'നൊ' യും 'യെസ്' പോലെ പറയുന്ന ഉമ്മന്‍ചാണ്ടി


കെ.എ ജോണിസിപിഎമ്മില്‍ പിണറായി വിജയന്‍-വി എസ് അച്ച്യുതാനന്ദന്‍ ദ്വന്ദത്തിന് സമാനമാണ് കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി-വി എം സുധീരന്‍ ദ്വന്ദം. പരസ്പര വിപരീതങ്ങളായ ധ്രുവങ്ങള്‍ പോലെയാണ് ഇവര്‍ ഇരു പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചത്. രാഷ്ട്രീയ കേരളത്തില്‍ വിഎസ്സിന് മുന്നില്‍ പിണറായിക്കുള്ള പ്രതിച്ഛായ അല്ല സുധീരന് മുന്നില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പ്രതിച്ഛായ. ഇവിടെയാണ് പിണറായി പിണറായിയും ഉമ്മന്‍ചാണ്ടി ഉമ്മന്‍ചാണ്ടിയുമാവുന്നത്.

ഉമ്മൻ ചാണ്ടി. ഫോട്ടോ: മാതൃഭൂമി

രൂപക്കൂട്ടില്‍ ഇരിക്കുന്ന പുണ്യവാളനാണ് ഉമ്മന്‍ചാണ്ടിയെന്ന് അദ്ദേഹത്തിന്റെ അടുത്ത അനുയായികള്‍ പോലും പറയില്ല. കേരള രാഷ്ട്രീയം കണ്ടിട്ടുള്ള ഏറ്റവും തന്ത്രശാലിയായ അഞ്ചു നേതാക്കളുടെ പട്ടികയുണ്ടാക്കിയാല്‍ അതിന്റെ മുന്‍നിരയില്‍ ഉമ്മന്‍ചാണ്ടിയുണ്ടാവും. ഒതുക്കേണ്ടവരെ ഒതുക്കിയും വളര്‍ത്തേണ്ടവരെ വളര്‍ത്തിയുമാണ് ഉമ്മന്‍ചാണ്ടി ഉമ്മന്‍ചാണ്ടിയായത്. പക്ഷേ, ഉമ്മന്‍ചാണ്ടി രാഷ്ട്രീയ കേരളത്തിന്റെ ഉമ്മറത്ത് കസേര വലിച്ചിട്ടിരിക്കുന്നത് ഒതുക്കലുകളുടെ പേരിലല്ല വളര്‍ത്തലുകളുടെ പേരിലാണ്. ഈ വളര്‍ത്തലുകളാണ് ഉമ്മന്‍ചാണ്ടിയിലേക്കെത്തുന്ന ആള്‍ക്കൂട്ടം.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉമ്മന്‍ചാണ്ടിയേക്കാള്‍ രണ്ടു വയസ്സിനിളയതാണ്. 1970ല്‍ ഉമ്മന്‍ചാണ്ടി ആദ്യമായി പുതുപ്പള്ളിയില്‍ നിന്ന് ജയിച്ച് കേരള നിയമസഭയിലെത്തുമ്പോള്‍ കൂത്തുപറമ്പില്‍ നിന്ന് ജയിച്ച് പിണറായിയും അതേ നിയമസഭയിലേക്ക് ആദ്യമായി എത്തിയിരുന്നു. ഒരുപക്ഷേ, ആ നിയമസഭയിലെ ബേബി പിണറായി ആയിരുന്നിരിക്കണം. പിണറായിയും ഉമ്മന്‍ചാണ്ടിയും രണ്ട് പാഠപുസ്തകങ്ങളാണ്. രണ്ട് രീതികള്‍, രണ്ട് ഉള്ളടക്കങ്ങള്‍.സിപിഎമ്മില്‍ പിണറായി വിജയന്‍ - വി എസ് അച്ച്യുതാനന്ദന്‍ ദ്വന്ദത്തിന് സമാനമാണ് കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടി - വി എം സുധീരന്‍ ദ്വന്ദം. പരസ്പര വിപരീതങ്ങളായ ധ്രുവങ്ങള്‍ പോലെയാണ് ഈ ദ്വന്ദങ്ങള്‍ ഇരു പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചത്. സിപിഎമ്മില്‍ വിഎസ്സിനുള്ള അതേ ആദര്‍ശപരിവേഷമാണ് കോണ്‍ഗ്രസില്‍ സുധീരനുള്ളത്. പക്ഷേ, വിഎസ്സുമായുള്ള പോരാട്ടത്തില്‍ പിണറായി കേള്‍ക്കേണ്ടി വന്നിട്ടുള്ള പഴികളോ ആരോപണങ്ങളോ സുധീരനുമായുള്ള കലഹത്തില്‍ ഉമ്മന്‍ചാണ്ടിക്ക് കേള്‍ക്കേണ്ടി വന്നിട്ടില്ല. രാഷ്ട്രീയ കേരളത്തില്‍ വിഎസ്സിന് മുന്നില്‍ പിണറായിക്കുള്ള പ്രതിച്ഛായ അല്ല സുധീരന് മുന്നില്‍ ഉമ്മന്‍ചാണ്ടിക്കുള്ള പ്രതിച്ഛായ. ഇവിടെയാണ് പിണറായി പിണറായിയും ഉമ്മന്‍ചാണ്ടി ഉമ്മന്‍ചാണ്ടിയുമാവുന്നത്.

രഹസ്യം രഹസ്യമാണ്, പരസ്യം പരസ്യവും

ഉമ്മന്‍ചാണ്ടിയുടെ സ്വഭാവ സവിശേഷതയിലേക്ക് വെളിച്ചം വീശുന്ന രണ്ട് മൂന്ന് സംഭവങ്ങള്‍ ഇവിടെ എടുത്തുപറയുന്നത് പ്രയോജനകരമാവുമെന്ന് കരുതുന്നു. 2019 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉമ്മന്‍ചാണ്ടി കോഴിക്കോട്ടെത്തിയപ്പോള്‍ അദ്ദേഹവുമായി ഒരു അഭിമുഖത്തിന് ശ്രമിച്ചു. മൊബൈല്‍ഫോണ്‍ കൈയില്‍ കൊണ്ടു നടക്കുന്ന ശീലം ഉമ്മന്‍ചാണ്ടിക്കില്ല. കൂടെയുള്ള പോലീസുകാരില്‍ ആരുടേയെങ്കിലും മൊബൈല്‍ഫോണിലേക്ക് വിളിച്ചാല്‍ ഉമ്മന്‍ചാണ്ടിയെ കിട്ടും. ഇതൊരു കരുതല്‍ നടപടിയാവാം. ഫോണിലൂടെ രഹസ്യങ്ങള്‍ പറയുന്ന നേതാവല്ല ഉമ്മന്‍ചാണ്ടി. രഹസ്യങ്ങളില്ലാത്ത മനുഷ്യരില്ല. പക്ഷേ, രഹസ്യം രഹസ്യവും പരസ്യം പരസ്യവുമായിരിക്കേണ്ടതെങ്ങിനെയെന്ന് ഉമ്മന്‍ചാണ്ടിക്കറിയുന്നതുപോലെ കേരളത്തിലെ സമകാലിക രാഷ്ട്രീയ നേതാക്കളില്‍ മറ്റാര്‍ക്കെങ്കിലുമുറിയാമെന്ന് തോന്നുന്നില്ല. അതുകൊണ്ടു തന്നെയാണ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ക്യാമറക്കണ്ണുകള്‍ക്ക് മുന്നില്‍ സ്വന്തം ഓഫിസ് തുറന്നിടുന്നതില്‍ ഉമ്മന്‍ചാണ്ടിക്ക് മടിയോ പേടിയോ ഉണ്ടാവാതിരുന്നത്. ഏതാള്‍ക്കൂട്ടത്തിലും ഒരു രഹസ്യം കൈമാറേണ്ടതെങ്ങിനെയെന്നതിന് ഉമ്മന്‍ ചാണ്ടിയെക്കഴിഞ്ഞേ മറ്റൊരാളുള്ളൂ.

അഭിമുഖത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു മാധ്യമത്തിനും അഭിമുഖം നല്‍കിയിട്ടില്ലെന്നും കേരളത്തില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെക്കുറിച്ച് പറയേണ്ടത് കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുല്‍ വാസ്നിക്കാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എങ്കിലും ഒന്നു ശ്രമിച്ചുനോക്കിയേക്കാമെന്ന് കരുതി ഉമ്മന്‍ചാണ്ടിയുടെ ആദ്യ യോഗസ്ഥലത്തേക്ക് വണ്ടി വിട്ടു. അവിടെയെത്തിയപ്പോഴേക്കും ഉമ്മന്‍ചാണ്ടി അടുത്ത യോഗ വേദിയിലേക്ക് യാത്രയായിരുന്നു. നഗരപ്രാന്തത്തിലുള്ള ഒരു സ്ഥലത്തെ കുടുംബസമ്മേളനമായിരുന്നു വേദി. അവിടെയെത്തുമ്പോഴുണ്ട് യോഗം കഴിഞ്ഞ് ഉമ്മന്‍ചാണ്ടി കുറച്ച് ദൂരെയായി നിര്‍ത്തിയിട്ടിരിക്കുന്ന കാറിനടുത്തേക്ക് നടക്കുകയാണ്. ഒരു പത്തു പതിനഞ്ചുപേര്‍ കൂടെയുണ്ട്. ഈ കൂട്ടത്തിന്റെ ഇടയിലൂടെ നുഴഞ്ഞുകയറി അടുത്തെത്തിയപ്പോള്‍ ഉമ്മന്‍ചാണ്ടി ചിരിച്ചു. എന്നിട്ട് അദ്ദേഹം കൈ ചേര്‍ത്തുപിടിച്ചു. മുന്നിലുള്ള ഫോട്ടോഗ്രാഫര്‍ ഷഹീറിന്റെ ക്യാമറ തുരുതുരാ കണ്ണടച്ചുതുറക്കുന്നുണ്ടായിരുന്നു. എന്റെ കൈയും ചേര്‍ത്തുപിടിച്ച് ഉമ്മന്‍ചാണ്ടി മുന്നോട്ടു നടക്കുകയാണ്. അതിനിടയില്‍ അദ്ദേഹം തീര്‍ത്തും സൗമ്യമായി സംസാരിച്ചുകൊണ്ടേയിരുന്നു. ഇതു കാണുന്ന ഒരാള്‍ക്ക് ഒരിക്കലും തോന്നില്ല ഉമ്മന്‍ചാണ്ടി ചിരിച്ചുകൊണ്ട് പറയുന്നത് അഭിമുഖം പറ്റില്ല എന്നാണെന്ന്. പക്ഷേ, അഭിമുഖം വേണ്ട എന്നാണദ്ദേഹം ആ സമയമത്രയും പറഞ്ഞുകൊണ്ടിരുന്നത്. ഇതാണ് ഉമ്മന്‍ ചാണ്ടി.

ഉമ്മന്‍ചാണ്ടി നൊ എന്നു പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് അത് യെസ് ആണെന്നേ തോന്നുകയുള്ളു. അതേ നൊ പിണറായി വിജയന്‍ പറഞ്ഞാല്‍ ഒരാള്‍ക്കും അത് യെസ് ആണെന്ന് തോന്നില്ല. അഭിമുഖം നടക്കില്ലെന്ന് പറഞ്ഞെങ്കിലും താമസിക്കുന്ന ഹോട്ടലിലെ മുറിയിലേക്ക് കയറിച്ചെന്നപ്പോള്‍ ഉമ്മന്‍ചാണ്ടി തടഞ്ഞില്ല. മുണ്ടൊന്നു മാറി കൈലിയുടുത്തു വന്ന് കസേരയിലിരുന്ന് അഭിമുഖത്തിന് സമ്മതിക്കുകയും ചെയ്തു.

അധികാരവും ജനാധിപത്യവും

അധികാരത്തിലുള്ളപ്പോഴും ഉമ്മന്‍ചാണ്ടിയുടെ പെരുമാറ്റം ഇങ്ങനെ തന്നെയായിരുന്നു. 2004 നവംബറില്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ മുസ്ലിംലീഗ് പ്രവര്‍ത്തകരെന്ന് പറയപ്പെടുന്നവരുടെ ആക്രമണമുണ്ടായി. പോലീസുകാര്‍ കൈയുംകെട്ടി നോക്കി നില്‍ക്കെയാണ് മാധ്യമ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. ഇതിന് തൊട്ടടുത്ത ദിവസങ്ങളിലൊന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും ചെന്നൈയിലേക്ക് വന്നു. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും വരുന്നതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാല്‍ കോയമ്പത്തൂര്‍ ജയിലിലായിരുന്ന മദനിയുടെ കാര്യവും സന്ദര്‍ശന ലക്ഷ്യത്തിലുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

കുഞ്ഞാലിക്കുട്ടിക്കെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്ന ദിവസങ്ങളായിരുന്നു അത്. യൂണിയന് ചെന്നൈയില്‍ ഘടകമുണ്ട്. അതുകൊണ്ടുതന്നെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് യൂണിയന്റെ പ്രതിഷേധമുള്‍ക്കൊള്ളുന്ന കത്ത് കൈമാറാന്‍ തീരുമാനിച്ചു. കത്തുമായി എത്തിയപ്പോള്‍ വിമാനത്താവളത്തിനുള്ളിലേക്ക് കടത്തി വിടാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മുഖ്യമന്ത്രിക്കും മന്ത്രിക്കും സുരക്ഷാ ഭീഷണിയുണ്ടെന്നും അതുകൊണ്ട് മാധ്യമപ്രവര്‍ത്തകരായാലും അടുത്തേക്ക് പോകാന്‍ അനുവദിക്കാനാവില്ലെന്നും ഉദ്യോഗസ്ഥര്‍ കട്ടായം പറഞ്ഞു. ഒടുവില്‍ വിമനാത്താവളത്തിനുള്ളില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ടായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവിനെ വിളിച്ച് കാര്യം പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു സീനിയര്‍ പോലീസ് ഓഫീസര്‍ പുറത്തേക്ക് വന്നിട്ട് ഉള്ളിലേക്ക് പൊയ്ക്കൊള്ളാന്‍ അനുമതി തന്നു. മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോവുമ്പോള്‍ തമിഴ്നാട്ടുകാരനായ ആ പോലീസ് ഓഫിസര്‍ ആശ്ചര്യത്തോടെ പറഞ്ഞു, '' തനിക്കെതിരെ പ്രതിഷേധിക്കാന്‍ വരുന്നവരെ തന്റെ അടുത്തേക്ക് വളിക്കുന്ന ഒരു മുഖ്യമന്ത്രിയെ ഇതാദ്യമായിട്ടാണ് കാണുന്നത്. ''

പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഔദ്യോഗിക പരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെന്നൈ വിമാനത്താവളത്തിലേക്ക് മടങ്ങും മുമ്പ് സുഹൃത്ത് ഡാനിയല്‍ സാമുവലിന്റെ വീട്ടിലേക്ക് പോയി. അവിടെ ലഘുഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ എസ്‌കോര്‍ട്ട് വന്ന പോലീസുകാര്‍ ഭക്ഷണം കഴിച്ചു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു. ഭക്ഷണം കഴിക്കല്‍ അവസാനിപ്പിക്കാനൊരുങ്ങിയ പോലിസുകാരോട് സാരമില്ലെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി അവിടെ കാത്തിരുന്നു. തമിഴകത്ത് ജയലളിതയായിരുന്നു അപ്പോഴും മുഖ്യമന്ത്രി. അധികാരവുമായി നിരന്തരം മുഖാമുഖം കാണുന്ന തമിഴകത്തെ പോലീസുകാര്‍ക്ക് ഉമ്മന്‍ചാണ്ടി അത്ഭുതമായതില്‍ അസാധാരണമായൊന്നുമുണ്ടായിരുന്നില്ല. ജനാധിപത്യം എന്നത് ഉമ്മന്‍ചാണ്ടിക്ക് ഒരിക്കലും ഒരു അലങ്കാരവസ്തുവല്ല.

ഇല അറിയാതെ മരം മുറിക്കുമ്പോള്‍

അധികാരം ഒരിക്കലും പ്രദര്‍ശിപ്പിക്കില്ലെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ സവിശേഷതകളില്‍ ഒന്ന്. തന്റെ താഴെയുള്ളവരോട് അദ്ദേഹം ഒരിക്കലും കയര്‍ത്തു കണ്ടിട്ടില്ല. പക്ഷേ, തനിക്ക് മുകളിലുള്ളവരോട്, ശരിക്കുള്ള അധികാരത്തോട് ഉമ്മന്‍ചാണ്ടി എത്രമാത്രം കലഹിച്ചിട്ടുണ്ട് എന്ന് ചോദിച്ചാല്‍ ഉത്തരം വളരെക്കുറവ് എന്ന് തന്നെയായിരിക്കും. 2014 ല്‍ വി എം സുധീരനെ കെപിസിസി പ്രസിഡന്റാക്കിയ ഹൈക്കമാന്റ് നടപടിയോട് ഉമ്മന്‍ചാണ്ടിക്ക് ഇന്നും ഉള്ളുകൊണ്ട് പൊരുത്തപ്പെടാനായിട്ടില്ല. ജി കാര്‍ത്തികേയനെ പ്രസിഡന്റാക്കണമന്നൊയിരുന്നു ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ആവശ്യം. പക്ഷേ, കോണ്‍ഗ്രസ് ഹൈക്കമാന്റ് സുധീരനെ കെപിസിസിയുടെ തലപ്പത്തേക്ക് കൊണ്ടു വന്നു.

ആ ഒരൊറ്റ നടപടിയാണ് തന്റെ സര്‍ക്കാരിന് 2016 ല്‍ ഭരണത്തുടര്‍ച്ച ഇല്ലാതാക്കിയതെന്ന് ഉമ്മന്‍ചാണ്ടി ഇപ്പോഴും കരുതുന്നുണ്ടാവണം. നിലവാരമില്ലാത്ത നാനൂറോളം ബാറുകള്‍ പൂട്ടണമെന്ന് പറഞ്ഞ് സുധീരന്‍ കളിച്ച കളിയെ തകര്‍ക്കാനാണ് ഉമ്മന്‍ചാണ്ടി മൊത്തം ബാറുകളും പൂട്ടിയത്. സംസ്ഥാനത്തെ മുഴുവന്‍ ബാറുടമകളും അതോടെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായി. ബാര്‍കോഴ വിവാദം ഉടലെടുത്തത് ഈ പരിസരത്തിലാണ്. സോളാര്‍ വിവാദം കത്തിക്കാന്‍ പണം ചെലവഴിച്ചത് സംസ്ഥാനത്തെ ബാര്‍ ഉടമ ലോബിയാണെന്ന ആരോപണവും കാണാതിരിക്കാനാവില്ല.

കെപിസിസി പ്രസിഡന്റായ സുധീരനോടുള്ള ഉമ്മന്‍ചാണ്ടിയുടെ നിസ്സഹകരണം രഹസ്യമായിരുന്നില്ല. ഉമ്മന്‍ചാണ്ടി തന്നോട് കാട്ടിയത് ക്രൂരമായ നിസ്സഹകരണമാണെന്നാണ് സുധീരന്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി പറഞ്ഞത്. പക്ഷേ, ഹൈക്കമാന്റിനോട് ഈ വിഷയത്തില്‍ നേരിട്ടേറ്റുമുട്ടാന്‍ ഉമ്മന്‍ചാണ്ടിക്കായില്ല. സുധീരനെ കൃത്യമായി ഒതുക്കുകയും അതേസമയം ഹൈക്കമാന്റിനോടുള്ള വിധേയത്വം തുടരുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടിയെയാണ് ഇവിടെ നമ്മള്‍ കാണുന്നത്. ശശി തരൂരിനോട് ഉള്ള്കൊണ്ട് അടുപ്പമുള്ളപ്പോഴും കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തരൂരിനെ പരസ്യമായി പിന്തുണയ്ക്കാന്‍ ഉമ്മന്‍ചാണ്ടിക്കാവാതെ പോവുന്നതും ഈ വിധേയത്വം കൊണ്ടാണ്.

ഉമ്മന്‍ചാണ്ടിയെ നിര്‍വ്വചിക്കാന്‍ സുധീരനോട് ആവശ്യപ്പെട്ടാല്‍ ഷേക്സ്പിയര്‍ ഹാംലറ്റിനെക്കൊണ്ട് പറയിപ്പിച്ച വാക്കുകളാവും ചിലപ്പോള്‍ സുധീരന്‍ ഉദ്ധരിക്കുക, '' One may smile , and smile, and be a villain. '' (ഒരാള്‍ ചിരിക്കുമായിരിക്കും , വീണ്ടും ചിരിക്കുമായിരിക്കും , അപ്പോഴും അയാള്‍ ഒരു വില്ലനായിരിക്കും .) ഒരാളെ വെട്ടിനിരത്താന്‍ ഉമ്മന്‍ചാണ്ടിക്ക് ഉമ്മന്‍ചാണ്ടിയുടേതായ വഴികളുണ്ട്. ഇല അറിയാതെ മരം മുറിക്കുന്ന പണിയാണത്. ഈ കലാപരിപാടിയുടെ അനുഭവസാക്ഷ്യം പറയാന്‍ കഴിയുന്ന മറ്റൊരാള്‍ പി ജെ കുര്യനായിരിക്കും.

നാല് കൊല്ലം മുമ്പ് കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് കേരളകോണ്‍ഗ്രസിന് കൈമാറിയപ്പോള്‍ ചായക്കോപ്പയിലെ കൊടുങ്കാറ്റാവാന്‍ പോലും കുര്യന് കഴിയാതെ പോവുന്നത് കേരളം കണ്ടു. ഏഴെട്ടു കൊല്ലം മുമ്പ് ഒരു സൗഹൃദ സംഭാഷണത്തില്‍ വയലാര്‍ രവി പറഞ്ഞതും ഇതോടൊപ്പം ചേര്‍ത്തുവെയ്ക്കുകയാണ് . കെ കരുണാകരന്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ച് പറഞ്ഞ കാര്യമാണ് വയലാര്‍ രവി ഓര്‍ത്തെടുത്തത്, '' എനിക്ക് നിങ്ങളെ രണ്ടുപേരെയുമല്ല ( ആന്റണിയും വയലാര്‍ രവിയും ) ആ മൂന്നാമനെയാണ് പേടി. '' എന്നാണ് കരുണാകരന്‍ പറഞ്ഞത്. ജീവിതത്തില്‍ എട്ട് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മേല്‍ പക്ഷേ, ഈ വിമര്‍ശങ്ങളല്ല കുടപിടിക്കുന്നത്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ നേതാക്കളില്‍ മുന്‍നിരയിലുള്ളയാള്‍ എന്ന വിശേഷണം തന്നെയാവും ഉമ്മന്‍ചാണ്ടിക്ക് കിരീടം തീര്‍ക്കുക.

സെക്രട്ടറിയേറ്റ് ഉപരോധത്തില്‍ കേരളം കണ്ടത്

2013 ല്‍ സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് സിപിഎം നടത്തിയ സെക്രട്ടറിയേറ്റ് ഉപരോധം ഉമ്മന്‍ചാണ്ടി നേരിട്ട രീതി മറക്കാനാവില്ല. പതിനായിരക്കണക്കിന് സിപിഎം പ്രവര്‍ത്തകരാണ് ആ വര്‍ഷം ഓഗസ്റ്റ് 12 നും 13നുമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് വളയാനെത്തിയത്. സമരത്തിന്റെ നേതൃത്വം അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനായിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശരിക്കും ഉപരോധത്തിലായെന്ന് തോന്നിക്കുന്ന ജനപ്രവാഹമാണ് പിണറായിയുടെ നേതൃത്വത്തില്‍ അനന്തപുരി കണ്ടത്. പക്ഷേ, അന്നത്തെ ചീഫ്സെക്രട്ടറി ഭരത്ഭൂഷന്റെ പിന്തുണയോടെ ഉമ്മന്‍ചാണ്ടി കളിച്ച കളി പിണറായിയുടെയും കൂട്ടരുടെയും സകല കണക്ക്കൂട്ടലുകള്‍ക്കും അപ്പുറത്തായിരുന്നു. സെക്രട്ടറിയേറ്റിന് രണ്ട് ദിവസം അവധി പ്രഖ്യപിക്കുകയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദ്യം ചെയ്തത്. ഇതിനിടയില്‍ തലസ്ഥാന നഗരിയിലെ എല്ലാ സര്‍ക്കാര്‍ കലാലയങ്ങള്‍ക്കും ( യൂണിവേഴ്സിറ്റി കോളേജ് അടക്കം) കേന്ദ്ര പോലിസ് സേനയുടെ സംരക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു.

അടഞ്ഞുകിടക്കുന്ന സെക്രട്ടറിയേറ്റ് ഉപരോധം പൊടുന്നനെ ഒരു തമാശയായി മാറി. പതിനായിരക്കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ക്കായി ഭക്ഷണശാലകളും മറ്റും ഒരുക്കിയ സിപിഎം നേതൃത്വം കണക്കിലെടുക്കാതെ പോയ ഒരു കാര്യം ഇവര്‍ പ്രഭാത കൃത്യങ്ങള്‍ എവിടെ നിര്‍വ്വഹിക്കുമെന്നതായിരുന്നു. ഒരു നിവൃത്തിയുമില്ലെങ്കില്‍ യൂണിവേഴ്സിറ്റി കോളേജിലേക്ക് കയറാം എന്ന് കരുതിയപ്പോള്‍ അവിടെ കാവല്‍ നില്‍ക്കുന്ന കേന്ദ്ര പോലിസ് അമ്പിനും വില്ലിനും അടുക്കാതെ നിന്നു. ഒടുവില്‍ തിരുവനന്തപുരം മൊത്തം നാറുമെന്ന അവസ്ഥയുണ്ടാവുകയും നാട്ടുകാര്‍ ഉപരോധത്തിനെതിരെ തിരിയുകയും ചെയ്തു. ഈ ഘട്ടത്തിലാണ് സോളാര്‍ വിവാദം ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കുമെന്ന് ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചത്. ഇത് കേള്‍ക്കേണ്ട താമസം ഉപരോധം പിന്‍വലിച്ച് പിണറായി വിജയന്‍ സിപിഎമ്മും ഇടത്പക്ഷവുമായി സ്ഥലത്ത് നിന്ന് തടിയൂരി. പുറമെയുള്ള സൗമ്യതയ്ക്കും പുഞ്ചിരിക്കും അപ്പുറത്ത് ഉമ്മന്‍ചാണ്ടി എന്ന തന്ത്രശാലിയുമായി പിണറായി വിജയന്‍ മുഖാമുഖം നിന്ന നിമിഷമായിരുന്നു അത്.

ഉമ്മന്‍ചാണ്ടിയുമായി സംസാരിക്കുമ്പോഴോ ഇടപെടുമ്പോഴോ അധികാരത്തിന്റെ സാന്നിദ്ധ്യം നമ്മളെ പേടിപ്പിക്കില്ല. ഒരു വില്ലേജ് ഓഫിസര്‍ ചെയ്യേണ്ട പണിയാണ് എന്ന് ആക്ഷേപിക്കപ്പെട്ടപ്പോഴും ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി വിജയമായത് ജനങ്ങളുമായി ഉമ്മന്‍ചാണ്ടിക്കുള്ള ഈ ബന്ധം കൊണ്ടാണ്. അധികാരം പ്രദര്‍ശിപ്പിക്കാതിരിക്കുമ്പോഴും അധികാരത്തോട് വിരക്തിയുള്ള നേതാവല്ല ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി ആരാവണം എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് ഹൈക്കമാന്റാണെന്ന ഉമ്മന്‍ചാണ്ടിയുടെ മറുപടിയില്‍ ഈ സമീപനത്തിന്റെ ആഴവും പരപ്പുമുണ്ട്. അധികാരം കൊണ്ട് ഒരു മനുഷ്യന്‍ എന്താണ് ചെയ്യുന്നതന്നെതാണ് ഉമ്മന്‍ചാണ്ടിയുടെ കാര്യത്തിലുള്ള വ്യത്യാസം. പലപ്പോഴും അനുരഞ്ജനത്തിന്റെ വഴികളിലൂടെ ഉമ്മന്‍ചാണ്ടി നടക്കുന്നത് ആ സഞ്ചാരം ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഉപകാരമുണ്ടാക്കും എന്ന ബോദ്ധ്യത്തിന്റെ പുറത്താണ്.

വെള്ളത്തില്‍ മീനെന്ന പോലെ

ഒരു കാര്യം ചെയ്യുമ്പോള്‍ എന്തിനാണ് പരിഗണന എന്ന ചോദ്യത്തിന് ഒരിക്കല്‍ ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു : '' ആയിരം പേര്‍ക്ക് ഗുണം കിട്ടുന്ന കാര്യമാണെങ്കില്‍ അതങ്ങു ചെയ്യുക എന്നതാണ് എന്റെ ശീലം. അതിലിപ്പോള്‍ പത്തോ ഇരുപതോ പേര്‍ക്ക് അനര്‍ഹമായി സഹായം കിട്ടിയാല്‍ അത് നമുക്ക് തിരുത്താവുന്നതേയുള്ളു. പക്ഷേ, അതുകൊണ്ട് ബാക്കി 980 പേര്‍ക്കും ലഭിക്കേണ്ട സഹായം നിഷേധിക്കപ്പെടരുത്.'' സഹജിവികളോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു മനുഷ്യന്റെ മറുപടിയാണിത്. അതുകൊണ്ടു തന്നെയാണ് ഇടതുപക്ഷത്ത് ഏറ്റവും ഇഷ്ടപ്പെടുന്ന നേതാക്കള്‍ ആരെന്ന ചോദ്യത്തിന് എം എന്‍ ഗോവിന്ദന്‍നായര്‍ , ടി വി തോമസ് , ടി കെ ദിവാകരന്‍ എന്ന മറുപടി ഉമ്മന്‍ചാണ്ടി നല്‍കുന്നത്. ഇഎംഎസും അച്ച്യുതമേനോനും ആദരണീയരായ നേതാക്കളാവുമ്പോള്‍ തന്നെ ഇഷ്ടം ഇവര്‍ മൂന്നുപേരോടാണെന്നു പറയുന്നത് ഇവര്‍ മൂന്നുപേരും ജനങ്ങളെ സഹായിച്ചിരുന്നത് ആളും തരവും നോക്കിയായിരുന്നില്ല എന്നതുകൊണ്ടു തന്നെയാവണം.

1991 ല്‍ പത്രപ്രവര്‍ത്തക വിദ്യാര്‍ത്ഥിയായിരിക്കെയാണ് ആദ്യമായി ഉമ്മന്‍ചാണ്ടിയുമായി അഭിമുഖം നടത്തിയത്. സഹപാഠി ആര്‍ കെ രാധാകൃഷ്ണനും കൂടയുണ്ടായിരുന്നു. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഒരു യോഗത്തിനെത്തിയ ശേഷം മഞ്ചേരിക്ക് പോകാനൊരുങ്ങുകയായിരുന്ന ഉമ്മന്‍ചാണ്ടിയോട് അഭിമുഖത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ഇടംവലം നോക്കാതെ കാറില്‍ കയറിക്കൊള്ളാന്‍ പറഞ്ഞു. കാറില്‍ പക്ഷേ, എങ്ങിനെ കയറിപ്പറ്റുമെന്നതായിരുന്നു പ്രശ്നം. റാംജിറാവു സ്പീക്കിങ് എന്ന സിനിമയില്‍ തിരക്കില്‍പെട്ട് കാറിന്റെ ഡോര്‍ തുറന്ന് പുറത്തേക്ക് പോകുന്ന മാമുക്കോയയുടെ ദൃശ്യമുണ്ട്. ഏതാണ്ടതുപോലെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ കാറിലെ ആള്‍ക്കൂട്ടം.

അന്ന് ഞങ്ങളെ കാറില്‍ കയറ്റാന്‍ രണ്ടു മൂന്നുപേരെ ഉമ്മന്‍ചാണ്ടി മാറ്റിയ രീതി നയതന്ത്രജ്ഞതയുടെ വിലയേറിയ ആദ്യ പാഠങ്ങളിലൊന്നായിരുന്നു. അന്ന് ചോദിച്ച ചോദ്യങ്ങളോ ഉമ്മന്‍ചാണ്ടിയുടെ മറുപടികളോ ഒന്നും തന്നെ ഓര്‍മ്മയില്ല. പക്ഷേ, ആ ആള്‍ക്കൂട്ടം ഇപ്പോഴും ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ട്. കേരളത്തിലെ മറ്റൊരു രാഷ്ട്രീയ നേതാവിനെയും ഒരാള്‍ക്കൂട്ടവും ഇതുപോലെ പിന്തുടര്‍ന്നിട്ടില്ല. വെള്ളത്തില്‍ മീനെന്ന പോലെയാവണം ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന് പറഞ്ഞത് മാവോയാണ്. കേരള രാഷ്ട്രീയത്തില്‍ ഉമ്മന്‍ചാണ്ടിക്കപ്പുറത്ത് ഇതിന് മറ്റൊരു ദൃഷ്ടാന്തമില്ല.

Content Highlights: oommen chandy, a shrewd leader in kerala politics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented