‍ രാജ്യമായി അന്നങ്ങനെ ഇന്ത്യ. ഒളിമ്പിക്സില്‍ ഹാട്രിക് നേടുന്ന ആദ്യ ഏഷ്യന്‍ താരമെന്ന ബഹുമതിയും അന്ന് നെവില്‍ ഡിസൂസയ്ക്ക് സ്വന്തമായിരുന്നു.
ഞെട്ടിക്കുന്ന തോല്‍വിക്ക് കൂവി കണക്കുതീര്‍ത്ത ആതിഥേയ കാണികളുടെ എതിര്‍പ്പ് ആവോളം ഉണ്ടായിട്ടും സെമിയിലും ഞെട്ടിച്ചു ഇന്ത്യ. ഹെല്‍സിങ്കിയില്‍ പത്ത് ഗോളടിച്ച് നാണം കെടുത്തിയ യൂഗോസ്ലാവ്യയ്ക്കെതിരേ ആദ്യം ലക്ഷ്യം കണ്ടത് ഇന്ത്യ. ഒളിമ്പിക്സിലെ ഏറ്റവുംമികച്ച ഗോള്‍സ്കോറര്‍ എന്ന നേട്ടം പങ്കിട്ട നെവില്‍ ഡിസൂസയിലൂടെ തന്നെ എന്നാല്‍, ഒരു സെല്‍ഫ് ഗോളടക്കം നാലെണ്ണം തിരിച്ചടിച്ച് യൂഗോസ്ലാവ്യ ചരിത്രം ആവര്‍ത്തിച്ചു. വെങ്കല മെഡിലിനുള്ള പോരാട്ടത്തില്‍ ബള്ഗേറിയയോടായിരുന്നു തോല്‍വി. അങ്ങനെ ചരിത്രം കുറിച്ച നാലാം സ്ഥാനം.
മെല്‍ബണിലെ ഈ നേട്ടത്തിന് പിന്നില്‍ റഹീം എന്ന കര്‍ക്കശക്കാരന്റെ ആത്മവിശ്വാസത്തിന്റെ അറിയാക്കഥ കൂടിയുണ്ട്. ബംഗാളില്‍ നിന്നുള്ള താരങ്ങള്‍ക്കായിരുന്നു ദേശീയ ടീമില്‍ പ്രാമുഖ്യം. ആദ്യമായി സന്തോഷ് ട്രോഫി നേടിയ ഹൈദരാബാദ് ടീമില്‍ നിന്ന് കൂടുതല്‍ താരങ്ങളെ എടുക്കണമെന്ന് ശഠിച്ചു നാട്ടുകാരനായ റഹീം. എന്നാല്‍, അതിന് ഒരുക്കമായിരുന്നില്ല അന്നത്തെ എഐ.എഫ്.എഫിന്റെ ബംഗാളുകാരന് അധ്യക്ഷന്‍ ബി.ഡി.റോയ്. ബംഗാള്‍ ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഹൈദരാബാദ് ജയിച്ചത് എന്നായിരുന്നു റോയിയുടെ വാദം. ചൂടേറിയ വാഗ്വാദത്തിനൊടുവില്‍ റഹീം ഒരു വെല്ലുവിളി നടത്തി. എങ്കില്‍ ഹൈദരാബാദും ബംഗാളും ഒന്നുകൂടി ഏറ്റുമുട്ടട്ടെ. അങ്ങനെ കൊല്‍ക്കത്തയില്‍ മത്സരത്തിന് അരങ്ങൊരുങ്ങി. മത്സരത്തില്‍ ഹൈദരാബാദ് മടക്കമില്ലാത്ത മൂന്ന് ഗോളിന് ജയിച്ചു. അങ്ങനെ റഹീമിന്റെ വാശി ജയിച്ചു. ആറു ഹൈദരാബാദുകാര് മെല്ബണിലേയ്ക്കു ടീമിനൊപ്പം പറക്കുകയും ചെയ്തു. മെല്‍ബണിലെ നാലാം സ്ഥാനമാണ് അവര്‍ പരിശീലകന് പകരം നല്‍കിയത്.
ഇന്ത്യയുടെ ഈ പ്രകടനത്തിന്റെ യഥാര്‍ഥ മാറ്ററിയണമെങ്കില്‍ ഏഷ്യയില്‍ നിന്ന് യോഗ്യതാ കടമ്പ കടന്നെത്തില് മറ്റ് രണ്ടു ടീമുകളുടെ പ്രകടനംകൂടി കാണണം. ജപ്പാന് ആദ്യ റൗണ്ടില്‍ ഓസ്ട്രേലിയയോടും തായ്ലന്ഡ് യു.കെയോടും തോറ്റ് മടങ്ങുകയായിരുന്നു. ഏഷ്യയുടെ ബ്രസീല്‍ എന്നായിരുന്നു അക്കാലത്ത് ഫിഫ ഇന്ത്യയ്ക്കു നല്കിയ വിശേഷണം.
എന്നാല്‍, റഹീം യഥാര്‍ഥ പരീക്ഷണം നേരിട്ട് 1962 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലാണ്. നാലു വര്‍ഷം മുന്‍പ് ടോക്യോയില്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നതിന്റെ ക്ഷീണമല്ല. രാഷ്ട്രീയത്തിന്റെ പേരിലുള്ള ആതിഥേയരുടെ കടുത്ത എതിര്‍പ്പായിരുന്നു പ്രധാന വൈതരണി. ഇന്ഡൊനീഷ്യക്കാരുടെ ഈര്‍ഷ്യ ഭയന്ന് തലപ്പാവ് ധരിച്ച ക്യാപ്റ്റന്‍ ജര്‍ണൈല്‍ സിങ് ടീം ബസ്സില്‍ നിലത്തിരുന്നാണ് ദക്ഷിണ കൊറിയയ്ക്കെതിരായ ഫൈനലില്‍ സ്റ്റേഡിയത്തിലെത്തിയത്. ഒരു ലക്ഷത്തോളം കാണികളുണ്ടായിരുന്നു സ്റ്റേഡിയത്തില്‍. അവര്‍ ഒരേ സ്വരത്തില്‍ ഇന്ത്യയെ കൂവിക്കൊണ്ടിരുന്നു. റഫറിയുടെ വിസില്‍ പോലും കേള്ക്കാനുണ്ടായിരുന്നില്ലെന്ന് ജര്‍ണൈല്‍ സിങ് പിന്നീടൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇന്ത്യ ആക്രമിക്കുമ്പോള്‍ മാത്രമായിരുന്നു സ്റ്റേഡിയം മരണവീടുപോലെ നിശബ്ദമായത്. അന്ന് സ്റ്റേഡിയത്തില്‍ ഇന്ത്യയെ പിന്തുണയ്ക്കാന്‍ ഉണ്ടായിരുന്നത് തലേദിവസത്തെ ഹോക്കി ഫൈനലില്‍ ഇന്ത്യയെ മുട്ടുകുത്തിച്ച പാകിസ്താന് ടീമംഗങ്ങള്‍ മാത്രമായിരുന്നു എന്ന് ഇന്ന് വിശ്വസിക്കാന്‍ പ്രയാസമായേക്കും.
ഇന്ത്യയുടെ ദേശീയഗാനത്തെപ്പോലും അവര്‍ വെറുതെവിട്ടിരുന്നില്ല കൂവിക്കൊണ്ടിരുന്ന ജക്കാര്‍ത്തയിലെ ജനക്കൂട്ടം. ടീം മാനസികമായി തകര്‍ന്നുനില്‍ക്കുന്ന ഈ സമയത്താണ് റഹീമിലെ പഴയ മന:ശസ്ത്രജ്ഞന്‍ ഉണര്‍ന്നത്. ടീമംഗങ്ങളെ ഡ്രസ്സിങ് റൂമിലേയ്ക്ക് വിളിപ്പിച്ച റഹീം ചെയ്തത് അവരോട് കൈകള്‍ ചേര്‍ത്തു പിടിച്ച് ഉച്ചത്തില്‍ ദേശീയഗാനം ആലപിക്കാനാണ്. 'നിങ്ങള്‍ വെറും കളിക്കാരല്ല. സ്വാതന്ത്ര്യസമര സേനാനികളാണ്. നമ്മുടെ ദേശീയപതാകയുടെ മാനം കാക്കേണ്ടത് നമ്മുടെ ചുമതലയാണ്. ആത്മധൈര്യവും സമര്‍പ്പണവും മാത്രമാണ് അതിന് വേണ്ടത്. എനിക്ക് ഒരൊറ്റ സമ്മാനമേ നിങ്ങളില്‍ നിന്നു വേണ്ടൂ. സ്വര്‍ണം.' അത്ഭുതകരമായിരുന്നു റഹീമിന്റെ ഈ വാക്കുകള്‍ കളിക്കാരിലുണ്ടാക്കിയ മാറ്റം. പിന്നെ ഒരു ഉപദേശം കൂടി കൊടുത്തു കോച്ച്. ഒരു കാരണവശാലും പ്രതിരോധക്കാര്‍ ഓഫ്സൈഡ് കെണിയൊരുക്കരുത് എതിരാളികള്‍ക്ക്. കാണികളുടെ ബഹളത്തില്‍ റഫറിയുടെ വിസില്‍ കേട്ടില്ലെങ്കില്‍ അത് ആത്മഹത്യാപരമായിരിക്കും. കോച്ചിന്റെ വാക്കുകള്‍ ശിരസാവഹിച്ചു കളിക്കാര്‍. അന്ന് ദക്ഷിണ കൊറിയക്കെതിരേ നേടിയ 2-1ന്റെ വിജയം പോലെ മറ്റൊന്നില്ല ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍. ലോകം മുഴുവന്‍ ഇന്ത്യയെ ഒരേ സ്വരത്തില്‍ വാഴ്ത്തി. ലോകഫുട്ബോളിന്റെ വേദിയില്‍ പുതിയ ശക്തിയുടെ വരവ് ഉദ്ഘോഷിക്കപ്പെട്ടു.
ഫൈനലില്‍ മറ്റൊരു ചൂതാട്ടം കൂടി നടത്തിയിരുന്നു റഹീം. ഫോമിലുണ്ടായിരുന്ന ഒന്നാം ഗോളി പ്രദ്യുത് ബര്‍മനെ മാറ്റ പനിച്ചുകിടക്കുന്ന നാട്ടുകാരന് പീറ്റര്‍ തങ്കരാജിനെ ഇറക്കാന്‍ തീരുമാനിച്ചു. സെമി വരെ മികച്ച പ്രകടനം കാഴ്ചവച്ച ബര്‍മനെ മാറ്റിയത് എന്തിനാണ് എന്ന് മരണം വരെ വിശദീകരണം നല്‍കിയിരുന്നില്ല റഹീം. അവസാന ഇലവനില്‍ നിന്ന് തഴയുന്ന കാര്യം ബര്‍മനോട് പറയുന്നത് തന്നെ അവസാന നിമിഷമാണ്. തീരുമാനം അറിഞ്ഞ താന്‍ തകര്‍ന്നുപോയെന്നാണ് ബര്മന് പിന്നീടൊരു അഭിമുഖത്തില്‍ പറഞ്ഞത്. തങ്കരാജ് ഏല്പിച്ച ചുമതല ഭംഗിയായി തന്നെ നിര്‍വഹിച്ചു. ഒടുവില്‍ സങ്കടം ഉള്ളിലൊതുക്കിക്കഴിഞ്ഞ ബര്മന് പ്രായശ്ചിത്തമായി സിംഗപ്പൂരില്‍ നിന്നൊരു വാച്ച് സമ്മാനിക്കുകയും ചെയ്തു കോച്ച്.
പക്ഷേ, ആന്റി ക്ലൈമാക്സുകളാണല്ലോ എന്നും ഇന്ത്യന്‍ സ്പോര്‍ട്സിന്റെ ശാപം. ജക്കാര്‍ത്തയില്‍ കണ്ടത് ഇന്ത്യന്‍ ഫുട്ബോളിന്റെ ഉദയമായിരുന്നില്ല. അസ്തമയമായിരുന്നുവെന്ന് തിരിച്ചറിയാന്‍ നാളുകള്‍ ഏറെ വേണ്ടിവന്നില്ല. രാജ്യം മുഴുവന്‍ ജക്കാര്‍ത്തയുടെ വിജയത്തിന്റെ ലഹരിയിലമര്ന്നപ്പോള് ഒരാളുടെ മുഖത്ത് മാത്രമുണ്ടായില്ല ഒരു ചെറുപുഞ്ചിരിപോലും. വിടാതെ പിന്തുടര്‍ന്ന പത്രപ്രവര്‍ത്തകരോട് ഒരൊറ്റ കാര്യമേ സന്തോഷം തെല്ലും മുഖത്ത് കാണിക്കാത റഹീം പറഞ്ഞുള്ളൂ. 'ഇത് സന്തോഷിക്കാനുള്ള സമയമല്ല. ആത്മപരിശോധന നടത്തേണ്ട നേരമാണ്. ജക്കാര്‍ത്തയിലെ നേട്ടം തുടരണമെങ്കില്‍ നമ്മള് ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യണം. ഏഷ്യയില്‍ പുതിയ ശക്തികള്‍ ഉദയം ചെയ്യുന്നുണ്ട്. ജപ്പാനും ദക്ഷിണ കൊറിയയും വിയറ്റ്നാമുമെല്ലാം പുതിയ ശൈലിയില്‍ വളര്‍ന്നുകഴിഞ്ഞു. ജപ്പാന് ടോക്യോ ഒളിമ്പിക്സിനുവേണ്ടി യൂറോപ്യന്‍ ശൈലി അവലംബിച്ച് പരിശീലനം തുടങ്ങിക്കഴിഞ്ഞു. നമ്മള് ഇനിയും ഒരുപാട് ദൂരം മുന്നോട്ടുപോവണം. ഒരുപാട് മാറണം. കളിക്കാരെ മാത്രമല്ല, കളിക്കാരെ സൃഷ്ടിക്കാന്‍ കഴിയുന്ന പുതിയ പരിശീലകര്‍ കൂടതല്‍ വരണം. നമ്മള് അടിയന്തരമായി ചെയ്യേണ്ടത് കളിക്കാരെ ഉണ്ടാക്കുകയല്ല, പരിശീലകരെ ഉണ്ടാക്കുകയാണ്. അവര്‍ താഴേത്തട്ടില്‍ നിന്ന് കളിക്കാരെ കണ്ടെത്തിക്കൊള്ളും. പിന്നെ ഈ കളിക്കാര്‍ക്ക് കളിച്ചുവളരാന്‍ കൂടുതല്‍ മെച്ചപ്പെട്ട ഗ്രൗണ്ടുകള്‍ വേണം. പതിവുപോലെ രണ്ടിനും ചെവികൊടുത്തില്ല അന്നത്തെ ഫുട്ബോള്‍ അധികാരികള്‍. ജക്കാര്ത്തയോടെ അരങ്ങൊഴിഞ്ഞ റഹീമിനുശേഷം മൂന്ന് ഡസനിലേറെ പരിശീലകര്‍ വന്നുപോയി. അതില്‍ എട്ടു പേര് വിദേശികളായിരുന്നു എന്നതാണ് ഏറെ കൗതുകം. ഇന്നും നല്ലൊരു പരിശീലകന് വിദേശത്തേയ്ക്ക് പറക്കണം എന്നതാണ് അവസ്ഥ. ക്ലബുകള്ക്കായാലും ദേശീയ ടീമിനായാലും. കേരള ബ്ലാസ്റ്റേഴ്സ് മാത്രം കഴിഞ്ഞ എട്ടു കൊല്ലം കൊണ്ട് പരീക്ഷിച്ചത് പതിനൊന്ന് പരിശീലകരെയാണ്. അതിലും പത്തും വിദേശികള്‍. 2012 മുതല്‍ ദേശീയ ടീമിനും വിദേശ പരിശീലകരേ ഉണ്ടായിട്ടുള്ളൂ. ഇക്കാലത്ത് നേടിയതോ സാഫ് കപ്പും അകാല ചരമമടഞ്ഞ നെഹ്റു കപ്പും മാത്രം.
റഹീമില്‍ തുടങ്ങി റഹീമില്‍ തന്നെ അവസാനിച്ചു ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രതാപകാലമെന്ന് സാരം. ഇന്ത്യന്‍ ഫുട്ബോളിനേക്കാള്‍ വലിയ ദുരന്തമാണ് അതിന്റെ ശില്പിക്ക് കാലം കാത്തുവച്ചത്. തീര്‍ത്തും ദയാരഹിതമായൊരു കണ്ണില്‍ച്ചോരയില്ലാത്ത ടാക്ലിങ്. ലോകോത്തരമായൊരു ടീമിനെ, കുറേ ലോകോത്തര താരങ്ങളെ വാര്‍ത്തെടുക്കുമ്പോള്‍ റഹീം അറിഞ്ഞില്ല ഉള്ളിലൊരു വില്ലന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വിവരം. അവന് പ്രാണനെ കാര്‍ന്നുതിന്നുന്നതിന്റെ വേദന കളിയുടെ ലഹരിയില്‍ പാടെ അവഗണിക്കുകയും ചെയ്തു. കടുത്ത ശ്വാസംമുട്ടലിനെയും വേദനയുമായിരുന്നു തുടക്കത്തില്‍. ഒളിമ്പിക്സിന്റെയും ഏഷ്യന്‍ ഗെയിംസിന്റെയും തിരക്കില്‍ പലപ്പോഴും അതൊക്കെ അവഗണിച്ചു. ചിലപ്പോള്‍ അത് മരുന്നിനും പിടികൊടുക്കാതെ പുറത്തുചാടും. ചില രാത്രികളില്‍ വേദന അസഹ്യമായി കിടക്കയില്‍ കിടന്നുരുളുമായിരുന്നു റഹീമെന്ന് കളിക്കാര്‍ പലരും പില്ക്കാലത്ത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ശ്വാസതടസ്സവും ചുമയും കലശലായതോടെ ജക്കാര്‍ത്തയില്‍ തന്നെ ചികിത്സ തേടി. പക്ഷേ, വലിയ ശമനമൊന്നുമുണ്ടായില്ല.
ഫൈനലിലെ ആവേശവിജയം രാജ്യം മുഴുക്കെ ആഘോഷിക്കുമ്പോള്‍ ഹോട്ടല്‍മുറിയിലെ സോഫയില്‍ വേദന കൊണ്ട് പുളഞ്ഞ് ചുരുണ്ടുകൂടി കിടക്കുകയായിരുന്നു റഹീം. ചുമച്ചുചുമച്ചാണ് ഒടുവില്‍ തളര്‍ന്നുറങ്ങിയത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവുമായി നാട്ടില്‍ തിരിച്ചെത്തിയശേഷം നടത്തിയ പരിശോധനയിലാണ് ശ്വാസകോശത്തെ അര്‍ബുദം കാര്‍ന്നുതിന്നുകഴിഞ്ഞ വിവരമറിയുന്നത്. തിരിച്ചറിയുമ്പേഴേയ്ക്കും അര്‍ബുദത്തിന്റെ തേരോട്ടം ആയുസ്സിന്റെ തൊണ്ണൂറു മിനിറ്റും പിന്നിട്ടുകഴിഞ്ഞിരുന്നു. പിന്നീട് ഏറെക്കാലം പിടിച്ചുനില്ക്കാന് റഹീമിനായില്ല. വെറും ആറു മാസം മാത്രമാണ് കാലം അധികസമയം അനുവദിച്ചത്. അക്കാലമത്രയും രോഗശയ്യയിലുമായി. 'ഞാന്‍ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ. എന്നിട്ടുമെന്താണ് എനിക്കിങ്ങനെ'? എന്നായിരുന്നു വേദന കടിച്ചമര്‍ത്തി അടുത്ത സുഹൃത്തായ ഡോ.മന്നിനോട് അവസാന നാളുകളില്‍ ഒന്നില്‍ റഹീം ചോദിച്ചത്.
ഒടുവില്‍ 1963 ജൂണ്‍ പതിനൊന്നിന് മരണം വേദന തിന്ന ആ ഐതിഹാസിക ജീവിതത്തിന് അവസാന വിസിലൂതി. റഹീമിന്റെ കീഴില്‍ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമണിഞ്ഞ മിഡ്ഫീല്‍ഡര്‍ ഫോര്ച്ചുനാറ്റോ ഫ്രാങ്കോ എന്ന ഗോവന്‍ ഒളിമ്പ്യന്‍ അന്ന് പ്രവചനസ്വരത്തില്‍ പറഞ്ഞൊരു വാക്കുണ്ട്. 'റഹീം തനിക്കൊപ്പം ഇന്ത്യന്‍ ഫുട്ബോളിനെക്കൂടി കബറിലേയ്ക്ക് കൊണ്ടുപോയി.'
ഫെഡറേഷന് കപ്പ് വന്നു. നെഹ്റുകപ്പ് വന്നു, സൂപ്പര്‍ കപ്പ് വന്നു, ഐ ലീഗ് വന്നു, ഒടുവില്‍ എട്ടുവര്‍ഷമായി കോടികള്‍ വാരിയെറിഞ്ഞ് ഐഎസ്എല്‍ എന്ന പ്രൊഫഷണല്‍ ലീഗും. എന്നിട്ടും സാഫ് കപ്പിനപ്പുറം വളര്‍ന്നില്ല ഇന്ത്യയുടെ കിരീടലബ്ധി. ദക്ഷിണ കൊറിയ ആതിഥേയരായി ലോകകപ്പ് സെമിയും ജപ്പാന് ക്വാര്‍ട്ടറും കളിച്ചു. ഇന്ത്യയ്ക്ക് പിന്നീടൊരു ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ പോലും കളിക്കാനായില്ല. ഒളിമ്പിക്സ് യോഗ്യതയുടെ കടമ്പ ബാലികേറാമലയായി. ഏഷ്യയുടെ ബ്രസീലുകള് പിന്നീടുള്ള അമ്പതാണ്ട് കൊണ്ട് ഫിഫ റാങ്കിങ്ങില്‍ നൂറ്റിനാല്പത്തിമൂന്നാം സ്ഥാനം വരെ തൊട്ട ചരിത്രമുണ്ട്. അമ്പതിലെ ലോകകപ്പിന്റെ ക്ഷണം നിരസിച്ചവര്‍ക്ക് ഇന്ന് ലോകകപ്പ് യോഗ്യതയുടെ രണ്ടാം റൗണ്ടില്‍ പോലും കാലുകുത്താനാവുന്നില്ല.
വിധിയേക്കാള്‍ വലിയ ഫൗള്പ്ലേയാണ് ഗുരുത്വവും നന്ദിയും തൊട്ടുതീണ്ടാത്ത ഇന്ത്യന്‍ ഫുട്ബോളും റഹീമിനുവേണ്ടി കാത്തുവച്ചത്. എഴുപത്തിയഞ്ചാണ്ടിന്റെ നേട്ടപ്പട്ടികയില്‍ ചില്ലിട്ടുസൂക്ഷിക്കാന് റഹീം ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ചെടുത്ത ഒളിമ്പിക് സെമിയും രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും മാത്രമാണുള്ളതെങ്കിലും അതിനു വഴിയൊരുക്കിയ ആളെ മാത്രം തെല്ലും ഗൗനിക്കാന്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ അധികാരികള്‍ തയ്യാറായിട്ടില്ല. റഹീം ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ തുടങ്ങിയിരുന്നു തിരസ്കാരം.
അടിക്കാന്‍ വടി ഒങ്ങിനില്ക്കുന്ന ആളായിരുന്നു എക്കാലവും റഹീമുമായി സ്വരച്ചേര്‍ച്ചയില്ലാതിരുന്ന എ.ഐ.എഫ്.എഫ് അധ്യക്ഷന്‍ ബി.ഡി. റോയി. ഒടുവില്‍ നാണംകെടുത്താന്‍ കണ്ടെത്തിയ വഴിയാണ് വിചിത്രം. പില്ക്കാലത്ത് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി മാറിയ ഇംഗ്ലീഷുകാരന് ഹാരി റൈറ്റിന്റെ ഒരു പരിശീലക ക്ലാസില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു റഹീമിനോട്. റൈറ്റില്‍ നിന്ന് ഒന്നും പഠിക്കാനില്ലാതിരുന്നിട്ടും രണ്ട് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും ഒരു ഒളിമ്പിക് നാലം സ്ഥാനവും സമ്മാനിച്ച റഹീം അച്ചടക്കത്തോടെ ക്ലാസിലിരുന്നു. റഹീമിന്റെ മരണശേഷം ഇന്ത്യയുടെ ആദ്യ വിദേശപരിഗീലകനായി റൈറ്റ് ചുമതലയേറ്റു. കാര്യമായ നേട്ടങ്ങളൊന്നും സമ്മാനിക്കാതെ തന്നെ ഒരു വര്‍ഷം കൊണ്ട് മടങ്ങുകയും ചെയ്തു. തീര്‍ന്നില്ല പകവീട്ടല്‍. റഹീം പരീക്ഷിച്ച് വിജയിപ്പിച്ച ഷോര്‍ട്ട് പാസ് ഗെയിമും പിന്‍ഗാമികള്‍ കുട്ടയിലെറിഞ്ഞു. സ്റ്റാമിനയും സ്പീഡും കുറഞ്ഞിട്ടും ഇന്നും റഹീം ഉപേക്ഷിച്ച ലോംഗ് ബോള്‍ ഗെയിം തന്നെയാണ് ഇന്ത്യയ്ക്ക് ആശ്രയം. റഹീമിന്റെ മരണത്തോടെ ഹൈദരാബാദ് ഫുട്ബോള്‍ അസോസിയേഷന് തല്ലിപ്പിരിഞ്ഞു. തുടങ്ങിവച്ച ടൂര്‍ണമെന്റുകളെയെല്ലാം പാതിവഴിയില്‍ കൊന്നുതള്ളുകയും ചെയ്തു. ഒരു അതുല്ല്യ പ്രതിഭയോട് ഇതില്‍പ്പരം മറ്റെന്ത് ചെയ്യാന്‍.
റഹീമിനു കീഴില്‍ കളിച്ച പലരും അര്‍ജുനയും പത്മശ്രീയും ദ്രോണാചാര്യയുമെല്ലാം സ്വന്തമാക്കി. എന്നാല്‍, ഇന്ത്യന്‍ ഫുട്ബോളിന്റെ ശില്പിയെന്ന് വാഴ്ത്തുന്ന, ഇന്ത്യയ്ക്ക് ഏഷ്യന്‍ ഗെയിംസ് സ്വര്‍ണവും ഒളിമ്പിക് നാലാം സ്ഥാനവും സമ്മാനിച്ച ഓരേയൊരു കോച്ചിന് മാത്രം ഫുട്ബോള്‍ ഫെഡറേഷന് ഒരു പുരസ്കാരവും നല്‍കിയില്ല, ഒന്നിലും ശുപാര്‍ശ ചെയ്തുമില്ല. പഴയ താരങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് 2013ല്‍ അന്നത്തെ കായികമന്ത്രി അജയ് മാക്കന് ഒരു നിവേദനം നല്കി. പടിയിറങ്ങും വരെ ആ നിവേദനം മാക്കന്റെ ഫയലില്‍ നിന്ന് അനങ്ങിയില്ല. റഹീമിനോടുള്ള ഈ അവഗണനയ്ക്കെതിരേ പി.കെ.ബാനജിയും റഹീമിന്റെ മകനും ഒളിമ്പ്യനുമായ എസ്.എസ്.ഹക്കീമുമെല്ലാം പരസ്യമായി തന്നെ പ്രതികരിച്ചിട്ടും ഫലമൊന്നുമുണ്ടായില്ല. റഹീമിന്റെ ജന്മശതാബ്ദി കൊണ്ടാടാനുള്ള സന്മനസ് പോലും ഫുട്ബോള്‍ ഫെഡറേഷനോ സര്‍ക്കാരോ കാണിച്ചില്ല. ഇന്നും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ഓഫീസില്‍ ഈ ഇതിഹാസത്തിന്റെ ഒരു ഛായാചിത്രം പോലുമില്ല. ഇന്നത്തെ ഫെഡറേഷന് ഭാരവാഹികളില്‍ എത്രപേര്‍ക്ക് റഹീംസാബിനെ കുറിച്ചറിയാമെന്ന 1962 ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ പ്രതിരോധം കാത്ത അരുണ്‍ ഘോഷിന്റെ പരിഹാസത്തിന് മൂര്‍ച്ച ഏറെയുണ്ട്. അതില്‍ അല്പെങ്കിലും വാസ്തവവുമുണ്ട്.
ഒടുവില്‍ ഈ ഇതിഹാസത്തോട് പേരിനെങ്കിലും നീതി കാട്ടാന്‍ ബോളിവുഡ് വേണ്ടിവന്നു. റഹീമിന്റെ സംഭവബഹുലമായ ജീവിതമാണ് മൈതാന്‍ എന്ന ചിത്രം പറയുന്നത്. സൂപ്പര്‍താരം അജയ് ദേവ്ഗണാണ് ഈ ബയോപിക്കില്‍ റഹീമിനെ അവതരിപ്പിക്കുന്നത്. ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിച്ച് അമിത് രവീന്ദ്രനാഥന്‍ ശര്‍മ സംവിധാനം ചെയ്യുന്ന ചിത്രം ഈ വരുന്ന ജൂണ്‍ മൂന്നിന് തിയേറ്ററിലെത്തും. എ.ആര്. റഹ്മാനും ഈ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. മലയാളത്തിന്റെ കീര്‍ത്തി സുരേഷിനെയായിരുന്നു റഹീമിന്റെ ഭാര്യയുടെ റോളിലേയ്ക്ക് പരിഗണിച്ചിരുന്നത്. പിന്നീട് ആ റോള്‍ പ്രിയാമണിക്ക് കൈമാറി.
എന്നാല്‍, ഇങ്ങനെയൊരു ആദരവിന് മണ്മറഞ്ഞിട്ട് റഹീമിനെ പോലൊരു പ്രതിഭയ്ക്ക് ആറു പതിറ്റാണ്ടാണ് കാത്തിരിക്കേണ്ടിവന്നത്. എന്തായാലും ബോളിവുഡ് പിഴ തീര്‍ക്കുംമുന്‍പ് ഹൈദരാബാദ് എഫ്.സിയിലൂടെ പേരിനെങ്കിലും കടംവീട്ടാനായതിന് ഇന്ത്യന്‍ ഫുട്ബോളിന് തെല്ലൊന്ന് ആശ്വസിക്കാം. റഹീം ഇല്ലായിരുന്നെങ്കില്‍ ഹൈദരാബാദ് ഇന്ത്യന്‍ ഫുട്ബോളിന്റെ ഭൂപടത്തിലേ ഉണ്ടാകുമായിരുന്നില്ല. പുണെ സിറ്റി എഫ്.സി.യെ പേരുമാറ്റി പുരാതന നഗരത്തിലേയ്ക്ക് കൊണ്ടുവരുമ്പോള്‍ ഈ സ്മരണ ഉണ്ടായിരുന്നു വരുണ്‍ ത്രിപുരനേനിക്കും വിജയ് മാധുരിക്കും റാണ ദഗ്ഗുബട്ടിക്കും. ബോണി കപൂര്‍ മൈതാന്‍ സിനിമ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സഹകരിക്കാമെന്ന് വാക്ക് കൊടുത്തു മുന്നോട്ടുവന്നു റഹീമുമായി പുലബന്ധമില്ലാതിരുന്നിട്ടും ഹൈദരാബാദ് എഫ്.സി. ഈ ഗുരുത്വം തന്നെയാവണം ഫറ്റോര്ഡയെ കീഴടക്കിയ ബ്ലാസ്റ്റേഴ്സിന്റെ കൊടുങ്കാറ്റിനെ അതിജീവിച്ച് കിരീടം സ്വന്തമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞതും. റഹീമിന്റെയും ഹൈദരാബാദ് സിറ്റി പോലീസിന്റെയും പാത പിന്തുടര്ന്ന് ഇനി തെലങ്കാനയുടെ പഴയ ഹൈദരാബാദ് ഭൂതകാലം തിരിച്ചുപിടിക്കുക എന്നൊരു കടമ കൂടിയുണ്ട് ഹൈദരാബാദ് എഫ്.സിക്ക്. എങ്കിലേ റഹീമിനുള്ള കടംവീട്ടല്‍ പൂര്ണാവൂ. എഫ്.സി.കോച്ചിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും പ്രൊഫഷണല്‍ പാരമ്പര്യമല്ല, കേരള പോലീസിന്റെയും ടൈറ്റാനിയത്തിന്റെയും എസ്.ബി.ടിയുടെയും സര്‍വീസ് കുപ്പായങ്ങളാണ് കേരള ഫുട്ബോളിനെ തുണച്ചതെന്ന സത്യം ഹൈദരാബാദും ഓര്‍ക്കണം. ഇത് തിരുത്തുകയെന്നൊരു ബാധ്യത കൂടിയുണ്ട് ഈ കടംവീട്ടലിനൊപ്പം..
പ്രൊഫഷണലിസം പൂര്‍ണമാവണമെങ്കില്‍ ആരാധകക്കൂട്ടത്തെ മാത്രം സൃഷ്ടിച്ചാല്‍ പോരാ. അവരില്‍ നിന്ന് നല്ലൊരു ടീമിനെ വാര്ത്തെടുക്കാനുമാവണം. ഇക്കാര്യത്തില്‍ ബ്ലാസ്റ്റേഴ്സിനേക്കാള്‍ വലിയ ബാധ്യതയാണ് ഹൈദരാബാദിന് മുന്നിലുള്ളത്. റഹീം അരനൂറ്റാണ്ട് മുന്‍പ് കിളച്ചിട്ട വളക്കൂറുള്ള മണ്ണുണ്ട് നൈസാമിന്റെ പുരാതനനഗരത്തില്‍. അവിടെയാണ് ഹൈദരാബാദ് എഫ്.സി ഐ എസ്.എല്‍ കിരീടം കൊണ്ട് വിത്തിറക്കുന്നത്. ഇവിടെ നിന്ന് കൂടുതല്‍ ബല്റാമുമാരും ഷബീറലിമാരുമെല്ലാം ഇനിയും വിളഞ്ഞുവളര്ന്നെങ്കില് മാത്രമേ ഹൈദരാബാദിന്റെ കിരീടം അര്‍ഥപൂര്‍ണമാവൂ. അത് വിലയേറിയതാവൂ. അത് റഹീം എന്ന ഇതിഹാസത്തിനുള്ള സമര്പ്പണമാവൂ. ചരിത്രത്തില്‍ നിന്ന് പിഴുതുമാറ്റിയ ഒന്നിനും എത്ര പണക്കൊഴുപ്പിന്റെ പളപ്പ് കാട്ടിയാലും ഒരു ഹൃദയത്തിലും സ്ഥിരപ്രതിഷ്ഠ നേടാനാവില്ല. രക്തത്തില്‍ കലര്‍ന്ന വികാരമാവാനാവില്ല. അത് പ്രൊഫഷണല്‍ ഫുട്ബോളിനായാല് പോലും. ഹൈദരാബാദ് എഫ്.സിയെങ്കിലും അതോര്‍ക്കണം.
Content Highlights: remembering indias best football coach sa rahim during the time of isl win by hyderabad fc
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..