'ഇതാണ് ഞങ്ങളുടെ ഭൂമി, ജീവിതം, മരിക്കും വരെ പോരാടും'; പറക്കാൻ ഒരുങ്ങുന്ന പരന്തൂരില്‍ സംഭവിക്കുന്നത്


അശ്വതി അനില്‍ | aswathyanil@mpp.co.in

Premium

പരന്തൂരിലെ പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യം. ഫോട്ടോ: പി.ടി.ഐ

'റങ്ങാന്‍ പോലും കഴിയുന്നില്ല. ഞങ്ങള്‍ ആശങ്കയിലാണ്. ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ല. ഇത്രയും കാലം ഞങ്ങള്‍ക്കുണ്ടായിരുന്ന സന്തോഷകരമായ ജീവിതം സര്‍ക്കാരിന്റെ പ്രഖ്യാപനത്തോടെ ഇല്ലാതായിരിക്കുന്നു. ഞങ്ങളുടെ ജീവിതമാര്‍ഗങ്ങള്‍ നശിക്കാന്‍ പോവുന്നു. തലമുറകളായി കൈമാറി വന്ന ഈ പാരമ്പര്യഭൂമി നഷ്ടപ്പെടുമോ എന്ന പേടിയിലാണ് നാട്ടുകാര്‍...' തമിഴ്​നാട്ടിൽ ചെന്നൈക്കടുത്ത് പരന്തൂരിലെ 72 വയസ്സുകാരി സെല്‍വിയമ്മ ക്യാമറയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പറഞ്ഞു മുഴുമിപ്പിച്ചത്. കരച്ചില്‍ പിന്നെ ദേഷ്യത്തിലേക്ക് വഴിമാറി. 'വിട്ടുതരില്ല, ഞങ്ങളുടെ ഭൂമി ആര്‍ക്കും വിട്ടുതരില്ല, ഞങ്ങളെ കൊന്നിട്ട് നിങ്ങളീ ഭൂമി കൊണ്ടുപോയ്‌ക്കോളൂ' ആക്രോശിച്ചുകൊണ്ട് വിമാനത്താവളത്തിനെതിരേ പ്രതിഷേധിക്കുന്ന നൂറുകണക്കിന് ജനങ്ങളിലൊരാളായി സെല്‍വിയമ്മയും അലിഞ്ഞു..

"207-ാം നാള്‍
ഏകനാപുരം ഗ്രാമ കുടിയിരുപ്പോര്‍ മട്രും വ്യവസായികള്‍ നല കൂട്ടമൈപ്പ് പരന്തൂര്‍ പുതിയ വിമാനനിലയം എതിര്‍പ്പ് ഇയക്കം...."

ഏകനാപുരത്തേക്ക് കടന്നുചെല്ലുന്നവരെ സ്വാഗതം ചെയ്യുന്ന കറുത്ത ബോര്‍ഡില്‍ വെളുത്ത ചോക്ക് കൊണ്ട് എഴുതിവെച്ചിരിക്കുന്നത് ഇങ്ങനെയാണ്. തൊട്ടടുത്തായി ഏതാനും ജനങ്ങള്‍ ധര്‍ണയിരിക്കുന്നുണ്ട്. ഏകനാപുരത്ത് നിര്‍മിക്കാനിരിക്കുന്ന വിമാനത്താവളത്തിനെതിരേയാണ് ഏകനാപുരത്തേയും സമീപപ്രദേശങ്ങളിലേയും 13 ഗ്രാമങ്ങളില്‍ നിന്നുള്ള ഗ്രാമവാസികള്‍ പ്രതിഷേധിക്കുന്നത്. എല്ലാ ദിവസവും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീകളും കുട്ടികളുമടങ്ങിയ നൂറുകണക്കിനാളുകള്‍ ഇവിടെ പ്രതിഷേധത്തില്‍ പങ്കുചേരുന്നു. വിമാനത്താവളത്തിനായി 5000 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരിക. അങ്ങനെ വന്നാല്‍ തങ്ങളുടെ കൃഷിയിടവും ജീവിതവും ഇല്ലാതാവുമെന്നാണ് ഗ്രാമവാസികള്‍ ഒന്നടങ്കം പറയുന്നത്. പൊതുജനങ്ങള്‍ക്കൊപ്പം പരിസ്ഥിതിവാദികളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തെ പുതിയ വിമാനത്താവളത്തിനുള്ള സ്ഥലം ഇത് തന്നെയായിരിക്കുമെന്ന് പ്രതിഷേധങ്ങള്‍ക്കിടയിലും ആവര്‍ത്തിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍.

വിമാനത്താവളം സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതി, പ്രതിഷേധം എന്തിന്?

ചെന്നൈയ്ക്ക് സമീപം രണ്ടാമത്തെ വിമാനത്താവളമാണ് കാഞ്ചീപുരം ജില്ലയിലെ പരന്തൂരില്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യ വിമാനത്താവളം സ്ഥിതി ചെയ്യുന്ന മീനാമ്പക്കത്ത് നിന്ന് 59 കി.മീ ദൂരെയാണ് പുതിയ വിമാനത്താവളത്തിന്റെ നിര്‍ദിഷ്ട സ്ഥലം. പരന്തൂരിലെ ഏകനാപുരം അടക്കം 12 ഗ്രാമങ്ങളിലായാണ് വിമാനത്താവളം നിര്‍മിക്കുക. 4563.56 ഏക്കറിലായി 20,000 കോടി രൂപയുടെ പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. പദ്ധതി ആരംഭിക്കുകയാണെങ്കില്‍ അത് 13 ഗ്രാമങ്ങളിലെ ആയിരത്തിലേറെ കുടുംബങ്ങളെയാണ് ബാധിക്കുക. ഇവര്‍ ഈ പ്രദേശത്ത് നിന്ന് കുടിയൊഴിയാന്‍ നിര്‍ബന്ധിതരാവും.

വിമാനത്താവളത്തിന് വേണ്ടി വിട്ടുകൊടുക്കുന്ന ഭൂമിക്ക് മൂന്നിരട്ടി വില നഷ്ടപരിഹാരമായി നല്‍കാനും പകരം സ്ഥലം കണ്ടെത്തി നല്‍കാനും തയ്യാറാണെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയെങ്കിലും എത്ര വില നല്‍കിയാലും തങ്ങളുടെ പാരമ്പര്യഭൂമിവിട്ടുപോവാന്‍ കഴിയില്ലെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. സര്‍ക്കാര്‍ ജോലിയടക്കം വാഗ്ദാനം ചെയ്ത് സമവായത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ പിന്മാറുന്ന സൂചനകളില്ല.

ഏകദേശം മൂവായിരം ആളുകളാണ് ഇവിടെ കൃഷി മുഖ്യജീവിതമാര്‍ഗമാക്കി കഴിയുന്നത്. വിമാനത്താവള പദ്ധതിക്ക് വേണ്ടി കൃഷിയിടമെല്ലാം നശിപ്പിക്കപ്പെടും. കൃഷി മാത്രം ചെയ്ത് ജീവിക്കാനറിയുന്ന തങ്ങള്‍ ഇനി എങ്ങോട്ട് പോകണമെന്നും എങ്ങനെ ജീവിക്കുമെന്നുമാണ് ഇവരുടെ ആശങ്ക. ഈ നാട്ടിലെ ജനങ്ങളാരും വിമാനത്താവള പദ്ധതിയെ അനുകൂലിക്കുന്നില്ലെന്നും തങ്ങള്‍ക്ക് സ്വന്തം ഭൂമി തന്നാല്‍ മതിയെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. സ്വന്തം വീടടക്കം ഇല്ലാതാവുമെന്ന ആശങ്ക തെല്ലൊന്നുമല്ല ജനങ്ങളെ ബാധിച്ചിരിക്കുന്നത്. അവര്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്.

വാര്‍ത്തകള്‍ക്കപ്പുറം അറിയാം വായിക്കാം.. വാട്‌സാപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ

സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പ്രതിഷേധക്കാര്‍ പാടെ തള്ളിയിരിക്കുകയാണ്. 'പണവും വേണ്ട, ഭൂമിയും വേണ്ട. ഞങ്ങളെ സ്വന്തം സ്ഥലത്ത് ജീവിക്കാന്‍ അനുവദിച്ചാല്‍ മതി. ഞങ്ങളെ കുടിയൊഴിപ്പിച്ചാല്‍ ഞങ്ങള്‍ എങ്ങോട്ട് പോകും'? പഞ്ചായത്ത് പ്രസിഡന്റ് ബലരാമന്‍ ചോദിച്ചു. 'പ്രദേശത്തുള്ള 90 ശതമാനം ആളുകളും കൃഷി ചെയ്ത് ജീവിക്കുന്നവരാണ്. കൃഷിയെയും താമസസ്ഥലത്തേയും ബാധിക്കാതെയാണ് പദ്ധതി വരുന്നതെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പുകളുണ്ടാവുമായിരുന്നില്ല. എന്നാല്‍ കൃഷി നശിപ്പിക്കപ്പെടുകയും തീര്‍ത്തും പരിചയമില്ലാത്തയിടത്തേക്ക് ജനങ്ങള്‍ കുടിയേറാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്നതാണ് ആശങ്കപ്പെടുത്തുന്നത്. എതിര്‍പ്പിന് അതാണ് പ്രധാനകാരണം'. ബലരാമന്‍ പറഞ്ഞു. 'വീടുകളും കൃഷിയിടങ്ങളും അവര്‍ ജെ.സി.ബികള്‍ ഉപയോഗിച്ച് ഇല്ലാതാക്കട്ടെ, എന്നാലും അവസാന ശ്വാസം വരെ ഞങ്ങള്‍ പ്രതിഷേധിക്കും' പ്രേമ എന്ന 60 വയസ്സുകാരിയും വൈകാരികമായി പ്രതികരിച്ചു.

സെല്‍വിയമ്മയും പ്രേമയും ബലരാമനുമെല്ലാം പരന്തൂരിലെ ആയിരക്കണക്കിന് ജനങ്ങളുടെ പ്രതിനിധികളാണ്. നിര്‍ദിഷ്ട വിമാനത്താവള പദ്ധതിക്കെതിരേ സമാനമായ ആശങ്കകളാണ് ഗ്രാമവാസികളെല്ലാം പങ്കുവെയ്ക്കുന്നത്. പ്രതിഷേധസൂചകമായി ജനങ്ങള്‍ വീടുകളില്‍ കരിങ്കൊടിയും സ്ഥാപിച്ചിട്ടുണ്ട്.

എന്തുകൊണ്ട് പരന്തൂര്‍?

വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ വിമാനത്താവള ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും 2006ല്‍ ഡി.എം.കെ അധികാരത്തില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ചെന്നൈയില്‍ പുതിയ വിമാനത്താവളം നിര്‍മ്മിക്കാനുള്ള ആദ്യ ശ്രമം ആരംഭിച്ചത്. അന്ന് ചെന്നൈയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയുള്ള ശ്രീപെരുംപത്തൂരിനെ വിമാനത്താവളത്തിനുള്ള സാധ്യതാസ്ഥലമായിക്കണ്ട് സര്‍വേ നടത്തിയിരുന്നു. എന്നാല്‍ ദീര്‍ഘകാല പദ്ധതിയായതിനാല്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ല. പിന്നീട് 2011-ല്‍ എഐഎഡിഎംകെ അധികാരത്തില്‍ വന്നതിന് പിന്നാലെ വിമാനത്താവളം സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ ഉയര്‍ന്നെങ്കിലും പദ്ധതിയില്‍ യാതൊരു ചലനവുമുണ്ടായില്ല. പിന്നീട് പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും കോവിഡ് മഹാമാരിയെ തുടര്‍ന്ന് പദ്ധതി വീണ്ടും കടലാസിലൊതുങ്ങി. 2021ല്‍ എം.കെ സ്റ്റാലിന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴാണ് ചെന്നൈയിലെ പുതിയ വിമാനത്താവളം വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടിയത്.

തലസ്ഥാന നഗരമായ ചെന്നൈയ്ക്ക് സമീപത്തെ ആദ്യ വിമാനത്താവളം മീനാമ്പക്കത്താണ് പ്രവര്‍ത്തിക്കുന്നത്. 2029 ആവുന്നതോടെ ഈ വിമാനത്താവളം അതിന്റെ പൂർണശേഷിയിലേക്ക് എത്തുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത് എന്നാണ് പബ്ലിക് വര്‍ക്‌സ് വകുപ്പ് മന്ത്രി ഇ.വി വേലു വ്യക്തമാക്കിയത്. അങ്ങനെയാണ് രണ്ടാമതൊരു വിമാനത്താവളമെന്ന ആലോചനയിലേക്കെത്തിയത്. തുടര്‍ന്ന് പാരിസ്ഥിതി-സാമൂഹിക- സാമ്പത്തിക സര്‍വേ നടത്തി 11 സ്ഥലങ്ങളെ സാധ്യതാസ്ഥലമായി നിശ്ചയിച്ചത്. അതില്‍ ആദ്യഘട്ടത്തില്‍ നാലെണ്ണവും പിന്നീട് രണ്ടെണ്ണവും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുകയായിരുന്നു. കല്‍പ്പാക്കം ആണവ നിലയം സമീപത്ത് പ്രവര്‍ത്തിക്കുന്നുവെന്നതുകൊണ്ട് പാദാളം, തിരുപ്പോരൂര്‍ എന്നീ സ്ഥലങ്ങള്‍ പട്ടികയില്‍ നിന്ന് പുറത്തായത്. ഡിഫന്‍സ് എയര്‍ബേസ് പ്രവര്‍ത്തിക്കുന്നതും കൂടുതല്‍ താമസസ്ഥലങ്ങളുള്ളതിനാലും താമ്പരവും പന്നൂരും പട്ടികയില്‍ നിന്ന് പുറത്തായതോടെ പരന്തൂരായി അവസാന സ്ഥലം. ചെന്നൈ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ ദൂരത്താണ് പരന്തൂര്‍. 'സംസ്ഥാനത്തിന്റെ സാമ്പത്തിക-സാമൂഹിക വളര്‍ച്ചയ്ക്ക് ചെന്നൈയ്ക്ക് പുതിയ ഒരു വിമാനത്താവളം അത്യാവശ്യമായിരിക്കുന്നു. അതിനാല്‍ ചെന്നൈയിലെ അടുത്ത ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം ചെന്നൈയിലെ പരന്തൂരില്‍ നിര്‍മിക്കുമെന്ന് 2022 ഓഗസ്ത് രണ്ടിനാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വലിയ വിമാനസര്‍വീസുകള്‍ നടത്താനുള്ള പ്രയാസങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രണ്ടാമത്തെ വിമാനത്താവളമെന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ പരന്തൂര്‍ പ്രദേശം അന്തിമമാക്കിയത്.

സ്ഥലം സംബന്ധിച്ച് ഏകദേശ ധാരണയായിട്ടും കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. പരന്തൂരിലെ വിമാനത്താവള പദ്ധതിക്കെതിരേ പൊതുജനങ്ങളും പരിസ്ഥിതിവാദികളും രംഗത്തെത്തി. എതിര്‍പ്പ് കടുത്തതോടെ രണ്ടാമതും പാരിസ്ഥിതിക-സാങ്കേതിക- സാമ്പത്തിക പഠനം നടത്താന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങി. എന്നിട്ടും പ്രതിഷേധങ്ങള്‍ക്ക് അയവുവന്നില്ല. തുടര്‍ന്ന് പ്രതിഷേധിക്കുന്ന ഗ്രാമീണരുമായി ചര്‍ച്ച നടത്താന്‍ മന്ത്രിമാരുടെ സമിതി രൂപീകരിച്ച്. സമിതി നിരവധി തവണ ജനങ്ങളുമായി ചര്‍ച്ച നടത്തിയിട്ടും കാര്യമായ ഫലമുണ്ടായില്ല. പ്രതിഷേധം തുടര്‍ന്നു.

2022ല്‍ മാത്രം രണ്ട് തവണയാണ് മൂന്ന് മന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടന്നത്. വിമാനത്താവളത്തിനായി വിട്ടുകൊടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരമായി മൂന്നര ഇരട്ടി വില നല്‍കാമെന്നയിരുന്നു ഓഗസ്തില്‍ നടന്ന ചര്‍ച്ചയില്‍ മന്ത്രിമാര്‍ പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കിയത്. ഇതുകൂടാതെ ഒഴിപ്പിക്കപ്പെടുന്ന കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി നല്‍കുമെന്നും പുതിയ വീടിനായി മറ്റൊരു സ്ഥലം കണ്ടെത്തിക്കൊടുക്കാമെന്നും മന്ത്രിമാര്‍ ഉറപ്പ് നല്‍കി. ഡിസംബറില്‍ ജനങ്ങള്‍ വീണ്ടും പ്രതിഷേധം ആരംഭിച്ചെങ്കിലും സമവായവുമായി മന്ത്രിമാര്‍ രംഗത്തെത്തിയതോടെ പ്രതിഷേധം താല്‍ക്കാലികമായി അവസാനിപ്പിച്ചു. എന്നാല്‍ ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസക്കുറവുള്ളതായാണ് ഒരു വിഭാഗം പ്രതിഷേധക്കാരും സര്‍ക്കാര്‍ വൃത്തങ്ങളും പറയുന്നത്. നടപ്പിലാക്കാന്‍ സാധ്യതയില്ലാത്ത വാഗ്ദാനങ്ങളാണ് സര്‍ക്കാര്‍ നല്‍കുന്നത്. മന്ത്രിമാരോ സര്‍ക്കാരോ നല്‍കുന്ന ഉറപ്പുകള്‍ പൂര്‍ണമായും വിശ്വസിക്കാന്‍ ഗ്രാമവാസികള്‍ തയ്യാറല്ല. നടപ്പാക്കാന്‍ പറ്റുന്ന ആ ഉറപ്പുകള്‍ പോലും വിശ്വസിക്കാന്‍ തയ്യാറാകാത്ത ഗ്രാമവാസികള്‍ സര്‍ക്കാരിന്റെ ഈ 'മോഹനവാഗ്ദാനങ്ങള്‍' എങ്ങനെ വിശ്വസിക്കാനാണെന്നാണ് ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്.

സര്‍ക്കാര്‍ വാഗ്ദാനം

പരന്തൂര്‍ വിമാനത്താവള പദ്ധതിക്ക് വേണ്ടി വരുന്ന 4563.56 ഏക്കര്‍ സ്ഥലത്തില്‍ 3246.30 ഏക്കര്‍ സ്ഥലവും സ്വകാര്യവ്യക്തികളുടേതാണ്. ഇവര്‍ക്ക് മൂന്നിരട്ട് നഷ്ടപരിഹാരം നല്‍കിയാണ് ഭൂമിയേറ്റെടുക്കുക. കുടിയൊഴിക്കപ്പെടുന്നവരുടെ കുടുംബത്തിലെ ഒരാള്‍ക്ക് വീതം സര്‍ക്കാര്‍ ജോലി നടക്കും. പദ്ധതി പ്രദേശത്ത് നിന്ന് മാറിപ്പോകുന്ന എല്ലാ ആളുകളെയും മറ്റൊരു സ്ഥലത്ത് ഒരുമിച്ച് പാര്‍പ്പിക്കും. സര്‍ക്കാര്‍ അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റും. പ്രദേശത്തെ 360 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന നെല്‍വൈ തടാകം സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രദേശത്തെ നൂറുകണക്കിന് ആളുകളുടെ തൊഴിലും സാമൂഹിക സാഹചര്യവും മെച്ചപ്പെടാന്‍ പദ്ധതി സഹായിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

അടുത്ത 35 വര്‍ഷത്തേക്കുള്ള വ്യോമഗതാഗത ആവശ്യങ്ങളെ പരിഗണിച്ചാണ് വിമാനത്താവളം നിര്‍മിക്കുന്നത് എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. സിവില്‍ ഏവിയേഷന്റെ സര്‍വേ പ്രകാരം വിമാനത്താവളത്തിന് വേണ്ടി ചെലവഴിക്കുന്ന ഓരോ നൂറുരൂപയും ഭാവിയില്‍ 325 രൂപ വീതം വരുമാനമായി തിരിച്ചുലഭിക്കുമെന്നാണ് വ്യക്തമാക്കുന്നതെന്ന് മന്ത്രി തങ്കം തെന്നരശ് പറഞ്ഞു.

പ്രതിവര്‍ഷം 2.2 കോടി യാത്രക്കാരാണ് ചെന്നൈ മീനമ്പാക്കത്തെ വിമാനത്താവളത്തെ ആശ്രയിക്കുന്നത്. അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇത് 3.5 കോടിയാവുമെന്നാണ് കരുതുന്നത്. ഈ കണക്കുകള്‍ ചെന്നൈാ വിമാനത്താവളത്തെ അതിന്റെ പരാമവധി ശേഷിയിലേക്കാണ് എത്തിക്കുന്നത്. പുതിയ വിമാനത്താവളത്തിന് പ്രതിവര്‍ഷം 10 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.

എതിര്‍പ്പുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ വിശദമായ പഠനം നടത്തണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. 'പ്രദേശത്തുള്ള ജലാശയങ്ങള്‍ നശിപ്പിച്ചുകൊണ്ടാവരുത് വികസനത്തിന്റെ പേരിലുള്ള വിമാനത്താവള നിര്‍മാണം. നിരവധി ജലസമ്പത്തിന്റേയും അരുവികളുടേയും ഒഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ട് അതിന് മുകളിലാണ് നിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നതെന്നാണ് പദ്ധതിയുടെ ആദ്യരൂപരേഖ വ്യക്തമാക്കുന്നത്. ഇത് എത്രത്തോളം പ്രായോഗികമാവുമെന്ന് വിശദമായി പഠിക്കണം. 1970കളില്‍ ഒരു ജലാശയത്തിന് മുകളില്‍ വിമാനത്താവളം പണിയുന്നത് ആശങ്കയില്ലാത്ത കാര്യമായിരുന്നു. എന്നാല്‍ ഇന്ന് കാലാവസ്ഥ ആകെ മാറി. ചെറിയ പിശകുകള്‍ പോലും വിമാനത്താവളത്തിലേക്ക് വെള്ളം കയറുന്ന അവസ്ഥയിലേക്ക് നയിക്കും. അഡയാറിന് മുകളിലൂടെ സെക്കന്‍ഡറി റണ്‍വേ നിര്‍മ്മിച്ചത് നദിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നതിനാലാണ് മുടിച്ചൂര്‍ പ്രദേശം വെള്ളത്തിനടിയിലായതെന്ന് പരിസ്ഥിതി സംഘടനാപ്രതിനിധികളിലൊരാള്‍ പ്രതികരിച്ചു. പുരന്തൂരിലെ പദ്ധതി ഉപേക്ഷിട്ട് നിലവിലുള്ള വിമാനത്താവളം വികസിപ്പിക്കുകയോ അല്ലെങ്കില്‍ ഡിഫന്‍സ് എയര്‍ബേസിന്റെ ഒരു ഭാഗം ഏറ്റെടുത്ത് സര്‍ക്കാര്‍ പ്രവര്‍ത്തിപ്പിക്കുന്നതും ഉചിതമാണെന്നാണ് ഇവരുടെ അഭിപ്രായം. ആയിരക്കണക്കിന് ഏക്കര്‍ ജൈവവൈവിധ്യമാണ് ഈ പദ്ധതിയിലൂടെ നശിപ്പിക്കപ്പെടുന്നത്,
ഒരു ജനതയുടെ സന്തോഷവും പാരമ്പര്യവും ഇല്ലാതാക്കികൊണ്ടാവരുത് ഇത്തരം പദ്ധതികളുമായി സര്‍ക്കാര്‍ പൊതുസമൂഹത്തെ സമീപിക്കേണ്ടത്. പ്രതിഷേധക്കാരില്‍ ഭൂരിഭാഗവും കര്‍ഷകരാണ്, അവരുടെ ഭൂമി സര്‍ക്കാര്‍ വിമാനത്താവള പദ്ധതിക്ക് വേണ്ടി പിടിച്ചെടുക്കുകയാണെങ്കില്‍ അവര്‍ ജീവിതമാര്‍ഗം തേടി നഗരങ്ങളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരാവുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

200 ദിവസം പിന്നിട്ട് പ്രതിഷേധം

സര്‍ക്കാരുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടേയും പരന്തൂരില്‍ ജനങ്ങള്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 12ന് പ്രതിഷേധം 200 ദിവസം പൂര്‍ത്തിയായി. ഇനിയുള്ള ദിവസങ്ങളില്‍ വന്‍ പ്രതിഷേധ പരിപാടികളാവും സര്‍ക്കാര്‍ കാണാന്‍ പോവുകയെന്നാണ് സമരക്കാര്‍ മുന്നരിയിപ്പ് നല്‍കിയിരിക്കുന്നത്. ചെന്നൈയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഏതാനും പരിസ്ഥിതിവാദികളും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ട്. എന്നാല്‍ ചെന്നൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പരന്തൂരിലെ പ്രതിഷേധത്തിലേക്ക് ചേരാന്‍ എത്തുന്നവരെ പോലീസ് തടയുകയാണ്. സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകരില്‍ പലരേയും പോലീസ് കസ്റ്റഡിയിലെടുത്തു.

പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവയ്ക്കണമെന്നാണ് ജനങ്ങളുടെ ഇപ്പോഴത്തെ ആവശ്യം. നിര്‍ദിഷ്ട വിമാനത്താവളത്തിനെതിരേ പ്രദേശവാസികള്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കരാറുകാരെ നിയമിക്കുന്നതിനുള്ള ടെന്‍ഡര്‍ സമയപരിധി സര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ടെന്‍ഡറിന് ഫെബ്രുവരി ആറുവരെയായിരുന്നു സമയം അനുവദിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന വ്യവസായ വികസനകോര്‍പ്പറേഷന്‍ ഇത് 27 വരെ നീട്ടി. നിര്‍ദിഷ്ട വിമാനത്താവളത്തിലെ വ്യോമഗതാഗതത്തെക്കുറിച്ച് പഠിക്കാനായി മറ്റൊരു ടെന്‍ഡര്‍ വിളിക്കാനും പദ്ധതിയുടെ മൊത്തത്തിലുള്ള വിലയിരുത്തല്‍ നടത്താനും വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്താവളവികസനം, പരിസ്ഥിതി ആഘാതം, സാമൂഹിക ആഘാതം തുടങ്ങിയവ പഠിച്ച് റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം.

പദ്ധതി നടപ്പാക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോള്‍ പ്രതിഷേധക്കാരും മുന്നോട്ടുതന്നെയാണ്. സമവായ സാധ്യതകളെല്ലാം സര്‍ക്കാര്‍ തേടിയിട്ടുണ്ട്. എന്നാല്‍ പ്രതിഷേധത്തില്‍ നിന്ന് അണുവിട ചലിക്കാതെ പരന്തൂരിലെ ജനങ്ങള്‍ സമരമുഖത്ത് തുടരുമ്പോള്‍ പുതിയ വിമാനത്താവളം എന്ന ചെന്നൈയുടെ സ്വപ്‌നവും തുലാസിലാടുകയാണ്.

Content Highlights: Parandur residents’ protest against Chennai’s new airport completes 200 days

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


rahul gandhi

1 min

രാഹുലിനെ പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യിക്കാന്‍ ബിജെപി നീക്കം; പുറത്താക്കാന്‍ കത്തു നല്‍കി

Mar 17, 2023

Most Commented