തിരഞ്ഞെടുപ്പ് സാമഗ്രികളുമായി സുരക്ഷാ ഉദ്യോഗസ്ഥൻ | Photo : PIUS UTOMI EKPEI / AFP
ആഫ്രിക്ക വന്‍കരയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം, ജനസംഖ്യയില്‍ ലോകത്ത് ആറാമത്, ഏതാണ്ട് 21 കോടി ജനങ്ങള്‍ അധിവസിക്കുന്ന രാജ്യം, വന്‍കരയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ, പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നം, വന്‍കരയില്‍ ഏറ്റവുമധികം എണ്ണയും പ്രകൃതിവാതകവും ഉല്‍പ്പാദിപ്പിക്കുന്ന രാജ്യം, പ്രകൃതി വാതക കരുതല്‍ ശേഖരത്തില്‍ ആഫ്രിക്കയില്‍ ഒന്നാമത്, എണ്ണ കരുതല്‍ ശേഖരത്തില്‍ രണ്ടാമത്, വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തി.... പറഞ്ഞുവരുന്നത് നൈജീരിയയെക്കുറിച്ചാണ്. ഇതെല്ലാമാണെങ്കിലും ദരിദ്രമാണ് നൈജീരിയ. അറുപതുകളില്‍ സ്വാതന്ത്യം നേടിയിട്ടും രാഷ്ട്രീയ അസ്ഥിരതയ്ക്കും പട്ടാളഭരണത്തിനും ഇടയില്‍ വലിയ കാലം ആണ്ടുപോയ ജനത. ആഭ്യന്തരയുദ്ധവും അഴിമതി ഭരണവും ദുരിതത്തിലാക്കിയ ജനങ്ങള്‍. വൈകി മാത്രം ജനാധിപത്യ ഭരണക്രമത്തിലേക്ക് കടന്നുവന്ന നൈജീരിയ വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചിട്ടും വിവാദങ്ങള്‍ക്ക് പഞ്ഞമില്ല.
ഫെബ്രുവരി മാസത്തില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസ് (എ.പി.സി.) നേതാവുമായ ബോല തിനുബു വിജയിച്ചതായി രാജ്യത്തെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചതിന് പിന്നാലെ 'ജനാധിപത്യത്തിന്റെ മാനഭംഗം' എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതികരിച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ അംഗീകരിക്കില്ലെന്ന കടുത്ത നിലപാടാണ് പ്രതിപക്ഷം ഉയര്‍ത്തിയത്. മുഖ്യപ്രതിപക്ഷമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി അതികു അബൂബക്കര്‍, ലേബര്‍പാര്‍ട്ടി സ്ഥാനാര്‍ഥി പീറ്റര്‍ ഒബി എന്നിവരാണ് ഭരണകക്ഷിക്കെതിരേ പര്യസ്യമായി പരാതിയുമായി രംഗത്തെത്തിയത്. തിരഞ്ഞെടുപ്പില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചുവെന്നാണ് അതികു അബൂബക്കര്‍ പറഞ്ഞത്. നൈജീരിയന്‍ ചരിത്രത്തിലെ ഏറ്റവും വിവാദപരമായ തിരഞ്ഞെടുപ്പ് എന്നാണ് പീറ്റര്‍ ഒബി വിശേഷിപ്പിച്ചത്. രാജ്യത്തെ കഠിനാധ്വാനികളും സാധാരണക്കാരുമായ ജനങ്ങള്‍ വഞ്ചിക്കപ്പട്ടുവെന്നും അദ്ദേഹം ആരോപിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ കോടിതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍, തിരഞ്ഞെടുപ്പ് അട്ടിമറിച്ചതിന് എന്താണ് തെളിവെന്ന് വെളിപ്പെടുത്താന്‍ പ്രതിപക്ഷം തയ്യാറായില്ല.
'ജനാധിപത്യ' നൈജീരിയ
രാഷ്ട്രീയ അനിശ്ചിതങ്ങള്‍ക്കും പട്ടാളഭരണത്തിനും ശേഷം 1999-ലാണ് നൈജീരിയ ജനാധിപത്യ ഭരണക്രമത്തിലേക്കു മാറിയത്. ഒന്നിലധികം റിപ്പബ്ലിക്ക് പ്രഖ്യാപനങ്ങള്‍ക്ക് ശേഷമാണ് 99-ല്‍ പുതിയ ഭരണഘടന നിലവില്‍ വന്നത്. ആ വര്‍ഷം മെയ് മാസത്തില്‍ നൈജീരിയ ഒരു ജനാധിപത്യ രാജ്യമായി മാറുകയും ചെയ്തു. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.)യാണ് തുടര്‍ന്നുള്ള ആറ് വര്‍ഷം നൈജീരിയ ഭരിച്ചത്. വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തി 2015-ല്‍ ഓള്‍ പീപ്പിള്‍സ് പ്രോഗ്രസീവ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും നിലവിലെ പ്രസിഡന്റുമായ മുഹമ്മദ് ബുഹാരി അധികാരമേറ്റു. ജനാധിപത്യ പ്രക്ഷോഭത്തിന്റെ മുന്‍നിരക്കാരനായിരുന്ന മുഹമ്മദ് ബുഹാരിയില്‍ വലിയ പ്രതീക്ഷയാണ് നൈജീരിയയിലെ സാധാരണക്കാര്‍ വെച്ചുപുലര്‍ത്തിയത്. അന്നത്തെ പ്രസിഡന്റ് ഗുഡ്‌ലക്ക് ജൊനാഥനെ പുറത്താക്കി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ ബുഹാരി 'മിശിഹ' എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.
.jpg?$p=d8e5772&&q=0.8)
പതിറ്റാണ്ടുകളായി നൈജീരിയയെ അസ്വസ്ഥപ്പെടുത്തിയ ബൊക്കോഹറാം തീവ്രവാദികളെ അദ്ദേഹം തുടച്ചുമാറ്റുമെന്നും അഴിമതിരഹിത ഭരണം കൊണ്ടുവരുമെന്നും അവര്‍ വിശ്വസിച്ചു. ഇസ്ലാമിക തീവ്രവാദത്തിന് അന്ത്യം കുറിക്കുമെന്നും സമ്പദ്വ്യവസ്ഥയെ വളര്‍ച്ചയിലേക്ക് നയിക്കുമെന്നും വാഗ്ദാനം ചെയ്ത് ഭരണത്തിലെത്തിയ ബുഹാരിക്ക് പക്ഷേ, പ്രതീക്ഷകള്‍ നിറവേറ്റാനായില്ല. ആദ്യടേമില്‍ അഴിമതിക്കെതിരായ പോരാട്ടവും ക്ഷേമപരിപാടികളും ഉള്‍പ്പെടെയുള്ള ജനപ്രിയ നടപടികളുമായി മുന്നോട്ടുപോയ അദ്ദേഹത്തിന് പക്ഷേ, ജനങ്ങളുടെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറാനായിരുന്നില്ല. ചില ആരോഗ്യപ്രശ്‌നങ്ങളും അദ്ദേഹത്തെ അക്കാലത്ത് അലട്ടിയിരുന്നു. കാരണം വ്യക്തമാക്കാത്ത ചികിത്സാ ആവശ്യങ്ങള്‍ക്കായി 150 ദിവസത്തിലധികം അദ്ദേഹം രാജ്യത്തിന് പുറത്ത് ചെലവഴിച്ചിരുന്നു. ജനങ്ങള്‍ക്ക് നല്‍കിവന്ന പല സബ്സിഡികളും ആനുകൂല്യങ്ങളും ഇല്ലാതാക്കിയതും ഇന്ധനവിതരണം സ്വകാര്യകമ്പനികളെ ഏല്‍പ്പിച്ചതും ജനരോഷം ഉയര്‍ത്തുന്നതായിരുന്നു.
ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ട ശേഷം നൈജീരിയയില്‍ നടന്ന ഏഴാമത്തെ തിരഞ്ഞെടുപ്പായിരുന്നു ഫെബ്രുവരിയില്‍ നടന്നത്. തുടര്‍ച്ചയായ 24-ാമത്തെ വര്‍ഷമാണ് നൈജീരിയ ജനാധിപത്യഭരണത്തില്‍ തുടരുന്നത്. 1960-ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം ജനാധിപത്യഭരണം ഇത്രയും നീളുന്നതും ഇതാദ്യമാണ്. ഈ വര്‍ഷം ദേശീയ തിരഞ്ഞെടുപ്പ് നടത്തിയ ആദ്യത്തെ ആഫിക്കന്‍ രാജ്യമാണ് നൈജീരിയ. അതിനാല്‍തന്നെ വന്‍കരയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന നിലയില്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ ഒന്നടങ്കം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പ് കൂടിയായിരുന്നു നൈജീരിയയിലേത്. രണ്ടു ടേം കാലാവധി പൂര്‍ത്തിയാക്കിയ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ പിന്‍ഗാമിയും ഭരണകക്ഷിയായ ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയുമായ ബോല തിനുബു, പ്രധാന പ്രതിപക്ഷമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അതികു അബൂബക്കര്‍, ലേബര്‍ പാര്‍ട്ടിയുടെ പീറ്റര്‍ ഒബി, എന്‍.എന്‍.പി.പിയുടെ റബിയു ക്വാങ്ക്വാസോ എന്നിവരടക്കം 18 സ്ഥാനാര്‍ഥികളാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.

ഇത് ബോല തിനുബുവിന്റെ ഊഴം
'ഇത് എന്റെ ഊഴം' എന്ന മുദ്രാവാക്യമുയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിട്ട 71-കാരനായ ബോല തിനുബുവാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. മുഹമ്മദ് ബുഹാരിയുടെ പിന്‍ഗാമിയായി വിശേഷിപ്പിക്കപ്പെടുന്ന നേതാവ് എന്നതിനപ്പുറം നൈജീരിയയില്‍ വ്യക്തമായ സ്വാധീനമുള്ള നേതാവുമാണ് തിനുബു. 88 ലക്ഷം വോട്ട് (37%) നേടിയാണ് ബോല തിനുബു പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്നിലെത്തിയത്. പ്രധാന എതിരാളി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ടി നേതാവായ അതികു അബൂബക്കറിന് 29% വോട്ട് (69 ലക്ഷം) ലഭിച്ചപ്പോള്‍ മൂന്നാം സ്ഥാനത്ത് എത്തിയ ലേബര്‍ പാര്‍ട്ടിയുടെ പീറ്റര്‍ ഒബിക്ക് 61 ലക്ഷം വോട്ടുകളാണ് ലഭിച്ചത്. 30 സംസ്ഥാനങ്ങളില്‍ രേഖപ്പെടുത്തിയതിന്റെ ഭൂരിപക്ഷം വോട്ടുകളും തിനുബുവിന് ലഭിച്ചു.
രാഷ്ട്രീയ ജീവിതത്തില്‍ ബുഹാരിയുടെ വലംകൈയായാണ് തിനുബു അറിയപ്പെടുന്നത്. ജോലി തേടിഅമേരിക്കയിലെത്തുകയും പിന്നീട് ചിക്കാഗോ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടി നൈജീരിയയിലേക്ക് മടങ്ങുകയും ചെയ്ത തിനുബു പിന്നീടാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. ഉപരിസഭയായ സെനറ്റില്‍ അംഗമായി. പിന്നീട് നൈജീരിയയിലെ ഏറ്റവും വലിയ നഗരവും വാണിജ്യതലസ്ഥാനവുമായ ലാഗോസിന്റെ മേയറായി രണ്ടു തവണ (1999-2007) തിരഞ്ഞെടുക്കപ്പെട്ടു. 'ലാഗോസിന്റെ ഗോഡ്ഫാദര്‍' എന്നാണ് അദ്ദേഹം വിളിക്കപ്പെടുന്നത് തന്നെ. ഭരണഘടനയനുസരിച്ച് രണ്ട് ടേമില്‍ കൂടുതല്‍ ഒരാള്‍ക്ക് മല്‍സരിക്കാനാകാത്തതുകൊണ്ടാണ് ബുഹാരി മാറി തിനുബു രംഗത്തു വന്നത്. എന്നാല്‍ കഴിഞ്ഞ രണ്ട് തവണയും ബുഹാരി വിജയിച്ചതില്‍ തിനുബുവിന് വലിയ പങ്കുണ്ടെന്നാണ് വിലയിരുത്തുന്നത്.
വിജയം പ്രതീക്ഷിച്ചത് പീറ്റര്‍ ഒബി
21 കോടി ജനസംഖ്യയുള്ള നൈജീരിയയില്‍ 9.3 കോടി പേരാണ് വോട്ടര്‍മാരായുള്ളത്. ജനസംഖ്യയുടെ എഴുപത് ശതമാനത്തോളം വരുന്ന യുവാക്കളായിരിക്കും ഇത്തവണ ഭരണം നിശ്ചയിക്കുന്നതില്‍ നിര്‍ണായക ഘടകമെന്നാണ് വിലയിരുത്തപ്പെട്ടത്. പുതിയതായി രജിസ്റ്റര്‍ ചെയ്ത ഒരു കോടി വോട്ടര്‍മാരില്‍ 40 ശതമാനവും വിദ്യാര്‍ഥികളാണ് എന്നതും ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയിരുന്നു. പുതിയ തലമുറയില്‍ വലിയൊരു വിഭാഗം സ്വതന്ത്ര നിലപാടുള്ള പീറ്റര്‍ ഒബിയെ പിന്തുണച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയെങ്കിലും വിജയത്തിലേക്ക് എത്താന്‍ ഒബിക്ക് സാധിച്ചില്ല. 25% വോട്ട് നേടിയാണ് പീറ്റര്‍ ഒബി മൂന്നാം സ്ഥാനത്ത് എത്തി.

തലസ്ഥാനമായ അബൂജയിലും പ്രധാന നഗരമായ ലാഗോസിലും ഒബിയാണ് മുന്നിലെത്തിയത്. മുന്‍ തിരഞ്ഞെടുപ്പുകളില്‍ വലിയ ചലനമുണ്ടാക്കാതിരിന്ന ലേബര്‍ പാര്‍ട്ടിക്ക് ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ബോല തിനുബുവിന്റെ കോട്ടയായ ലാഗോസില്‍ ഉള്‍പ്പെടെ വലിയ ചനനം സൃഷ്ടിക്കാന്‍ സാധിച്ചു. ലാഗോസില്‍ ഒബി മുന്നിലെത്തിയത് തിനുബുവിന് വലിയ തിരിച്ചടിയുമായി. അനംബ്ര പ്രവിശ്യയുടെ മുന്‍ ഗവര്‍ണര്‍കൂടിയായ പീറ്റര്‍ ഒബി പരമ്പരാഗത ശക്തികള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. രാജ്യത്തെ വലിയയൊരു വിഭാഗം യുവാക്കള്‍ക്ക് പുറമേ തൊഴിലാളി യൂണിയനുകളുടേയും ഇടത് കേന്ദ്രങ്ങളുടേയും പിന്തുണയും തിരഞ്ഞെടുപ്പില്‍ പീറ്റര്‍ ഒബിക്കുണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം അദ്ദേഹത്തെ പിന്തുണച്ചവരും ഏറെയായിരുന്നു. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പില്‍ മുന്നിലെത്തുമെന്നാണ് ഒബി കണക്കുകൂട്ടിയത്.എന്നാല്‍, പൊതുപിന്തുണ വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ല.
തിരഞ്ഞെടുപ്പിന് മുമ്പ് നോട്ട് അസാധുവാക്കാല്‍
സംഭവബഹുലമായ കാലഘട്ടത്തിന് പിന്നാലെയാണ് നൈജീരിയ തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കു മാറാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിലാണ് പഴയ ചില നോട്ടുകള്‍ അസാധുവാക്കി പുതിയവ ഇറക്കിയത്. ആ തീരുമാനം പക്ഷേ, ആഫ്രിക്കയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ നൈജീരിയയുടെ സാമ്പത്തിക അടിത്തറയെ തന്നെ തകര്‍ത്തുകളയുന്നതായിരുന്നു. നൈജീരിയന്‍ കറന്‍സിയായ നൈറ (ഒരു നൈറയുടെ മൂല്യം 18 ഇന്ത്യന്‍ പൈസ)യുടെ 200, 500, 1000 നോട്ടകളാണ് നൈജീരിയന്‍ കേന്ദ്രബാങ്ക് പിന്‍വലിച്ചത്. കള്ളനോട്ട് തടയുക, പണപ്പെരുപ്പം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ജനങ്ങളുടെ കൈയിലുള്ള നോട്ടുകളുടെ എണ്ണം കുറയ്ക്കുക, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള പരിണാമം വേഗത്തിലാക്കുക എന്നിവ ലക്ഷ്യം വെച്ചുകൊണ്ടാണ് നോട്ടുകള്‍ അസാധുവാക്കിയത്.
ഫെബ്രുവരി മാസത്തില്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നോട്ടുകള്‍ അസാധുവാക്കി സര്‍ക്കാര്‍ ജനങ്ങളുടെ നെഞ്ചില്‍ തീ കോരിയിട്ടത്. പഴയ നോട്ടുകള്‍ മാറിയെടുക്കാന്‍ ജനങ്ങള്‍ ബാങ്കുകളില്‍ തിക്കിത്തിരക്കി. ജനസംഖ്യയില്‍ വലിയ ഒരു വിഭാഗത്തിന് ബാങ്ക് അക്കൗണ്ടില്ലാത്തത് കാര്യങ്ങള്‍ ഗുരുതരമാക്കി. പഴയ നോട്ടും പുതിയ നോട്ടും ആവശ്യത്തിനില്ലെന്ന സ്ഥിതിയും വന്നു. പഴയ നോട്ട് ബാങ്കുകളില്‍ നല്‍കി തുല്യതുകയ്ക്കുള്ള പുതിയ നോട്ട് വാങ്ങാനുള്ള കാലാവധി പിന്നീട് പലവട്ടം നീട്ടി നല്‍കിയെങ്കിലും കാര്യങ്ങള്‍ക്ക് ഒരു തീരുമാനമുണ്ടായിരുന്നില്ല. ഇതോടെ നോട്ട് അസാധുവാക്കാന്‍ തീരുമാനിച്ച ഭരണകക്ഷിയായ ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസ് (എ.പി.സി.) ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ഇതിനെ ചോദ്യം ചെയ്ത് കോടതിയിലെത്തി.

പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കൊണ്ടുവന്ന ഈ പരിഷ്‌കാരം വലിയ രാഷ്ട്രീയ അട്ടിമറി ലക്ഷ്യമിട്ടാകാമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2014 മുതല്‍ നൈജീരിയന്‍ കേന്ദ്ര ബാങ്കിനെ നയിക്കുന്ന ഗോഡ്‌വിൻ എമിഫിയെ ഇക്കാര്യത്തില്‍ വലിയ ആരോപണം നേരിടുന്നുണ്ട്. കേന്ദ്രബാങ്ക് പ്രസിഡന്റായിരിക്കെ തന്നെ രാഷ്ട്രീയത്തിലിറങ്ങാന്‍ ഗോഡ്‌വിൻ ശ്രമിച്ചിരുന്നു. പൊതുതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എ.പി.സിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാനുള്ള ശ്രമം കോടതിയാണ് തടഞ്ഞത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ ആരോപണം ഉയര്‍ത്തുന്നത്. ജനങ്ങള്‍ക്കു കാശുകൊടുത്ത് വോട്ടു വാങ്ങുന്ന പ്രവണത രാജ്യത്തുണ്ട്. എന്നാല്‍, നിരോധനം വന്നതോടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കടക്കം ഇതിന് വേണ്ടി പണമില്ലാതായി. തിരഞ്ഞെടുപ്പില്‍ ഭരണപക്ഷത്തിന് അനുകൂല നിലപാട് ഉണ്ടാക്കാന്‍ നോട്ട് നിരോധനത്തെ ഉപയോഗപ്പെടുത്തി എന്നാണ് ആരോപണം.
പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍
ബോല തിനുബുവിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്തും തിരഞ്ഞെടുപ്പ് ഫലത്തെ തള്ളിയും പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ കോടതിയെ സമീപിച്ചു. നൈജീരിയയില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. 88 ലക്ഷം വോട്ടു നേടി ബോല തിനുബു വിജയിച്ചെന്ന പ്രഖ്യാപനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്തു. ഇത് 'ജനാധിപത്യത്തെ മാനഭംഗം' ചെയ്യുകയാണെന്ന് പ്രതിപക്ഷപാര്‍ട്ടി ആരോപിച്ചു. തിരഞ്ഞെടുപ്പില്‍ താനാണ് വിജയിച്ചതെന്നും ബോല തിനുബുവിന്റെ വിജയപ്രഖ്യാപനം ചതിയിലൂടെയായിരുന്നുവെന്നുമാണ് ഒബി ആരോപിച്ചത്. തങ്ങളാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് രാജ്യത്തെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി നല്‍കുമെന്നും ഇതിനായി നിയമപരവും സമാധാനപരവുമായ മാര്‍ഗത്തിലൂടെ മുന്നോട്ട് പോകുമെന്നും ഒബി പറഞ്ഞു.
21 കോടി ജനസംഖ്യയുള്ള നൈജീരിയയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകള്‍ പ്രകാരം ഏതാണ് 9.3 കോടി പേർ തിരഞ്ഞെടുപ്പില്‍ പങ്കാളികളാകാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 2.3 കോടി പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. പോളിങ് ശതമാനം 29% മാത്രവും. ഇതില്‍ 88 ലക്ഷം വോട്ടുനേടി ബോല തിനുബു വിജയിച്ചെന്നായിരുന്നു പ്രഖ്യാപനം. വോട്ടര്‍മാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ദ്ധന രേഖപ്പെടുത്തിയിട്ടും പോളിങ് ശതമാനം കുറഞ്ഞതാണ് രണ്ട് സ്ഥാനാര്‍ഥികളും ചോദ്യം ചെയ്യുന്നത്. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നെങ്കിലും ഫലം പ്രഖ്യാപിക്കാന്‍ വൈകിയിരുന്നു. ഇതോടെ, വോട്ടില്‍ കൃത്രിമം നടന്നതായി ആരോപണമുയര്‍ന്നു. യൂറോപ്യന്‍ യൂണിയനില്‍നിന്നും കോമണ്‍വെല്‍ത്തില്‍നിന്നുമുള്ള തിരഞ്ഞെടുപ്പ് നീരീക്ഷകരും സാങ്കേതിക സംവിധാനങ്ങളിലടക്കം നിരവധി പ്രശ്‌നങ്ങളുണ്ടായതായി ചൂണ്ടിക്കാണിച്ചിരുന്നു. മോശം ആസൂത്രണത്തിന്റെ പേരില്‍ അവര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചുവെങ്കിലും ഏതെങ്കിലും തരത്തിലുള്ള അട്ടിമറി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
യുവജനങ്ങളുടെ വന്‍പങ്കാളിത്തമാണ് തെരഞ്ഞെടുപ്പിലുണ്ടായത്. രാജ്യത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധികളില്‍ നട്ടംതിരിയുന്ന ചെറുപ്പക്കാര്‍ മെച്ചപ്പെട്ട ഒരു ഭരണസംവിധാനം മുന്നില്‍ കണ്ട് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളികളായെന്നാണ് വിശ്വസിക്കപ്പെടുന്നത്. നൈജീരിയയിലെ ഒരു പൊതുതിരഞ്ഞെടുപ്പില്‍ ഇത്രയധികം യുവാക്കള്‍ ഭാഗവാക്കാകുന്നതും ഇതാദ്യമാണ്. വോട്ടെടുപ്പിന്റെ ഘട്ടത്തില്‍ അതിനാല്‍തന്നെ പ്രതിപക്ഷ പാര്‍ട്ടികള്‍ വലിയ ആത്മവിശ്വാസം പുലര്‍ത്തിയിരുന്നു. പ്രത്യേകിച്ച് പീറ്റര്‍ ഒബി. എന്നാല്‍, ഫലം എതിരായതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയും ലേബര്‍ പാര്‍ട്ടിയും ആവശ്യപ്പെട്ടു. ക്രമക്കേട് ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചെയര്‍മാന്‍ മഹമൂദ് യാക്കൂബു രാജിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, വോട്ടെണ്ണല്‍ സമയത്ത് ഉണ്ടായ പോരായ്മകള്‍ പരിഹരിച്ചരുന്നുവെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കമ്മീഷനും പറഞ്ഞു.

കാത്തിരിക്കുന്ന വെല്ലുവിളികള്‍
എട്ട് വര്‍ഷത്തെ (രണ്ട് ടേം) കാലാവധി പൂര്‍ത്തിയാക്കുന്ന മുഹമ്മദ് ബുഹാരിയുടെ പിന്‍ഗാമിയായി ബോല തിനുബു മെയ് 29-ന് സത്യപ്രതിജ്ഞ ചെയ്യും. പ്രതീക്ഷകളുടെ അമിതഭാരവും പേറിയാണ് ബുഹാരി അധികാരത്തിലെത്തുന്നത്. ലാഗോസ് നഗരത്തിന്റെ മുഖച്ഛായ മാറ്റിയ ഭരണാധികാരി എന്നത് തന്നെയാണ് പ്രതീക്ഷാഭാരം വര്‍ധിപ്പിക്കുന്നതും. 1999 മുതല്‍ 2007-വരെയുള്ള ഭരണകാലത്ത്, മികച്ച റോഡുകള്‍ നിര്‍മിച്ചും കാര്യക്ഷമമായ മാലിന്യസംസ്‌കരണ മാര്‍ഗങ്ങള്‍ ഒരുക്കിയും മറ്റ് സൗകര്യങ്ങള്‍ ഒരുക്കിയും ലാഗോസിനെ മികച്ചൊരു നഗരമാക്കി മാറ്റുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവന ചെറുതല്ല. എന്നാല്‍, നൈജീരിയയുടെ പ്രസിഡന്റ് എന്ന നിലയില്‍ വെല്ലുവിളികള്‍ ചെറുതല്ല. വര്‍ധിച്ചുവരുന്ന തീവ്രവാദി ആക്രമണങ്ങള്‍, കുതിച്ചുയരുന്ന പെണപ്പെരുപ്പം, സാമ്പത്തിക പ്രശ്‌നങ്ങള്‍, എണ്ണമോഷണം ഇതെല്ലാം വലിയ വെല്ലുവിളിയാകും. എന്നിരുന്നാലും മതരപരമായും രാഷ്ട്രീയമായും ചിന്നിച്ചിതറിക്കിടക്കുന്ന നൈജീരിയെ ഒന്നിച്ചു മുന്നോട്ട് കൊണ്ടുപോകുകയാകും അദ്ദേഹം നേരിരുന്ന വെല്ലുവിളി. ഒപ്പം പ്രതിപക്ഷം ഉര്‍ത്തുന്ന രാഷ്ട്രീയ ആരോപണങ്ങളെ പ്രതിരോധിക്കലും.
Content Highlights: Peter Obi and Atiku Abubakar vow to challenge Nigeria election result
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..