'ഈ ചിത്രം കണ്ടില്ലെങ്കില്‍ ഏറ്റവും നല്ല സിനിമ നിങ്ങള്‍ കണ്ടിട്ടില്ല'


Pather Panchali

ചേച്ചി ദുര്‍ഗയുടെ മുന്നില്‍ മുടി ചീകാന്‍ നില്‍ക്കുന്ന അപു. മുഖം പിടിച്ച് മുടിയിഴകളില്‍ പതുക്കെ ചീര്‍പ്പോടിക്കുമ്പോള്‍ കുസൃതിപറയുന്ന ദുര്‍ഗ. വാത്സല്യംപുരണ്ട നിറചിരിയോടെ നോക്കിനില്‍ക്കുന്ന അമ്മ സര്‍ബജയ. സത്യജിത്റായിയുടെ വിശ്രുത ചലച്ചിത്ര കാവ്യം 'പാഥേര്‍ പാഞ്ചലി'യിലെ സ്നേഹം ചാലിച്ചെഴുതിയ രംഗങ്ങളിലൊന്ന്...

അപുവിനെയും അവന്റെ കുടുംബത്തെയും അവരുടെ ആഹ്ലാദ നിമിഷങ്ങളെയും തീരാവ്യഥകളെയും അടുത്തറിഞ്ഞിട്ട് കാലമേറെയായി. തിരക്കാഴ്ചകളുടെ ഡയറിയില്‍ എന്നും ആദ്യ താളില്‍ത്തന്നെയാണ് അവര്‍ക്ക് സ്ഥാനം. പാഥേര്‍ പാഞ്ചലിയില്‍ ഓര്‍മയില്‍ തിളങ്ങുന്ന ദൃശ്യങ്ങള്‍ വേറെയുമുണ്ട്. അപുവും ദുര്‍ഗയും 'കരിവണ്ടി' കണ്ടെത്തുന്നതാണ് അതിലൊന്ന്. കാശുപൂക്കള്‍ പൂത്തുനില്‍ക്കുന്ന വിശാലമായ പാടത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഇരുവരും. കുറേദൂരം ഓടിയപ്പോള്‍ ദൂരെനിന്ന് പുക ഉയരുന്നതുകണ്ടു. അതുവരെ മുരള്‍ച്ചയും ഹോണടിയും മാത്രം കേട്ടിരുന്ന തീവണ്ടിയതാ ദൃശ്യപഥത്തില്‍. കുട്ടികള്‍ എല്ലാം മറന്നു. തീവണ്ടി കുതിച്ചു കടന്നുപോയപ്പോള്‍ ലോകം കീഴടക്കിയ പ്രതീതി.

പക്ഷേ, കാടിനുള്ളിലൂടെയുള്ള മടക്കയാത്രയില്‍ വൃദ്ധയായ അമ്മായിയുടെ മരണത്തിന് സാക്ഷിയാകേണ്ടിവന്നു ഇരുവര്‍ക്കും. അനശ്വരമെന്നു നിരൂപകര്‍ വാഴ്ത്തിയ ഈ ദൃശ്യമാണ് പാഥേര്‍ പാഞ്ചലിയില്‍ സത്യജിത് റായ് ആദ്യം പകര്‍ത്തിയത്. അതിനുപെട്ട പാട് ചില്ലറയൊന്നുമായിരുന്നില്ല. 1952 ഒക്ടോബര്‍ 17നായിരുന്നു ആദ്യ സീനിന്റെ ചിത്രീകരണം. നിറയെ കാശുപൂക്കള്‍ പൂത്ത പാടമായിരുന്നു ലൊക്കേഷന്‍. നോക്കെത്താ ദൂരത്ത് ഇഴഞ്ഞു നീങ്ങുന്ന റെയില്‍പ്പാളം. ഷൂട്ടിങ് പാതിയായപ്പോഴേക്കും വെളിച്ചക്കുറവുമൂലം 'പാക്കപ്പ്' പറയേണ്ടിവന്നു. പിന്നീട് അടുത്തയാഴ്ചത്തേക്ക് ചിത്രീകരണം മാറ്റി. അന്ന് ക്യാമറയും സജ്ജീകരണങ്ങളുമായി ലൊക്കേഷനിലെത്തിയ സംവിധായകനും സംഘവും തലയില്‍ കൈവെച്ചുപോയി. പാടത്തെ കാശുചെടികള്‍ മുഴുവന്‍ കന്നുകാലിക്കൂട്ടം തിന്നുതീര്‍ത്തിരിക്കുന്നു...! പിന്നീടാ ദൃശ്യം ചിത്രീകരിക്കാന്‍ അടുത്ത സീസണ്‍ വരെ കാത്തിരിക്കേണ്ടിവന്നു. അങ്ങനെ പ്രതിസന്ധികളില്‍നിന്ന് പ്രതിസന്ധികളിലേക്കുള്ള യാത്രയായിരുന്നു പാഥേര്‍ പാഞ്ചലിയുടേത്.

Read More: ലോകപ്രസിദ്ധ ചലച്ചിത്രകാരന്‍ സത്യജിത് റായിയുടെ പഥേര്‍ പാഞ്ചലിയെ ഏറ്റവും നല്ല ഇന്ത്യന്‍ ചിത്രമായി തിരഞ്ഞെടുത്തു.

അതേക്കുറിച്ച് റായ് പിന്നീടെഴുതി: ''ചിത്രീകരണം എങ്ങുമെത്താതെ മൂന്നുവര്‍ഷം നീണ്ടുപോയി. പക്ഷേ, മൂന്നുകാര്യങ്ങളില്‍ ഞാന്‍ ഭാഗ്യവാനായിരുന്നു. ഒന്ന്, അപുവിന്റെ ശബ്ദത്തിന് ഒരു മാറ്റവും സംഭവിച്ചില്ല. രണ്ട്, ദുര്‍ഗയില്‍ പ്രായത്തിനൊത്ത വളര്‍ച്ച പ്രകടമായില്ല. മൂന്ന്, ഇന്ദിര്‍ അമ്മായിയായി വേഷമിട്ട ചുനിബാലദേവി ഞാന്‍ പേടിച്ചപോലെ മരിച്ചില്ല.''

സംവിധായകനാകുന്നത്

കൊല്‍ക്കത്തയിലെ സിഗ്നറ്റ് പ്രസ്സ് പ്രസാധകഗ്രൂപ്പില്‍ ഗ്രാഫിക് ഡിസൈനറായിട്ടായിരുന്നു സത്യജിത് റായിയുടെ തുടക്കം. അദ്ദേഹം വരച്ച പുസ്തകങ്ങളുടെ കവര്‍ വളരെവേഗം ശ്രദ്ധ പിടിച്ചുപറ്റി. അതിനിടെയാണ് ബിഭൂതിഭൂഷണ്‍ ബാന്ദോപാധ്യായയുടെ 'പാഥേര്‍ പാഞ്ചലി' എന്ന നോവലിന് കവറും രേഖാചിത്രങ്ങളും വരയ്ക്കാന്‍ നിയോഗിക്കപ്പെടുന്നത്. ആ നോവല്‍ റായിയുടെ മനസ്സിനെ വേട്ടയാടി. ചലച്ചിത്രങ്ങളോട് അടക്കാനാവാത്ത ആവേശമുണ്ടായിരുന്ന അദ്ദേഹം അതില്‍ നല്ല സിനിമയ്ക്കുള്ള പ്ലോട്ട് കണ്ടെത്തി.

അതിനിടെ, പ്രമുഖ ഫ്രഞ്ച് സംവിധായകനായ ഴാങ് റെനയര്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി കൊല്‍ക്കത്തയിലെത്തി. റായിയുടെ മനസ്സിലെ തീപ്പൊരി കണ്ടെത്തിയ അദ്ദേഹം പാഥേര്‍ പാഞ്ചലി സിനിമയാക്കാന്‍ പ്രോത്സാഹിപ്പിച്ചു. 1950-ല്‍ കമ്പനി ആവശ്യാര്‍ഥം റായിക്ക് ലണ്ടനിലേക്ക് പോകേണ്ടിവന്നു. വീണുകിട്ടിയ അവസരം വെറുതെ കളഞ്ഞില്ല. മൂന്നുമാസത്തിനിടെ 99 ചലച്ചിത്രങ്ങളാണ് അദ്ദേഹം കണ്ടുതീര്‍ത്തത്. മിക്കതും ക്ലാസിക്കുകള്‍-ഇറ്റാലിയന്‍ നിയോറിയലിസ്റ്റ് സിനിമകള്‍ ആവേശമായി. ഡിസിക്കയുടെ 'ബൈസിക്കിള്‍ തീവ്സ്' വലിയ സ്വാധീനമായി. ഒരു സംവിധായകനാകണമെന്ന ദൃഢനിശ്ചയത്തോടെയായിരുന്നു റായിയുടെ ഇന്ത്യയിലേക്കുള്ള മടക്കം.

തിരിച്ചെത്തിയ റായ് പാഥേര്‍ പാഞ്ചലിയില്‍ പകര്‍ത്താനുദ്ദേശിച്ച ദൃശ്യങ്ങളെല്ലാം ഒരു പുസ്തകത്തില്‍ ചിത്രീകരിച്ചു. പിന്നെ വേണ്ടത് ഒരു നിര്‍മാതാവിനെയായിരുന്നു. സ്റ്റോറി ബോഡുമായി നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും വീടുകള്‍ കയറിയിറങ്ങി. പക്ഷേ, പാട്ടിനും നൃത്തത്തിനും സംഘട്ടനത്തിനും സാധ്യതയില്ലാത്ത പടം ആര്‍ക്കും വേണ്ട. നിരാശനായ റായ് സ്വന്തം നിലയ്ക്കുതന്നെ സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചു. പണമുണ്ടാക്കാന്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി പണയംവെച്ചു. പിന്നെ, പാശ്ചാത്യ സംഗീത റെക്കോഡുകളുടെ അപൂര്‍വശേഖരം. അതുകഴിഞ്ഞ് അമ്മയുടെ ആഭരണങ്ങള്‍, പിന്നാലെ ഭാര്യയുടേതും.

16 എം.എം ക്യാമറയിലായിരുന്നു ആദ്യഭാഗങ്ങള്‍ ചിത്രീകരിച്ചത്. ഞായറാഴ്ച മാത്രമേ റായിക്ക് ഓഫീസില്‍നിന്ന് അവധി കിട്ടിയുള്ളൂ. അതുകൊണ്ട് ഷൂട്ടിങ്ങും ഞായറാഴ്ചകളില്‍ മാത്രം. പണിപ്പെട്ട് സമാഹരിച്ച പണം പെട്ടെന്ന് പൊടിഞ്ഞുതീര്‍ന്നു. ചിത്രീകരണം മുടങ്ങി. റായിയുടെ മുഖത്തെ നിരാശയുടെ കരിനിഴല്‍ കണ്ട് അമ്മയുടെ നെഞ്ചുപിടഞ്ഞു. അന്നത്തെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി ബി.സി. റായിയുടെ ഭാര്യ ബേല സത്യജിത്ത് റായിയുടെ അമ്മയുടെ അടുത്ത സുഹൃത്തായിരുന്നു. അമ്മ മുഖ്യമന്ത്രിയെ ചെന്നുകണ്ട് കാര്യങ്ങളവതരിപ്പിച്ചു. മുഖ്യമന്ത്രി ഉടനെത്തന്നെ സര്‍ക്കാറിന്റെ സഹായമനുവദിക്കുന്നതിനെ അനുകൂലിച്ച് കത്ത് നല്കി. എന്നാല്‍ വാര്‍ത്താവിതരണ വകുപ്പിന്റെ ഡയറക്ടര്‍ ഉടക്കിട്ടു. ചിത്രത്തിലുടനീളം കടുത്ത ദാരിദ്ര്യത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നതെന്നും ഇത് അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ ഇടിച്ചുതാഴ്ത്തുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. പുരോഗതിയിലേക്ക് നീങ്ങുന്നതിന്റെ ശുഭസൂചനകളുമായി ക്ലൈമാക്സ് മാറ്റിയെഴുതാന്‍ ഡയറക്ടര്‍ നിര്‍ദേശിച്ചു. റായ് പക്ഷേ, വഴങ്ങിയില്ല. ''ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചലച്ചിത്രകാരന് എങ്ങനെ യാഥാര്‍ഥ്യത്തിനു നേരെ കണ്ണടയ്ക്കാന്‍ കഴിയും?''-അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി വീണ്ടും ഇടപെട്ടു. റോഡ് വികസനത്തിനുള്ള വായ്പ എന്ന കണക്കില്‍ 'പാഥേര്‍ പാഞ്ചലി'ക്കുള്ള സഹായം അനുവദിച്ചു. അങ്ങനെ ഷൂട്ടിങ് പുനരാരംഭിച്ചു

വേറിട്ട ചിന്തകള്‍

പുതിയ വഴികളിലൂടെയായിരുന്ന സത്യജിത്ത് റായിയുടെ സഞ്ചാരം. പൂര്‍ണമായും പുറംവാതില്‍ ചിത്രീകരണമെന്ന ആശയത്തെ സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഭൂരിഭാഗവും അപകടകരമെന്നു പറഞ്ഞ് നിരുത്സാഹപ്പെടുത്തി. പക്ഷേ, റായ് പിന്മാറിയില്ല. ഛായാഗ്രാഹകനായി തിരഞ്ഞെടുത്തത് 21-കാരനായ സുബീര്‍ മിശ്രയെ. സ്റ്റില്‍ ഫോട്ടോഗ്രാഫറായിരുന്ന മിശ്ര അന്നുവരെ മൂവിക്യാമറ പ്രവര്‍ത്തിപ്പിച്ചിട്ടുപോലുമില്ലായിരുന്നു. 'മൂവി ക്യാമറയില്‍ ഒരടി ഫിലിം പോലും ചിത്രീകരിച്ചിട്ടില്ലാത്ത ഒരാളെ ഫോട്ടോഗ്രാഫറാക്കാനുള്ള റായിയുടെ തീരുമാനം എന്നെപ്പോലും ഞെട്ടിച്ചു'-മിശ്ര പിന്നീട് പറഞ്ഞു. മിശ്രയെടുത്ത ഫോട്ടോകളുടെ സൗന്ദര്യംതന്നെയായിരുന്നു റായിയെ ആകര്‍ഷിച്ചത്. ആ തീരുമാനം പിഴച്ചില്ലെന്ന് പാഥേര്‍ പാഞ്ചലി തെളിയിച്ചു.

അഭിനയിച്ചു പരിചയംപോലുമില്ലാത്തവരെയാണ് 'താരതനിര'യായി സത്യജിത്ത് അണിനിരത്തിയത്. കഥ നടക്കുന്നത് ഇരുപതാംനൂറ്റാണ്ടിലെ ബംഗാളി വിദൂര ഗ്രാമത്തില്‍. ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ വീട്ടില്‍ അഞ്ചംഗ കുടുംബത്തെ പുലര്‍ത്താന്‍ പാടുപെടുന്ന കവിയും പുരോഹിതനുമായ ഗൃഹനാഥന്‍ ഹരിഹറായി വേഷമിട്ടത് കനുബാനര്‍ജി. അനുകരിക്കാനാവാത്ത പുഞ്ചിരിയും അനായാസാഭിനയവുമായി ദുര്‍ഗയെ അവിസ്മരണീയമാക്കിയത് ഉമദാസ് ഗുപ്ത. തിളങ്ങുന്ന കണ്ണുകളും കുസൃതിത്തരങ്ങളുമായി മനസ്സുപിടിച്ചു കുലുക്കിയ അപുവായത് സുബീര്‍ ബാനര്‍ജി. ദാരിദ്ര്യത്തോടു പൊരുതിത്തളര്‍ന്ന സര്‍വജയയായി വേഷം മാറിയത് ഒരു എക്സിക്യൂട്ടീവിന്റെ ഭാര്യയായ കരുണ ബാനര്‍ജി-എല്ലാവരും പുതുമുഖങ്ങള്‍.

നാടകവേദിയിലെ പരിചയസമ്പത്തുമായി ഇന്ദിര്‍ തക്രൂണിന്റെ മുഖം ആര്‍ദ്രമാക്കിയ എണ്‍പതുകാരി ചുനിമബാലദേവി 'പഥേര്‍ പാഞ്ചാലി'യെ ഭിന്നവഴിയിലെ അനുഭവമാക്കിത്തീര്‍ത്തു.

ജനപ്രീതിയിലും മുന്നില്‍

ഒന്നര ലക്ഷം രൂപ ബജറ്റില്‍ ചിത്രം പൂര്‍ത്തിയായി. 1955-ലാണ് പുറത്തിറങ്ങിയത്. പ്രതീക്ഷകള്‍ തെറ്റിച്ച് വന്‍ സ്വീകരണമാണ് പാഥേര്‍ പാഞ്ചിലിക്ക് ആസ്വാദകലോകം നല്കിയത്. പണംമുടക്കിയ ബംഗാള്‍ സര്‍ക്കാറിന് പതിന്മടങ്ങ് നേട്ടം ലഭിച്ചു. 1986-ലെ കാന്‍ ഫിലിം ഫെസ്റ്റിവെല്‍ അവാര്‍ഡുള്‍പ്പെടെ ഒട്ടേറെ അന്താരാഷ്ട്ര ദേശീയ പുരസ്‌കാരങ്ങളും വാരിക്കൂട്ടി. പാഥേര്‍ പാഞ്ചലിയുടെ തുടര്‍ക്കഥയായി അപരാജിത, അപുര്‍ സന്‍സാര്‍ എന്നീ ചിത്രങ്ങളും റായ് ഒരുക്കി. കാലത്തെ അതിജിവിച്ചുകൊണ്ട് 'അപുത്രയ' ചിത്രങ്ങളായിഅവയിന്നും പ്രേക്ഷകമനസ്സില്‍ വാഴുന്നു.

'ഈ ചിത്രം കണ്ടില്ലെങ്കില്‍ ഏറ്റവും നല്ല സിനിമ നിങ്ങള്‍ കണ്ടിട്ടില്ല' എന്ന പരസ്യവാചകം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. കണ്ടു കഴിയുമ്പോള്‍ തലവേദന ബാക്കി. ഒപ്പം ടിക്കറ്റിന്റെ കാശും മൂന്നുമണിക്കൂറും പാഴാക്കിയതിലുള്ള സങ്കടവും . എന്നാല്‍ 'പഥേര്‍ പാഞ്ചലി' അങ്ങനെയൊരു അനുഭവമാവില്ല നിങ്ങള്‍ക്ക്. 'ഈ ചിത്രം കണ്ടില്ലെങ്കില്‍ ഏറ്റവും നല്ല സിനിമ നിങ്ങള്‍ കണ്ടിട്ടില്ല'എന്ന പരസ്യവാചകം അര്‍ഹിക്കുന്ന അത്യപൂര്‍വം ചിത്രങ്ങളിലൊന്നാണിത്.

Content Highlights: Pather Panchali, 1955 Indian Bengali-language drama film


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented