ലില്ലി തോമസ്,രാഹുൽ ഗാന്ധി
രാഹുല്‍ഗാന്ധിയെന്ന ഒറ്റ ഐക്കണായിരുന്നു കൊഴിഞ്ഞുപോക്കിനിടയിലും കോണ്‍ഗ്രസിന്റെ ശക്തി. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയിട്ടും കുത്തക മണ്ഡലമായ അമേഠിയിലടക്കം തോല്‍വിയറിഞ്ഞിട്ടും രാഹുല്‍ എന്ന വിശ്വാസം മതിയായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാന്‍. അതുകൊണ്ടു തന്നെയായിരുന്നു അധ്യക്ഷ തിരഞ്ഞെടുപ്പുകാലത്തുപോലും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും രാഹുലിനെ പാര്‍ട്ടിയുടെ നേതൃത്വമേല്‍പ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളടക്കം ശ്രമിച്ചതും. ഗാന്ധി കുടുംബത്തിന്റെ സ്ഥാനാര്‍ഥിയെന്ന നിലയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അധ്യക്ഷനായി വിജയിച്ച് കയറിയപ്പോഴും രാഹുല്‍ഗാന്ധി തന്നെയായിരുന്നു കോണ്‍ഗ്രസിന്റെ നട്ടെല്ല്. പാര്‍ട്ടിക്ക് പുതുജീവന്‍ നല്‍കിയ രാഹുല്‍ഗാന്ധി കന്യാകുമാരി മുതല്‍ കശ്മീര്‍വരെ നയിച്ച ഭാരത് ജോഡോയാത്രയുടെ വന്‍ വിജയമടക്കം ഉദാഹാരണങ്ങള്‍. ഈ വിജയത്തിളക്കം നല്‍കിയ ആവേശത്തിനിടെ അപ്രതീക്ഷിതമായ തിരിച്ചടിയായി അയോഗ്യതയിലേക്ക് നയിച്ച കോടതി വിധിയും രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷയും, കൂടാതെ ആറ് വര്‍ഷത്തേക്ക് കിട്ടിയേക്കാവുന്ന തിരഞ്ഞെടുപ്പ് അയോഗ്യതയും.
രാഹുൽ ഗാന്ധി ഇപ്പോൾ എത്തിനിൽക്കുന്ന സാഹചര്യത്തിലേക്ക് നയിച്ച ഒരു സുപ്രീം കോടതി വിധിയുണ്ട്. ആ ചരിത്രവിധിക്ക് പിന്നില്‍ ഒരു മലയാളി അഭിഭാഷകയ്ക്ക് നിര്‍ണായക സ്ഥാനവുമുണ്ട്. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായ അഡ്വ. ലില്ലിതോമസ് ആണ് ആ അഭിഭാഷക. രാജ്യത്തെ ആദ്യ വനിതാ നിയമ ബിരുദാനന്തര ബിരുദക്കാരി. 2019 ഡിസംബര്‍ 10-ന് ന്യൂഡല്‍ഹിയില്‍ അന്തരിച്ച ലില്ലി തോമസ്, 2013-ൽ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയായിരുന്നു ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ പല പ്രമുഖരുടേയും ചിറകൊടിച്ച അയോഗ്യതാ വിധിക്ക് കാരണമായത്. നിരവധി പൊതുതാല്‍പര്യ ഹര്‍ജികളിലൂടെ ശ്രദ്ധേയയായ അഭിഭാഷകയായിരുന്നു ലില്ലി തോമസ്. ഏതെങ്കിലും കേസില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അപ്പീല്‍ കാലയളവില്‍ അയോഗ്യതയില്ലാതാക്കുന്ന ജനപ്രാതിനിധ്യ നിയമത്തിലെ എട്ട്(നാല്) വകുപ്പ് സുപ്രീം കോടതി എടുത്തുകളഞ്ഞത് 2013-ലെ ലില്ലിയുടെ പൊതുതാല്‍പര്യ ഹര്‍ജിയെ തുടര്‍ന്നായിരുന്നു. അതോടെ രണ്ട് വര്‍ഷത്തിലധികം ശിക്ഷ ഏറ്റുവാങ്ങുന്ന ജനപ്രതിനിധികള്‍ ശിക്ഷ വിധിച്ച നിമിഷം മുതല്‍ അയോഗ്യരായി മാറി. ഈ വിധിയെ മറികടക്കാന്‍ അന്നത്തെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ ലില്ലി പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ആ നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് പിന്‍വാങ്ങേണ്ടിയും വന്നിരുന്നു.

രാജ്യത്ത് ആദ്യമായി നിയമത്തില്‍ ബിരുദാനന്തര ബിരുദംനേടിയ വനിതയായ ലില്ലി തോമസ് മദ്രാസ് സര്‍വകലാശാലയില്‍ നിന്നായിരുന്നു ബിരുദം നേടിയത്. 1955-ല്‍ മദ്രാസ് ഹൈക്കോടതിയില്‍ അഭിഭാഷകയായി സേവനം തുടങ്ങി. 1960-ല്‍ സുപ്രീംകോടതിയില്‍ അഭിഭാഷകവൃത്തി ആരംഭിച്ചു. അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ്‌സ് പരീക്ഷയ്‌ക്കെതിരേയായിരുന്നു 1964-ല്‍ ലില്ലി തോമസിന്റെ ആദ്യ പൊതുതാല്‍പര്യ ഹര്‍ജി. സുപ്രീംകോടതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടത്തുന്ന ഈ പരീക്ഷ നിര്‍ത്തലാക്കണമെന്നായിരുന്നു ലില്ലി തോമസിന്റെ ആവശ്യം. ഇത്തരമൊരു പരീക്ഷയ്ക്ക് അഭിഭാഷകരെ വിധേയരാക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും എല്ലാ അഭിഭാഷകര്‍ക്കും രാജ്യത്തെ എല്ലാ കോടതികളിലും വാദിക്കാമെന്നും ബോധിപ്പിച്ചായിരുന്നു ഹര്‍ജി. വനിതകളുടെ അവകാശത്തിന് വേണ്ടിയും ലിംഗ വിവേചനത്തിന് എതിരായും നിരന്തരം ശബ്ദമുയര്‍ത്തിയിരുന്ന ലില്ലി തോമസ് തന്റെ അഭിഭാഷകവൃത്തിയെ സാമൂഹികപ്രവർത്തനത്തിന്‍റെ ഭാഗമായാണ് കണ്ടിരുന്നത്. ഇതിനിടെ വിവാഹം പോലും മറന്നു. 91-ാം വയസ്സില്‍ അന്തരിച്ച ലില്ലി തോമസ് മരട് ഫ്‌ളാറ്റ് പൊളിക്കുന്ന തീരുമാനം ധൃതിപിടിച്ചെടുക്കരുതെന്നാവശ്യപ്പെട്ടായിരുന്നു അവസാനമായി സുപ്രീം കോടതിയിലെത്തിയത്.
വിവാഹിതരായ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ അഡ്വ.ലില്ലി തോമസ് നല്‍കിയ മറ്റൊരു പൊതുതാല്‍പര്യ ഹര്‍ജിയും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ആദ്യ ഭാര്യയെ നിയമപരമായി വേര്‍പിരിയാതെ ഹിന്ദു വിശ്വാസിയായ ഒരു വ്യക്തി രണ്ടാം വിവാഹം കഴിക്കാനായി ഇസ്ലാം മതത്തിലേക്ക് മാറുന്നത് തടയണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആ ഹർജി. ഹര്‍ജിയില്‍ രണ്ട് ഹിന്ദു വിശ്വാസികള്‍ തമ്മില്‍ വിവാഹം കഴിച്ചശേഷം ഭര്‍ത്താവ് മതംമാറിയാല്‍ അത് ഭാര്യയുമായുള്ള വിവാഹം വേര്‍പെടുത്താനുള്ള കാരണമാവില്ലെന്ന് ജസ്റ്റിസ് എസ്.സാഗിര്‍, അഹമ്മദ് ആര്‍.പി സേതി എന്നിവരടങ്ങിടങ്ങിയ സൂപ്രീംകോടതി ബെഞ്ച് വിധിച്ചു. കോടതി വഴിയുള്ള നിയമപരമായ വേര്‍പിരിയലിന് മാത്രമാണ് ഹിന്ദു മാര്യേജ് ആക്ട് സെക്ഷന്‍ 10 പ്രകാരം സാധുതയുണ്ടാകുകയെന്നും ഹിന്ദു മതം ബഹുഭാര്യത്വത്തെ അംഗീകരിക്കുന്നില്ലെന്നുമായിരുന്നു അന്ന് കോടതി ചൂണ്ടിക്കാട്ടിയത്. നിയപരമായി വിവാഹബന്ധം വേർപെടുത്താതെ വെറും മതപരിവര്‍ത്തനം കൊണ്ടുമാത്രം വിവാഹമോചനം സാധിക്കില്ലെന്നും കോടതി പറഞ്ഞു. ഇതിനു ശേഷം നിരവധി പൊതുതാല്‍പര്യ ഹര്‍ജികളുമായി ലില്ലി തോമസ് കോടതിയിലെത്തിയെങ്കിലും ജനപ്രതിനിധികളുടെ അയോഗ്യതാ ഹര്‍ജിയാണ് ചരിത്രത്തില്‍ സ്ഥാനംപിടിച്ചത്.

എട്ട് മുതല്‍ പത്ത് മണിക്കൂര്‍വരെ ലില്ലി തോമസ് കോടതിയില്‍ ചെലവഴിച്ച് നീതിക്ക് വേണ്ടി നിരന്തരം പോരാട്ടം നടത്തിയിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രിയായ ജയലളിത, ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് എന്നിവരുടെയെല്ലാം രാഷ്ട്രീയ ചിറകൊടിക്കുന്നതില്‍ ലില്ലി തോമസിന്റെ അയോഗ്യതാ ഹര്‍ജിക്ക് വലിയ പങ്കുണ്ടായിരുന്നു. മുന്‍ കോണ്‍ഗ്രസ് എം.പി യു.പിയില്‍ നിന്നുള്ള റഷീദ് മസൂദാണ് ലില്ലിതോമസ് ഹരജിയെ തുടര്‍ന്നുള്ള വിധി പ്രകാരം ആദ്യമായി പാര്‍ലമെന്റ് സ്ഥാനം നഷ്ടപ്പെട്ട വ്യക്തി. 2013-ലായിരുന്നു കേസിനാസ്പദമായ സംഭവം. അഴിമതിക്കേസിന്റെ പേരില്‍ സി.ബി.ഐ കുറ്റക്കാരനെന്ന് കണ്ടെത്തിയ റഷീദ് മസൂദിന് കോടതി നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചത്. അര്‍ഹതയില്ലാത്തവര്‍ക്ക് മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് സീറ്റ് നല്‍കാന്‍ ഇടപെട്ടുവെന്നതായിരുന്നു കേസ്. തുടര്‍ന്ന് 2013 ഒക്ടോബര്‍ ഒന്നിന് നാല് വര്‍ഷ ജയില്‍ ശിക്ഷ വിധിച്ചു. ഇതിന്റെ ഫലമായിട്ടായിരുന്നു അയോഗ്യത. അഞ്ച് തവണ ലോക്‌സഭയിലും നാല് തവണ രാജ്യസഭയിലും എം.പിയായിരുന്ന മസൂദ് യു.പിയില്‍ കോണ്‍ഗ്രസിന്റെ തുറുപ്പുചീട്ട് കൂടിയായിരുന്നു. മസൂദിന്റെ അയോഗ്യത വലിയ പ്രതിഷേധത്തിനും വിമര്‍ശനത്തിനും വഴിവെച്ചിരുന്നു
ശിക്ഷിക്കപ്പെട്ട ശേഷം അയോഗ്യതയെ തുടര്‍ന്ന് പിന്നീട് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെവന്ന ആദ്യ നേതാവ് ആര്‍.ജെ.ഡി നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലുപ്രസാദ് യാദവാണ്. ബിഹാറിലെ സരണില്‍ നിന്നുള്ള എം.പിയായിരിക്കെ 2013-ല്‍ ആണ് ലാലുപ്രസാദ് യാദവ് കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കെപ്പെടുന്നത്. തുടര്‍ന്ന് അയോഗ്യനാവുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാതെവരികയും ചെയ്തു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കേ 2014-ല്‍ ജയലളിതയ്ക്ക് അയോഗ്യത വരുന്നത്. നാല് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് അന്ന് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടാനും തിരഞ്ഞെടുപ്പ് അയോഗ്യതയ്ക്കും വഴിവെച്ചത്. അസംഖാന്‍, പി.പി മുഹമ്മദ് ഫൈസല്‍, അനില്‍കുമാര്‍ ഷഹ്നി, വിക്രം സിങ് സെയ്‌നി, പ്രദീപ് ചൗധരി, കുല്‍ദീപ് സിങ് സെന്‍ഗര്‍, അബ്ദുള്‍ അംസം ഖാന്‍, ആനന്ദ് സിങ് എന്നിവരെല്ലാം അയോഗ്യതയ്ക്ക് ഇരയായ ജനപ്രതിനിധികളാണ്. ഇവരുടെ പട്ടികയിലേക്കാണ് രാഹുല്‍ഗാന്ധിയുമെത്തുന്നത്.

ഭഗവത് ഗീതയില്‍ കൃഷ്ണന്‍ പറയുന്നുണ്ട്. ധര്‍മം അപകടത്തിലായപ്പോള്‍ താന്‍ ധര്‍മത്തെ കാത്ത് സൂക്ഷിക്കാന്‍ ജനിച്ചവനാണെന്ന്. എന്നാല്‍ ഇന്നിവിടെ ഓരോ ദിവസവും ധര്‍മം ചവിട്ടി ഞെരിക്കപ്പെടുന്നു. നീതിന്യായ സംവിധാനമാണ് ധര്‍മത്തിന് അല്ലെങ്കില്‍ നീതിക്ക് വേണ്ടിയുള്ള യഥാര്‍ഥ സംവിധാനം. ജനാധിപത്യത്തിന് അതിന്റെ യഥാര്‍ഥ ഉത്തരവാദിത്വം നിറവേറ്റി മുന്നോട്ട് പോകണമെങ്കില്‍ അഴിമതിയില്ലാത്ത, കളങ്കമില്ലാത്ത രാഷ്ട്രീയക്കാരുണ്ടാവണം. സുപ്രീംകോടതിയില്‍ ഒരു കേസിന്റെ വിചാരണയ്ക്കിടെ ഒരിക്കല്‍ ലില്ലി തോമസ് ഇങ്ങനെ പറഞ്ഞത് ഇന്നും ഓര്‍ത്ത് വെക്കുന്നുണ്ട് നിയമജ്ഞര്‍.
ലില്ലി തോമസിനെ സംബന്ധിച്ച് പ്രായം വെറും എണ്ണമായിരുന്നുവെന്ന് ഓര്‍ക്കുന്നുണ്ട് നിയമ വിദഗ്ധര്‍. എട്ടും പത്തും മണിക്കൂര്‍ കോടതിയില്‍ ചിലവഴിക്കും. മരണത്തിന് മുമ്പുള്ള അവസാന നാളുകളിലും നിയമോപദേശം തേടി പലരും ലില്ലി തോമസിന്റെ അടുത്തെത്താറുണ്ടായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തുന്നത് ഒഴികെ മറ്റെല്ലാ കേസുകള്‍ക്കും അവര്‍ നിയമോപദേശം നല്‍കാറുമുണ്ടായിരുന്നു. വിവാഹബന്ധം വേര്‍പെടുത്തുകയെന്നത് ഒട്ടും അംഗീകരിക്കാന്‍ പറ്റാത്ത ഒരാളായിരുന്നു ലില്ലി തോമസെന്നും അത് ഒഴിവാക്കേണ്ടത് തന്നെയായിരുന്നു എന്നുമായിരുന്നു അവരുടെ അഭിപ്രായമെന്നും ലില്ലി തോമസിനെ ഓര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.
%20AFP.jpg?$p=e93e925&&q=0.8)
ഒരു കേസിന്റെ വിചാരണയ്ക്കിടെ ഒരിക്കല്‍ ഒരു ജഡ്ജി ലില്ലിയോട് അവരുടെ വിവാഹത്തെ കുറിച്ച് ചോദിച്ചു. എന്തു കൊണ്ട് ഇത്രകാലമായിട്ടും വിവാഹം കഴിക്കുന്നില്ല എന്നതായിരുന്നു ചോദ്യം. അതിനുള്ള അവരുടെ ഉത്തരം അന്ന് കോടതിയെ ആകെ ചിരിപ്പിച്ച സന്ദര്‍ഭവും പലരും ഓര്‍ക്കുന്നുണ്ട്. ഞാന്‍ ഇഷ്ടപ്പെട്ട എല്ലാ പുരുഷന്‍മാരും വിവാഹം കഴിച്ചു കഴിഞ്ഞുവെന്നും എബ്രാഹം ലിങ്കണ്‍, ജയിംസ് ബോണ്ട്, ചര്‍ച്ചില്‍ എന്നിവരെയെല്ലാം ഒരു മനുഷ്യനില്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അവരുടെ ഉത്തരം. മറ്റൊരു ജഡ്ജി അവരോട് പിന്നൊരിക്കല്‍ ചോദിച്ചു, നിങ്ങള്‍ മിസ് ആണോ മിസ്സിസ് ആണോയെന്ന് അതിനുള്ള ഉത്തരം ഇങ്ങനെയായിരുന്നു“ I am a miss but I don’t miss much''.

ബൈബിളിലും വിഷ്ണു സഹസ്രനാമത്തിലുമെല്ലാമുള്ള പരിജ്ഞാനം പലപ്പോഴും അവർ കോടതി മുറികളിലും പ്രയോഗിക്കാറുണ്ടായിരുന്നു. പല ഹിന്ദുക്കള്‍ക്കും ക്രിസ്ത്യന്‍ വിശ്വാസികൾക്കും അവരുടെ മത ഗ്രന്ഥത്തില്‍ അറിവില്ലെന്ന് ലില്ലിക്ക് അഭിപ്രായമുണ്ടായിരുന്നു. തന്റെ പ്രദേശത്തെ മാലിന്യ നിര്‍മാര്‍ജന തൊഴിലാളിള്‍ക്ക് പലപ്പോഴും വസ്ത്രങ്ങളും ഭക്ഷണവും കൊടുക്കുകയെന്നത് ലില്ലിയുടെ പതിവായിരുന്നെന്നും ലില്ലിയുമായി അടുപ്പമുണ്ടായിരുന്നവർ ഓര്‍ക്കുന്നു.
സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കുകയെന്നതിന് പ്രത്യേക ശ്രദ്ധ നല്‍കിയുന്ന ലില്ലി, അതില്‍ കോടതിയെ കൊണ്ട് അനുകൂല വിധിയുണ്ടാക്കുന്നതുവരെ പിന്നിൽനിന്ന് മാറിയിരുന്നില്ല. 'ഒരു വിശ്വാസിയെന്ന നിലയില്‍ ജീസസ് ഞാൻ ചെയ്യുന്ന പ്രവൃത്തിയുടെ ഉത്തരം എപ്പോഴും എന്നോട് ചോദിച്ചുകൊണ്ടിരിക്കും. ഒരു നിയമജ്ഞ എന്ന നിലയില്‍ ഞാന്‍ പൂര്‍ത്തിയാക്കേണ്ട, അല്ലെങ്കില്‍ ഞാന്‍ സമൂഹത്തിനുവേണ്ടി ചെയ്തുതീര്‍ക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ടെന്ന് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു' എന്നും ലില്ലി പറഞ്ഞിരുന്നു. അത്താണിയില്ലാത്തവരുടെ നാവായിരുന്നു ലില്ലി തോമസ്. അവകാശ സമരത്തിന് വേണ്ടി പോരാടുന്നവരുടെ അഭിഭാഷക. അവശതയ്ക്കിടയിലും ചക്രക്കസേരയില്‍ കോടതി കയറിവന്നാണ് മരടില്‍ ഫ്‌ളാറ്റ് നഷ്ടപ്പെട്ടവര്‍ക്കായി വാദിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റ് ഭയന്നവര്‍ക്ക് അവർ സ്വന്തം വീട്ടിൽ അഭയം നല്‍കുകയും ചെയ്തിരുന്നു.
Content Highlights: rahul gandhi, disqualification, lilly thomas, loksabha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..