പ്രൊഫ. എം.കെ. പ്രസാദ് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ
കേരളത്തിന്റെ പരിസ്ഥിതിയുടെ കാവല്‍ക്കാരനായിരുന്ന പ്രൊഫ. എം.കെ. പ്രസാദമുമായുളള അവസാന അഭിമുഖത്തിന്റെ സ്മൃതിരേഖയാണിത്. പച്ചപിടിച്ചിരുന്ന ഓര്‍മകള്‍ പതിയെപ്പതിയെ മങ്ങിമങ്ങിപ്പോകുമ്പോഴും എവിടെയൊക്കെയോ പാരിസ്ഥിതിക ജാഗ്രത അദ്ദേഹം കാത്തുസൂക്ഷിച്ചു. പ്രസാദ് മാഷിന്റെ അവസാന പൊതു ഇടപെടല്‍ കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കണമെന്ന പ്രസ്താവനയില്‍ ഒപ്പുവെക്കലായിരുന്നു എന്നക് യാദൃച്ഛികമല്ല, മറിച്ച് അതൊരു ചൂണ്ടുവിരലാണ്; ഭാവിയെക്കുറിച്ചുളള ഓര്‍മപ്പെടുത്തലുമാണ്.
സൈലന്റ് വാലിയെപ്പറ്റിയുള്ള നിശ്ശബ്ദതയുടെ താഴ്‌വരയെന്ന ചരിത്രപ്രസിദ്ധമായ ലേഖനം പ്രോഫ. എം.കെ. പ്രസാദ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതുമ്പോള്‍ 'കാലാവസ്ഥാ പ്രതിസന്ധി' എന്നൊരു പ്രയോഗം ഭാഷയില്‍ പ്രചാരത്തില്‍ ഇല്ലായിരുന്നു. മലയാളത്തില്‍ മാത്രമല്ല, മറ്റു ഭാഷകളുടെയും സ്ഥിതി അതായിരുന്നു. പ്രസാദ് സാറുമായി വാരാന്തപ്പതിപ്പിനായി അഭിമുഖം നടത്തണമെന്നു പറഞ്ഞപ്പോള്‍ മനസ്സില്‍വന്ന ആശയം സൈലന്റ് വാലിയില്‍നിന്നു കാലാവസ്ഥാ പ്രതിസന്ധിയിലേക്കുള്ള ലോകത്തിന്റെ 'വളര്‍ച്ചയായിരുന്നു'. സെലന്റ് വാലി സംരക്ഷണത്തിനുശേഷമുള്ള നാലര ദശാബ്ദത്തിനിടയില്‍ ഭൂമിയിലെ ആവാസവ്യവസ്ഥയ്ക്കുതന്നെ ഭീഷണിയായ കാലാവസ്ഥാ പ്രതിസന്ധിയെ കേരളത്തിന്റെ പശ്ചാത്തലത്തില്‍ എങ്ങനെയാവും സാറിനെപ്പോലുള്ള ഒരു വ്യക്തി വിലയിരുത്തുക? അറിയാന്‍ കൗതുകമുണ്ടായിരുന്നു, എനിക്കുമാത്രമല്ല, പ്രൊഫ. എം.കെ. പ്രസാദിന്റെ ചിന്താലോകവും കര്‍മകാണ്ഡവും അറിയാവുന്ന എല്ലാവര്‍ക്കും. കേരളത്തിലെ പാരിസ്ഥിതിക അവബോധത്തില്‍ സൈലന്റ് വാലിക്കുശേഷമുള്ള കഴിഞ്ഞ നാലുദശകങ്ങള്‍ക്കുള്ളില്‍ സംഭവിച്ച/സംഭവിക്കുന്ന മാറ്റങ്ങള്‍ രേഖപ്പെടുത്താന്‍ അത്തരമൊരു വിലയിരുത്തല്‍ സഹായകമാവുമെന്ന തോന്നലായിരുന്നു മനസ്സില്‍. വീട്ടില്‍ ചെന്നപ്പോള്‍, നിര്‍ഭാഗ്യവശാല്‍ അങ്ങനെയൊരു സംഭാഷണത്തിന് പറ്റിയ അവസ്ഥയിലായിരുന്നില്ല അദ്ദേഹം. മിന്നല്‍പ്പോലെ ചില പഴയകാര്യങ്ങള്‍ വെളിപ്പെട്ടതല്ലാതെ തന്റെ അസാധാരണമായ അനുഭവസമ്പത്തിനെപ്പറ്റി ക്രമത്തില്‍ സംസാരിക്കാനുള്ള കഴിവിന് അദ്ദേഹത്തിന്റെ ഓര്‍മക്കുറവ് തടസ്സമായി.
''പഴയകാര്യങ്ങള്‍ മിക്കവാറും ഓര്‍മയില്‍ ഇല്ലാതായി'' -അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ പ്രൊഫ. ഷേര്‍ളി പറഞ്ഞു. ഉറ്റസുഹൃത്തും സഹപ്രവര്‍ത്തകനുമായിരുന്ന രാമകൃഷ്ണന്‍ പാലാട്ടിന്റെ 'മുണ്ടക്കോട്ടുകുറിശ്ശിയില്‍നിന്നും ഇവിടെ വരെ' എന്ന ആത്മകഥാപരമായ കൃതിക്ക് അവതാരികപോലെ എഴുതിയ കുറിപ്പില്‍ പ്രസാദ്മാഷ്തന്നെ അത് പറയുന്നുണ്ട്. 'ഓര്‍മകള്‍ പലതും മങ്ങിത്തുടങ്ങിയിരിക്കുന്നു. പക്ഷേ, ആ മങ്ങുന്ന ഓര്‍മകളിലും രാമകൃഷ്ണന്‍ എനിക്ക് പ്രിയപ്പെട്ടവന്‍തന്നെയാണ്.'

മങ്ങുന്ന ഓര്‍മകളിലും അദ്ദേഹത്തിന്റെ സ്വതഃസിദ്ധമായ പ്രസരിപ്പിനും പ്രസന്നതയ്ക്കും ഫലിതത്തിനും കുറവൊന്നുമില്ലായിരുന്നു. ജൈവപച്ചക്കറിയും മറ്റുള്ള ചില ഉത്പന്നങ്ങളും വിപണനം നടത്തുന്ന ബദല്‍ സ്ഥാപനത്തിന്റെ മേല്‍നോട്ടത്തിനായി മറ്റൊരു സുഹൃത്തിനൊപ്പം ചേര്‍ത്തലയില്‍ സ്ഥിരമായി പോവുന്നതിനെപ്പറ്റി ഉത്സാഹത്തോടെ വാചാലനാവുന്നതിനിടയില്‍ റിയോ ഭൗമ ഉച്ചകോടിയില്‍ പങ്കെടുത്തതും അനില്‍ അഗര്‍വാളുമായുള്ള കൂടിച്ചേരലുകളും സൈലന്റ് വാലി യാത്രയും കെ-റെയില്‍ പദ്ധതിക്കായി വാദിക്കുന്നവരുടെ ഭോഷത്തവുമെല്ലാം മിന്നിമറഞ്ഞു. ബോട്ടണിയില്‍ ബിരുദമെടുത്തശേഷം തുടര്‍പഠനത്തിനായി രാജസ്ഥാനില്‍പ്പോയ സാഹചര്യവും ഇടയ്ക്ക് പറഞ്ഞു.
ആലുവയിലെ യു.സി. കോളേജില്‍ അഡ്മിഷന്‍ ലഭിക്കുമെന്ന ഉറപ്പില്‍ എം.എസ്സി.ക്കായി കേരളത്തില്‍ മറ്റൊരിടത്തും അപേക്ഷിച്ചിരുന്നില്ല. യു.സി.യില്‍ വിചാരിച്ചതുപോലെ പ്രവേശനം നടക്കാതായതോടെ ഒരുവര്‍ഷം നഷ്ടപ്പെടുത്തരുതെന്ന ചിന്തയോടെ ഉത്തരേന്ത്യയിലേക്കു വണ്ടികയറി. വളരെ ഭംഗിയായി വരച്ച ചിത്രങ്ങള്‍നിറഞ്ഞ ഡിഗ്രി 'റെക്കോഡ്' ബുക്കായിരുന്നു പ്രധാന കൈമുതല്‍. അത് കണ്ടവരെല്ലാം ആഗ്ര സര്‍വകലാശാലയിലടക്കം അഡ്മിഷന്‍ നല്‍കി. പിറ്റേ വര്‍ഷത്തേക്കായിരുന്നെന്നു മാത്രം. അങ്ങനെ നിരാശനായ അവസ്ഥയിലാണ് രാജസ്ഥാനിലെ പിലാനി ബിര്‍ള കോളേജിലെ അഡ്മിഷന്‍ സാധ്യതയെപ്പറ്റി അറിയുന്നതും അവിടെ ചേരുന്നതും.
'സൈലന്റ് വാലിയുടെ രക്ഷകന്‍'
പിലാനിയിലെത്തിയ കഥ പറയുന്നതിനിടയില്‍ ബ്രസീലിലെ റിയോ ഡി ജനൈറോയില്‍ 1992-ല്‍ നടന്ന ആദ്യ ഭൗമഉച്ചകോടിയില്‍ പ്രതിനിധിയായി പങ്കെടുത്തതിന്റെ അനുഭവവും അദ്ദേഹത്തിന്റെ ഓര്‍മയില്‍ ഇടംപിടിച്ചു. 'റിയോ ഉച്ചകോടിയില്‍ ഒരു സെഷനില്‍ ഡോ. എം.എസ്. സ്വാമിനാഥന്‍ സംസാരിക്കുന്ന വേളയിലാണ് ഞാന്‍ പ്രവേശിക്കുന്നത്. ഹാളിനകത്തേക്ക് ഞാന്‍ കയറുന്നതുകണ്ട സ്വാമിനാഥന്‍, 'സൈലന്റ് വാലിയുടെ രക്ഷകന്‍ ഇതാ വരുന്നു' എന്നുപറഞ്ഞ് എന്നെ സ്വീകരിച്ചു. സെഷനില്‍ സംസാരിക്കാന്‍ അതോടെ എനിക്ക് അവസരം ലഭിച്ചെന്നുമാത്രമല്ല, സൈലന്റ് വാലി സംരക്ഷണവുമായി ബന്ധപ്പെട്ട അനുഭവങ്ങളെപ്പറ്റി സെഷനില്‍ പങ്കെടുത്ത പ്രതിനിധികളുമായി വളരെ താത്പര്യജനകമായ ചോദ്യോത്തരവേളയിലും പങ്കെടുക്കാനായി'
പക്ഷേ, കോഴിക്കോട് ആര്‍ട്‌സ് കോളേജില്‍ തന്റെ സഹ അധ്യാപകനായിരുന്ന രാമകൃഷ്ണന്‍ പാലാട്ടുമായി സൈലന്റ് വാലിയിലേക്ക് നടത്തിയ ആദ്യ യാത്രയെക്കുറിച്ചുള്ള വിവരങ്ങള്‍ ഓര്‍മിച്ചെടുക്കാന്‍ അദ്ദേഹം പ്രയാസപ്പെട്ടു. രാമകൃഷ്ണന്റെ സുഹൃത്തുക്കള്‍ അവിടെ ഉണ്ടായിരുന്നത് സൗകര്യപ്രദമായി എന്നതിനപ്പുറം യാത്രയെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹത്തിന് പറയാനില്ലായിരുന്നു. പരിസ്ഥിതിപ്രവര്‍ത്തകനും എഴുത്തുകാരനുമായ സതീഷ്ചന്ദ്രന്റെ കത്തായിരുന്നു സൈലന്റ് വാലി സന്ദര്‍ശനത്തിനുള്ള അടിയന്തരപ്രേരണയെന്നു മുമ്പൊരിക്കല്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ പ്രസാദ് മാഷ് പറഞ്ഞിരുന്ന കാര്യം ഓര്‍മപ്പെടുത്തിയെങ്കിലും അദ്ദേഹത്തിന് അത് ഓര്‍ത്തെടുക്കാനായില്ല. യാത്രയെ അടിസ്ഥാനമാക്കി മാതൃഭൂമിയില്‍ ലേഖനം എഴുതിയ കാര്യവും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തെ പരിസ്ഥിതിവിനാശം ബോധ്യപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളും അദ്ദേഹം ചെറുതായി പരാമര്‍ശിച്ചു. ''മാഷിന്റെ അന്നത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ഒരു കാര്യവും എനിക്കറിയില്ല. എന്റെ ജോലിയുടെയും വീട്ടുകാര്യങ്ങളുടെയും തിരക്കില്‍ അവ ഡോക്യുമെന്റു ചെയ്യേണ്ടതാണെന്ന ധാരണയും ഇല്ലായിരുന്നു. പ്രസാദ് മാഷ് എപ്പോഴും യാത്രകളിലും മീറ്റിങ്ങുകളിലും യോഗങ്ങളിലുമായിരുന്നു.'' -പ്രൊഫ. ഷേര്‍ളി പറഞ്ഞു.
അനില്‍ അഗര്‍വാള്‍
ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റിന്റെ സ്ഥാപകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ അനില്‍ അഗര്‍വാളുമായുള്ള സൗഹൃദത്തിന്റെ ചില ഓര്‍മകളും അദ്ദേഹം പങ്കുവെച്ചു: ''തിരുവനന്തപുരത്ത് ഒരു പരിപാടിക്കായി വന്ന അനില്‍ അതു കഴിഞ്ഞയുടന്‍ മധുരയ്ക്ക് പോയി. അത്ര തിരക്കിട്ട് യാത്രചെയ്യരുതെന്ന് ഞാന്‍ പറഞ്ഞെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. ഒരുദിവസം വിശ്രമിച്ചിട്ട് യാത്ര ചെയ്തിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ആരോഗ്യം ഒരു പക്ഷേ, പെട്ടെന്നു വഷളാവുമായിരുന്നില്ല.'' കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഒരു പ്രാദേശിക യോഗത്തില്‍ വീക്ഷിക്കാന്‍ അവസരം ലഭിച്ച അനില്‍ പ്രസ്തുത യോഗത്തില്‍ ഉയര്‍ന്ന ചോദ്യങ്ങളിലും ചര്‍ച്ചകളിലും വളരെയധികം ആകൃഷ്ടനായ വിവരവും അദ്ദേഹം പറഞ്ഞു. ജനുവരി 2002-ലായിരുന്നു അനിലിന്റെ മരണം.
എറണാകുളത്തെ മറൈന്‍ഡ്രൈവിനോടു ചേര്‍ന്ന വേമ്പനാട്ട് കായലിന്റെ 500 ഹെക്ടറിലധികം നികത്തിയെടുക്കാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനത്തെ പരാജയപ്പെടുത്തുന്നതിലും പ്രസാദ് മാഷിന്റെ സാന്നിധ്യം സജീവമായിരുന്നു. സൈലന്റ് വാലി സംരക്ഷണംപോലെ പ്രധാനമാണ് കേരളത്തിന്റെ കായലും തണ്ണീര്‍ത്തടങ്ങളും ചതുപ്പുകളും സംരക്ഷിക്കേണ്ടതെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമില്ല. വൈപ്പിന്‍ ദ്വീപുകളെ കരമാര്‍ഗം നഗരവുമായി ബന്ധിപ്പിക്കുന്നതിനുള്ള പാലം പണിയുന്നതിനു വേണ്ടിയാണ് 500 ഹെക്ടര്‍ കായല്‍ നികത്താനുള്ള പദ്ധതി തയ്യാറാക്കപ്പെട്ടത്. കായല്‍ നികത്തിയെടുക്കുന്ന ഭൂമി വില്‍പ്പനനടത്തി പാലം കെട്ടുന്നതിനുള്ള പണം സ്വരൂപിക്കാമെന്ന യുക്തിയുടെ മറ്റൊരു പതിപ്പാണ് കെ-റെയില്‍ പദ്ധതിയെന്ന കാര്യത്തില്‍ അദ്ദേഹത്തിന് സംശയമില്ലായിരുന്നു. റിയല്‍ എസ്റ്റേറ്റ് താത്പര്യങ്ങളാണ് രണ്ടിന്റെയും അടിസ്ഥാനം. എന്നാല്‍, അത്രയും താങ്ങുന്നതിനുള്ള ശേഷി കേരളത്തിന് ഇല്ലെന്ന കാര്യം വളരെ നേരത്തേ തിരിച്ചറിഞ്ഞ വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ അവസാനത്തെ പൊതു ഇടപെടല്‍, കെ-റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം നിര്‍ത്തിവെക്കണമെന്ന പ്രസ്താവനയില്‍ ഒപ്പുവെക്കലായിരുന്നു എന്നത് യാദൃച്ഛികമല്ല. സൈലന്റ് വാലിയുടെ കാലത്തെന്നപോലെ ഇക്കാര്യത്തിലും കൂട്ടായ്മ സജീവമാക്കണമെന്ന നിര്‍ദേശവും എന്നോടുള്ള വര്‍ത്തമാനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.
ചരിത്രം തിരുത്തിയ യാത്രയും നിശബ്ദതയുടെ താഴ്വരയും
പരിസ്ഥിതിപ്രസ്ഥാനത്തിന്റെ വഴികാട്ടിയെന്ന നിലയില്‍ മാത്രമായിരുന്നില്ല പ്രസാദ് മാഷിന്റെ ഖ്യാതി. പ്രഗല്ഭനായ അധ്യാപകനെന്ന നിലയിലും അദ്ദേഹത്തിന്റെ സ്ഥാനം ഒന്നാമതായിരുന്നു. രാമകൃഷ്ണന്‍ പാലാട്ടിന്റെ 'മുണ്ടക്കോട്ടുകുറിശ്ശിയില്‍ നിന്ന് ഇവിടെവരെ' എന്ന പുസ്തകത്തില്‍ പ്രസാദ് മാഷുമായി നടത്തിയ സൈലന്റ് വാലി യാത്രയെക്കുറിച്ചുള്ള വിവരണത്തിന്റെ പ്രസക്തഭാഗങ്ങള്‍ മാഷിന്റെ മാഞ്ഞുതുടങ്ങിയ ഓര്‍മകളുടെ മുറിഞ്ഞുമുറിഞ്ഞുള്ള തുടര്‍ച്ചയായിരുന്നു. അതിങ്ങനെ:

സൈലന്റ് വാലിയില്‍ എങ്ങനെ എത്തുമെന്ന് ആലോചിച്ചപ്പോഴാണ് എന്റെകൂടെ പഠിച്ച ശങ്കരനെ ഓര്‍മവന്നത്. അനങ്ങനടി സ്‌കൂളില്‍ എന്റെ കൂടെയുണ്ടായിരുന്ന ശങ്കരന്‍ പിന്നീട് വിക്ടോറിയ കോളേജിലും ഉണ്ടായിരുന്നു. ബി.എസ്സി. കെമിസ്ട്രി കഴിഞ്ഞശേഷം അവന്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റില്‍ റേഞ്ച് ഓഫീസറായി മണ്ണാര്‍ക്കാട് ജോലി ചെയ്യുകയാണ്. ഞാന്‍ ശങ്കരനെ വിളിച്ച് പ്രസാദ് മാഷോടൊപ്പം മണ്ണാര്‍ക്കാട്ടുള്ള വിവരം പറഞ്ഞു. അവന്‍ 10 മിനിറ്റിനുള്ളില്‍ ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ജീപ്പുമായി ശ്രീകുമാരന്റെ വീട്ടിലെത്തി. ഞങ്ങള്‍ക്ക് സൈലന്റ് വാലിവരെ ഒന്നു പോകാന്‍ പറ്റുമോ എന്നു ചോദിച്ചപ്പോഴാണ് അവന് സൈലന്റ് വാലിയുടെ ചുമതലകൂടി ഉണ്ടെന്നറിയുന്നത്. അപ്പോള്‍ത്തന്നെ അവിടേക്ക് പോകാമെന്നായി അവന്‍.
ഞാനും പ്രസാദ് മാഷും ശങ്കരനുംകൂടി ജീപ്പില്‍ സൈലന്റ് വാലിയിലേക്കു തിരിച്ചു. ഹെയര്‍പിന്‍ വളവുകളൊക്കെ കയറി മുക്കാലി എന്ന സ്ഥലത്ത് എത്തുമ്പോഴേക്കും നേരം സന്ധ്യയായിരുന്നു. മുക്കാലിയില്‍നിന്നു സൈലന്റ് വാലിയിലേക്കു പേരിനൊരു റോഡുണ്ടെങ്കിലും പല സ്ഥലങ്ങളിലും പുഴയിലൂടെയും തോട്ടിലൂടെയുമൊക്കെ വണ്ടി ഓടിച്ചുകയറ്റണമായിരുന്നു. ശങ്കരന്റെ ഡ്രൈവര്‍ വളരെ പരിചയസമ്പന്നനായിരുന്നു. ചില സ്ഥലങ്ങളില്‍ ജീപ്പ് പകുതിയോളം മുങ്ങി വണ്ടിയുടെ ഉള്ളില്‍പ്പോലും വെള്ളം കയറിയിരുന്നു. ദുര്‍ഘടമായ പാതയും ഇരുട്ടും കൂടിയായപ്പോള്‍ തുടര്‍ന്ന് മുന്നോട്ടുപോകാന്‍ പറ്റാത്ത അവസ്ഥയായി. അവിടെ അടുത്ത് ഒരു സ്വകാര്യവ്യക്തിയുടെ എസ്റ്റേറ്റ് ഉണ്ടായിരുന്നു. കെ.പി.യുടെ എസ്റ്റേറ്റ് എന്നാണ് അത് അറിയപ്പെട്ടിരുന്നത്. ഞങ്ങള്‍ അവിടേക്കു ചെന്നു.
ശങ്കരന്‍ ഫോറസ്റ്റ് ഓഫീസര്‍ ആയതുകൊണ്ട് അവര്‍ ഞങ്ങളെ വളരെ ബഹുമാനത്തോടുകൂടിയാണ് സ്വീകരിച്ചത്. അരമണിക്കൂറിനുള്ളില്‍ ഭക്ഷണവും തയ്യാറാക്കിത്തന്നു. അതിന്റെകൂടെ ഇറച്ചിയും ഉണ്ടായിരുന്നു. നല്ല മാനിറച്ചിയാണ് വിളമ്പിയിട്ടുള്ളതെന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ അവിടെയുണ്ടായിരുന്ന എസ്റ്റേറ്റ് മാനേജര്‍ ഞങ്ങളോട് പറഞ്ഞപ്പോള്‍ പ്രസാദ് മാഷ് എന്നെ ഒന്നുനോക്കി. മാനേജര്‍ക്ക് ഏതാണ്ട് കാര്യം മനസ്സിലായി. ഉടനെ അയാള്‍ പറഞ്ഞു. ''വെടിവെച്ചതൊന്നുമല്ല സാറേ, കുറെ നായകള്‍ ഒരു മാനിനെ ഓടിച്ചിട്ട് കടിച്ചതാണ്. ഈ മുറ്റത്തെത്തിയപ്പോഴേക്കും മാന്‍ ചത്തു. അതിന്റെ ഇറച്ചിയാണ്. അല്ലാതെ ഞങ്ങള്‍ വെടിവെക്കാറൊന്നുമില്ല'' അവിടെ സ്ഥിരമായിട്ട് മാനിനെയും പന്നിയേയുമൊക്കെ വെടിവെക്കാറുണ്ടെന്ന് ശങ്കരന്‍ പിന്നീട് പറഞ്ഞു. എസ്റ്റേറ്റില്‍ രാത്രി കിടന്നുറങ്ങാനുള്ള സൗകര്യമൊക്കെ കുറവായിരുന്നു. അടയ്ക്ക പറിച്ച് നിറച്ചുവെച്ചിരുന്ന ചാക്കുകള്‍ പരത്തിവെച്ച് അതിനുമുകളില്‍ ബെഡ്ഷീറ്റ് വിരിച്ചാണ് ഞങ്ങള്‍ കിടന്നുറങ്ങിയത്. പിറ്റേന്നു രാവിലെ സൈലന്റ് വാലിയില്‍ അണക്കെട്ടുണ്ടാക്കാന്‍ പോകുന്ന സ്ഥലത്തേക്ക് ഞങ്ങള്‍ യാത്രതിരിച്ചു.
ജീവിതത്തിലാദ്യമായാണ് ഞാന്‍ സൈലന്റ് വാലിയില്‍ എത്തുന്നത്. ഡാമിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായി ജീവനക്കാര്‍ക്ക് താമസിക്കാന്‍വേണ്ടി ചില ഷെഡ്ഡുകള്‍ അവിടെ നിര്‍മിച്ചിരുന്നു. പത്തിരുപത് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാരും അവിടെ ഉണ്ടായിരുന്നു. ശങ്കരന്‍ കൂടെയുള്ളതുകൊണ്ട് ഞങ്ങള്‍ വനംവകുപ്പിന്റെ ആള്‍ക്കാരാണ് എന്നാണ് അവര്‍ ആദ്യം കരുതിയത്. കുറച്ചുകഴിഞ്ഞപ്പോള്‍ അവര്‍ക്ക് എന്തോ സംശയം തോന്നിത്തുടങ്ങി. അവിടെ ഡാം വരാതിരിക്കാന്‍വേണ്ടി ചിലരൊക്കെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ എന്തുതന്നെ ചെയ്താലും അവിടെ ഡാം വരുമെന്നും ആ കാടൊക്കെ വെട്ടി വെളുപ്പിക്കുമെന്നുമൊക്കെ അവര്‍ ഞങ്ങളുടെ പിറകെ നടന്ന് ഉറക്കെ വിളിച്ചുപറയാന്‍ തുടങ്ങി.
ഞങ്ങളെ പ്രകോപിപ്പിക്കാന്‍ വേണ്ടിയാണ് പറയുന്നതെന്ന് മനസ്സിലായെങ്കിലും അതൊന്നും കേള്‍ക്കാത്ത ഭാവത്തില്‍ ഞങ്ങള്‍ കാടിന്റെ ഉള്‍ഭാഗത്തേക്കു പോയി. സൈലന്റ് വാലി എന്ന കന്യാവനം ശരിക്കുമൊരു അദ്ഭുതംതന്നെയായിരുന്നു. അത്രയ്ക്ക് നിബിഢമായിരുന്ന ഒരു വനപ്രദേശം ഞാന്‍ ആദ്യമായിട്ട് കാണുകയാണ്. എവിടേക്ക് നോക്കിയാലും പച്ചപ്പുതന്നെ. കുറേനേരം അവിടെയൊക്കെ ചുറ്റിനടന്ന് കണ്ടശേഷം ഞങ്ങള്‍ തിരികെ നടന്നു. അപ്പോഴേക്കും പ്രകോപനങ്ങളും അവഹേളനങ്ങളും കുറച്ചുകൂടി രൂക്ഷമായ ഭാഷയില്‍ ആയി. 'നായിന്റെ മക്കള്‍' എന്നൊക്കെ അവര്‍ ഉച്ചത്തില്‍ വിളിച്ചുപറയാന്‍ തുടങ്ങിയപ്പോള്‍ പ്രസാദ് മാഷിന് ദേഷ്യം വരുന്നുണ്ടായിരുന്നു. പക്ഷേ, ശങ്കരന്‍ വളരെ നയത്തില്‍ ഞങ്ങളെ അവിടെനിന്നു കൂട്ടിക്കൊണ്ടുവന്ന് മണ്ണാര്‍ക്കാട് തിരിച്ചെത്തിച്ചു. ആ യാത്രയാണ് പിന്നീട് പ്രസാദ് മാഷ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 'നിശ്ശബ്ദതയുടെ താഴ്‌വര' എന്നലേഖനം എഴുതാന്‍ ഇടയാക്കിയത്. ആ ലേഖനമാണ് സൈലന്റ് വാലി സംരക്ഷണപ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായത്. അതില്‍ പ്രസാദ് മാഷുടെ കൂടെ നില്‍ക്കാന്‍പറ്റിയെന്നത് ഒരു വലിയ ഭാഗ്യമായി ഞാന്‍ കരുതുന്നു.''
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..