ആരാണ് റമണ്‍ മാഗ്‌സസെ; കമ്മ്യൂണിസ്റ്റുകാരുടെ അവാര്‍ഡ് വിരോധത്തിന് കാരണമെന്ത്‌


സ്വന്തം ലേഖകന്‍

റമൺ മാഗ്‌സസെ, കെ.കെ ശൈലജ

കേരളത്തിന്റെ മുന്‍ ആരോഗ്യ വകുപ്പ് മന്ത്രിയും സി.പി.എം നേതാവുമായ കെ.കെ ശൈലജ ടീച്ചര്‍ തനിക്ക് ലഭിച്ച മാഗ്‌സസെ പുരസ്‌കാരം നിഷേധിച്ചതോടെ പുരസ്‌കാരവും ഫിലിപ്പീന്‍സ് മുന്‍ ഭരണാധികാരി റമോണ്‍ മാഗ്‌സസെയുമെല്ലാം വീണ്ടും ചര്‍ച്ചയാവുകയാണ്. നിപ പ്രധിരോധവും കോവിഡ് കാലത്തെ പ്രവര്‍ത്തനങ്ങളുമെല്ലാം കണക്കിലെടുത്താണ് ശൈലജ ടീച്ചറെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. എന്നാല്‍ അവാര്‍ഡ് സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് ശൈലജ ടീച്ചര്‍ മാഗ്‌സസെ കമ്മിറ്റിയെ അറിയിക്കുകയായിരുന്നു. ഫിലിപ്പിയന്‍സ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ നൂറുകണക്കിന് പ്രവര്‍ത്തകരെ കൂട്ടക്കൊല ചെയ്ത റമണ്‍ മാഗ്‌സസെയുടെ പേരിലുള്ള പുരസ്‌കാരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗമായി കെ.കെ ശൈലജ സ്വീകരിക്കേണ്ടതില്ല എന്ന സി.പി.എം നേതൃത്വത്തിന്റെ തീരുമാനമാണ് പുരസ്‌കാരം നിരസിച്ചതിന് കാരണം. ആരോഗ്യ മന്ത്രി എന്ന നിലയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുക മാത്രമാണ് ശൈലജ ചെയ്തതെന്നും പാര്‍ട്ടി വിലയിരുത്തി. നേരത്തെ സി.പി.എം മുതര്‍ന്ന നേതാക്കന്മാരായിരുന്ന ഇ.എം.എസും ജ്യോതിബസുവും പത്മ പുരസ്‌കാരങ്ങള്‍ നിരസിച്ചിരുന്നു.

മാഗ്‌സസെ പുരസ്‌കാരം
ഏഷ്യയിലെ ഏറ്റവും ഉന്നതവും മഹത്വമേറിയതുമായ പുരസ്‌കാരമായി പൊതുവില്‍ അംഗീകരിക്കപ്പെടുന്ന മാഗ്‌സസെ പുരസ്‌കാരം 1958ലാണ് ഏര്‍പ്പെടുത്തിയത്‌. നിസ്വാര്‍ഥമായ പ്രവര്‍ത്തനവും സാമൂഹിക മുന്നേറ്റത്തിനായുള്ള ഇടപെടലുമാണ് ഏഷ്യയുടെ നോബല്‍ എന്നറിയപ്പെടുന്ന മാഗ്‌സസെ പുരസ്‌കാരത്തിന് അര്‍ഹരാക്കുന്നത്. 2022 വരെ വിവിധ മേഖലകളില്‍ മഹത്തായ സംഭാവന നല്‍കിയ 344 പേര്‍ക്കാണ് പുരസ്‌കാരം സമ്മാനിച്ചത്. ഫിലിപ്പൈന്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള റോക്ക്‌ഫെല്ലര്‍ ബ്രദേഴ്‌സ് ഫ്രണ്ടിന്റെ ട്രസ്റ്റുകളാണ് 1957 ഏപ്രിലില്‍ പുരസ്‌കാരം സ്ഥാപിച്ചത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള അംഗങ്ങള്‍ക്ക് പുറമെ ഏഷ്യയിലെ പ്രമുഖ വ്യക്തികള്‍ ഉള്‍പ്പെടുന്ന ബോര്‍ഡാണ് മാഗ്‌സസെ പുരസ്‌കാര വിജയികളെ കണ്ടെത്തുന്നത്. മഗ്‌സസെയുടെ ജന്മദിനമായ ആഗസ്റ്റ് 31 ന് ഫിലിപ്പീന്‍സിലെ മനിലയില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം വിതരണം ചെയ്യുക. 1958 ആഗസ്റ്റ് 31നാണ് ആദ്യത്തെ പുരസ്‌കാരം വിതരണം ചെയ്യപ്പെട്ടത്. ഒരു ഫിലിപ്പീന്‍സ് സംഘടനയ്ക്കും അഞ്ച് വ്യക്തികള്‍ക്കുമായിരുന്നു പുരസ്‌കാരം. ഇന്ത്യക്കാരനായ ആചാര്യ വിനോബാഭാവെയായിരുന്നു അഞ്ചുപേരില്‍ ഒരാള്‍. 318 വ്യക്തികള്‍ക്കും 26 സംഘടനകള്‍ക്കുമാണ് ഇതുവരെ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. 2023ല്‍ മാഗ്‌സസെ പുരസ്‌കാരത്തിന്റെ 65ാമത് വാര്‍ഷികം കൂടിയാണ്.

റമണ്‍ മാഗ്‌സസെ

പടിഞ്ഞാറ് തെക്കന്‍ ചൈന കടലും, കിഴക്ക് ഫിലിപ്പൈന്‍ കടലും, തെക്ക് ഇന്തോനേഷ്യയും, വടക്ക് തായ്‌വാനുമുളള തെക്ക് കിഴക്കന്‍ ഏഷ്യയിലെ ഒരു ദ്വീപ് രാഷ്ട്രമാണ് ഫിലിപ്പീന്‍സ്. മനിലയാണ് തലസ്ഥാനം. പല രാജവംശങ്ങളും മാറിമാറി ഭരിച്ചിരുന്ന വിവിധ ദ്വീപുകളായിരുന്നു പിന്നീട് ഫിലിപ്പീന്‍സെന്ന ഏക രാഷ്ട്രമായി മാറിയത്. സ്പാനിഷ് സാമ്രാജ്യത്തിന്റെ കോളനിയായതിനെ തുടര്‍ന്നാണ് സ്‌പെയിനിലെ ഫിലിപ്പ് രണ്ടാമന്‍ രാജാവിന്റെ സ്മരണാര്‍ഥം ഈ ഭൂപ്രദേശത്തിന് ഫിലിപ്പീന്‍സിന് എന്ന പേര് നല്‍കിയത്. പതിനാറാം നൂറ്റാണ്ട് മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഫിലിപ്പീന്‍സ് സ്പാനിഷ് കോളനിയായി തുടര്‍ന്നു. ഇക്കാലങ്ങളിലെല്ലാം സ്വാതന്ത്ര്യത്തിനായുള്ള ചെറുതും വലുതുമായ കലാപങ്ങള്‍ രാജ്യത്ത് അരങ്ങേറിയിരുന്നു. 1898ലെ യുദ്ധാനന്തരം അമേരിക്ക ഫിലിപ്പീന്‍സിനെ തങ്ങളുടെ കോളനിയാക്കിമാറ്റി. തുടര്‍ന്നുള്ള കാലങ്ങളില്‍ സ്വാതന്ത്ര്യത്തിനായുള്ള ഫിലിപ്പീന്‍സ് ജനതയുടെ മുന്നേറ്റങ്ങളെല്ലാം അമേരിക്ക അടിച്ചമര്‍ത്തി. നേരിട്ടുള്ള ഭരണം അവസാനിപ്പിച്ചതിന് ശേഷം അമേരിക്കന്‍ നിയന്ത്രണത്തിലുള്ള പാവ സര്‍ക്കാരുകളായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. രണ്ടാംലോകമഹായുദ്ധകാലത്ത് ജപ്പാന്‍ ഫിലിപ്പീന്‍സിലേക്ക് സൈനിക അധിനിവേശം നടത്തി. കമ്മ്യൂണിസ്റ്റ് നേതൃത്വത്തിലുള്ള ഗറില്ല സൈന്യവും അമേരിക്കന്‍ നിയന്ത്രണത്തിലുള്ള ഗറില്ല സൈന്യവും ജപ്പാന്‍ സൈന്യത്തോട് പൊരുതിക്കൊണ്ടിരുന്നു. അമേരിക്കന്‍ നേതൃത്വത്തിലുള്ള ഗറില്ല സംഘത്തിന്റെ ക്യാപ്റ്റനായിരുന്നു പില്‍ക്കാലത്ത് ഫിലപ്പീന്‍സ് പ്രസിഡന്റായി മാറിയ റമണ്‍ മാഗ്‌സസെ. പിന്നീട് ലോകമഹായുദ്ധാനന്തരം ജപ്പാന്‍ സൈന്യം ഫിലിപ്പീന്‍സ് ഉപേക്ഷിച്ച് പലായനം ചെയ്തു. രഹസ്യ ഉടമ്പടികളോടെ അമേരിക്കയും ഫിലിപ്പീന്‍സില്‍ നിന്ന് പിന്മാറി.

1907ല്‍ സാംബെല്‍സിലെ ഇബയില്‍ ഒരു കൊല്ലപ്പണിക്കാരന്റെ മകനായാണ് മാഗ്‌സസെ ജനിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് മനിലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ അദ്ദേഹം ജീവിക്കാനായി പല തൊഴിലുകള്‍ ചെയ്തു. 1933ല്‍ കൊമേഴ്‌സില്‍ ബിരുദം നേടി. തുടര്‍ന്ന് മനില ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനിയില്‍ ജനറല്‍ മാനേജറായി ജോലിക്ക് കയറി. ഒരു ബസ് കമ്പനിയില്‍ മെക്കാനിക്കായും ഇതിനിടയില്‍ ജോലി ചെയ്തു. രണ്ടാംലോകമഹായുദ്ധത്തിന്റെ കാലത്ത് ഫിലിപ്പീന്‍സ് സൈന്യത്തില്‍ ചേര്‍ന്നു. 1946 ല്‍ ലിബറല്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതോടെയാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. കോണ്‍ഗ്രസ് അംഗമായി കഴിവുതെളിയിച്ച മാഗ്‌സസെയെ അന്നത്തെ പ്രസിഡന്റ് ക്വിറീനോ പ്രതിരോധ സെക്രട്ടറിയായി നിയമിച്ചു. അക്കാലത്ത് സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ഹുക് എന്ന കമ്മ്യൂണിസ്റ്റ് ഗറില്ല പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്യുക എന്നതായിരുന്നു മാഗ്‌സസെയുടെ പ്രധാന ഉത്തരവാദിത്വം. ലൂയീസ് തറൂക് ആയിരുന്നു കമ്മ്യൂണിസ്റ്റ് ഹൂകിന്റെ കമ്മാന്‍ഡര്‍ ഇന്‍ ചീഫ്. 1950 ല്‍ ഫിലിപ്പീന്‍സിന്റെ പല പ്രധാന ഭാഗങ്ങളും ഹുക് ഗറില്ലകളുടെ നിയന്ത്രണത്തിലായി. വളരെ വിദഗ്ദമായിട്ടായിരുന്നു മാഗ്‌സസെ ഹുക് പ്രസ്ഥാനത്തെ നേരിട്ടത്. കര്‍ഷകരാണ് ഗറില്ലകളുടെ കരുത്തെന്ന് മനസ്സിലാക്കിയ മാഗ്‌സസെ ഭൂമിയും പണിയായുധങ്ങളും നല്‍കി അവരെ വശത്താക്കി. കമ്മ്യൂണിസ്റ്റ് വിരുദ്ധരായ സൈനികര്‍ക്ക് കൂടുതല്‍ അധികാരങ്ങളും ആയുധങ്ങളും നല്‍കി. ഫിലിപ്പീന്‍സിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തില്‍ ആശങ്കയുണ്ടായിരുന്ന അമേരിക്കയുടെ എല്ലാ പിന്തുണയും മാഗ്‌സസെയ്ക്കുണ്ടായിരുന്നു. ഗറില്ലാ പ്രസ്ഥാനത്തെ മാഗ്‌സസെ അടിച്ചമര്‍ത്തി. നിരവധി ഗറില്ലകളും കമ്മ്യൂണിസ്റ്റ് നേതാക്കളും കൊലചെയ്യപ്പെട്ടു.

1953 ല്‍ അതുവരെ ലിബറലായിരുന്ന മാഗ്‌സസെ നാഷണിസ്റ്റ് പാര്‍ട്ടി പിന്തുണയോടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ചു. ക്വിറീനോയെ അട്ടിമറിച്ചുകൊണ്ട് മാഗ്‌സസെ ഫിലിപ്പീന്‍സിന്റെ ഏഴാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. മാഗ്‌സസെ സി.ഐ.എ പിന്തുണയോടെ കമ്മ്യൂണിസ്റ്റ് വേട്ട തുടര്‍ന്നു. 1954 സെപ്തംബര്‍ 8ന് മനിലയില്‍ സ്ഥാപിതമായ തെക്കുകിഴക്കന്‍ ഏഷ്യ ട്രീറ്റി ഓര്‍ഗനൈസേഷനില്‍ മാഗ്‌സസെ ഫിലിപ്പീന്‍സിനെ അംഗമാക്കി. ശീതയുദ്ധത്തിന്റെ കാലത്ത് കമ്മ്യൂണിസത്തെ എതിര്‍ത്തിരുന്ന പ്രധാന രാഷ്ട്രത്തലവന്‍മാരിലൊരാളായിരുന്നു മാഗ്‌സസെ. അഴിമതി വിരുദ്ധ പ്രതിച്ഛായയിലൂടെ നിരവധി അനുായികളെയും കമ്മ്യൂണിസ്റ്റുകള്‍ക്കെതിരായ അടിച്ചമര്‍ത്തലിലൂടെ നിരവധി വിമര്‍ശകരെയും സമ്പാദിച്ചിരുന്നു അദ്ദേഹം. പ്രസിഡന്റ് കാലാവധി അവസാനിക്കുന്നതിനും മുന്‍പ് 1957 മാര്‍ച്ച് 17ന് ദുരൂഹമായ ഒരു വിമാനാപകടത്തില്‍ റമണ്‍ മാഗ്‌സസെ കൊല്ലപ്പെട്ടു.

പുരസ്‌കാരങ്ങള്‍ നേടിയ പ്രശസ്ത ഇന്ത്യാക്കാര്‍

ആചാര്യ വിനോബാ ഭാവേ
ജയപ്രകാശ് നാരായണ്‍
മദര്‍ തെരേസ
ബാബാ ആംതെ
അരുണ്‍ ഷൂറി
ടി.എന്‍. ശേഷന്‍
കിരണ്‍ ബേദി
മഹാശ്വേതാ ദേവി
വര്‍ഗ്ഗീസ് കുര്യന്‍
കുഴന്തൈ ഫ്രാന്‍സിസ്
ഡോ. വി. ശാന്ത
അരവിന്ദ് കെജ്രിവാള്‍
ടി.എം. കൃഷ്ണ
ഇള ഭട്ട്

Content Highlights: ramon magsaysay life story magsaysay award kk shailaja cpim


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented