അന്വേഷണ ഉദ്യോഗസ്ഥനായ വിസി സജ്ജനാർ. photo: PTI
രണ്ടര വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2019 നവംബര്‍ 28-നാണ് ഹൈദരാബാദില്‍ ബലാത്സംഗത്തിന് ഇരയായി കത്തിക്കരിഞ്ഞ നിലയില്‍ യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തുന്നത്. നിര്‍ഭയ കേസിന് സമാനമായി അതിക്രൂര സംഭവമായതിനാല്‍ അന്ന് തെലങ്കാന സര്‍ക്കാര്‍ വലിയ വിമര്‍ശനങ്ങള്‍ കേട്ടു. എന്നാല്‍, കേസില്‍ അറസ്റ്റിലായ നാല് പ്രതികള്‍ പോലീസ് ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടെന്ന വാര്‍ത്ത വന്നതോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. വിമര്‍ശിച്ചവരില്‍ വലിയൊരു വിഭാഗം പോലീസിനും സര്‍ക്കാരിനും കൈയടിച്ചു. പടക്കംപൊട്ടിച്ചും മധുരം വിതരണം ചെയ്തും ആ കൊലപാതകം തെരുവുകള്‍ ആഘോഷമാക്കി. രണ്ടര വര്‍ഷങ്ങള്‍ക്കിപ്പുറം അതൊരു വ്യാജ ഏറ്റുമുട്ടലായിരുന്നുവെന്ന കണ്ടെത്തല്‍ പുറത്തുവന്നതോടെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.
സുപ്രീം കോടതി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലിലൂടെ പോലീസ് കരുതികൂട്ടി പ്രതികളെ വെടിവച്ച് കൊന്നതാണെന്ന വാദം തെളിയിക്കപ്പെട്ടു. കുറ്റക്കാരായ പത്ത് പോലീസുകാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി അന്വേഷണം നടത്താനാണ് കമ്മീഷന്റെ ശുപാര്‍ശ. തെളിവെടുപ്പിനിടെ ഉദ്യോഗസ്ഥരുടെ തോക്ക് പിടിച്ചെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികള്‍ വെടിയുതിര്‍ത്തെന്നും സ്വരക്ഷയ്ക്ക് തിരിച്ച് വെടിവച്ചപ്പോള്‍ ഇവര്‍ കൊല്ലപ്പെട്ടെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍, ഇത് തെറ്റാണെന്ന് തെളിയിക്കുന്നതാണ് സമിതിയുടെ കണ്ടെത്തല്‍. പോലീസ് പറഞ്ഞതെല്ലാം കെട്ടിച്ചമച്ച കാര്യങ്ങളാണെന്നും പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതിനും ആയുധം പിടിച്ചെടുത്തതിനും സാഹചര്യ തെളിവുകളില്ലെന്നും കമ്മീഷന് കണ്ടെത്തി. അന്വേഷണ റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കണമെന്ന തെലങ്കാന സര്‍ക്കാരിന്റെ ആവശ്യം തള്ളി റിപ്പോര്‍ട്ട് പരസ്യമാക്കാന്‍ കമ്മീഷനെ സുപ്രീം കോടതി അനുവദിക്കുകയും ചെയ്തു. തുടര്‍നടപടികള്‍ക്കായി കേസ് തെലങ്കാന ഹൈക്കോടതിയിലേക്കും മാറ്റി.
ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മുഖ്യപ്രതിക്ക് നാല് തവണ വെടിയേറ്റതായുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തന്നെ പ്രതികളെ ആസൂത്രിതമായി കൊലപ്പെടുത്തുകയാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. പക്ഷേ, തെലങ്കാന പോലീസും സര്‍ക്കാരും വിമര്‍ശനങ്ങളെയും ആരോപണങ്ങളെയും ശക്തമായി പ്രതിരോധിച്ചു. എന്നാല്‍ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ഓരോന്നായി പുറത്തുവരാന്‍ തുടങ്ങിയതോടെ പോലീസ് കടുത്ത പ്രതിരോധത്തിലായി.
പൊളിഞ്ഞ പോലീസ് വാദങ്ങള്‍
യുവതിയുടെ കൊലക്കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന സുരേന്ദ്ര റെഡ്ഡിയുടെ മൊഴിയാണ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന സൂചന ബലപ്പെടുത്തിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് താമസിപ്പിച്ച ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഗസ്റ്റ് ഹൗസിലെ സിസിടിവി പ്രവര്‍ത്തിച്ചിരുന്നില്ലെന്നായിരുന്നു റെഡ്ഡിയുടെ മൊഴി. അവിടെ സിസിടിവിയേ ഉണ്ടായിരുന്നില്ലെന്ന് പോലീസിന്റെ സത്യവാങ്മൂലം പിന്നാലെവന്നു. ഇതോടെ പോലീസ് വാദങ്ങളില്‍ ദുരൂഹതയേറി. തെളിവെടുപ്പിനിടെ പോലീസുകാരെ ആക്രമിച്ച് പ്രതികള്‍ പിടിച്ചെടുത്തുവെന്ന് പറയുന്ന തോക്കില്‍നിന്ന് അവരുടെ വിരലടയാളം കണ്ടെത്താനും കഴിഞ്ഞില്ല. ഏറ്റുമുട്ടിലിനിടെ പോലീസുകാര്‍ക്ക് പരിക്കേറ്റെന്ന് പറഞ്ഞിരുന്നെങ്കിലും അതിനുള്ള തെളിവ് ഹാജരാക്കാനും സാധിച്ചില്ല. കസ്റ്റഡിയിലുള്ളവരെ അര്‍ധരാത്രി ജയിലിലേക്ക് മാറ്റിയത് ഏത് ചട്ടപ്രകാരമെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമുണ്ടായില്ല. നാലു പേരേയും ഒരേ സ്ഥലത്ത് തന്നെ വെടിവച്ചിട്ടതും വിശ്വാസയോഗ്യമായിരുന്നില്ല. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ പോലീസ് മനഃപൂര്‍വമാണ് വെടിയുതിര്‍ത്തതെന്നും പ്രതികള്‍ വെടിവെച്ചെന്ന പോലീസിന്റെ വാദം വിശ്വസനീയമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അറസ്റ്റിലായ പ്രതികള്‍ കുറ്റക്കാരാണോയെന്ന് കോടതി വിചാരണയിലൂടെ തെളിയിക്കേണ്ട ബാധ്യത പോലീസിനുണ്ടായിരുന്നു. അറസ്റ്റിലായ നാല് പ്രതികള്‍ക്ക് പുറമേ മറ്റാര്‍ക്കെങ്കിലും കൃത്യത്തില്‍ പങ്കുണ്ടോയെന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണവും വിചാരണയും ആവശ്യമായിരുന്നു. എന്നാല്‍ പ്രതികളുടെ കൊലപാതകത്തിലൂടെ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെല്ലാം അടഞ്ഞു. യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതികള്‍ക്ക് പരമാവധി ശിക്ഷ കൊടുക്കണമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ ,ആ നീതി നടപ്പാക്കേണ്ടത് മറ്റൊരു ക്രൂരകൃത്യം നടത്തിക്കൊണ്ടായിരുന്നില്ല. മറിച്ച് യഥാര്‍ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങി നല്‍കണമായിരുന്നുവെന്നാണ് മറ്റൊരു പക്ഷത്തിന്റെ നിലപാട്.

പ്രതിഷേധം, പിന്നാലെ അനുമോദനം
നേരത്തെ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥ ഉയര്‍ത്തിക്കാട്ടി തെലങ്കാനയിലുടനീളം വലിയ പ്രതിഷേധം നടന്നിരുന്നു. ഇതിനൊപ്പം ശമ്പളവും ശമ്പള വര്‍ദ്ധനവുമെല്ലാം ആവശ്യപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് ജീവനക്കാരുടെ സമരവും തെലങ്കാന സര്‍ക്കാരിന് തലവേദന തീര്‍ത്തു. എന്നാല്‍, തുടര്‍ച്ചയായ സമരങ്ങളും പ്രതിഷേധങ്ങളും തളര്‍ത്തിയ ചന്ദ്രശേഖര റാവു സര്‍ക്കാരിന് ഹൈദരാബാദിലെ ഏറ്റുമുട്ടല്‍ കൊല വലിയ ഉയിര്‍ത്തേഴുന്നേല്‍പ്പ് നല്കി. ജനരോഷത്തില്‍ നിന്നെല്ലാം മുഖം രക്ഷിക്കാന്‍ സര്‍ക്കാരിനായി. എന്നാല്‍, ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അന്നുതന്നെ സംശയം ഉന്നയിച്ചു. കോടതിയേയും സമീപിച്ചു. യുവതിയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ ജനരോഷം തണുപ്പിക്കാന്‍ വേണ്ടി പോലീസ് ആസൂത്രിതമായി നടത്തിയ നാടകമാണ് ഏറ്റുമുട്ടല്‍ കൊലപാതകമെന്ന ആരോപണവും പിന്നാലെ ശക്തമായി.
അസ്വഭാവികമായ ഏറ്റുമുട്ടല്‍ കൊല നടന്നിട്ടും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തയ്യാറായില്ല. പകരം കൊല്ലപ്പെട്ടവരെ മാത്രം പ്രതികളാക്കി മറ്റൊരു കേസും പോലീസ് രജിസ്റ്റര്‍ ചെയ്തു. തെളിവെടുപ്പിനിടെ തോക്കുകള്‍ തട്ടിയെടുത്ത് പോലീസിനു നേരെ വെടിവച്ചെന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്.
സംഭവത്തില്‍ സ്വതന്ത്രാന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിച്ച് 2019 ഡിസംബര്‍ 12-ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയാണ് അന്വേഷണ കമ്മിഷനെ നിയമിച്ചത്. മുന്‍ സുപ്രീം കോടതി ജഡ്ജി വി.എസ് .സിര്‍പുര്‍കറിന്റെ നേതൃത്വത്തില്‍ ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി രേഖ ബല്‍ദോത്ത, സി.ബി.ഐ. മുന്‍ ഡയറക്ടര്‍ ഡി.ആര്. കാര്ത്തികേയന് എന്നിവരടങ്ങുന്ന സമിതിയാണ് വിഷയത്തില്‍ അന്വേഷണം നടത്തിയത്. കമ്മീഷനെ നിയോഗിക്കാനുള്ള നീക്കത്തെ തെലങ്കാന സര്‍ക്കാര്‍ തുടക്കം മുതല്‍ എതിര്‍ത്തു. തെലങ്കാന സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍, വിശ്വാസ്യത ഉറപ്പാക്കാന്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യമാണെന്നായിരുന്നു കോടതിയുടെ നിലപട്.
സഹായ കെണി, പീഡനം, കൊലപാതകം
2019 നവംബര്‍ 27-ന് രാത്രിയിലാണ് യുവതിയെ കാണാതാകുന്നത്. ഷംഷാബാദ് ടോള്‍ പ്ലാസയ്ക്ക് സമീപത്തുവച്ചായിരുന്നു സംഭവം. നാല് പ്രതികളും ടോള്‍ പ്ലാസയില്‍ നില്‍ക്കുമ്പോഴാണ് യുവതി സ്കൂട്ടറിലെത്തിയത്. വാഹനം അവിടവച്ച് യുവതി മടങ്ങുന്നത് കണ്ടതോടെ നാല് പേരും ചേര്‍ന്ന് കുറ്റകൃത്യം ആസൂത്രണം ചെയ്തു. ടയറിന്റെ കാറ്റഴിച്ചുവിട്ടു. രാത്രി ഒമ്പതിന് യുവതി തിരിച്ചെത്തിയപ്പോള്‍ ടയര്‍ പഞ്ചറായതായതായി കണ്ടു. പോകാന്‍ മറ്റുവഴിയില്ലാതെ ഒറ്റപ്പെട്ടുപോയ യുവതിക്ക് സഹായം വാഗ്ദാനംചെയ്ത് പ്രതികളില്‍ ഒരാള്‍ വാഹനം കൊണ്ടുപോയി. എന്നാല്‍, വര്ക്ക്ഷോപ്പുകലെല്ലാം അടച്ചെന്ന് പറഞ്ഞ് മിനിറ്റുകള്‍ക്കുള്ളില്‍ അയാള്‍ തിരിച്ചെത്തി. അപ്പോള്‍തന്നെ യുവതി സഹോദരിയെ വിളിച്ചു കാര്യം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സഹോദരി തിരിച്ചുവിളിച്ചപ്പോള്‍ ഫോണില്‍ ബന്ധപ്പെടാനും സാധിച്ചില്ല.
പിന്നീട് റോഡില്‍നിന്ന് അല്പം ആളൊഴിഞ്ഞ പാടത്തേക്ക് കൊണ്ടുപോയി വായില്‍ മദ്യം ഒഴിച്ചുകൊടുത്ത ശേഷമാണ് പ്രതികള്‍ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. അലറിക്കരഞ്ഞതിനെ തുടര്‍ന്ന് കൊലപ്പെടുത്തി. പുലര്‍ച്ചെ രണ്ട് മണിയോടെ മൃതദേഹം ലോറിയില്‍ കയറ്റി ഹൈദരാബാദ്-ബെംഗളൂരു ദേശീയപാതയിലെ കലുങ്കിനടയിലെത്തിച്ച് പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു.
കൊലപാതകം നടന്ന് രണ്ടാം ദിവസംതന്നെ പ്രതികളായ ലോറി ഡ്രൈവര്‍ മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെന്നകേശവലു എന്നിവര്‍ പിടിയിലായി. പിന്നീട് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനോട് ചേര്‍ന്ന് 100 മീറ്റര്‍ അകലെയാണ് നാല് പ്രതികളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ കൊലപാതകം പുനഃസൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പ്രതികളെ 10 അംഗ പോലീസ് സംഘം സംഭവസ്ഥലത്തെത്തിച്ചത്. നാലു പേരെയും വിലങ്ങണിയിച്ചിരുന്നുമില്ല. തെളിവെടുപ്പിനിടെ മുഖ്യപ്രതിയായ ആരിഫ് തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ത്തുവെന്നും മറ്റു മൂന്ന് പ്രതികള്‍ കല്ലുകളും വടികളും ഉപയോഗിച്ച് ആക്രമിച്ചുവെന്നുമായിരുന്നു പോലീസിന്റെ വാദം. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറാകാത്തതിനെ തുടര്‍ന്ന് വെടിവച്ചതെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം.
നായകനായി വില്ലനിലേക്ക്
പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ തെലങ്കാനയിലെ താരമായി മാറിയത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി.സി സജ്ജനാറായിരുന്നു. ഇതിനുമുമ്പും ഏറ്റുമുട്ടല്‍ കൊലയുടെ പേരില്‍ ആരോപണം നേരിട്ട ഓഫീസറായിരുന്നു അദ്ദേഹം.
2008-ല്‍ വാറങ്കല്‍ എസ്പിയായിരിക്കെ വിദ്യാര്‍ഥികളുടെ ശരീരത്തില്‍ ആസിഡ് ഒഴിച്ച സംഭവത്തിലെ മൂന്ന് പ്രതികളെ പോലീസ് വെടിവച്ചു കൊന്നതോടെയാണ് സജ്ജ്നാര്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. പ്രതികളുടെ ബൈക്ക് കസ്റ്റഡിയിലെടുക്കാന്‍ എത്തിയപ്പോള്‍ പോലീസിനെതിരേ ഇവര്‍ ആക്രമം നടത്തിയതിനെ തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് അന്ന് സജ്ജ്നാര്‍ വിശദീകരിച്ചത്.
പ്രതികളായ ശ്രീനിവാസ്, സഞ്ജയ്, ഹരികൃഷ്ണ എന്നിവരാണ് പോലീസ് വെടിവപ്പില്‍ കൊല്ലപ്പെട്ടത്. ആസിഡ് ആക്രമണത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയോട് മുഖ്യപ്രതിയായ സഞ്ജയ് നടത്തിയ പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നായിരുന്നു ആസൂത്രിതമായ ആക്രമണം. പ്രണയം നിരസിച്ചതുകൊണ്ടാണ് ആസിഡ് ഒഴിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചിരുന്നു. ഇവര്‍ കൊല്ലപ്പെട്ടപ്പോഴും ജനങ്ങള്‍ കൈയടിച്ച് സജ്ജനാരെ താരമാക്കി. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ആളുകള്‍ പോലീസുകാരെ എടുത്തുയര്‍ത്തി ആഹ്ലാദ നൃത്തം ചവിട്ടുന്നതിന്റേയും പടക്കം പൊട്ടിക്കുകയും ചെയ്തു. എന്നാല്‍ ഹൈദരാബാദ് ഏറ്റുമുട്ടലില്‍ പ്രതികളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് കണ്ടെത്തിയതോടെ ഇതുവരെ നായകനായിരുന്ന സജ്ജ്നാറും ആ 10 അംഗസംഘ പോലീസും വില്ലനായി മാറി.
.jpg?$p=d83648f&w=610&q=0.8)
പോലീസിന്റെ വീഴ്ച, നഷ്ടമായത് ഒരുജീവന്
യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരേ ഗുരുതര ആരോപണവുമായി ആദ്യം രംഗത്തുവന്നതും കൊല്ലപ്പെട്ട യുവതിയുടെ കുടുംബം തന്നെയായിരുന്നു. യുവതിയെ കാണാതായ അന്നുരാത്രി തന്നെ കുടുംബം പരാതിയുമായി വിമാനത്താവളത്തിന് സമീപത്തെ പോലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍, തങ്ങളുടെ സ്റ്റേഷന് പരിധിയിലുള്ള കാര്യമല്ലെന്ന് ന്യായം പറഞ്ഞ് പോലീസ് തങ്ങളെ തിരിച്ചയക്കുകയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ കുടുംബം അന്നുതന്നെ ആരോപിച്ചിരുന്നു.
മറ്റൊരു സ്റ്റേഷനിലെത്തി പരാതി നല്കിയപ്പോഴും പോലീസിന്റെ ഭാഗത്തുനിന്ന് ഊര്‍ജിതമായ നടപടിയുണ്ടായില്ല. കുട്ടി ആരുടെയെങ്കിലും കൂടെ പോയിക്കാണും എന്ന പ്രതികരണമാണ് ആദ്യം ഈ സ്റ്റേഷനില്‍നിന്ന് വീട്ടുകാര്‍ക്ക് കിട്ടിയത്. മണിക്കൂറുകള്‍ കഴിഞ്ഞ ശേഷമാണ് പെണ്‍കുട്ടിക്കായുള്ള തിരച്ചില്‍ ആരംഭിച്ചത്. അപ്പോഴേക്കും പ്രതികള്‍ പെണ്‍കുട്ടിയെ കെണിയിലാക്കിയിരുന്നു. പോലീസ് നഷ്ടപ്പെടുത്തിയ സമയത്തിന് ആ ജീവന്റെ വില തന്നെ നല്‍കേണ്ടിയും വന്നു. പോലീസുകാര്‍ കൃത്യ സമയത്ത് ഇടപെട്ട് പെണ്‍കുട്ടിക്കായി അന്വേഷണം തുടങ്ങിയിരുന്നെങ്കില്‍ അവര്‍ ഇന്നും ജീവനോടെയുണ്ടാകുമായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..