pope joseph ratzinger
2023 ജനുവരി 5, നനുത്ത പ്രഭാതത്തില്‍ ലോകം സാക്ഷ്യം വഹിച്ചത് അത്യപൂര്‍വ്വമായ ചരിത്രനിമിഷങ്ങള്ക്കായിരുന്നു. ഒരു മാര്‍പാപ്പ 'മുന്‍ മാര്‍പാപ്പ' യുടെ സംസ്കാര ചടങ്ങുകള്‍ നടത്തുക എന്നത് അസാധാരണമായി മാത്രമേ സംഭവിക്കൂ എന്നിരിക്കെ, എമേരിറ്റസ് പോപ്പ് ബെനഡിക്ട് പതിനാറാമന്റെ അന്ത്യവിശ്രമ ചടങ്ങുകള്‍ പോപ്പ് ഫ്രാന്‍സിസിന്റെ കാര്‍മികത്വത്തില്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ നിര്‍വഹിച്ചു. മുന്‍പ് കണ്ടിട്ടില്ലാത്തതും ഒരുപക്ഷേ ഇനി കാണാന്‍ സാധ്യതയില്ലാത്തതുമായ ആ കാഴ്ചയെ ലോകം ഒന്നാകെ വിസ്മയത്തോടെ ഉറ്റുനോക്കി.
സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ഉള്ളില്‍ മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന ഗ്രോട്ടോയിലെ കല്ലറയിലാണ് ബെനഡിക്ട് പതിനാറാമന്‍ അന്ത്യവിശ്രമം ഒരുക്കിയത്. സൈപ്രസ് ഓക്ക് മരങ്ങളാല്‍ നിര്‍മ്മിച്ച പെട്ടിക്കുള്ളില്‍ ഭൗതിക ശരീരത്തോടൊപ്പം അദ്ദേഹം അണിഞ്ഞിരുന്ന പാലിയവും പോപ്പ് ആയിരിക്കെ അച്ചടിച്ച നാണയങ്ങളും മെഡലുകളും അടക്കം ചെയ്തു. അമ്പതിനായിരത്തോളം വിശ്വാസികളും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും മതനേതാക്കളും പങ്കെടുത്ത ചടങ്ങില്‍ 600-ലധികം അംഗീകൃത പത്രപ്രവര്‍ത്തകര്‍ വിവിധ രാജ്യങ്ങളില്‍നിന്നും സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ എത്തി.
ആഗോളസഭയുടെ തലവന്‍ 265- മത്തെ മാര്‍പ്പാപ്പ ബെനഡിക്ട് പതിനാറാമന്‍ കീഴ്വഴക്കങ്ങളില്‍ വ്യതിചലിച്ച് പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ സ്ഥാനമോതിരവും ചുവന്ന പാദുകങ്ങളും അഴിച്ചുവെച്ച് സര്‍വ്വാധികാര ശ്രേഷ്ഠമായ പത്രോസിന്റെ സിംഹാസനം ത്യജിച്ച്, ലളിതമായ വെള്ളമേലങ്കി ധരിച്ച് പൂര്‍ണ്ണ സന്യാസത്തിലുന്നിയ ഏകാന്തജീവിതം തിരഞ്ഞെടുത്ത്, വത്തിക്കാനിലെ മാത്തര്‍ എക്ലേസിയെ (Mater Ecclesiae) ഭവനത്തില്‍ പ്രവേശിച്ചപോള്‍ ഒരു അപൂര്‍വ്വ ഏടു കൂടി സഭാ ചരിത്രത്തില്‍ എഴുതപ്പെട്ടു. മരണം വരെ തുടരേണ്ട പദവിയാണെന്ന അറിവോടെയെങ്കിലും അനാരോഗ്യം തളര്‍ത്തുന്നു എന്ന തിരിച്ചറിവില്‍ നിശ്ചയദാര്‍ഢ്യമാര്‍ന്ന അസാമാന്യ ധൈര്യവും ഒപ്പം സ്ഥാനത്യാഗ സന്നദ്ധതയുള്ള മനസ്സുമായി, സ്വന്തം കൈപ്പടയില്‍ ലത്തീന്‍ ഭാഷയില്‍ എഴുതിയ രാജി പ്രഖ്യാപനം 2013 ഫെബ്രുവരി 11-ന് വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ സമ്മേളന ചടങ്ങിനിടെ (Consistory) സ്വയം വായിക്കുകയായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ നിഴലില്‍ വളര്‍ന്നു കയറിയ ഒരു കൗമാരക്കാരന്റെ കരുത്ത് ആര്‍ജിച്ച മനോബലി പിന്നീട് ആഗോള സഭയെ ഒന്നാകെ അമ്പരപ്പിച്ചു.

1927 ഏപ്രില്‍ 16-ന് ജര്‍മനിയിലെ ബാവേറിയയിലുള്ള റാത്സിങ്കര്‍ കുടുംബത്തില്‍ ഇളയ മകനായി ജനിച്ച ജോസഫ് റാത്സിങ്കര്‍ സ്കൂള്‍ പഠനം കഴിഞ്ഞ് 1943-ല്‍, പതിനാറാമത്തെ വയസ്സില്‍ സെമിനാരിയില്‍ ചേര്‍ന്നുവെങ്കിലും നാസി ഭരണത്തിന് കീഴില്‍ നിര്‍ബന്ധിത പട്ടാള പരിശീലനത്തിനായി വിളിക്കപ്പെട്ടു. രണ്ടു വര്‍ഷക്കാലത്തോളം പട്ടാള പരിശീലനത്തില്‍ കഴിഞ്ഞ ജോസഫ് 1945ല്‍ സഖ്യകക്ഷികള്‍ ജര്‍മ്മനി ആക്രമിക്കാന്‍ തുടങ്ങിയതോടെ പട്ടാളത്തില്‍നിന്നു ഒളിച്ചോടി വീട്ടിലെത്തി. എന്നാല്‍ സൈനിക സേവനം പൂര്‍ത്തിയാക്കാതെ പോയ ജോസഫിനെ ഹിറ്റ്ലറിന്റെ പട്ടാളം ബന്ദിയാക്കി രണ്ടു മാസത്തിലേറെ ജയിലില്‍ അടച്ചു. യുദ്ധത്തില്‍ ഹിറ്റ്ലര്‍ പരാജയപ്പെടാന്‍ തുടങ്ങിയതോടെ ജോസഫ് ജയില്‍ മോചിതനായി.
1945-ല്‍ മൂത്ത സഹോദരന് ജോര്‍ജിനൊപ്പം വീണ്ടും സെമിനാരിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് മ്യൂണിക്കിലെ ഗ്രിഗോറിയന്‍ സെമിനാരിയിലും ലുഡ്വിഗ്-മാക്സ്മില്യന്‍ യൂണിവേഴ്സിറ്റിയിലുമായി തത്വശാസ്ത്ര- ദൈവശാസ്ത്രപഠനങ്ങള്‍ പൂര്‍ത്തിയാക്കി 1951-ല്‍ പൗരോഹിത്യം സ്വീകരിച്ചു. പിന്നീട് മെത്രാന് പദവിയിലേക്കും കര്‍ദിനാള്‍ പദവിയിലേക്കും ഉയര്‍ത്തപ്പെടുന്നതിന് മുന്‍പുതന്നെ ദൈവശാസ്ത്ര പണ്ഡിതനും അധ്യാപകനും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ഖ്യാതി ലോകം തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.

1962-1965 കാലത്ത് നടന്ന രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍ പ്രധാന പങ്കു വഹിച്ചു. ഇന്നും 17 ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്ന കൊമ്മുണിയോ (Communio) എന്ന ദൈവശാസ്ത്ര മാസികയ്ക്ക് തുടക്കമിട്ടത് റാത്സിങ്കര്‍ ആണ്. 1977 മാര്‍ച്ചില്‍ പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ ബിഷപ്പായി നിയമിച്ചത്. ജൂണ്‍ മാസത്തില്‍ കര്‍ദ്ദിനാള്‍ പദവിയിലേക്കും ഉയര്‍ത്തി. 1982 ജോണ്‍പോള്‍ രണ്ടാമന് പാപ്പ അദ്ദേഹത്തെ വത്തിക്കാന്‍ വിശ്വാസ സംഘത്തിന്റെ പ്രിഫക്ട് ആയി നിയമിച്ചു. അനവധി പ്രബോധനങ്ങളും ചാക്രിയ ലേഖനങ്ങളും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയോട് ചേര്‍ന്ന് നിന്ന് പുറത്തിറക്കി. അതുവഴി വിമോചന ദൈവശാസ്ത്രത്തിന് കടിഞ്ഞാണിടാന്‍ റാത്സിങ്കറിന് കഴിഞ്ഞു. 2005 ഏപ്രില്‍ രണ്ടിന് ജോണ്‍ പോള്‍ രണ്ടാമന് പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ഏപ്രില്‍ 19 പത്രോസിന്റെ സിംഹാസനത്തില്‍ ജോസഫ് റാത്സിങ്കര്‍ ആസനസ്ഥനായി. ബെനഡിക്ട് എന്ന ശ്രേഷ്ഠനാമം സ്വീകരിച്ചുകൊണ്ട് 265-ാമത്തെ മാര്‍പാപ്പയായി.
പണ്ഡിതനും അധ്യാപകനും ആയ ബെനഡിക്ട് പതിനാറാമന്‍ സഭയെ ധന്യമാക്കിയത് തന്റെ ശ്രേഷ്ഠമായ പ്രബോധനങ്ങളിലൂടെയാണ്. മതനിരപേക്ഷത, വര്‍ഗീയവാദം, ഭീകര പ്രവര്‍ത്തനങ്ങള്‍, ജീവനെതിരായ കാഴ്ചപ്പാടുകള്‍, സാമ്പത്തികമാന്ദ്യം, കാലാവസ്ഥ കെടുതികള്‍, പരിസ്ഥിതി വ്യതിയാനം എന്നിവയില്‍ മുങ്ങിപ്പോയ ലോകത്തെ പരമ്പരാഗത വിശ്വസത്തിലധിഷ്ഠിതമായ ധാര്‍മികതയുടെ കടിഞ്ഞാണ്‍ കൊണ്ട് നിയന്ത്രിക്കാനും നയിക്കാനും ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ ആത്മീയസാന്നിധ്യത്തിന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ആഗോള സഭ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
മനുഷ്യകുലത്തെ നന്മയുടെ പാതയില്‍ നയിക്കാന്‍ പാപ്പാ ബെനഡിക്ടിന്റെ പ്രഥമ ചാക്രിക ലേഖനം 'സത്യത്തില്‍ സ്നേഹം' Caritas in veritateഏറെ പ്രശസ്തമാണ്. അനവധി ദൈവശാസ്ത്ര ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ഇത്രയും നാള് സഭയെ ശുശ്രൂഷിച്ച അതേ തീക്ഷ്ണതയോടെ ശിഷ്ടകാലവും പ്രാര്‍ത്ഥനയില്‍ സഭാ ശുശ്രൂഷ ചെയ്തു തന്റെ ജീവിതം പൂര്‍ത്തിയാക്കുമെന്ന് പദവി ഒഴിഞ്ഞു പോകുന്ന ദിനത്തില്‍, തന്റെ പഠനമുറിയുടെ ജനാലയ്ക്കരികില്‍ നിന്നുകൊണ്ട് ത്രികാല പ്രാര്‍ത്ഥന സന്ദേശത്തില്‍ അവസാനമായി അറിയിച്ചു. തുടര്‍ന്ന് 2013 മാര്‍ച്ച് 19-ന് ഫ്രാന്‍സിസ് മാര്‍പാപ്പ അധികാരം ഏറ്റപ്പോഴും ഇരുവരും ഉറ്റസുഹൃത്തുക്കളായി തുടര്‍ന്നു. മുന്‍ മാര്‍പാപ്പ എന്ന എല്ലാവിധ ബഹുമാനവും ആദരവും പ്രത്യേക ശുശ്രൂഷയും വത്തിക്കാന്‍ ബെനഡിക്ട് പതിനാറാമന്‍ നല്‍കിയിരുന്നു.
തന്റെ അഞ്ചാമത്തെ വയസ്സില്‍ ഇടവക പള്ളി സന്ദര്‍ശിച്ച ഒരു കര്‍ദ്ദിനാളിനെ കണ്ട് ആകൃഷ്ടനായി, കര്‍ദിനാള്‍ ആകാന്‍ കൊതിച്ച ബാലന് പിന്നീട് പാപ്പയായി, ഏവരെയും അമ്പരപ്പിച്ച് ''മുന്‍ പാപ്പ'യായി (Pope Emeritus ). തുടര്‍ന്ന് പൂര്‍ണ്ണ സന്യാസ ജീവിതത്തിലൂടെതൊണ്ണൂറ്റിയഞ്ചാം വയസ്സില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ഗ്രോട്ടോയ്ക്കുള്ളില്‍ അന്ത്യവിശ്രമം തേടുമ്പോള്‍ ആഗോളസഭയുടെ ചരിത്രത്താളില്‍ ഒരിക്കലും മായാത്ത പുതിയൊരു അധ്യായം തെളിയുകയാണ്. മഹാപാണ്ഡിത്യത്തിന്റെ നീലാകാശത്തില്‍ പ്രഭ വിതറുന്ന വെള്ളിനക്ഷത്രമായ ഈ മഹാത്മാവിനെ വരുംതലമുറകള്‍ എന്നും നന്ദിയോടെ സ്മരിക്കും.
(വത്തിക്കാന്‍ റേഡിയോ അവതാരകയാണ് ലേഖിക )
Content Highlights: Pope Benedict XVI Joseph Ratzinger funeral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..