എങ്ങനെ കിമ്മിന്റെ ചങ്കായി ഈ അമേരിക്കക്കാരൻ? എങ്ങനെ ഒബാമയ്ക്കും ട്രംപിനും അസാധ്യമായത് സാധ്യമാക്കി


ബി.കെ.രാജേഷ്In Depth

കിം ജോങ് യുങ്ങും ഡെന്നിസ് റോഡ്മാനും. Photo: AFP

ഒരു അമേരിക്കക്കാരനെ മുന്നില്‍ ഒത്തുകിട്ടിയാല്‍ എന്തു ചെയ്യണം. ഒറ്റ വെടിക്ക് തന്നെ കഥ കഴിച്ചേക്കണമെന്നേ പറയൂ ശരാശരി ഉത്തര കൊറിയക്കാരന്‍. അതാണ് നമ്മുടെ ധാരണ. അല്ലെങ്കിൽ അതാണ് തലമുറകളായി പകയും നോവും യുദ്ധകാല ക്രൂരതയും അവരുടെ ജനിതകത്തിലേയ്ക്ക് ആവേശിച്ച വഴക്കം. ഒട്ടും വ്യത്യസ്തമാവാന്‍ വഴിയില്ല മറുചേരിയിലെ ശീലവും. ഉത്തര കൊറിയയോ? അതെന്തെന്ന് ചോദ്യമുയര്‍ന്നാലുമില്ല തെല്ലും അതിശയം. അത്രമേല്‍ വീര്യംചോരാത്ത പകയില്‍ നീറ്റിയെടുത്തതാണ് യുദ്ധാനന്തരം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം. വര്‍ത്തമാനകാല രാജ്യതന്ത്രത്തില്‍ അത്രയ്ക്കും സംശയത്തിന്റെയും അജ്ഞതയുടെ നിഴലിലാണ്ടു കിടക്കുകയാണ് ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ഗശത്രുക്കളുടെ ഉഭയബന്ധം.

ഔദ്യോഗികമായി നയതന്ത്രബന്ധമില്ല. നയതന്ത്ര കാര്യാലയം പോലുമില്ല ഇരു രാജ്യങ്ങളിലും. ജീവന്‍വയ്ക്കുന്ന ഏതൊരു ഉഭയകക്ഷി ചര്‍ച്ചയും യുദ്ധക്കെടുതികളുടെയും ഓട്ടോ വാംബെയറിന്റെ ദാരുണമായ കസ്റ്റഡിയു​ടെയും കോമയുടെയുമൊക്കെ സ്മരണകളില്‍ തട്ടി ആയുസ്സൊടുങ്ങും. എന്നാല്‍, ഈ ചാപിള്ളയാവുന്ന നയതന്ത്രത്തിനപ്പുറത്ത്, പകയ്ക്കും യുദ്ധഭീതിക്കുമൊക്കെയപ്പുറത്ത് അമേരിക്കയുമായി തീര്‍ത്തും അവിശ്വസനീയമായൊരു ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്നു ഉത്തര കൊറിയയുടെ പരമോന്നത അധികാരി കിം ജോങ് ഉന്‍. അത്രയൊന്നും സുതാര്യമല്ലാതെ ആ ജീവിതത്തില്‍ നമുക്കറിയാവുന്ന ഒരു ആത്മസുഹൃത്തുണ്ട് കിമ്മിന് ശത്രുരാജ്യത്ത്. ഒരുപക്ഷേ, കണ്ണില്‍ച്ചോരയില്ലെന്ന് ലോകം മുദ്രകുത്തിയ കിമ്മിന്റെ അപൂര്‍വമായ ആത്മസുഹൃത്തുക്കളില്‍ ഒരാള്‍. കിമ്മിന് അടുപ്പമുള്ള, കിമ്മിനെ മുഖാമുഖം കണ്ട, ഉത്തര കൊറിയയിലേയ്ക്ക് ഓപ്പണ്‍ ടിക്കറ്റ് കൈവശമുണ്ടായിരുന്ന ഏക അമേരിക്കക്കാരന്‍. പുഴുവെന്ന് പണ്ട് അമ്മ തന്നെ ഓമനപ്പേരിട്ടുവിളിച്ച മുന്‍ എന്‍.ബി.എ. സൂപ്പര്‍താരം ഡെന്നിസ് റോഡ്മാന് അങ്ങനെ ചില വിചിത്രമായ സവിശേഷതകള്‍ കൂടിയുണ്ട് ചരിത്രത്തില്‍. വെറും സൗഹൃദമല്ല, എന്‍ബിഎ ചരിത്രത്തിലെ ഏറ്റവും മികച്ച റീബൗണ്ടിങ് ഫോര്‍വേഡ് എന്ന ഖ്യാതി പേറുന്ന റോഡ്മാന്റെ കടുത്ത ആരാധകന്‍ കൂടിയാണ് കിം. ഈ ആരാധനയാണ് ലോകത്തെ ഞെട്ടിച്ച ആത്മബന്ധത്തിലേയ്ക്കുള്ള വഴിതുറന്നത്.

ഹോട്‌ബോക്‌സിന്‍ എന്ന പോഡ്കാസ്റ്റില്‍ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസനോട് തുറന്നു പറയുന്നതു വരെ പുറംലോകത്തിന് ഏറെക്കുറേ അജ്ഞാതമായിരുന്നു അവിശ്വസനീയമായ ഈ അപൂര്‍വ സൗഹൃദത്തിന്റെ അണിയറക്കഥ. 2013ലാണ് ആ അത്ഭുതം സംഭവിക്കുന്നത്. റോഡ്മാന്‍ അമേരിക്കന്‍ എക്‌സിബിഷന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടീമായ ഹാര്‍ലെ ഗ്ലോബ് ട്രോട്ടേഴ്‌സിനൊപ്പം കളിക്കുന്ന കാലം. അക്കാലത്താണ് ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്​യോങ്ങില്‍ പ്രത്യേകമായി സംഘടിപ്പിക്കപ്പെട്ട പ്രദര്‍ശന മത്സരം കളിക്കാന്‍ ടീമിന് ക്ഷണം ലഭിക്കുന്നത്. ഉത്തര കെറിയയെകുറിച്ചുള്ള ഒരു ടിവി ഷോയുടെ പ്രചരണാര്‍ഥം എച്ച്.ബി.ഒയാണ് യാത്രയ്ക്ക് മുന്‍കൈയെടുത്തത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ പഠിക്കുന്ന കാലം മുതലേ കടുത്ത ബാസ്‌ക്കറ്റ്‌ബോള്‍ ആരാധകനായ കിമ്മിന് ടൂര്‍ണമെന്റിലും റോഡ്മാന്റെ വരവിലും പ്രത്യേക താത്പര്യവുമുണ്ടായിരുന്നു. അച്ഛന്റെ പിന്‍ഗാമിയായി അധികാരമേല്‍ക്കുംവരെ ബാസ്‌ക്കറ്റ്‌ബോള്‍ മാത്രമായിരുന്നു കിമ്മിന്റെ ജീവിതമെന്ന് പഴയൊരു സഹപ്രവര്‍ത്തകന്‍ ഒരിക്കല്‍ സി.എന്‍.എന്നിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.

വല്ല കുറ്റവും ചെയ്തതിന് ജയിലിലിടുമോ എന്നൊരു ആധിയുണ്ടായിരുന്നത്രെ റോഡ്മാന്. യൂണ ലീയുടെയും ലോറ ലിങ്ങിന്റെയും ഓട്ടോ വാംബെയറിന്റെയുമെല്ലാം അനുഭവസാക്ഷ്യങ്ങള്‍ അതാണല്ലോ. പ്യോങ് യോങ്ങിലേയ്ക്കുള്ള യാത്രാമധ്യേ ആരാണ് കിമ്മെന്നോ എവിടെയാണ് ഉത്തര കൊറിയയെന്നോ അറിയില്ലെന്ന് റോഡ്മാന്‍ പറഞ്ഞ കാര്യം അന്ന് വോള്‍ട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉത്തര കൊറിയക്ക് സാങ്കേതിക സഹായങ്ങള്‍ വാഗ്ദാനം ചെയ്ത ഗൂഗിളിന്റെ അന്നത്തെ മേധാവി എറിക് ഷിമിറ്റിനും മെക്‌സിക്കന്‍ ഗവര്‍ണറായിരുന്ന ബില്‍ റിച്ചാര്‍ഡ്‌സണും കിമ്മുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് അവസരം നിഷേധിക്കപ്പെട്ട് ഒരു മാസത്തിനുള്ളിലാണ് റോഡ്മാനെ കിം ഇരുകൈയും നീട്ടി സ്വീകരിച്ചത്.

പ്യോങ്​യാങ്ങിലെത്തുമ്പോള്‍ നിറഞ്ഞുകവിഞ്ഞിരുന്നു സ്‌റ്റേഡിയം. പാശ്ചാത്യ ഫാഷനൊക്കെ അപരിചിതമായിരുന്ന ഇരുമ്പുമറയ്ക്കകത്തെ ആളുകള്‍ക്ക് വലിയ അത്ഭുതമായിരുന്നു കാതും മൂക്കും ചുണ്ടുപോലും കുത്തിയ ആറടി ഏഴിഞ്ചുകാരന്‍ അതികായന്‍. അകത്തേയ്ക്ക് കയറുമ്പോള്‍ ഇരുപതിനായിരത്തിലേറെ വരുന്ന കാണികള്‍ എഴുന്നേറ്റ് നിന്ന് ആദരവോടെ കൈയടിച്ചുകൊണ്ടിരിക്കുകയാണ്. ശത്രുവെന്ന് മനസ്സില്‍ മുദ്ര പതിപ്പിച്ചവരില്‍ നിന്നുള്ള ആദരവ് കണ്ട് റോഡ്മാന് കണ്ണു നിറഞ്ഞു. ആവേശപൂര്‍വം കാണികളെ പ്രത്യഭിവാദ്യം ചെയ്തു. എന്നാല്‍, അപ്പോഴാണ് അടുത്തുനിന്നയാള്‍ തിരുത്തിയത്. 'അത് നിങ്ങള്‍ക്കുള്ളതല്ല. പിറകേ വരുന്ന കിമ്മിനുള്ളതാണ്. '
'കിം? അതാരാണ്.' റോഡ്മാന്‍ ഒരു തനി അമേരിക്കക്കാരനായി.
'ഞങ്ങളുടെ നേതാവ്.' ഉറച്ചതായിരുന്നു മറുപടി.
'എന്തിന്റെ നേതാവ്?'
അതിനുള്ള മറുപടി നിര്‍വികാരമായ ഒരു നോട്ടത്തില്‍ ഒതുങ്ങി.
ഈ അജ്ഞത പക്ഷേ, റോഡ്മാന്റെ ജീവിതത്തിലെ സംഭവബഹുലമായൊരു കാലത്തിന്റെ തുടക്കമായി. ആളുകള്‍ പട്ടാളച്ചിട്ടയിലിരുന്ന് കളി കണ്ട സ്‌റ്റേഡിയത്തിലായിരുന്നു കിമ്മുമായുള്ള ആദ്യ സമാഗമം. ദി ബാസ്‌ക്കറ്റ്‌ബോള്‍ ഏയ്‌സ് ആന്‍ഡ് ദി ബാസ്‌ക്കറ്റ്‌കേസ് എന്നായിരുന്നു ഈ അപൂര്‍വസംഗമത്തിന് അന്ന് ബ്രിട്ടീഷ് പത്രമായ ദി മിറര്‍ തലക്കെട്ട് നിരത്തിയത്.

സ്‌റ്റേഡിയത്തിലെ സിംഹാസനതുല്ല്യമായ ഇരിപ്പിടത്തില്‍ ഒപ്പമിരുത്തി പിന്നെ കിം ദ്വിഭാഷികളില്ലാതെ പറഞ്ഞതത്രയും ബാസ്‌ക്കറ്റ്‌ബോളിനെകുറിച്ച്. കിമ്മിന്റെ പ്രിയ ടീമായ ഷിക്കാഗോ ബുള്‍സിലെ റോഡ്മാന്റെ ഡിഫന്‍സിനെയും റീബൗണ്ടിങ് കഴിവുകളെയും കുറിച്ച്. തീര്‍ന്നില്ല. അന്ന് രാത്രി ആര്‍ഭാടത്തിന്റെ അവസാനവാക്കായ തന്റെ ഔദ്യോഗികവസതി റ്യാങ്‌സോങ് റെസിഡന്‍സിയിലേയ്ക്ക് അത്താഴ വിരുന്നിന് ക്ഷണിക്കുക കൂടി ചെയ്തു കിം. ഹാര്‍ലെം ഗ്ലോബ്‌ട്രോട്ടേഴ്‌സിലെ അംഗങ്ങളും 12 ഉത്തര കൊറിയന്‍ താരങ്ങളും ഇടകലര്‍ന്ന് അണിനിരന്ന് മത്സരിച്ച് 110-110 എന്ന വിചിത്രമായ സ്‌കോറില്‍ അവസാനിച്ച മത്സരത്തിലേയ്ക്ക് അന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമുണ്ടായില്ല ക്ഷണം.

മദ്യവും പാട്ടുമായി വെളുക്കുവോളം നീണ്ടു അത്താഴവിരുന്ന് എന്നാണ് റോഡ്മാന്‍ പില്‍ക്കാലത്ത് വെളിപ്പെടുത്തിയത്. കിമ്മിന്റെ വിഖ്യാതമായ 18 ഗേള്‍ ബാന്‍ഡിന്റെ സംഗീതവിരുന്നും അമ്പടി സേവിച്ചു വിരുന്നിന്. പാശ്ചാത്ത്യരാജ്യങ്ങളുടെ പ്രേരണയില്‍ ബാന്‍ഡ് തുടങ്ങിയിട്ട് ഏറെയായിരുന്നില്ല അന്ന്. എഴുപതുകളുടെ അവസാനം അമേരിക്കയിലെ സൂപ്പര്‍ഹിറ്റ് ടിവി ഷോയായ ഡാലസിലെ തീംഗാനം മാത്രമായിരുന്നു അവര്‍ വായിച്ചതെന്നു മാത്രം അതിശയത്തോടെ റോഡ്മാന്‍ തിരിച്ചറിഞ്ഞു. അതും അമേരിക്കന്‍ വിരോധം കത്തിജ്വലിച്ചുനില്‍ക്കുന്ന കാലത്ത്.

അതിനു പുറമെ കരോക്കെയക്ക് ഈണമൊപ്പിച്ച് കിമ്മിന്റെ കച്ചേരികൂടിയായതോടെ വിരുന്ന് പൊടിപൊടിച്ചു. എന്നാല്‍, കിം പാടിയ പാട്ടേതാണെന്നോ അതിന് ആളുകള്‍ സംഘംചേര്‍ന്ന് കൈയടിച്ചത് എന്തിനെന്നോ മാത്രം മനസ്സിലായില്ലെന്നാണ് ബാസ്‌ക്കറ്റ്‌ബോള്‍ ജേണലായ സ്‌പോര്‍ട്ടാന്‍ഡോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഒരിക്കല്‍ റോഡ്മാന്‍ പറഞ്ഞത്. അമേരിക്കക്കാര്‍ അവിശ്വാസത്തോടെ മാത്രം കേട്ട ഈ കഥയ്ക്ക് ശേഷം എന്തായാലും ഊഷ്മളമായ ബന്ധം ഉടലെടുത്തു റോഡ്മാനും കിമ്മും തമ്മില്‍.

ശരാശരി അമേരിക്കക്കാര്‍ക്ക് ദഹിക്കുന്നതിലും അപ്പുറത്തായിരുന്നു അതിവിചിത്രമായ ഈ ബന്ധം. കിമ്മിനെ കണ്ടതിന്റെ പേരില്‍ തനിക്ക് വധഭീഷണി ഉണ്ടായെന്നും മുപ്പത് ദിവസം കഴിഞ്ഞാണ് സ്വന്തം വീട്ടില്‍ ചെന്നു കയറാന്‍ കഴിഞ്ഞതെന്നും നാലു വര്‍ഷം മുന്‍പ് യു.എസ്-ഉത്തര കൊറിയ ഉച്ചകോടിക്കിടെ പരസ്യമായി ചാനലില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് റോഡ്മാന്‍ വെളിപ്പെടുത്തിയിരുന്നു. എനിക്കിഷ്ടമുള്ളിയടത്ത് ഞാന്‍ പോകും. ഖ്യാതിയും അപഖ്യാതിയും ഒരുപോലെ പേറി ജീവിക്കാനാണ് എനിക്കിഷ്ടം എന്നൊരൊറ്റ ഉത്തരം കൊണ്ടാണ് കിമ്മിനൊപ്പമുള്ള അത്താഴവിരുന്നില്‍ ഫ്രാങ്ക് സിനാട്രയുടെ വിഖ്യാതഗാനമായ മൈ വേ പാടി നിലപാട് പ്രഖ്യാപിച്ച റോഡ്മാന്‍ തന്റെ യാത്രയെ ചോദ്യം ചെയ്തവരുടെ വായ അന്ന് അടപ്പിച്ചത്. വിവാദങ്ങളും വിമര്‍ശനങ്ങളുമൊന്നും കാര്യമാക്കിയതേയില്ല സ്വതവേ ധിക്കാരിയായ റോഡ്മാന്‍. കിം ചെയ്യുന്നതിനൊന്നും ക്ഷമിക്കാന്‍ ഞാന്‍ ആളല്ല. എന്തൊക്കെയായാലും അയാള്‍ എന്റെ ഉറ്റ ചങ്ങാതിയാണ് പല അഭിമുഖങ്ങളിലും റോഡ്മാന്‍ ഇതാവര്‍ത്തിച്ചു. തീര്‍ന്നില്ല, കിംവിരോധികളുടെ ഈര്‍ഷ്യ കൂട്ടാന്‍ മറ്റു ചിലത് കൂടി പറഞ്ഞുവച്ചു റോഡ്മാന്‍. 'അയാള്‍ എവിടെയും ബോംബാക്രമണം നടത്തിയില്ല. ആരെയും ഭീഷണിപ്പെടുത്തിയില്ല. അമേരിക്കയുമായി അയാള്‍ യുദ്ധം ആഗ്രഹിക്കുന്നില്ല. ഒബാമയുമായി നല്ല ബന്ധമുണ്ടാക്കണമെന്നാണ് ആഗ്രഹം. കിമ്മിനെ ഒന്ന് ഫോണില്‍ വിളിച്ചാല്‍ എന്താണ് അപരാധം. ഇത് പുതുകാലമാണ്. ഒബാമ... കിമ്മുമായി ബന്ധം സ്ഥാപിക്കൂ. അദ്ദേഹത്തിന്റെ സുഹൃത്താവൂ.'

റോഡ്മാന്റെ സുവിശേഷം ദഹിക്കാത്തവരായിരുന്നു ഏറെയുമെങ്കിലും ആ സന്ദര്‍ശനവും കിമ്മുമായുള്ള സൗഹൃദവും വലിയൊരു ശുഭസൂചനയായി കണ്ടവരുമുണ്ട് അക്കാലത്ത്. യഥാര്‍ഥ നയതന്ത്ര വിദഗ്ദ്ധരും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും പരാജയപ്പെട്ടിടത്ത് താന്തോന്നിയായ ഒരു കായികതാരം വിജയിക്കുന്നു എന്ന മട്ടില്‍ വരെ വിലയിരുത്തലുണ്ടായി. അവരൊക്കെ കാലു കുത്താന്‍ പോലും ഭയക്കുന്ന ഇടത്ത് പോയി നയചാതുരി കാട്ടിയ ധീരനെന്ന് വിശേഷിപ്പിക്കപ്പെട്ടു. ഡെന്നിസ് ഡിപ്ലൊമസി എന്നൊരു പേരും കൊടുത്തു അവര്‍ റോഡ്മാന്റെ ഉദ്യമത്തിന്. ബുള്‍ഡോസിങ്ങല്ല, സൗഹൃദം മാത്രമാണ് സംഘര്‍ഷത്തിലെ നയകുശലതയെന്ന് റോഡ്മാന്‍ അമേരിക്കയെ പഠിപ്പിക്കുകയായിരുന്നുവെന്ന് കെന്‍ ഗോസിനെപ്പോലുള്ള കൊറിയന്‍ വിദഗ്ദധര്‍ പറഞ്ഞിരുന്നു. ആണവായുധങ്ങളുടെ വിന്യാസത്തിന്റെ പേരില്‍ യു.എസ്-കൊറിയ ബന്ധം ഉലഞ്ഞിരിക്കുന്ന സമയത്തായിരുന്നു റോഡ്മാന്റെ സന്ദര്‍ശനം. ദക്ഷിണ കൊറിയയുമായി അമേരിക്കന്‍ സംയുക്ത സൈനികാഭ്യാസം നടത്തിയാല്‍ അലിയ വില കൊടുക്കേണ്ടിവരുമെന്ന് ഉത്തര കൊറിയ താക്കീത് നല്‍കി ദിവസങ്ങള്‍ക്കുള്ളിലായിരുന്നു റോഡ്മാന്റെ അപ്രതീക്ഷിത സന്ദര്‍ശനം. അതുകൊണ്ടു തന്നെ നയതന്ത്ര സന്ദര്‍ശനം എന്ന് ധ്വനിപ്പിക്കുംവിധം ambassadorial എന്നു കുറിച്ചാണ് ഹാര്‍ലെം ഗ്ലോബ്‌ടോട്ടേഴ്‌സ് അന്ന് വാര്‍ത്താക്കുറിപ്പിറക്കിയത്. ഇത്തരം അനൗദ്യോഗിക നയതന്ത്ര പരീക്ഷണങ്ങളെ അന്നു തന്നെ തള്ളിക്കളഞ്ഞിരുന്നു ഒബാമ ഭരണകൂടം. അതൊന്നും പക്ഷേ, റോഡ്മാന്‍ കൂസാക്കിയില്ല. തന്റേതായ രീതിയില്‍ കിമ്മുമായുള്ള സൗഹൃദവും അതിന്റെ ബലത്തില്‍ ബാസ്‌ക്കറ്റ്‌ബോള്‍ നയതന്ത്രവുമായി സ്വതന്ത്രമായി തന്നെ മുന്നോട്ടുപോയി.

എന്നാല്‍, ഈ ഊഷ്മളതയ്‌ക്കെല്ലാം കാരണം യു.എസിനോടുള്ള മൃദുസമീപനമല്ല, റോഡ്മാനോടുള്ള സ്‌നേഹം മാത്രമായിരുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട് അന്ന് യാത്രയില്‍ ഒപ്പമുണ്ടായിരുന്ന വൈസ് ഷോയുടെ അണിയറക്കാര്‍. ഉത്തര കൊറിയയെക്കുറിച്ചുള്ള ഷോയായിരുന്നിട്ടും റോഡ്മാനുവേണ്ടി ഒരുക്കിയ അത്താഴവിരുന്നിലേയ്ക്ക് ക്യാമറകള്‍ക്ക് പ്രവേശനമുണ്ടായില്ല. കൈകൊടുക്കുമ്പോള്‍ ഒന്ന് കണ്ണില്‍ നോക്കാനുള്ള മര്യാദ പോലും കാട്ടിയില്ല കിം എന്നാണ് സംഘാടകരായ വൈസിന്റെ സ്ഥാപകന്‍ ഷെയ്ന്‍ സ്മിത്ത് അന്ന് പറഞ്ഞത്. ഒരു അഭിമുഖത്തിനും നേരിട്ട് നിന്ന് കൊടുക്കുകയും ചെയ്തില്ല. റോഡ്മാന്റെ പുറത്തെ സന്ദര്‍ശനം പോലും നിയന്ത്രിതമായിരുന്നു. ഡോക്യുമെന്ററി സംഘത്തിന് മുന്നില്‍ സര്‍വതും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതും. കിമ്മിന്റെ ബാസ്‌ക്കറ്റ്‌ബോള്‍ ഭ്രാന്തിനൊപ്പം മറ്റൊന്നും റോഡ്മാന് നല്‍കിയ സ്വീകരണവുമായി കൂട്ടിവായിക്കേണ്ടതില്ലെന്നും പറഞ്ഞിരുന്നു റോഡ്മാന്‍ മടങ്ങിയശേഷവും പത്ത് ദിവസം ഉത്തര കൊറിയയില്‍ തങ്ങിയ സ്മിത്ത്. ഉത്തര കൊറിയയില്‍ നിന്ന് റോഡ്മാന്‍ നേരെ മടങ്ങിയത് ന്യൂയോര്‍ക്കിലേയ്ക്കാണ് ശതകോടീശ്വരന്‍ ഡൊണാള്‍ഡ് ട്രംപിന്റെ റിയാലിറ്റി ഷോയ്ക്കുവേണ്ടി. ഉത്തര കൊറിയന്‍ യാത്രയില്‍ തന്നെ അനുഗമിക്കണമെന്ന് റോഡ്മാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍, താന്‍ അത് നിഷേധിക്കുകയാണ് ഉണ്ടായതെന്നും ട്രംപ് അന്ന് ട്വീറ്റ് ചെയ്തിരുന്നു. ഉത്തര കൊറിയയുമായുള്ള നയതതന്ത്ര ബന്ധത്തെ ശുദ്ധമായ പാഴ്ശ്രമം എന്ന് വിശേഷിപ്പിച്ച ട്രംപ് പ്രസിഡന്റ്പദവി ഏറ്റെടുത്തശേഷം ഉത്തര കൊറിയക്കെതിരേ സമ്പൂര്‍ണ യാത്രാവിലക്ക് കൊണ്ടുവന്നത്.

ഒറ്റ യാത്ര കൊണ്ട് അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല റോഡ്മാന്‍ ഉത്തര കൊറിയന്‍ ബാന്ധവം. കിമ്മുമായുള്ള ആത്മബന്ധത്തെ മറ്റൊരു തലത്തിലേയ്ക്കുയര്‍ത്തുകയായിരുന്നു റോഡ്മാന്‍. സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പതിനഞ്ച് വര്‍ഷമായി കഠിനതടവ് അനുഭവിക്കുന്ന അമേരിക്കന്‍ മിഷണറി കെന്നത്ത് ബേയെ മോചിപ്പിക്കണം എന്നതായിരുന്നു റോഡ്മാന്റെ ആവശ്യം. എന്നാല്‍, തന്റെ രണ്ടാം കൊറിയന്‍ സന്ദര്‍ശനത്തില്‍ കിമ്മിനോട് നേരിട്ട് ഈ ആവശ്യം ഉന്നയിക്കില്ലെന്ന് പിന്നീട് റോയിട്ടേഴ്‌സിന് നല്‍കിയ ഒരു അഭിമുഖത്തില്‍ റോഡ്മാന്‍ പറഞ്ഞിരുന്നു. ബാസ്‌ക്കറ്റ്‌ബോള്‍ നയതന്ത്രം മാത്രമാണ് തന്റെ ലക്ഷ്യമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു റോഡ്മാന്‍. എന്നാല്‍, റോഡ്മാന്റെ ട്വീറ്റ് കിം തള്ളിക്കളഞ്ഞില്ല എന്നതാണ് വിചിത്രം. തന്റെ രണ്ടാമത്തെ കൊറിയന്‍ സന്ദര്‍ശനത്തില്‍ പരാമാധികാരിയെ നേരില്‍ കണ്ട് ഇക്കാര്യം ആവശ്യപ്പെടുമെന്നും റോഡ്മാന്‍ പറഞ്ഞു. അത്ഭുതകരമായ വസ്തുത എന്താണെന്നു വെച്ചാല്‍ തൊട്ടടുത്ത വര്‍ഷം കിം ബേയെ മോചിപ്പിച്ചു. ബേയുടെ മോചനം ആവശ്യപ്പെട്ട് യു.എസ്. പ്രത്യേക പ്രതിനിധി റോബര്‍ട്ട് കിങ്ങിന് ഉത്തര കൊറിയ സന്ദര്‍ശനാനുമതി നിഷേധിച്ചതിന് തൊട്ടു പിറകേയായിരുന്നു നടപടി. തന്റെ മോചനത്തില്‍ റോഡ്മാന്‍ വഹിച്ച പങ്കിനെ ശ്ലാഘിക്കാന്‍ മറന്നില്ല കെന്നത്ത് ബേ. എന്നെങ്കിലും ഒരിക്കല്‍ കാണുകയാണെങ്കില്‍ നേരിട്ട് നന്ദി പറയണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു അന്ന് ബേ.

ദി ഡിപ്ലോമാറ്റ്‌സ് എന്നൊരു കോമഡി ചിത്രത്തിന് ഇതിവൃത്തമായെങ്കിലും വാസ്തവത്തില്‍ റോഡ്മാനെ സംബന്ധിച്ചിടത്തോളം വലിയ നയതന്ത്ര വിജയം തന്നെയായിരുന്നു ബോയുടെ മോചനം. ഇക്കാര്യത്തില്‍ അമേരിക്കന്‍ ഭരണകൂടം കാണിക്കുന്ന അമാന്തത്തിനെതിരേ ഒളിയമ്പെയ്യാനും മറന്നില്ല റോഡ്മാന്‍. ലോകസമാധാനം തന്റേതല്ല, അത് പ്രസിഡന്റ് ഒബാമയുടെ ഉത്തരവാദിത്വമാണെന്നും ഇതേ പോക്ക് പോയാല്‍ തന്നെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് പരിഗണിച്ചേക്കുമെന്നുവരെ പറഞ്ഞു റോഡ്മാന്‍. പില്‍ക്കാലത്ത് ട്രംപും കിമ്മും കൈകൊടുത്ത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം കണ്ടെത്തണമെന്നും റോഡ്മാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുവേണ്ടി യു.എസ്.-ഉച്ചകോടി നടന്ന സിംഗപ്പൂരിലേയ്ക്ക് പോവുക പോലും ചെയ്തു.

എന്നാല്‍, ബേയുടെ മോചനം വലിയ കോളിളക്കമാണ് അമേരിക്കയിലും ഉത്തര കൊറിയയിലും ഉണ്ടാക്കിയത്. ആദ്യമായി കിമ്മിനെ കാണാന്‍ ഉത്തര കൊറിയയിലെത്തിയ റോഡ്മാന്‍ ബേയെ വിമര്‍ശിക്കുകയാണ് ചെയ്തത്. അയാള്‍ തടവുശിക്ഷ അര്‍ഹിക്കുന്നുണ്ട് എന്ന മട്ടിലാണ് പിന്നീട് സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തിലും റോഡ്മാന്‍ പറഞ്ഞത്. വലിയൊരു കൊടുങ്കാറ്റിനാണ് ഈ പ്രസ്താവന തീ കൊളുത്തിയത്. സെനറ്റ് അംഗങ്ങളും എന്‍ബി. എ താരങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരുമെല്ലാം റോഡ്മാനെതിരേ തിരിഞ്ഞു. റോഡ്മാന്‍ ഉത്തര കൊറിയയുടെ പി.ആര്‍. ഏജന്റാവുകയാണെന്ന് ആക്ഷേിക്കപ്പെട്ടു. ഒടുവില്‍ താന്‍ മദ്യലഹരിയിലായിരുന്നുവെന്ന് പറഞ്ഞ് ക്ഷമാപണം നടത്തി തടിയൂരുകയായിരന്നു റോഡ്മാന്‍. എന്നാല്‍, ഈ ഉര്‍വശീശാപം ഉപകാരമായി. കെന്നത്ത് ബേയുടെ തടവും പീഢനവും ആഗോള ശ്രദ്ധ നേടി. ഉത്തര കൊറിയ പ്രതിരോധത്തിലായി. വൈകാതെ ബേയെ വിട്ടയക്കുകയും ചെയ്തു. റോഡ്മാന്‍ ഈ സൃഷ്ടിച്ച കോലാഹലമില്ലായിരുന്നെങ്കില്‍ താന്‍ മോചിതനാകുമായിരുന്നില്ല എന്നാണ് ബേ പിന്നീട് പറഞ്ഞത്.

ബെറ്റിങ് വിദഗ്ദ്ധനായ പാഡി പവര്‍ സ്‌പോണ്‍സര്‍ ചെയ്ത റോഡ്മാന്റെ മൂന്നാം സന്ദര്‍ശനത്തെ അടിസ്ഥാനമാക്കി എടുത്തതാണ് ഡെന്നിസ് റോഡ്മാന്‍: ബിഗ് ബാഗ് ഇന്‍ പോങ് യാങ് എന്ന തൊണ്ണൂറ്റിമൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി. സ്ലംഡാന്‍സ് ഫിലിം ഫെസ്റ്റിവലിൽ സ്‌ക്രീന്‍ ചെയ്ത ഡോക്യുമെന്ററി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നെങ്കിലും പിന്നീട് ഏറെക്കാലം വിസ്മൃതിയിലാണ്ടുകിടന്നു. എന്നിട്ടും തീര്‍ന്നിരുന്നില്ല കിമ്മിനോടും ഉത്തര കൊറിയയോടുമുള്ള റോഡ്മാന്റെ അഭിനിവേശം. 2017ല്‍ ഒരു അഞ്ചാംവട്ട സന്ദര്‍ശനം കൂടി നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ രഞ്ജിപ്പിലെത്തിക്കുകയാണ് സന്ദര്‍ശനോദേശ്യമെന്ന് പരസ്യമായി പറഞ്ഞശേഷമായിരുന്നു ക്രിപ്‌റ്റോ കറന്‍സി കമ്പനിയായ പോട്‌കോയിന്‍ സ്‌പോണ്‍സര്‍ ചെയ്ത യാത്ര.

വലിയ സ്വീകരണമാണ് ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥര്‍ നല്‍കിയത്. എന്നാല്‍, പ്യോങ്​യോങ്ങില്‍ അഞ്ചു ദിവസം തങ്ങി കളിക്കാരെ കാണുകയും പരിശീലനം നടത്തുകയുമൊക്കെ ചെയ്‌തെങ്കിലും ഉറ്റമിത്രം കിമ്മിനെ മാത്രം കാണാനായില്ല. മദ്യത്തിലാണ്ടുകുളിച്ച റോഡ്മാനെ കാണാന്‍ കിം കൂട്ടാക്കാതിരിക്കുകയായിരുന്നു എന്നൊരു കഥ കൂടിയുണ്ട്. ഡൊണാള്‍ഡ് ട്രംപിന്റെ പഴയൊരു ബെസ്റ്റ് സെല്ലറായ ദി ആര്‍ട്ട് ഓഫ് ദി ഡീലിന്റെ കോപ്പി അടക്കം ഏതാനും സമ്മാനങ്ങള്‍ കിമ്മിന് കൈമാറാന്‍ ഏല്‍പിച്ചാണ് റോഡ്മാന്‍ മടങ്ങിയത്. കൂടെ മകള്‍ കിം ജു അയ്ക്കും കൊടുത്തു ചില സമ്മാനങ്ങള്‍. ഉത്തര കൊറിയയില്‍ പോട് കോയിന് എന്താണ് വാണിജ്യ താത്പര്യം എന്നു വ്യക്തമല്ല. എന്തായാലും ഈ യാത്രയോടെ അവരുടെ കറന്‍സിയുടെ മൂല്യം ഇരട്ടിയോളം വര്‍ധിച്ചു. നാലു വര്‍ഷം മുന്‍പ് സിംഗപ്പൂരില്‍ ഉച്ചകോടിക്കും പോട് കോയിന്റെ ടി ഷര്‍ട്ടും ധരിച്ചായിരുന്നു റോഡ്മാന്റെ വരവ്.

കോര്‍ട്ടില്‍ വിസ്മയം തീര്‍ത്ത റോഡ്മാന്റെ രാഷ്ട്രീയത്തിലെ കളികളൊന്നും അത്ര ഏശിയിട്ടില്ല. യു.എസും ഉത്തര കൊറിയയും നയതന്ത്ര ബന്ധത്തിന്റെ കാര്യത്തില്‍ ഒരടി പോലും മുന്നോട്ടുപോയിട്ടില്ല. വൈരത്തിന്റെ ആണവായുധം ഇന്നും പുകഞ്ഞുതന്നെ കിടപ്പുണ്ട് പലരും പലവുരു പയറ്റിപ്പിഴച്ച ഈ നയതന്ത്രത്തിന്റെ അടിയില്‍. അതിനിടയില്‍ ആരെയും അത്ഭുതപ്പെടുത്തുന്ന ഈ സൗഹൃദകഥയ്ക്ക് മറ്റൊരു സ്ഥിരീകരിക്കാത്ത ആന്റിക്ലൈമാക്‌സ് കൂടിയുണ്ട്. തീര്‍ത്തും അവിശ്വസനീയമാംവണ്ണം കിമ്മുമായി തുടരുന്ന സൗഹൃദത്തിനു ലോകത്തിന്റെ വലിയൊരു ഭാഗം ഭീതിയോടെയും സംശയത്തോടെയും മാത്രം വീക്ഷിക്കുന്ന ഉത്തര കൊറിയയോടുള്ള അഭിനിവേശത്തിനും വ്യക്തമായ ചില കാരണങ്ങളുണ്ടെന്ന് ആരോപിക്കപ്പെടുന്നുണ്ട്. വര്‍ഷങ്ങളോളം പരിശീലനം ലഭിച്ച നല്ല പത്തരമാറ്റ് സി.ഐ.എ ചാരനാണ് റോഡ്മാനെന്ന് തെളിവുകള്‍ നിരത്തി എഴുതിയവരുണ്ട്. അല്ലാതെ റോഡ്മാന്‍ ഇത്രയും ഉത്തര കൊറിയന്‍ വിഷയത്തില്‍ നിമഗ്നനാവേണ്ട കാര്യമില്ലെന്നാണ് നയതന്ത്ര വിദഗ്ദന്‍ ഡഗ് ബാന്‍ഡോവിനെ പോലുള്ളവര്‍ എഴുതിയിരിക്കുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ മിത്രമെന്ന് വിശേഷിപ്പിച്ച കിമ്മിന്റെ അന്തഃപുരം വരെ ചെന്ന് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു റോഡ്മാനെന്ന് സംശയിക്കാന്‍ കാരണങ്ങള്‍ പലതുമുണ്ടെന്ന് എഴുതിയിട്ടുണ്ട് ബാന്‍ഡോവ്. ഈ ആരോപണത്തിന്റെ നിജസ്ഥിതി വെളിവാക്കണം എന്ന് ആവശ്യപ്പെട്ട് ഡസ്റ്റിന്‍ സ്ലോട്ടര്‍ സി.ഐ.എയ്ക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഇക്കാര്യം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കഴിയില്ലെന്നും പറഞ്ഞുകൊണ്ടുള്ള എങ്ങും തൊടാത്തൊരു മറുപടിയാണ് ലഭിച്ചത്.

ഫുട്‌ബോളിലും ക്രിക്കറ്റിലും ടെന്നിസിലുമെല്ലാം ഇത്തരം എണ്ണമറ്റ നയതന്ത്ര പരിശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ അതിന്റെ പേരില്‍ ഒരു യുദ്ധവും സംഘര്‍ഷവും ഒഴിഞ്ഞ ചരിത്രമില്ല. റോഡ്മാന്റെ ഷോ കഴിഞ്ഞിട്ട് വര്‍ഷങ്ങളായി. യു.എസും ഉത്തര കൊറിയയും ഇപ്പോഴും മുഖാമുഖം നിന്നും നിഴല്‍യുദ്ധം നടത്തിയും പോര്‍മുഖത്തു തന്നെയാണ്. എന്നാല്‍, ഈ ഡെന്നിസ് ഡിപ്ലോമസിയെ മറ്റുള്ളവയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിലെ സൗഹൃദത്തിന്റെ സ്പര്‍ശമാണ്. ചരിത്രത്തില്‍ സംഘര്‍ഷങ്ങളേക്കാള്‍ സൗഹൃദത്തിനുതന്നെയാവണമല്ലോ സ്ഥാനം. യുദ്ധമുഖത്തെ ചില പരാജയങ്ങൾ ഹൃദയങ്ങളിൽ ജയിച്ച ചരിത്രമുണ്ടല്ലോ.

Content Highlights: Rare friendship of north korean supreme leader Kim Jong-un and NBA Star Dennis Rodman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented