മയിലമ്മയുടെ മകൾ ദൈവ
പഴയ തിരക്കില്ല പ്ലാച്ചിമടയില്‍. രാവിലെ പതിവുപോലെ പണിക്കുപോകുന്നവര്‍... യൂണിഫോമണിഞ്ഞ് പുസ്തകവുമായി സ്‌കൂളിലേക്ക് പോവുന്ന പുതിയ തലമുറ. ആട്ടിന്‍കൂട്ടങ്ങളെ തെളിച്ച് മേക്കാന്‍ പോവുന്നവര്‍. തമിഴ്നാട്ടിലെ മീനാക്ഷീപുരത്തുനിന്ന് തൃശ്ശൂര്‍ക്കുള്ള സംസ്ഥാനപാത അതിരിടുന്ന ഗ്രാമങ്ങള്‍. റോഡിന്റെ ഒരുഭാഗത്ത് പെരുമാട്ടി പഞ്ചായത്ത്, മറുപുറത്ത് പട്ടഞ്ചേരി പഞ്ചായത്ത്. പെരുമാട്ടി പഞ്ചായത്തിലെ എട്ടാംവാര്‍ഡ് കമ്പാലത്തറയിലാണ് കോളക്കമ്പനി. ഒരുവശത്ത് വിജയനഗര്‍ കോളനി, മറുവശത്ത് പ്ലാച്ചിമട കോളനി. റോഡിന്റെ എതിര്‍ഭാഗത്ത് തൊട്ടിച്ചിപ്പതി, കൊച്ചിക്കാട് കോളനികള്‍.
കോളക്കമ്പനിക്കുമുന്നിലെ സര്‍വീസ് റോഡ് ഒഴിഞ്ഞുകിടക്കുന്നു. ലോറികള്‍ ഇടതടവില്ലാതെ കമ്പനിക്കകത്തേക്കും പുറത്തേക്കും നീങ്ങിയിരുന്ന പാതയരികില്‍ വിറകുകള്‍ കൂട്ടിയിട്ടിരിക്കുന്നു. കോളനിക്കുമുന്നിലുണ്ടായിരുന്ന വലിയ മരുതുമരത്തിനുകീഴെ അശാന്തമായ മൗനം തളംകെട്ടിനില്‍ക്കുന്നു. കമ്പനിക്കെട്ടിടങ്ങള്‍ കോവിഡുകാലത്ത് പ്രാഥമികചികിത്സാകേന്ദ്രമായി ഉപയോഗിക്കാനായി എന്ന നേട്ടംമാത്രമാണ് നാട്ടുകാര്‍ക്കുണ്ടായത്. പൂട്ടിയിട്ട കമ്പനിപ്പടിക്കകത്ത് കാബിനില്‍ സുരക്ഷാജീവനക്കാര്‍ ഇപ്പോഴുമുണ്ട്. റോഡിനപ്പുറത്ത് വീട്ടമ്മമാരും കുട്ടികളുമുള്‍പ്പെടെ നിറഞ്ഞിരുന്ന ഓലമേഞ്ഞ സമരപ്പന്തലിനുമുണ്ട് മാറ്റം. സിമന്റുകാലുകള്‍ക്കുമുകളില്‍ തെങ്ങിന്‍കഴുക്കോലുകളിട്ട് തകരഷീറ്റിട്ടു. വഴിയാത്രക്കാരെ ഓര്‍മിപ്പിക്കാന്‍ വെള്ളയില്‍ നീല അക്ഷരങ്ങളില്‍ ഒരു ബോര്‍ഡ്: കൊക്കകോളവിരുദ്ധ സമരസമിതി, പ്ലാച്ചിമട, കന്നിമാരി. അടിയില്‍ രണ്ടു ഫോണ്‍ നമ്പറുകള്‍.
ഇന്ത്യക്കകത്തുനിന്നും പുറത്തുനിന്നുമുള്ള പരിസ്ഥിതിപ്രവര്‍ത്തകരുടെയും മാധ്യമപ്രവര്‍ത്തകരുടെയുമെല്ലാം ഒരു ഘട്ടത്തിലെ ലക്ഷ്യസ്ഥാനം ഇന്ന് ആളൊഴിഞ്ഞുകിടപ്പാണ്. പാലക്കാട്ടെ പ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനും ഐക്യദാര്‍ഢ്യമര്‍പ്പിക്കാനുമുള്ള ഒരു കേന്ദ്രമാണ് ഇന്ന് ഈ സമരപ്പന്തല്‍.
ലംഘിക്കപ്പെടുന്ന വാഗ്ദാനങ്ങള്‍
പ്രദേശവാസികള്‍ക്ക് തൊഴില്‍ വാഗ്ദാനംചെയ്താണ് കോളക്കമ്പനി പ്ലാച്ചിമടയിലെത്തിയത്. ആദ്യത്തെ ഒന്നുരണ്ടുവര്‍ഷം പ്രശ്‌നമുണ്ടായില്ല. 300-400 കരാര്‍ തൊഴിലാളികളുണ്ടായിരുന്നു. ജലക്ഷാമമുള്ള സ്ഥലമായിരുന്നെങ്കിലും കുടിവെള്ളം നല്‍കിയിരുന്ന കിണറുകള്‍ വരണ്ടുതുടങ്ങി. കുടിവെള്ളത്തെ ബാധിച്ചുതുടങ്ങിയതോടെ പഞ്ചായത്തിലേക്ക് മാര്‍ച്ചുള്‍പ്പെടെ നടന്നു.
2000 മുതല്‍ 2005 വരെ പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ. കൃഷ്ണന്‍ പഴയകാലം ഓര്‍ത്തു. കുടിവെള്ളം ചോര്‍ത്തുന്ന കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. പ്രശ്‌നം പഠിക്കാന്‍ ഭൂജല അതോറിറ്റി, ആരോഗ്യവകുപ്പ് തുടങ്ങിയവരോടെല്ലാം പഞ്ചായത്ത് ആവശ്യപ്പെട്ടു. കിണറുകളിലെ വെള്ളം പരിശോധനയ്ക്കയച്ചു. കിണര്‍വെള്ളത്തില്‍ ഫ്‌ളൂറൈഡിന്റെയുള്‍പ്പെടെ അംശം കൂടുതലായതിനാല്‍ ഉപയോഗിക്കാന്‍ പറ്റില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.
പഞ്ചായത്തിന് എങ്ങനെയെല്ലാം പ്രശ്‌നത്തിലിടപെടാനാവുമെന്നതിനെക്കുറിച്ച് നിയമോപദേശം തേടി. കമ്പനി അധികൃതരെ വിളിച്ചു സംസാരിച്ചപ്പോള്‍ സമീപനം മോശമായിരുന്നു. പിന്നീട് ലൈസന്‍സ് പുതുക്കേണ്ട സമയമായപ്പോള്‍ ശക്തമായ നടപടിയെടുത്തു. ആഗോളഭീമനെതിരേ ഒരു ഗ്രാമപ്പഞ്ചായത്തിന്റെ ശക്തമായ നിലപാടുകളും നടപടികളും ലോകമാകെ ശ്രദ്ധിച്ചു. പിന്നീട് നിയമപോരാട്ടത്തിന്റെ നാളുകളായിരുന്നു.
ഗ്രാമപ്പഞ്ചായത്തിന് നിയമനടപടികള്‍ക്ക് ചെലവഴിക്കാനാവുന്ന പണത്തിന് പരിധിയുണ്ട്. സര്‍ക്കാര്‍ അനുവാദവും വേണ്ടിയിരുന്നു. 2005-ല്‍ കോളക്കമ്പനി പൂട്ടി. പ്രദേശത്തിന്റെ നഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ നേതൃത്വത്തില്‍ പരാതികള്‍ സ്വീകരിച്ചിരുന്നു. പഞ്ചായത്ത് ഭരണസമിതിയും ഇതില്‍ തെളിവുനല്‍കി. 216.26 കോടിയുടെ നഷ്ടപരിഹാരം ട്രിബ്യൂണല്‍ വിധിച്ചിട്ട് വര്‍ഷങ്ങളായെങ്കിലും അതില്‍ നടപടികളൊന്നുമായിട്ടില്ല. എങ്കിലും പ്രതീക്ഷകള്‍ മുഴുവനായി നഷ്ടപ്പെട്ടിട്ടില്ല. കുന്നങ്കാട്ടുപതിയില്‍നിന്നുള്ള വെള്ളമുപയോഗിച്ച് കുടിവെള്ളപദ്ധതി വന്നതോടെ എല്ലാ വീടുകളിലും പൈപ്പുവെള്ളമെത്തുന്നുണ്ട്.
കെട്ടുപോയ കിണറുകള്‍
%20(1).jpg?$p=b645eb8&&q=0.8)
കോളക്കമ്പനി വന്നതിനുശേഷമാണ് കിണർ ഈനിലയിലായത്
വിജയനഗര്‍ കോളനിക്കുനടുവിലെ പഞ്ചായത്തുകിണര്‍ രണ്ടുമൂന്നുതവണ വൃത്തിയാക്കിയതാണ്. ജലനിരപ്പ് താഴ്ന്നതോടെ കല്ലുകളില്‍ വിളറിയ വെള്ളപ്പൊടി. അടിയിലെ വെള്ളത്തില്‍ പച്ചനിറമുള്ള പായല്‍. ഒരുകാലത്ത് കോളനിക്കാര്‍ക്കുമുഴുവന്‍ വെള്ളം നല്‍കിയിരുന്ന കിണര്‍ ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടനിലയിലാണ്. ''ഇപ്പോള്‍ ഞങ്ങളാരും ഈ കിണറ്റിലെ വെള്ളമെടുക്കാറേയില്ല'' -പ്ലാച്ചിമട സമരനായിക മയിലമ്മയുടെ മകള്‍ ദൈവ പറഞ്ഞു. ''കിണറ്റിലെ വെള്ളം കുടിക്കാന്‍ ധൈര്യം വരുന്നില്ല'' -മയിലമ്മയുടെ മകന്‍ തങ്കവേല്‍ പറഞ്ഞു. കോളനിക്കുള്ളിലെ പഴയ മണ്‍പാത ടാറിട്ട പാതയായി. പഴയ വേലികള്‍ പലതും സ്ലാബുമതിലിനു വഴിമാറി. ഓലപ്പുരകള്‍ ഓട്ടുപുരകളും വാര്‍ക്കപ്പുരകളുമായിമാറി. പക്ഷേ, വീട്ടുമുറ്റത്ത് ഇത്തിരിസ്ഥലത്ത് കുഴിച്ച കിണറിലുണ്ടായിരുന്ന വെള്ളം എടുത്തുകുടിക്കാന്‍മാത്രം ആര്‍ക്കും ഇപ്പോഴും കഴിയുന്നില്ല.
2007-ലാണ് മയിലമ്മ മരിക്കുന്നത്. വരുംതലമുറയ്ക്ക് നല്ലവെള്ളം കിട്ടാനാണ് ഈ സമരമൊക്കെയെന്ന് അമ്മ ഇടയ്ക്കിടെ ഓര്‍മപ്പെടുത്തിയിരുന്നെന്ന് തങ്കവേലു ഓര്‍ക്കുന്നു. ''ആദ്യമൊക്കെ സ്റ്റീല്‍പ്പാത്രത്തില്‍ വെള്ളം പിടിച്ചുവെച്ചാല്‍ അടിയില്‍ തുരുമ്പുനിറത്തില്‍ പൊടി അടിഞ്ഞുകിടക്കുമായിരുന്നു. രുചിക്കും മാറ്റമുണ്ടായിരുന്നു'' -പ്ലാച്ചിമട കോളനിറോഡിനുമുന്നില്‍ കടനടത്തുന്ന ആരോഗ്യസ്വാമി പറഞ്ഞു. ഇപ്പോള്‍ വെള്ളം തെളിഞ്ഞിട്ടുണ്ട്. ഇപ്പോഴും ആരും കിണറുകളിലെ വെള്ളം കുടിക്കാറില്ല. ജല്‍ജീവന്‍ മിഷന്റെ ഭാഗമായി പൈപ്പില്‍ എത്തുന്ന കുടിവെള്ളമാണ് ഇപ്പോള്‍ ആശ്രയം.
അനുഭവത്തിലൂടെ സമരത്തിലണിനിരന്നവര്‍
.jpg?$p=acd28be&&q=0.8)
കോവിഡ് ആശുപത്രിയാക്കി മാറ്റിയപ്പോൾ.
പാതയ്ക്ക് ഇപ്പുറം, ഓലമേഞ്ഞ സമരപ്പന്തൽ സിമന്റ്തൂണിനു മീതെ ഷീറ്റിട്ട നിലയിൽ.
ചരിത്രത്തിന് സാക്ഷിയായി നിൽക്കുന്ന മരുത് മരം
''കുടിവെള്ളം മുട്ടിയപ്പോഴത്തെ അനുഭവങ്ങളാണ് പ്ലാച്ചിമടയിലെ ആദിവാസിവിഭാഗത്തെ സമരരംഗത്തെത്തിച്ചത്. പരാതികള്‍ക്കൊന്നും ഫലമില്ലാതായപ്പോഴാണ് സമരം തുടങ്ങിയത്'' -പ്ലാച്ചിമട കൊക്കകോളവിരുദ്ധ സമരസമിതി ജനറല്‍ കണ്‍വീനര്‍ കെ. ശക്തിവേല്‍ പറയുന്നു. കുടുംബംപോറ്റാന്‍ കൂലിപ്പണിക്കുപോയിരുന്നവര്‍ ഊഴമിട്ട് സമരപ്പന്തലിലെത്തി. ഭാര്യമാര്‍ പന്തലിലിരിക്കുമ്പോള്‍ ഭര്‍ത്താക്കന്മാരും ഭര്‍ത്താക്കന്മാര്‍ പന്തലിലിരുന്നപ്പോള്‍ ഭാര്യമാരും കൂലിപ്പണിയെടുത്തു. ടാങ്കറില്‍ വെള്ളം നല്‍കിയിരുന്ന കാലത്ത് കുടിക്കാന്‍ വെള്ളം കിട്ടണമെങ്കില്‍ പണിക്കുപോവാതെ ഒരാള്‍ വീട്ടില്‍ വെള്ളമെത്തുന്നതും കാത്തിരിക്കേണ്ടിയിരുന്നു. നര്‍മദാ പ്രക്ഷോഭനായിക മേധാ പട്കറുള്‍പ്പെടെയുള്ളവര്‍ എത്തിയതോടെ സമരത്തിന്റെ ഗതിമാറി. 'മാതൃഭൂമി'യുടെ സാരഥി എം.പി. വീരേന്ദ്രകുമാര്‍ നടത്തിയ ഇടപെടലുകള്‍ സമരത്തെ ലോകശ്രദ്ധയിലേക്കെത്തിച്ചു. പ്ലാച്ചിമടയില്‍ ലോക ജലസമ്മേളനം സംഘടിപ്പിച്ചത് അദ്ദേഹം മുന്‍കൈയെടുത്താണ്.
സമരത്തിനെത്തിയ ഓരോരുത്തരുടെപേരിലും ആറും ഏഴും കേസുകളുണ്ടായിരുന്നു. കേസിനുപോവാന്‍ പണം കണ്ടെത്താന്‍ പാടുപെട്ടു. ഇപ്പോള്‍ കേസുകളൊന്നുമില്ല. കൂലിപ്പണിയാണ് മിക്കവരുടെയും ആശ്രയം. ആദിവാസിമേഖലയിലെ കുടിവെള്ളം ഇല്ലാതാക്കിയെന്ന പരാതി പരിഗണിച്ച് മണ്ണാര്‍ക്കാട്ടെ പ്രത്യേക കോടതി കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. എങ്കിലും ഇപ്പോഴും പ്രതീക്ഷ കൈവിടുന്നില്ല. കോളക്കമ്പനി വരുത്തിവെച്ച നാശനഷ്ടങ്ങള്‍ക്ക് പരിഹാരം മക്കളുടെ കാലത്തെങ്കിലും കിട്ടുമായിരിക്കണം. -ശക്തിവേല്‍ പ്രതീക്ഷയോടെ പറഞ്ഞു.
Content Highlights: plachimada coca-cola struggle
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..