കപ്പലിന് വഴിയൊരുക്കാന്‍ പാലം കുത്തനെ ഉയരും, തീവണ്ടിയുടെ വേഗം കൂടും; വിസ്മയം പുതിയ പാമ്പന്‍ പാലം


ജിതേഷ് പൊക്കുന്ന് കപ്പലുകള്‍ക്ക് വഴിയൊരുക്കാന്‍ പാലത്തിന്റെ മധ്യഭാഗം ഒന്നാകെ ലംബമായി മുകളിലേക്ക് ഉയരുന്ന 'വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്' സംവിധാനമാണ് പുതിയ പാലത്തിന്റെ പ്രധാന ഹൈലൈറ്റ്.

IN DEPTH

പഴയ പാമ്പൻ പാലം, പുതിയ പാലത്തിന്റെ രൂപരേഖ

ന്ത്യയിലെ എന്‍ജിനിയറിങ് മികവിന്റെ വിസ്മയങ്ങളില്‍ ഒന്നാണ് രാമേശ്വരത്തെ പാമ്പന്‍ പാലം. പാക് കടലിടുക്കിന് കുറുകേ രണ്ട് കിലോമീറ്ററിലധികം നീളത്തിലുള്ള പാമ്പന്‍ പാലം ഇപ്പോഴും സഞ്ചാരികള്‍ക്ക് കൗതുക കാഴ്ചയാണ്. രാമേശ്വരത്തെ വന്‍കരയുമായി ബന്ധിപ്പിച്ച് ഒരു നൂറ്റാണ്ടിലേറെയായി തലയുയര്‍ത്തി നിന്ന പാമ്പന്‍ പാലം ഒടുവില്‍ ചരിത്രമാവുകയാണ്. പഴയ റെയില്‍വേ പാലത്തിന് ബദലായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പുതിയ പാമ്പന്‍ പാലത്തിന്റെ നിര്‍മാണം ജനുവരിയില്‍ പൂര്‍ത്തിയാകും. ഇതോടെ ഒരു നൂറ്റാണ്ടിന്റെ കഥ പറയുന്ന രാജ്യത്തിന്റെ അഭിമാനമായ പാമ്പന്‍ പാലം വിസ്മൃതിയിലേക്ക് മടങ്ങും.

കരുത്തിന്റെ പര്യായമെന്ന വിശേഷണമുള്ള പഴയ പാമ്പന്‍ പാലത്തോട് കിടപിടിക്കുന്നതാണ് പുതിയ പാലവും. ചെറുകപ്പലുകള്‍ക്ക് വഴിയൊരുക്കാന്‍ പാലത്തിന്റെ മധ്യഭാഗം ഒന്നാകെ ലംബമായി മുകളിലേക്ക് ഉയരുന്ന 'വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്' സംവിധാനമാണ് പുതിയ പാലത്തിന്റെ പ്രധാന ഹൈലൈറ്റ്. കപ്പലുകള്‍ കടന്നുപോകുമ്പോള്‍ പാലത്തിന്റെ മധ്യഭാഗം പാളത്തിനു സമാന്തരമായി കുത്തനെ ഉയരും. ഇതാണ് വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് എന്നറിയപ്പെടുന്നത്. രാജ്യത്ത് ഇത്തരത്തില്‍ നിര്‍മിക്കുന്ന ആദ്യ റെയില്‍പ്പാലം കൂടിയാണിത്.പുതിയ പാലത്തിന്റെ രൂപരേഖ. photo: RailMinIndia

പാലത്തിന്റെ ഇരുവശങ്ങളിലേയും സെന്‍സര്‍ ഉപയോഗിച്ചാണ് വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് സംവിധാനം പ്രവര്‍ത്തിക്കുക. കപ്പലുകള്‍ വരുമ്പോള്‍ പാലം ഉയര്‍ത്താന്‍ ഇലക്ട്രോ മെക്കാനിക്കല്‍ നിയന്ത്രിത സംവിധാനമാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇത് ട്രെയിന്‍ നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധിപ്പിക്കുകയും തടസമില്ലാത്ത യാത്രയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. കപ്പലിന് വഴിയൊരുക്കാന്‍ പാലത്തിന്റെ മധ്യഭാഗം ഇരുവശത്തേക്കും ചെരിഞ്ഞു പൊങ്ങുന്ന സംവിധാനമാണ് ഇപ്പോഴത്തെ പാലത്തിലുള്ളത്. കൈകൊണ്ട് പ്രവര്‍ത്തിക്കുന്ന ഷെര്‍സര്‍ റോളിങ് ലിഫ്റ്റ് സാങ്കേതിക വിദ്യമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്. ഇതിലൂടെ തിരശ്ചീനമായാണ് പാലം ഉയര്‍ത്തിയിരുന്നത്.

പഴയ പാമ്പന്‍ പാലത്തിലൂടെ ട്രെയിന്‍ കടന്നുപോകുന്നു. photo: UNI

പഴയ പാലത്തിലെ കപ്പല്‍ചാലിന് 22 മീറ്റര്‍ വീതിയായിരുന്നു ഉള്ളതെങ്കില്‍ പുതിയ പാലത്തിന് 63 മീറ്ററാണ് ഉള്ളത്. സെന്‍സറുകള്‍ ഉപയോഗിച്ച് കപ്പലെത്തുന്ന കാര്യം തിരിച്ചറിയാനും കഴിയും. കടല്‍ നിരപ്പില്‍നിന്ന് 12.5 മീറ്റര്‍ ഉയരത്തിലാണ് പാലം. നിലവില്‍ ഈ കടലിടുക്ക് വഴി ഒരുമാസം പത്തു കപ്പലുകളെങ്കിലും പോകുന്നുണ്ടെന്നാണ് കണക്കുകള്‍.

പുതിയ പാലം തുറന്നുകൊടുത്താല്‍ ഒരേസമയം രണ്ട് കപ്പലുകള്‍ക്ക് ഇതുവഴി കടന്നുപോകാന്‍ സാധിക്കും. കാലപ്പഴക്കംചെന്ന പഴയ റെയില്‍വേ പാതയിലൂടെ മണിക്കൂറില്‍ 15 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ പോകുന്നതെങ്കില്‍ പുതിയ പാലം സജ്ജമാകുന്നതോടെ 65 കിലോമീറ്റര്‍ വേഗത്തില്‍ കുതിക്കാന്‍ ട്രെയിനുകള്‍ക്ക് സാധിക്കും. അധിക ഭാരം താങ്ങാനും പുതിയ ഡബിള്‍ ലൈന്‍ ട്രാക്കുകള്‍ക്ക് സാധിക്കും.

2010ല്‍ ബാന്ദ്ര-വര്‍ളി പാലം പ്രവര്‍ത്തന സജ്ജമാകുന്നതുവരെ രാജ്യത്തെ ഏറ്റവും നീളമുള്ള കടല്‍പ്പാലമെന്ന റെക്കോര്‍ഡ് പാമ്പന്‍ പാലത്തിനായിരുന്നു. നാഷണല്‍ ജ്യോഗ്രഫിക് ചാനല്‍ നടത്തിയ പഠനത്തില്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ അസാധാരണമായ റെയില്‍പാലം എന്ന ഖ്യാതിയും പാമ്പന്‍ പാലത്തിനുണ്ട്.

നിര്‍മാണം പുരോഗമിക്കുന്ന പുതിയ പാമ്പന്‍ പാലം (വലത് ഭാഗത്ത്)

ലങ്കയിലേക്കുള്ള കുറുക്കുവഴി

108 വര്‍ഷങ്ങള്‍ക്ക് മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1914 ഫെബ്രുവരി 24-നായിരുന്നു പാമ്പന്‍ പാലത്തിന്റെ പിറവി. ധനുഷ്‌കോടിയും ശ്രീലങ്കയുമായുള്ള സാമീപ്യമാണ് പാക് കടലിടുക്കിന് കുറുകെ ഒരു പാലം നിര്‍മ്മിക്കാന്‍ ബ്രിട്ടിഷുകാര്‍ക്ക് പ്രചോദനമായത്. രാമേശ്വരത്തിന്റെ ഏറ്റവും കിഴക്കു ഭാഗത്ത് സമുദ്രത്തിലേക്കു നീണ്ടു കിടക്കുന്ന തുരുത്താണ് ധനുഷ്‌കോടി. ഇവിടെ നിന്നു ശ്രീലങ്കയിലേക്കു കടലിലൂടെ 16 കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു. അക്കാലത്ത് ഇതുവഴി ചരക്കുകള്‍ കയറ്റി അയക്കുന്നതിനുള്ള ഒരേയൊരു തടസം പാക് കടലിടുക്കായിരുന്നു. ഈ തടസം പരിഹരിക്കാനാണ് ബ്രിട്ടീഷുകാര്‍ പാലം നിര്‍മിച്ചത്. 1911ല്‍ ആരംഭിച്ച നിര്‍മാണം മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തിയായി.

പാമ്പന്‍ പാലം യാഥര്‍ഥ്യമായതോടെ അക്കാലത്ത് ദക്ഷിണേന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ശ്രീലങ്കയിലേക്കുള്ള യാത്രയും എളുപ്പമായി. പാലം പണിയും മുമ്പ് മണ്ഡപം വരെ സര്‍വീസ് നടത്തിയിരുന്ന ട്രെയിന്‍ പിന്നീട് ധനുഷ്‌കോടി വരെയാക്കി. ധനുഷ്‌ക്കോടിയില്‍ നിന്ന് ശ്രീലങ്കയിലെ തലൈ മാന്നാറിലേക്ക് നിരവധി ചെറുകപ്പലുകള്‍ സര്‍വീസ് നടത്തി. അവിടെ നിന്ന് ട്രെയിന്‍ മാര്‍ഗം ആളുകള്‍ കൊളംബോയിലേക്കും എത്തി. ഇതോടെ ശ്രീലങ്കയിലേക്കുള്ള യാത്രയുടെ പ്രധാന മാര്‍ഗമായും പാമ്പന്‍ പാലം മാറി.

പഴയ പാമ്പന്‍ പാലത്തിലൂടെ ട്രെയിന്‍ കടന്നുപോകുന്നു. photo: AP

അന്നത്തെ സാങ്കേതിക വിദ്യകള്‍വെച്ചു നോക്കുമ്പോള്‍ അത്യാധുനികമായിരുന്നു ഈ പാലം. ഉയര്‍ന്നുപൊങ്ങുന്ന പാലത്തിന്റെ മധ്യഭാഗം ലണ്ടനില്‍ നിര്‍മ്മിച്ച് ഇവിടെ കൊണ്ടുവന്നു കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ബ്രിട്ടീഷ്‌കാലത്തെ നിര്‍മിതിയായതിനാലും പിന്നീട് പുതുക്കിപ്പണിത കരുത്തിലും പാലം ഒരു നൂറ്റാണ്ടിലേറെ ദൃഢതയോടെ നിലകൊണ്ടു.

അറ്റകുറ്റപ്പണി അസാധ്യമായി, പുതിയ പാലം

രണ്ട് കിലോമീറ്ററിലേറെ നീളമുള്ള പഴയ പാലത്തില്‍ കാലപ്പഴക്കംകാരണം അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിലാണ് ഈ പാലത്തിന് സമാന്തരമായി തന്നെ പുതിയ പാലം നിര്‍മിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്. റെയില്‍വേ വികാസ് നിഗം ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് നിര്‍മാണം. പുതിയ പാലത്തിന് 2019 നവംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തറക്കല്ലിട്ടത്. 540 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ഈ വര്‍ഷം മാര്‍ച്ചില്‍ പണി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമെങ്കിലും പിന്നീടത് നീണ്ടുപോയി. ഇതിനോടകം പാലത്തിന്റെ 81 ശതമാനം പണിയും പൂര്‍ത്തിയായതായി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ബി.ജി. മല്യ ഏതാനം ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു.

പുതിയ പാലത്തിനായി കടലിടുക്കില്‍ ഇതിനോടകം 333 തൂണുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇവയ്ക്കു മുകളില്‍ 100 സ്പാനുകള്‍ സ്ഥാപിച്ചാണ് പാളം ഘടിപ്പിക്കുക. പഴയ പാലത്തെക്കാള്‍ മൂന്നുമീറ്റര്‍ ഉയരവും കൂടുതലുണ്ട്.

പുതിയ പാലം തുറന്നാലും പഴയ പാമ്പന്‍ പാലം പൂര്‍ണമായി പൊളിച്ച് മാറ്റില്ല. ഇതിന്റെ ഒരുഭാഗം പാമ്പന്‍ റെയില്‍വേ സ്റ്റേഷനില്‍ ചരിത്ര സ്മാരകമായി പ്രദര്‍ശിപ്പിക്കാനാണ് പദ്ധതി.

കൊടുങ്കാറ്റ് വിതച്ച ദുരന്തം

ധനുഷ്‌കോടിയെ തകര്‍ത്തെറിഞ്ഞ 1964-ലെ കൊടുങ്കാറ്റില്‍ പാമ്പന്‍ പാലത്തിനു മുകളിലൂടെയാണ് തിരമാലകള്‍ ആഞ്ഞടിച്ചത്. തിരയില്‍പ്പെട്ട പാസഞ്ചര്‍വണ്ടി കടലിലേക്കു മറിഞ്ഞ് അന്ന് 115 യാത്രക്കാര്‍ മരിച്ചു. അന്നു തകര്‍ന്ന റെയില്‍വേസ്റ്റേഷന്റെയും പാളത്തിന്റെയും അവശിഷ്ടം ധനുഷ്‌കോടിയില്‍ ഇപ്പോഴുമുണ്ട്. കൊടുങ്കാറ്റില്‍ പാലത്തിന്റെ പല ഭാഗങ്ങളും തകര്‍ന്നെങ്കിലും മധ്യഭാഗത്തിന് കേടുപാടുകളൊന്നും സംഭവിച്ചില്ല. അത് നിലനിര്‍ത്തിക്കൊണ്ടു തന്നെ പാലം പുതുക്കിപ്പണിതു. ദുര്‍ഘടമായ കൊങ്കണ്‍പാതയും ഡല്‍ഹി മെട്രോയും പണിയാന്‍ നേതൃത്വം വഹിച്ച ഇ. ശ്രീധരനാണ് പാമ്പന്‍ പാലവും പുതുക്കിപ്പണിയാന്‍ നേതൃത്വം നല്‍കിയത്. 1988-ല്‍ റെയില്‍വേ ട്രാക്കിന് സമാനന്തരമായി റോഡുപാലം വരുന്നതുവരെ ഇതായിരുന്നു രാമേശ്വരത്തുള്ളവര്‍ക്ക് വന്‍കരയുമായി ബന്ധപ്പെടാനുള്ള ഏകവഴി.

നിര്‍മാണം പുരോഗമിക്കുന്ന പുതിയ പാലം. തൊട്ടുപിന്നില്‍ പഴയ പാലവും റോഡ് പാലവും കാണാം. photo: RailMinIndia

മീറ്റര്‍ഗേജായിരുന്ന പാലത്തെ ബ്രോഡ്ഗേജാക്കി മാറ്റിയത് 2007ലായിരുന്നു. 2009-ല്‍ പാലം ബലപ്പെടുത്തുകയും ചെയ്തു. കാലപ്പഴക്കം മൂലം അറ്റകുറ്റപ്പണി ദുസ്സഹമായതോടെയാണ് പഴയ പാമ്പന്‍ പാലം പുതിയ പാലത്തിനായി വഴിമാറികൊടുക്കുന്നത്. രാമേശ്വരത്തേക്കുള്ള തീര്‍ഥാടകര്‍ക്ക് പുതിയ അനുഭവം പകരുന്നതായിരിക്കും പുതിയ പാമ്പന്‍ പാലമെന്നതില്‍ സംശയമില്ല. പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പണി പൂര്‍ത്തിയാകുന്നതോടെ ഇവിടേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചേക്കുമെന്നും ചരക്ക് ഗതാഗതം കൂടുതല്‍ സുഖമമാകുമെന്നും അധികൃതര്‍ കണക്കുകൂട്ടുന്നു.

Content Highlights: pamban bridge, india's first vertical lift sea bridge nears completion


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented