ചെറിയ മനുഷ്യരുടെ വലിയ പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്ന ഉമ്മന്‍ചാണ്ടി


സി.പി.ജോണ്‍ഉമ്മൻ ചാണ്ടി

ര നൂറ്റാണ്ടുകാലം ഒരേ നിയോജകമണ്ഡലത്തില്‍നിന്നു ജനപ്രതിനിധിയായിരിക്കുക എന്നത് ജനാധിപത്യത്തിലെ അത്യസാധാരണമായ റെക്കോഡാണ്. കേരളത്തില്‍ കെ.എം. മാണി ഇട്ട റെക്കോഡ് തകര്‍ത്തുകൊണ്ട് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ ഏറ്റവും കൂടുതല്‍ ഒരേ മണ്ഡലത്തില്‍ വിജയിച്ച എം.എല്‍.എയായി 50 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴാണ് അദ്ദേഹം എണ്‍പതിലേക്കുളള യാത്ര തുടങ്ങുന്നത്.

കേരള രാഷ്ട്രീയത്തിലെ പേരുകൊണ്ട് പ്രസ്ഥാനത്തെ പരിചയപ്പെടുത്താവുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളാണ് ഉമ്മന്‍ചാണ്ടി. പലപ്പോഴും കോണ്‍ഗ്രസില്‍ പ്രത്യേക സ്ഥാനങ്ങളൊന്നും ഇല്ലാതെ അദ്ദേഹം നിന്നിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടി കേരള രാഷ്ട്രീയത്തിലെ ഒരു സവിശേഷ സ്ഥാനമാവുകയായിരുന്നു. ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിലും ഓരോ ഉമ്മന്‍ചാണ്ടിമാര്‍ ഉണ്ടാകും എന്നുവരെ രാഷ്ട്രീയം പഠിക്കുന്ന വിദ്യാര്‍ഥികളോട് പറയാറുണ്ട്. എന്താണ് ഉമ്മന്‍ചാണ്ടിയുടെ സവിശേഷത? മത്സ്യം വെള്ളത്തിലെന്നപോലെയെന്ന മാവോ സേ തുങ്ങിന്റെ ഉദാഹരണം കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള മാതൃകയായിരുന്നുവെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ മത്സ്യം വെള്ളത്തില്‍ എന്നപോലെ ജീവിച്ച ജനകീയ നേതാവാണ് ഉമ്മന്‍ചാണ്ടി.ഉമ്മന്‍ചാണ്ടി പ്രശ്നങ്ങളുടെ വക്താവായിരുന്നില്ല. പരിഹാരത്തിന്റെ മൂര്‍ത്തിമദ്ഭാവമായിരുന്നു. എങ്ങനെ പ്രശ്നങ്ങള്‍ പരിഹരിക്കാം എന്നു മാത്രമാണ് ഉമ്മന്‍ചാണ്ടി ചിന്തിച്ചിരുന്നത്. ഒരു വ്യക്തിയുടെ മുഖത്തുനോക്കി ആ വ്യക്തിയുടെ അപേക്ഷയുടെ ശരിയെന്താണെന്ന് മനസ്സിലാക്കാനുള്ള പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയെ കാണാന്‍ വന്നിരുന്ന നിര്‍ധനരും നിരാശ്രയരുമായ പതിനായിരങ്ങളോട് കണ്ണോട്കണ്ണ് വര്‍ത്തമാനം പറയുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരു പൊതുപ്രവര്‍ത്തകനാണ് ഞാന്‍. പലപ്പോഴും കൂടെ നില്‍ക്കുന്ന എന്നെപോലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരുടെ മുഖത്തേക്ക് കൂടി ഒന്നു നോക്കും. ജനസമ്പര്‍ക്ക പരിപാടിയിലെ ഒരു പ്രത്യേക കാഴ്ചയായിരുന്നു അത്. ആ നോട്ടത്തിന്റെ അര്‍ത്ഥം ഇതാണ്- ഇതാണ് നമ്മുടെ നാടിന്റെ സ്ഥിതി. മുഖത്തെ ചുളിവുകള്‍ കൊണ്ടും ദൈന്യത കൊണ്ടും കണ്ണില്‍ നിറയുന്ന വേദനകൊണ്ടും കഥപറയുന്ന മനുഷ്യന്റെ കൈയ്യിലിരിക്കുന്ന ചുക്കിച്ചുളിഞ്ഞ കടലാസ് നിവര്‍ത്തിവെച്ച് അതില്‍ ഒപ്പിടുന്ന ഉമ്മന്‍ചാണ്ടി, പ്രശ്നം അവിടെ തീര്‍ക്കുന്ന ഒരാളായിരുന്നു. സങ്കീര്‍ണമായ പ്രശ്നങ്ങളെ നിര്‍ധാരണം ചെയ്യാന്‍ പലപ്പോഴും കെട്ടുപിണഞ്ഞ നൂല് അറുത്തുകളയുന്ന അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ മാര്‍ഗമാണ് അദ്ദേഹം തേടിയിട്ടുള്ളത്.

കേരളത്തില്‍ ബാംബൂ മിഷന്റെ ചുമതലക്കാരനായി ഞാന്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഒരനുഭവമുണ്ടായി. മുള വ്യവസായവും മുള ഉപയോഗിച്ച നെയ്ത്തുമെല്ലാം ചെയ്ത് ജീവിക്കുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രശ്നങ്ങളെല്ലാം കേട്ടപ്പോള്‍ ഞാനദ്ദേഹത്തോട് പറഞ്ഞു, സ്വന്തം വീട്ടിലെ മുള പോലും വെട്ടി ഒരു കൈവണ്ടിയില്‍ കൊണ്ടുപോകാന്‍ സാധിക്കുകയില്ല, പെര്‍മിറ്റ് വേണം. അദ്ദേഹം അടുത്തിരുന്ന വനംമന്ത്രി കെ.പി. വിശ്വനാഥനോടും കണ്‍സര്‍വേറ്ററോടും ചോദിച്ചു: ഇതാണോ നാട്ടിലെ സ്ഥിതി? അതെ എന്ന അര്‍ത്ഥത്തില്‍ അവര്‍ തലയാട്ടി. ഒരാഴ്ചയ്ക്കകം കേരളത്തില്‍ ഈ നിയമം മാറ്റണം. അദ്ദേഹം പുതിയ നിയമമുണ്ടാക്കി. പക്ഷേ കേന്ദ്രനിയമത്തിന്റെ നൂലാമാലകള്‍ പിന്നെയും ഉണ്ടായി. രണ്ടുവര്‍ഷം മുമ്പാണ് കേന്ദ്രം ആ നിയമം മാറ്റിയത്, അതായത് ഉമ്മന്‍ചാണ്ടി പത്തുവര്‍ഷം മുമ്പെടുത്ത തീരുമാനം ഇന്ത്യയില്‍ നടപ്പായത് രണ്ടുവര്‍ഷങ്ങള്‍ക്ക് മുമ്പുമാത്രം.

എസ്.എസ്.എല്‍.സി. ബുക്ക് നഷ്ടപ്പെട്ടാല്‍ മറ്റൊന്ന് കിട്ടുവാനുള്ള നൂലാമാല, കടലില്‍ പോയി മരിച്ചാല്‍ മരിച്ചു എന്ന സര്‍ട്ടിഫിക്കറ്റ് കിട്ടാതെ ആനുകൂല്യം കിട്ടാത്ത അവസ്ഥ എന്നിങ്ങനെ സാധാരണക്കാരില്‍ സാധാരണക്കാര്‍ നേരിടുന്ന ഭരണപരമായ പ്രശ്നങ്ങളുടെ കുരുക്കഴിക്കാനോ കുരുക്ക് മുറിച്ചുകളയാനോ എത്ര സമയം വേണമെങ്കിലും ഇരുന്ന് പണിയെടുക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് സാധിക്കും. ഉമ്മന്‍ചാണ്ടിക്ക് ചുറ്റിലും എപ്പോഴും ആളുകളുണ്ടാകും എന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. പക്ഷേ ശ്രദ്ധാപൂര്‍വ്വം ഇരുന്ന് പഠിക്കേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ ഒഴിഞ്ഞിരുന്ന് ഫയലുകളില്‍, പുസ്തകങ്ങളില്‍ തലതാഴ്ത്തിയിരുന്ന് വായിക്കുന്ന ഉമ്മന്‍ചാണ്ടിയെ ഞാന്‍ പലതവണ കണ്ടിട്ടുണ്ട്. രാത്രി ഏഴര മണിക്ക് പ്ലാനിംഗ് ബോര്‍ഡില്‍ വന്നാല്‍ പത്തരമണി വരെ ഇരുന്ന് പിറ്റേ ദിവസത്തെ പ്ലാനിംഗ് ബോര്‍ഡിന്റെ തീരുമാനങ്ങളിലേക്ക് നയിക്കുന്ന അടിസ്ഥാനപരമായ ഫയലുകള്‍ വൈസ് ചെയര്‍മാനോടൊപ്പം വായിച്ച് ഹൃദിസ്ഥമാക്കുന്ന മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. കാബിനറ്റ് യോഗങ്ങളിലും അദ്ദേഹത്തിന്റെ വര്‍ത്തമാനങ്ങള്‍ അന്തിമമായ ഉത്തരവുകള്‍ക്ക് തുല്യമായിരുന്നു.

ചെറിയ മനുഷ്യരുടെ വലിയ പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്ന ഉമ്മന്‍ചാണ്ടി, കേരളത്തിലെ വലിയ പദ്ധതികള്‍ക്ക് നേതൃത്വം കൊടുത്ത നെടുനായകനാണ്. ഉമ്മന്‍ചാണ്ടിയുടെ സ്വപ്നമായിരുന്നു കൊച്ചി മെട്രോ. ഉമ്മന്‍ചാണ്ടിയാണ് കണ്ണൂരില്‍ വിമാനമിറക്കിയത്. വിഴിഞ്ഞം തുറമുഖത്തിന് ഒരൊറ്റ ടെന്‍ഡര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും 91-92 കാലം മുതല്‍ക്കേ കരുണാകരനും എം വി രാഘവനും ശ്രമിച്ചതും ആന്റണി വലിയൊരളവു വരെ മുന്നോട്ടു കൊണ്ടുപോയതുമായ വിഴിഞ്ഞം പദ്ധതി ഒരു തീരുമാനമായി വന്നത് ഉമ്മന്‍ചാണ്ടിയുടെ കാലത്താണ്.

പക്ഷേ, അന്ന് ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുവാനുള്ള പാക്കേജ്, ഏതാണ്ട് 400 കോടിയുടെ പാക്കേജ് നടപ്പാക്കാത്തതിന്റെ ഫലമായിട്ടാണ് ഇന്ന് വിഴിഞ്ഞത്തിന് എതിരായിട്ട് പോലും സമരങ്ങള്‍ അലയടിച്ച് ഉയരുന്നത്. ഉമ്മന്‍ചാണ്ടിയുടെ നയങ്ങളില്‍ ഞാന്‍ വിയോജിപ്പ് രേഖപ്പെടുത്തിയ സന്ദര്‍ഭങ്ങളും ഉണ്ട്. മദ്യ നിരോധനം തെറ്റാണെന്ന് യു.ഡി.എഫ്. യോഗത്തില്‍ ഞാന്‍ പറഞ്ഞുതുടങ്ങിയപ്പോള്‍ ചുരുക്കി പറയണേ എന്ന് പറഞ്ഞ അദ്ദേഹത്തോട് രണ്ടേരണ്ട് വാക്കേ ഞാന്‍ പറയുന്നുള്ളൂ- അപ്രായോഗികം, അശാസ്ത്രീയം എന്ന് പറഞ്ഞ് ഞാന്‍ ഇരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് ഭാവഭേദങ്ങളുണ്ടായില്ലെങ്കിലും ഇഷ്ടക്കേട് ഉണ്ടായത് ഞാന്‍ വായിച്ചെടുത്തു. പിന്നീട് തെറ്റാണെന്ന് കണ്ടപ്പോള്‍ അത് തിരുത്താനും ഉമ്മന്‍ചാണ്ടിക്ക് മടി ഉണ്ടായില്ല.

ഞാന്‍ ഉമ്മന്‍ചാണ്ടിയെ കാണുന്നത് അറുപതുകളുടെ അവസാനത്തില്‍ എടപ്പാള്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പഠിക്കുമ്പോഴാണ്. എന്റെ അമ്മയായിരുന്നു ഹെഡ്മിസ്ട്രസ്. ഉമ്മന്‍ചാണ്ടി വരുന്നു എന്നത് ആ ചെറിയ ഗ്രാമത്തിലെ വലിയ വാര്‍ത്തയായിരുന്നു. അദ്ദേഹം ഒരു കാറില്‍ വന്നിറങ്ങുന്നത് കുട്ടികള്‍ ആവേശപൂര്‍വ്വം നോക്കുന്നതും അന്ന് നിറഞ്ഞുനിന്ന കെ.എസ്.യുവിന്റെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കുന്നതും അന്നും വിദ്യാര്‍ഥി ഫെഡറേഷനോട് കൂറ് പുലര്‍ത്തിയിരുന്ന ഞങ്ങള്‍ക്ക് അസൂയ ഉണ്ടാക്കിയിട്ടുണ്ട്. കുന്നംകുളം എം.ജെ.ഡി. ഹൈസ്‌കൂളില്‍ അദ്ദേഹം വന്നതും രാജകീയമായിട്ടായിരുന്നു. ഓര്‍ത്തഡോക്സ് പള്ളി മുറ്റത്ത് നില്‍ക്കുന്ന ജോസഫ് മാര്‍ ദിവാനിയോസ് സ്‌കൂളില്‍ അദ്ദേഹത്തിന്റെ കാര്‍ വരുമ്പോള്‍ ഞങ്ങള്‍ക്ക് നാമമാത്രമായ പ്രവര്‍ത്തകരെ ഉണ്ടായിരുന്നുള്ളൂ. കുന്നംകുളത്ത് ഉമ്മന്‍ചാണ്ടിയുടെ പേര് കഴിഞ്ഞ 55 വര്‍ഷമായി മുഴങ്ങി കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കളും കുന്നംകുളത്തുകാരാണ്.

ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ വിശകലനങ്ങള്‍ ഒരിക്കലും തെറ്റിയിട്ടില്ല എന്ന് ഞാന്‍ പറയില്ലെങ്കിലും ദൈനംദിന രാഷ്ട്രീയത്തെ, കറന്റ് പൊളിറ്റിക്സിനെ അന്നന്ന് അപഗ്രഥിക്കാനുള്ള അത്യസാധാരണമായ കഴിവ് ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ മറ്റ് ഏജന്‍സികളുടെ ഒന്നും സഹായമില്ലാതെയാണ് അദ്ദേഹം കണക്ക് കൂട്ടിയിരുന്നത്. ചില പിഴവുകള്‍ സ്വാഭാവികമായും പറ്റിയിട്ടുണ്ടെങ്കിലും ഏറെക്കുറെ രാഷ്ട്രീയത്തിന്റെ ദിശ എന്താണെന്ന് മനസ്സിലാക്കാതെ ആയിരുന്നില്ല ഉമ്മന്‍ചാണ്ടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. പക്ഷേ തന്റെ മനസ്സിലുള്ള അസസ്മെന്റ് അഥവാ ധാരണകള്‍ പലപ്പോഴും അദ്ദേഹം തന്നോടല്ലാതെ ആരോടും പറഞ്ഞിരുന്നുവെന്നും ഞാന്‍ കരുതുന്നില്ല. രഹസ്യങ്ങള്‍ തന്നിലേക്ക് തന്നെ ചുരുക്കി സൂക്ഷിക്കുന്നതിന് ഭയങ്കരമായ കഴിവ് ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയോട് പറഞ്ഞ ഒരു രഹസ്യവും അദ്ദേഹം പുറത്ത് പറഞ്ഞിട്ടില്ല എന്നുമാത്രമല്ല, തന്റെ മനസ്സിന്റെ ചെപ്പില്‍ നിന്ന് പുറത്ത് എടുത്ത് വെച്ചിട്ടുപോലുമില്ല. അതുകൊണ്ട് രാഷ്ട്രീയ ശത്രുക്കളുടേതടക്കം വ്യക്തിപരമായ എല്ലാ രഹസ്യങ്ങളുടെയും നിധി ശേഖരമാണ് ഉമ്മന്‍ചാണ്ടിയുടെ മനസ്സ്. പക്ഷേ അതില്‍ നിന്ന് തുളുമ്പി വീണ ഒരു രഹസ്യവും ആരെയും വേദനിപ്പിച്ചിട്ടില്ല, വേദനിപ്പിക്കുകയും ഇല്ല.

പക്ഷേ, തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഉമ്മന്‍ചാണ്ടി ഉലഞ്ഞുവോ. തന്റെ ജീവിതത്തിന്റെ മൂര്‍ധന്യഘട്ടത്തില്‍, തന്റെ കരിയറിന്റെ ഏറ്റവും ഉയര്‍ന്ന ഘട്ടത്തില്‍ എതിരാളികളില്‍ നിന്നും ഉണ്ടായ വിഷശരങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ മുറിവേറ്റിട്ടുണ്ടാവില്ലേ എന്ന് ഞാന്‍ സംശയിക്കുന്നു. തിരിച്ച് എയ്യാന്‍ പാകമായ ശരങ്ങള്‍ കിട്ടിയപ്പോഴും ഉമ്മന്‍ചാണ്ടി ഒന്ന് ചിരിച്ചേ ഉള്ളൂ. എനിക്ക് ആരോടും പകയില്ല എന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന ശത്രുക്കള്‍ എയ്ത ഏതു ശരത്തേക്കാളും മൂര്‍ച്ചയുള്ളതായിരുന്നു. ഉമ്മന്‍ചാണ്ടിയിന്ന് അല്പം രോഗാതുരനാണ്. രോഗം ഭേദമായി ഇനിയും ദീര്‍ഘകാലം കേരളത്തില്‍ നമ്മൊടൊപ്പം അദ്ദേഹം ഉണ്ടാവണം എന്നാഗ്രഹിക്കുന്നവരില്‍ ഒരാളാണ് ഞാന്‍.

എ.ഐ.സി.സി. പ്രസിഡന്റ് 80 വയസ്സിലാണ് പുതിയ ഇന്നിങ്ങ്സ് ആരംഭിക്കുന്നത്. രോഗം പൂര്‍ണമായും ഭേദപ്പെട്ടാല്‍ ഉമ്മന്‍ചാണ്ടിക്ക് ഒരിന്നിങ്ങ്സും കൂടി ഉണ്ട്, അത് സജീവമായി തന്നെ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു. സി.എം.പി.യില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ ഉമ്മന്‍ചാണ്ടിയെടുത്ത ധീരമായ സമീപനം ഇല്ലായിരുന്നുവെങ്കില്‍ ഇന്നു കാണുന്ന സി.എം.പി. തകര്‍ന്നുപോകുമായിരുന്നു. സി.എം.പി.യിലെ എന്റെ സഹപ്രവര്‍ത്തകര്‍ പടുത്തുയര്‍ത്തിയ എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം നല്‍കിയ പിന്തുണ ഏറ്റവും വലുതാണ്.

ഉമ്മന്‍ചാണ്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ പോസിറ്റീവായ എല്ലാ കാര്യത്തിനും ഉമ്മന്‍ചാണ്ടി ഒപ്പമുണ്ട്. ബി പോസിറ്റീവ് എന്നത് അദ്ദേഹത്തിന്റെ ഒരാപ്തവാക്യമാണ്. അതെ ഉമ്മന്‍ചാണ്ടിക്ക് ആയുരാരോഗ്യങ്ങള്‍ നേരുന്നു, ഇനിയും ഓടിനടക്കുന്ന ഉമ്മന്‍ചാണ്ടിയെ തന്നെ നമുക്ക് രാഷ്ട്രീയ രംഗത്ത് കാണാന്‍ കഴിയട്ടെ എന്ന് ആശിക്കുന്നു.

Content Highlights: Oommen Chandy celebrates his 79th birthday


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented