'തീരാനഷ്ടം, എല്ലാവര്‍ക്കും സ്വീകാര്യന്‍'- കോടിയേരി ബാലകൃഷ്ണന് അനുശോചനമറിയിച്ച് നേതാക്കള്‍


കോടിയേരി ബാലകൃഷ്ണൻ| ഫോട്ടോ: കെ. അബൂബക്കർ, മാതൃഭൂമി

തിരുവനന്തപുരം: ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരിയുടെ വിദ്യാര്‍ത്ഥി കാലം മുതല്‍ അടുപ്പമുണ്ടെന്നും ഊഷ്മളമായ സൗഹൃദവും കോമ്രേഡ്ഷിപ്പും ഞങ്ങള്‍ക്കിടയില്‍ ഈ കാലയളവില്‍ വളര്‍ന്നു വന്നിരുന്നുവെന്നും മുഖ്യമന്ത്രി ഓര്‍മിച്ചു. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂര്‍വ്വം നല്‍കിയ കോടിയേരിയുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാര്‍ത്ഥി നേതാവ്, നിയമസഭാ സാമാജികന്‍, സംസ്ഥാനത്തിന്റെ ആഭ്യന്തര മന്ത്രി, പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ തന്റേതായ മുദ്ര പതിപ്പിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. വിദ്യാര്‍ത്ഥി സംഘടനാ രംഗത്തിലൂടെയാണ് രാഷ്ട്രീയജീവിതമാരംഭിച്ചത്. അടിയന്തിരാവസ്ഥ കാലത്ത് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയി സംഘടനയെ നയിച്ചു. ഈ സമയത്ത് 16 മാസത്തോളം മിസ തടവുകാരനായി ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കേരളമാകെ വേരുള്ള വിദ്യാര്‍ത്ഥി പ്രസ്ഥാനമായി എസ്‌.എഫ്.ഐയെ വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് ചെറുതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പാര്‍ട്ടി ചട്ടക്കൂടിന് പുറത്തേക്കും വ്യാപിപ്പിച്ച നേതാവ് - വി.ഡി. സതീശൻ

അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം. സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരനായി. പാര്‍ട്ടി ചട്ടക്കൂടിന് പുറത്തേക്കും അദ്ദേഹത്തിന്റെ സൗഹൃദം വ്യാപിച്ചു.

പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രവും കാര്‍ക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവായിരുന്നു കോടിയേരി. നിയമസഭ സാമാജികനെന്ന നിലയിലും പ്രതിപക്ഷ ഉപനേതാവെന്ന നിലയിലും കോടിയേരിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. രോഗത്തിന്റെ വേദനയിലും തന്റെ സ്വാഭാവിക ചിരിയോടെ എല്ലാം അതിജീവിക്കുമെന്ന ആത്മവിശ്വാസമാണ് ചുറ്റുമുള്ളവര്‍ക്ക് കോടിയേരി നല്‍കിയത്. സി.പി.എമ്മിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമാണ്.

സിപിഎമ്മിലെ സൗമ്യമുഖം - കെ.സുധാകരന്‍

മതനിരപേക്ഷ നിലപാടുകള്‍ സ്വീകരിച്ച ജനകീയനായ സിപിഎം നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണ്‍. സിപിഎമ്മിലെ സൗമ്യമായ മുഖം. മികച്ച ഭരണാധികാരിയായി പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളോടും ആശയങ്ങളോടും കൂടി പ്രവര്‍ത്തിക്കുമ്പോഴും എല്ലാവരുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു കോടിയേരി. അദ്ദേഹത്തിന്റെ വേര്‍പാട് സിപിഎമ്മിന് നികത്താന്‍ സാധിക്കാത്തതാണ്. കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ വേദനിക്കുന്ന കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.

സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ട നേതാവ് - ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമതൽപ്പരതയും കൊണ്ട് ഏവർക്കും പ്രിയങ്കരനായിരുന്നു. മുൻ മന്ത്രി , സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെട്ട നേതാവ് തുടങ്ങിയ നിലകളിലുള്ള സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടും. ആത്മാവിന് മുക്തി നേരുന്നു.

നഷ്ടപ്പെട്ടത് സിപിഎമ്മിലെ കരുത്തനായ നേതാവിനെ- രമേശ് ചെന്നിത്തല

സി.പി.എമ്മിന്റെ കരുത്തനായ ഒരു നേതാവിനെയാണ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ നഷ്ടപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥി-യുവജനപ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുമ്പോൾത്തന്നെ കോടിയേരിയുമായി ബന്ധപ്പെടാൻ ഇടയായിട്ടുണ്ട്. പാർട്ടിക്കുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. മായാത്ത ചിരിയോടെ ആരോടും സൗഹൃദപൂർവ്വം പെരുമാറുന്ന കോടിയേരിക്ക് മറ്റു പാർട്ടികളിലും ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു.

കർക്കാശ്യക്കാരനായ കമ്യൂണിസ്റ്റായിരുന്നപ്പോഴും എന്തിനേയും ചിരിയോടെ സമീപിച്ച നേതാവ് -കേന്ദ്രവിദേശകാര്യസഹമന്ത്രി വി. മുരളീധരൻ

കേരള രാഷ്ട്രീയത്തിന്റെ വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണണന്റെ വേർപാട്. രാഷ്ട്രീയ വ്യത്യാസമില്ലാതെ പൊതുസ്വീകാര്യനായായിരുന്നു. കർക്കാശ്യക്കാരനായ കമ്യൂണിസ്റ്റായിരുന്നപ്പോഴും എന്തിനേയും ചിരിയോടെ സമീപിച്ച നേതാവായിരുന്നു കോടിയേരി. പ്രായോഗിക രാഷ്ട്രീയത്തിന്‍റെ പകരംവക്കാനില്ലാത്ത നേതാവാണ് വിടവാങ്ങുന്നത്.

പിഐഎമ്മിനും കേരളത്തിലെ പൊതുസമൂഹത്തിനും തീരാനഷ്ടം - മന്ത്രി കെ രാധാകൃഷ്ണൻ

ഒരിക്കലും മറക്കാനാകാത്ത ആത്മബന്ധമായിരുന്നു കോടിയേരി സഖാവുമായി. ഏതു പ്രശ്നങ്ങളെയും സമചിത്തതയോടെ നേരിട്ട് പരിഹരിക്കുന്നതിന് അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ടായിരുന്നു. നിയമസഭയിലും അദ്ദേഹത്തോടൊപ്പം ഒന്നിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹം പ്രതിപക്ഷ ഉപനേതാവായിരുന്നപ്പോൾ പ്രതിപക്ഷ ചീഫ് വിപ്പായും ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ സ്പീക്കറായും ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. സഖാവിന്റെ അകാല വിയോഗം സിപിഐഎമ്മിനും കേരളത്തിലെ പൊതുസമൂഹത്തിനും തീരാനഷ്ടമാണ്.

പൊതുപ്രവർത്തകർക്ക് എക്കാലത്തും മാതൃക- ഡി രാജ

കരുത്തുറ്റ കമ്യൂണിസ്റ്റ് പോരാളിയായിരുന്നു കോടിയേരി. ഇടതുപക്ഷ ഐക്യത്തിനും ഇടതുപക്ഷമുന്നേറ്റത്തിനുമായി നിലകൊള്ളുകയും നിർണായക പങ്ക് വഹിക്കുകയും ചെയ്തു. പൊതുപ്രവർത്തകർക്ക് എക്കാലത്തും മാതൃക. ഭരണാധികാരി എന്ന നിലയിലും മികവ് കാട്ടി.

കേരള രാഷ്ട്രീയ രംഗത്തെ നിസ്വാർത്ഥ സേവകൻ - എം.എ.യൂസഫലി

കേരള രാഷ്ട്രീയ രംഗത്തെ നിസ്വാർത്ഥ സേവകനായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത നിര്യാണം ഏറെ വേദനയോടും ദു:ഖത്തോടെയുമാണ് ഞാൻ ശ്രവിച്ചത്. നിയമസഭാ സമാജികൻ, പ്രതിപക്ഷ ഉപനേതാവ്, മന്ത്രി, പാർട്ടി സെക്രട്ടറി എന്നീ നിലകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനം ഏറെ ശ്രദ്ധേയമായിരുന്നു. ദീർഘകാലമായുള്ള സഹോദര ബന്ധമായിരുന്നു അദ്ദേഹവുമായി എനിക്കുണ്ടായിരുന്നത്. രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് വെച്ച് അദ്ദേഹത്തെ കണ്ട് സംസാരിച്ചത് ഈ അവസരത്തിൽ ഞാൻ ഓർമ്മിക്കുന്നു. സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ അബുദാബി പോലീസ് ആസ്ഥാനം സന്ദർശിക്കുകയും അവരുമായി ചേർന്നുള്ള സംയുക്ത പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും ഞാൻ ഓർക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ എന്റെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.

തിരശീല വീണത് കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിനായി പൂർണമായി സമർപ്പിച്ച ജീവിതത്തിന് - മന്ത്രി എം.ബി. രാജേഷ്

കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിനായി പൂർണമായി സമർപ്പിച്ച ജീവിതത്തിനാണ് തിരശീല വീണത്. അതുല്യനായ സംഘാടകനും പക്വമതിയായ നേതാവും പ്രഗത്ഭനായ ഭരണാധികാരിയുമായിരുന്നു സ. കോടിയേരി. സന്നിഗ്ധഘട്ടങ്ങളിൽ യുക്തിഭദ്രതയോടെ ശരിയായ രാഷ്ട്രീയ നിലപാട് അവതരിപ്പിച്ച് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിയമസഭയിലും പുറത്തും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിൽ അസാധാരണമായ പാടവം അദ്ദേഹം പ്രകടിപ്പിച്ചു.

രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തിത്വം: മന്ത്രി റോഷി അഗസ്റ്റിൻ

പ്രതിസന്ധികളെ ചിരിച്ചു നേരിടുന്ന കോടിയേരി ബാലകൃഷ്ണന്റെ വിയോഗം കേരള രാഷ്ട്രീയത്തിൽ സൃഷ്ടിക്കുന്ന ശൂന്യത വളരെ വലുതാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരികളിൽ നിൽക്കുമ്പോഴും രാഷ്ട്രീയത്തിന് അതീതമായി സൗഹൃദം കാത്തു സൂക്ഷിച്ച വ്യക്തിത്വം ആയിരുന്നു അദ്ദേഹം. വ്യത്യസ്ത മുന്നണികളിൽ നിൽക്കുമ്പോഴും അദ്ദേഹത്തിന്റെ കരുതൽ നേരിട്ട് അനുഭവിച്ച ആളാണ് ഞാൻ. എല്ലാവരോടും സ്നേഹത്തോടെ പെരുമാരുന്ന ശൈലി ആണ് സ്വീകരിച്ചിരുന്നത്.

രാഷ്ട്രീയ കേരളത്തിന്റെ തീരാനഷ്ടം - മന്ത്രി ജെ. ചിഞ്ചുറാണി

ഏതു പ്രതിസന്ധിയിലും മുന്നണിയുടെ കെട്ടുറപ്പിനെ താങ്ങിനിർത്തിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അവസാനശ്വാസം വരെ അടിമുടി കമ്മ്യൂണിസ്റ്റായ മാർഗദർശി. രാഷ്ട്രീയ കേരളത്തിലെ ആ ചിരി ഇനിയില്ല.

Content Highlights: Pinarayi Vijayan commemorates the demise of Kodiyeri Balakrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented