ആരാകും ഇന്ത്യയുടെ അടുത്ത രാഷ്ട്രപതി, എങ്ങനെയാണ് ആ തിരഞ്ഞെടുപ്പ്?- നടപടിക്രമങ്ങള്‍ ഇങ്ങനെ


ഗീത

രാഷ്ട്രപതിഭവൻ| Photo: Mathrubhumi

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ പ്രഥമപൗര സ്ഥാനത്തേക്ക് ആരെത്തും? ആരാകും രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമി? രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ജൂലൈ 18-ന് നടക്കുകയാണ്. ജൂലൈ 21-നാണ് വോട്ടെണ്ണല്‍. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24-നാണ് അവസാനിക്കുക. അതിനു മുന്‍പേ പുതിയ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. രാജ്യത്തിന്റെ സര്‍വസൈന്യാധിപസ്ഥാനം വഹിക്കുന്ന, നിരവധി സവിശേഷാധികാരങ്ങളുള്ള രാഷ്ട്രതിയെ കുറിച്ച് ഇന്ത്യന്‍ ഭരണഘടനയുടെ 52 മുതല്‍ 62 വരെയുള്ള അനുച്ഛേദങ്ങളിലാണ് പരാമര്‍ശിക്കുന്നത്.

രാഷ്ട്രപതിയാകാന്‍ ആവശ്യമായ യോഗ്യതകള്‍ ഇവ

ഇന്ത്യന്‍ പൗരത്വമുള്ള, 35 വയസ്സു പൂര്‍ത്തിയായ, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലോ പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്നോ ശമ്പളം പറ്റാത്ത, ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെടാന്‍ യോഗ്യതയുള്ള ആര്‍ക്കും രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കാം. എന്നാല്‍ ഈ ലളിതമായ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് വ്യക്തമായതിന് പിന്നാലെ ചില നിബന്ധനകള്‍ പില്‍ക്കാലത്ത് കൊണ്ടുവരികയായിരുന്നു. ഇതിന്‍പ്രകാരം ചുരുങ്ങിയത് അന്‍പത് പ്രൊപ്പോസര്‍മാരുടെയും അന്‍പത് സെക്കന്‍ഡര്‍മാരുടെയും പിന്തുണ രാഷ്ട്രപതിസ്ഥാനാര്‍ഥിക്ക് വേണം. മാത്രമല്ല 15,000 രൂപ കെട്ടിവെക്കുകയും വേണം.

ആദ്യകാലങ്ങളില്‍ രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കാന്‍ നിരവധിപേര്‍ നാമനിര്‍ദേശം നല്‍കുക പതിവായിരുന്നു. പലര്‍ക്കും ഒറ്റവോട്ടു പോലും ലഭിച്ചിരുന്നുമില്ല. ഇതിന് പിന്നാലെയാണ് പ്രൊപ്പോസര്‍മാരുടെയും സെക്കന്‍ഡര്‍മാരുടെയും പിന്തുണ എന്ന നിബന്ധന കൊണ്ടുവന്നത്. 1967-ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഒന്നും രണ്ടുമല്ല 17 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ ഒന്‍പതുപേര്‍ക്ക് ഒരൊറ്റ വോട്ടുപോലും ലഭിച്ചില്ല. അന്നത്തെ തിരഞ്ഞെടുപ്പില്‍ സക്കീര്‍ ഹുസൈന്‍ വിജയിച്ചു. എന്നാല്‍ പദവിയിലിരിക്കെ 1969-ല്‍ അദ്ദേഹം ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഇതേത്തുടര്‍ന്ന് നടന്ന തിരഞ്ഞെടുപ്പില്‍ 15 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. അതില്‍ അഞ്ചുപേര്‍ക്ക് ഒറ്റ വോട്ടും ലഭിച്ചില്ല. ഇത്തരം രീതികള്‍ അവസാനിപ്പിക്കാനാണ് പ്രൊപ്പോസര്‍, സെക്കന്‍ഡര്‍ നിബന്ധനയും നിശ്ചിതതുക കെട്ടിവെക്കണമെന്ന നിബന്ധനയും കൊണ്ടുവന്നത്.

ആരൊക്കെ ചേര്‍ന്ന്, എങ്ങനെയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്

ഭരണഘടനയിലെ 55-ാം അനുച്ഛേദത്തിലാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിനെ കുറിച്ച് പ്രതിപാദിക്കുന്നത്. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെട്ട ഇലക്ടറല്‍ കോളേജ് സംവിധാനമാണ് വോട്ട് രേഖപ്പെടുത്തി രാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. പക്ഷെ, എല്ലാ എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും ഈ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ അവകാശമില്ല. എം.പിമാരുടെ കാര്യം പരിശോധിച്ചാല്‍: പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും, അതായത് ലോക്‌സഭയിലെയും രാജ്യസഭയിലെയും തിരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ക്കു മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ. നാമനിര്‍ദേശം ചെയ്യപ്പെട്ടെത്തുന്ന എം.പിമാര്‍ക്ക് തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവില്ല. സമാനമാണ് സംസ്ഥാനങ്ങളിലെ എം.എല്‍.എമാരുടെയും കാര്യം. നിയമസഭകളുള്ള ഡല്‍ഹി, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിലെയും മറ്റ് സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുക്കാം. പക്ഷെ, നിയമസഭാ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് വോട്ടെടുപ്പില്‍ പങ്കാളിത്തമില്ല.

വോട്ടുകളും മൂല്യവും

ലോക്‌സഭയിലെ 543 അംഗങ്ങളും രാജ്യസഭയിലെ 233 അംഗങ്ങളും വിവിധ നിയമസഭകളില്‍നിന്നുള്ള 4,033 പേരും ചേര്‍ന്ന് ആകെ 4,809 പേരാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള ഇലക്ടറല്‍ കോളേജില്‍ ഉള്‍പ്പെടുന്നത്. പക്ഷേ എം.പിമാരുടെയും എം.എല്‍.എമാരുടെയും വോട്ടിന്റെ മൂല്യത്തിന് വ്യത്യാസമുണ്ട്. സംസ്ഥാനത്തെ ജനസംഖ്യയും ആകെ എം.എല്‍.എമാരുടെ എണ്ണത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഓരോ സംസ്ഥാനത്തുനിന്നുമുള്ള എം.എല്‍.എമാരുടെ വോട്ടിന്റെ മൂല്യം കണക്കാക്കുക. അതിനാല്‍ത്തന്നെ സംസ്ഥാനങ്ങളിലെ ജനസംഖ്യ അനുസരിച്ച് വോട്ട് മൂല്യം വ്യത്യാസപ്പെടും. സംസ്ഥാനങ്ങളിലെ 1971-ലെ സെന്‍സസ് അനുസരിച്ചുള്ള ജനസംഖ്യയാണ് വോട്ടുമൂല്യം കണക്കാക്കാന്‍ ഉപയോഗിക്കുന്നത്. ഉത്തര്‍പ്രദേശില്‍നിന്നുള്ള എം.എല്‍.എമാരുടെ വോട്ടിന് ആയിരിക്കും മറ്റേത് സംസ്ഥാനത്തേക്കാളും ഉയര്‍ന്ന മൂല്യം. യു.പിയിലെ ഒരു എം.എല്‍.എയുടെ വോട്ടിന്റെ മൂല്യം 208 ഉം ഇവിടെനിന്നുള്ള ആകെ എം.എല്‍.എമാരുടെ മൂല്യം 83,824 ഉം ആണ്.

  • രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ഒരു എം.എല്‍.എയുടെ വോട്ടിന്റെ മൂല്യം= സംസ്ഥാനത്തെ ജനസംഖ്യ/ആ സംസ്ഥാനത്തെ എം.എല്‍.എമാരുടെ എണ്ണം x 1000
  • എം.പിയുടെ വോട്ടിന്റെ മൂല്യം= എം.എല്‍.എമാരുടെ ആകെ വോട്ടുകളുടെ മൂല്യം/ എം.പിമാരുടെ ആകെ എണ്ണം.
2017-ല്‍ 31 സംസ്ഥാനങ്ങളില്‍നിന്നും ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളില്‍നിന്നുമുള്ള പ്രതിനിധികളാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പങ്കെടുത്തത്. എന്നാല്‍ ഇത്തവണ സംസ്ഥാനങ്ങളുടെ എണ്ണം 31 എന്നത് 30 ആയിട്ടുണ്ട്. ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി നീക്കം ചെയ്തതോടെ ആണിത്. ഇതോടെ ഒരു എം.പിയുടെ വോട്ടിന്റെ മൂല്യം 708-ല്‍നിന്ന് 700 ആകും.

സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍നിന്നുമുള്ള 4033 എം.എല്‍.എമാരുടെ ആകെ വോട്ടിന്റെ മൂല്യം 5,43,231 ആണ്. എം.പിമാരുടെ ആകെ വോട്ട് മൂല്യമാകട്ടെ 5,43,200-ഉം. ആകെ വോട്ട് മൂല്യം 10,86,431. ആകെ വോട്ടുമൂല്യത്തിന്റെ പാതിയില്‍ അധികം (ക്വാട്ട) നേടുന്നയാളാണ് വിജയിക്കുക. അതായത് 10,86,431/2+1= 543216.

വോട്ട് ചെയ്യുന്നത് സിംഗിള്‍ ട്രാന്‍സ്ഫറബിള്‍ വോട്ട് രീതിയില്‍

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് സിംഗിള്‍ ട്രാന്‍സ്ഫറബിള്‍ സമ്പ്രദായപ്രകാരമാണ്. ഇത് അനുസരിച്ച് രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക്, എം.പിമാരും എം.എല്‍.എമാരും തങ്ങളുടെ മുന്‍ഗണനാതാല്‍പര്യ പ്രകാരം വോട്ട് രേഖപ്പെടുത്തും. ഉദാഹരണത്തിന് മൂന്ന് സ്ഥാനാര്‍ഥികളാണുള്ളതെങ്കില്‍ ഫസ്റ്റ് പ്രിഫറന്‍സ്, സെക്കന്‍ഡ് പ്രിഫറന്‍സ്, തേഡ് പ്രിഫറന്‍സ് എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തുക. ഫസ്റ്റ് പ്രിഫറന്‍സ് നിര്‍ബന്ധമായും രേഖപ്പെടുത്തിയിരിക്കണം. അല്ലാത്തപക്ഷം വോട്ട് അസാധുവാകും. ഫസ്റ്റ് പ്രിഫറന്‍സ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ എന്ന് കരുതുക, മറ്റ് പ്രിഫറന്‍സുകള്‍ രേഖപ്പെടുത്തിയില്ലെങ്കിലും അതിനെ സാധുവായ വോട്ടായാണ് പരിഗണിക്കുക. പാര്‍ട്ടികള്‍ക്ക് അവരുടെ അംഗങ്ങള്‍ക്ക് വിപ്പ് നല്‍കാനാകില്ലെന്നൊരു പ്രത്യേകതയും രാഷ്ട്രപതി തിരഞ്ഞെടുപ്പിനുണ്ട്. എം.പിമാര്‍ പാര്‍ലമെന്റിലും എം.എല്‍.എമാര്‍ അവരവരുടെ നിയമസഭകളിലുമാണ് വോട്ട് രേഖപ്പെടുത്തുക.

വോട്ട് എണ്ണല്‍ ഇങ്ങനെ

വോട്ട് എണ്ണലിന്റെ ഒന്നാം റൗണ്ടില്‍, ഓരോ ബാലറ്റിലെയും ഒന്നാം പരിഗണന അഥവാ ഫസ്റ്റ് പ്രിഫറന്‍സ് രേഖപ്പെടുത്തിയിരിക്കുന്നതാണ് എണ്ണുക. ഈ ഘട്ടത്തില്‍ വിജയിക്കാനാവശ്യമായ ക്വാട്ട ഒരു സ്ഥാനാര്‍ഥി നേടിയാല്‍ ആ വ്യക്തിയെ വിജയിയായി പ്രഖ്യാപിക്കും. ഇനി ഒന്നാം റൗണ്ട് എണ്ണിയപ്പോള്‍ ആര്‍ക്കും ക്വാട്ട ലഭിച്ചില്ലെന്ന് കരുതുക, രണ്ടാം റൗണ്ട് എണ്ണല്‍ നടത്തും. ഈ ഘട്ടത്തില്‍, ഒന്നാം റൗണ്ടില്‍ ഏറ്റവും കുറച്ച് വോട്ട് ലഭിച്ച സ്ഥാനാര്‍ഥി പുറത്താകുകയും അയാള്‍ക്ക് ലഭിച്ച വോട്ടുകള്‍ സെക്കന്‍ഡ് പ്രിഫറന്‍സിന്റെ അടിസ്ഥാനത്തില്‍ മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുകയും ചെയ്യും. ഈ ഘട്ടത്തില്‍ ഏതെങ്കിലും ഒരാള്‍ക്ക് ജയിക്കാനാവശ്യമായ ക്വാട്ട ലഭിച്ചാല്‍ ആ സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിക്കും. അല്ലാത്തപക്ഷം ഈ പ്രക്രിയ വിജയിയെ കണ്ടെത്തുന്നിടംവരെ തുടരും.

ആരാകും രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതി

വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപനം തിരഞ്ഞെടുപ്പു കമ്മിഷന്‍ നടത്തിയത്. ജൂണ്‍ പതിനഞ്ചിന് വിജ്ഞാപനം പുറത്തുവരും. പത്രിക സമര്‍പ്പിക്കാനുള്ള അവസാനതീയതി ജൂണ്‍ 29 ആണ്. ജൂലൈ 18-നാണ് വോട്ടെടുപ്പ്. 21-ന് വോട്ട് എണ്ണും. രാജ്യസഭാ സെക്രട്ടറി ജനറല്‍ ആയിരിക്കും മുഖ്യവരണാധികാരി.

കേരളത്തിന്റെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റേത് ഉള്‍പ്പെടെ നിരവധിപേരുകള്‍ ഇതിനകം രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പട്ടികവര്‍ഗവിഭാഗത്തില്‍നിന്നുള്ള വനിതാ നേതാക്കളായ അനസൂയ ഉയ്‌കെ, ദ്രൗപതി മുര്‍മു, കര്‍ണാടക ഗവര്‍ണര്‍ തവാര്‍ചന്ദ് ഗഹലോത്ത് തുടങ്ങിയവര്‍ ബി.ജെ.പിയുടെ പരിഗണനയിലുണ്ടെന്നാണ് സൂചന. യു.പി. തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ മികച്ച വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ നിലപാട് മാറ്റാതിരിക്കുകയും ബിജു ജനതാദളും വൈ.എസ്.ആര്‍ കോണ്‍ഗ്രസും ഒപ്പം നില്‍ക്കുകയും ചെയ്താല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ബി.ജെ.പിക്ക് ബുദ്ധിമുട്ടാക്കില്ല. അതേസമയം, പൊതുസമ്മതനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം. ഇതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് സൂചന.

Content Highlights: president election in india

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


pinarayi and saji cheriyan

1 min

അപ്രതീക്ഷിത വിവാദം; മന്ത്രി സജി ചെറിയാനെ മുഖ്യമന്ത്രി വിളിപ്പിച്ചു, തിരക്കിട്ട ചര്‍ച്ചകള്‍

Jul 5, 2022

Most Commented