അടങ്ങാത്ത തിര, ഒടുങ്ങാത്ത ദുരിതം 01


പി.എസ്. ഷാഹിന്‍

തിരുവനന്തപുരം വലിയതുറ


കാസര്‍കോടുമുതല്‍ തിരുവനന്തപുരംവരെ 'പ്രശ്‌നപരിഹാരാര്‍ഥം' പദയാത്രകള്‍ നടത്തുന്ന രാഷ്ട്രീയകക്ഷികള്‍ കാണാനിടയില്ലാത്ത ചില കാഴ്ചകളുണ്ട്. 590 കിലോമീറ്റര്‍ വരുന്ന കടല്‍ത്തീരത്തെ മീന്‍പിടിത്തക്കാരുടെയും കുടുംബങ്ങളുടെയും ദൈന്യജീവിതം. മഞ്ചേശ്വരം ഹൊസബെട്ടു മത്സ്യഗ്രാമംമുതല്‍ പാറശ്ശാല തെക്കേ കൊല്ലങ്കോട്ടെ പൊഴിയൂര്‍ ഗ്രാമംവരെ അവരുടെ നാഡിമിടിപ്പുകള്‍ തൊട്ടറിയുന്ന ഒരു 'യാത്ര'യാണിത്


കേരളത്തിന്റെ തീരങ്ങളില്‍ മീന്‍ കുറയുന്നു എന്നത് പുതിയ വിശേഷമൊന്നുമല്ല. ആലപ്പുഴ കൊല്ലം, തിരുവനന്തപുരം ഉള്‍പ്പെടുന്ന തിരുവിതാംകൂര്‍ മേഖലയില്‍ മീന്‍ കിട്ടുന്നുണ്ട്. പരമാവധി രണ്ടുമാസത്തേക്കെന്ന് തൊഴിലാളികള്‍. കൊച്ചി മേഖലയില്‍ 'കുറേശ്ശേ'. മലബാര്‍ മേഖലയില്‍ മീനില്ല.

ഡിസംബര്‍ മാസത്തോടെ മത്സ്യത്തൊഴിലാളികള്‍ കൂടുതല്‍ ദുരിതങ്ങളിലേക്ക് മുങ്ങിത്താഴും. ട്രോളിങ് നിരോധനകാലമായ ജൂണ്‍ 10 മുതല്‍ ജൂലായ് 31 വരെ കിട്ടിയതും മുന്‍വര്‍ഷത്തെക്കാള്‍ കുറവ് മീന്‍.

പരമ്പരാഗത യാനങ്ങള്‍ മാറി യന്ത്രവത്കൃത ബോട്ടുകളും ട്രോളറുകളും വന്നതോടെ കടല്‍ അരിച്ചുപെറുക്കിയായി മീന്‍പിടിത്തം. മീന്‍പിടിത്തം വന്‍കിടക്കാരുടെ കുത്തകയായി.

2010-ല്‍ യു.എന്നിന്റെ ഉപഘടകമായ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിനായി പഠനം നടത്തിയ അമേരിക്കയിലെ ഗ്രീന്‍ ഇക്കോണമി ഇനീഷ്യേറ്റീവ് മേധാവി ഡോ. പവന്‍ സുഖ്ദേവ് പറയുന്നത്, '40 വര്‍ഷം കഴിയുമ്പോള്‍ കടലില്‍ ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളുണ്ടാവില്ല' എന്നാണ്.

വിശ്വസിക്കാനാവുന്നില്ല, കടലിനെയും

കടലിന്റെ മക്കള്‍ക്കുപോലും കടലിനെ വിശ്വസിക്കാന്‍ പറ്റാതായി. രാത്രി കടല്‍ കയറിവരില്ലെന്ന അവരുടെ വിശ്വാസം 2021 മേയിലെ ടൗട്ടേ ചുഴലിക്കാറ്റ് തൂത്തുവാരി. 2004-ലെ സുനാമി, 2017-ലെ ഓഖി ചുഴലിക്കാറ്റ് എന്നിവയും വിശ്വാസങ്ങളെ തകര്‍ത്തെറിഞ്ഞു. പ്രളയങ്ങള്‍ കടല്‍മേഖലയെ കാര്യമായി ബാധിച്ചില്ല. ഓഖിക്കുശേഷം ന്യൂനമര്‍ദമുന്നറിയിപ്പ് അധികൃതരില്‍നിന്ന് കൂടുതല്‍ വരുന്നു. അതിനനുസരിച്ച് കടലില്‍ പോകണോ വേണ്ടയോ എന്ന ആശങ്കയില്‍ മത്സ്യത്തൊഴിലാളികളും.

കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ മാത്രം ആശങ്കയല്ല. സംസ്ഥാനത്തിന്റെ തീരദേശത്തിന്റെ 63 ശതമാനവും തീരശോഷണം നേരിടുന്നുവെന്ന് ദേശീയ ഏജന്‍സിയായ നാഷണല്‍ സെന്റര്‍ ഫോര്‍ സസ്റ്റെയ്നബിള്‍ കോസ്റ്റല്‍ മാനേജ്മെന്റ് (എന്‍.സി.എസ്.എല്‍.എം.) പറയുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ചിന്റെ (എന്‍.സി.സി.ആര്‍.) 2016ലെ റിപ്പോര്‍ട്ടില്‍ 263 കിലോമീറ്റര്‍ തീരം ശോഷണത്തിന് വിധേയമാണ്.

'രക്ഷ'യില്ലാതെ കടല്‍ സുരക്ഷ

2012 ഫെബ്രുവരി 15-ന് ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലെക്സിയയിലെ നാവികരുടെ വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ചു.

2021 മേയില്‍ ബേപ്പൂരില്‍നിന്ന് പുറപ്പെട്ട അജ്മീര്‍ ഷാ എന്ന ബോട്ടും 15 തൊഴിലാളികളും കടലിലെവിടെയോ പോയ് മറഞ്ഞു. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൊല്ലം അഴീക്കലില്‍ വള്ളം മറിഞ്ഞ് നാല് മീന്‍പിടിത്തക്കാര്‍ മരിച്ചത്.

കടലില്‍ അപകടങ്ങള്‍ കൂടിവരുന്നു. കടല്‍ക്ഷോഭങ്ങളില്‍ യാനങ്ങള്‍ മറിയുന്നതും മരണം സംഭവിക്കുന്നതും മത്സ്യബന്ധന ഉപകരണങ്ങള്‍ നശിക്കുന്നതും ഇടയ്ക്കിടെ വാര്‍ത്തയാണ്. സുരക്ഷയുടെ ചുമതലയുള്ള ഫിഷറീസ് വകുപ്പും തീരദേശ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റും അതിവേഗമെത്തി രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സംവിധാനങ്ങളില്ലാതെ വലയുന്നു. കാലഹരണപ്പെട്ട ബോട്ടും ഉപകരണങ്ങളുമാണിപ്പോള്‍ ഇവരുടെ പക്കല്‍. പലപ്പോഴും മത്സ്യത്തൊഴിലാളികളും നാട്ടുകാരും തന്നെയാണ് രക്ഷാപ്രവര്‍ത്തകരാവുന്നത്.

കടം, മേല്‍ക്കടം...കെണി

.

ജീവിക്കാന്‍ പണമില്ലാതാവുമ്പോള്‍ കടം വാങ്ങും. മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകളും സംവിധാനങ്ങളുമുണ്ട്. എന്നാല്‍, ഇവയെക്കുറിച്ചുള്ള ധാരണ സാധാരണ തൊഴിലാളികള്‍ക്കില്ല. നൂലാമാലകള്‍ ഒഴിവാക്കി എളുപ്പത്തില്‍ ലഭിക്കാവുന്ന വായ്പകളിലേക്ക് മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകള്‍ ചായുന്നു. പലര്‍ക്കും അത് കടക്കെണിയുമാവുന്നു. 2004-ല്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ കൊമേഴ്സ് വിഭാഗത്തിന്റെ ഒരു ഗവേഷണപ്രബന്ധത്തില്‍ ഭൂരിഭാഗം മത്സ്യത്തൊഴിലാളികളും കടത്തിലാണെന്നും സമ്പാദ്യ-നിക്ഷേപങ്ങള്‍ ഒന്നുമില്ലെന്നും രേഖപ്പെടുത്തുന്നുണ്ട്.

വിവിധ ബാങ്കുകളില്‍നിന്നും സഹകരണസ്ഥാപനങ്ങളില്‍നിന്നും മത്സ്യത്തൊഴിലാളികളെടുത്ത വായ്പകളില്‍ ഇളവുനല്‍കാന്‍ 2008-ല്‍ സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ച മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ ഗുണമൊന്നും ചെയ്തില്ലെന്നാണ് മത്സ്യത്തൊഴിലാളി സംഘടനാനേതാക്കള്‍ പറയുന്നത്. തൊഴിലാളികളുടെ ജീവിതസാഹചര്യം മോശമാണെന്നും പലിശയും പിഴപ്പലിശയും അടയ്ക്കാന്‍ അവര്‍ക്ക് മാര്‍ഗവുമില്ലെന്നുമാണ് കമ്മിഷന്റെ കണ്ടെത്തല്‍.

സ്ത്രീകള്‍ ജോലിക്കുപോയാണ് പലയിടങ്ങളിലും കുടുംബം പുലരുന്നത്. ദാരിദ്ര്യം കാരണം അമ്പലപ്പുഴ തീരദേശ മേഖലയില്‍ അവര്‍ വൃക്കവില്‍ക്കാന്‍ വരെ നിര്‍ബന്ധിതരാവുന്നു.

പുതിയ തലമുറയ്ക്ക് പഠിക്കാനാണ് താത്പര്യം, വിശേഷിച്ചും പെണ്‍കുട്ടികള്‍ക്ക്. വടക്ക് കടലില്‍ പോകുന്നവരില്‍ ഏറെപ്പേര്‍ അസം, ബംഗാള്‍ തുടങ്ങിയ ഇതരദേശക്കാര്‍. കേരളത്തിലെ എല്ലാ ഹാര്‍ബറുകളിലും ഇതരസംസ്ഥാന തൊഴിലാളികളുണ്ട്. കേരളത്തിലെ പത്ത് ഫിഷറീസ് സ്‌കൂളുകളില്‍ മീന്‍പിടിത്തവുമായി ബന്ധപ്പെട്ട കോഴ്സുകളുണ്ട്. എന്നാല്‍, ഇവ പഠിക്കാന്‍ പുതുതലമുറയ്ക്ക് താത്പര്യമില്ല.

എന്തരപ്പീ, മീന്‍ വാങ്ങാന്‍ വന്നതല്ലേ. പത്രത്തീവന്നാ നിങ്ങക്ക് ഗുണം. കണ്ടാ ഈ അയല. ഇന്ന് വാങ്ങാനാളില്ല. ബാക്കിവന്നാ ഉപ്പിട്ട് ഒണക്കമീനാക്കും. സാധാരണ ഒരീസം ഇരുനൂറ്. ചെലപ്പോ ആയിരോ കിട്ടും. കിട്ട്യാലായി.- മീന്‍വില്പനക്കാരി ബേബി, തിരുവനന്തപുരം വലിയതുറ

എന്തൂട്ടണിഷ്ടാ. ഇന്ന് കിട്ട്യേത് കൊര്‍ച്ച് മണങ്ങ്. കഴിഞ്ഞീസം അയലേം മാന്തളും കിട്ടീര്‍ന്നു. ന്നാലും കഴിഞ്ഞ കൊല്ലത്തെക്കാള്‍ കുറവാ. കഷ്ടണ്.-മുത്തപ്പന്‍ ബോട്ടിന്റെ കാര്യക്കാരന്‍ ചിഞ്ചുമോനും തൊഴിലാളികളും,തൃശ്ശൂർ ചേറ്റുവ തുറമുഖം

നമ്മക്കിപ്പോ മീന് കിട്ട്ന്നില്ലപ്പാ. മംഗലാരക്കാര് നട്ടപ്പാതിരക്ക് ലൈറ്റ് ഇട്ട് മീന്‍പിടിക്ക്ന്ന്. ഞമ്മ പോയെങ്ക് ചിമ്മിണീന്റെ പൈസ കിട്ട്ന്നില്ല. പിന്നല്ലെ ചെലവിന്. ഈടെ പെണ്ണുങ്ങ ബീഡി കെട്ട്ന്ന കൊണ്ട് ജീവിക്ക്ന്ന്.-ഹൊസബെട്ടുവിലെ മീന്‍പിടിത്തക്കാര്‍,കാസർകോട്‌ മഞ്ചേശ്വരം കടപ്പുറം

പഠനങ്ങള്‍ പറയുന്നു പരിതാപകരം

2020 ഡിസംബറിലെ ഇ.പി.ആര്‍.എ. 'ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഇക്കണോമിക് ആന്‍ഡ് ബിസിനസ് റിവ്യൂ'വില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് ഇന്ത്യയിലെ മീന്‍പിടിത്തക്കാരുടെ സാമൂഹിക- സാമ്പത്തിക ജീവിതം തൃപ്തികരമല്ലെന്നാണ്.

2013-ല്‍ ഫിഷറീസ് വകുപ്പ് നടത്തിയ സാമൂഹിക സാമ്പത്തിക സാംപിള്‍ സര്‍വേയിലും മത്സ്യത്തൊഴിലാളികള്‍ ദുരിതത്തിലാണെന്ന് കണ്ടെത്തി. തൊഴിലില്ലായ്മ, ജലനിര്‍ഗമന സംവിധാനങ്ങളില്ലാത്തത്, കുടിവെള്ളക്ഷാമം, അടിയന്തര ആവശ്യങ്ങള്‍ക്ക് സ്വകാര്യ ധനകാര്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നത് എന്നിവയാണ് പ്രധാന കാരണങ്ങള്‍.

2018 ജൂണ്‍ 25-ലെ ഉത്തരവുപ്രകാരം സംസ്ഥാനസര്‍ക്കാര്‍ ഗുജറാത്തിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ് ആനന്ദ്, മുംബൈ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസ് എന്നീ സ്ഥാപനങ്ങളെ മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഏല്‍പ്പിച്ചു. ടിസ്സ് സര്‍ക്കാരിന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലും കേരളത്തിന്റെ തീരദേശ സമൂഹത്തിന്റെ ദുരിതങ്ങള്‍ പറയുന്നു. കോവിഡുകാരണം ഐ.ആര്‍.എം.എ.യുടെ പഠനം നടന്നിട്ടില്ല.

ശാസ്ത്രസാഹിത്യപരിഷത്ത് 2016-ല്‍ കണ്ണൂര്‍ ജില്ലയിലെ പത്ത് മത്സ്യഗ്രാമങ്ങളിലും തലശ്ശേരി ഗോപാല്‍പേട്ടയിലെ ചാലില്‍ ഗ്രാമത്തിലും നടത്തിയ സര്‍വേകളില്‍ മത്സ്യത്തൊഴിലാളികളുടെ സാമൂഹികസാമ്പത്തിക ജീവിതനിലവാരം ആദിവാസികളെക്കാള്‍ ഒട്ടും മെച്ചമല്ലെന്ന് കണ്ടെത്തി.

2019-ല്‍ കുസാറ്റിലെ വിദ്യാര്‍ഥി നടത്തിയ പഠനത്തില്‍ കുറഞ്ഞ വരുമാനവും മീന്‍ ലഭ്യതയിലെ അനിശ്ചിതത്വവും സാധാരണ മത്സ്യത്തൊഴിലാളികളുടെ ജീവിതം 'രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഴിയാത്തവിധം' ബുദ്ധിമുട്ടിലാണെന്നു കണ്ടെത്തി.

2021-'22ലെ സംസ്ഥാന ബജറ്റില്‍ 1220.84 കോടിരൂപയാണ് ഫിഷറീസ് വകുപ്പിന് അനുവദിച്ചത്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 34 ശതമാനം കൂടുതല്‍. 1,89,200 പേരാണ് മീന്‍പിടിത്തവുമായി ബന്ധപ്പെട്ട തൊഴിലാളികളെന്ന് ഫിഷറീസ് വകുപ്പ് പറയുന്നു. ജാതി തിരിച്ചുള്ള കണക്ക് ലഭ്യമല്ലെന്നും വകുപ്പ്. 2010-ലെ കേരള മറൈന്‍ ഫിഷറീസ് സെന്‍സസ് റിപ്പോര്‍ട്ട് പ്രകാരം ലത്തീന്‍ കത്തോലിക്കര്‍ 50,720, ഹിന്ദു 34,509, മുസ്ലിം 33,708 എന്നിങ്ങനെയാണ് മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍.


അടുത്തഭാഗം:'കാണാനില്ലാത്ത' മീനും കടല്‍ തിന്നുന്ന കരയും

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented