മഹാത്മാഗാന്ധി
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭംമുതലാണ് റേഡിയോ സമൂഹത്തില്‍ ചലനം സൃഷ്ടിച്ചുകൊണ്ടിരുന്നത്. ഒരു ആശ്ചര്യകരമായ അശരീരി സമാനമായ റേഡിയോ സന്ദേശങ്ങള്‍ സാംസ്‌കാരികമാനം സൃഷ്ടിച്ചത് 1920-കളില്‍ ജന്മംകൊണ്ട റേഡിയോ ക്ലബ്ബുകള്‍ എന്നറിയപ്പെടുന്ന ചെറുനിലയങ്ങള്‍ നിലവില്‍വന്നതോടെയാണ്.
ഇന്ത്യയില്‍ 1924-ലും 1927-ലും അത്തരത്തില്‍ വന്ന റേഡിയോ നിലയങ്ങള്‍ ചെന്നൈയിലും കൊല്‍ക്കത്തയിലും മുംബൈയിലും വലിയ മാധ്യമ പുരോഗതിക്കാണ് വഴിയൊരുക്കിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തോടനുബന്ധിച്ച് ബ്രിട്ടീഷ് നയങ്ങളെ എതിര്‍ക്കാനും റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ നിലവില്‍വന്നു. നാട്ടുരാജ്യങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത ട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിച്ച് റേഡിയോ നിലയങ്ങള്‍ സ്വാതന്ത്ര്യസമ്പാദനത്തിനുമുമ്പുതന്നെ ചരിത്രം സൃഷ്ടിച്ചു. അത്തരം ഒരു നിലയം 'ട്രാവന്‍കൂര്‍ റേഡിയോ' എന്നപേരില്‍ തിരുവിതാംകൂര്‍ രാജാവ് ബാലരാമവര്‍മ തിരുവനന്തപുരത്ത് സ്ഥാപിച്ചു. 1943 മാര്‍ച്ച് 12-നാണത്.
അഭയാര്‍ഥികളോട് ഒരുവാക്ക്
സ്വാതന്ത്ര്യം നേടാന്‍ സജ്ജമായതോടെ ഇന്ത്യയില്‍ റേഡിയോ നിലയങ്ങളുടെ എണ്ണം കൂടിവന്നു. ഓള്‍ ഇന്ത്യ റേഡിയോയുടെ കേന്ദ്ര ഓഫീസായ ആകാശവാണിഭവന്‍ ഒട്ടേറെ ദേശാഭിമാനപ്രധാനമായ പ്രക്ഷേപണപരിപാടികള്‍ ആസൂത്രണംചെയ്ത് ഇന്ത്യയിലുടനീളം വലിയൊരു മാധ്യമമുന്നേറ്റം സംജാതമാക്കിയ കാലമായിരുന്നു അത്. ആ വേളയിലാണ് രാഷ്ട്രപിതാവായ മഹാത്മജി ആകാശവാണിഭവനിലെത്തി ചരിത്രപ്രധാനമായ ഒരു പ്രക്ഷേപണം നടത്തിയത്. ആ പ്രക്ഷേപണം അദ്ദേഹത്തിന്റെ ആദ്യത്തേതും അവസാനത്തേതുമായ പ്രക്ഷേപണമായി. 1947 നവംബര്‍ 12-നാണത് നടന്നത്. ഗാന്ധിജി പാര്‍ലമെന്റ് സ്ട്രീറ്റിലെ ബ്രോഡ്കാസ്റ്റ് ഹൗസില്‍ വന്ന് അങ്ങനെ ഒരു പ്രഭാഷണം ജനങ്ങളോടായി ചെയ്യാന്‍ ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. അതിങ്ങനെയാണ്. ഇന്ത്യ- പാകിസ്താന്‍ വിഭജനത്തെത്തുടര്‍ന്ന് ഹരിയാണയിലെ കുരുക്ഷേത്രത്തിലെ അഭയാര്‍ഥിക്യാമ്പു സന്ദര്‍ശിക്കാനിരുന്ന മഹാത്മജിക്ക് അന്നേ ദിവസം ഡല്‍ഹിയിലെ ബിര്‍ളാ ഹൗസില്‍നിന്ന് 177 കിലോമീറ്റര്‍ അകലെയുള്ള കുരുക്ഷേത്ര ക്യാമ്പിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിണ്ടല്ല. ഗാന്ധിജിക്ക് ലക്ഷക്കണക്കിനുള്ള അഭയാര്‍ഥികളെ കാണാന്‍ കഴിഞ്ഞില്ല. പക്ഷേ, അവരോട് സംസാരിക്കാനെങ്കിലും കഴിയണമെന്നായി. ആകാശവാണി വഴി അങ്ങനെ അവരോട് ആശയവിനിമയം നടത്താന്‍ ഗാന്ധിജി തയ്യാറായി.
പ്രക്ഷേപണം ദൈവികശക്തിപോലെ
ഉച്ചതിരിഞ്ഞ് 3.30-ന് രാജകുമാരി അമൃത കൗര്‍ സമേതം ഗാന്ധിജി ആകാശവാണിഭവനിലെത്തി. ഒരു പ്രാര്‍ഥനായോഗമായിരുന്നു അവിടെ സംഘടിപ്പിച്ചത്. മരംകൊണ്ടു നിര്‍മിച്ച ഒരു അരബെഞ്ച് തയ്യാറായി. ആകാശവാണി മൈക്കിനു പിറകിലിരുന്ന് പ്രാര്‍ഥനാലാപനത്തിനുശേഷം ഗാന്ധിജി കുരുക്ഷേത്രത്തിലെ സഹജീവികളെ അഭിസംബോധന ചെയ്തു.
അന്ന് ദീപാവലിയായിരുന്നു. ബ്രിട്ടീഷുകാരില്‍നിന്ന് സ്വാതന്ത്ര്യം ലഭിച്ചയുടനെയുള്ള ഇന്ത്യ തിളച്ചുമറിഞ്ഞകാലം. ഗാന്ധിജി പ്രഭാഷണത്തിനുമുമ്പുതന്നെ ആകാശവാണി മൈക്കിനെ 'ശക്തി' എന്നാണ് വിവക്ഷിച്ചത്. 'മിറാക്കുലസ് പവര്‍ ഓഫ് ഗോഡ്' എന്നും അന്ന് ഗാന്ധിജി പ്രക്ഷേപണസംവിധാനത്തെ സൂചിപ്പിക്കുകയുണ്ടായി. ഗാന്ധിജിയെക്കാണാന്‍ ഒടുങ്ങാത്ത ആവേശത്തോടെ കാത്തിരുന്നവരുടെ കൂട്ടത്തില്‍ 'ജഗദീഷ് ബാത്ര' എന്ന ഒരു കൊച്ചുബാലനുമുണ്ടായിരുന്നു. ജഗദീഷിനെപ്പോലെ അന്ന് ഗാന്ധിജിയെ നേരില്‍ക്കാണാനാകാതെ നിരാശപ്പെടേണ്ടിവന്ന ഒട്ടേറെ കുട്ടികള്‍ ആ ക്യാമ്പില്‍ ഉണ്ടായിരുന്നു. ഒരു വലിയ മര്‍ഫി റേഡിയോയിലൂടെയാണ് ആ വാക്കുകള്‍ അവര്‍ കേട്ടതെന്ന്, അനന്തരം സുപ്രീംകോടതി വക്കീലായിത്തീര്‍ന്ന ജഗദീഷ് ബാത്ര പറഞ്ഞുവത്രേ!
പൊതുസേവന പ്രക്ഷേപണത്തിന്റെ നാന്ദി
ആദ്യത്തെ പൊതുപ്രക്ഷേപണ സംരംഭമാകയാല്‍ നവംബര്‍ 12 എല്ലാവര്‍ഷവും പൊതുസേവന പ്രക്ഷേപണ (Public Service Broadcast) ദിനമായി ആചരിക്കുകയാണ് ഇന്ത്യയില്‍. മഹാത്മജി മന്ത്രിയോ ഗവര്‍ണറോ ഒന്നുമായിരുന്നില്ല. ഒരര്‍ഥത്തില്‍ ഇന്ത്യയിലെ പരശ്ശതം സാധാരണക്കാരില്‍ ഒരാള്‍. അദ്ദേഹത്തിന്റെ ആദ്യത്തെയും അവസാനത്തെയും ആകാശവാണിനിലയം സന്ദര്‍ശിച്ചുള്ള പ്രക്ഷേപണം ഏതര്‍ഥത്തിലും പൊതുജനസേവന പ്രക്ഷേപണം തന്നെയാണല്ലോ. ആകാശവാണി ആര്‍ക്കൈവില്‍ ഗാന്ധിജിയുടെ 147 പ്രാര്‍ഥനായോഗങ്ങളുടെയും പ്രഭാഷണങ്ങളുടെയും ശബ്ദലേഖനം സൂക്ഷിച്ചിട്ടുണ്ടെങ്കിലും ഒരു പ്രത്യേക ഉദ്ദേശ്യം ലക്ഷ്യമാക്കി ആകാശവാണിഭവനില്‍ എത്തി ഗാന്ധിജി ചെയ്ത പ്രഭാഷണത്തിനാണ് ഏറ്റവും പ്രാധാന്യം നല്‍കിയിട്ടുള്ളത്. 1997 നവംബര്‍ 12-ന് അരനൂറ്റാണ്ടു തികഞ്ഞ ആ 'ഗാന്ധിവചനം' സ്വാതന്ത്ര്യഗാഥയുടെ നാഴികക്കല്ലായിരുന്നു.
1948 ജനുവരി 30-ന് സായാഹ്നത്തില്‍ ബിര്‍ളാഹൗസില്‍ പതിവുപോലെ പ്രാര്‍ഥനായോഗം ശബ്ദലേഖനം ചെയ്യാനെത്തിയ മദനന്‍ എന്ന യുവ പ്രോഗ്രാം എക്‌സിക്യുട്ടീവിന്റെ വാക്കുകള്‍ മറ്റൊരു നാഴികക്കല്ലാണ്; ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെയും പ്രക്ഷേപണത്തിന്റെയും. മദനന്‍ പറയുന്നു: ''പ്രാര്‍ഥനായോഗം തുടങ്ങാറായി... ആഭയുടെയും മനുവിന്റെയും ചുമലില്‍ പിടിച്ചുകൊണ്ടു ഗാന്ധിജി പ്രാര്‍ഥനാമണ്ഡപത്തിലേക്ക് നടന്നുവരുന്നു. പെട്ടെന്ന് ദിഗന്തങ്ങളെ ഞെട്ടിച്ചുകൊണ്ട് തോക്കിന്‍കുഴലു ഗര്‍ജിച്ചു... നിറയൊഴിഞ്ഞപ്പോള്‍ ഒരു നേര്‍ത്തപുക ശാന്തതപൂകി മേലോട്ടുയര്‍ന്നു. അന്തരീക്ഷത്തില്‍ 'ഹേ റാം' എന്ന ഒരു അന്ത്യപ്രാര്‍ഥന മുഴങ്ങുന്നുണ്ടായിരുന്നു.
ഉച്ചതിരിഞ്ഞ് 3.30-ന് രാജകുമാരി അമൃത കൗര്‍ സമേതം ഗാന്ധിജി ആകാശവാണിഭവനിലെത്തി. ഒരു പ്രാര്‍ഥനായോഗമായിരുന്നു അവിടെ സംഘടിപ്പിച്ചത്. മരംകൊണ്ടു നിര്‍മിച്ച ഒരു അരബെഞ്ച് തയ്യാറായി. ആകാശവാണി മൈക്കിനു പിറകിലിരുന്ന് പ്രാര്‍ഥനാലാപനത്തിനുശേഷം ഗാന്ധിജി കുരുക്ഷേത്രത്തിലെ സഹജീവികളെ അഭിസംബോധന ചെയ്തു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരപ്രക്ഷോഭത്തിന്റെ ഭാഗമായി മുംബൈ കേന്ദ്രീകരിച്ച് അന്നത്തെ ചില സമരസേനാനികള്‍ ഒരു 'അണ്ടര്‍ ഗ്രൗണ്ട് റേഡിയോ' നിലയംതന്നെ സ്ഥാപിച്ച് പ്രവര്‍ത്തിച്ചിരുന്നുവത്രേ! ഈ ഉദ്യമത്തിന്റെ നേതൃത്വം 1942-ല്‍ ഡോ. ഉഷാമേത്തയ്ക്കായിരുന്നു. ഒളിവില്‍ക്കഴിയുന്ന പ്രക്ഷോഭകാരികളും സ്വാതന്ത്ര്യസമരപ്പോരാളികളും ഈ റേഡിയോയിലൂടെ സന്ദേശങ്ങള്‍ പ്രക്ഷേപണംചെയ്ത് ജനങ്ങളെ കോരിത്തരിപ്പിച്ചുവത്രേ! ഉഷാമേത്തയെ കേന്ദ്രസര്‍ക്കാര്‍ 1998-ല്‍ പദ്മവിഭൂഷണ്‍ ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..