കറാച്ചിയിലെ ഒരു കടയിൽ വിലനിലവാരം പ്രദർശിപ്പിച്ചിരിക്കുന്നു.| Photo : Rizwan TABASSUM / AFP
സബ്സിഡി നിരക്കില്‍ സര്‍ക്കാര്‍ നല്കുന്ന ആട്ടയ്ക്ക് വേണ്ടിയുള്ള തിക്കിലും തിരിക്കിലുംപെട്ട് പൊലിഞ്ഞത് ഒരു ജീവന്! പരിക്കേറ്റത് ഒരു ചെറിയ പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് സ്ത്രീകള്‍ക്ക്. കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ധാന്യമാവ് വാങ്ങാന്‍ മണിക്കൂറുകളോളം ക്യൂ നില്ക്കുന്ന ജനങ്ങള്‍. പ്രതിസന്ധി രൂക്ഷമായതോടെ ധാന്യമാവിന്റെ പാക്കറ്റുകള്‍ നേരിട്ട് ജനങ്ങള്‍ക്ക് എത്തിച്ച് നല്കുന്ന സര്‍ക്കാര്‍. ട്രക്കുകളില്‍ എത്തിക്കുന്നതോ നൂറോ ഇരുനൂറോ പാക്കറ്റുകള്‍ മാത്രവും. പാകിസ്താനില്‍ നിന്നുള്ളതാണ് ഈ കാഴ്ചകള്‍. രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കൊപ്പം കഴിഞ്ഞവര്‍ഷത്തെ പ്രളയവും പ്രശ്നങ്ങള്‍ വിതച്ച പാകിസ്താനില്‍ ഭക്ഷ്യക്ഷാമം അതിരൂക്ഷമാകുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചുയരുകയാണ്. നാല്പത് രൂപയ്ക്ക് ലഭിച്ചിരുന്ന ആട്ടയ്ക്ക് 150 രൂപവരെയാണ് വില വര്‍ധിച്ചത്. പഞ്ചസാരയും അരിയും ഭക്ഷ്യഎണ്ണയും ഉള്‍പ്പെടെ എല്ലാത്തിനും പൊള്ളുന്ന വിലയാണ്. കുറഞ്ഞ വിലയ്ക്ക് സര്‍ക്കാര്‍ സാധനങ്ങള്‍ വിതരണം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിസന്ധികള്‍ക്ക് അയവ് വന്നിട്ടില്ല.
10 കിലോയുടെ ധാന്യമാവിന്റെ ചാക്ക് 650 പാകിസ്താനി രൂപ (ഒരു പാകിസ്താനി രൂപ = 0.36 ഇന്ത്യന്‍ രൂപ)യ്ക്ക് നല്കുന്നെന്നറിഞ്ഞാണ് മിര്പുര്ഖാന്സില് ആളുകളെത്തിയത്. കമ്മിഷണര്‍ ഓഫീസിനുസമീപം ട്രക്കിലെത്തിച്ച 200 ചാക്ക് ആട്ടയാണ് വിതരണം ചെയ്തത്. ഇത് കിട്ടാനായി ആളുകള്‍ തിക്കിത്തിരക്കിയതാണ് ദുരന്തമുണ്ടാക്കിയത്. സിന്ധ് പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രാദേശിക സര്‍ക്കാര്‍ ഇതുപോലെ കുറഞ്ഞവിലയ്ക്ക് ധാന്യമാവ് വാഹനങ്ങളില്‍ വിതരണം ചെയ്യുന്നുണ്ട്. ഇവിടങ്ങളിലെല്ലാം ആള്‍ക്കൂട്ടം തിക്കിത്തിരക്കുകയാണ്. വിലക്കയറ്റം രൂക്ഷമായതിനാല്‍ കിലോയ്ക്ക് 140-ഉം 160-ഉം രൂപയ്ക്കാണ് കറാച്ചിയില്‍ ധാന്യമാവ് വില്‍ക്കുന്നത്. റാവല്‍പിണ്ടിയില്‍ ഒരു കിലോ ധാന്യമാവിന് 150 പാകിസ്താനി രൂപയാണ്. ഇസ്ലാമാബാദിലും പെഷാവറിലും 1,500 രൂപയ്ക്കാണ് 10 കിലോഗ്രാമിന്റെ ഒരു ചാക്ക് മാവ് വിറ്റത്.
കാര്‍ഷിക മേഖലയെ തകര്‍ത്തെറിഞ്ഞ പ്രളയം വലിയ പ്രതിസന്ധിയാണ് പാകിസ്താനില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഒപ്പം നീണ്ടുപോകുന്ന യുക്രൈന് യുദ്ധവും അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. എന്നാല്‍ എന്നാല്‍ ഭക്ഷ്യക്ഷാമം മാത്രമാണോ പാകിസ്താന്റെ പ്രശ്നം? പണപ്പെരുപ്പം കൊണ്ട് വലയുന്ന പാകിസ്താനില്‍ ഫോസില്‍ ഇന്ധനത്തിന്റേയും വൈദ്യുതിയുടേയും ഉപയോഗത്തിനും നിയന്ത്രണം വെയ്ക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാരെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 24.5 ശതമാനമാണ് പാകിസ്താനില്‍ പണപ്പെരുപ്പം. ഡോളറുമായുള്ള പാകിസ്താന് രൂപയുടെ വിനിമയമൂല്യം 30 ശതമാനത്തോളം ഇടിഞ്ഞു. സാമ്പത്തിക പ്രശ്നങ്ങള്‍ക്കൊപ്പം രാഷ്ട്രീയ അസ്ഥിരതയും കൂടിയായപ്പോള്‍ വലിയ പ്രതിസന്ധിയിലാണ് പാകിസ്താന്.
.jpg?$p=a9dc5c4&&q=0.8)
മാര്‍ക്കറ്റുകള്‍ നേരത്തെ അടക്കാന്‍ നിര്‍ദേശം
ഊര്‍ജപ്രതിസന്ധി കൈവിട്ടുപോയതോടെ ഷോപ്പിങ് മാളുകളും മാര്‍ക്കറ്റുകളും ഓഡിറ്റോറിയങ്ങളും നേരത്തേ അടച്ചിടുന്നത് ഉള്‍പ്പെടെയുള്ള ഊര്‍ജ സംരക്ഷണ നടപടികള്‍ പാകിസ്താന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതനുസരിച്ച് രാജ്യത്തെ ചന്തകളെല്ലാം രാത്രി എട്ടരയ്ക്ക് അടയ്ക്കും. മാളുകള്‍ക്കും രാത്രി 8.30-ന് വരെ മാത്രമേ പ്രവര്‍ത്തിക്കാനാകൂ. റെസ്റ്റോറന്റുകളും കല്യാണമണ്ഡപങ്ങളും രാത്രി 10 മണിക്ക് അടയ്ക്കാനാണ് നിര്‍ദേശം. ഇത് പ്രകാരം വിവാഹപരിപാടികള്‍ രാത്രി പത്ത് മണിയോടെ അവസാനിപ്പിക്കണം. ദേശീയ ഊര്‍ജ സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് പാകിസ്താന് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ധന ഇറക്കുമതി പരമാവധി കുറക്കുകയാണ് പാക് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുവഴി ഏകദേശം 62 ബില്യണ്‍ പാകിസ്താന് രൂപ ലാഭിക്കാനാവുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
വൈദ്യുതി കൂടുതല്‍ ആവശ്യമുള്ള ഫിലമെന്റ് ബള്‍ബുകളുടെ ഉത്പാദനം ഫെബ്രുവരി ഒന്നുമുതല്‍ നിര്‍ത്തുന്നതുള്‍പ്പെടെയുള്ള നടപടികളും സര്‍ക്കാരിന്റെ ദേശീയ ഊര്‍ജസംരക്ഷണ പദ്ധതിയിലുണ്ട്. വൈദ്യുതി കൂടുതല്‍ വേണ്ടിവരുന്ന ഫാനുകളുടെ ഉത്പാദനം ജൂലായ് മുതല്‍ നിര്‍ത്തും. ഇതുവഴി 2200 കോടി രൂപ ലഭിക്കാന്‍ കഴിയുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. എല്ലാ സര്‍ക്കാര്‍ മന്ദിരങ്ങളും ഓഫീസുകളും ഊര്‍ജഉപയോഗം കുറയ്ക്കും. ഇതിനായി വീട്ടിലിരുന്ന് ജോലിചെയ്യുന്നതിനുള്ള നയം രൂപീകരിക്കും. ഇറക്കുമതിചെയ്യുന്ന ഇന്ധനത്തിന്റെ അളവ് കുറയ്ക്കുക ലക്ഷ്യമിട്ട് ഈ വര്‍ഷം അവസാനത്തോടെ വൈദ്യുത ബൈക്കുകള്‍ അവതരിപ്പിക്കാനും പാകിസ്താന് പദ്ധതിയുണ്ട്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിനും ഇതു സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വിദേശ നാണയ ശേഖരം ഇപ്പോള്‍ ഒരു മാസത്തെ ഇറക്കുമതിക്ക് മാത്രമാണ് കൈവശമുള്ളത്. ഇതില്‍ ഭൂരിഭാഗം തുകയും ഊര്‍ജ വാങ്ങലുകള്ക്കുള്ളതാണ്.





ചായകുടി കുറയ്ക്കണമെന്ന് പറഞ്ഞ മന്ത്രി
പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ജനങ്ങള്‍ ചായകുടിക്കുന്നത് കുറക്കണമെന്ന് പാകിസ്താന് മന്ത്രി നിര്‍ദേശിച്ചത് അടുത്തകാലത്താണ്. ജനങ്ങള്‍ ചായ കുടിക്കുന്നത് കുറച്ചാല്‍ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വിലയില്‍ പാകിസ്താന് നല്ലൊരു ശതമാനം തുക ലാഭിക്കാമെന്നാണ് മുതിര്‍ന്ന മന്ത്രി അഹ്സന് ഇക്ബാലിന്റെ അഭിപ്രായപ്പെട്ടത്. ലോകത്ത് ഏറ്റവും കൂടുതല്‍ തേയില ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് പാകിസ്താന്. ഇതുതന്നെയാണ് ചായകുടി കുറയ്ക്കണമെന്ന് മന്ത്രിയെക്കൊണ്ട് പറയിപ്പിച്ചതും. കഴിഞ്ഞ വര്‍ഷം 600 ദശലക്ഷം ഡോളറിന്റെ തേയിലയാണ് രാജ്യം ഇറക്കുമതി ചെയ്തത്. ഇതിലധികവും വായ്പയെടുത്താണ് വാങ്ങിയതും. ഇതോടെയാണ് ഒരു ദിവസം ഒരു കപ്പ് ചായ കുടിക്കുന്നത് പതിവാക്കിയാല്‍ വലിയൊരു തുക ലാഭിക്കാമെന്നും ഗത്യന്തരമില്ലാതെ മന്ത്രിക്ക് പറയേണ്ടിവന്നത്.
ഫോസില്‍ ഇന്ധനങ്ങള്‍ക്ക് കുറച്ചു വര്‍ഷങ്ങളായി ഉണ്ടായ വിലവര്‍ധനവ് പാകിസ്താന്റെ സാമ്പത്തികാവസ്ഥയെ കാര്യമായി ബാധിച്ചിരുന്നു. ഭക്ഷ്യക്ഷാമത്തിനൊപ്പം പാചകവാതകത്തിനും കടുത്തക്ഷാമമാണ് പാകിസ്താനില്‍. പാചകവാതകത്തിന് ക്ഷാമമേറിയതോടെ കിട്ടാവുന്നത്ര പാചകവാതകം കൂട്ടിവയ്ക്കാന്‍ ശ്രമിക്കുകയാണ് പാകിസ്താന് ജനത. ഗ്യാസ് ക്ഷാമം വര്‍ധിച്ചതോടെ സിലണ്ടറുകള്‍ക്കും ഡിമാന്‍ഡ് ഏറിയിരുന്നു. ഈ സാഹചര്യത്തില്‍ വലിയ പ്ലാസ്റ്റിക് കവറുകളിലാക്കി പാചകവാതകം വീട്ടിലെത്തിക്കാന്‍ ശ്രമിക്കുകയാണ് പാകിസ്താനിലെ ഗ്രാമീണജനങ്ങളെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശ്രീലങ്കയുടെ വഴിയേ പാകിസ്താനും
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ശ്രീലങ്ക വീണുപോയത് അടുത്തകാലത്താണ്. അന്ന് തന്നെ പലരും പാകിസ്താന്റെ കാര്യവും ചൂണ്ടിക്കാണിച്ചിരുന്നു. ഒപ്പം കഴിഞ്ഞവര്‍ഷമുണ്ടായ മഹാപ്രളയവും പാകിസ്താന്റെ സാമ്പത്തികവളര്‍ച്ചയെ ബാധിച്ചു. രണ്ടരലക്ഷം കോടിയിലേറെ രൂപയുടെ നഷ്ടമാണ് പ്രളയം മൂലം രാജ്യത്തുണ്ടായത്. 23 ശതമാനത്തിന് മുകളിലാണ് രാജ്യത്തെ പണപ്പെരുപ്പം. ഇതു തുടരുമെന്നാണ് പ്രവചനം. 55,500 കോടി രൂപയേ പാകിസ്താന്റെ വിദേശനാണ്യ കരുതല്‍ ശേഖരത്തിലുള്ളൂ. ഒരുമാസത്തെ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാനേ ഇതു തികയൂ. 2023-ലെ കണക്ക് പ്രകാരം 273 ബില്യണ്‍ ആണ് രാജ്യത്തിന്റെ പൊതുകടം. ദിനംപ്രതി ഇതില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. വര്‍ധിച്ചുവരുന്ന കടബാധ്യത, ഊര്‍ജ ഇറക്കുമതിയിലെ താങ്ങാനാകാത്ത ചെലവ്, വിദേശ കരുതല്‍ശേഖരത്തിലെ കുറവ്, നാണയപ്പെരുപ്പം, രാഷ്ട്രീയ അസ്ഥിരത, ജിഡിപി വളര്‍ച്ചയിലെ ഇടിവ് എന്നിവയെല്ലാം അവര്‍ക്ക് വിനയാകുകയാണ്.
പ്രതിസന്ധിയെ തുടര്‍ന്ന് യുഎസിലുള്ള പാക് എംബസിയുടെ വസ്തുവകകള്‍ ലേലം ചെയ്തിരുന്നു. പ്രതിസന്ധിയുടെ വ്യാപ്തി കുറക്കുന്നതിന് രാജ്യത്തെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളോടും വൈദ്യുതി ഉപയോഗം 30 ശതമാനം കുറക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി വാങ്ങുന്നത് കുറക്കുന്നത് വഴി വലിയൊരു തുക ലാഭിക്കാം എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇത്തരം നടപടികള്‍ വഴി ചെലവുകള്‍ കുറക്കുന്നത് വഴി താല്‍ക്കാലിക ആശ്വാസം ലഭിക്കുമെങ്കിലും രാജ്യത്തെ അലട്ടുന്ന സാമ്പത്തികസ്ഥിതി കൈകാര്യം ചെയ്യാന്‍ ഇത് പര്യാപ്തമല്ലെന്നാണ് അനുമാനം. കൃത്യമായ ഒരു സാമ്പത്തിക പാക്കേജും അന്താരാഷ്ട്ര തലത്തില്‍ നിന്ന് വലിയ പിന്തുണയും ലഭിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ഉടന്‍ മെച്ചപ്പെടുത്താന്‍ സാധിക്കുകയില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
.jpg?$p=5261ea2&&q=0.8)
അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) പ്രോഗ്രാമിന് കീഴില്‍ പാകിസ്താന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഫണ്ട് വൈകുന്നതിനാല്‍ പണത്തിനായി പാകിസ്താന് വലയുകയാണ്. 2019-ല്‍ വാഗ്ദാനം ചെയ്ത 50,000 കോടി രൂപയുടെ കടാശ്വാസത്തില്‍ കിട്ടാനുള്ള ബാക്കി തുകയ്ക്കായി പാകിസ്താന് ധനമന്ത്രി ഇസ്ഹാഖ് ദര് അന്താരാഷ്ട്ര നാണ്യനിധിയെ സമീപിച്ചിരുന്നു. ഇതുവരെ 32,000 കോടി രൂപയേ ഐ.എം.എഫ്. നല്‍കിയിട്ടുള്ളൂ. ഈ തുക എങ്ങനെ ചെലവാക്കിയെന്നതിന്റെ അവലോകനം പൂര്‍ത്തിയാകാത്തതിനാലാണ് അടുത്ത ഗഡു വൈകുന്നത്. അതിനിടെ, കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തില്‍ നശിച്ച പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിന് ഐക്യരാഷ്ട്രസഭയോടും പാകിസ്താന് 1.3 ലക്ഷം കോടി രൂപയുടെ സഹായം തേടിയിട്ടുണ്ട്. സെപ്റ്റംബറിലുണ്ടായ പ്രളയത്തില്‍ 2.5 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് പാകിസ്താന് കണക്കാക്കുന്നത്.
രാഷ്ട്രീയ അസ്ഥിരതയും പ്രളയവും
രാഷ്ട്രീയ അസ്ഥിരതയാണ് പാകിസ്താന് എല്ലാക്കാലവും നേരിടുന്ന വലിയ പ്രതിസന്ധി. ഒരു പാകിസ്താന് പ്രധാനമന്ത്രിയും ആ കസേരയില്‍ കാലാവധി തികച്ചിട്ടില്ല. ഭരണാധികാരികള്‍ പുറത്താക്കപ്പെടുകയോ വധിക്കപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്യുകയാണ് അവിടെ പതിവ്. ഭരണമാറ്റം നയംമാറ്റംകൂടിയാകുമ്പോള്‍ പ്രതിസന്ധികള്‍ ശമനമില്ലാതെ തുടരും. ഒപ്പം അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരും സൈന്യത്തിന്റെ ഇടപെടലുകളും ആ രാജ്യത്തിന് എല്ലാക്കാലത്തും വലിയ വെല്ലുവിളിയാണ്. ദാരിദ്ര്യം, തൊഴിലില്ലായ്മ, വിദേശ കടങ്ങള്‍, നിക്ഷേപം ആകര്‍ഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് എന്നിവയെല്ലാം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തളര്‍ത്തുന്നുണ്ട്. കുറഞ്ഞ ആഭ്യന്തര ഉത്പാദനവും മറ്റ് പ്രശ്നങ്ങളും കൂടിയാകുമ്പോള്‍ പ്രതിസന്ധികള്‍ അതിന്റെ പാരമ്യത്തിലെത്തും.
രാഷ്ട്രീയ അരക്ഷിതാവസ്ഥ സമ്പത്ത് വ്യവസ്ഥയില്‍ വലിയ പ്രഹരമേല്‍പ്പിച്ച പാകിസ്താനെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയമാണ്. പ്രളയത്തില്‍ പാകിസ്താന്റെ നഷ്ടം രണ്ടരലക്ഷം കോടിയിലേറെ രൂപയാണ്. ദുരന്തബാധിത മേഖലകള്‍ സാധാരണ നിലയിലാകാന്‍ പത്തുവര്‍ഷംവരെ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെടുന്നത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാകിസ്താന് പ്രളയം ഇരുട്ടടിയായി. ജൂണ്‍ പകുതിയോടെ ആരംഭിച്ച പേമാരി ഒക്ടോബര്‍ വരെ നീണ്ടപ്പോള്‍ രാജ്യത്തിന്റെ പകുതിയിലേറെയും വെള്ളത്തിനടിയിലായി. 1700-ലധികം പേരാണ് പ്രളയത്തില്‍ കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു. ജനങ്ങള്‍ക്കിടയിലെ ദാരിദ്ര്യം അഞ്ചുശതമാനത്തോളം വര്‍ധിച്ചു. രണ്ടുലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ കാര്‍ഷിക മേഖലയ്ക്ക് സംഭവിച്ചത് നികത്താനാകാത്ത നഷ്ടമാണ്. കാര്‍ഷിക മേഖലയിലെ വളര്‍ച്ചയും കുത്തനെയിടിഞ്ഞു. അതിന്റെ എല്ലാം അനന്തഫലമാണ് ഇന്നത്തെ ഭക്ഷ്യക്ഷാമം.
.jpg?$p=aab858f&&q=0.8)
പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് ജനങ്ങള്‍
കോവിഡ് പ്രതിസന്ധിയും പിന്നാലെ വന്ന യുക്രൈന് യുദ്ധവും ലോകമെമ്പാടുമുള്ള രാജ്യങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവട്ടിരുന്നു. എന്നാല്‍ ഈ മാന്ദ്യകാലത്ത് സ്വീകരിച്ച വിവേകപൂര്‍വ്വമല്ലാത്ത സാമ്പത്തിക നയങ്ങള്‍ പാകിസ്താനടക്കമുള്ള രാജ്യങ്ങളുടെ അടിത്തറ ഇളക്കാന്‍ ഇടയാക്കി. ശ്രീലങ്കയുടെ തകര്‍ച്ച തീര്‍ച്ചയായും പാകിസ്താനെ അസ്വസ്ഥപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ രാജ്യത്തെ ബാധിച്ച രാഷ്ട്രീയ അരക്ഷിതാവസ്ഥയില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയി. കടക്കെണി രൂക്ഷമായ പാകിസ്താന് മറ്റൊരു ശ്രീലങ്കയാകാനുള്ള എല്ലാ സാധ്യകളുമുണ്ടെന്ന് പല കോണില്‍ നിന്ന് അഭിപ്രായം ഉയര്‍ന്നെങ്കിലും സര്‍ക്കാരിന്റെ നിഷ്ക്രിയത്വം അവരെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. കയറ്റുമതിയെ അപേക്ഷിച്ച് ഇറക്കുമതി കുത്തനെ കൂടിയതോടെ പാകിസ്താന്റെ വിദേശനാണ്യത്തില്‍ വലിയ കുറവ് സംഭവിച്ചു. പ്രളയം ഇരട്ടി പ്രഹരമേല്‍പ്പിച്ചതോടെ ഇറക്കുമതി നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നു. ഇതോടെ വിദേശനാണ്യശേഖരം വീണ്ടും കുറഞ്ഞു. സഹായത്തിനായി പതിവ് പോലെ സുഹൃത്തായ ചൈനയ്ക്ക് മുന്നില്‍ കൈ നീട്ടുകയാണ് പാകിസ്താന്. ഒപ്പം സൗദി അറേബ്യക്ക് മുന്നില്‍ സഹായം അഭ്യര്‍ഥിക്കുകയാണ് അവര്‍.
കടം തിരിച്ചടവ് മുടങ്ങുന്നത് രാജ്യാന്തര ഏജന്‍സികളെയും വിദേശ രാജ്യങ്ങളെയും പാകിസ്താന് കടം കൊടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. കടം കൊടുത്താല്‍ തന്നെ തിരിച്ചടക്കാനുള്ള കഴിവില്ലെന്നാണ് വിലയിരുത്തല്‍. പെട്രോളടക്കമുള്ള ഇന്ധനങ്ങള്‍ക്ക് സബ്സിഡി നല്‍കിയിരുന്ന പാകിസ്താന് കടം ലഭിക്കാനായി സബ്സിഡി എടുത്തുമാറ്റിയിരുന്നു. ഇതോടെ പെട്രോള്‍ വിലയില്‍ വലിയ വര്‍ധനവുണ്ടായി. എങ്കിലും സാമ്പത്തിക പരിഷ്കാരങ്ങള്‍ ശരിയായ ദിശയില്‍ അല്ലെന്നാണ് വിലയിരുത്തല്‍. പണപ്പെരുപ്പവും, ഇന്ധനക്ഷാമവും ഭക്ഷ്യക്ഷാമവും രൂക്ഷമാകുന്നതിനൊപ്പം സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൂടിയായപ്പോള്‍ അമ്പേ തകര്‍ന്ന മട്ടിലാണ് രാജ്യം. ഇന്ധനത്തിനും ഭക്ഷ്യവസ്തുക്കള്‍ക്കും വില കുതിച്ചുകയറുന്നതോടെ പ്രതിസന്ധിയിലാകുന്നത് രാജ്യത്തെ സാധാരണ ജനങ്ങളാണ്. കോവിഡ് വലിയ പ്രതിസന്ധിയാണ് ഏല്‍പ്പിച്ചത്. പിന്നാലെ പ്രളയം കൂടി എത്തിയതോടെ തൊഴിലവസരങ്ങളും വരുമാനവും വലിയ തോതിലാണ് കുറയുന്നത്. വരുമാനം വര്‍ധിക്കുന്നില്ല, എന്നാല്‍ സാധനങ്ങളുടെ വില ദിനംതോറം കുതിച്ചുയരുന്നത് അവരെ ചെറിയ തോതിലൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്.
Content Highlights: Pakistan to shut markets and restaurants early to save power amid economic crisis
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..