പ്രതീകാത്മക ചിത്രം
കടമക്കുടി വില്ലേജ് ഫെസ്റ്റിവെലില്‍ ആളുകളെ ഏറെ ആകര്‍ഷിച്ചത് പൊക്കാളി വിളവെടുപ്പായിരുന്നു. പൊക്കാളിയുടെ ചരിത്രം കേരളത്തിന്റെ കാര്‍ഷിക വികസനത്തിന്റെ കൂടി ചരിത്രമാണ്. ഏകദേശം 3000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മഹാപ്രളയത്തില്‍ പശ്ചിമഘട്ട മേഖലയില്‍നിന്ന് ഒഴുകി, താഴ്ന്നു കിടക്കുന്ന ലവണാംശം കലര്‍ന്ന പ്രദേശങ്ങളില്‍ എത്തിപ്പെട്ട നെല്ലിനമാണ് പൊക്കാളി. പണ്ട് ഗോവയില്‍നിന്ന് കൊങ്കണി സംസാരിക്കുന്ന കുഡുംബി സമുദായം കേരളത്തിലേക്ക് കുടിയേറിയപ്പോള്‍ ഒപ്പം കൊണ്ടുവന്നതാണ് പൊക്കാളി എന്നും പറയപ്പെടുന്നു. പ്രകൃതിയുടെ രൗദ്രഭാവങ്ങളെ തരണം ചെയ്ത് വളര്‍ന്ന പൊക്കാളി, പിന്നീട് ജനങ്ങളുടെ ജീവിതരീതിയായ കൃഷിയുടെ ഭാഗമാവുകയായിരുന്നു. സംസ്ഥാനത്തിന്റെ സാമൂഹിക, സാമ്പത്തിക, ചരിത്രപരമായ അവസ്ഥകള്‍ വിശദീകരിക്കുന്ന, പഴയ കൊച്ചി രാജ്യത്തിന്റെ 1911 CE പ്രസിദ്ധീകരണമായ കൊച്ചിന്‍ സ്റ്റേറ്റ് മാന്വലിലും 1989-ലെ കേരള സ്റ്റേറ്റ് ഗസറ്റിയറിലുമെല്ലാം ഈ പ്രാചീന കൃഷി സമ്പ്രദായത്തിന്റെ പരാമര്‍ശം കാണാം.

2008-ല്‍ ഭൗമസൂചിക പദവി (ജി.ഐ. ടാഗ്) ലഭിച്ചിട്ടുള്ള പൊക്കാളി ആഗോളതലത്തില്‍ തന്നെ വളരെയധികം പ്രാധാന്യം കൈവന്നിട്ടുള്ള നെല്ലിനമാണ്. ഈ കൃഷിരീതിക്കും വിതയ്ക്കുന്ന വിത്തിനും കൃഷി നിലത്തിനും എല്ലാം പൊക്കാളി എന്നു തന്നെയാണ് പേര്. ലവണ പ്രതിരോധശക്തിയും അമ്ലത്വ സഹനശക്തിയുമുള്ള നെല്ലിനമാണ് പൊക്കാളി. ഓരു വെള്ളക്കെട്ടാണ് പൊക്കാളി നിലങ്ങളുടെ തനിമ. തികച്ചും കാലാവസ്ഥയെ ആശ്രയിച്ച്, ഇടവപ്പാതിക്കാലത്ത് കൃഷി ഇറക്കുന്ന പൊക്കാളി നിലങ്ങള്‍ മറ്റൊരു സമയത്തും നെല്‍ക്കൃഷിക്ക് യോഗ്യമല്ല.
കൃഷിരീതി
ആറ് മാസം നെല്ലും ആറ് മാസം ചെമ്മീന്‍ കൃഷിയും ചെയ്യുന്നതാണ് പാടങ്ങളില്‍ തുടര്‍ന്നു വരുന്ന സമ്പ്രദായം. ഏപ്രില്‍ മാസത്തില്‍ വിഷുവോടെയാണ് നെല്‍ക്കൃഷിയുടെ ഒരുക്കങ്ങള്‍ പൊക്കാളി പാടത്ത് ആരംഭിക്കുന്നത്. നിലം ഒരുക്കുക എന്നതാണ് ആദ്യപടി. വെള്ളം തടഞ്ഞു നിര്‍ത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായിട്ട് ബണ്ടുകളും തൂമ്പുകളും (സ്ലൂയിസ് ഗേറ്റ്) പൊക്കാളിപ്പാടങ്ങളിലുണ്ട്. ഏപ്രില്‍ ആകുന്നതോടെ ഇവയെ ശക്തിപ്പെടുത്തും.
വേലിയേറ്റ സമയത്തും വേലിയിറക്ക സമയത്തും വെള്ളം അകത്തേക്ക് കയറ്റുന്നതും പുറത്തേക്ക് ഇറക്കുന്നതും ഈ തൂമ്പുകളാണ്. വേലിയിറക്ക സമയത്ത് വെള്ളം പുറത്താക്കി, ബണ്ടുകള്‍ അടയ്ക്കും. എന്നിട്ടീ പാടത്ത് 45-60 സെന്റിമീറ്റര്‍ വരെ ഉയരത്തില്‍ നിലത്തിലെ മണ്ണ് വെട്ടിക്കൂട്ടി കൂനകള്‍ അഥവ വാരങ്ങള്‍ ഉണ്ടാക്കും. തുടര്‍ച്ചയായ ഇടവപ്പാതി മഴകൊണ്ട് മണ്‍കൂനകളിലെ ലവണമെല്ലാം കഴുകിപ്പോകും.
ഇതിനകംതന്നെ വിത്ത് മുളപ്പിക്കല്‍ ആരംഭിക്കും. ഓലയോ വാഴയിലയോ കൊണ്ട് കെട്ടിയുണ്ടാക്കിയ കുട്ടയില്‍ വിത്തെടുത്ത് കെട്ടി, 12-15 ദിവസം വെള്ളത്തില്‍ മുക്കി വച്ചതിന് ശേഷം കുട്ട തണലില്‍ സൂക്ഷിക്കും. ഈ സമയത്താണ് വിത്തുകള്‍ മുളയ്ക്കുന്നത്. 30 ദിവസത്തോളം അനക്കാതെ വച്ചതിനു ശേഷം കാലാവസ്ഥ അനുകൂലമാവുന്ന സാഹചര്യത്തില്‍ വിത്തിടീലിനു മുന്നേ 3-4 മണിക്കൂര്‍ വീണ്ടും കുതിര്‍ത്ത്, പാടത്തെ കൂനമേല്‍ വിതയ്ക്കും. വേലിയിറക്ക സമയത്ത് വയലിലെ ലവണങ്ങള്‍ വാര്‍ത്ത് കളഞ്ഞ് കൂനകളുടെ മുകള്‍ഭാഗം മാത്രം ജലനിരപ്പിന് മുകളില്‍ കാണുംവിധം ശുദ്ധജലം കയറ്റി, കൂനകളിലെ മേല്‍മണ്ണിളക്കിയിട്ടാണ് മുളപ്പിച്ച വിത്ത് വിതയ്ക്കുന്നത്.
45 ദിവസങ്ങള്‍ക്ക് ശേഷം, അതായത് ജൂലൈ ആകുമ്പോഴേക്കും മുളച്ചു വരുന്ന ഞാറു പറിച്ചു നടും. നെല്‍ച്ചെടികള്‍ വാരങ്ങളില്‍നിന്ന് പറിച്ച് ഏകദേശം കൃത്യം അകലം വരത്തക്കവിധം പാടത്ത് നിരത്തുന്നതാണ് രീതി. മുന്നേ ചെയ്ത ചെമ്മീന്‍ കൃഷിയുടെ അവശിഷ്ടങ്ങളും കായലിലെ വെള്ളവുമെല്ലാം ഇവയ്ക്കു വളരാനുള്ള പോഷകങ്ങള്‍ നല്‍കും. 100 ദിവസം കഴിയുമ്പോഴേക്കും നെല്‍മണികളുണ്ടാകും. ഏകദേശം സെപ്റ്റംബര്‍ അവസാനം-ഒക്ടോബര്‍ ആരംഭമാകുമ്പോള്‍ വിളവെടുക്കാം.

കൊയ്ത്തു നടക്കുന്ന സമയത്ത് പലപ്പോഴും നെഞ്ചോളം പൊക്കത്തില്‍ വെള്ളമുണ്ടാകും പാടത്ത്. വിളവെടുക്കാന്‍ നേരം ചെടിയുടെ മുകളില്‍ നിന്ന് 30-35 സെന്റിമീറ്റര്‍ താഴെ ഇറക്കിയാണ് വെട്ടുക. ചെടിയുടെ ബാക്കി ഭാഗം വെള്ളത്തില്‍ തന്നെ നിര്‍ത്തും. കൊയ്ത്ത് നടക്കുമ്പോള്‍ കരയില്‍ കതിര് മെതിക്കാനുള്ള നിലം ഒരുക്കിയിട്ടുണ്ടാകും. നെല്ല് വേര്‍തിരിക്കാന്‍, ആദ്യം കൊയ്‌തെടുത്തതത്രയും കെട്ടുകള്‍ ആക്കും. എന്നിട്ട് മൂപ്പന്‍ കാക്കക്കല്ല്, കാക്കക്കല്ലുമോതിരം, പത്രം, കതിരിച്ചെട്ട എന്നിങ്ങനെ ഓരോ പേരുകള്‍ വിളിച്ച് മെതിക്കുന്നവര്‍ക്ക് കൊടുക്കും. 'പൊലി വാ പൊലി' എന്നു പറഞ്ഞ് ആദ്യത്തെ മെതിക്കല്‍ ചെയ്യുന്നത് മൂപ്പന്‍ തന്നെയാണ്. വിളവെടുത്ത കറ്റകള്‍ നിലത്തിട്ട് കാലുകൊണ്ട് ചവിട്ടിയും തിരുമ്മിയും നെല്ലിനെ വേര്‍തിരിക്കും. വട്ടത്തില്‍ തിരിച്ചുകൊണ്ടായിരിക്കും ഈ പ്രക്രിയ. നെല്ലിലെ പാല്‍ കൃത്യമായിട്ട് പരക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ഏറ്റവും ഒടുവിലായി ചെയ്യുന്ന ചേറ്റലോടെ നെല്‍ക്കൃഷിയുടെ പരിപാടികളെല്ലാം അവസാനിക്കുന്നു. നെല്‍കൃഷി കഴിയുന്നതോടെ നിലങ്ങളില്‍ ഉപ്പ് രസം വര്‍ദ്ധിക്കുകയും ശിഷ്ടമുള്ള മാസങ്ങളില്‍ പൊക്കാളി നിലങ്ങള്‍ ചെമ്മീന്‍ കെട്ടുകളായി മാറ്റുകയും ചെയ്യുന്നു. പ്രത്യേക തരം വെട്ടം ഉപയോഗിച്ച് ചെമ്മീന്‍ കുഞ്ഞുങ്ങളെ പാടത്തേക്ക് ആകര്‍ഷിച്ച് കയറ്റി ഗേറ്റുകള്‍ അടയ്ക്കും. കൊയ്ത്തിന് ശേഷം പാടത്ത് കിടക്കുന്ന അവശിഷ്ടങ്ങളും ബാക്കി നിര്‍ത്തിയ തണ്ടുകളില്‍ വളരുന്ന സൂക്ഷ്മ ജീവികള്‍ ചെമ്മീനുകള്‍ക്ക് ഭക്ഷണമാകുന്നു. ചെമ്മീന്‍ വിളവെടുത്ത് കഴിഞ്ഞാല്‍ വീണ്ടും നെല്‍ കൃഷി ആരംഭിക്കും.
പൊക്കാളിയരിയുടെ ഗുണങ്ങള്‍
പൂര്‍ണ്ണമായും ജൈവമായി നെല്ലുത്പാദിപ്പിക്കുന്ന ഒരു കൃഷിരീതിയാണ് പൊക്കാളി. ഉപ്പുരസവും ഉയര്‍ന്ന ജലനിരപ്പും വെള്ളപ്പൊക്കവും ഒരു പരിധി വരെ കാലാവസ്ഥ വ്യതിയാനവും അതിജീവിച്ച് വളരാന്‍ ഇവയ്ക്ക് കഴിയും. ഉയര്‍ന്ന നിലയില്‍ ഔഷധ ഗുണങ്ങളും ഉള്ള നെല്ലിനമാണ് പൊക്കാളി.
വൈറ്റമിന്‍ ഇ, ആന്റി ഓക്‌സിഡന്റുകള്‍, ബോറോണ്‍, ഇരുമ്പ്, സള്‍ഫര്‍ തുടങ്ങിയ ധാതുക്കളും പൊക്കാളിയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ 0.46% ഫൈബറുകളാലും 7.77% ശതമാനം പ്രോട്ടീനാലും 20-27.7% അമൈലേസിനാലും സമ്പന്നമാണ്. 2.77% ആണ് പൊക്കാളിയില്‍ രേഖപ്പെടുത്തിയിട്ടുള്ള ജലാംശത്തിന്റെ അളവ്. ഏകദേശം 9.18%ത്തോളം നാച്ചുറല്‍ ഓയിലും ഇവയില്‍ അടങ്ങിയിട്ടുണ്ട്.
ഹെമറോയ്ഡുകളും ദഹനനാളത്തിന്റെ തകരാറുകളും ചികിത്സിക്കാന്‍ ഇവ നല്ലതാണ്. പൊക്കാളിയരിയുടെ കഞ്ഞിവെള്ളം കോളറ രോഗികള്‍ക്ക് ഉത്തമമാണെന്നുള്ളതുപോലെ തന്നെ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറവായതുകൊണ്ട് പ്രമേഹമുള്ളവര്‍ക്കും ഈ അരി ശുപാര്‍ശ ചെയ്യുന്നു.
കൃഷിനിലവും നെല്ലുത്പാദനവും
എറണാകുളം, തൃശൂര്‍, ആലപ്പുഴ എന്നീ ജില്ലകളില്‍ വേമ്പനാട്ടുകായലിന്റെയും അറബിക്കടലിന്റെയും ഇടയിലുള്ള തീരദേശ പ്രദേശങ്ങളില്‍ 33 പഞ്ചായത്തുകളിലും, രണ്ടു മുനിസിപ്പാലിറ്റികളിലും, ഒരു കോര്‍പ്പറേഷനിലും ആയിട്ടാണ് പൊക്കാളിപ്പാടങ്ങള്‍ ഉള്ളത്. കേരളത്തിലെ ആകെ മൊത്തം തണ്ണീര്‍ത്തടങ്ങളുടെ ഭൂരിഭാഗവും എറണാകുളം ജില്ലയിലാണ്. എറണാകുളം ആസ്ഥാനമായ പൊക്കാളി നില വികസന ഏജന്‍സിയാണ് (പി.എല്‍.ഡി.എ.) ജില്ലയിലെ പൊക്കാളിക്കൃഷിയുടെ വികസനത്തിന്റെ ചുമതല വഹിക്കുന്നത്. പൊക്കാളി നില വികസന ഏജന്‍സിയുടെ കണക്കുകള്‍ പ്രകാരം, ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ ഏകദേശം 25,000 ഹെക്ടര്‍ പൊക്കാളിപ്പാടങ്ങള്‍ ഉണ്ടായിരുന്നു. മറ്റ് ചില സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത് നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ഇവിടെ 26,000 ഹെക്ടര്‍ പൊക്കാളിപ്പാടങ്ങളുണ്ടായിരുന്നു എന്നാണ്. എന്നിരുന്നാലും, ഈ നൂറ്റാണ്ടില്‍ കൃഷി ചെയ്യുന്ന നിലം നന്നേ കുറഞ്ഞ്, സംസ്ഥാനത്തുടനീളം ഏകദേശം 5,000 ഹെക്ടറിനടുത്തേക്ക് ചുരുങ്ങി.
നോര്‍ത്ത് പറവൂര്‍, ആലുവ, കളമശ്ശേരി, വൈറ്റില, ഞാറക്കല്‍ എന്നീ 5 ബ്ലോക്കുകളിലായി 17 കൃഷിഭവനുകളുടെ കീഴിലാണ് എറണാകുളം ജില്ലയിലെ പൊക്കാളിപ്പാടങ്ങളുള്ളത്. കൂടാതെ മുളന്തുരുത്തി ഭാഗത്തും പാടത്ത് പൊക്കാളി കൃഷി ചെയ്യാറുണ്ട്. ഇപ്പോഴത്തെ കണക്കനുസരിച്ച് എറണാകുളം ജില്ലയിലുള്ള കൃഷി ചെയ്യുന്ന പൊക്കാളിപ്പാടങ്ങളുടെ ആകെ വിസ്തീര്‍ണം 3,048.6 ഹെക്ടര്‍ ആണ്. 1,726.2 ഹെക്ടര്‍ നിലം സ്ഥിരമായി തരിശുഭൂമിയാണ് (പെര്‍മനെന്റ് ഫാലോ ലാന്‍ഡ്), കൃഷിയിറക്കാറില്ല.

2021-22ല്‍ ജില്ലയിലെ പൊക്കാളി നിലത്തിന്റെ സ്ഥിരവിവര പട്ടിക (%)
2021-22 കാലഘട്ടത്തില്‍ എറണാകുളം ജില്ലയില്‍ കൃഷിയിറക്കിയ പാടങ്ങളുടെ ആകെ വിസ്തീര്‍ണ്ണം 724.64 ഹെക്ടറാണ്. ഈ പാടങ്ങളില്‍ വിളവെടുപ്പ് അടുക്കുന്നു. കഴിഞ്ഞ വര്‍ഷം എറണാകുളം ജില്ലയില്‍ കൃഷിയിറക്കിയത് 486.81 ഹെക്ടറിലാണ്. ഈ പാടങ്ങളില്‍നിന്ന് വിളവെടുത്തത് 2,07,190 കിലോഗ്രാം നെല്ലും. അതായത് 2020-21 കാലഘട്ടത്തില്‍ കൃഷിയിറക്കിയത് മൊത്തം നിലത്തിന്റെ 10.19% മാത്രമാണ്. എറണാകുളം ജില്ലയില്‍ ഏറ്റവും കൂടുതല്‍ പൊക്കാളിപ്പാടങ്ങളുള്ളത് വൈറ്റിലയില്‍ ആണെങ്കിലും ഏറ്റവും കൂടുതല്‍ കൃഷിയിറക്കുന്നത് നോര്‍ത്ത് പറവൂരിലാണ്. 242 ഹെക്ടറിലായി 56,200 കിലോ നെല്ലാണ് നോര്‍ത്ത് പറവൂര്‍ ബ്ലോക്ക് 2020-21-ല്‍ ഉത്പാദിപ്പിച്ചത്. അതില്‍ 61.98% ഉത്പാദനം ഏഴിക്കരയിലും 37.19% കോട്ടുവളളിയിലും 0.82% ചിറ്റാട്ടുകരയിലുമാണ്. ജില്ലയിലെ മൊത്തം കണക്കെടുത്താലും ഏറ്റവും കൂടുതല്‍ കൃഷിയിറക്കിയത് ഏഴിക്കരയില്‍ (30.8%) തന്നെയാണ്. ഏറ്റവും കുറവ് മുളവുകാട് ബ്ലോക്കിലും (0.2%).
2017 മുതലുള്ള കണക്കുകളില്‍, ഉയര്‍ച്ച-താഴ്ചകള്‍ പ്രകടമാണ്. തരിശുനിലം ഒഴിച്ചുനിര്‍ത്തി, കൃഷിയോഗ്യമായ ബാക്കി നിലത്തിന്റെ വിസ്തീര്‍ണ്ണവുമായി കണക്കുകൂട്ടുമ്പോള്‍, 18.61% (2017-18), 17.74% (2018-19), 11.81% (2019-20), 15.96% (2020-21) എന്നിങ്ങനെയാണ് കൃഷി ചെയ്ത നിലത്തിന്റെ ശതമാനങ്ങള്‍. 2018-ലെ വെള്ളപ്പൊക്കത്തിന് ശേഷം വിത്തിനു ക്ഷാമം വന്നത് കൃഷിയില്‍ വന്‍ ഇടിവാണുണ്ടാക്കിയത്. 2019-2020 വര്‍ഷത്തില്‍ ആകെ 36,225 കിലോഗ്രാം നെല്ലാണ് ഉത്പാദിപ്പിച്ചത്. അതായത് മുന്‍ വര്‍ഷത്തേക്കാള്‍ 1,579,675 കിലോ കുറവ്. എന്നാല്‍ അടുത്ത വര്‍ഷം, കൃഷി തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കൂടുതല്‍ നിലത്തു കൃഷിയിറക്കുവാനും, 2,07,190 കിലോ നെല്ലുത്പാദിപ്പിക്കാനും കഴിഞ്ഞു. എങ്കിലും 2017-18-ല്‍ 567.613 ഹെക്ടറില്‍ 2,86,380 കിലോഗ്രാം നെല്ല് എന്നതില്‍ നിന്ന് 486.81 ഹെക്ടറില്‍ 2,07,190 കിലോഗ്രാം നെല്ലിലേക്ക് 2020-21ല്‍ ഉത്പാദനം കുറഞ്ഞു. ഇക്കുറി കൂടുതല്‍ നിലത്ത് കൃഷിയിറക്കിയിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 237.83 അധികം ഹെക്ടറിലാണ് എറണാകുളം ജില്ലയില്‍ 2021-22ല്‍ പൊക്കാളി കൃഷിയറക്കിയത്.
പൊക്കാളി കൃഷിയില്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍
ഏറെ പ്രത്യേകതയുള്ള നെല്ലാണെങ്കില്‍ പോലും ആകെ കൃഷിയോഗ്യമായ നിലത്തിന്റെ കുറച്ചു ഹെക്ടറില്‍ മാത്രമാണ് വിളവെടുക്കുന്ന വിസ്തീര്‍ണ്ണം. വളരെയധികം പ്രശ്‌നങ്ങളാണ് കര്‍ഷകര്‍ ഈ മേഖലയില്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. കൃഷിയില്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
• തൊഴില്‍ ക്ഷാമം: പണ്ട് കാലത്തെ അപേക്ഷിച്ച് അധികം ആരും ഈ കൃഷി രീതിയിലേക്കു ഇറങ്ങുന്നില്ല. ചെളിയിലും വെള്ളത്തിലും നിന്ന് പണിയെടുക്കാന്‍ തൊഴിലാളികള്‍ തയ്യാറാകുന്നില്ല. പുതുതലമുറയ്ക്ക് താല്പര്യവും കുറവാണ്. പണ്ട് കാലങ്ങളില്‍ വിളവെടുത്ത നെല്ലിന്റെ ഒരു ഭാഗം ആയിരുന്നു പാടത്തെ തൊഴിലാളികള്‍ക്കു വേതനം. ഇന്നത്തെ കാലത്ത് ആ സമ്പ്രദായം പല തൊഴിലാളികള്‍ക്ക്കും സ്വീകാര്യമല്ല. ഇത് കര്‍ഷകരെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു.
• അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം: ബണ്ടുകളും ചിറകളും ജീര്‍ണിച്ച അവസ്ഥയിലാണുള്ളത്. ജല നിര്‍ഗ്ഗമന ചാലുകള്‍ എല്ലാം തന്നെ എക്കല്‍ അടിഞ്ഞ അവസ്ഥയിലാണ്. നിലം ശരിയായി ഉണക്കുന്നതിനുള്ള സംവിധാനങ്ങള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. ഉറപ്പുള്ളതും സ്ഥിരമായ മെതിക്കളങ്ങളുടെ അഭാവം മൂലം നെല്ലിന്റെ ഗുണമേന്മ കുറയുന്നു. നെല്ല് വിളവെടുക്കുന്ന സമയത്ത് അത് കരയ്ക്ക് എത്തിക്കുന്നതിനുള്ള ഗതാഗത സൗകര്യങ്ങളും കുറവാണ്.
• യന്ത്രവത്ക്കരണത്തിന്റെ അഭാവം: തൊഴിലാളികളുടെ അഭാവം പരിഹരിക്കാനുള്ള ഒരു മാര്‍ഗമാണ് യന്ത്രവത്കരണം. എന്നാല്‍ പൊക്കാളിപ്പാടങ്ങളില്‍ യന്തങ്ങള്‍ ഉപയോഗിക്കുന്നത് ദുഷ്‌കരമാണ്. നിരപ്പല്ലാത്തതും വ്യത്യസ്ത ആഴത്തിലുള്ള പ്രദേശങ്ങളുള്ള ഭൂപ്രകൃതിയും വെള്ളക്കെട്ടുമെല്ലാമാണ് പ്രധാന കാരണം. നിര്‍മിക്കുന്ന യന്ത്രം ഭാരം കുറഞ്ഞതും വെള്ളത്തില്‍ പൊങ്ങി നില്‍ക്കുന്നതും തുരുമ്പെടുക്കാത്തതും അകത്തു വിശാലവും ആയിരിക്കണം. യന്ത്ര നിര്‍മാണ ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, ഒരു യന്ത്രവും വേണ്ടത്ര കാര്യക്ഷമമല്ല, അവ പൂര്‍ണ്ണമായി വിജയിച്ചിട്ടില്ല.
• ഭൂമി പരിവര്‍ത്തനം: പൊക്കാളിപ്പാടങ്ങള്‍ നികത്തി സാധാരണ നിലമാക്കി മാറ്റുന്നതും പലപ്പോഴും മത്സ്യക്കൃഷിക്ക് മാത്രമായി ഉപയോഗിക്കുന്നതും പൊക്കാളികൃഷി നേരിടുന്ന ഒരു വെല്ലുവിളിയാണ്. ഇത് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നു. പൊക്കാളിക്കൃഷിയുടെ ഭാഗമായ വിഭവ സ്രോതസ്സുകളെ തടയുന്ന തരത്തിലുള്ള നിര്‍മ്മാണങ്ങളും പ്രശ്‌നമാണ്. ഉദാ: എറണാകുളം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡിന്റെ നിര്‍മ്മാണം നിരവധി പൊക്കാളിപ്പാടങ്ങളെയാണ് ബാധിച്ചത്.നിലങ്ങള്‍ കൃഷി ചെയ്യാതെ ഇടുന്നതും ദോഷമാണ്. കൃഷി ചെയ്യാതെ ഇടുന്ന നിലത്തിന്റെ ആഴം കൂടുകയും നെല്‍ കൃഷിക്ക് യോഗ്യമല്ലാതെയാവുകയും ചെയ്യുന്നു. അവ പിന്നീട് മത്സ്യക്കൃഷിക്ക് മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. അല്ലെങ്കില്‍ അവിടെ കണ്ടലുകള്‍ വളരും. പിന്നീട് അവ വെട്ടിമാറ്റി നെല്‍കൃഷി പുനരാരംഭിക്കുക എന്നത് നിയമപരമായി സാധ്യമല്ല.
• വിത്തുകളുടെ ദൗര്‍ലഭ്യം: കൃഷിയില്‍ ഏറ്റവും പ്രധാനപ്പെട്ട ഉത്പാദനോപാധിയാണ് ഗുണമേന്മയുള്ള വിത്ത്. പരമ്പരാഗതമായി, വിളവെടുപ്പില്‍ നിന്നുള്ള വിത്തുകള്‍ കര്‍ഷകര്‍ നിലനിര്‍ത്തി അടുത്ത കൃഷിക്ക് ഉപയോഗിക്കുന്നതാണ് പതിവ്. എന്നാല്‍ ഇപ്പോഴത്തെ ചില സാഹചര്യങ്ങളില്‍ കര്‍ഷകര്‍ മറ്റു സ്രോതസ്സുകളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുന്നുണ്ട്. എന്നാല്‍ ഫാമുകളില്‍നിന്നു വിത്ത് യഥാസമയം ലഭിക്കാറില്ല. വിത്തുകളില്‍ കളകള്‍ അമിതമായി അടങ്ങിയിരിക്കുന്നതാണ് മറ്റൊരു പ്രശ്‌നം. ഇത് കുറഞ്ഞ വിളവിന് കാരണമാകുന്നു. കൂടാതെ സംഭരിച്ച വിത്തുകള്‍ 2018-ലെ വെള്ളപ്പൊക്കത്തില്‍ പോയത് വലിയ നഷ്ടമായിരുന്നു. ചെമ്മീന്‍ കൃഷിയിലും നിരവധി കര്‍ഷകര്‍ പ്രശ്‌നം നേരിടുന്നുണ്ട്. കായലില്‍ അമിതമായ മത്സ്യ ബന്ധനം മൂലം ചെമ്മീന്‍ കൃഷിക്ക് വേണ്ട ചെമ്മീന്‍ വിത്തുകള്‍ വേലിയേറ്റത്തില്‍ തൂമ്പിലൂടെ പാടത്തേക്ക് കയറുന്നില്ല. പുറമേനിന്നു ചെമ്മീന്‍ കുഞ്ഞുങ്ങളെ വാങ്ങുമ്പോൾ വൈറസ് ബാധയുണ്ടാകാന്‍ സാധ്യയുണ്ട്.
• ഏകകൃഷി (മോണോകള്‍ചര്‍): ഒരു നിശ്ചിത പ്രദേശത്ത് ഒരൊറ്റ വിളയുടെ കൃഷി ചെയ്യുന്നതാണ് മോണോകള്‍ച്ചര്‍ അഥവാ ഏക കൃഷി. പൊക്കാളിയുടെ വര്‍ദ്ധിച്ച ചെലവും കുറഞ്ഞ ലാഭവും കാരണം കര്‍ഷകര്‍ നെല്ല് ഒഴിവാക്കി ചെമ്മീന്‍ കൃഷി അല്ലെങ്കില്‍ മത്സ്യക്കൃഷി മാത്രം ചെയ്യാന്‍ തുടങ്ങി.. ഇതുമൂലം മണ്ണിന് അതിന്റെ ഘടന നഷ്ടപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നത് മൈക്രോബ് വികസനത്തിനും വയലില്‍ വൈറല്‍ ബാധയുണ്ടാകുന്നതിനും വഴിയൊരുക്കുന്നു.
• മലിനീകരണം: നദിയിലെ മലിനീകരണത്തിന്റെ തോത് വര്‍ദ്ധിക്കുന്നത് പൊക്കാളിയിലും ചെമ്മീന്‍കൃഷിയിലും വിളവ് കുറയുന്നതിന് കാരണമാണ്. ഇത് മൂലം ചെമ്മീന്‍ കുഞ്ഞുങ്ങള്‍ ചാവുകയും അരിയുടെ വലിപ്പം കുറയുകയും ചെയ്യുന്നു.
• കാലാവസ്ഥാ വ്യതിയാനം: കാലാവസ്ഥാ വ്യതിയാനത്തെ തരണം ചെയ്യാന്‍ കെല്‍പ്പുള്ള നെല്ലിനമാണ് പൊക്കാളി എന്ന് പറയുമ്പോളും, ചില കാലാവസ്ഥ വ്യതിയാനങ്ങള്‍ കൃഷിയെ ബാധിക്കുന്നു. കൃത്യമായി മഴ കിട്ടാത്തത് ഈ വിളയെ ബാധിക്കുന്നു.
• പക്ഷികളുടെ ആക്രമണം: തത്തകളും പ്രാവുകളും ആയിരുന്നു മുന്‍ വര്‍ഷങ്ങളില്‍ കൃഷിസമയത്ത് ആക്രമിച്ചിരുന്നത്. പക്ഷേ ഈയിടെ നെല്ലിക്കോഴി എന്നൊരു പക്ഷി കര്‍ഷകരെ ബുദ്ധിമുട്ടിക്കുന്നു. ഇവ വയലില്‍ കൂട് കൂട്ടുകയും നെല്‍ച്ചെടിയുടെ തണ്ടില്‍ നിന്ന് നീരെടുക്കുകയും ചെറിയ പ്രാണികളെയും മത്സ്യങ്ങളെയും ഭക്ഷിക്കുന്നു.
• സര്‍ക്കാരില്‍നിന്നുള്ള അജ്ഞത: സര്‍ക്കാര്‍ മറ്റേതൊരു അരിയും പോലെ സാധാരണ നിരക്കിലാണ് (28 രൂപ) കര്‍ഷകരില്‍നിന്നു പൊക്കാളിയരി സംഭരിക്കുന്നത്. അത് അപര്യാപ്തമാണ്. സൗജന്യ വിത്തുകളും സബ്‌സിഡികളും ആനുകൂല്യങ്ങളും നല്‍കുന്നുണ്ടെങ്കിലും കര്‍ഷകരുടെ ആവശ്യങ്ങള്‍ പൂര്‍ണമായി തൃപ്തിപ്പെടുത്തുന്ന സഹകരണ സേവനങ്ങള്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുന്നില്ല. പൊക്കാളിയുടെ പ്രത്യേകതകള്‍ ജനങ്ങളിലെത്തിച്ച് വിപണിയില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ സഹകരണ സംഘങ്ങള്‍ ശ്രമിക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ സഹായമൊന്നുമില്ലാത്തതിനാല്‍ വേണ്ടത്ര ഫലപ്രാപ്തിയിലെത്തുന്നില്ല.
• അവബോധത്തിന്റെയും അറിവിന്റെയും അഭാവം: കൃത്യവും ആവശ്യവുമായ അറിവിന്റെ അഭാവം പൊക്കാളിക്കൃഷിയുടെ ഇടിവിനു ഒരു പ്രധാന കാരണമാണ്. കര്‍ഷകര്‍ക്ക് കൃത്യമായ അറിവ് പകര്‍ന്നുകൊടുക്കേണ്ടതും അവരുടെ ചില പ്രവര്‍ത്തികളുടെ പ്രത്യാഘാതങ്ങള്‍ അവര്‍ക്ക് മനസിലാക്കിക്കൊടുക്കേണ്ടതും അത്യാവശ്യമാണ്.
പരിഹാരങ്ങളും സാധ്യതകളും
പരമ്പരാഗത കൃഷിരീതിയാണെങ്കിലും വര്‍ത്തമാനകാലത്ത് പൊക്കാളി പലര്‍ക്കും അത്ര സുപരിചിതമല്ല. ഈ കൃഷിരീതിയും പോഷക ഗുണമുള്ള അരി ജനങ്ങളിലേക്ക് എത്തിക്കേണ്ടതും അനിവാര്യമാണ്. അതുപോലെ തന്നെ പ്രധാനമാണ് ഉത്പാദനം കൂട്ടുന്നതും.
ഒരു യൂണിറ്റ് ഏരിയയില്‍നിന്ന് കര്‍ഷകന് ലഭിക്കുന്ന വരുമാനം കൂട്ടുന്നതാണ്, കര്‍ഷകരെ ഈ കൃഷിരീതിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഒരു പ്രധാന മാര്‍ഗ്ഗം. പൊക്കാളിയുടെ ജൈവ കൃഷിരീതിയും ഔഷധഗുണവും പോഷകസമൃദ്ധിയും ഭൂപ്രദേശ സൂചിക പോലെയുള്ള മറ്റു പ്രത്യേകതകളും ജനങ്ങളിലെത്തിച്ച്, വിപണിയില്‍ കൂടുതല്‍ ഇടപെടല്‍ നടത്താനുള്ള വിപണന വൈദഗ്ധ്യവും ആവശ്യമാണ്. അതിനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കൂടുതല്‍ നടപടികള്‍ ഉണ്ടാകേണ്ടതാണ്. ഉത്പാദിപ്പിക്കുന്ന ചരക്കുകളുടെ വിലയും, നെല്ല് സംഭരണ വിലയും ഉയര്‍ത്തേണ്ടതാണ്. തനതായ രീതിയോടൊപ്പം, മത്സ്യ കൃഷി കൂടി ഉള്‍പ്പെടുത്തുന്ന രീതിയും തിരഞ്ഞെടുക്കാവുന്നതാണ്. ഇവ മൊത്തം കൃഷി ലാഭകരമാക്കുന്നു.
പൊക്കാളിയുടെ കയറ്റുമതി സാധ്യതകളും ഏറെയാണ്. പൊക്കാളിയുടെ കയറ്റുമതിക്ക് ആകര്‍ഷകമായ കയറ്റുമതി നയങ്ങള്‍ കൊണ്ടുവരുന്നത് ഈ മേഖലയ്ക്ക് ഒരു ഉത്തേജനമാകും. വിദേശ വിനിമയ വരുമാനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നെല്ലായും അരിയായും അവലായും അരിപ്പൊടിയായിട്ടെല്ലാം പൊക്കാളിവിപണി വിപുലമാകുന്നതിനോടൊപ്പം നെല്ലുത്പാദനവും കൂടേണ്ടതുണ്ട്. അതിനായി നിലങ്ങള്‍ വേണ്ടരീതിയില്‍ കൃഷിയോഗ്യമാക്കുന്നതും നിലവില്‍ തകര്‍ന്നു കിടക്കുന്ന ബണ്ടുകളും തൂമ്പുകളും പുനര്‍നിര്‍മ്മിക്കുന്നതും അനിവാര്യമാണ്. അതോടൊപ്പം കര്‍ഷകര്‍ക്കും താല്പര്യമുള്ളവര്‍ക്കും വേണ്ട പഠന ക്ലാസ്സുകള്‍ നല്‍കി കൃഷിയെ നല്ലരീതിയില്‍ ഉയര്‍ത്തികൊണ്ടുവരാം. ഇന്‍ഷുറന്‍സ് പദ്ധതികളും ഉള്‍പ്പെടുത്താവുന്നതാണ്.
നിലവിലുള്ളതും എന്നാല്‍ കൂടുതല്‍ സാധ്യതകളുമുള്ള ഒന്നാണ് ടൂറിസം. കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കുന്ന ഒന്നാണ് ഇക്കോ-ഫ്രണ്ട്ലി, നേച്ചര്‍ ടൂറിസം എന്നിവ. കൃഷിയിടങ്ങളേയും, കൃഷി രീതികളേയും കൃഷി ഉല്‍പ്പന്നങ്ങളേയും പരിചയപ്പെടുത്താന്‍ ഇത് വളരെ നല്ലതാണ്. മറ്റൊരു വരുമാന മാര്‍ഗ്ഗവുമാണിത്. തണ്ണീര്‍ത്തടങ്ങളെ സംരക്ഷിക്കാനും ഏറ്റവും മികച്ച രീതിയിലതിനെ ഉപയോഗിക്കാനും ഇതുമൂലം കഴിയും. പൊക്കാളിയെ സംബന്ധിച്ച ഗവേഷണ സാധ്യതകള്‍ ഉയര്‍ന്നു വരുന്ന ഒരു കാലമാണ്. ലോകത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്‍ കൃഷി പരീക്ഷണങ്ങള്‍ക്കായി പൊക്കാളി വിത്തുകള്‍ കൊണ്ടുപോകുന്നു. ഇത് പൊക്കാളിയുടെ കൂടുതല്‍ സാധ്യതകളിലേക്ക് വഴിതെളിക്കുന്നു.
പുതിയ വികസന ലക്ഷ്യങ്ങളും പൊക്കാളി കൃഷി വികസനത്തിന് വേണ്ട ഇത്തരം പല നിര്‍ദ്ദേശങ്ങളും പി.എല്‍.ഡി.എ. (പൊക്കാളി നെല്‍കൃഷി -വികസനം പ്രൊജക്റ്റ്) മുന്നോട്ട് വച്ചിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാവുകയാണെങ്കില്‍ വരുംകൊല്ലങ്ങളില്‍ കൂടുതല്‍ ഹെക്ടറുകളിലേക്ക് പൊക്കാളി കൃഷി വ്യാപിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
പ്രകൃതിയും പൈതൃകവും കാക്കേണ്ടത്തിന്റെ ഉത്തരവാദിത്ത്വം നമുക്കുണ്ട്. ഒപ്പം ആരോഗ്യവും. അതുകൊണ്ടുതന്നെ പോക്കാളി എന്ന വിളയുടെ മഹത്വം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്. കാലാവസ്ഥ വ്യതിയാനവും വെള്ളപ്പൊക്കവും നല്ല രീതിയില്‍ ചെറുത്ത് വളരാന്‍ കഴിവുള്ളതുകൊണ്ടു തന്നെ വരും കാലങ്ങളില്‍ പൊക്കാളിക്കൃഷി നിലനിര്‍ത്തി വിപുലമാക്കേണ്ടത് ഒരു ആവശ്യമാണ്.
Content Highlights: Pokkali farming in Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..