ചരിത്രത്തിലേക്ക് പറന്നുയര്‍ന്ന റയാന അല്‍ ബര്‍നാവി; ചൊവ്വയിൽ ആദ്യം കാലുകുത്തുക സ്ത്രീയോ?


she talks

By ബിജു രാഘവന്‍

5 min read
Read later
Print
Share

റയാന അൽ ബർനാവി | ഫോട്ടോ: എ.പി

'ഓരോ യാത്രയ്ക്കും മാര്‍ഗം തെളിക്കുന്നവരുണ്ട്, ഓരോ ദൗത്യത്തിനും ഓരോ നായകരുണ്ട്'- സൗദി സ്പേസ് കമ്മിഷന്‍ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഈയൊരു സന്ദേശം പങ്കുവെക്കുമ്പോള്‍ ഫാല്‍ക്കണ്‍ ഒമ്പത് റോക്കറ്റില്‍ ബഹിരാകാശത്തേക്കുള്ള യാത്രയിലായിരുന്നു റയാന അല്‍ ബര്‍നാവി. സൗദി പൗരയും സ്തനാര്‍ബുദ ഗവേഷകയുമാണ് ഈ മുപ്പത്തിമൂന്നുകാരി. അമേരിക്കയില്‍ ഫ്ളോറിഡയിലുള്ള കെന്നഡി സ്പെയ്സ് സെന്ററില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെയുളള അവരുടെ പുറപ്പാട് ചരിത്രത്തിലേക്കായിരുന്നു എന്ന് പറയുന്നതില്‍ ആലങ്കാരികതയുടെ ഭാരം ഒട്ടുമില്ല.

സ്ത്രീകള്‍ക്ക് പുറത്തിറങ്ങാനടക്കം പരിമിതികള്‍ കല്‍പ്പിച്ച രാജ്യമെന്ന് പാശ്ചാത്യലോകം കുറ്റപ്പെടുത്തിക്കൊണ്ടിരുന്ന സൗദിയുടെ മണ്ണില്‍ നിന്നൊരാള്‍ അറബ് ലോകത്തുനിന്ന് ബഹിരാകാശത്തേക്ക് കുതിക്കുന്ന ആദ്യത്തെ സ്ത്രീയായിരിക്കുന്നു. ചരിത്രം രചിച്ച ആ യാത്രയില്‍ മറ്റ് മൂന്ന് യാത്രികര്‍ കൂടെയുണ്ട് റയാനയ്ക്കൊപ്പം. യുദ്ധവിമാന പൈലറ്റും സൗദി പൗരനുമായ അലി അല്‍ ഖര്‍നി, നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സണ്‍, അമേരിക്കന്‍ സംരംഭകനും പൈലറ്റുമായ ജോണ്‍ ഷോഫ്നര്‍. എട്ട് ദിവസമാണ് ഇവര്‍ ബഹിരാകാശത്ത് തങ്ങുന്നത്. ഇരുപത് ഗവേഷണ പദ്ധതികളില്‍ പങ്കെടുക്കലാണ് സംഘത്തിന്റെ ലക്ഷ്യം.

'ഇത് ഞങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ്.' ഫാല്‍ക്കണ്‍ റോക്കറ്റിലേക്ക് കയറുംമുന്നേ റയാന ബര്‍നാവി ലോകത്തോട് പറഞ്ഞു. ആ വാക്കുകള്‍ കൂടുതല്‍ ശ്രവിച്ചത് സൗദിയിലെ സ്ത്രീ സമൂഹമാണ്. അവരുടെ പ്രതീക്ഷയുടെ മുഖമാണ് റയാന. 'ഇതൊരു സ്വപ്നം മാത്രമല്ലെന്ന് മനസ്സിലാവുന്നു. ഇത് ആര്‍ക്കും സാധ്യമാണെന്ന് ഉറപ്പിക്കാനാവുന്നു, എനിക്കിത് ചെയ്യാന്‍ കഴിയുമെങ്കില്‍, പലര്‍ക്കും ഇത് ചെയ്യാന്‍ കഴിയും. 'തന്നെ ഉറ്റുനോക്കുന്നവര്‍ക്ക് വീണ്ടും പ്രചോദനം പകരുന്നുണ്ട് റയാനയുടെ വാക്കുകള്‍. അല്‍പം മുന്നേവരെ ഒറ്റയ്ക്ക് പുറത്ത് ഇറങ്ങാനോ വണ്ടി ഓടിക്കാനോ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന ഒരു സ്ത്രീ സമൂഹത്തില്‍നിന്നാണ് റയാനയുടെ ഈ വരവ് എന്നതാണ് അവരുടെ സ്വപ്നങ്ങളെ വേറിട്ട് നിര്‍ത്തുന്നത്. ആ നേട്ടത്തിലേക്ക്, ഉളളില്‍ എന്നോ മുളച്ച സ്വപ്നത്തിലേക്ക് എത്രയോ മടങ്ങ് ബഹിരാകാശദൂരം അവര്‍ ഇതിനകം സഞ്ചരിച്ചിട്ടുണ്ടാവും.

റയാന അല്‍ ബര്‍നാവി ദൗത്യസംഘങ്ങൾക്കൊപ്പം | ഫോട്ടോ: എ.പി

സൗദിയുടെ രണ്ടാമത്തെ ബഹിരാകാശസഞ്ചാരി

വിമാനങ്ങള്‍ നിര്‍മിക്കുകയും വ്യവസായത്തില്‍ പുരോഗതി കൈവരിക്കുകയുമൊക്കെ ചെയ്തിട്ടും മനുഷ്യന് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് ഭൂമിയുടെ അതിരുവിട്ട് മറ്റൊരു ഗ്രഹത്തിലേക്ക് സഞ്ചരിക്കാന്‍. 1961 ഏപ്രില്‍ 12-നാണ് യൂറി ഗഗാറിന്‍ ബഹിരാകാശത്ത് എത്തിയത്. വോസ്ടോക് ഒന്ന് എന്ന പര്യവേഷണ വാഹനത്തില്‍ മണിക്കൂറില്‍ 27400 കിലോ മീറ്റര്‍ വേഗത്തില്‍ അദ്ദേഹം ഭൂമിയെ വട്ടംചുറ്റി. നീല്‍ ആംസ്ട്രോങ്ങിന് ചന്ദ്രനില്‍ ഇറങ്ങി നടക്കാന്‍ പിന്നെയും എട്ടു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. അവിടെനിന്ന്‌ അരനൂറ്റാണ്ട് വേണ്ടി വന്നു ഒരു സൗദി സ്ത്രീക്ക് ബഹിരാകാശത്തേക്ക് സഞ്ചരിക്കാന്‍ എന്നു പറയുമ്പോള്‍ അതില്‍ ഒരു സമൂഹത്തിന്റെ പാരമ്പര്യവും ചരിത്രവും ഒട്ടിച്ചുവെച്ച നിയന്ത്രണങ്ങള്‍ മറികടക്കാന്‍ ശ്രമിച്ചവരുടെ കണ്ണീര്‍ ബാക്കിയുണ്ട്. നിയന്ത്രണത്തിന്റെ ചരടുകള്‍ ഓരോന്നും പൊട്ടിക്കൊണ്ടിരിക്കുന്നു. ഇത് ലോകത്തെ സ്ത്രീ സമൂഹത്തെയാകമാനം ആഹ്ലാദിപ്പിക്കുന്നുണ്ട്. അതിനിടയിലും ആരുമാറിയാതെ ചരിത്രം ഒരു നിയോഗം സൂക്ഷിച്ചുവെച്ചിരുന്നു. റയാനയുടെ മുന്നേ ഒരേയൊരാള്‍ക്കേ സൗദിയില്‍നിന്ന് ബഹിരാകാശത്തേക്ക് പോകാന്‍ കഴിഞ്ഞിരുന്നുള്ളൂ. രണ്ടാമത്തെ അവസരം ഒരു സ്ത്രീക്കു വേണ്ടി നാല് പതിറ്റാണ്ട് കരുതിവെച്ചു.

1985 ജൂണ്‍ 17-നാണ് ബഹിരാകാശ വാഹനമായ ഡിസ്‌കവറിയില്‍ സൗദി പൗരനായ ഒരാള്‍ ആദ്യമായി ബഹിരാകാശത്തേക്ക് പോകുന്നത്. സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ രാജകുമാരനായിരുന്നു ആ യാത്രികന്‍. രാജകുടുംബത്തിൽ ഒരാള്‍ക്ക് ആ യാത്രയ്ക്ക് യോഗ്യനാവാന്‍ എളുപ്പമായിരുന്നു. വിദേശ വിദ്യാഭ്യാസം നേടുകയും താല്‍പര്യം തോന്നിയ മേഖലകളിലെല്ലാം തന്റെ വ്യക്തിപാടവം പ്രദര്‍ശിപ്പിക്കുകയും ചെയ്ത സുല്‍ത്താന്‍ ബിന്‍ സല്‍മാന് ബഹിരാകാശ യാത്ര അപ്രാപ്യമായൊരു ലക്ഷ്യമായില്ല. അമേരിക്കയില്‍ വിദ്യാഭ്യാസം നേടി, സൗദി വിവരവിനിമയ മന്ത്രാലയത്തില്‍ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന് കായികരംഗത്തുമുണ്ടായിരുന്നു കമ്പം. സൗദി വ്യോമസേനയില്‍ യുദ്ധവിമാന പൈലറ്റായി കരുത്ത് പ്രകടിപ്പിച്ച് എല്ലാ ആണ്‍ അവസരങ്ങളെയും സമര്‍ഥമായി ഉപയോഗപ്പെടുത്തി വളര്‍ന്ന അദ്ദേഹത്തിന് ഒടുവില്‍ ബഹിരാകാശ യാത്രയും സാധിച്ചെടുക്കാനായി. ആദ്യത്തെ രാജകുടുംബംഗമായ ബഹിരാകാശ യാത്രികന്‍, ആദ്യ മുസ്ലിം സമുദായാംഗം, ആദ്യ സൗദി പൗരന്‍. ആ ബഹുമതികളെല്ലാം പേറി അന്ന് ഏഴുദിവസത്തെ യാത്രയ്ക്ക് സുല്‍ത്താന്‍ ബിന്‍സല്‍മാന്‍ കുതിച്ച വഴികളിലൂടെ യാത്ര ചെയ്യാന്‍ ഒരു സ്ത്രീക്ക് നീണ്ട മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. വേഗം കുറവാണെങ്കിലും മാറ്റങ്ങളുണ്ടായിരിക്കൊണ്ടിരിക്കുന്നുണ്ട്.

റയാന അല്‍ ബര്‍നാവി | ഫോട്ടോ: എ.പി

സൗദി ശരിക്കും മാറിയോ?

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് അറബ് ലോകത്തെങ്ങും മുല്ലപ്പൂ വിപ്ലവം പടര്‍ന്നുപിടിക്കുമ്പോള്‍ സൗദിയിലെ സ്ത്രീകളുടെ മനസ്സിലേ വിപ്ലവം ഉദിച്ചിരുന്നുള്ളൂ. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും അവസരങ്ങള്‍ക്കും സ്വതന്ത്രവായുവിനും വേണ്ടി അയല്‍ ഇടങ്ങളിലുള്ളവര്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ മനസ്സുകൊണ്ട് മാത്രം അതിനോട് ചേര്‍ന്നവരാണ് സൗദി വനിതകള്‍. കര്‍ശന വസ്ത്രധാരണ നിയന്ത്രണങ്ങള്‍, നിര്‍ബന്ധിത ലിംഗ വേര്‍തിരിവ്, സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാനുള്ള നിരോധനം തുടങ്ങി ആണ്‍ തടവറകള്‍ക്കുള്ളില്‍ വീര്‍പ്പ് മുട്ടുമ്പോഴും അവര്‍ സ്വാതന്ത്ര്യം സ്വപ്നം കണ്ട് ജീവിച്ചു. പുരുഷ കുടുംബാംഗം ഒപ്പമില്ലാതെ യാത്ര ചെയ്യാനും വീടിന് പുറത്തിറങ്ങാനും വിലക്കുള്ള നിയമങ്ങളില്‍ അവരുടെ മനസ്സ് തളയ്ക്കപ്പെട്ടു. പക്ഷേ, പ്രതിഷേധങ്ങള്‍ സൗദി ഭരണാധികാരികള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവര്‍ അതിനോട് നിശബ്ദമായി പ്രതികരിച്ചു. അടിച്ചമര്‍ത്തല്‍ നിയമങ്ങള്‍ പരിഷ്‌കരിച്ചു. സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാനും രക്ഷാകര്‍ത്താവായ പുരുഷനില്ലാതെ പുറത്തിറങ്ങാനും അനുമതി നല്‍കിത്തുടങ്ങി. ജോലിസ്ഥലത്തെ ആണ്‍-പെണ്‍ വേര്‍തിരിവുകള്‍ അവസാനിപ്പിച്ചു. ജസ്റ്റിന്‍ ബീബറുടെ പാട്ടുകളും ആധുനികമുഖമുള്ള സിനിമാശാലകളുമൊക്കെ സൗദിയിലും ഉയര്‍ന്നു. ലോകത്തിന് മുന്നില്‍ സൗദി മുഖം മിനുക്കുകയായിരുന്നു.

എണ്ണയെ ആശ്രയിക്കാതെ പുതിയ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കാഴ്ചപ്പാടുകളാണ് സ്ത്രീകളുടെ കഴുത്തിലെ തുടലിനും ഇളക്കം തട്ടിച്ചത്. വിഷന്‍ 2030-ന്റെ ഭാഗമായി രാജ്യത്തെ സ്ത്രീകള്‍ക്കെതിരെ നിയന്ത്രണ സ്വഭാവമുള്ള നിയമങ്ങള്‍ ഒഴിവാക്കി തുടങ്ങി. പക്ഷേ, ഇതിന്റെ മറവില്‍ ആക്ടിവിസ്റ്റുകളെ തടവിലിടുകയും നൂറുകണക്കിന് വധശിക്ഷകള്‍ നടപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് പാശ്ചാത്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിലും മറ്റ് രാഷ്ട്രീയ എതിരാളികളുടെ കൂട്ടക്കൊലയിലും ആധുനികവല്‍ക്കരണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കിരീടാവകാശിക്ക് പങ്കുണ്ടെന്ന് പോലും ആരോപണങ്ങളുയര്‍ന്നിട്ടുണ്ട്. അന്താരാഷ്ട്ര നിക്ഷേപവും ടൂറിസവും ആകര്‍ഷിക്കാന്‍ വേണ്ടിയുള്ളൊരു മുഖംമാറ്റം മാത്രമാണിതെന്നാണ് വിമര്‍ശകരുടെ കുറ്റപ്പെടുത്തല്‍. മാറ്റങ്ങള്‍ക്ക് പിന്നിലെ രാഷ്ട്രീയം എന്തായാലും അത് സ്ത്രീകള്‍ക്ക് സ്വപ്നങ്ങള്‍ കാണാനുള്ള സ്വാതന്ത്ര്യം നല്‍കി. അതിന്റെ ഫലമാണ് റയാനയുടെ യാത്രയും.

റയാന അല്‍ ബര്‍നാവി | ഫോട്ടോ: എ.പി

'മനുഷ്യരാശിയെ സേവിക്കാനും ബഹിരാകാശ വ്യവസായം നല്‍കുന്ന അവസരങ്ങളില്‍നിന്ന് പ്രയോജനം നേടാനും ലക്ഷ്യമിട്ടുള്ള ബഹിരാകാശ യാത്രയില്‍ സൗദിയുടെ കഴിവുകള്‍ ശക്തമാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്, 'സൗദി പ്രസ്ഏജന്‍സി റയാനയുടെ ദൗത്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ടിരിക്കുന്നു. അതിന് മുന്നില്‍നിര്‍ത്താന്‍ സൗദി ഒരു സ്ത്രീയെ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു. അതൊരു സന്ദേശമാണ്. മുന്നോട്ട് നടക്കുന്ന സമൂഹമാണ് തങ്ങളെന്ന് അവര്‍ ലോകത്തോട് വിളിച്ച് പറയുന്നു. അല്ലെങ്കില്‍ അങ്ങനെ പറയാന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ട്.

സ്ത്രീകള്‍ ഭരിക്കുമോ ബഹിരാകാശം?

ആദ്യമായൊരു സ്ത്രീ ബഹിരാകാശത്ത് എത്തിയതിന്റെ അറുപതാം വര്‍ഷത്തിലാണ് റയാനയുടെ യാത്രയെന്നതാണ് മറ്റൊരു കൗതുകം. വാലന്റീന തെരഷ്‌കോവയെന്ന റഷ്യക്കാരി ചരിത്രപുസ്തകത്തിലെ ആദ്യപേരുകാരിയായി ഭൂമിവിട്ട് സഞ്ചരിച്ചത് 1963 ജൂണ്‍ 16-നാണ്. 2023 മാര്‍ച്ച് വരെ 634 യാത്രികരാണ് ബഹിരാകാശത്തേക്ക് പോയത്. അതില്‍ 73 സ്ത്രീകളേയുള്ളൂ. എഴുപത്തിനാലാമത്തെ പേരുകാരിയായി ചേര്‍ക്കപ്പെടുമ്പോള്‍ റയാനയുടെ സന്തോഷത്തിനും ആകാശത്തെപ്പോലെ അതിരുകളില്ല.

'സൗദിയിലെ ജനങ്ങളുടെ എല്ലാ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും പ്രതിനിധീകരിക്കുന്നതില്‍ എനിക്ക് അഭിമാനവും സന്തോഷവുമുണ്ട്. ഇത് മേഖലയിലെ എല്ലാ സ്ത്രീകള്‍ക്കും അഭിമാനിക്കാവുന്ന നേട്ടമാണ്.' റയാന പറയുന്നു. ന്യുസിലാന്‍ഡില്‍നിന്ന് ബയോമെഡിക്കല്‍ സയന്‍സില്‍ ബിരുദവും സൗദിയിലെ അല്‍ ഫൈസല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് അവര്‍. പത്ത് വര്‍ഷമായി കാന്‍സര്‍ സ്റ്റെംസെല്‍ റിസര്‍ച്ച് സെന്ററില്‍ ഗവേഷകയാണ്.

റയാന ബര്‍ണാവി സംഘാംഗങ്ങള്‍ക്കൊപ്പം | ഫോട്ടോ: എ.പി

ബഹിരാകാശത്ത് നില്‍ക്കാന്‍ പുരുഷനേക്കാളും മിടുക്ക് സ്ത്രീകള്‍ക്കാണെന്ന് ചില നിരീക്ഷണങ്ങളുണ്ട്. മാനസികമായ കരുത്ത് സ്ത്രീകള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് ഈ വാദത്തിന്റെ അടിസ്ഥാനം. അതെന്തായാലും സ്ത്രീകള്‍ കൂടുതല്‍ ബഹിരാകാശത്തേക്ക് കുതിക്കാന്‍ തയ്യാറെടുക്കുന്ന കാലമാണ് വരുന്നത്. 2024-ഓടെ ചന്ദ്രോപരിതലത്തില്‍ ആദ്യത്തെ സ്ത്രീയെ എത്തിക്കാന്‍ ലക്ഷ്യമിടുന്ന നാസയുടെ ആര്‍ട്ടെമിസ് ചാന്ദ്ര പര്യവേക്ഷണ ദൗത്യം പുരോഗമിക്കുന്നു. അതിനു പിന്നാലെ മനുഷ്യരെ ചൊവ്വയില്‍ ഇറക്കാന്‍ നാസ ലക്ഷ്യമിടുന്നുണ്ട്. അതിലൊരു പക്ഷേ ഒരു സ്ത്രീ യാത്രികയ്ക്കാവും നറുക്ക് വീഴുന്നത്. അങ്ങനെയെങ്കില്‍ ബഹിരാകാശ സഞ്ചാരങ്ങളിലെ ആണ്‍മേല്‍ക്കോയ്മ ആദ്യമായി ഒരു സ്ത്രീ തകര്‍ത്ത് കളയും.

ചൊവ്വയിലിറങ്ങിയ ആദ്യത്തെ മനുഷ്യന്‍ എന്നതിനൊപ്പം ഒരു സ്ത്രീയുടെ പേര് ചരിത്രത്തില്‍ ചാര്‍ത്തപ്പെടും. ആ യാത്രിക സൗദിപോലെ അറബ് ലോകത്തുനിന്നുള്ളൊരു സ്ത്രീയാണെങ്കിലോ.? അങ്ങനെയൊരു സ്വപ്നത്തിന് തീപിടിപ്പിക്കുന്ന പെണ്ണുങ്ങള്‍ സൗദിയില്‍ ഇല്ലെന്ന് ആരുകണ്ടു...! അതിലേക്കുള്ള ഉലയൂതുന്നുണ്ട് റയാനയുടെ ബഹിരാകാശ ജീവിതം.

'അഭിനിവേശം പിന്തുടരാനുള്ള മികച്ച അവസരമാണ് എനിക്ക് കൈവന്നിരിക്കുന്നത്, ഞാനതില്‍ ഉറച്ചുനിന്നു. ഇപ്പോഴിതാ നക്ഷത്രങ്ങള്‍ക്കിടയിലേക്ക് പറക്കുന്നു.' റയാന ആകാശത്തേക്കുള്ള യാത്രയില്‍ പുഞ്ചിരിക്കുമ്പോള്‍ താഴെ ഭൂമിയില്‍, സൗദിയിലിരിക്കുന്ന സ്ത്രീളും നളുടെ കണ്ണുകളിലും നക്ഷത്രങ്ങൾ വിരിയുന്നു. അവരില്‍ ഉദിക്കുന്ന പ്രതീക്ഷയുടെയും സ്വാതന്ത്ര്യത്തിന്റെയും നക്ഷത്രങ്ങള്‍ക്ക് എണ്ണമില്ലല്ലോ.

Content Highlights: rayyana barnawi saudi female astronaut

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
train accident

5 min

ആർഭാടത്തിൽ കുതിച്ചാൽ മതിയോ? ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി എത്തുകയും വേണ്ടേ?

Jun 3, 2023


ബാഗ്മതി ട്രെയിന്‍ ദുരന്തം
Premium

4 min

അഴുകിയ ജഡങ്ങള്‍ക്കായി വല വിരിച്ച ബാഗ്മതി; 42 വര്‍ഷം കഴിഞ്ഞിട്ടും ട്രാക്ക് തെറ്റാതെ ദുരന്തസ്മരണ

Jun 3, 2023


അഞ്ചല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച അച്ഛനും അമ്മയ്ക്കും ഒപ്പമുളള ചിത്രം

5 min

പെയിന്റ് പണിക്കാരന്റെ മകനും എംബിബിഎസുകാരനാകാം, ഇത് അഞ്ചലിന്റെ പ്രതികാരം

Nov 30, 2022

Most Commented