താലിബാൻ സൈനികർ |ഫോട്ടോ: എ.പി
അഫ്ഗാനില്‍ താലിബാന്‍ ഭരണമേറ്റെടുത്ത ശേഷം രണ്ടരലക്ഷത്തോളം പെണ്‍കുട്ടികള്‍ക്ക് രാജ്യത്ത് വിദ്യാഭ്യാസം നഷ്ടപ്പെട്ടുവെന്ന് അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കയുടെ പ്രത്യേക രഹസ്യ സംഘത്തിലെ പ്രതിനിധി റിന അമീരി നല്‍കിയ റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹ്യൂമണ്‍ റൈറ്റ്സ് കൗണ്‍സില്‍ മീറ്റിങ്ങില്‍ റിന അമീരി ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസം നഷ്ടമാവുന്നത് പെണ്‍കുട്ടികളുടെ ശാരീരിക മാനസികാവസ്ഥയില്‍ വലിയ മാറ്റം വരുത്തിയെന്നും അന്താരാഷ്ട്ര സമൂഹം വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നുമായിരുന്നു അമീരിയുടെ ആവശ്യം. ഈ റിപ്പോര്‍ട്ട് പുറത്തുവന്ന് കൃത്യം മൂന്ന് ദിവസം പിന്നിടുമ്പോഴാണ് അഫ്ഗാനിലെ സ്‌കൂളുകളില്‍ വിഷപ്രയോഗമുണ്ടാവുകയും എണ്‍പത് വിദ്യാര്‍ഥിനികള്‍ ആശുപത്രിയിലാവുകയും ചെയ്തത്. അഫ്ഗാനില്‍ താലിബാന്‍ ഭരണമേറ്റെടുത്ത ശേഷം ഇത്തരത്തിലൊരു സംഭവം ആദ്യമാണ്. കഴിഞ്ഞ നവംബര്‍ മുതലായിരുന്നു അഫ്ഗാന്റെ തൊട്ടടുത്ത രാജ്യമായ ഇറാനിലെ സ്‌കൂളുകളില്‍ സമാന രീതിയില്‍ വിഷപ്രയോഗമുണ്ടാവുകയും പെണ്‍കുട്ടികളടക്കമുള്ള എണ്ണൂറിലധികം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് വന്നത്. ഇതുമായി ബന്ധപ്പെട്ട് ഉത്തരവാദികളെ പിടികൂടുകയോ പ്രത്യേകിച്ച് നടപടിയോ ഒന്നുമുണ്ടായില്ല എന്നതാണ് സത്യം. ഇതിനുശേഷമാണ് ഇപ്പോള്‍ അഫ്ഗാനിസ്താനിലും വിഷപ്രയോഗമുണ്ടായിരിക്കുന്നത്.
അഫ്ഗാന്‍ സാങ്ചരക് ജില്ലയിലെ നസ്വാന്‍ ഇകബോദ് അറബ് സ്‌കൂളിലെ 60 പേര്‍ക്കും അടുത്തുള്ള നസ്വാന്‍ ഇ ഫൈസാബാദ് സ്‌കൂളിലെ 17 പേര്‍ക്കുമാണ് വിഷബാധയേറ്റത്. ഒന്നുമുതല്‍ ആറ് വര ക്ലാസുകളിലെ കുട്ടികള്‍ക്കായിരുന്നു വിഷബാധയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും കുട്ടികളുടെ നില മെച്ചപ്പെട്ടുവെന്നും അധികാരികള്‍ വ്യക്തമാക്കുമ്പോഴും ഇതിന്റെ പുറകിലാരാണെന്ന കാര്യം പുറത്തുവിടാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
.jpg?$p=155cd4e&&q=0.8)
പുറത്തുനിന്നുള്ള ഒരാള്‍ സ്‌കൂളിലെത്തുകയും കൃത്യം നടത്തുകയും ചെയ്തുവെന്നാണ് അധികൃതര്‍ പറയുന്നതെങ്കിലും ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുറത്തുവന്നിട്ടില്ല. അഫ്ഗാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചതില്‍ വലിയ വിമര്‍ശനമാണ് താലിബാന്‍ നേതൃത്വത്തിനെതിരേ ഉയര്‍ന്നു വരുന്നത്. അന്താരാഷ്ട്ര സഹായമടക്കം നിലച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ വലിയ സമ്മര്‍ദവുമുണ്ട്. ഇതിനിടെയാണ് വിഷപ്രയോഗം പോലുള്ള കാര്യങ്ങള്‍ നടക്കുന്നത്. കുട്ടികളെ പേടിപ്പിച്ച് സ്‌കൂളില്‍ വരുന്നത് തടസ്സപ്പെടുത്തുകയാണ് ഇതിന് പിന്നിലുള്ളവരുടെ ലക്ഷ്യമെന്നാണ് അഫ്ഗാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.
സമാനമായിരുന്നു ഇറാനിലും നടന്നത് മിക്ക കേസുകളും റിപ്പോര്‍ട്ട് ചെയ്തത് പെണ്‍കുട്ടികളുടെ സ്‌കൂളുകളിലാണ്. പലര്‍ക്കും തലവേദന, ശ്വാസതടസ്സം, ഛര്‍ദി, തലകറക്കം എന്നിവയാണ് അനുഭവപ്പെട്ടത്. ഇതിന് പുറമേ ചില വിദ്യാര്‍ഥികള്‍ക്ക് കൈകാലുകള്‍ക്ക് തളര്‍ച്ചയും അനുഭവപ്പെട്ടു.
- ഭയപ്പാടില്ലാത്ത കാലത്തിലേക്ക് എത്രനാള്‍
താലിബാന്‍ ഭരണമേറ്റെടുത്ത് ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ഇരുട്ടറയിലായിപ്പോയ പെണ്‍കുട്ടികളുടെ എണ്ണം 30 ലക്ഷത്തില്‍ അധികമാണെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞവര്‍ഷം അവസാനമാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിലും കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. ഏഴാംഗ്രേഡിന് ശേഷം പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് വിലക്കാണ്. പെണ്‍കുട്ടികളുടെ സര്‍വകലാശാലകളും ലൈബ്രറികളും അടച്ചുപൂട്ടപ്പെട്ടു. പഠനത്തിന് മാത്രമല്ല, ജോലിചെയ്യാനും വിലക്കുണ്ടായി. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് ആയിരക്കണക്കിന് സ്ത്രീകളെ പിരിച്ചുവിട്ടു. സ്ത്രീകളുടെ ജോലികള്‍ പുരുഷന്മാര്‍ക്ക് കൈമാറാന്‍ നിര്‍ബന്ധിതരായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ നിന്നടക്കം വലിയ സമ്മര്‍ദം താലിബാനുണ്ടാവുന്നതിനിടെയാണ് വിഷപ്രയോഗം പോലുള്ളവ കുട്ടികള്‍ക്ക് നേരെയുണ്ടാവുന്നത്. പേടിപ്പിച്ച് പഠനത്തില്‍ നിന്ന് പിന്നോട്ടടിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

- ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യുന്ന കുട്ടികള്‍, സ്ത്രീധനത്തിന് വേണ്ടി ശൈശവ വിവാഹം നടത്തുന്ന രക്ഷിതാക്കള്‍
കുടുംബത്തിലെ സ്ത്രീകള്‍ക്കുണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതോടെ വലിയ സാമ്പത്തിക ബാധ്യതയാണ് പലരും അനുഭവിക്കേണ്ടി വരുന്നത്. വ്യക്തിഗത കടവും കുമിഞ്ഞ് കൂടി. കുട്ടികളുടെ പഠനവും മറ്റും മുന്നോട്ട് കൊണ്ടുപോവാനായതോടെ രക്ഷിതാക്കള്‍ കുട്ടികളെ ഇഷ്ടിക്കളത്തില്‍ ജോലിക്ക് വിടുകയാണെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പത്തും പതിനൊന്നും വയസ്സുള്ള കുട്ടികളാണ് കുടംബത്തിന് താങ്ങാവാന്‍ ഇഷ്ടികക്കളത്തില്‍ പന്ത്രണ്ടും പതിമൂന്നും മണിക്കൂറോളം ജോലി ചെയ്യുന്നത്. താലിബാന്‍ ഭരണമേറ്റെടുത്തതോടെ രാജ്യത്തിന് പുറത്ത് നിന്നുള്ള സഹായം നിലയ്ക്കുകയും ദാരിദ്ര്യം വര്‍ധിക്കുകയും ചെയ്തതോടെയാണ് കുട്ടികളടക്കമുള്ളവര്‍ പഠനമുപേക്ഷിച്ച് ജോലിക്ക് പോവേണ്ടി വന്ന അവസ്ഥയുണ്ടായിരിക്കുന്നതെന്നാണ് അഫ്ഗാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കട്ടുന്നത്. ഇതിനോടൊപ്പമാണ് രക്ഷിതാക്കളില്‍ ഭൂരിഭാഗം പേരും പെണ്‍കുട്ടികളെ 13 ഉം 14 ഉം വയസ്സില്‍ തന്നെ വിവാഹം കഴിപ്പിക്കുന്നത്. ഇതുവഴി ലഭിക്കുന്ന സ്ത്രീധനത്തുക കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്നു.

കുടുംബത്തിന്റെ പട്ടിണിമാറ്റാനും കടമടച്ച് തീര്‍ക്കാനും മറ്റ് വഴിയില്ലാതെയാണ് കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിച്ചയക്കുന്നതെന്നാണ് രക്ഷിതാക്കളുടെ പ്രതികരണം. ഇതല്ലാതെ ഞങ്ങള്‍ക്കെന്ത് ചെയ്യാനാവും സ്‌കൂളില്‍ വിടാനാവുന്നില്ല സത്രീകള്‍ക്ക് ജോലി ചെയ്യാനും പറ്റുന്നില്ല കാബൂളിലെ ഫസല്‍ എന്ന താമസക്കാരന്‍ റോയ്ട്ടേഴ്സിനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. അഫ്ഗാനിസ്താനില്‍ താലിബാന്‍ ഭരണമേറ്റെടുത്തശേഷം ശൈശവ വിവാഹങ്ങളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായതെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. 500 ഡോളര്‍ മുതല്‍ 2000 ഡോളര്‍വരെയാണ് പെണ്‍കുട്ടികളെ നല്‍കുമ്പോള്‍ സ്ത്രീധനത്തുകയായി ലഭിക്കുക. പ്രായംകുറഞ്ഞ പെണ്‍കുട്ടികളാണെങ്കില്‍ കൂടുതല്‍ പണം ലഭിക്കും.
പ്രായപൂര്‍ത്തിയാവാതെ വിവാഹം കഴിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ വലിയ രീതിയിലാണ് ഇവിടെ ചൂഷണം ചെയ്യപ്പെടുന്നത്. ഇങ്ങനെ വിവാഹം കഴിച്ചയക്കപ്പെടുന്ന പെണ്‍കുട്ടികളെ അടിമകളെ പോലെയാണ് കണക്കാക്കപ്പെടുന്നത്. ലൈംഗിക ദുരുപയോഗത്തിനുവരെ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്നു. പലപ്പോഴും പെണ്‍കുട്ടിയെക്കാള്‍ രണ്ടിരട്ടി പ്രായമുള്ളവര്‍വരെ ഇവരുടെ ഭര്‍ത്താക്കന്‍മാരായി വരുന്നെന്നും ഇത് അവരുടെ ശാരീരിക മാനസികാരോഗ്യത്തെ വലിയ രീതിയിലാണ് ബാധിക്കുന്നതെന്നും രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളും ചൂണ്ടിക്കാട്ടുന്നു.

- ആദ്യം സെക്കന്‍ഡറി, പിന്നെ യൂണിവേഴ്‌സിറ്റി
പറ്റിയ സാഹചര്യങ്ങള്‍ ഒരുങ്ങുന്നതുവരെ താല്‍ക്കാലികമായാണ് പെണ്‍കുട്ടികള്‍ക്ക് യൂണിവേഴ്സിറ്റികളിലും സെക്കന്‍ഡറി പഠനത്തിനും നിരോധനമേര്‍പ്പെടുത്തിയതെന്നാണ് താലിബാന്‍ വക്താക്കള്‍ അവകാശപ്പെടുന്നത്. ഇതിന് പുറമെ താലിബാന്റെ പലതരം ഭീഷണികളുണ്ട്.
സ്ത്രീകള്‍ രക്തബന്ധമുള്ള പുരുഷന്‍മാര്‍ക്ക് ഒപ്പമല്ലാതെ മാര്‍ക്കറ്റുകളില്‍ പോവാന്‍ പാടില്ലെന്നാണ് താലിബാന്‍ പറയുന്നത്. സ്ത്രീകള്‍ നടന്നുപോകുന്ന ശബ്ദം കേള്‍ക്കരുത്. ഹൈ ഹീല്‍സ് ഷൂസ് ധരിക്കരുത്, സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ ശബ്ദം അപരിചിതര്‍ കേള്‍ക്കരുത്, തെരുവുകളില്‍നിന്ന് നോക്കിയാല്‍ കെട്ടിടത്തിലെ സ്ത്രീകളെ കാണരുത്. താഴെ നിലയിലെയും ഒന്നാം നിലയിലെയും ജനാലകള്‍ അടയ്ക്കണം, സ്ത്രീകള്‍ക്ക് അവരുടെ ചിത്രങ്ങള്‍ എടുക്കുന്നതിനും, പത്രം, പുസ്തകം, കടകള്‍, വീടുകള്‍ എന്നിവയില് പ്രദര്‍ശിപ്പിക്കരുത്, റേഡിയോ, ടിവി, പൊതുപരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കരുത് തുടങ്ങിയ ഒട്ടേറെ നിയമങ്ങളാണ് താലിബാന്‍ സ്ത്രീകള്‍ക്കായി കൊണ്ടുവന്നത്.
പെണ്‍കുട്ടികളും സ്ത്രീകളും ഹിജാബ് ധരിക്കാന്‍ തയ്യാറാവുന്നില്ലെന്നും ഇസ്ലാമിക നിയമങ്ങള്‍ പാലിക്കുന്നില്ലെന്നുമാണ് സ്ത്രീകള്‍ക്ക്‌മേല്‍ പലതരം നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ താലിബാന്‍ മുന്നോട്ടുവെക്കുന്ന ന്യായവാദം. ഇത് ശരിയല്ലെന്ന് പറയുന്നു ജനങ്ങള്‍. താലിബാന്‍ അഫ്ഗാന്റെ ഭരണം ഏറ്റെടുക്കുന്നതിന് മുന്‍പേപോലും അഫ്ഗാന്‍ സത്രീകള്‍ ഹിജാബ് ധരിക്കാതെ പുറത്തിറങ്ങാറില്ല എന്നതാണ് യാഥാര്‍ഥ്യം. പക്ഷെ, ഇതൊന്നുമല്ല കാരണമെന്നും പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തുകയെന്നത് മാത്രമാണ് അവര്‍ ലക്ഷ്യമിടുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

- ലൈബ്രറികളും അടച്ചുപൂട്ടി
അന്താരാഷ്ട്ര പുസ്തകങ്ങളടക്കം ലഭ്യമായിരുന്ന ലൈബ്രറികളാണ് അടച്ചുപൂട്ടേണ്ടി വന്നിരിക്കുന്നത്. ഇതോടെ പുസ്തകങ്ങളെല്ലാം നശിച്ചുതുടങ്ങിയെന്നും ലൈബ്രറി നടത്തിപ്പുകാര്‍ പറയുന്നു. താലിബാന്റെ മനുഷ്യത്വമില്ലായ്മയ്ക്കെതിരേ പ്രതികരിച്ചാല്‍ നടുറോഡില്‍ പോലും കൊല്ലപ്പെടുമെന്ന അവസ്ഥയാണ്. അത്തരത്തിലാണ് ഭീഷണിയെന്നും ഇവര്‍ പറയുന്നു. നിരോധനം വകവെക്കാതെ പലരും ലൈബ്രറികള്‍ തുറക്കുമ്പോഴേക്കും ഫോണ്‍ വിളികളെത്തും. സ്ത്രീകള്‍ക്ക് പുസ്തകങ്ങള്‍ വായിക്കാന്‍ അനുവാദമില്ലെന്നും ലൈബ്രറികള്‍ തുറന്നാല്‍ അതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇതോടെ പേടിയായി. പിന്നീട് മറ്റുവഴികളില്ലാതെ അടച്ചിടുകയായിരുന്നുവെന്ന് പറയുന്നു നടത്തിപ്പുകാര്‍.
- ഇനിയെന്ത്?
Content Highlights: Poison attack against primary school students in Afganisthan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..